ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കാന്‍ പെരുവനം കുട്ടന്മാരാര്‍

May 1st, 2012
Peruvanam_Kuttan_Marar-epathram
തൃശൂര്‍: പെരുവനം കുട്ടന്മാരാരും സംഘവും ഇലഞ്ഞിച്ചോട്ടില്‍ നിരന്നാല്‍ പിന്നെ പെയ്തിറങ്ങുന്നത് മേളത്തിന്റെ പെരുമഴ തന്നെയാണ്. അസുര വാദ്യത്തിന്റെ വന്യമായ ശബ്ദ സൌന്ദര്യം ആസ്വദിക്കുവാന്‍ ആയിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തുക. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് ഇലഞ്ഞിത്തറ മേളം. മെല്ലെതുടങ്ങി ഒന്നൊന്നായി കാലങ്ങള്‍ കടന്ന് കുഴമറിയും മുട്ടിന്മേല്‍ ചെണ്ടയും കഴിഞ്ഞ് മേളം കൊട്ടിക്കയറുമ്പോള്‍ കൂടിനില്‍ക്കുന്നവര്‍  ആസ്വാദനത്തിന്റെ കൊടുമുടിതാണ്ടിയിരിക്കും. പെരുവനം ഇത് മുപ്പത്തിനാലാമത്തെ വര്‍ഷമാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. 1977-ല്‍ ആയിരുന്നു മേളക്കാരനെന്ന നിലയില്‍ തൃശ്ശൂര്‍ പൂരത്തില്‍ അരങ്ങേറ്റം കുറിച്ചത്. പ്രഗല്‍ഭര്‍ക്കൊപ്പമുള്ള അനുവങ്ങള്‍ നല്‍കിയ കരുത്തും കൈവഴക്കവുമായി  1999-ല്‍ ഇലഞ്ഞിത്തറയിലെ മേളപ്രമാണിയായി. അന്നുമുതല്‍ ലോകത്തിനു മുമ്പില്‍ പൂരപ്പെരുമയിലെ പൊന്‍‌തൂവലായ ഇലഞ്ഞിത്തറമേളത്തിന്റെ പേരും പ്രശസ്തിയും അണുവിടെ കുറയാതെ നിലനിര്‍ത്തിപ്പോരുന്നു.
മേളപ്രമാണിയെന്ന നിലയില്‍ പെരുവനത്തിന്റെ കഴിവുകളില്‍ എടുത്തു പറയേണ്ട ഒന്നാണ് ഒരു വര്‍ഷം മുമ്പ് പൂരത്തിനിടയില്‍ ഉണ്ടായ സംഭവം. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണത്.   പെട്ടെന്ന് മേളം നിലച്ചു‌.തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.
എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ ആര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
പാരമ്പര്യമായി മേളകലയില്‍ പ്രശസ്തരായിരുന്നു കുട്ടന്മാരാരുടെ കുടുമ്പം. അച്ചന്‍ പെരുവനം അപ്പുമാരാര്‍ മേളകലയില്‍ പേരെടുത്ത ആളായിരുന്നു. അച്ചനൊപ്പം മകനും മേളത്തിലെ ലോകത്ത് താളമിട്ടു കടന്നുവന്നു. ചെണ്ടയിലായിരുന്നു ചെറുപ്പം മുതല്‍ കമ്പം. അച്ചനൊപ്പം നിരവധി ഉത്സവപ്പറമ്പുകളില്‍ ആസ്വാദകര്‍ക്ക് മുമ്പില്‍ മേളവിസ്മയം തീര്‍ത്തു. എന്നാല്‍ പൂരങ്ങളുടെ പൂരത്തില്‍ ആദ്യമായി പങ്കെടുത്തപ്പോള്‍ പക്ഷെ ഇരുവരും ഒരുമിച്ചല്ലായിരുന്നു. തിരുവമ്പാടിക്ക് വേണ്ടി അച്ചനും പറമേക്കാവിനു വേണ്ടി  മകനും ഇരുചേരിയില്‍ നിന്ന് മേളത്തിനു കൊഴുപ്പേകി. തുടര്‍ന്ന് മുപ്പതിലധികം വര്‍ഷത്തെ പൂരങ്ങളില്‍ പങ്കാളിയായി. അച്ചനേക്കാള്‍ പ്രശസ്തനായി. അംഗീകാരങ്ങള്‍ കടല്‍ കടന്നും  കുട്ടന്മാരാരെ തേടി പെരുവനം ഗ്രാമത്തിലേക്കെത്തി എന്നാലും എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹവും ഈശ്വരകൃപയെന്നുംപറഞ്ഞ് ഈ മേളപ്രമാണി വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഇലഞ്ഞിച്ചോട്ടില്‍ മേളപ്പെരുമഴ തീര്‍ക്കാന്‍ പെരുവനം കുട്ടന്മാരാര്‍

