26 October 2009
മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് വെട്ടിലായ ടോണി ബ്ലെയര്‍
മൈക്രോസോഫ്റ്റ് വേഡ് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ ഫയല്‍ ഫോര്‍മാറ്റാണ്. ഈ ഫോര്‍മാറ്റ് വായിക്കുവാനുള്ള അവകാശം മൈക്രോസോഫ്റ്റ് കമ്പനി നിര്‍മ്മിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ക്ക് മാത്രമാണ്. അത് കൊണ്ടു തന്നെ ഈ ഫോര്‍മാറ്റില്‍ നിര്‍മ്മിച്ച ഒരു ഫയല്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കുന്നത് ശരിയായ നടപടിയല്ല. അങ്ങനെ അയച്ചു കൊടുത്താല്‍ അതിനര്‍ത്ഥം അയാളും മൈക്രോസോഫ്റ്റ് വേഡ് എന്ന പ്രോഗ്രാം ഉപയോഗിക്കണം എന്ന് നാം നിഷ്കര്‍ഷിക്കുന്നത് പോലെയാണ്. ഇത് മര്യാദയല്ല. ഒരാള്‍ക്ക് അയാള്‍ക്ക് ഇഷ്ടമുള്ള പ്രോഗ്രാമുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് നാം അംഗീകരിച്ചേ മതിയാവൂ.
ഇത്തരത്തില്‍ ഡോക്യുമെന്റുകള്‍ കൈമാറാന്‍ ചില അംഗീകൃത വിവര കൈമാറ്റ വ്യവസ്ഥിതികള്‍ നിലവിലുണ്ട്. ഈ രീതികള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ഡോക്യുമെന്റുകള്‍ ഏത് കമ്പ്യൂട്ടറിലും പ്രത്യേക കമ്പനിയുടെ സോഫ്റ്റ് വെയര്‍ പണം നല്‍കി വാങ്ങിക്കാതെ തന്നെ ഉപയോഗിക്കുവാന്‍ കഴിയും. ഇവയുടെ വിവരങ്ങള്‍ അടുക്കിയ സംവിധാനം രഹസ്യമല്ലാത്തതിനാല്‍ ഇത്തരം ഫയലുകള്‍ വായിച്ചെടുക്കാവുന്ന സോഫ്റ്റ് വെയറുകള്‍ ആര്‍ക്കും നിര്‍മ്മിക്കാനുമാവും. ഇന്റര്‍നെറ്റിന്റെ അടിസ്ഥാന പരമായ പെരുമാറ്റ ചട്ടങ്ങളും സ്റ്റാന്‍ഡേര്‍ഡുകളും മറ്റും നിയന്ത്രിക്കുന്ന വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം ഇത്തരം ഫോര്‍മാറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. Text, HTML, PDF എന്നീ ഫോര്‍മാറ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന സ്വതന്ത്ര സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റുകളാണ്. വേഡ് ഫോര്‍മാറ്റ് സൃഷ്ടിക്കുന്ന സ്വകാര്യതാ പ്രശ്നങ്ങളും ഏറെയാണ്. ബ്രിട്ടനിലെ ടോണി ബ്ലെയര്‍ സര്‍ക്കാര്‍ ഇതെല്ലാം മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. ഇറാഖിനെ പറ്റി യുള്ള ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പറ്റി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഐക്യ രാഷ്ട്ര സഭയില്‍ പരാമര്‍ശിക്കുകയുണ്ടായി. ഈ റിപ്പോര്‍ട്ട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ ഒരു മൈക്രോസോഫ്റ്റ് വേഡ് ഫയല്‍ രൂപത്തില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഈ റിപ്പോര്‍ട്ടിനെ പറ്റി പഠിച്ച കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഡോ. ഗ്ലെന്‍ റാങ്വാല ഈ റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ ചില മാസികകളില്‍ വന്ന വാര്‍ത്തകളുടെയും ലേഖനങ്ങളെയും പകര്‍ത്തി എഴുതിയതാണെന്ന് കണ്ടെത്തി. വ്യാകരണ പിശകുകളും തെറ്റായി ഉപയോഗിച്ച കോമയും വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി എഴുതിയ ലേഖനത്തില്‍ നിന്നും, മറ്റ് ചില പ്രസിദ്ധീകരണങ്ങളില്‍ നിന്നും, ഇന്റര്‍നെറ്റ് വഴി പകര്‍ത്തിയ കാര്യങ്ങളെ, ഇന്റലിജന്‍സ് കണ്ടെത്തലുകളായി ചിത്രീകരിച്ച്, ഇറാഖിനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കുന്നതിന്റെ അത്യാവശ്യം ബ്രിട്ടീഷ് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനായിട്ടാണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇറാഖിനെ ആക്രമിക്കണം എന്ന് കോളിന്‍ പവല്‍ ഐക്യ രാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടതും. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം. ഈ വേഡ് ഫയല്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ടോണി ബ്ലെയര്‍ സര്‍ക്കാരിനെ ഏറെ വിഷമത്തിലാക്കിയ ഒട്ടേറെ വിവരങ്ങളാണ് പുറത്ത് വന്നത്. മൈക്രോസോഫ്റ്റ് വേഡ് ഫയല്‍ ഉപയോഗിച്ചതിലുള്ള തെറ്റ് മനസ്സിലാക്കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ ഫയല്‍ തങ്ങളുടെ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ഈ ഫയലിന്റെ ഒരു പകര്‍പ്പ് ഇവിടെ ലഭ്യമാണ്. ഈ ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഇതിനെ ഒരു ടെക്സ്റ്റ് റീഡര്‍ ഉപയോഗിച്ച് തുറന്നാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും നിങ്ങള്‍ക്കും വായിക്കുവാനാവും. വെടിപ്പായിട്ടല്ലെങ്കിലും എല്ലാ ഉള്ളടക്കവും നിങ്ങള്‍ക്ക് വായിച്ചെടുക്കാം. ഒരു വേഡ് ഫയലിനെ നമ്മള്‍ തിരുത്തുമ്പോഴും വാക്കുകള്‍ വെട്ടി മാറ്റുമ്പോഴും ഈ വിവരങ്ങള്‍ വേഡ് അതിനുള്ളില്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. മുകളില്‍ പറഞ്ഞ ഫയലിലുള്ള ഇത്തരം വിവരങ്ങള്‍ ഇപ്രകാരമാണ്: Rev. #1: "cic22" edited file "C:\DOCUME~1\phamill\LOCALS~1\Temp\AutoRecovery save of Iraq - security.asd" Rev. #2: "cic22" edited file "C:\DOCUME~1\phamill\LOCALS~1\Temp\AutoRecovery save of Iraq - security.asd" Rev. #3: "cic22" edited file "C:\DOCUME~1\phamill\LOCALS~1\Temp\AutoRecovery save of Iraq - security.asd" Rev. #4: "JPratt" edited file "C:\TEMP\Iraq - security.doc" Rev. #5: "JPratt" edited file "A:\Iraq - security.doc" Rev. #6: "ablackshaw" edited file "C:\ABlackshaw\Iraq - security.doc" Rev. #7: "ablackshaw" edited file "C:\ABlackshaw\A;Iraq - security.doc" Rev. #8: "ablackshaw" edited file "A:\Iraq - security.doc" Rev. #9: "MKhan" edited file "C:\TEMP\Iraq - security.doc" Rev. #10: "MKhan" edited file "C:\WINNT\Profiles\mkhan\Desktop\Iraq.doc" cic എന്നത് Communications Information Centre എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാര്‍ത്താ വിനിമയ വിഭാഗത്തിനു കീഴിലുള്ള സ്ഥാപനമാണ്. ഇവരുടെ കമ്പ്യൂട്ടറില്‍ phamill എന്ന യൂസറാണ് ഈ ഫയല്‍ ആദ്യമായി എഡിറ്റ് ചെയ്തത് എന്ന് കാണാം. പിന്നീട് ഇത് JPratt എന്ന യൂസര്‍ എഡിറ്റ് ചെയ്തു. JPratt ഈ ഫയലിനെ ഫ്ലോപ്പിയിലേക്ക് സേവ് ചെയ്തു എന്നതു കാണുന്നു. A: എന്നാല്‍ പൊതുവെ ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവിനെയാണ് സൂചിപ്പിക്കുന്നത്. ഈ ഫയല്‍ പിന്നീട് ഉപയോഗിക്കുന്നത് ablackshaw എന്ന യൂസര്‍ ആണ്. ഇദ്ദേഹം ഇത് തന്റെ കമ്പ്യൂട്ടറില്‍ എഡിറ്റ് ചെയ്യുകയും അത് വീണ്ടും മറ്റൊരു ഫ്ലോപ്പിയില്‍ ആക്കുകയും ചെയ്തു. ഇത് പിന്നീട് MKhan എന്ന യൂസര്‍ എഡിറ്റ് ചെയ്തതിനു ശേഷം ഇതിന്റെ പേര് മാറ്റി iraq.doc എന്നാക്കി തന്റെ കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പില്‍ സൂക്ഷിച്ചതായും കാണുന്നു. ഈ യൂസര്‍ നാമങ്ങള്‍ ബ്രിട്ടനിലെ ചില പത്രക്കാര്‍ക്ക് കൈമാറിയതോടെയാണ് ഇതെല്ലാം ആരാണെന്ന് വെളിപ്പെട്ടത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ വാര്‍ത്താ വിനിമയ വിഭാഗം തയ്യാറാക്കിയതാണ് ഈ വേഡ് ഫയല്‍ എന്നും പിന്നീട് വിദേശ വകുപ്പ് ഉദ്യോഗസ്ഥന്‍ പോള്‍ ഹാമില്‍, പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ജോണ്‍ പ്രാറ്റ്, പ്രധാന മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് അലിസണ്‍ ബ്ലാക്ക്ഷാ, പ്രധാന മന്ത്രിയുടെ പ്രെസ് ഓഫീസര്‍ മുര്‍താസാ ഖാന്‍ എന്നിവരും ഈ ഫയല്‍ തിരുത്തിയതായും കണ്ടെത്തി. ജോണ്‍ പ്രാറ്റ് ഈ ഫയല്‍ ഒരു ഫ്ലോപ്പി ഡിസ്ക്കിലാക്കി ബ്ലാക്ക് ഷായെ ഏല്‍പ്പിച്ചത് പോലും വേഡ് ഫയല്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഇത് പിന്നീട് പാര്‍ലമെന്റില്‍ നടന്ന ചോദ്യം ചെയ്യലില്‍ ശരിയാണെന്ന് വെളിപ്പെടുകയും ചെയ്തു. ഏതായാലും പാഠം പഠിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ തങ്ങളുടെ സൈറ്റില്‍ ഇത്തരം രേഖകള്‍ pdf ഫോര്‍മാറ്റിലാണ് സൂക്ഷിക്കുന്നത്. Tony Blair learns not to use Microsoft Word the hard way Labels: microsoft |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്