15 February 2010
ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.
മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക് ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണം. ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക. മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ ഇങ്ങനെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും. Save File എന്ന ബട്ടന്‍ ക്ലിക്ക് ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം. ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക് ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ് ചെയ്യുക. അതോടെ താഴെ കാണുന്ന ഗൂഗിള്‍ മലയാളം ടൂള്‍ബാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും. ഇത് ഉപയോഗിച്ച് ഏതു പ്രോഗ്രാമിലും മലയാളത്തില്‍ ടൈപ്പ് ചെയ്യാനാവും. മാത്രവുമല്ല, ടൈപ്പ് ചെയ്തു തുടങ്ങുമ്പോഴേ ഒരു മെനു പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഗൂഗിള്‍ കരുതുന്ന വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അതില്‍ നിന്നും നിങ്ങള്‍ ഉദ്ദേശിച്ച വാക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിളിന്റെ ഡിക്ഷണറിയില്‍ നിന്നുള്ള പദങ്ങള്‍ ആണ് ഈ മെനുവില്‍ പ്രത്യക്ഷപെടുന്നത്. അതിനാല്‍ അക്ഷര തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാനും ഇതിനാല്‍ സാധിക്കുന്നു എന്ന ഒരു മെച്ചവും ഈ രീതിയ്ക്കുണ്ട്. ഗൂഗിള്‍ വെബ്സൈറ്റില്‍ കൂടുതല്‍ സഹായം ലഭ്യമാണ്. Labels: google, malayalam-computing |
14 January 2010
ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍
ഗൂഗ്‌ള്‍ ചൈനയില്‍ നിന്നും പടി ഇറങ്ങാന്‍ തയ്യാറാവുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയെ പിണക്കി ചൈനയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതോടെ ഗൂഗ്‌ള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി വീണ്ടും നേടിയിരിക്കുന്നു. ഡിസംബര്‍ മധ്യത്തില്‍ തങ്ങളുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കയറിയ ചൈന പ്രധാനമായും തിരഞ്ഞത് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഈമെയില്‍ ഉള്ളടക്കങ്ങളാണ് എന്ന് ഗൂഗ്‌ള്‍ കണ്ടെത്തി. എന്നാല്‍ കേവലം രണ്ട് ഈമെയില്‍ അക്കൌണ്ടുകള്‍ മാത്രമേ ചൈനക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ ഈമെയില്‍ വിലാസങ്ങളും അവയിലെ സബ്ജക്ട് ലൈനുകളുമല്ലാതെ ഉള്ളടക്കമൊന്നും വായിച്ചെടുക്കാന്‍ ചൈനക്ക് കഴിഞ്ഞതുമില്ല. വിവരങ്ങളുടെ സുരക്ഷയില്‍ അത്രയേറെ ശ്രദ്ധ ഗൂഗ്‌ള്‍ പുലര്‍ത്തിയിരുന്നു. എന്നാലും ചൈനയില്‍ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായത് ഗൂഗ്‌ളിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഗൂഗ്‌ള്‍ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ തങ്ങളുടെ സെര്‍വറിനു പുറമെ വേറെയും 20ഓളം കമ്പനികള്‍ ചൈനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
ഗൂഗ്‌ളിന്റെ ചൈനയിലെ സെര്‍വറിനു പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജീമെയില്‍ ഉപയോക്താക്കളുടെ ഈമെയിലുകളും ചൈന വായിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഈമെയില്‍ അഡ്രസുകള്‍ എല്ലാം ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളുകളുടേതായിരുന്നു എന്നത് പ്രശ്നം ഗൌരവമുള്ളതാക്കി. നേരത്തേ തന്നെ ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ നീക്കത്തില്‍ ഗൂഗ്‌ള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ ഗൂഗ്‌ള്‍ എതിര്‍ത്തു എങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പരിധി വരെ സെന്‍സര്‍ ചെയ്യുന്നതിന് ഇവര്‍ക്ക് വിധേയമാവേണ്ടി വന്നു. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ വന്‍ വിവര ശേഖരം ലഭ്യമാക്കാനുള്ള ദൌത്യം കണക്കിലെടുത്ത് ഈ നിയന്ത്രണത്തിന് ഗൂഗ്‌ള്‍ സ്വയം വഴങ്ങുകയായിരുന്നു എന്ന് കമ്പനി അന്ന് വ്യക്തമാക്കു കയുണ്ടായി. എന്നാല്‍ ചൈനയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ചൈനയില്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയാണെങ്കില്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യം പുനഃ പരിശോധിക്കും എന്നും അന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിരുന്നു. കുറച്ചു നാള്‍ മുന്‍പ് യാഹുവിന്റെ സി.ഇ.ഓ. നടത്തിയ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കുന്നത് രണ്ടു കമ്പനികളുടെയും നിലപാടുകളുടെ അന്തരം വ്യക്തമാക്കുന്നു. “മനുഷ്യാവകാശങ്ങളെ തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിനെ നേര്‍ വഴിക്ക് നയിക്കുക എന്നതല്ല ഞങ്ങളുടെ ഓഹരി ഉടമകള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൊണ്ട് യാഹൂ ചൈനീസ് സര്‍ക്കാരിനെ നന്നാക്കാനൊന്നും ശ്രമിക്കില്ല.” ഇതാണ് യാഹുവിന്റെ സി. ഇ. ഓ. കാരള്‍ ബാര്‍ട്സ് പറഞ്ഞത്. എന്നാല്‍ ഇനി മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ചൈനയിലെ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ട് സെന്‍സര്‍ ചെയ്യില്ല എന്ന ധീരമായ തീരുമാനമാണ് ഗൂഗ്‌ള്‍ സ്വീകരിച്ചത്. സാര്‍വത്രികമായ മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഇത്തരം നിലപാടുകള്‍ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കവെയാണ് ഗൂഗ്‌ളിന്റെ ഈ തീരുമാനം എന്നത് ആശാവഹമാണ്. തങ്ങളുടെ ഈമെയില്‍ അക്കൌണ്ടുകളില്‍ അതിക്രമിച്ച് കടന്നു കയറിയതോടെ ഗൂഗ്‌ള്‍ ചൈനയോട് വിട പറയുകയാണ് എന്നും അറിയിച്ചു കഴിഞ്ഞു. ഇതിനു പുറകില്‍ ഗൂഗ്‌ളിന്റെ ചൈനയിലെ ഓഫീസിലെ ആളുകള്‍ക്ക് പങ്കില്ല എന്നും, അമേരിക്കയിലെ ഓഫീസിലെ ആളുകളാണ് ഈ തീരുമാനത്തിന് പുറകില്‍ എന്നും വ്യക്തമാക്കാന്‍ ഗൂഗ്‌ള്‍ മറന്നില്ല. അല്ലെങ്കില്‍ കമ്പനി പൂട്ടി പോവുന്നതോടെ ഇതിന്റെ പേരില്‍ ഗൂഗ്‌ള്‍ ചൈന ഓഫീസിലെ പാവം ജീവനക്കാര്‍ ക്രൂശിക്കപ്പെട്ടാലോ എന്ന് ഭയന്ന്. Labels: censorship, crime, google |
11 October 2009
ബാര്‍കോഡുകളെ ഓര്‍മ്മിപ്പിച്ചു കൊണ്ടൊരു ഡൂഡ്‌ല്‍
ഉല്‍പ്പന്നങ്ങളുടെ വിലയും മറ്റു വിവരങ്ങളും കമ്പ്യൂട്ടറിലേക്കും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളിലേക്കും എളുപ്പം കൈമാറുന്നതിനു വേണ്ടിയുള്ള ഒരു സാങ്കേതിക വിദ്യയാണ് ബാര്‍ കോഡ്. സൂപ്പര്‍മാര്‍ക്കറ്റില്‍ എളുപ്പം ബില്‍ ഉണ്ടാക്കുന്നതിന് എന്തെങ്കിലും വിദ്യയുണ്ടോ എന്ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തന്റെ അധ്യാപകനോട് ചോദിക്കുന്നത് കേട്ടു നിന്ന ബെര്‍ണാര്‍ഡ് സില്‍വര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യമായി ബാര്‍ കോഡ് എന്ന സാങ്കേതിക വിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
തന്റെ സുഹൃത്തായ ജോസഫ് വുഡ്‌ലാന്‍ ഡിനോടൊപ്പം ചേര്‍ന്ന് ഇവര്‍ ബാര്‍ കോഡിന്റെ ആദ്യ രൂപം തയ്യാറാക്കി. കടപ്പുറത്തെ മണലില്‍ കൈ കൊണ്ടു വരച്ച വരകളില്‍ നിന്നാണ് ഇത്തരം നീളന്‍ വരകള്‍ കൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താം എന്ന ആശയം തനിക്ക് ലഭിച്ചത് എന്ന് വുഡ്‌ലാന്‍ഡ് പിന്നീട് വെളിപ്പെടുത്തു കയുണ്ടായി. 1952 ഓക്ടോബര്‍ 7ന് ഇവര്‍ക്ക് ബാര്‍ കോഡിന്റെ അമേരിക്കന്‍ പേറ്റന്റും ലഭിച്ചു. ഈ കഴിഞ്ഞയാഴ്‌ച്ച ഒക്ടോബര്‍ 7ന് ഈ കണ്ടുപിടു ത്തത്തിന്റെ ബഹുമാനാര്‍ത്ഥം, ഗൂഗ്‌ള്‍ തങ്ങളുടെ ഡൂഡ്‌ല്‍ ലോഗോ ആയി ബാര്‍ കോഡ് ഉപയോഗിച്ചത് ലോകം ഈ കണ്ടു പിടുത്തത്തിന്റെ മഹത്വം വീണ്ടും ഓര്‍ക്കാന്‍ ഇടയാക്കി. ഇന്ന് ലോകമെമ്പാടുമുള്ള വ്യാപാര സ്ഥാപനങ്ങളിലും വില നിര്‍ണ്ണയത്തിനായി ഏറ്റവും അധികം ഉപയോഗിക്കുന്നത് ബാര്‍ കോഡുകളാണ്. മുകളിലത്തെ ചിത്രത്തില്‍ കാണുന്നത് പോലെ ബാര്‍ കോഡുകള്‍ പല തരമുണ്ട്. പല ആകൃതികളിലും, നിറങ്ങളിലും. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി വിക്കിപീഡിയയിലെ ഈ പേജ് സന്ദര്‍ശിക്കുക. ചില തരം ബാര്‍കോഡുകള്‍ക്ക് സംഖ്യകളെ മാത്രമേ പ്രതിനിധാനം ചെയ്യാനാവൂ. ഈ സംഖ്യകളെ പിന്നീട് ഒരു ഡാറ്റാബേസിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയാണ് കൂടുതല്‍ വിവരങ്ങള്‍ കമ്പ്യൂട്ടറിന് ലഭ്യമാവുന്നത്. മറ്റു ബാര്‍കോഡുകള്‍ക്ക് അക്ഷരങ്ങളും പ്രതിനിധാനം ചെയ്യാന്‍ കഴിയും. Code 128 എന്ന ബാര്‍ കോഡിംഗ് സമ്പ്രദായം ഉപയോഗിച്ച് നിര്‍മ്മിച്ച Google എന്ന വാക്കിന്റെ ബാര്‍ കോഡാണ് ഗൂഗ്‌ള്‍ തങ്ങളുടെ ഡൂഡ്‌ല്‍ ആയി ഉപയോഗിച്ചത്. ഇത്തരം രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിന്റെ ബാര്‍ കോഡ് നിര്‍മ്മിക്കാന്‍ നിങ്ങളുടെ പേര് താഴെ നല്‍കി ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Enter your name above and click the button to create a Barcode of your name encoded in C128B Google commemorates Barcode invention with a Doodle Labels: google, inventions 1 Comments:
Links to this post: |
03 October 2009
ഗാന്ധി ജയന്തിക്ക് ഗൂഗ്‌ള്‍ ഡൂഡ്‌ല്‍
ഇന്ത്യ രാഷ്ട്ര പിതാവിന്റെ സ്മരണകള്‍ പുതുക്കുകയും ലോകമെമ്പാടും അന്താരാഷ്ട്ര അഹിംസാ ദിനം ആചരിക്കുകയും ചെയ്ത് മഹാത്മാ ഗാന്ധിയുടെ 140-ാം ജന്മദിനത്തില്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചപ്പോള്‍, ഈ ദിനത്തിന്റെ പ്രത്യേകത ഗൂഗ്‌ള്‍ വ്യക്തമാക്കിയത് അവരുടെ ലോഗോ വഴി തന്നെ. വിശേഷ ദിവസങ്ങള്‍ ആഘോഷിയ്ക്കുന്ന ഗൂഗ്‌ളിന്റെതായ രീതിയാണ് ഗൂഗ്‌ളിന്റെ വിശിഷ്ട ലോഗോകള്‍. ഇത്തരം വിശിഷ്ട ലോഗോകളെ ഗൂഗ്‌ള്‍ ഡൂഡ്‌ല്‍ എന്നാണ് വിളിയ്ക്കുന്നത്. ഗാന്ധി ജയന്തിയ്‌ക്കും ഗൂഗ്‌ള്‍ തങ്ങളുടെ വെബ് സൈറ്റില്‍ പ്രത്യേക ലോഗോ പ്രദര്‍ശിപ്പിച്ചു ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ചു. ചിത്രത്തില്‍ കാണുന്നത് പോലെ, ഗൂഗ്‌ളിന്റെ ആദ്യ അക്ഷരമായ G യുടെ സ്ഥാനത്ത് ഗാന്ധിജിയുടെ മുഖം വെച്ചായിരുന്നു ഈ സവിശേഷ ലോഗോ രൂപകല്‍പ്പന ചെയ്തത്.
