15 February 2010
ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.
മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക് ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണം. ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക. മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ ഇങ്ങനെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും. Save File എന്ന ബട്ടന്‍ ക്ലിക്ക് ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക് ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം. ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക് ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ് ചെയ്യുക. അതോടെ താഴെ കാണുന്ന ഗൂഗിള്‍ മലയാളം ടൂള്‍ബാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും. ഇത് ഉപയോഗിച്ച് ഏതു പ്രോഗ്രാമിലും മലയാളത്തില്‍ ടൈപ്പ് ചെയ്യാനാവും. മാത്രവുമല്ല, ടൈപ്പ് ചെയ്തു തുടങ്ങുമ്പോഴേ ഒരു മെനു പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഗൂഗിള്‍ കരുതുന്ന വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അതില്‍ നിന്നും നിങ്ങള്‍ ഉദ്ദേശിച്ച വാക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിളിന്റെ ഡിക്ഷണറിയില്‍ നിന്നുള്ള പദങ്ങള്‍ ആണ് ഈ മെനുവില്‍ പ്രത്യക്ഷപെടുന്നത്. അതിനാല്‍ അക്ഷര തെറ്റ് കൂടാതെ ടൈപ്പ് ചെയ്യാനും ഇതിനാല്‍ സാധിക്കുന്നു എന്ന ഒരു മെച്ചവും ഈ രീതിയ്ക്കുണ്ട്. ഗൂഗിള്‍ വെബ്സൈറ്റില്‍ കൂടുതല്‍ സഹായം ലഭ്യമാണ്. Labels: google, malayalam-computing |
30 October 2009
ഐ.ടി. @ സ്‌ക്കൂള്‍ . കേരളം
വിവര സാങ്കേതിക വിദ്യയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി (ഐ.ടി.) പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള IT@School പദ്ധതി കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്.
സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിച്ച് നടപ്പില്‍ വരുത്തിയ ലോകത്തെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാ സത്തിന്റെ ഗുണഭോ ക്താക്കളാണ്. 50 ലക്ഷം വിദ്യാര്‍ത്ഥി കള്‍ക്കും, രണ്ടു ലക്ഷം അധ്യാപകര്‍ക്കും ഈ സംവിധാനം ഇതു വരെ ഉപയോഗ പ്പെടുത്താന്‍ കഴിഞ്ഞു. 200 മാസ്റ്റര്‍ ട്രെയിനര്‍മാരും 5600 ഐ.ടി. കോര്‍ഡിനേറ്റര്‍മാരും അടങ്ങുന്നതാണ് ഈ ശൃംഖല. പരമ്പരാഗത ശൈലിയായ കാണാപാഠം പഠിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി വസ്തു നിഷ്ഠമായും വിമര്‍ശനാ ത്മകമായും പാഠ്യ വിഷയത്തെ വിശകലനം ചെയ്ത് സ്വയം പഠിക്കുവാന്‍ സഹായിക്കു ന്നതാണ് ഐ.സി.ടി. സങ്കേതങ്ങള്‍ (Information and Communication Technologies) അടിസ്ഥാന മാക്കിയുള്ള ഈ പദ്ധതി. 2002 - 2005 വരെയുള്ള ആദ്യ ഘട്ടത്തില്‍ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ പദ്ധതി പ്രകാരം കമ്പ്യൂട്ടര്‍ പരിശീലനം നേടി. ജന പ്രതിനിധികളുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളുടെയും പങ്കാളിത്ത ത്തോടെ 2699 സ്ക്കൂളുകളിലായി 25540 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. 36000 ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് 90 മണിക്കൂര്‍ വീതം പരിശീലനം നല്‍കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഐ.ടി. റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ചു. ഹൈസ്ക്കൂളുകള്‍ക്ക് സൌജന്യമായി പഠന വിഭവ സി.ഡി. കള്‍ നല്‍കി. 100 സ്ക്കൂളുകളില്‍ പ്രൊജക്ടറുകള്‍ സ്ഥാപിച്ചു. 2005 - 2008 കാലഘട്ട ത്തില്‍ തിരുവനന്ത പുരത്ത് എഡ്യുസാറ്റ് വിദ്യാഭാസ ഉപഗ്രഹ ത്തിനായുള്ള സ്റ്റുഡിയോയും അപ്ലിങ്കിംഗ് നിലയവും സ്ഥാപിച്ചു. ഈ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് ഇന്ററാക്ടിവ് ടെര്‍മിനലുകള്‍ വഴി 14 ജില്ലകളില്‍ ഡയറ്റുകളിലും, ജില്ലാ റിസോഴ്‌സ് സെന്ററുകളിലും അധ്യാപക പരിശീലനം നല്‍കി. 50 സ്ക്കൂളുകളില്‍ ഉപഗ്രഹ റിസീവറുകള്‍ വഴി വെര്‍ച്വല്‍ പഠന മുറികള്‍ സജ്ജീകരിച്ചു. എല്ലാ വിഷയങ്ങളിലും ഇന്ററാക്ടിവ് മള്‍ട്ടി മീഡിയാ സി.ഡി. കള്‍ ലഭ്യമാക്കി. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിജ്ഞാന കൈമാറ്റ ത്തിനായി എഡ്യു സെര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തി. വിദൂര സ്ഥലങ്ങളില്‍ അദ്ധ്യാപക പരിശീലന ത്തിനും പരീക്ഷാ നടത്തിപ്പിനും മൊബൈല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. എല്ലാ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ പരിശീലനം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്ക്കൂളുകളിലും മള്‍ട്ടി മീഡിയാ മുറികള്‍, ഇന്റര്‍നെറ്റ് സൌകര്യം എന്നിവയും ഹൈസ്ക്കൂള്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഈ നേട്ടങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വരുത്തിയ മാറ്റം പല സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ പോലും അല്‍ഭുത ത്തോടെയാണ് നോക്കി കാണുന്നത്. ജപ്പാനില്‍ നിന്നും ഒരു സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി കേരളം കൈവരിച്ച ഈ നേട്ടത്തെ പറ്റി പഠനം നടത്തുകയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം കേരളത്തില്‍ പ്രചരിപ്പിക്കുവാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്റെ നിരവധി സന്ദര്‍ശനങ്ങള്‍ ഏറെ സഹായിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട ഒട്ടേറെ സാങ്കേതിക, വിദ്യാഭ്യാസ വിദഗ്ദ്ധരും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കളും നമുക്കുണ്ടായി എന്നതാണ് ഈ ഒരു വിജയത്തിന് അടിസ്ഥാനം. Kerala sets up the single largest simultaneous deployment of free software based ICT education network in the world Labels: free-software, malayalam-computing |
29 October 2009
സ്ക്കൂള്‍ വിക്കി തയ്യാറായി
കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള IT@school പദ്ധതി പ്രകാരം ആവിഷ്ക്കാരം ചെയ്തു നടപ്പിലാക്കിയ സ്ക്കൂള്‍ വിക്കി തയ്യാറായി. സംസ്ഥാനത്തെ മുഴുവന്‍ സ്ക്കൂളുകള്‍ക്കും പങ്കെടുക്കാവുന്ന ഈ പദ്ധതിയില്‍ നവമ്പര്‍ ഒന്നു മുതല്‍ സ്ക്കൂളുകള്‍ക്ക് തങ്ങളുടെ പേര് റെജിസ്റ്റര്‍ ചെയ്യാനാവും.
വിക്കിപീഡിയയുടെ മാതൃകയില്‍ മലയാളത്തിലാണ് സ്ക്കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്ന സ്ക്കൂളുകള്‍ക്ക് തങ്ങളുടെ സ്ക്കൂളിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ചേര്‍ക്കാം. സ്ക്കൂളുകളില്‍ നടക്കുന്ന പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ സ്ക്കൂള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, സ്ക്കൂളിനു ലഭിച്ച നേട്ടങ്ങള്‍, സ്ക്കൂള്‍ മാഗസിന്‍ എന്നിങ്ങനെ ഫോട്ടോ ശേഖരവും വീഡിയോകളും വരെ സൂക്ഷിക്കാം. ആദ്യ ഘട്ടം പൂര്‍ത്തിയാവുന്നതോടെ അടുത്ത ഘട്ടത്തില്‍ പഠന വിഷയങ്ങളും വിക്കിയില്‍ ഉള്‍പ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല പൊതു ജനത്തിനും ഈ വിജ്ഞാന സമ്പത്ത് ഉപയോഗപ്പെടുത്തുവാനാവും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ കേരളം സന്ദര്‍ശിച്ച വേളയിലെല്ലാം കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും സഹകരണത്തിലൂടെയും ഉള്ള പഠനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉല്‍ബോധിപ്പിച്ചിരുന്നു. ഇതാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രചോദനം. കേവലം സ്ക്കൂളുകളുടെ വിവരങ്ങളില്‍ ഈ വിജ്ഞാന ശേഖരം ഒതുങ്ങുകയില്ല എന്നതാണ് വിക്കിയുടെ പ്രത്യേകത. ഉദാഹരണത്തിന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിനെ ഹൈപ്പര്‍ലിങ്ക് വഴി ആ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യത്തിന്റെ വര്‍ണ്ണനയിലേക്ക് കൊണ്ടു പോകാം. ഇങ്ങനെ ഹൈപ്പര്‍ ലിങ്കിംഗ് വഴി ഒരു വന്‍ വിജ്ഞാന കോശം തന്നെ കെട്ടി പടുക്കുവാനുള്ള സാധ്യതയാണ് വിക്കിപീഡിയ പ്രദാനം ചെയ്യുന്നത്. ആര്‍ക്കും ഇതില്‍ വിവരങ്ങള്‍ ചേര്‍ക്കുകയും എഡിറ്റ് ചെയ്യുകയും ആവാം. എന്നാല്‍ ഈ സൌകര്യം ദുരുപയോഗം ചെയ്ത് തെറ്റായ വിവരങ്ങളോ ദുരുദ്ദേശ പരമായ വിവരങ്ങളോ നല്‍കുന്നത് നിരീക്ഷണം ചെയ്യാനും വേണ്ട സംവിധാനം IT@school പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മലയാളത്തില്‍ ഒരു വന്‍ വിജ്ഞാന സമ്പത്ത് ലഭ്യമാവുന്ന ഈ പദ്ധതിയുടെ വെബ് സൈറ്റ് 2010 ജനുവരി 26ന് തുടങ്ങുവാനാണ് ലക്‍ഷ്യമിട്ടിരിക്കുന്നത്. Kerala Government IT@School's SchoolWiki ready to be launched on 26 Jan 2010 Labels: free-software, malayalam-computing |
27 June 2009
സ്പോര്‍ട്ട്സ് ഭൂമിയില്‍ ‘രാജകുമാരി’
ഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്.
ഗൂഗിള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി ഓട്ടോമാറ്റിക് ആയിട്ടാണ് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് പേജിന്റെ അടിയില്‍ എഴുതി വെച്ചിട്ടുമുണ്ട്. കീ വേഡുകള്‍ അടിസ്ഥാനം ആക്കിയാവണം വാര്‍ത്തകള്‍ വിവിധ തലക്കെട്ടുകള്‍ക്ക് കീഴെ ഗൂഗിള്‍ അണി നിരത്തുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തെറ്റുകള്‍ സ്വാഭാവികവുമാണ്. ക്ഷമി. രാജകുമാരിയെ ആശ്വസിപ്പിച്ചു. ഗൂഗിളിനെ സംരക്ഷിക്കാനുള്ള എന്റെ തിടുക്കം കണ്ടിട്ടാവണം രാജകുമാരി പുഞ്ചിരിച്ചു. മോണാലിസയെ പോലെ. ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തില്‍ ലഭ്യമായതോടെ മലയാളികള്‍ക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരു പുതിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇതിന് ഗൂഗിളിന് സഹായകമായത് യൂണികോഡ് ഫോണ്ട് എന്‍കോഡിങ് സംവിധാനവും. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫോണ്ട് സംവിധാനത്തിന് ഒരു ഏകീകൃത രൂപം ഇല്ലാത്തത്. ആസ്കി (ASCII) സംവിധാനവും യൂണികോഡ് (Unicode) സംവിധാനവും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവസാന വിജയം യൂണികോഡിനു തന്നെയായിരുന്നു. യൂണികോഡ് തങ്ങളുടെ തിരച്ചില്‍ യന്ത്രത്തിന്റെ അടിസ്ഥാനം ആക്കിയത് ഗൂഗിളിനെ ഇന്നത്തെ നിലയില്‍ വിജയകരം ആക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. പ്രചാരത്തില്‍ ഉണ്ടായിരുന്ന ആസ്കി (ASCII) സംവിധാനത്തിന് വെറും 256 അക്ഷരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. ടൈപ് റൈറ്ററിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്ന പ്രാഥമിക ധര്‍മ്മം മാത്രമാണ് ആസ്കി സംവിധാനത്തിന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒക്കെ ഉള്ള മലയാളം പോലുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ആസ്കി ഏറെ ബുദ്ധിമുട്ടി. ഒരു ഏകീകൃത ഘടന ഒന്നും ഇല്ലാതെ ആസ്കിയില്‍ മലയാളം അക്ഷരങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കി എടുത്തത് മൂലം ഓരോരുത്തര്‍ വികസിപ്പിച്ച് എടുത്ത ഫോണ്ടും ഒന്നിനൊന്നു വ്യത്യസ്തങ്ങള്‍ ആയി തീര്‍ന്നു. ഓരോ ഫോണ്ടും തങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രമേ ഇത്തരം ഫോണ്ടുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ വായനക്കാരന് വായിക്കാന്‍ കഴിയൂ. എന്നാല്‍ വായനക്കാരന്‍ പോലും അറിയാതെ വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് തങ്ങളുടെ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ് ഈ പ്രശ്നത്തെ മറി കടക്കാന്‍ മൈക്രോസോഫ്റ്റ് തന്നെ വികസിപ്പിച്ച് എടുത്തത്. ഇതാവട്ടെ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നം ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് ഇത്തരം കുത്തക ഫോണ്ട് ഉപയോഗിക്കുന്ന മലയാള മനോരമ പോലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഫയര്‍ ഫോക്സ് പോലുള്ള മികച്ച ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെബ് സൈറ്റില്‍ നിന്ന് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യുന്നത് വരെ കഴിയാത്തത്. ഇതിനു മറ്റൊരു വശം കൂടി ഉണ്ട്. വായനക്കാരന്റെ സമ്മതമോ അറിവോ ഇല്ലാതെയാണ് മൈക്രോസോഫ്റ്റ് വികസിപ്പിച്ച WEFT - Web Embedding Fonts Tool എന്ന പ്രോഗ്രാം വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുന്നത്. ഇത് അക്രമമാണ് എന്ന് സ്വകാര്യതാ വാദികള്‍ കരുതുന്നു. എന്നാല്‍ യൂണികോഡ് എന്‍കോഡിങ് ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ക്ക് ഈ പ്രശ്നം ഒരു പരിധി വരെ ഇല്ല. ഇതിനു പ്രധാന കാരണം യൂണികോഡുകള്‍ വികസിപ്പിച്ചത് അടിസ്ഥാനപരമായി ചില ചട്ടക്കൂടുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയം ആയിട്ടാണ് എന്നതാണ്. ഇത്തരം ഒരു ഏകീകൃത സ്വഭാവം ഉള്ളതിനാല്‍ യൂണികോഡ് കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ ഒരു കമ്പ്യൂട്ടറില്‍ ഏത് യൂണികോഡ് ഫോണ്ട് ഉപയോഗിക്കുന്ന വെബ് സൈറ്റുകളും വായിക്കുവാന്‍ കഴിയും. പുതിയ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ എല്ലാം ഇത്തരത്തില്‍ യൂണികോഡ് സജ്ജമാണ്. e പത്രം പോലുള്ള യൂണികോഡ് വെബ് സൈറ്റുകളുടെ വമ്പിച്ച സ്വീകാര്യതക്ക് ഒരു പ്രധാന കാരണവും ഈ സൌകര്യം തന്നെ. 2008 ഏപ്രില്‍ നാലിന് ആണ് യൂണികോഡ് കണ്‍സോര്‍ഷ്യം ഒരു ലക്ഷം അക്ഷരങ്ങളുമായി യൂണികോഡ് വേഷന്‍ 5.1 പുറത്തു വിട്ടത്. ഇതോടെ മലയാളം അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ ഭാഷകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പം ആകും എന്ന് യൂണികോഡ് കണ്‍സോര്‍ഷ്യത്തിന്റെ വെബ് സൈറ്റ് വിശദീകരിക്കുന്നു. ഇതോടെ മലയാളത്തില്‍ തിരയാനും എളുപ്പം ആയി എന്ന് ഗൂഗിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് ഡേവിസ് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. തങ്ങളുടെ വെബ് സൈറ്റിന്റെ വടിവിലും ഭംഗിയിലും മാത്രം താല്‍പ്പര്യം കാണിക്കുന്ന തികച്ചും കച്ചവട കണ്ണ് മാത്രം ഉള്ള പല പ്രമുഖ മലയാള വെബ് സൈറ്റുകളും യൂണികോഡ് ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നു. എങ്കിലും ഗൂഗിള്‍ ഇത്തരം സൈറ്റുകളെ ആദ്യം യൂണികോഡിലേക്ക് വിവര്‍ത്തനം ചെയ്തിട്ടാണ് ഇവയെ തങ്ങളുടെ തിരച്ചിലില്‍ ഉള്‍പ്പെടുത്തുന്നത്. 2008 ഡിസംബറോട് കൂടി ഏറ്റവും കൂടുതല്‍ വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്ന എന്‍കോഡിങ് രീതിയായി യൂണികോഡ്, ആസ്കിയെ കടത്തി വെട്ടുക തന്നെ ചെയ്തു എന്നും ഗൂഗിള്‍ നമ്മെ അറിയിക്കുന്നു. Labels: google, malayalam-computing, microsoft, privacy |
03 June 2009
മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍
ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയയുടെ മലയാളം പതിപ്പ് 10,000 ലേഖനങ്ങള്‍ പിന്നിട്ടു. 2009 ജൂണ്‍ 1 നാണ് മലയാളം വിക്കി പീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിര ത്തിലേറെ വരുന്ന ഉപയോക്താ ക്കളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് വിക്കി പീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കി പീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കി പീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കി പീഡിയകള്‍ തെലുങ്ക്, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ് എന്നിവയാണ്.
2009 ജൂണ്‍ 1ലെ കണക്ക നുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താ ക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്. എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാന കോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ് വിക്കി പീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കി പീഡിയ ആറര വര്‍ഷത്തി നുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കി പീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃ വൃന്ദം ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളിയാകുക യാണെങ്കില്‍ വിക്കി പീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തി ലാകാന്‍ സാധ്യത യുണ്ടെന്ന് മലയാളം വിക്കി പീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളം വിക്കി പീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തു യര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കി പീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തി ലൊഴിച്ചു് മറ്റു് പല മാനദണ്ഡ ങ്ങളിലും മലയാളം വിക്കി പീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.
തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കി പീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി വായന ശാല, വിക്കി നിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കി പീഡിയകളെ അപേക്ഷിച്ച് വളരെ യധികം മുന്‍പിലാണ്. റജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കി പീഡിയ മലയാളം വിക്കി പീഡിയയെ മറി കടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയയും മലയാളം വിക്കി പീഡിയ ആയിരുന്നു. ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കി പീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണ നിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കി പീഡിയയിലുള്ളത്. മലയാളം വിക്കി പീഡിയയുടെ ഈ പ്രത്യേകത, മറ്റു് ഇന്ത്യന്‍ ഭാഷകളിലെ വിക്കി പീഡിയ പ്രവര്‍ത്തകര്‍ മലയാളം വിക്കി പീഡിയയെ സൂക്ഷമമായി നിരീക്ഷിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ മലയാളം വിക്കി പീഡിയയിലെ 10,000 ലേഖനങ്ങളില്‍ വലിയൊരു ഭാഗം ഭൂമിശാസ്ത്ര സംബന്ധിയായ ലേഖനങ്ങളാണു്. ചരിത്ര വിഭാഗത്തിലും അത്യാവശ്യം ലേഖനങ്ങളുണ്ടു്. ശാസ്ത്ര വിഭാഗത്തില്‍ ജ്യോതി ശാസ്ത്ര വിഭാഗത്തില്‍ മാത്രമാണു് അടിസ്ഥാന വിഷയങ്ങളില്‍ എങ്കിലും ലേഖനങ്ങളുള്ളത്. കുറച്ചു നാളുകള്‍ക്കു് മുന്‍പു് കേരളാ സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വ വിജ്ഞാന കോശം GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കി സംരംഭങ്ങള്‍ക്ക് ഉപയോഗ പ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരള സര്‍ക്കാര്‍ തീരുമാനമായിരുന്നു. നിലവിലുള്ള ചില ലേഖനങ്ങളെ പുഷ്ടിപ്പെടു ത്താനല്ലാതെ ഇതു് വരെ സര്‍വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. തുടര്‍ന്നുള്ള മാസങ്ങളില്‍ വിക്കിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍, സര്‍വ്വ വിജ്ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കി പീഡിയയില്‍ ഉപയോഗി ക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതു് നന്നായിരിക്കും. സ്കൂള്‍ കുട്ടികള്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, തൊഴില്‍ രഹിതര്‍, ഡോക്ടര്‍മാര്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍, കേന്ദ്ര - കേരളാ ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍, പ്രവാസി മലയാളികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി സന്നദ്ധ സേവകരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണു് മലയാളം വിക്കി പീഡിയയുടെ ഇന്നത്തെ അഭിവൃദ്ധിക്കു് കാരണം. - അനൂപ് പി. Labels: free-software, malayalam-computing |
14 February 2009
മലയാളത്തില്‍ കാപ്ച
കമ്പ്യൂട്ടര്‍ മനുഷ്യനെ എല്ലാ കാര്യത്തിലും പിന്തള്ളുവാന്‍ ഉള്ള ശ്രമത്തില്‍ മുന്നേറുമ്പോള്‍ മനുഷ്യന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ തന്നെ തടുക്കുവാന്‍ ഉള്ള ഒരു ശ്രമം ആണ് കാപ്ച. പേരു വിവരങ്ങള്‍ നല്‍കി റെജിസ്റ്റര്‍ ചെയ്യേണ്ട പല വെബ് സൈറ്റുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ നല്‍കി റെജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കുന്ന വിരുതന്മാരുണ്ട്. മനുഷ്യന്‍ നല്‍കേണ്ട വിവരങ്ങള്‍ ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ തന്നെ നല്‍കുമ്പോള്‍ നിരവധി വ്യാജ റെജിസ്റ്ററേഷനുകളും മറ്റും ഉണ്ടാവുന്നു. കമന്റുകളും മറ്റും നല്‍കുവാന്‍ ഉള്ള സംവിധാനം ഉള്ള വെബ് സൈറ്റുകളില്‍ തങ്ങളുടെ പരസ്യങ്ങളും മറ്റും നല്‍കുവാന്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള യന്ത്രവല്‍കൃത വെബ് സൈറ്റ് ഉപയോഗം വെബ് സൈറ്റ് നിര്‍മ്മിക്കുന്നവരുടേയും അവ നടത്തുന്നവരുടേയും ഒരു വിട്ടു മാറാത്ത തലവേദന ആണ്. ഇതിനെതിരെ ഉണ്ടാക്കിയ ഒരു സംവിധാനം ആണ് കാപ്ച.
വെബ് സെര്‍വറില്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിനു മാത്രം മനസ്സിലാവുന്ന ഒരു പദ്ധതി പ്രകാരം തയ്യാറാക്കിയ ഒരു ചോദ്യം സൈറ്റ് ഉപയോക്താവിനോട് ചോദിക്കുന്നു. ഇതിനുള്ള മറുപടി ഒരു മനുഷ്യന് തന്റെ ബുദ്ധിയും, യുക്തിയും, ഇന്ദ്രിയങ്ങളുടെ സഹായത്തോടേയും മാത്രം കണ്ടു പിടിക്കാന്‍ ആവുന്നത് ആയിരിക്കും. ഈ മറുപടി അത് കൊണ്ട് തന്നെ ഒരു കമ്പ്യൂട്ടറിനും കണ്ടു പിടിക്കാനും കഴിയില്ല എന്നതാണ് ഇത്തരം കാപ്ച സംവിധാനത്തിന്റെ തത്വം. ഏറെ പ്രചാരത്തില്‍ ഉള്ള ഒരു കാപ്ച സംവിധാനം ആണ് അക്ഷരങ്ങളെ ഒരല്‍പ്പം വളച്ചൊടിച്ച് ചിത്രങ്ങള്‍ ആക്കി ഉപയോക്താവിന്റെ മുന്‍പില്‍ എത്തിക്കുന്ന രീതി. ഇങ്ങനെ വളച്ചൊടിച്ച അക്ഷരങ്ങളെ ഓപ്ടിക്കല്‍ റെക്കഗ്നിഷന്‍ പ്രോഗ്രാമുകള്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ഈ അക്ഷരങ്ങള്‍ ഏതെന്നു മനസ്സിലാക്കി അത് വെബ് സൈറ്റില്‍ ടൈപ്പ് ചെയ്ത് മുന്‍പില്‍ ഉള്ളത് ഒരു മനുഷ്യന്‍ തന്നെയാണ് എന്ന് വെബ് സൈറ്റിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എന്നാല്‍ മാത്രമെ സൈറ്റ് നമ്മള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യം ആക്കുകയുള്ളൂ. ഇത്തരം കാപ്ച സംവിധാനം ഇത്രയും നാള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യം ആയിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഇത് മലയാളത്തിലും ലഭ്യം ആക്കിയിരിക്കുകയാണ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ആയ യാസിര്‍ കുറ്റ്യാടി. താന്‍ നിര്‍മ്മിച്ച മലയാളം കാപ്ച സംവിധാനം എല്ലാവര്‍ക്കും തങ്ങളുടെ വെബ് സൈറ്റുകളില്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന വിധം ഇദ്ദേഹം തന്റെ സൈറ്റില്‍ അതിന്റെ കോഡും പ്രവര്‍ത്തന രീതിയും വിശദീകരിച്ചിട്ടുമുണ്ട്. ഇത്തരം ഒരു ഉദ്യമം തീര്‍ച്ചയായും പ്രോത്സാഹനവും അഭിനന്ദനവും അര്‍ഹിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ് ലോകത്തിനും സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിനും ഏറെ സഹായകരമായ ഈ സംവിധാനം ആവിഷ്കരിച്ചിരിക്കുന്ന യാസിര്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. വെബ് ഡെവലപ്മെന്റ് തന്റെ ഒരു സീരിയസ് ഹോബി ആണെന്ന് പറയുന്ന ഇദ്ദേഹം ഇപ്പോള്‍ ദോഹയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ച ഈ നൂതന സംവിധാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. Labels: free-software, malayalam-computing |
3 Comments:
വളരെ നല്ലൊരു സംഭവംകൂടി ഗൂഗിള്‍ തന്നിരിക്കുന്നു ..
ഈ സൗകര്യം വായനക്കാരിലേക്ക് എത്തിച്ചുകൊടുക്കുന്ന ഇ-പത്രം നീണാള്‍ വാഴട്ടെ.
ഭാവുകങ്ങള്‍..(ഒരു വായനക്കാരന്‍)
ഈ സൗകര്യം ചെയ്തു തന്ന ഗൂഗിളിനും ഇത് ഞങ്ങളെ അറിയിച്ച ഇ പത്രത്തിനും നന്ദി
very nice article
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്