11 October 2008

ആത്മീയ പരിസ്ഥിതി ബോധത്തിന്റെ ഗുരുവിന് ആദരാഞ്ജലികള്‍

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ ജീവിതം തന്നെയാണ് സന്ദേശം ആവേണ്ടത് എന്ന രീതിയില്‍ ഇക്കാലം അത്രയും ജീവിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ കാരണവരും ഗുരുവും ആയ ഈ മഹാന് “പച്ച” യുടെ ആദരാഞ്ജലികള്‍. പരിസ്ഥിതി സംരക്ഷണവും ആത്മീയതയും കോര്‍ത്തിണക്കിയ തന്റെ ജീവിത ശൈലി കൊണ്ട് ഏവര്‍ക്കും പ്രചോദനം ആയിരുന്നു പ്രൊഫ. ജോണ്‍ സി. ജേക്കബ്. പ്രകൃതിയിലെ ചേതനവും ജഡവുമായ സര്‍വ്വവും ഒരേ ഒരു പരം പൊരുളിന്റെ അംശങ്ങളാണെന്ന തിരിച്ചറിവ് പകരുന്ന “ഇകോ - സ്പിരിച്വാലിറ്റി” യുടെ സന്ദേശം തന്റെ ജീവിതം കൊണ്ട് മാതൃക ആക്കിയ ജോണ്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന് ലോകത്തിനു നല്‍കാനുള്ള ഏറ്റവും വലിയ സന്ദേശം തന്റെ ജീവിതം തന്നെ ആണ് എന്ന് തെളിയിച്ചു.




അറുപതുകളില്‍ പരിസ്ഥിതി ബോധം അത്രയ്ക്ക് ശക്തം അല്ലായിരുന്ന കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട ആദ്യ കാല പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളാണ് ജോണ്‍. ജോണ്‍ സംഘടിപ്പിച്ച ക്യാമ്പുകളും പഠന യാത്രകളും ഒരു തലമുറയിലെ വിദ്യാര്‍ത്ഥികളെ ഒന്നാകെ പ്രകൃതിയുമായി അടുപ്പിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്ക് അദ്ദേഹത്തോടൊപ്പം കേരളത്തിനകത്തും പുറത്തുമായി കാടുകളിലേയ്ക്കും, കടല്‍ പുറങ്ങളിലേയ്ക്കും കായലുകളിലേയ്ക്കും മറ്റും നടത്തിയ യാത്രകള്‍ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ്. ഇവരില്‍ പലരും ഇന്ന് സജീവമായ പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നതും ഇത് കൊണ്ട് തന്നെ.




ജോണ്‍ സി മാസ്റ്റര്‍ എന്ന് ശിഷ്യന്മാരുടേയും സഹ പ്രവര്‍ത്തകരുടേയും ഇടയില്‍ അറിയപ്പെട്ട ജോണ്‍ 1956 മുതല്‍ 1960 വരെ താന്‍ ജന്തു ശാസ്ത്രം പഠിച്ച മദ്രാസ് കൃസ്ത്യന്‍ കോളെജിലെ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് തന്നെ ഒരു പ്രകൃതി സ്നേഹി ആക്കിയത് എന്ന് പറയുന്നു. വന നിബിഡവും ജൈവ വൈവിധ്യം നിറഞ്ഞതുമായിരുന്നു ആ‍ കാമ്പസ്. പ്രകൃതിയെ ആഴത്തില്‍ മനസ്സിലാക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഇതാണ്. കാമ്പസ് ദിനങ്ങളില്‍ ആത്മീയതയെ അടുത്തറിയാന്‍ ഇടയായ ജോണ്‍ പ്രകൃതിയിലെ സര്‍വ്വസ്വവും ഒരേ ഒരു പരം പൊരുളിന്റെ ഭാഗമാണെന്ന സത്യം മനസ്സിലാക്കിയതോടെ പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാം ജോണിന് പ്രിയപ്പെട്ടതാവുകയായിരുന്നു. ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് പോലും തനിയ്ക്ക് ഒരു ആത്മീയ അനുഭവം ആണ് എന്ന് ജോണ്‍ ഒരിയ്ക്കല്‍ പറയുകയുണ്ടായി.