ഗൂഗ്‌ള്‍ സേര്‍ച്ച് റിസള്‍ട്ട് പേജില്‍ ഗാന്ധിജിയുടെ ഡൂഡ്‌ല്‍ ഡെന്നിസ് ഹ്വാങ് എന്ന ഗൂഗ്‌ളിന്റെ വെബ് മാസ്റ്റര്‍ ആണ് ഈ ഡൂഡ്‌ലുകള്‍ക്കു പിന്നിലെ കലാകാരന്‍. ലോഗോകള്‍ ലളിതമായിരിക്കനം എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കോളജ് പഠന കാലത്ത് ഗൂഗ്‌ളില്‍ എത്തിയ ഇദ്ദേഹത്തിന്റെ ചിത്ര രചനയിലുള്ള താല്പര്യം മനസ്സിലാക്കിയാണ് ഗൂഗ്‌ളിന്റെ സൃഷ്ടാക്കളായ ലാറിയും ബ്രിന്നും ഇദ്ദേഹത്തോട് ഡൂഡ്‌ലുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അങ്ങോട്ട് രംഗത്തു വന്ന രസകരമായ ഡൂഡ്‌ലുകള്‍ ഇവയെ ഗൂഗ്‌ള്‍ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമാക്കി. പുതിയ ഡൂഡ്‌ലുകള്‍ക്കായി ലോകം കാത്തിരിക്കാനും തുടങ്ങി. ഇതിനായി വേണ്ട ഗവേഷണവും മറ്റ് ജോലികള്‍ക്കുമായി ഒരു പ്രത്യേക വിഭാഗം തന്നെ ഇപ്പോള്‍ ഗൂഗ്‌ളില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 50 ലോഗോകള്‍ ഇവര്‍ നിര്‍മ്മിയ്ക്കുന്നുണ്ട്. ഡെന്നിസ് ഹ്വാങ് സൃഷ്ടിച്ച ചില ഗൂഗ്‌ള്‍ ഡൂഡ്‌ലുകള്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ ഗൂഗ്‌ള്‍ വളരെ കുറച്ചു പേരെ മാത്രമേ ആദരിച്ചിട്ടുള്ളൂ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഡാവിഞ്ചി, കണ്‍ഫ്യ്യൂഷ്യസ്, ലൂസിയാനോ പാവറട്ടി, ഡോ. സെവൂസ്, ആന്‍ഡി വാര്‍ഹോള്‍, ക്ലോഡ് മണി, ലൂയി ബ്രെയില്‍, പിക്കാസോ, വാന്‍ ഗോഗ്, മൈക്കള്‍ ജാക്ക്സണ്‍ എന്നിവര്‍ ഇതില്‍ പെടുന്നു. Google Celebrates Mahatma Gandhi's Birthday with a Gandhi Doodle Labels: google 2 Comments:
Links to this post: |
30 September 2009
ഗൂഗ്ള്‍ തിരയിളക്കം തുടങ്ങി
ഗൂഗ്‌ളിന്റെ ഏറ്റവും പുതിയ സംരംഭമായ ഗൂഗ്‌ള്‍ വേവ് ഇന്ന് ഒരു ലക്ഷം ഭാഗ്യവാന്മാര്‍ക്ക് ലഭിയ്ക്കും. ഈമെയില്‍, ചാറ്റ്, വിക്കി, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് എന്നീ സേവനങ്ങള്‍ സംയോജിപ്പിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഒരു തരം സംഭാഷണ സങ്കേതമാണ് ഗൂഗിള്‍ വേവ്. ഗൂഗ്‌ള്‍ വേവ് പ്രചാരത്തില്‍ ആവുന്നതോടെ ഇന്റര്‍നെറ്റ് ആശയ വിനിമയത്തിന്റെ സ്വഭാവം തന്നെ മാറി മറയും എന്ന് ഗൂഗ്‌ള്‍ കരുതുന്നു.
കഴിഞ്ഞ മെയ് മാസത്തില്‍ കാലിഫോണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ ഗൂഗ്‌ളിന്റെ എഞ്ചിനി യര്‍മാരുടെ സമ്മേളനത്തില്‍ വെച്ചു ഗൂഗ്‌ള്‍ തങ്ങളുടെ ഈ പുതിയ പദ്ധതി പരിചയപ്പെ ടുത്തുകയുണ്ടായി. ഗൂഗ്‌ള്‍ മാപ്പ് നിര്‍മ്മിച്ച ജെന്‍സ് റാസ്‌മുസ്സെന്‍, ലാര്‍സ് റാസ്‌മുസ്സെന്‍ എന്ന സഹോദരങ്ങളാണ് വേവിന്റെ സൃഷ്ടാക്കള്‍. പരമ്പരാഗത ഈമെയിലിനെ വേവ് പുറംതള്ളും എന്ന് ഇവര്‍ പറയുന്നു. ഇതിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിക്കു ന്നതിനായുള്ള പരീക്ഷണ ഘട്ടത്തില്‍ ഒരു ലക്ഷം പേര്‍ക്ക് ഗൂഗ്‌ള്‍ വേവ് ലഭ്യമാക്കും. ഈ വര്‍ഷം അവസാനം വേവ് ലോക സമക്ഷം അവതരിപ്പിക്കുന്നതിന് മുന്‍പ് ഇവര്‍ ഇത് ഉപയോഗിയ്ക്കുകയും ഇതിന്റെ പോരായ്മകള്‍ ഗൂഗ്‌ളിനെ അറിയിക്കുകയും ചെയ്യും. ഈ കുറവുകള്‍ പരിഹരിച്ച് തങ്ങളുടെ ഉല്‍പ്പന്നം കുറ്റമറ്റതാക്കുന്ന പ്രക്രിയയാണ് ബീറ്റാ ടെസ്റ്റിംഗ്. ഇത്തരം ടെസ്റ്റിംഗിന് സഹകരിക്കുന്നവരെ ബീറ്റാ ടെസ്റ്റേഴ്‌സ് എന്ന് വിളിയ്ക്കുന്നു. ആദ്യ ഘട്ടത്തില്‍ ഇത് ഉപയോഗിക്കുവാനുള്ള അവസരം ലഭിക്കുവാന്‍ ലോകമെമ്പാടും ഉള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ മാത്രമല്ല ഗൂഗ്‌ള്‍ സേവനങ്ങള്‍ ദിനചര്യയുടെ ഭാഗമായ കോടിക്കണക്കിന് സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ആഗ്രഹിയ്ക്കുന്നു. എന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ അവസരം ലഭിയ്ക്കുക. ഈ ഒരു ലക്ഷത്തില്‍ ആരെല്ലാം പെടും എന്ന് ലോകം ഉറ്റു നോക്കുന്നു. വേവ് ഉപയോഗി ക്കുവാനുള്ള അവസരം നാല് തരത്തില്‍ നിങ്ങള്‍ക്കും ലഭിയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പണ്ട് ജീമെയില്‍ ആദ്യമായി തുടങ്ങിയ നാളുകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നു ഇത്. അന്ന് ഒരു പുതിയ ജീമെയില്‍ അക്കൌണ്ട് തുടങ്ങണമെങ്കില്‍ ഇത് പോലെ ജീമെയില്‍ ഉപയോഗിയ്ക്കുന്ന ഒരാളുടെ ക്ഷണം ലഭിച്ചാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഹോട്ട്മെയിലിലെ സ്പാം ശല്യവും, കുറച്ചു നാള്‍ ഈമെയില്‍ ഉപയോഗി യ്ക്കാതിരുന്നാല്‍ അക്കൌണ്ട് മരവിപ്പി യ്ക്കുന്നതും, ഇന്‍ബോക്സ് ഫുള്‍ ആയി ഈമെയിലുകള്‍ ലഭിയ്ക്കാ തിരിക്കുന്നതും, ഈ ശല്യങ്ങ ളൊന്നുമില്ലാതെ ഈമെയില്‍ ഉപയോഗി യ്ക്കണമെങ്കില്‍ പണം മുടക്കി ഈമെയില്‍ സേവനം വാങ്ങണം എന്നതും ഒക്കെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരവുമായി ഒരിക്കലും നിറയാത്ത ഇന്‍ബോക്സും, ഔട്ട്‌ലുക്ക് പോലുള്ള ഈമെയില്‍ ക്ലയന്റുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന പോപ് മെയില്‍ സൌകര്യവും, ഗൂഗ്‌ളിന്റെ മികച്ച സേര്‍ച്ച് സൌകര്യം ഈമെയില്‍ തിരച്ചിലിന് ഉപയോഗി യ്ക്കാനുമാവുന്ന നവീന ഈമെയില്‍ അനുഭവവുമായി രംഗത്തെത്തിയ ജീമെയില്‍, ആദ്യ നാളുകളില്‍ ലഭിയ്ക്കുവാന്‍ ഇതു പോലെ തിക്കും തിരക്കുമായിരുന്നു. അന്ന് ഇത്തരം ഒരു ക്ഷണം പണം കൊടുത്തു പോലും ആളുകള്‍ കൈക്കലാക്കിയത് വാര്‍ത്തയായിരുന്നു. ഇത് വീണ്ടും ആവര്‍ത്തി ക്കുവാനാണ് സാധ്യത. Google wave released to 100,000 testers today Labels: google 2 Comments:
Links to this post: |
27 June 2009
സ്പോര്‍ട്ട്സ് ഭൂമിയില്‍ ‘രാജകുമാരി’
ഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്.
ഗൂഗിള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി ഓട്ടോമാറ്റിക് ആയിട്ടാണ് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് പേജിന്റെ അടിയില്‍ എഴുതി വെച്ചിട്ടുമുണ്ട്. കീ വേഡുകള്‍ അടിസ്ഥാനം ആക്കിയാവണം വാര്‍ത്തകള്‍ വിവിധ തലക്കെട്ടുകള്‍ക്ക് കീഴെ ഗൂഗിള്‍ അണി നിരത്തുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തെറ്റുകള്‍ സ്വാഭാവികവുമാണ്. ക്ഷമി. രാജകുമാരിയെ ആശ്വസിപ്പിച്ചു. ഗൂഗിളിനെ സംരക്ഷിക്കാനുള്ള എന്റെ തിടുക്കം കണ്ടിട്ടാവണം രാജകുമാരി പുഞ്ചിരിച്ചു. മോണാലിസയെ പോലെ. ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തില്‍ ലഭ്യമായതോടെ മലയാളികള്‍ക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരു പുതിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇതിന് ഗൂഗിളിന് സഹായകമായത് യൂണികോഡ് ഫോണ്ട് എന്‍കോഡിങ് സംവിധാനവും. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫോണ്ട് സംവിധാനത്തിന് ഒരു ഏകീകൃത രൂപം ഇല്ലാത്തത്. ആസ്കി (ASCII) സംവിധാനവും യൂണികോഡ് (Unicode) സംവിധാനവും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവസാന വിജയം യൂണികോഡിനു തന്നെയായിരുന്നു. യൂണികോഡ് തങ്ങളുടെ തിരച്ചില്‍ യന്ത്രത്തിന്റെ അടിസ്ഥാനം ആക്കിയത് ഗൂഗിളിനെ ഇന്നത്തെ നിലയില്‍ വിജയകരം ആക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. പ്രചാരത്തില്‍ ഉണ്ടായിരുന്ന ആസ്കി (ASCII) സംവിധാനത്തിന് വെറും 256 അക്ഷരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. ടൈപ് റൈറ്ററിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്ന പ്രാഥമിക ധര്‍മ്മം മാത്രമാണ് ആസ്കി സംവിധാനത്തിന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒക്കെ ഉള്ള മലയാളം പോലുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ആസ്കി ഏറെ ബുദ്ധിമുട്ടി. ഒരു ഏകീകൃത ഘടന ഒന്നും ഇല്ലാതെ ആസ്കിയില്‍ മലയാളം അക്ഷരങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കി എടുത്തത് മൂലം ഓരോരുത്തര്‍ വികസിപ്പിച്ച് എടുത്ത ഫോണ്ടും ഒന്നിനൊന്നു വ്യത്യസ്തങ്ങള്‍ ആയി തീര്‍ന്നു. ഓരോ ഫോണ്ടും തങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രമേ ഇത്തരം ഫോണ്ടുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ വായനക്കാരന് വായിക്കാന്‍ കഴിയൂ. എന്നാല്‍ വായനക്കാരന്‍ പോലും അറിയാതെ വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് തങ്ങളുടെ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ് ഈ പ്രശ്നത്തെ മറി കടക്കാന്‍ മൈക്രോസോഫ്റ്റ് തന്നെ വികസിപ്പിച്ച് എടുത്തത്. ഇതാവട്ടെ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നം ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് ഇത്തരം കുത്തക ഫോണ്ട് ഉപയോഗിക്കുന്ന മലയാള മനോരമ പോലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഫയര്‍ ഫോക്സ് പോലുള്ള മികച്ച ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെബ് സൈറ്റില്‍ നിന്ന് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നത് വരെ കഴിയാത്തത്. ഇതിനു മറ്റൊരു വശം കൂടി ഉണ്ട്. വായനക്കാരന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ച WEFT - Web Embedding Fonts Tool എന്ന പ്രോഗ്രാം വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. ഇത് അക്രമമാണ് എന്ന് സ്വകാര്യതാ വാദികള്‍ കരുതുന്നു. എന്നാല്‍ യൂണികോഡ് എന്‍കോഡിങ് ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ക്ക് ഈ പ്രശ്നം ഒരു പരിധി വരെ ഇല്ല. ഇതിനു പ്രധാന കാരണം യൂണികോഡുകള്‍ വികസിപ്പിച്ചത് അടിസ്ഥാനപരമായി ചില ചട്ടക്കൂടുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയം ആയിട്ടാണ് എന്നതാണ്. ഇത്തരം ഒരു ഏകീകൃത സ്വഭാവം ഉള്ളതിനാല്‍ യൂണികോഡ് കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ ഒരു കമ്പ്യൂട്ടറില്‍ ഏത് യൂണികോഡ് ഫോണ്ട് ഉപയോഗിക്കുന്ന വെബ് സൈറ്റുകളും വായിക്കുവാന്‍ കഴിയും. പുതിയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ എല്ലാം ഇത്തരത്തില്‍ യൂണികോഡ് സജ്ജമാണ്. e പത്രം പോലുള്ള യൂണികോഡ് വെബ് സൈറ്റുകളുടെ വമ്പിച്ച സ്വീകാര്യതക്ക് ഒരു പ്രധാന കാരണവും ഈ സൌകര്യം തന്നെ. 2008 ഏപ്രില്‍ നാലിന് ആണ് യൂണികോഡ് കണ്‍സോര്‍ഷ്യം ഒരു ലക്ഷം അക്ഷരങ്ങളുമായി യൂണികോഡ് വേഷന്‍ 5.1 പുറത്തു വിട്ടത്. ഇതോടെ മലയാളം അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പം ആകും എന്ന് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ വെബ് സൈറ്റ് വിശദീകരിക്കുന്നു. ഇതോടെ മലയാളത്തില്‍ തിരയാനും എളുപ്പം ആയി എന്ന് ഗൂഗിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് ഡേവിസ് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. തങ്ങളുടെ വെബ് സൈറ്റിന്റെ വടിവിലും ഭംഗിയിലും മാത്രം താല്‍പ്പര്യം കാണിക്കുന്ന തികച്ചും കച്ചവട കണ്ണ് മാത്രം ഉള്ള പല പ്രമുഖ മലയാള വെബ് സൈറ്റുകളും യൂണികോഡ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നു. എങ്കിലും ഗൂഗിള്‍ ഇത്തരം സൈറ്റുകളെ ആദ്യം യൂണികോഡിലേക്ക് വിവര്‍ത്തനം ചെയ്തിട്ടാണ് ഇവയെ തങ്ങളുടെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുന്നത്. 2008 ഡിസംബറോട് കൂടി ഏറ്റവും കൂടുതല്‍ വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്ന എന്‍കോഡിങ് രീതിയായി യൂണികോഡ്, ആസ്കിയെ കടത്തി വെട്ടുക തന്നെ ചെയ്തു എന്നും ഗൂഗിള്‍ നമ്മെ അറിയിക്കുന്നു. Labels: google, malayalam-computing, microsoft, privacy |
24 March 2009
തൊടുത്ത ശരവും പറഞ്ഞ വാക്കും തിരിച്ചെടുക്കാം
ഉപകാരപ്രദമായ സൌകര്യങ്ങള്‍ സൌജന്യമായി ഒരുക്കി ഈമെയില്‍ സങ്കല്‍പ്പം തന്നെ മാറ്റിയെടുത്ത ജീമെയില്‍ മറ്റൊരു നൂതന ആശയം കൂടി നടപ്പിലാക്കി. ഇനി നിങ്ങള്‍ക്ക് അയച്ച സന്ദേശം തിരിച്ചെടുക്കാം! ജീമെയില്‍ നല്‍കുന്ന പുതിയ undo എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ അയച്ച ഈമെയില്‍ നിങ്ങള്‍ക്ക് തടയാം. അത് തിരിച്ച് കമ്പോസ് ചെയ്യാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്‍പില്‍ എത്തും.
പലപ്പോഴും ഒരു ഈമെയില്‍ സന്ദേശം send ചെയ്ത ഉടന്‍ നമുക്കു പിണഞ്ഞ അബദ്ധം മനസ്സിലാക്കി അത് തടയാന്‍ ആയിരുന്നെങ്കില്‍ എന്ന് നാം ചിന്തിച്ചിട്ടുണ്ട്. ഒരു പക്ഷെ അതില്‍ എഴുതിയ അക്ഷര പിശകുകള്‍ തിരുത്താന്‍ വിട്ടു പോയതാവാം. അല്ലെങ്കില്‍ പെട്ടെന്ന് ഒരു ആവേശത്തില്‍ എഴുതിയ സന്ദേശമാവാം. അയച്ചു കഴിയുമ്പോള്‍ ആവും ഛെ! ഇത് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. അതുമല്ലെങ്കില്‍ reply all എന്ന ഓപ്ഷന്‍ വഴി ഈ മെയില്‍ അയച്ചതു മൂലം നാം ഉദ്ദേശിക്കാത്ത ആള്‍ക്കാര്‍ക്കും നമ്മുടെ സന്ദേശത്തിന്റെ പകര്‍പ്പ് പോയതാവാനും മതി. എന്തായാലും അയച്ചു കഴിഞ്ഞ ഉടന്‍ തെറ്റ് മനസ്സിലാക്കി അത് തടയുവാന്‍ ഉള്ള സൌകര്യം ആണ് ഉപയോക്താവിന്റെ മനസ്സ് വായിച്ചറിഞ്ഞത് പോലെ പുതിയ പുതിയ ആശയങ്ങള്‍ ദിനം പ്രതി നടപ്പില്‍ വരുത്തി ലോകത്തിലെ ഏറ്റവും ജനപ്രിയ ഈമെയില്‍ സേവനം ആയി മാറിയ ജീമെയില്‍ പരീക്ഷണാ ടിസ്ഥാനത്തില്‍ ഇപ്പോള്‍ നമുക്ക് നല്‍കിയിരിക്കുന്നത്. ഇതാണ് ഏപ്രില്‍ ഒന്നിന് തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ജീമെയിലിന്റെ പിറന്നാള്‍ സമ്മാനം. തെറ്റു പറ്റി എന്ന് നമ്മള്‍ അറിയുന്നത് പലപ്പോഴും ഈമെയില്‍ അയച്ച് നിമിഷങ്ങള്‍ക്കകം ആണ് എന്നതാണ് ഇതിന്റെ പുറകിലെ ആശയം. ഈ സൌകര്യം ഏര്‍പ്പെടുത്തുന്നതോടെ നിങ്ങളുടെ സന്ദേശം അഞ്ചു സെക്കന്‍ഡ് നേരത്തേക്ക് ജീമെയില്‍ പിടിച്ചു വെക്കുന്നു. ഈ സമയത്തിനിടയില്‍ നിങ്ങള്‍ക്ക് undo എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഈമെയില്‍ അയക്കുന്നതില്‍ നിന്നും തടയാം. നിങ്ങളുടെ താല്പര്യം അനുസരിച്ച് അഞ്ച് സെക്കന്‍ഡ് എന്ന സമയ പരിധി കൂട്ടുകയും ചെയ്യാവുന്നതാണ്. നിങ്ങളുടെ ജീമെയില്‍ Settingsല്‍ പോയി അതിലെ Labs എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഗൂഗ്‌ള്‍ തങ്ങളുടെ പരീക്ഷണ ശാലയില്‍ ഒരുക്കിയിരിക്കുന്ന ഇതു പോലുള്ള അനേകം നവീന ആശയങ്ങള്‍ കാണാം. അതില്‍ Undo Send എന്ന ഓപ്ഷന്‍ Enable ചെയ്ത് പേജിന്റെ താഴെയുള്ള Save Changes എന്ന ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഈ സൌകര്യം നിങ്ങളുടെ ജീമെയിലില്‍ ലഭ്യമാകും. ഇനി നിങ്ങള്‍ ഒരു സന്ദേശം അയച്ചാല്‍ സന്ദേശം അയച്ചു എന്ന അറിയിപ്പിന് തൊട്ടടുത്തായി Undo എന്ന ലിങ്ക് ഉണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ജീമെയില്‍ ആ സന്ദേശം അയക്കുന്നതില്‍ നിന്നും തടഞ്ഞ് അതിനെ നിങ്ങള്‍ക്ക് വീണ്ടും edit ചെയ്യാനായി തുറന്നു തരികയും ചെയ്യും. Labels: google |
16 January 2009
ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക്
ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.
ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും. എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റിയും നാം ബോധവാന്മാര്‍ ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൌശംബി ലായെക് എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട മനീഷ് എന്ന നേവി ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു. കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.) മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം 1 Comments:
Links to this post: |
24 November 2008
ആസ്സാമില്‍ വെള്ളപ്പൊക്കം - ഇന്റര്‍നെറ്റിലും
പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉത്തരേന്ത്യക്കാര്‍ വരുമായിരുന്നു. ആസ്സാമില്‍ വെള്ള പ്പൊക്കത്തില്‍ തങ്ങളുടെ സര്‍വസ്വവും നഷ്ടപ്പെട്ടതാണ് എന്ന് ഏതെങ്കിലും ഉത്തരേന്ത്യന്‍ വില്ലേജ് ആപ്പീസറുടെ സാക്ഷ്യ പത്രം. എന്തെങ്കിലും തരണം. പഴയ വസ്ത്രമായാലും ഭക്ഷണമായാലും പണമായാലും സന്തോഷത്തോടെ കൃതജ്ഞതയോടെ ഒരു നോട്ടമോ ഹിന്ദിയില്‍ ഒരു അനുഗ്രഹ വചനമോ പറഞ്ഞ് ഇവര്‍ പൊയ്ക്കൊള്ളും. കാലം പുരോഗമിച്ചപ്പോള്‍ കാര്യക്ഷമത ഏറെയുള്ള കുറേ പേര്‍ ഈ പരിപാടി ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. സാക്ഷ്യപത്രത്തിന്റെ വലിപ്പം പോസ്റ്റ് കാര്‍ഡിന്റെ അത്രയും ആയി. മഞ്ഞ കാര്‍ഡില്‍ ഏറ്റവും ഹ്രസ്വമായി കാര്യം അവതരിപ്പിച്ച ഒരു കെട്ട് കാര്‍ഡുകളുമായി ബസ് സ്റ്റാന്‍ഡില്‍ കിടക്കുന്ന ബസില്‍ കയറി വന്ന് ഓരോരുത്തരുടേയും മടിയില്‍ ഓരോ കാര്‍ഡുകള്‍ ചടുലമായി വെച്ച് തിരികെ വരുമ്പോഴേക്കും നമ്മല്‍ കാശെടുത്ത് റെഡിയായി നില്‍ക്കും എന്ന ആത്മ വിശ്വാസത്തോടെ നമ്മെ സമീപിക്കുന്ന ഒരു കൂട്ടര്‍. പുറപ്പെടാന്‍ ഇനിയും സമയം ബാക്കി നില്‍ക്കുമ്പോള്‍ ഇതൊരു നേരം പോക്കായി മാത്രം കണ്ട് നമ്മള്‍ ഇതത്ര കാര്യമായി എടുത്തില്ല.
കാലം വീണ്ടും പുരോഗമിച്ചു. ഇന്നും മെയില്‍ ബോക്സില്‍ പതിവ് പോലെ ഇരിക്കുന്നു ക്ഷണിക്കാതെ വരുന്ന ഒരു അതിഥി - സ്പാം എന്ന് സായിപ്പ് ഓമന പ്പേരില്‍ വിളിക്കുന്ന നമ്മുടെ മഞ്ഞ കാര്‍ഡ്. കാലം മാറിയപ്പോള്‍ കഥയും മാറി. ഏഴു വയസ്സുകാരി അമൃതയാണ് കഥാ നായിക. അമൃതക്ക് കടുത്ത ശ്വാസ കോശ അര്‍ബുദമാണ്. പോരാത്തതിന് നിരന്തരമായ തല്ല് കൊണ്ടത് കൊണ്ട് തലച്ചോറില്‍ ഒരു മുഴുത്ത ട്യൂമറും. തല്ലുന്നത് ആരാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ മനസ്സില്‍ ക്രൂരനായ ഒരു അച്ചന്റെ മുഖം തെളിയാന്‍ ഇതു തന്നെ ധാരാളം. താന്‍ ഉടന്‍ തന്നെ മരിക്കും എന്നാണത്രെ ഡോക്ടര്‍മാര്‍ പറയുന്നത്. തന്റെ കുടുമ്പത്തിനാണെങ്കില്‍ തന്റെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ കഴിയുകയുമില്ല. ഉടനെ നമ്മുടെ മനസ്സില്‍ മകളുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ആവാതെ ദുഃഖിതനായി ഇരിക്കുന്ന അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛന്റെ മുഖം തെളിയുന്നു. ഇത് വേറെ അച്ഛന്‍ അത് വേറെ അച്ഛന്‍. ഇതിനിടയിലാണ് രക്ഷകനായി “മേക്ക് എ വിഷ് ഫൌണ്ടേഷന്‍” എത്തുന്നത്. ഈ സന്ദേശം നമ്മള്‍ ഓരോ തവണ വേറൊരാള്‍ക്ക് അയക്കുമ്പോഴും ഈ അല്‍ഭുത ഫൌണ്ടേഷന്‍ ഏഴ് സെന്റ് (ഏതാണ്ട് മൂന്നര രൂപ) ഈ കുട്ടിയുടെ ചികിത്സക്കായി സംഭാവന കൊടുക്കുമത്രെ. ഇത് വായിച്ച് മനസ്സലിഞ്ഞ് തനിക്കറിയാവുന്ന എല്ലാവര്‍ക്കും ഈമെയില്‍ ഫോര്‍വേര്‍ഡ് ചെയ്ത് അയച്ച് കൊടുത്ത ഒരു മനുഷ്യ സ്നേഹി അയച്ചതാണ് ഇന്ന് മുന്‍പില്‍ ഇരിക്കുന്ന ഈ മഞ്ഞ കാര്‍ഡ്. ഈ നല്ല സുഹൃത്തിനും ഇത് വായിക്കുന്ന എല്ലാവരുടേയും ശ്രദ്ധക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
ഒരു ഈമെയില്‍ സ്പാം ആണോ എന്ന് കണ്ടു പിടിക്കാന്‍ ഉള്ള ഒരു എളുപ്പ വഴി: അതിന്റെ അവസാനം ഈ ഈമെയില്‍ ദയവായി ഫോര്‍വേര്‍ഡ് ചെയ്യൂ എന്നുണ്ടെങ്കില്‍ അത് മിക്കവാറും സ്പാം ആയിരിക്കും. ഇത്തരം അവിശ്വസനീയമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതിലെ പ്രധാനപ്പെട്ട വരി കോപ്പി ചെയ്ത് hoax എന്ന വാക്കും ചേര്‍ത്ത് ഗൂഗിളില്‍ തിരയുക. തട്ടിപ്പാണെങ്കില്‍ മിക്കവാറും ഗൂഗിള്‍ അത് കാണിച്ചു തരും. ഉദാഹരണത്തിന് മുകളില്‍ പറഞ്ഞ ഈമെയിലില്‍ നിന്ന് I have severe lung cancer . I also have a large tumor in my brain hoax എന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോഴാണ് ഈ പേജ് കിട്ടിയത്. 6 Comments:
Links to this post: |
23 September 2008
ഇനി ഗൂഗ്ള്‍ ഫോണ്‍
ഏറെ കാത്തിരുന്ന ഗൂഗ്ള്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു. ന്യൂ യോര്‍ക്കില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ ആണ് ഗൂഗ്ളും, ഫോണ്‍ നിര്‍മ്മിയ്ക്കുന്ന HTC യും മൊബൈല്‍ സേവന ശൃഖലയായ T-Mobile എന്ന കമ്പനിയും സംയുക്തമായി പുതിയ ഫോണിനെ പറ്റി വിശദമാക്കിയത്.
ലിനക്സില്‍ അധിഷ്ഠിതമായി മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്ഡ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്ന ആദ്യത്തെ ഫോണ്‍ ആണ് ഇത്. തായ് വാന്‍ കമ്പനിയായ HTC നിര്‍മ്മിയ്ക്കുന്ന ഫോണിന്റെ പേര് HTC Dream എന്നാണ്. “നിങ്ങള്‍ സഞ്ചരിയ്ക്കു ന്നിടത്തെല്ലാം ഒരു ലാപ് ടോപ്പുമായി പോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഫോണ്‍, ഗൂഗ്ള്‍ സേര്‍ച്ചിനെ നിങ്ങളുടെ പോക്കറ്റില്‍ സദാ സമയവും ലഭ്യമാക്കുന്നു” - പുതിയ ഫോണിനെ പറ്റി ഗൂഗ്ളിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലാറി പേജ് പറഞ്ഞതാണിത്. ടി-മൊബൈല്‍ എന്ന മൊബൈല്‍ ശൃഖലയില്‍ മാത്രം ലഭ്യമാവും വിധം സിം കാര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തെ വരിസംഖ്യാ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഫോണ്‍ വെറും 179 അമേരിയ്ക്കന്‍ ഡോളറിന് ലഭിയ്ക്കും. വ്യക്തമായും iPhoneനെ പുറന്തള്ളാന്‍ ലക്ഷ്യമിടുന്ന ഈ ഫോണിന്‍ കാഴ്ചയില്‍ iPhoneഉമായി ഏറെ സാദൃശ്യം ഉണ്ട്. iPhoneല്‍ ഇല്ലാത്ത ഒരു സവിശേഷത ഈ ഫോണില്‍ ഉള്ളത് ഇതില്‍ ലഭ്യമായ “സന്ദര്‍ഭോചിത” മെനു ആണ്. (context menu). വേറെ പ്രധാനപെട്ട ഒരു വ്യത്യാസം ഇതില്‍ ഒന്നിലേറെ പ്രോഗ്രാമുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിയ്ക്കാം എന്നുള്ളതാണ്. (multi tasking). എന്നാല്‍ ഗൂഗ്ള്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഗൂഗ്ള്‍ തന്നെയാണ്. ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ പ്രത്യക്ഷപ്പെടുന്ന Google Search. പിന്നെ Gmail, Google Maps, Google Talk, Google Calendar എന്നിങ്ങനെ മറ്റനേകം ജനപ്രീതി നേടിയ ഗൂഗ്ള്‍ സേവനങ്ങളും. Labels: free-software, google |
25 April 2008
Google Movies - നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിലെ സിനിമകള്‍ ഏതെന്നറിയാന്‍ ഇനി ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്യാം
ഗൂഗ്ള്‍ പുതിയ ഒരു ഫീച്ചര്‍ കൂടി കൊണ്ടുവന്നിരിക്കുന്നു: http://www.google.co.in/movies നിങ്ങളുടെ പട്ടണത്തിന്റെ പേര് കൊടുത്താല്‍ അവിടുത്തെ തിയറ്ററുകളിലെ സിനിമകളും ഷോ സമയങ്ങളും ഗൂഗ്ള്‍ കാണിച്ചു തരുന്നു. തിയറ്ററുകളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും വരെ ഗൂഗ്ളില്‍ ലഭ്യമാണ്.
ഇന്ത്യന്‍ നഗരങ്ങള്‍ക്കാണ് ഈ അഡ്രസ്സ്. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ Country code Top Level Domain വെച്ച് സേര്‍ച്ച് ചെയ്യാവുന്നതാണ്. Top Level Domain (TLD) എന്നാല്‍ domain name കഴിഞ്ഞു വരുന്ന കോഡ് ആണ്. eg: com, org, biz google.com ല്‍ google എന്നത് domain name ഉം com എന്നത് TLD യും ആണ്. ഓരോ രാജ്യത്തിനും അവരുടേതായ country specific കോഡുകളും ഉണ്ട്. ഇതിനെയാണ് Country code Top Level Domain (CcTLD) എന്ന് പറയുന്നത്. eg: uk - United Kingdom, in - India, au - Australia, ae - United Arab Emirates ഓരോ രാജ്യത്തെയും ഉപയോക്താക്കള്‍ക്ക് ഏറ്റവും വേഗത്തിലും അനുയോജ്യമായതുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഗൂഗ്ള്‍ ഓരോരോ രാജ്യത്തിന്റെയും TLD കളില്‍ തങ്ങളുടെ സൈറ്റ് ലഭ്യമാക്കി. ഇന്ത്യക്കാര്‍ക്ക് google.co.in ആണെങ്കില്‍ യു.എ.ഇ. ക്ക് google.ae യും, ബ്രിട്ടീഷുകാര്‍ക്ക് google.co.uk യും. പല CcTLDകളിലും സിനിമാ വിവരങ്ങള്‍ ലഭ്യമാണ്. ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ: http://www.google.co.uk/movies/ യു.എ.ഇ. TLDയില്‍ പക്ഷെ ഇത് ലഭ്യമാണെങ്കിലും അമേരിക്കയിലെ സിനിമാ വിവരങ്ങളാണ് ലഭ്യമാവുന്നത് എന്ന് മാത്രം. http://www.google.ae/movies
|
30 March 2008
ഗൂഗ്ള്‍ "എര്‍ത്ത് അവര്‍" ആചരിച്ചത് ഇങ്ങനെഗൂഗ്ള് തങ്ങളുടെ വെബ്സൈറ്റിന്റെ നിറം കറുപ്പാക്കിക്കൊണ്ട് എര്‍ത്ത് അവറിലേക്ക് ഇന്നലെ ലോക ശ്രദ്ധ തിരിച്ചു. 2007 ലെ ആദ്യത്തെ എര്‍ത്ത് അവര്‍ ആചരണം ആസ്റ്റ്റേലിയായിലെ സിഡ്നിയിലായിരുന്നു. അന്ന് തങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ 1 മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായങ്ങളും എര്‍ത്ത് അവര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായ് കണ്ടെത്തിയത്. ഇപ്പോഴത്തെ പുതിയ തരം കമ്പ്യൂട്ടര്‍ മോണിട്ടറുകളില്‍ സാങ്കേതികമായ് ഒരു കറുത്ത പേജും വെളുത്ത പേജും തമ്മില്‍ ഊര്‍ജ്ജ ഉപയോഗത്തില്‍ വ്യത്യാസമൊന്നുമില്ല. എന്നാലും കറുത്ത ഗൂഗ്ള്‍ ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ശക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്. കറുത്ത ഗൂഗ്ള്‍ ഒരു പുതിയ ആശയമൊന്നുമല്ല. ബ്ലാക്ക്ള്‍ എന്ന ഒരു വെബ് സൈറ്റ് പണ്ടേ ഇത് പറഞ്ഞതാണ്. ഏറ്റവും പ്രചാരത്തിലുള്ള സേര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗ്ള്‍ന്റെ പേജ് ഒരേ സമയം ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിയുമ്പോള്‍ ഇവയിലോക്കെ കറുത്ത നിറമാണെങ്കില്‍ എത്ര മാത്രം ഊര്‍ജ്ജം ലാഭിക്കാനാവും എന്നാണ് അവരുടെ വാദം. Labels: google |
3 Comments:
വളരെ നല്ലൊരു സംഭവംകൂടി ഗൂഗിള്‍ തന്നിരിക്കുന്നു ..
ഈ സൗകര്യം വായനക്കാരിലേക്ക് എത്തിച്ചുകൊടുക്കുന്ന ഇ-പത്രം നീണാള്‍ വാഴട്ടെ.
ഭാവുകങ്ങള്‍..(ഒരു വായനക്കാരന്‍)
ഈ സൗകര്യം ചെയ്തു തന്ന ഗൂഗിളിനും ഇത് ഞങ്ങളെ അറിയിച്ച ഇ പത്രത്തിനും നന്ദി
very nice article
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്