‘ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ അതു ബാധിക്കും എന്നു നോക്കി തീരുമാനമെടുക്കുക’. ഗന്ധിജിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മേധാ പട്കറും ഇതേ വഴികളാണാവശ്യം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരിയാണ്. മേധ ഉയര്‍ത്തി കാട്ടിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിരവധിയാണ്. എങ്കിലും നമുക്കവരിന്നും പരിസ്ഥിതി പ്രവര്‍ത്തക മാത്രമാണ്. ഇന്ത്യയിലെ വിവിധ സമര മുഖത്ത് അണികള്‍ക്കൊ പ്പമിരുന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, ജലസന്ധിലെ ആദിവാസികള്‍ക്കൊപ്പം കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന് സമരത്തിന് നേതൃത്വം നല്‍കിയ നര്‍മ്മദ താഴ്വരയിലെ *ദീദി വെറും പരിസ്ഥിതി പ്രവത്തക മാത്രമല്ല. അങ്ങിനെ മാത്രമായി ചുരുക്കി ക്കെട്ടാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി നമുക്കിന്ന് ലഭിക്കുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി ചുരുങ്ങി പ്പോകുന്ന സമൂഹത്തില്‍ മേധയെ പോലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നന്മയെ ഇല്ലാതാക്കുവനാണ് ഇക്കാലമത്രയും ചിലര്‍ ശ്രമിച്ചത്. മേധയെ ചുരുക്കി ക്കെട്ടാന്‍ അവര്‍ കണ്ടെത്തിയ ഒരേയൊരു വഴി അവരെ ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമായി കാണുക എന്നതായിരുന്നു. എന്നാല്‍ എല്ലാവരും കണ്ടില്ലെന്ന് നടിച്ച വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ഞെരിഞ്ഞമരുന്ന ദരിദ്രരുടെ ശബ്ദം മേധയിലൂടെയാണ് പുറത്തേക്കെത്തിയത്.
മേധയുടെ ശബ്ദം നര്‍മ്മദയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ആണവ ഇന്ധനം ഖനനം ചെയ്തു കൊണ്ട് പോകുന്നതിന്റെ ഫലമായി നിത്യ രോഗത്തിന്റെ ദുരിത ക്കയത്തില്‍ കഴിയുന്ന ജ്ഡാര്‍ഖണ്ഡ് ആദിവാസികളുടെ അതി ജീവനത്തിനായുള്ള സമരത്തിനു മുന്നില്‍ , നഗരം സൌന്ദര്ര്യ വല്‍ക്കരിക്കു ന്നതിന്റെ ഭാഗമായി ഇടതു പക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ കല്‍ക്കത്തയിലെ തെരുവു കച്ചവടക്കാരെ തുരത്തുന്ന തിനെതിരെ, ഗുജറാത്തിലെ ദഹാനുവില്‍ നിര്‍മ്മിക്കുന്ന തുറമുഖം മൂലം ലക്ഷ ക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതമില്ലാ താകുന്നതിനെതിരെ, അവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കുന്നതിനു വേണ്ടി, മഹാരാഷ്ട്രയിലെ ധബോളയിലുള്ള എന്‍റോണിനെതിരെ, യു. പി. വൈദ്യുതി ബോര്‍ഡ് സ്വകാര്യ വല്‍ക്കരിക്കുന്ന തിനെതിരെ, തെഹ് രി അണ ക്കെട്ടി നെതിരെ, തൂത്തുക്കുടിയിലെ ചെമ്പു ഖനികളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ക്കെതിരെ, കൂടംകുളം ആണവ നിലയത്തിനെതിരെ, ഗുജറാത്തിലേയും, ഒറീസ്സയിലേയും വംശീയ നരഹത്യ ക്കെതിരെ, സിഗൂരിലെ കര്‍ഷകര്‍ക്കൊപ്പം, ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഇരയായവരുടെ നീതിക്കു വേണ്ടി, പ്ലാച്ചിമടയില്‍ കൊക്കകോളയുടെ ജല ചൂഷണത്തി നെതിരെ, അതിരപ്പിള്ളി - പാത്രക്കടവ് പദ്ധതികള്‍ക്കെതിരെ, അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവ കരാറിനെതിരെ, കരിമുകള്‍ , ഏലൂര്‍ , പെരിയാര്‍ മലിനീകരണ ങ്ങള്‍ക്കെതിരെ, മുത്തങ്ങയില്‍ നടന്ന അദിവാസി പീഡനങ്ങള്‍ ക്കെതിരെ, ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ , ഇങ്ങനെ മുഖ്യ ധാരാ രാഷ്ട്രീയക്കാര്‍ കടക്കാന്‍ മടിക്കുന്ന വിഷയങ്ങളിലും, ഇന്ത്യയിലെ ഒട്ടു മിക്ക സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക പ്രശ്നങ്ങളെ ക്കുറിച്ച് മേധ പട്കര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല സജീവമായി ഇടപെടുന്നുമുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് മേധയെ ഒരു രാഷ്ട്രീയ ക്കാരിയായി കാണുവാന്‍ നാം മടിക്കുന്നത്.
യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നീതി യുക്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന മേധ പട്കര്‍ സമകാലിക മുഖ്യ ധാരാ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാണ്. സാമ്രാജ്യത്ത്വ സാമ്പത്തിക ശക്തികള്‍ക്ക് വഴി തെളിയിച്ചു കൊടുക്കുന്ന നയങ്ങള്‍ രൂപീകരിക്കുകയും അവ ജനങ്ങള്‍ക്ക് മീതെ കെട്ടി വെക്കുന്ന ഇന്നത്തെ രാഷ്ട്രീയ ജനാധിപത്യം മുതലാളിത്തത്തെ ഏറ്റു പിടിക്കുമ്പോള്‍ ഈ ചതി ക്കുഴിയെ സാധാരണ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ദൌത്യം മേധ നിര്‍വഹിക്കുന്നു. സാധാരണക്കാരനും, ദരിദ്രനും വേണ്ടിയുള്ള രാഷ്ടീയം നമുക്കിന്ന് അന്യമായി കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ രാഷ്ട്രീയ സമ വാക്യങ്ങള്‍ പറഞ്ഞു തരുന്ന മേധയുടെ ശബ്ദം ഏറ്റു പിടിക്കാന്‍ നമ്മുടെ ഫെമിനിസ്റ്റുകള്‍ക്കു പോലും കഴിയുന്നില്ല എന്നതാണ് ഏറെ ദുഃഖകരം. ഇക്കോ - ഫെമിനിസത്തിന്റെ വഴികള്‍ ഇനിയും നാം തുറന്നിട്ടില്ല. പെണ്ണെഴുത്തിന്റെ കോലാഹല ങ്ങളിലൊന്നും ഇക്കോ - ഫെമിനിസം ഇനിയും കടന്നു കൂടിയിട്ടില്ല. സുസ്ഥിരമായ വികസന രേഖകള്‍ നമുക്കില്ലാതെ വരികയും വികസനത്തിന് ആധുനിക മുഖം ഉണ്ടാകുകയും, സാമ്രാജ്യത്ത്വ ശക്തികളുടെ ഇടപെടലുകളും അധിനിവേശവും കൂടിയായപ്പോള്‍ അനാഥമാകുന്നത് മൂന്നാം ലോക ജനതയാണ്. ഇതില്‍ പ്രധാന ഇരകള്‍ സ്ത്രീകളാണെന്ന സത്യം നമ്മുടെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടില്ല. ദളിത് സ്ത്രീ ശാക്തീ കരണമാണ് ഇതിനു ബദലായി ഉയര്‍ന്ന് വരേണ്ടത്. ഇത്തരം ബദല ന്വേഷണത്തിന്റെ ഇന്ത്യയിലെ പ്രമുഖ പെണ്‍ ശബ്ദമാണ് മേധാ പട്കര്‍ . ആഗോള വല്‍ക്കരണ ത്തിന്റെ ഭാഷകളൊന്നും വശമില്ലാത്ത സാധാരണ ജന പക്ഷത്തിന്റെ ശബ്ദങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒരു സ്വത്വാ ധിഷ്ഠിതമായ രാഷ്ട്രീയമാണ് (Indentity Politics) യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇത് വര്‍ഗ്ഗ രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നതല്ല. ജനകീയ മായൊരു രാഷ്ട്രീയ മുഖമാണിത്. ദളിത് - സ്ത്രീ - ആദിവാസി എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു ശാക്തീകരണ പ്രക്രിയ മുഖ്യ ധാരാ രാഷ്ട്രീയത്തില്‍ നിന്ന് അന്യമാണ്. ക്രിയാത്മകമായ ബദല ന്വേഷണത്തിന്റെ പാതയില്‍ മേധയുണ്ട്. സ്വത്വം, സംസ്കാരം, മതം, വിശ്വാസം, മിത്ത് തുടങ്ങിയ ഏതെങ്കിലും ഒന്നിനു മാത്രമായി രാഷ്ടീയ പ്രാധാന്യമില്ല. എല്ലാമടങ്ങിയ ഒരു ജനാധിപത്യ രീതിയിലേക്ക് മാറ്റിയുള്ള ബദല്‍ രാഷ്ട്രീയ രേഖ ഇനിയും നമുക്കിടയില്‍ പടരേണ്ടി യിരിക്കുന്നു. സ്ത്രീ ശാക്തീ കരണത്തിന്റെ എല്ലാ രംഗങ്ങളിലും അനാഥ മാക്കപ്പെടുന്ന ദരിദ്ര ജന പക്ഷത്തിന്റെ ശബ്ദ മുണ്ടായിരി ക്കണമെന്ന നിര്‍ബന്ധം മേധയുടെ രാഷ്ട്രീയത്തിനുണ്ട്. ദരിദ്ര വിഭാഗത്തിനു മീതെ ആഞ്ഞു വീശുന്ന ആധുനിക വികസന ഭീകരത ക്കെതിരെ മേധയുടെ ശക്തിയുണ്ട്. ‘നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ’ (എന്‍ ബി എ) എന്ന സംഘടനയിലൂടെ നര്‍മ്മദയുടെ തീരത്ത് മുങ്ങി പോയ അനേകം ആദിവാസി ഗ്രാമങ്ങളും, അതി ജീവന ത്തിനായുള്ള ആദിവാസികളുടെ പോരാട്ടവും, പുനരധി വാസത്തിനു വേണ്ടിയുള്ള ഗോത്ര സമൂഹത്തിന്റെ സമരങ്ങളും ലോകത്തിനു മുന്നിലെത്തിച്ചത് മേധയുടെ രാഷ്ട്രീയമാണ്. വേദിയില്‍ ഏറ്റവും കുറച്ച് സമയം ഇരിക്കുകയും, കൂടുതല്‍ സമയവും സദസ്സിലും സമരത്തിലും പങ്കാളിയാകുന്ന മേധയെ പോലുള്ള രാഷ്ട്രീയക്കാരെ നമുക്കിന്ന് കാണാന്‍ കഴിയില്ല.
വികസനത്തിന്റെ ഇരകളായ മുപ്പത്തി അയ്യായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ നിരാഹാരം കിടന്ന് അവശയായ മേധാ പട്കറെ നാം മറന്നിട്ടുണ്ടാവില്ല. സമര മുഖത്തെ സത്യസന്ധത നമ്മുടെ രാഷ്ട്രീയക്കാര്‍ മേധയില്‍ നിന്ന് പഠിക്കണം. ഗാന്ധിജി നിരാഹാര സമരം നയിച്ചിരു ന്നതിന്റെ പ്രാധാന്യം അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ മനസ്സി ലാക്കിയിരുന്നു. അതിനാല്‍ ആ സമര മുറക്ക് അതിന്റെ ഗുണവും ലഭിച്ചിരുന്നു. എന്നാല്‍ അതേ രാഷ്ട്രീയ പിന്തുടര്‍ച്ച അവകാശ പ്പെടുന്നവര്‍ തന്നെ ഈ സമര മുറയെ റിലേ രൂപത്തിലാക്കി മാറ്റി ആഘോഷിക്കുന്നതും നമുക്ക് കാണേണ്ടി വന്നു. എന്നാല്‍ യഥാര്‍ത്ഥ രാഷ്ട്രീയം നെഞ്ചിലേറ്റി ദരിദ്രരായ ആദിവാസികളുടെ ജീവിത ദുരിതം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന മേധാ പട്ക്കര്‍ക്ക് നിരാഹാരമെന്ന ഗാന്ധിയന്‍ സമര മുറ ഒരു നാടകമല്ല. നിരാഹാര മെന്നത് ജീവന്‍ വെച്ചു കൊണ്ടുള്ള ഒരു സമര മുറയാണെന്ന് പലരും മറന്നിരിക്കുന്നു. മുതലാളിത്ത സ്വാധീനത്തിന് വഴങ്ങി വന്‍കിട പദ്ധതികള്‍ക്ക് തിടുക്കം കൂട്ടുന്ന ഭരണ കൂടങ്ങള്‍ അതു മൂലം പാര്‍ശ്വ വല്‍ക്കപെട്ട് കൊണ്ടിരിക്കുന്ന ദരിദ്ര ജന പക്ഷത്തെ പാടെ നിരാകരിക്കുന്നു, നീതി പൂര്‍വ്വമല്ലാത്ത പുനരധി വാസത്തിന് നിര്‍ബന്ധിക്കുന്നു, അതും കൃത്യമായി നല്‍കാന്‍ ശ്രമിക്കുന്നുമില്ല. ദരിദ്ര ജന പക്ഷത്തിന്റെ അവകാശങ്ങളെ ഉയര്‍ത്തി പിടിക്കുവാന്‍ ഇന്ന് ഇടതു പക്ഷം പോലും തയ്യാറാവുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഭരണ കൂടം പുറന്തള്ളി യവര്‍ക്ക് ഒപ്പം നിന്ന് പോരാടാന്‍ മതവും, ജാതിയും നോക്കാതെ മേധ പട്കര്‍ ഇറങ്ങുന്നത് ജാതി രാഷ്ട്രീയം കളിച്ച് അധികാരത്തി ലെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹിക്കുന്നില്ല.
