ഷാര്‍ജയിലെ തൊഴിലാളികള്‍ – അവസാന സംഘം നാട്ടിലേയ്ക്ക്

June 14th, 2010

sharjah-campഷാര്‍ജ: തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിയ്ക്കാതെ ദുരിതത്തിലായ ഷാര്‍ജയിലെ തൊഴിലാളികളില്‍ അവശേഷിയ്ക്കുന്ന 15 പേര്‍ കൂടി നാളെ നാട്ടിലേയ്ക്ക് മടങ്ങും. മൂന്നു മലയാളികളും ഒരു തമിഴ്‌ നാട്ടുകാരനുമാണ് ഇനി അവശേഷിയ്ക്കുന്നവരില്‍ ഇന്ത്യാക്കാരായി ഉള്ളത്. ബാക്കി പതിനൊന്നു പേരില്‍ പാക്കിസ്ഥാനികളും, നേപ്പാളികളും, ബംഗ്ലാദേശുകാരുമാണ് ഉള്ളത്. ഇന്നലെ ഷാര്‍ജ തൊഴില്‍ വകുപ്പ് ഓഫീസില്‍ വെച്ച് ഇവരുടെ ശമ്പള കുടിശികയും മറ്റും ഇവര്‍ക്ക്‌ പൂര്‍ണ്ണമായി ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഈ കാര്യത്തില്‍ തങ്ങളെ ഷാര്‍ജ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഏറെ സഹായിച്ച കാര്യം ഇവര്‍ നന്ദിപൂര്‍വ്വം അറിയിച്ചു.

തങ്ങളുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിയ്ക്കുകയായിരുന്നു ഇവര്‍. സന്മനസ്സുള്ള ചില സംഘടനകള്‍ ഇവര്‍ക്ക്‌ ടാങ്കറില്‍ വെള്ളം എത്തിച്ചു കൊടുത്തുവെങ്കിലും വൈദ്യുതി എത്തിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യുതിയുടെ ബില്ലടയ്ക്കാതെ ബന്ധം വേര്‍പെടുത്തിയതായിരുന്നു. ഈ കാരണത്താല്‍ ഇവിടെ ജനറേറ്റര്‍ ഘടിപ്പിയ്ക്കുന്നതും നിയമ വിരുദ്ധമാണ് എന്നതിനാല്‍ അതും നടന്നില്ല. ഗള്‍ഫിലെ ചൂട് ഉയര്‍ന്നതോടെ നിശ്ചലമായ എയര്‍ കണ്ടീഷണറുകള്‍ ഉള്ള മുറികളില്‍ നിന്നും പുറത്തിറങ്ങി ഇവര്‍ വെളിയില്‍ നിലത്ത് വിരിച്ചു കിടക്കാന്‍ നിര്‍ബന്ധിതരായി.

നാളെ നാട്ടിലേയ്ക്ക് വിമാനം കയറുന്നതോടെ ഇവരുടെ ജീവിതത്തില്‍ മാസങ്ങള്‍ നീണ്ട ഒരു ദുരിതപൂര്‍ണമായ കാലഘട്ടത്തിനു അറുതിയാവുകയാണ്. ഇനി കുറച്ചു നാള്‍ നാട്ടില്‍ തന്നെ ജോലി ചെയ്തു കഴിയണം എന്നാണു താന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് നാളെ മടങ്ങുന്ന ആലപ്പുഴ സ്വദേശിയായ അരുണ്‍ പറയുന്നു. വിസയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപ നല്‍കിയാണ് ആദ്യ തവണ ഇവിടെ വന്നത്. അതിന്റെ ബാധ്യതയും പിന്നീട് 6 മാസക്കാലം ശമ്പളം മുടങ്ങിയതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളും എല്ലാം കണക്കിലെടുക്കുമ്പോള്‍ വീണ്ടും ഇവിടെ തന്നെ തിരിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ഇവര്‍ക്കാവുന്നില്ല. വിസ റദ്ദാക്കുന്നതിനോടൊപ്പം യു.എ.ഇ. യിലേക്കുള്ള ആറു മാസത്തെ പ്രവേശന നിരോധനവും ഉണ്ടാവും. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുത്തന്‍ പ്രതീക്ഷകളുമായി തിരികെ ഏതെങ്കിലും ഗള്‍ഫ്‌ നാട്ടിലേയ്ക്ക് തന്നെ നല്ലൊരു ജോലി ലഭിച്ചു തിരിച്ചു വരണം എന്ന് ആഗ്രഹമുണ്ട് എന്നും ഇവര്‍ പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍

May 25th, 2010

gulf-jailതൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍. പട്ടാമ്പി കരിങ്ങനാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മലയാളി തൊഴിലുടമ മുങ്ങിയതിനാല്‍ ജയിലില്‍ ആയിരിക്കുന്നത്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് സ്വദേശിയായ കൊട്ടിലങ്ങാത്തൊടി മുഹമ്മദ് മുസ്തഫ കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലാണ്. താന്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ഫുജൈറയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പട്ടാമ്പി സ്വദേശിയായ ഉടമക്ക് ചെക്ക് കേസില്‍ ജാമ്യം നിന്നതാണ് താന്‍ ജയിലാകാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു. വല്ലപ്പോഴും ജയിലില്‍ നിന്ന് വിളിക്കാന്‍ കിട്ടുന്ന അവസരത്തിലാണ് മുസ്തഫ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്

ഒരു കമ്പനി കൊടുത്ത കേസില്‍ ആദ്യം സ്ഥാപന ഉടമയാണ് ജയിലിലായത്. ഇയാള്‍ക്ക്‌ ജയില്‍ മോചിതരാകാന്‍ രണ്ട് ജാമ്യക്കാരെ വേണമായിരുന്നു. അങ്ങിനെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ജാമ്യക്കാര നായതെന്ന് മുസ്തഫ പറയുന്നു. യു. എ. ഇ. സ്വദേശിയായ കട ഉടമയും ഇയാളുടെ മോചനത്തിന് ജാമ്യം നിന്നു. എന്നാല്‍ ജയില്‍ മോചിതനായ ഉടമ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ.

ഇതോടെ യു. എ. ഇ. സ്വദേശിയും മുസ്തഫയും ജയിലിലായി. യു. എ. ഇ. സ്വദേശി ഒന്നര ലക്ഷം ദിര്‍ഹം അടച്ച് ജയില്‍ മോചിതനായി.

മുസ്തഫയ്ക്ക് ജയില്‍ മോചിത നാകണമെങ്കില്‍ ഒന്നര ലക്ഷം ദിര്‍ഹം അടയ്ക്കണം. വീടും പറമ്പും പണയപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള 50,000 ദിര്‍ഹം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

തന്നെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനം ഉടമയുമായി ബന്ധപ്പെടുമ്പോള്‍ താനാര്‍ക്കും പണം നല്‍കാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്ന മുസ്തഫ സങ്കടത്തോടെ പറയുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം കേശവദാസ പുരത്ത് ഒരു ഡിഷ് വാഷിംഗ് കമ്പനി നടത്തുകയാണത്രെ. സുമനസുകളുടെ കനിവില്‍ എത്രയും വേഗം ബാക്കിയുള്ള തുക കണ്ടെത്താനാകുമെന്നും തനിക്ക് ജയില്‍ മോചനം സാധ്യമാകുമെന്നും മുസ്തഫ സ്വപ്നം കാണുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനാഥരായ തൊഴിലാളികള്‍ക്ക്‌ പ്രവാസ സമൂഹത്തിന്റെ കാരുണ്യ സ്പര്‍ശം

May 3rd, 2010

stranded-workers ഷാര്‍ജ : തൊഴില്‍ ഉടമയാല്‍ കബളിപ്പിക്കപ്പെട്ട ഒരു കൂട്ടം തൊഴിലാളികള്‍ക്ക് സാന്ത്വനമായി സഹായ വാഗ്ദാനങ്ങള്‍ എത്തി തുടങ്ങി. 6 മാസത്തോളം ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭക്ഷണത്തിന് പോലും വകയില്ലാതായ ആയിരത്തിലേറെ തൊഴിലാളികളുടെ കഥ മാധ്യമങ്ങള്‍ പ്രവാസി ജനതയുടെ മുന്‍പില്‍ തുറന്നു കാണിച്ചതോടെ ഇവരുടെ താമസ സ്ഥലത്തേയ്ക്ക് സഹായം എത്തി തുടങ്ങി.