പറഞ്ഞാല്‍ തീരാത്ത പൂരപ്പെരുമയിലൂടെ

April 30th, 2012
trissur-pooram-epathram
ഐതിഹ്യവും ചരിത്രവും വേര്‍തിരിക്കുവാന്‍ ആകാത്തവിധം പരസ്പരം ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ശാന്തമായ വടക്കും നാഥ സന്നിധി.  അവിടെയാണ് ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒഴുകിയെത്തുന്ന വിശ്വവിസ്മയമായ തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദ വര്‍ണ്ണ ശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന  പ്രൌഢ ഗംഭീരമായ ഒരു സാംസ്കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു.   കലാകാരന്മാരുടേയും ആസ്വാകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.
പൂരത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോളും ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത് അധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് എന്നതില്‍ തര്‍ക്കമില്ല. ഉല്‍ഭവ കഥകളില്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതപ്പെടുന്നത് പണ്ട് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാന്‍ തൃശ്ശൂ‍രില്‍ നിന്നും ദേവീദേവന്മാര്‍ ആനപ്പുറത്ത് എഴുന്നള്ളാറുണ്ടായിരുന്നു. ഒരിക്കല്‍ ഈ യാത്രയ്ക്കിടെ മഴ പെയ്തു. ഇതേ തുടര്‍ന്ന് യാത്ര നിര്‍ത്തി ദേവീദേവന്മാരുടെ തിടമ്പ് ഒരു ആലയില്‍ ഇറക്കിവെച്ചു. മഴ മാറിയപ്പോള്‍ ആറാട്ടുപുഴ പാടത്തേക്ക് യാത്രതുടര്‍ന്നു. എന്നാല്‍ താണകുലത്തില്‍ പെട്ടവരുടെ ആലയില്‍ തിടമ്പ് ഇറക്കിവെച്ച് തൊട്ടുതീണ്ടിയതിനാല്‍  പെരുവനത്തെ ഗ്രാമാധികാരികള്‍ പ്രവേശനം നിഷേധിച്ച് ഉത്സവചടങ്ങുകളില്‍ നിന്നും  പുറത്താക്കി. ഇതേതുടര്‍ന്ന് അപമാനിതരായ തൃശ്ശൂരിലെ പ്രമുഖരും അധികാരികളും ചേര്‍ന്ന് വടക്കും‌നാഥ സന്നിധിയില്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമിട്ടു. പരസ്പര തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം പൂരം ഇടയ്ക്കെപ്പോ‍ളോ നിന്നു പോ‍യി. പിന്നീട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ എത്തിയതോടെ ആണ് പൂരം പുനരാരംഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളെ പ്രധാനികളാക്കി സമീപത്തുള്ള 8 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂ‍ര്‍ പൂരത്തിനു പുനരാരംഭം കുറിച്ചു. നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു.  ശക്തന്റെ കാലത്തുതന്നെ ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.
അതി രാവിലെ വെയിലും മഞ്ഞും മഴയും കൊള്ളാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരവാതില്‍ കടന്നു വടക്കുംനാഥനെ വണങ്ങുവാന്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിനു തുടക്കമാകുന്നത്. കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും വന്നു തുടങ്ങും. ഘടകപൂരങ്ങള്‍ക്ക് ശേഷം തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കും നാഥനെ വണങ്ങി തെക്കോട്ടിറങ്ങി കുടമറ്റത്തിനു തയ്യാറാകുന്നു. കുടമാറ്റം കഴിഞ്ഞ് പിരിയുന്നു. പിന്നീട് രാത്രി പൂരവും വെടിക്കെട്ടും. രാവിലെ വീണ്ടും പൂരങ്ങള്‍. ഒടുവില്‍ ഉച്ചയോടെ ഇരുദേവിമാരും ഉപചാരം ചൊല്ലി അടുത്ത പൂരത്തിന് വീണ്ടും കാണാ‍മെന്ന് പറഞ്ഞ് പിരിയുന്നതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീല വിരിയുന്നു. അപ്പോഴേക്കും അടുത്ത പൂരം വരെ പൂരപ്രേമികള്‍ക്ക് ഓര്‍ക്കുവാന്‍ മനം നിറഞ്ഞിരിക്കും.
മഠത്തില്‍ വരവ്
തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ ഒന്നാണ് മഠത്തില്‍ വരവ്.രാവിലെ തിരുവമ്പാടി ഭഗവതി ഉണ്ണിക്കണ്ണനോടു കൂടി  പൂരത്തിനായി പുറപ്പെടുന്ന ദേവി മഠത്തില്‍ എത്തി ഇറക്കി പൂജകഴിഞ്ഞ് തിരിച്ചു പുറപ്പെടുന്നതിനെയാണ്  മഠത്തില്‍ വരവ് എന്ന് പറയുന്നത്. ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ മഠങ്ങളില്‍ ഒന്നായ പഴയ നടക്കാവിലെ  നടുവില്‍ മഠത്തില്‍ നിന്നുമാണ് രാവിലെ 11.30 നു മഠത്തില്‍ വരവ് ആരംഭിക്കുക.  സ്വര്‍ണ്ണപ്രഭ ചൊരിയുന്ന ചമയങ്ങള്‍ അണിഞ്ഞ് തിരുവമ്പാടി ശിവസുന്ദര്‍ എന്ന ഗജരാജനാണ്  തിടമ്പേറ്റുക. പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റെ പ്രധാന ആകര്‍ഷണം. രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ മേള ചരിത്രത്തെ മാറ്റി മറിച്ചുകൊണ്ടാണ് പഞ്ചവാദ്യത്തിന്റെ കടന്നുവരവ്. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ പുതിയ പരീക്ഷണമായിരുന്നു തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവയെ സമന്വയിപ്പിച്ച് നടത്തിയ പുതിയ മേളം. മഠത്തില്‍ നിന്നുമുള്ള വരവില്‍ അത് ആദ്യമായി  അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.
മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി. അതിനെ തുടര്‍ന്നാണ് മഠത്തില്‍വരവ് പൂരത്തിന്റെ ഭാഗമായത് .  മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ മഠത്തിനു മുമ്പില്‍ നിന്നും എഴുന്നള്ളിക്കുന്നു. പിന്നീട് ആനകളുടെ എണ്ണം ഏഴാകുന്നു. നായ്കനാലില്‍ എത്തുമ്പോള്‍  ആനകളുടെ എണ്ണം പതിനഞ്ചായിട്ടുണ്ടാകും. പഞ്ചവാദ്യത്തിന്റെ പ്രത്യേകത എടുത്തു പറയേണ്ടതാണ്. വെങ്കിച്ചന്‍ സ്വാമിയാണ് ഇന്നു കാണുന്ന രീതിയിലേക്ക് മേളത്തെ ചിട്ടപ്പെടുത്തിയത്. അന്നമന്നട പരമേശ്വര മാരാരാണ് ഇപ്പോള്‍ മഠത്തില്‍ വരവിന്റെ മേളപ്രമാണി.
ഇലഞ്ഞിത്തറ മേളം
പാറമേക്കാവ് ഭഗവതി പന്ത്രണ്ടരയോടെ വടക്കുംനാഥ സന്നിധിയിലേക്ക് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറപ്പെടുന്നു. പാറമേക്കാവ്  പത്മനാഭനാണ് തിടമ്പേറ്റുക. ഇത്തവണ അത് ഒരു പക്ഷെ പാമ്പാടിരാജന്‍ ആകുവാനും സാധ്യതയുണ്ട്. വടക്കും നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ദേവിയും സംഘവും ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നു. തുടര്‍ന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍‌മാരാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അവിടെ അസുരവാദ്യമായ ചെണ്ടയില്‍  താള വിസ്മയത്തിന്റെ മഹാപ്രപഞ്ചം തീര്‍ക്കുന്നു. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആസ്വാകര്‍ അവര്‍ക്കൊപ്പം കൂടുന്നു. പതികാലത്തില്‍ തുടങ്ങി ആസ്വാകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പാണ്ടിയുടെ ഉല്‍ഭവം പാണ്ടി നാട്ടില്‍ നിന്നും ആണെന്ന് പറയപ്പെടുന്നു. ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും  ആസ്വാകര്‍ സ്വയം മറന്നിട്ടുണ്ടാകും. ഒടുവില്‍  പാണ്ടിയുടെ രൌദ്രസൌന്ദര്യം അതിന്റെ എല്ലാ സീമകളും കടന്ന് ഇലഞ്ഞിചോട്ടില്‍ പെരുമഴയായി പെഴിയുമ്പോള്‍ പൂരനഗരിയുടെ മനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും. പെരുവനം കുട്ടന്മാരാരാണ് ഇപ്പോള്‍ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി.
തെക്കോട്ടിറക്കവും കുടമാറ്റവും
ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം പെയ്തൊഴിയുമ്പോള്‍ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതില്‍ കടന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പിലുള്ള മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് തിരിച്ച് വരുന്നു.തൃശ്ശൂര്‍ റൌണ്ടില്‍ ഗോപുരവാതിലിനു അഭിമുഖമായി അണിനിരക്കുന്നു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരവാതില്‍ കടന്ന് അഭിമുഖമായി നിരന്നിട്ടുണ്ടാകും. മുഖാംമഖം നില്‍ക്കുന്ന ഭഗവതിമാര്‍ക്കിടയില്‍ അപ്പോള്‍ മനുഷ്യമഹാപ്രളയമായിരിക്കും. തുടര്‍ന്ന് ആനപ്പുറത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ട് കുടമാറ്റം ആരംഭിക്കും. ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് വര്‍ണ്ണ കുടകള്‍ നിവരുമ്പോള്‍  ആസ്വാകര്‍ ആര്‍പ്പുവിളികളോടെ ഇരു വിഭാഗത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും.  ഒരു മത്സര സ്വഭാവം ഉള്ളതിനാല്‍ അതീവരഹസ്യമായാണ് കുടകളുടെ നിര്‍മ്മാണം നടക്കുന്നത്.  പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെമ്പട്ടിന്റെ കുടചുരുക്കി സൂര്യന്‍ അസ്തമിക്കുവോളം കുടമാറ്റം നീളും.  കുടമാറ്റത്തിനു പുറകിലുമുണ്ട് രസകരമായ മറ്റൊരു കഥ. ഒരിക്കല്‍ പൂരത്തിനു മുഖാമുഖം നില്‍ക്കുന്ന സമയത്ത് ഒരു വിഭാഗം അപ്രതീക്ഷിതമായി ആനപ്പുറത്ത് കുടകള്‍ മാറ്റി. ഇതു കണ്ട് മറുവിഭാഗം അല്പം ഒന്ന് അന്ധാളിച്ചുവെങ്കിലും ഉടനെ തന്നെ അടുത്തുണ്ടായിരുന്ന ചിലര്‍ ചൂടിയിരുന്ന ഓലക്കുടകള്‍ വാങ്ങി ആനപ്പുറമേറ്റിക്കൊണ്ട് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടമാറ്റം തൃശ്ശൂര്‍ പൂരത്തിന്റെ ഭാ‍ഗമായി.
അഗ്നിയുടെ  ആകാശപ്പൂരം
വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്നിയുടെയും ശബ്ദത്തിന്റേയും വന്യസൌന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്ക്കായി കൌതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു. ഒടുവില്‍ പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടപ്പൊരിച്ചില്‍. ഗര്‍ഭമലസിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുണ്ടുകളൊക്കെ ഇന്ന് ഓര്‍മ്മമാത്രം. ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യമുള്ള പടക്കങ്ങളാണ് ഇന്ന് കൂടുതല്‍. കലയും കെമിസ്ട്രിയും കണിശമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെ സൂക്ഷമതയോടെ ആണ് തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്. ഒരല്പം പിഴച്ചാല്‍ അത് വന്‍ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക എന്ന് അണിയറക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇത്തവണ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ രണ്ടുനാള്‍ മുമ്പേ ഉള്ള സാമ്പിള്‍ വെടിക്കെട്ട് സത്യത്തില്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാള്‍ പ്രസിദ്ധമാണ്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരസ്വഭാവത്തോടെ ആണ് വെടിക്കെട്ടൊരുക്കുന്നത്.
ആനക്കാര്യങ്ങള്‍