എവിടെയാണ് നമുക്ക് പിഴച്ചത് ? എന്താണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്ന തിരിച്ചറിവ് നമുക്കില്ലാതെ പോയത് എന്ത് കൊണ്ടാണ് ? രാഷ്ട്രീയ നിരക്ഷരത്വം ബാധിച്ച ഒരു സമൂഹമായി നാം തളരുകയാണോ? ചൂഷണം ചെയ്യുന്ന ഒരു ചെറിയ പക്ഷം വളരുകയും ദാരിദ്ര്യത്തിന്റെ ചുഴിയില്‍ അകപ്പെട്ട ഭൂരിപക്ഷം കൂടുതല്‍ താഴ്ചയിലേക്ക് പതിക്കു കയുമാണ്. വന്‍ വ്യവസായ പദ്ധതികള്‍ വരുത്തി വെയ്ക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വരള്‍ച്ചയില്‍ ഉഴലുന്ന സാധാരണ ക്കാരന്റെ ശബ്ദം ഏറ്റു പിടിക്കാന്‍ നമുക്കെത്ര മേധമാരുണ്ട്. കുടവും താങ്ങി നീണ്ട ക്യൂവില്‍ കുടി നീരിനായി കാത്തു നില്‍ക്കുന്ന സാധാരണ ഇന്ത്യന്‍ സ്ത്രീയുടെ ശബ്ദം കക്ഷി രാഷ്ട്രീയത്തിന്റെ കൊടിയുടെ നിറങ്ങളില്‍ മാത്ര മൊതുങ്ങി കിടക്കുകയാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ അര്‍ത്ഥമില്ലാത്ത വിവാദങ്ങളില്‍ മുഴുകി സമയം കളയുന്നു. ഇതു കൊണ്ടെല്ലാമാണ് ഭൂരിപക്ഷം വരുന്നവരുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ ക്കനിവ് ലഭിക്കാതെ വരുന്നതും വെറും ബാലറ്റ് വിനിയോഗം മാത്രമായി ചുരുങ്ങുന്നതും. ഇക്കോളജി ആന്റ് പൊളിറ്റിക്സ് എന്ന കൃതിയില്‍ ആന്ദ്രേ ഗോര്‍സ് പറയുന്നത് ഇവിടെ പ്രസക്തമാണ്. “മുതലാളിത്തത്തെ തൂത്തെറിഞ്ഞു കൊണ്ട് വ്യക്തിയും, സമൂഹവും തമ്മില്‍, പ്രകൃതിയും ജനതയും തമ്മില്‍, ആരോഗ്യ കരമായ ഒരു പുതു ബന്ധത്തിന് വഴി വെക്കുന്ന സാമൂഹിക - സാമ്പത്തിക - സാംസ്കാരിക വിപ്ലവങ്ങളുടെ മുന്നൊരു ക്കമാണ് വേണ്ടത്.”
സോഷ്യലിസ്റ്റ് ട്രസ്റ്റ് യൂണിയന്‍ പ്രവര്‍ത്തകന്റെ മക്കളായി മുംബൈയിലെ ഒരു കൊച്ചു വീട്ടില്‍ ജനിച്ച മേധാ പട്കര്‍ ‘ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സി’ല്‍ നിന്നും ഡോക്ടറേറ്റെടുത്ത് അവിടെ തന്നെ അദ്ധ്യാപനവും ഗവേഷണവും തുടര്‍ന്നു. ഗുജറാത്തില്‍ നിന്ന് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനം നര്‍മ്മദയിലൂടെ, പ്ലാച്ചിമടയിലൂടെ, ഇന്ത്യയി ലുടനീളമുള്ള പാര്‍ശ്വ വല്‍ക്കരിക്ക പ്പെട്ടവരുടെ ശബ്ദമായി ഒട്ടു മിക്ക സമരങ്ങളിലും മേധയുടെ വ്യക്തിത്വം തിളങ്ങുന്നു. നമുക്ക് വേണ്ടത് മേധമാരാണ്, അല്ലാതെ മിനുക്കി യെടുത്ത മേക്കപ്പിന്റെ തിളക്കത്തില്‍ ചടുലതയോടെ അര്‍ദ്ധ നഗ്നമായി മേനി പ്രദര്‍ശിപിക്കുന്ന മിസ് ഇന്ത്യ, മിസ് വേള്‍ഡ് മാരിലല്ല ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ മുഖം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണ മെങ്കില്‍ നമുക്കിനിയും മേധമാരു ണ്ടാകണം. മേധാ പട്കര്‍ നമുക്ക് പ്രതീക്ഷ തരികയാണ്, ഈ യഥാര്‍ത്ഥ മുഖങ്ങളാണ് നമുക്കാവശ്യം, അല്ലാതെ കാപട്യം നിറച്ച മനസുമായി വോട്ടിനു വേണ്ടി മാത്രം കൈകൂപ്പി യെത്തുന്ന വരിലല്ല ഇന്ത്യയുടെ ഭാവി. ഈ തിരിച്ചറി വിലൂടെയാണ് നമ്മുടെ രാഷ്ട്രീയ സാക്ഷരത അളക്കേണ്ടത്.
-
ഫൈസല്‍ ബാവ
(*ദീദി:- നര്‍മ്മദാ താഴ്വരയിലെ ആദിവാസി സമൂഹം മേധാ പട്കറെ ഇങ്ങനെയാണ് വിളിക്കുന്നത്. ചേച്ചി എന്നാണ് ഈ പദത്തിന് അര്‍ത്ഥം)
കടപ്പാട് : സി. ആര്‍ . നീലകണ്ഠന്‍
1 Comments:
മേധാ ദീദി സിംഗൂരില്‍ നിര്‍വ്വഹിച്ച ചരിത്രപരമായ കടമ കോരിത്തരിപ്പിച്ചവരില്‍ ബജാജും മമതയും മാഡവും ഉള്‍പ്പെടുന്നതില്‍ എനിക്കൊന്നുമില്ല. ഫൈസല്‍ ബാവ ഉണ്ടാവരുത്.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്