കേരളത്തിലെ എഞ്ചിനിയര്‍മാരുടെ യു.എ.ഇ. യിലെ സംഘടനയായ കേര (Kerala Engineers Association) വിവരം അറിഞ്ഞയുടന്‍ യോഗം ചേരുകയും, തൊഴിലാളികള്‍ക്ക്‌ ഭക്ഷണം എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു എന്ന് കേര പ്രസിഡണ്ട് രെവികുമാര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് പാലക്കാട്‌ എഞ്ചിനിയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയും പ്രശ്നത്തില്‍ സജീവമായി ഇടപെടുകയും സഹായ പാക്കേജുമായി എത്തുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികള്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായും ഈ കാര്യം ചര്‍ച്ച ചെയ്യുകയും തൊഴിലാളികളുടെ മടങ്ങി പോക്കിലുള്ള അനിശ്ചിതാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി ദര്‍ശന യു.എ.ഇ. യുടെ അദ്ധ്യക്ഷന്‍ കൃഷ്ണകുമാര്‍ അറിയിച്ചു.

ഹിറ്റ്‌ എഫ്. എം. 96.7 തങ്ങളുടെ ഹെല്‍പ്‌ ലൈന്‍ സര്‍വീസ്‌ വഴി തൊഴിലാളികള്‍ക്ക്‌ സഹായം എത്തിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. റേഡിയോയില്‍ വാര്‍ത്ത കേട്ട ആയിരക്കണക്കിന് ശ്രോതാക്കള്‍ ഈ സംരംഭത്തില്‍ സഹകരിക്കുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്ന് ഹിറ്റ്‌ എഫ്. എം. അറിയിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു.എ.ഇ. യിലെ സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിദ്ധ്യവുമായ നിസാര്‍ സെയ്ദ്‌ റേഡിയോ ഏഷ്യ യിലെ തന്റെ സായാഹ്ന പരിപാടിയില്‍ തൊഴിലാളികളുടെ അവസ്ഥ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഹായ വാഗ്ദാനങ്ങളുടെ കാരുണ്യ പ്രവാഹം തന്നെയായിരുന്നു. പരിപാടി തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ്‌ ആസ്ഥാനമായുള്ള നെല്ലറ ഫുഡ് പ്രോഡക്ട്സ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ തൊഴിലാളികള്‍ക്ക്‌ ആവശ്യമുള്ള അരി എത്തിച്ചു കൊടുക്കാം എന്ന വാഗ്ദാനവുമായി മുന്പോട്ട് വന്നു. തുടര്‍ന്ന് അലൈന്‍ ഡയറി പ്രോഡക്ട്സ് ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീസര്‍ ശശികുമാര്‍ മേനോന്‍ ഇവര്‍ക്ക്‌ ജ്യൂസ് എത്തിച്ചു കൊടുക്കാം എന്ന് അറിയിച്ചു. രാത്രി തന്നെ ഇതിനുള്ള ക്രമീകരണങ്ങള്‍ തങ്ങള്‍ തുടങ്ങിയതായും ഇദ്ദേഹം അറിയിച്ചു. ദുബായ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പാര്‍ക്കില്‍ ഉള്ള റംല സൂപ്പര്‍മാര്‍ക്കറ്റ് ഇവര്‍ക്കാവശ്യമുള്ള അരിയും പരിപ്പും എത്തിക്കാം എന്ന് അറിയിച്ചു. ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അബൂബക്കര്‍ മൌലാന ബസ്മതി റൈസ്‌, സല്‍മ റൈസ്‌ എന്നിവര്‍ അരി വാഗ്ദാനം ചെയ്തു.

ഇതിനു പുറമേ അനേകം വ്യക്തികളും തങ്ങള്‍ക്ക് ആവും വിധം സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. തങ്ങളുടെ കഷ്ടപ്പാടുകള്‍ മറന്ന് നിരവധി സന്മനസ്സുള്ള ശ്രോതാക്കള്‍ 100 ദിര്‍ഹം മുതല്‍ ഉള്ള സംഖ്യകള്‍ ഇവര്‍ക്കുള്ള സഹായ നിധിയിലേക്ക് നല്‍കാം എന്ന് അറിയിച്ചു.

കെ. വൈ. സി. സി. എന്ന സംഘടന ഈ സഹായങ്ങള്‍ തൊഴിലാളികള്‍ക്ക്‌ എത്തിച്ചു കൊടുക്കുന്നതിന് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രവര്‍ത്തന നിരതരാണ്.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഇവര്‍ക്കായുള്ള സഹായങ്ങള്‍ ഒഴുകുമ്പോഴും, ഇന്ത്യാക്കാരുടെ ഇത്തരം പ്രശ്നങ്ങളില്‍ സ്വമേധയാ ഇടപെട്ട് ഇവര്‍ക്കായുള്ള സഹായം എത്തിക്കേണ്ട കര്‍ത്തവ്യമുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee) എന്ന സംഘടനയുടെ യാതൊരു വിധ ഇടപെടലുകളും ഇവരുടെ കാര്യത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ കൊണ്സുലെറ്റിന്റെ ആഭിമുഖ്യത്തില്‍ സഹായം ആവശ്യമുള്ള ഇന്ത്യാക്കാരെ സഹായിക്കാനായി രൂപം കൊടുത്ത ഇന്ത്യന്‍ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് ICWC. പ്രശ്നം ഇവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു സഹായവും ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഒരു സംഘം തൊഴിലാളികള്‍ നേരിട്ട് ഇവരെ കാണുവാന്‍ പോയി. കടക്കെണിയില്‍ മുങ്ങി നില്‍ക്കുന്ന തൊഴിലാളികള്‍ ടാക്സിക്ക് കാശും മുടക്കി ശനിയാഴ്ച ദുബായിലുള്ള ഇന്ത്യന്‍ കൊണ്സുലെറ്റില്‍ എത്തിയെങ്കിലും ഇന്ന് അവധിയാണ് എന്നും ആരെയും കാണാനാവില്ല എന്നുമുള്ള മറുപടിയാണ് ഇവര്‍ക്ക്‌ ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍, ICWC ഭാരവാഹികള്‍, മറ്റ് കൊണ്സുലെറ്റ്‌ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന വിരുന്നിന്റെ വേദിയായ നക്ഷത്ര ഹോട്ടലില്‍ ഇവര്‍ എത്തിയെങ്കിലും, വിരുന്ന് കഴിയുന്നത് വരെ കാത്ത് നില്‍ക്കാനായിരുന്നു ഇവര്‍ക്ക് ലഭിച്ച ഉപദേശം. ഇവരുടെ താമസ സ്ഥലം സന്ദര്‍ശിച്ചു പ്രശ്നങ്ങള്‍ നേരിട്ട് കണ്ടു ബോധ്യപ്പെടണം എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞെങ്കിലും ഒന്നും ഇതു വരെ നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പ്രശ്നം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെട്ടതും മാധ്യമങ്ങള്‍ ഇവരുടെ കാര്യത്തില്‍ സജീവമായി ഇടപെട്ടതും.

- ജെ.എസ്.

വായിക്കുക: , , , ,

10 അഭിപ്രായങ്ങള്‍ »

തൊഴില്‍ ഉടമ മുങ്ങി – മുന്നൂറോളം തൊഴിലാളികള്‍ കേരളത്തിലേക്ക്‌ മടങ്ങുന്നു

April 19th, 2010

owner-abscondingഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.

മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക്‌ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ്‌ ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ്‌ തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.

എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ്‌ തന്നെ ഇവര്‍ക്ക് ടിക്കറ്റ്‌ എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക്‌ നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക്‌ ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ്‌ ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.

ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.

തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് നാട്ടിലുള്ള തൊഴില്‍ ഉടമയുടെ കയ്യില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ടതായ ശമ്പള കുടിശികയും, ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കണം എന്ന നിവേദനവുമായി ഇവര്‍ ഇന്നലെ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ പോയി കണ്ടു അഭ്യര്‍ഥിക്കുകയും തങ്ങളുടെ ആവശ്യം നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

Page 2 of 212

« Previous Page « അബുദാബിയില്‍ ‘പെയ്ഡ്‌ പാര്‍ക്കിംഗ്’ കൂടുതല്‍ സ്ഥലങ്ങളില്‍
Next » അബുദാബിയില്‍ “പെയ്ഡ്‌ പാര്‍ക്കിംഗ്” കൂടുതല്‍ സ്ഥലങ്ങളില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine