02 December 2009
ഭോപ്പാല്‍ ദുരന്ത ഭൂമി ഇന്നും മലിനം
25 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 2 രാത്രി 10 മണിയോടെയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ ദുരന്തത്തിന് ഇടയാക്കിയ രാസ പ്രവര്‍ത്തനം ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് കീട നാശിനി ഫാക്ടറിയില്‍ ആരംഭിച്ചത്. രാത്രി 10:30 യോട് കൂടി രാസ പ്രക്രിയ മൂലം താങ്ങാവുന്നതിലും അധികം മര്‍ദ്ദം ടാങ്കില്‍ രൂപപ്പെടുകയും, ടാങ്കിന്റെ സുരക്ഷാ വാല്‍വ് തുറന്ന് വിഷ വാതകം പുറത്തേക്ക് തുറന്നു വിടുകയും ഉണ്ടായതോടെ ഭോപ്പാല്‍ വാസികളുടെ ദുരന്ത കഥയ്ക്ക് തുടക്കമായി. 72 മണിക്കൂ റിനുള്ളില്‍ 15000 ഓളം പേര്‍ കൊല്ലപ്പെട്ടു. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ച തായാണ് കണക്കാ ക്കപ്പെടുന്നത്. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.
ദുരന്ത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കൂട്ടാക്കാഞ്ഞ കമ്പനിയുമായി പിന്നീട് സര്‍ക്കാര്‍ കോടതിക്കു വെളിയില്‍ വെച്ച് കമ്പനി അനുവദിച്ച തുച്ഛമായ തുകയ്ക്ക് വേണ്ടി സന്ധി ചെയ്തതും, ആ തുക തന്നെ കിട്ടാതെ വന്നതും, ഇന്നും നമ്മുടെ രാഷ്ട്രീയ ഇച്ഛാ ശക്തിക്ക് നാണക്കേടായി തുടരുന്നു. അമേരിക്കന്‍ വ്യവസായ ഭീമനുമായി കൊമ്പു കോര്‍ക്കുന്നത് ഇന്ത്യയിലെ വിദേശ നിക്ഷേപത്തെ തന്നെ പ്രതികൂലമായി ബാധിച്ചേയ്ക്കും എന്നതായിരുന്നു സര്‍ക്കാരിന്റെ ആശങ്ക. പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡ് മുതലാളി വാറന്‍ ആന്‍ഡേഴ്‌സണ്‍ന്റെ കോലം ഇന്നും ഭോപ്പാല്‍ നിവാസികള്‍ വര്‍ഷം തോറും ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ കത്തിയ്ക്കുന്നു. കൂടെ തങ്ങളെ വഞ്ചിച്ച രാഷ്ട്രീയക്കാരുടെയും. 25 വര്‍ഷത്തിനു ശേഷം ഇന്നും ഇവിടത്തെ മണ്ണിലും, പ്രദേശത്തെ ജലത്തിലും, കീട നാശിനിയുടെയും വിഷാംശത്തിന്റെയും തോത് ഏറെ അധികം ആണെന്ന് ഡല്‍ഹിയിലെ ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment - CSE) നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തി. കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ എടുത്ത ജലത്തില്‍ പോലും വിഷാംശം നില നില്‍ക്കുന്ന തായാണ് ഇവരുടെ കണ്ടെത്തല്‍. ഇത് ഇവിടത്തുകാരെ “സ്ലോ പോയസനിംഗ്” വഴി ബാധിക്കുന്നു എന്ന ആരോപണം പക്ഷെ സര്‍ക്കാര്‍ നിഷേധിച്ചു വരികയാണ്. രണ്ടു മാസം മുന്‍പ് ഭോപ്പാല്‍ സന്ദര്‍ശിച്ച പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ദുരന്ത ഭൂമിയില്‍ നിന്നും ഒരു പിടി മണ്ണ് കയ്യില്‍ എടുത്ത് പൊക്കി കാണിക്കുകയും “ഇതാ ഞാന്‍ ഈ മണ്ണ് കയ്യില്‍ എടുത്തിരിക്കുന്നു. ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഞാന്‍ ചുമയ്ക്കുന്നുമില്ല.” എന്ന് പറയുകയുണ്ടായി. പരിസ്ഥിതി മന്ത്രി ജയറാം രമേഷ് മന്ത്രി നടത്തിയ നിരുത്തര വാദപരമായ ഈ പരാമര്‍ശത്തെ തുടര്‍ന്ന് ഇത്തവണ ജയറാം രമേഷിന്റെ കോലം കൂടി ഭോപ്പാല്‍ നിവാസികള്‍ കത്തിച്ചു. കമ്പനിയുമായി കോടതിയില്‍ നില നില്‍ക്കുന്ന കേസ് തന്നെ ഈ പരാമര്‍ശം ദുര്‍ബലപ്പെടുത്തും എന്ന് ഇവര്‍ ഭയക്കുന്നു. സ്ലോ പോയസനിംഗ് എന്താണെന്ന് മന്ത്രിയ്ക്ക് അറിയില്ല എന്നു വേണം കരുതാന്‍. ഭോപ്പാല്‍ ദുരന്തത്തില്‍ പതിനായിര കണക്കിന് ആള്‍ക്കാര്‍ നിമിഷങ്ങ ള്‍ക്കകം കൊല്ലപ്പെട്ടത് ദ്രുത ഗതിയിലുള്ള വിഷ ബാധ ഏറ്റാണെങ്കില്‍ സ്ലോ പോയസനിംഗ് എന്ന പ്രക്രിയ വര്‍ഷങ്ങള്‍ കൊണ്ടാണ് അതിന്റെ ദോഷം പ്രകടമാക്കുന്നത്. ഇത് ലക്ഷക്കണക്കിന് ആളുകളെ മാറാ രോഗങ്ങളുടെ ദുരിതങ്ങളില്‍ ആഴ്ത്തുകയും കൊന്നൊടുക്കുകയും ചെയ്യുന്നു. പലപ്പോഴും ഈ രീതിയിലുള്ള വിഷ ബാധയാണ് കൂടുതല്‍ അപകടകരം എന്ന് ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ പറ്റി ഗവേഷണം നടത്തിയ ഡോ. കെ. ടി. വിജയ മാധവന്‍ പറയുന്നു. കാരണം, ഇതിന്റെ ദൂഷ്യം ആസന്നമായി പ്രത്യക്ഷമല്ല. വന്‍ തോതില്‍ ഉണ്ടാവുന്ന വിഷ ബാധ പെട്ടെന്ന് തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും അതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ബന്ധി തരാകുകയും ചെയ്യും. എന്നാല്‍ സ്ലോ പോയസനിംഗ് അതിന്റെ ദൂഷ്യ ഫലങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏറെ കാല താമസം എടുക്കും. “സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയ മാധവന്‍, സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എന്‍വയണ്മെന്റ് കേരള (Society for Protection of Environment - Kerala SPEK) യില്‍ അംഗവുമാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ പ്രൊഫസര്‍ ആയിരുന്ന ഡോ. വിജയ മാധവന്‍ ചാലിയാറിലെ “ഹെവി മെറ്റല്‍” മലിനീകരണത്തെ പറ്റി ആദ്യ കാലത്തു തന്നെ ഗവേഷണം നടത്തി മുന്നറിയിപ്പു നല്‍കിയ ജൈവ മലിനീകരണ ശാസ്ത്രജ്ഞനാണ്. ചാലിയാറിലെ മെര്‍ക്കുറി വിഷ ബാധ ഇത്തരത്തില്‍ ക്രമേണ മെര്‍ക്കുറിയുടെ അളവ് മത്സ്യങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യാന്‍ കാരണമായതായി അദ്ദേഹം കണ്ടെത്തി. എന്നാല്‍ ജലം രാസ പരിശോധനയ്ക്ക് വിധേയമാ ക്കിയപ്പോള്‍ ജലത്തിലെ മെര്‍ക്കുറിയുടെ അളവ് അനുവദിക്കപ്പെട്ട തോതിലും കുറവായിരുന്നു എന്നും, ഈ കാരണം കൊണ്ട് സര്‍ക്കാര്‍ ജലം മലിനമല്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നു. ഇതിനു സമാനമായ ഒരു സ്ഥിതി വിശേഷമാണ് ഭോപ്പാലിലേത്. ഇവിടെ ചത്തൊടുങ്ങുന്നത് മത്സ്യമല്ല, മനുഷ്യനാണ് എന്നു മാത്രം.
Labels: pesticide
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്