കോട്ടയത്ത് താന്‍ ജനിച്ച് വളര്‍ന്ന തന്റെ ചെറിയ ഗ്രാമവും അവിടത്തെ ലളിതമായ ജീവിത രീതികളും മറ്റും തന്നെ ഏറെ സ്വാധീനിച്ചിരുന്നു. മദ്രാസ് കൃസ്ത്യന്‍ കോളജില്‍ തന്റെ അധ്യാപകനായ ശ്രീ ജെ. പി. ജോഷ്വ യാണ് തന്നെ അക്കാലത്ത് ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി എന്നും അദ്ദേഹം ഓര്‍മ്മിയ്ക്കുന്നു.




പഠനത്തിനു ശേഷം 1960ല്‍ കേരളത്തില്‍ തിരിച്ചെത്തി ജോണ്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ ജന്തുശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിച്ചു. 1965ല്‍ അദ്ദേഹം പയ്യന്നൂര്‍ കോളജിലേയ്ക്ക് ജോലി മാറി പോയി. 1992 ജോലിയില്‍ നിന്നും വിരമിയ്ക്കും വരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം.




കേരളത്തിലെ കാമ്പസുകളില്‍ പ്രകൃതി പഠനത്തിന് തുടക്കമിട്ടു കൊണ്ട് അദ്ദേഹം പയ്യന്നൂര്‍ കോളജില്‍ 1972ല്‍ ഒരു ജന്തുശാസ്ത്ര ക്ലബ് ആരംഭിച്ചു. 1974ല്‍ ആയിരുന്നു ലോക വന്യ ജീവി സംഘടന ഇന്ത്യയില്‍ പ്രകൃതി ക്ലബുകള്‍ക്ക് തുടക്കമിട്ടത്.




1973ല്‍ ജോണ്‍ “മൈന” എന്ന കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ജേര്‍ണല്‍ ആരംഭിച്ചു.




1977ല്‍ ഏഴിമലയില്‍ താന്‍ ഒരു പ്രകൃതി കാമ്പ് സംഘടിപ്പിച്ചത് തന്റെ ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു എന്ന് ജോണ്‍ പറഞ്ഞിരുന്നു. ആ കാമ്പില്‍ എം. കെ. പ്രസാദ്, ഡി. എന്‍. മാത്യു, കെ. കെ. നീലകണ്ഠന്‍, എല്‍. നമശിവായം എന്നിങ്ങനെ പല പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു.




ഇതിനു ശേഷം അദ്ദേഹം ഇത്തരം അനേകം പരിസ്ഥിതി പഠന കാമ്പുകളും യാത്രകളും സംഘടിപ്പിച്ചു. മുതുമല, ബന്ദിപുര്‍, തേക്കടി, പറമ്പിക്കുളം, നെയ്യാര്‍ എന്നിങ്ങനെ പലയിടങ്ങളും അദ്ദേഹവും വിദ്യാര്‍ത്ഥികളും സഞ്ചരിയ്ക്കയുണ്ടായി.




പയ്യന്നൂര്‍ ആസ്ഥാനം ആയുള്ള “സൊസൈറ്റി ഫോര്‍ എന്‍ വയണ്‍ മെന്റല്‍ എഡുക്കേഷന്‍ ഇന്‍ കേരള” (SEEK) എന്ന സംഘടനയ്ക്ക് അദ്ദേഹം 1979ല്‍ രൂപം നല്‍കുകയുണ്ടായി.




“സൂചിമുഖി” എന്ന അദ്ദേഹം തുടങ്ങിയ മാസിക ഇന്നും SEEK പ്രസിദ്ധീകരിച്ച് വരുന്നു.




ജോണിന്റെ മറ്റൊരു സംരംഭമാണ് “One Earth, One Life" എന്ന ഒരു പരിസ്ഥിതി സംഘടന. “പ്രസാദം” എന്ന മാസികയുടെ എഡിറ്ററുമായിരുന്നു അദ്ദേഹം.




- മൊഹമ്മദ് നസീറുമായുള്ള അഭിമുഖത്തില്‍ നിന്ന്.
(അവലംബം “ഹിന്ദു” ദിനപത്രം)
   
  - ജെ. എസ്.    

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്


Untitled Document ePathram Pacha


ഗ്രീന്‍പീസിന് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാവുന്നത്


© e പത്രം 2009

Powered by Blogger