തൃശ്ശൂര്‍ പൂരത്തിന്റെ പ്രൌഡിയെ നിലനിര്‍ത്തുന്നതില്‍ തലയെടുപ്പും അഴകുമുള്ള ഗജവീരന്മാരുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. മണ്മറഞ്ഞ ഗജകേസരികളായ ചെങ്ങല്ലൂ‍ര്‍ രംഗനാഥന്‍, ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ വലിയ പത്മനാഭന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍,പാറമേക്കാവ് ശ്രീപരമേശ്വരന്‍ തുടങ്ങിയവര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് പൂരചരിത്രത്തില്‍ ഇടം പിടിച്ചവരാണ്. ഇന്നിപ്പോള്‍ തിരുവമ്പാടിയുടെ തിലകക്കുറിയായ തിരുവമ്പാടി ശിവസുന്ദര്‍ ആണ് മഠത്തില്‍ വരവിനും തെക്കോട്ടിറക്കത്തിനും തിടമ്പേറ്റുന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് പാറമേക്കാവ് ശ്രീപത്മനാഭനാണ്. ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാമ്പാടി രാജന്‍ ആയിരിക്കും പാറമേക്കാവിന്റെ തിടമ്പേറ്റുക. മികച്ച ആനകളുടെ വലിയ ഒരു നിരതന്നെയാണ് തൃശ്ശൂര്‍ പൂരത്തിന് അണിനിരക്കുക. ഗുരുവായൂര്‍ നന്ദന്‍, പുതുപ്പള്ളി കേശവന്‍, ചെമ്പൂത്ര ദേവീദാസന്‍, ചിറക്കല്‍ കാളിദാസന്‍, വൈലാശ്ശേരി അര്‍ജ്ജുനന്‍, കുട്ടന്‍ കുളങ്ങര അര്‍ജ്ജുനന്‍, മനുസ്വാമി മഠം ആദിനാരായണന്‍,ബാസ്റ്റ്യന്‍ വിനയ ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ ഗജവീരന്മാര്‍ ഇത്തവണത്തെ പൂരത്തിന്റെ ഭാഗമാകുന്നു. എങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കേരളത്തിലെ ഏറ്റവും വലിയ ആനയുടെ അസാന്നിധ്യം ആനപ്രേമികളെ നിരാശരാക്കുന്നുമുണ്ട്.

