18 November 2009
നമുക്കെന്തിനാണ് പക്ഷികള്‍? - പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്‍
പക്ഷികളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ച നമ്മുടെ പ്രിയപ്പെട്ട ഓര്‍ണിതോളോജിസ്റ്റ് (ornithologist) ഡോ. സലീം അലിയ്ക്ക് ശേഷം ഇന്ത്യയില്‍ അത്രയും പ്രശസ്തനായ മറ്റൊരു പക്ഷി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജീവിത കാലം മുഴുവന്‍ കാടായ കാടുകളൊക്കെ പക്ഷികളെ കാണുന്നതിനായി കാതു കൂര്‍പ്പിച്ച് കൈയ്യില്‍ ബൈനോക്കുലറും തൂക്കി സലീം സഞ്ചരിച്ചു. അദ്ദേഹത്തിന്റെ സഞ്ചാര പഥത്തില്‍ കേരളത്തിലെ കുമരകവും പല തവണ ഉള്‍പ്പെട്ടു എന്നത് നമുക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്.
തമിഴ്‌നാട്ടിലെ പോയന്റ് കാലിമീര്‍, കര്‍ണ്ണാടകയിലെ രംഗനത്തിട്ടു, ഉത്തര്‍ പ്രദേശിലെ ഭരത്പൂര്‍ തുടങ്ങി നിരവധി പക്ഷി സങ്കേതങ്ങള്‍ അദ്ദേഹം നിരവധി തവണ സന്ദര്‍ശിച്ചു ഗവേഷണം നടത്തുക മാത്രമല്ല നമുക്ക് അതു വരെ അറിയാതിരുന്ന പല പ്രദേശങ്ങളും പക്ഷികളുടെ ആവാസ കേന്ദ്രമാണെന്ന് കാണിച്ചു തന്നതു സലീം അലിയാണ്. മഞ്ഞത്തൊണ്ടക്കുരുവി (yellow throated sparrow) യുടെ പതനത്തിലൂടെ പക്ഷികളുടെ ലോകത്തിലേക്ക് കടന്നു വന്ന ബാലന്‍ ലോകത്തിലെ തന്നെ വലിയ പക്ഷി ശാസ്ത്രജ്ഞമാരില്‍ ഒരാളായി മാറുകയായിരുന്നു. പക്ഷി ഗവേഷണത്തിനായി അദ്ദേഹം പല രാജ്യങ്ങളും സന്ദര്‍ശിച്ചു പഠനം നടത്തി. ഡബ്ല്യൂ. എസ്. മില്ലാര്‍ഡ്, എര്‍വിന്‍ ട്രെസ്മാന്‍ തുടങ്ങിയവരുടെ പേരില്‍ അദ്ദേഹം ഗവേഷണം നടത്തി. എങ്കിലും വേണ്ടത്ര അക്കാദമിക്കല്‍ യോഗ്യത ഇല്ലായെന്ന കാരണം കാണിച്ച് സുവോളൊജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അദ്ദേഹത്തിന് ഓര്‍ണിത്തോളൊജിസ്റ്റിന്റെ അവസരം നിഷേധിക്കുകയുണ്ടായി. സ്വന്തം പ്രയത്നം കൊണ്ട് അദ്ദേഹം ഉപജീവനം കണ്ടെത്തി. കഷ്‌ട്ടപ്പാടുകള്‍ക്കിടയിലും തന്റെ നിരീക്ഷണ ഗവേഷണങ്ങള്‍ തുടര്‍ന്നു. “ഞാന്‍ ലബോറൊട്ടറിയില്‍ ഇരുന്നു പക്ഷികളെ കുറിച്ച് പഠനം നടത്തുകയല്ല, മറിച്ച് അവയുടെ ആവാസ വ്യവസ്ഥിതിയിലേക്കിറങ്ങി ചെന്ന് അവയുടെ ചലനങ്ങളും, പ്രവര്‍ത്തനവും, ജീവിത രീതികളും ഗവേഷണം ചെയ്യാനാണ് താല്പര്യപ്പെടുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. “ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ്” എന്ന പ്രശസ്ത പക്ഷി ഗവേഷണ ഗ്രന്ഥം എഴുതിയ അദ്ദേഹം “ദി ബേഡ്സ് ഓഫ് കച്ച്”, “ഇന്ത്യന്‍ ഹില്‍ ബേഡ്സ്”, “ബേഡ്സ് ഓഫ് കേരള”, “ദി ബേഡ്സ് ഓഫ് സിക്കിം” തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 1996ല്‍ ബോംബെയില്‍ (മുംബായ്) ജനിച്ച സലീം അലി 1987ല്‍ മരണമടഞ്ഞു. നവംബര്‍ 12 അദ്ദേഹത്തിന്റെ ജന്മ ദിനമാണ്. അന്നേ ദിവസം ലോക പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. പക്ഷികളെ കുറിച്ച് നിരീക്ഷണങ്ങളും, ഗവേഷണങ്ങളും നടത്താന്‍ പുതു തലമുറയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ പ്രധാന ഘടകം തന്നെയാണ് പക്ഷികളും. മരങ്ങളില്‍ കൂട്ടം ചേര്‍ന്ന് കൂടു കെട്ടി പാര്‍ക്കുന്ന ഈ തൂവല്‍ ചങ്ങാതിമാര്‍ മനുഷ്യന് ഒരിക്കലും ഉപദ്രവകാരികള്‍ ആകുന്നില്ല. മറിച്ച് പ്രകൃതിയുടെ സന്തുലനം കാത്തു സൂക്ഷിക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവര്‍. Sunbird തേന്‍ കുരുവികള്‍ എന്ന് അറിയപ്പെടുന്ന Sunbirds പരാഗണം നടത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തവരാണ്. ഒരു പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് വീണ്ടും മറ്റൊരു പൂവില്‍ കൊണ്ടുരുമ്മുമ്പോള്‍ പരാഗണം നടക്കുന്നു. Woodpecker മരം കൊത്തികള്‍ പ്രത്യക്ഷത്തില്‍ മരം കേട് വരുത്തുന്നവരാണ് എന്ന് തോന്നാമെങ്കിലും മരത്തിന്റെ പോടുകളില്‍ ഇരുന്ന് മരം നശിപ്പിക്കുന്ന കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കുകയാണവ ചെയ്യുന്നത്. തന്‍മൂലം മരത്തിന്റെ ആയുസ്സ് വര്‍ദ്ധിക്കുന്നു. ഇലകള്‍ കരണ്ടു നശിപ്പിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുന്നവരാണ് കുരുവികളില്‍ അധികം പേരും. കുട്ടുറുവന്‍ എന്ന് അറിയപ്പെടുന്ന റോളര്‍ ബേഡ്സും കീട നിയന്ത്രണം നടത്തുന്നവരാണ്. ചില പ്രദേശങ്ങളില്‍ ഇവയെ പച്ച കിളി എന്നും വിളിക്കാറുണ്ട്. മനോഹരമായി പാട്ടു പാടുകയും ചെയ്യും. സീസണില്‍ മാത്രമെ ഇവ പാടാറുള്ളൂ. വേലി തത്ത എന്ന് അറിയപ്പെടുന്ന മുളന്തത്തകള്‍ (Bee Eater) പേര് പോലെ തന്നെ ഈച്ചകളെ ആണ് ഭക്ഷിക്കുന്നത്. ഇതും ഒരു തരത്തില്‍ പ്രകൃതിയുടെ ആരോഗ്യകരമായ നിലനില്‍പ്പിനെ സഹായിക്കുകയാണ്. പക്ഷികള്‍ക്കു വേണ്ടി നമുക്ക് ആവാസ വ്യവസ്ഥിതി രൂപപ്പെടുത്താം. ഒപ്പം പ്രകൃതിയെ സംരക്ഷിക്കാം. - പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ |
12 November 2009
ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലിലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി യുടെ ജന്മ ദിനമായ ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. |
1 Comments:
1996ല്‍ ബോംബെയില്‍ (മുംബായ്) ജനിച്ച സലീം അലി 1987ല്‍ മരണമടഞ്ഞു. ഇത് തെറ്റാണല്ലോ? 1896 ആയിരിക്കണം .
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്