14 January 2010

ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍

google-chinaഗൂഗ്‌ള്‍ ചൈനയില്‍ നിന്നും പടി ഇറങ്ങാന്‍ തയ്യാറാവുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയെ പിണക്കി ചൈനയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതോടെ ഗൂഗ്‌ള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി വീണ്ടും നേടിയിരിക്കുന്നു. ഡിസംബര്‍ മധ്യത്തില്‍ തങ്ങളുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കയറിയ ചൈന പ്രധാനമായും തിരഞ്ഞത് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഈമെയില്‍ ഉള്ളടക്കങ്ങളാണ് എന്ന് ഗൂഗ്‌ള്‍ കണ്ടെത്തി. എന്നാല്‍ കേവലം രണ്ട് ഈമെയില്‍ അക്കൌണ്ടുകള്‍ മാത്രമേ ചൈനക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ ഈമെയില്‍ വിലാസങ്ങളും അവയിലെ സബ്ജക്ട് ലൈനുകളുമല്ലാതെ ഉള്ളടക്കമൊന്നും വായിച്ചെടുക്കാന്‍ ചൈനക്ക് കഴിഞ്ഞതുമില്ല. വിവരങ്ങളുടെ സുരക്ഷയില്‍ അത്രയേറെ ശ്രദ്ധ ഗൂഗ്‌ള്‍ പുലര്‍ത്തിയിരുന്നു. എന്നാലും ചൈനയില്‍ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായത് ഗൂഗ്‌ളിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഗൂഗ്‌ള്‍ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ തങ്ങളുടെ സെര്‍വറിനു പുറമെ വേറെയും 20ഓളം കമ്പനികള്‍ ചൈനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
 
ഗൂഗ്‌ളിന്റെ ചൈനയിലെ സെര്‍വറിനു പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജീമെയില്‍ ഉപയോക്താക്കളുടെ ഈമെയിലുകളും ചൈന വായിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഈമെയില്‍ അഡ്രസുകള്‍ എല്ലാം ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളുകളുടേതായിരുന്നു എന്നത് പ്രശ്നം ഗൌരവമുള്ളതാക്കി.
 
നേരത്തേ തന്നെ ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ നീക്കത്തില്‍ ഗൂഗ്‌ള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ ഗൂഗ്‌ള്‍ എതിര്‍ത്തു എങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പരിധി വരെ സെന്‍സര്‍ ചെയ്യുന്നതിന് ഇവര്‍ക്ക് വിധേയമാവേണ്ടി വന്നു. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ വന്‍ വിവര ശേഖരം ലഭ്യമാക്കാനുള്ള ദൌത്യം കണക്കിലെടുത്ത് ഈ നിയന്ത്രണത്തിന് ഗൂഗ്‌ള്‍ സ്വയം വഴങ്ങുകയായിരുന്നു എന്ന് കമ്പനി അന്ന് വ്യക്തമാക്കു കയുണ്ടായി. എന്നാല്‍ ചൈനയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ചൈനയില്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയാണെങ്കില്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യം പുനഃ പരിശോധിക്കും എന്നും അന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിരുന്നു.
 
കുറച്ചു നാള്‍ മുന്‍പ് യാഹുവിന്റെ സി.ഇ.ഓ. നടത്തിയ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കുന്നത് രണ്ടു കമ്പനികളുടെയും നിലപാടുകളുടെ അന്തരം വ്യക്തമാക്കുന്നു. “മനുഷ്യാവകാശങ്ങളെ തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിനെ നേര്‍ വഴിക്ക് നയിക്കുക എന്നതല്ല ഞങ്ങളുടെ ഓഹരി ഉടമകള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൊണ്ട് യാഹൂ ചൈനീസ് സര്‍ക്കാരിനെ നന്നാക്കാനൊന്നും ശ്രമിക്കില്ല.” ഇതാണ് യാഹുവിന്റെ സി. ഇ. ഓ. കാരള്‍ ബാര്‍ട്സ് പറഞ്ഞത്.
 
എന്നാല്‍ ഇനി മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ചൈനയിലെ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ട് സെന്‍സര്‍ ചെയ്യില്ല എന്ന ധീരമായ തീരുമാനമാണ് ഗൂഗ്‌ള്‍ സ്വീകരിച്ചത്. സാര്‍വത്രികമായ മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഇത്തരം നിലപാടുകള്‍ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കവെയാണ് ഗൂഗ്‌ളിന്റെ ഈ തീരുമാനം എന്നത് ആശാവഹമാണ്.
 
തങ്ങളുടെ ഈമെയില്‍ അക്കൌണ്ടുകളില്‍ അതിക്രമിച്ച് കടന്നു കയറിയതോടെ ഗൂഗ്‌ള്‍ ചൈനയോട് വിട പറയുകയാണ് എന്നും അറിയിച്ചു കഴിഞ്ഞു. ഇതിനു പുറകില്‍ ഗൂഗ്‌ളിന്റെ ചൈനയിലെ ഓഫീസിലെ ആളുകള്‍ക്ക് പങ്കില്ല എന്നും, അമേരിക്കയിലെ ഓഫീസിലെ ആളുകളാണ് ഈ തീരുമാനത്തിന് പുറകില്‍ എന്നും വ്യക്തമാക്കാന്‍ ഗൂഗ്‌ള്‍ മറന്നില്ല. അല്ലെങ്കില്‍ കമ്പനി പൂട്ടി പോവുന്നതോടെ ഇതിന്റെ പേരില്‍ ഗൂഗ്‌ള്‍ ചൈന ഓഫീസിലെ പാവം ജീവനക്കാര്‍ ക്രൂശിക്കപ്പെട്ടാലോ എന്ന് ഭയന്ന്.

Labels: , ,

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 December 2009

ചൈന ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി

internet-censorshipവ്യക്തിഗത വെബ് സൈറ്റുകള്‍ക്ക് അനുമതി നിഷേധിച്ചു കൊണ്ട് ചൈന ഇന്റര്‍നെറ്റ് നിയന്ത്രണം കര്‍ക്കശമാക്കി. ഇനി മുതല്‍ പുതിയ ഒരു വെബ് സൈറ്റിന്റെ പേര് റെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഒരു വ്യാപാര സ്ഥാപനത്തിന്റെ രേഖകള്‍ ഹാജരാക്കി സ്ഥാപനത്തിന്റെ പേരില്‍ മാത്രമേ വെബ് സൈറ്റ് റെജിസ്റ്റര്‍ ചെയ്യാനാവൂ എന്നതാണ് പുതുതായി ചൈന ഇറക്കിയ കരിനിയമം.
 
വെബ് ലോകത്തിന്റെ (world wide web) ഉപജ്ഞാതാവായ ടിം ബേണ്‍സ് ലീ 1980ല്‍ ആദ്യമായി ഹൈപ്പര്‍ ടെക്സ്റ്റ് സാങ്കേതിക വിദ്യ ആവിഷ്കാരം ചെയ്തതു മുതല്‍ വെബ് ലോകം വളര്‍ന്നത് സ്വകാര്യ വ്യക്തികളുടെ നിതാന്ത പരിശ്രമവും സഹകരണവും കൊണ്ടാണ്. ആദ്യ വെബ് ആവിഷ്കരിച്ച ലീ തന്റെ പദ്ധതി വിശദീകരിക്കാനായി ഒരുക്കിയ ലോകത്തെ ആദ്യ വെബ് പേജില്‍ ആവശ്യപ്പെട്ടത് അനുസരിച്ച്, സ്വന്തമായി വെബ് സൈറ്റുകള്‍ ഉണ്ടാക്കി വിവരങ്ങള്‍ ലഭ്യമാക്കി തുടങ്ങിയ അനേകാ യിരങ്ങളുടെ പരിശ്രമ ഫലമായി ഉയര്‍ന്നു വന്നതാണ് ഇന്ന് നമ്മള്‍ കാണുന്ന വേള്‍ഡ് വൈഡ് വെബ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ തള്ളിക്കളഞ്ഞ വ്യാപാര സ്ഥാപനങ്ങളല്ല, മറിച്ച് രാത്രി കാലങ്ങളില്‍ ഉറക്കമില്ലാതെ പ്രവര്‍ത്തന നിരതരായ ഒരു സംഘം ചെറുപ്പക്കാരുടെ പരിശ്രമത്തിന്റെ ഫലമായി തന്നെയാണ് ഇന്നത്തെ രൂപത്തിലേക്ക് വെബ് വളര്‍ന്നത്.
 
ലോകമെമ്പാടും ഉള്ള കണക്ക് നോക്കിയാല്‍ ഏറ്റവും അധികം വെബ് സൈറ്റുകള്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യക്തികള്‍ തന്നെയാണെന്നു കാണാം. ചൈനയിലെ കാര്യവും വിഭിന്നമല്ല. എന്നാല്‍, സ്വകാര്യ സ്വത്ത് അടക്കം പല കാര്യങ്ങളിലും ആശയ പരമായ അവ്യക്തത നില നില്‍ക്കുന്ന ചൈനയില്‍ സ്വകാര്യ വെബ് സൈറ്റിന്റെ ഉടമസ്ഥതയുടെ കാര്യത്തിലും ഈ അവ്യക്തത നിലനില്‍ക്കുന്നു. രണ്ടു തവണ സ്വകാര്യ വെബ് സൈറ്റുകള്‍ നിരോധിക്കുന്ന കാര്യം ചൈന മുന്‍പ് ആലോചിച്ചി രുന്നുവെങ്കിലും, ഇന്റര്‍നെറ്റ് വഴി ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു വെബ് സൈറ്റ് സ്വന്തമാക്കാന്‍ കഴിയുന്നത് മൂലം ഇത് ഫലപ്രദമായി തടയാന്‍ കഴിഞ്ഞിരുന്നില്ല.
 
സ്വകാര്യ ഉടമസ്ഥതയുടെ സൈദ്ധാന്തിക വൈരുദ്ധ്യ ങ്ങളേക്കാള്‍, പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളുടെ മേലുള്ള നിയന്ത്രണമി ല്ലായ്മയാണ് ചൈനീസ് സര്‍ക്കാരിനെ അലട്ടുന്നത്. എല്ലാ തരം മാധ്യമങ്ങളെയും നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിച്ച സര്‍ക്കാരിന് പക്ഷെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങളുടെ തള്ളിക്ക യറ്റത്തോടെ ഇതിനു കഴിയാതായി.
 
വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്താല്‍ പല തലങ്ങളിലുള്ള സെന്‍സര്‍‌ഷിപ്പ് നിയമങ്ങള്‍ ചൈനയില്‍ നിലവിലുണ്ട്. എന്നാല്‍ വ്യക്തിഗത ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചതോടെ വ്യക്തിഗത പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിക്കുകയും, ഇത്തരം വിവരങ്ങള്‍ നിയന്ത്രിക്കുന്നത് സാധ്യമല്ലാ താവുകയും ചെയ്തു. കഴിഞ്ഞ ദിവസം ചൈന നിരവധി വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ അടച്ചു പൂട്ടുകയുണ്ടായി. പകര്‍പ്പവകാശ ലംഘനവും അശ്ലീലവും എല്ലാം കാരണമായി പറഞ്ഞായിരുന്നു ഇത്. മൂവായിര ത്തിലധികം പേരെ പോലീസ് ഇതിനോട നുബന്ധിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂട്യൂബ്, ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവയെല്ലാം നേരത്തേ ചൈനയില്‍ നിരോധിക്കപ്പെട്ടതാണ്.
 
ചൈനയില്‍ ഇരുന്നൂറോളം പേരുടെ മരണത്തിന് ഇടയാക്കിയ വംശീയ കലാപങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നതും വിദൂരമായി അവ നിയന്ത്രിക്കപ്പെട്ടതും ഇന്റര്‍നെറ്റ് വഴിയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 
സര്‍ക്കാര്‍ ഇടപെടലുകളെ ഏറ്റവും അധികം ചെറുത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ചില ചൈനീസ് പത്രാധിപന്മാര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സെന്‍സര്‍ ഷിപ്പ് സംബന്ധിച്ച പ്രശ്നങ്ങളില്‍ പെട്ട് ജോലി ഉപേക്ഷിക്കുകയും തരം താഴ്ത്തപ്പെടുകയും ചെയ്തു എന്നതും ഈ നീക്കങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
 
 

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്







ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്