പറഞ്ഞാല്‍ തീരത്തതാണ് പൂരത്തിന്റെ പെരുമയും കഥകളും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പറഞ്ഞാല്‍ തീരാത്ത പൂരപ്പെരുമയിലൂടെ

ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍

April 29th, 2012
aniyan maarar-epathram
തൃശ്ശൂര്‍ പൂരത്തിനെത്തുന്ന മേളക്കമ്പക്കാരെ സംബന്ധിച്ച് പാണ്ടിമേളം എന്നാല്‍ മനസ്സിലേക്ക് ആദ്യമെത്തുക മെലിഞ്ഞു നീണ്ട വിനിയാന്വിതനായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ മുഖമാണ്. പെരുവനത്തിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിന്റെ മാറ്റൊലികള്‍ അവസാനിക്കും മുമ്പേ മറ്റൊരു മേളവിസ്മയത്തിനു തിരികൊളുത്തിയിട്ടുണ്ടാകും ഈ അനുഗ്രഹീതകലാകാരന്‍. എട്ടുകൊല്ലം മേളപ്രമാണിയായിരുന്ന മട്ടന്നൂര്‍ എന്ന അതികായന്‍ ഒഴിഞ്ഞപ്പോള്‍ ഇനിയാരെന്ന ചോദ്യത്തിനു മറുപടിയുമായാണ് അനിയന്‍ മാരാ‍ര്‍ തിരുവമ്പാടിയുടെ മേളപ്രമാണിയായത്. ചെണ്ടയില്‍ വീഴുന്ന ഓരോ കോലും പുറപ്പെടുവിക്കുന്ന ശബ്ദത്തെ സൂക്ഷമായി വിശകലനം ചെയ്യുന്ന തൃശ്ശൂരിലെ മേളക്കമ്പക്കാര്‍ക്കിടയില്‍ പാണ്ടിയുടെ ശാബ്ദ സൌന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ  ഇരുന്നൂറ്റമ്പതോളം കലാകാരന്മാരെ അണി നിരത്തിക്കൊണ്ട് മേളത്തെ നിയന്ത്രിക്കുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്.
വാദ്യകലാ പാരമ്പര്യമുള്ള കുടുംബത്തില്‍ പരിയാരത്ത് കൃഷ്ണന്‍ കുട്ടിമാരാരുടേയും കിഴക്കൂട്ട് കാളിക്കുട്ടി മാരസ്യാരുടേയും മകനായി ജനിച്ച അനിയന്‍ മാരാരെ അമ്മാവന്‍ ഈശ്വരന്‍ മാരാരാണ് മേളവിസ്മയത്തിന്റെ അനന്തമായ ലോകത്തെക്ക് കൈപിടിച്ച് ആനയിച്ചത്. അമ്മാവനെ കൂടാതെ പരിയാരത്ത് കുഞ്ഞന്‍  മാരാരില്‍ നിന്നും പഠിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സില്‍ നെറ്റിശ്ശേരി ക്ഷേത്രത്തില്‍ ആയിരുന്നു അരങ്ങേറ്റം. മേളത്തെ ജീവിത തപസ്യയാക്കി മാറ്റിയതിലൂടെ ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നു കിട്ടിയതിനപ്പുറം പലകാതം മുന്നേറുവാന്‍ അദ്ദേഹത്തിനായി. ഇരുന്നു പാണ്ടി, കൊട്ടി വാചകം പൂക്കല്‍ തുടങ്ങിയവയില്‍ അനിയന്മാരാര്‍ക്ക് പ്രത്യേക പ്രാഗല്‍ഭ്യമുണ്ട്. കൂടാതെ ചെമ്പട, പഞ്ചാരി, ദ്രുവം, അടന്ത അഞ്ചടന്ത എന്നിവയിലും അനിയന്‍ മാരാര്‍ അതീവ നിപുണനാണ്.
പതിനേഴാം വയസ്സില്‍ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ ആദ്യമായി പങ്കെടുത്തു. ഗുരുവായൂര്‍, തിരുവില്വാമല, ചാത്തക്കുടം, എടക്കുന്നി മണപ്പുള്ളിക്കാവ് തുടങ്ങി പല പ്രസിദ്ധമായ ക്ഷേത്രങ്ങളിലും അനിയന്മാരാര്‍ പതിവുകാരനാണ്.  കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ മേളപ്രമാണിയെ തേടിയെത്തിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ പൂരത്തിനു അമരക്കാരനാകുക എന്നത് ഏതൊരു കലാകാരനേയും അല്പം ഒന്ന് അഹങ്കാരിയാക്കും എന്നാല്‍ എല്ലാം ഈശ്വരാനുഗ്രം എന്നു പറഞ്ഞു കൊണ്ട് പ്രശംസാ വാചകങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും മുമ്പില്‍ ഈ വലിയ കലാകാരന്‍ വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍

തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

April 29th, 2012
trissur-pooram-sample-fireworks-epathram
അഗ്നിയുടെ ആകാശപ്പൂരത്തിന്റെ സാമ്പിളിന്  വടക്കുംനാഥന്റെ ആകാശം ഇന്ന് വൈകുന്നേരം സാക്ഷിയാകും. പൂരത്തിന്റെ പ്രധാന പങ്കാളികളായ  പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്.  ഇന്ന് വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം തിരി കൊളുത്തുന്നതൊടെ ആണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനു തുടക്കമാകുക. കരിമരുന്നില്‍ കരവിരുത് ചേരുമ്പോള്‍ അത് കാണികളുടെ കണ്ണിനും കരളിനും കാതിനും ആവേശം പകരുന്ന അനുഭവമായി മാറും. ഈ വര്‍ണ്ണക്കാഴ്ച കാണുവാന്‍ പതിനായിരങ്ങളാണ് സ്വരാജ് റൌണ്ടിലും പരിസരങ്ങളിലുമായി തടിച്ചു കൂടുക. പൂരത്തിന്റെ വെടിക്കെട്ടിനായി ഒരുക്കിവെച്ചിരിക്കുന്ന വിസ്മയങ്ങളുടെ ഒരു ചെറുപതിപ്പാണ് സാമ്പിള്‍ വെടിക്കെട്ടിലൂടെ വെളിവാകുക. സാമ്പിളില്‍ പ്രദര്‍ശിപ്പിക്കാത്ത ചില   സ്പെഷ്യല്‍ ഐറ്റങ്ങള്‍ എന്നും ഇരുവിഭാഗങ്ങളും കരുതിവെച്ചിരിക്കും.
ശബ്ദ നിയന്ത്രണം വന്നതോടെ ഗര്‍ഭം കലക്കിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പല ഇനങ്ങളും പൂരത്തിന്റെ വെടിക്കെട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്നിപ്പോള്‍ വര്‍ണ്ണങ്ങള്‍ക്കാണ് പ്രാധാന്യം. വെണ്ണൂര്‍ രാജന്റെ നേതൃത്വത്തില്‍ സ്കൈ ഫാള്‍ എന്ന ഐറ്റമാണ് പാറമേക്കാവ് ഇത്തവണ സ്പെഷ്യലായി ഇറക്കുന്നത്. കൂടാതെ ഗ്രീന്‍ സ്നേക്ക്, സ്കൈ ഗോള്‍ഡ് തുടങ്ങിയവയും ഉണ്ട്. ഇതിനു മറുപടിയായി തിരുവമ്പാടി സില്‍‌വര്‍ റെയ്‌നുമായിട്ടാണ് എത്തുക. ശിവകാശിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് തിരുവമ്പാടി വെടിക്കെട്ടിനു മാറ്റുകൂട്ടുന്നത്.
മഴ ഒരു ഭീഷണിയായി മാറുമോ എന്ന ആശങ്ക കാണികള്‍ക്കൊപ്പം ഇരുവിഭാഗത്തിനുമുണ്ട്. ഇന്ന് അവധി ദിവസമായതിനാല്‍ പതിവില്‍ കൂടുതല്‍ കാണികള്‍ സാമ്പിള്‍ വെടിക്കെട്ട് ദര്‍ശിക്കുവാനായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

ആന എഴുന്നള്ളിപ്പിനു ഏകീകൃത ചട്ടങ്ങള്‍ കൊണ്ടു വരും; മന്ത്രി ഗണേശ്കുമാര്‍

November 14th, 2011
elephants-trissur-pooram-epathram
തൃശ്ശൂര്‍: ആനകളെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് ഏകീകരിച്ച ചട്ടങ്ങള്‍ ഉടന്‍ കൊണ്ടു വരുമെന്ന് മന്ത്രി കെ.ബി ഗണേശ് കുമാര്‍. പല കാലത്തിറങ്ങിയ ചട്ടങ്ങളിലെ അപാകതകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അടുത്ത ഉത്സവ സീസണു മുമ്പായി ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് നിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് തയ്യാറാക്കുകയാണെന്നും. ഇത് ആനയുടമകള്‍ക്കും ദേവസ്വങ്ങള്‍ക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ നടന്‍ ദിലീപ് പങ്കെടുത്ത ചടങ്ങില്‍ പ്രമുഖ ആന ചികിത്സകരായ  ഡോ. ടി. എസ്. രാജീവ്,  ഡോ. യു. ഗിരീഷ് എന്നിവര്‍ക്ക് പാലകാപ്യ പുരസ്കാരം നല്‍കി ആദരിച്ചു. ഏറ്റവും നല്ല പാപ്പാനുള്ള ഗജമിത്ര പുരസ്കാരം പാറശ്ശേരി ചാമിക്ക് നല്‍കി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജൂപിഡി പ്രസാദ്, ഡി. എഫ്. ഓ ശശികുമാര്‍. പ്രമുഖ വ്യവസായിയും ആനയുടമയുമായ കെ.ആര്‍.സി മേനോന്‍, പ്രൊഫ. അന്നം ജോണ്‍, അഡ്വ. കെ. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം. മധു (പ്രസി.), പി. ശശികുമാര്‍ (ജ. സെക്രട്ടറി), മംഗലാംകുന്ന് പരമേശ്വരന്‍, നാകേരി വാസുദേവന്‍ നമ്പൂതിരി, പി. എസ്. ജയഗോപാല്‍, ചന്ദ്രചൂഡന്‍ (വൈ. പ്രസി.) ബാലകൃഷ്ണ ഷേണായ് (ട്രഷറര്‍)

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

4 of 7345»|

« Previous Page« Previous « സദാചാരപോലീസ് ചമഞ്ഞ് കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍
Next »Next Page » ഗുരുവായൂരില്‍ നവനീത് കൃഷ്ണന്‍ തുടച്ചയായി ഇടയുന്നു. »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine