ആനയുടെ പൈതൃക ജീവി പദവി ക്ഷേത്രാചാരങ്ങള്‍ക്ക് ഭീഷണിയാകും – സുന്ദര്‍ മേനോന്‍

September 6th, 2010

sundermenonതൃശ്ശൂര്‍: ആനയെ പൈതൃക ജീവിയാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഭീഷണിയാകുമെന്ന് ആനയുടമകളുടെ സംഘടനാ ഭാരവാഹിയും ആനയുടമയുമായ ശ്രീ സുന്ദര്‍ മേനോന്‍ e പത്ര ത്തോട് പറഞ്ഞു. വേണ്ടത്ര ആലോചനയോ അഭിപ്രായ സമന്വയമോ ഇല്ലാതെ ഉള്ള ഈ നടപടി നാട്ടാനകളുടെ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ആനയുടെ ഉടമസ്ഥാവകാശം എടുത്തുകളയുവാനും ക്ഷേത്രത്തില്‍ നടയിരുത്തുന്നത് നിര്‍ത്തുവാനും ഉള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് നിയന്ത്രണം വരുന്നതോടെ ഉടമകള്‍ക്ക് വരുമാനം ഇല്ലാതാകും. കൂടാതെ തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം തുടങ്ങി നിരവധി ചടങ്ങുകളും ആചാരങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഉത്സവങ്ങള്‍ നിര്‍ത്തി വെയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. കാട്ടാനകളുടെ സംരക്ഷണാര്‍ഥം എടുത്തിട്ടുള്ള പല തീരുമാനങ്ങളും സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേരളത്തിലെ ആന പരിപാലന രംഗത്തേയും ക്ഷേത്രാചാരങ്ങളെയും പറ്റി വേണ്ടത്ര പരിഗണന നിയമം രൂപീകരിക്കുന്നവര്‍ നല്‍കിയതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് എലിഫെന്റ്സ് ഓണേഴ്സ് ഫെഡറേഷന്‍ സര്‍ക്കാരിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തങ്ങള്‍ ആനകളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് എതിരല്ലെന്നും, എന്നാല്‍ പ്രായോഗിക മല്ലാത്തതും ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാ ക്കുന്നതുമായ നിയമങ്ങള്‍ ഗുണത്തേക്കാള്‍ ദോഷകരം ആകും എന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും, മുഖ്യമന്ത്രിക്കും, എം. പി. മാര്‍ക്കും നിവേദനം നല്‍കുവാന്‍ തീരുമാനമായി. ആനയുടമകള്‍, പാപ്പാന്മാര്‍, പൊതുജനം‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി അടുത്ത ദിവസം വിശാലമായ ഒരു കണ്‍‌വെന്‍ഷന്‍ വിളിക്കുവാന്‍ യോഗം തീരുമാനിച്ചു.

ഉത്സവങ്ങളെ ഇല്ലാതാക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ക്കെതിരെ കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രക്കമ്മറ്റികള്‍, ഉത്സവക്കമ്മറ്റികള്‍, പൊതുജനം, ക്ഷേത്രവിശ്വാസികള്‍ എന്നിവരെ അണി നിരത്തി ഒക്ടോബര്‍ എട്ടിനുള്ള ഗജദിനം കരിദിനമായി ആചരിക്കുവാനും തീരുമാനിച്ചതായി സുന്ദര്‍ മേനോന്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പെരുമ നിലനിര്‍ത്തി പെരുവനം കുട്ടന്മാരാര്‍

April 29th, 2010

peruvanam-kuttan-mararലോകത്തിന്റെ കണ്ണിനേയും കാതിനേയും തൃശ്ശൂര്‍ പൂരത്തിലേക്ക്‌ പിടിച്ചു കൊണ്ടു വരുന്നതിന് ഒരു പ്രധാന ഘടകമാണ്‌ ഇലഞ്ഞി ച്ചോട്ടില്‍ നിന്നും ഉയരുന്ന “അസുര വാദ്യത്തിന്റെ” മാസ്മരികമായ നാദ പ്രപഞ്ചം. രണ്ട് മണിക്കൂറില്‍ കൊട്ടി ത്തീരുന്ന ഇലഞ്ഞി ത്തറയിലെ താള വിസ്മയത്തില്‍ സ്വയമലിഞ്ഞ്‌ ആസ്വാദ നത്തിന്റെ പുത്തന്‍ ആകാശത്തിലേക്ക്‌ ആസ്വാദക ലക്ഷങ്ങള്‍ ഒന്നൊന്നായി താണ്ടുന്ന നിമിഷം. ആയിരക്കണക്കിനു കയ്യ്‌ വായുവില്‍ താളമിടുന്നു. മേളകലയിലെ കുലപതിമാരില്‍ ഒരാളായ പെരുവനത്തിന്റെ പ്രാമാണ്യത്തില്‍ സ്വയം സമര്‍പ്പിച്ച്‌ കാലങ്ങള്‍ ഓരോന്ന് കൊട്ടിക്കയറുന്ന കലാകാരന്മാര്‍, മേള വിസ്മയത്തില്‍ മതി മറന്ന് നില്‍ക്കുന്ന നിമിഷത്തില്‍ ആണ്‌ പെട്ടെന്ന് മേളം നിലച്ചത്‌.

എഴുന്നള്ളിച്ചു നിന്നിരുന്ന പ്രശസ്തനായ ആന ഈരാറ്റുപേട്ട അയ്യപ്പന്‍ കുഴഞ്ഞു വീണു. തൃശ്ശൂര്‍ പൂര ചരിത്രത്തിലെ ആദ്യ സംഭവം. ശരീരം കോച്ചിയതിനെ തുടര്‍ന്ന് വീണ ആനയെ ഉടനെ തന്നെ ശ്രുശ്രൂഷിച്ചു, വെള്ളം ഒഴിച്ച്‌ തണുപ്പിച്ചു. ഉടന്‍ തന്നെ എഴുന്നേറ്റ ആനയെ മറ്റോരിടത്തേക്ക്‌ മാറ്റി.

എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ആദ്യത്തെ അമ്പരപ്പില്‍ ആസ്വാകരും വാദ്യക്കരും ഒരു നിമിഷം പരിഭ്രാന്തരായി. എന്നാല്‍ ആന ഇടഞ്ഞതല്ലെന്ന് തിരിച്ചറി ഞ്ഞതോടെ മേള പ്രമാണി ഒരു നിമിഷം കൈ വിട്ട മേള വിസ്മയത്തെ ഇലഞ്ഞി മരച്ചോട്ടിലേക്ക്‌ തിരിച്ചു കൊണ്ടു വന്നു. പെരുവനം കുട്ടന്‍ മാരാര്‍ എന്ന മേള മാന്ത്രികന്റെ ചെണ്ടയില്‍ വീണ്ടും കോലു പതിച്ചതോടെ ആസ്വാദര്‍ തൊട്ട് മുമ്പെ നടന്നത്‌ എന്താണെന്ന് പോലും ഓര്‍ക്കാതെ വീണ്ടും കൈകളൂയര്‍ത്തി ആരവത്തോടെ ഇലഞ്ഞി ച്ചോട്ടില്‍ നിലയുറപ്പിച്ചു. നിന്നു പോയ കാലത്തില്‍ നിന്നും തുടങ്ങി കുഴമറിയും കടന്ന് മുട്ടിന്മേല്‍ ചെണ്ട എത്തിയപ്പോള്‍ പൂര നഗരി തരിച്ചു നിന്നു. ഒടുവില്‍ ഇരുപത്തിരണ്ടു കാലം കൊട്ടി പെരുവനത്തിന്റെ ചെണ്ട കലാശം കൊട്ടി നിന്നപ്പോള്‍ മേളാസ്വാദകര്‍ അര്‍പ്പു വിളിയോടെ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൂരങ്ങളുടെ പൂരത്തിനായി ഒരു രാവു കൂടെ…

April 23rd, 2010

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിനു ഇനി ഒരുരാവിന്റെ ദൂരം മാത്രം. 200  വര്‍ഷം മുമ്പ് ശക്തന്‍ തമ്പുരാന്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ പൂരത്തെ ചിട്ടപ്പെടുത്തിയ തെന്നാണ് ചരിത്രം.  രാവിലെ കണിമംഗലം ശാസ്താവ് “വെയിലും മഞ്ഞും“ കൊള്ളാതെ വടക്കുംന്നാഥനെ വണങ്ങുവാനായി രാവിലെ 7.30 നു തെക്കേ ഗോപുരം കടക്കുന്നതോടെ 36 മണിക്കൂര്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമാകുകയായി.

അതിരവിലെ കണിമംഗലത്ത് നിന്നും പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തില്‍ ഇറക്കിപ്പൂജയും കഴിഞ്ഞു വടക്കുംന്നാഥ സന്നിധിയില്‍ എത്തുന്ന കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴിയാണ് പുറത്തു കടക്കുക.  കണിമംഗലം ശാസ്താവിനു പുറകെ ചെമ്പൂക്കാവ് ഭഗവതിയും തുടര്‍ന്ന് കാരമുക്ക് ഭഗവതി,  പനമുക്കും പിള്ളി ശാസ്താവ്, ലാലൂര്‍ ഭഗവതി, ചൂരക്കോട്ട് കാവ് ഭഗവതി,  അയ്യന്തോള്‍ ഭവതി, ഒടുക്കം നെയ്തലക്കാവ് ഭഗവതിയും വടക്കുംന്നാഥനെ വണങ്ങുവാന്‍ എത്തുന്നു.

പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും വരവാ‍ണ് പൂരത്തിന്റെ ഗരിമ വര്‍ദ്ധിപ്പിക്കുന്നത്. ലക്ഷണമൊത്ത മുപ്പത്  ഗജവീരന്മാരാണ് ഇരുപക്ഷത്തുമായി അണിനിരക്കുക.  മറ്റു ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ ആനകളെ സംബന്ധിച്ചേടത്തോളം അഴകിനും അച്ചടക്കത്തിനും ആണ് പ്രധാനം. അതു കൊണ്ടു  തന്നെ ഉയരക്കേമന്മാരില്‍ പലരും തൃശ്ശൂര്‍ പൂരത്തിനു ഉണ്ടാകാറില്ല.  തിരുവമ്പാടിക്ക് ശിവസുന്ദര്‍ തിടമ്പേറ്റുമ്പോള്‍ പാറമേക്കാവിനു ശ്രീപത്മനാഭന്‍ ആണ് തിടമ്പേറ്റുക. ഇത്തവണ പാറമേക്കാവ് വിഭാഗത്തില്‍ തെക്കു നിന്നും തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പന്റെ സാന്നിധ്യം ശ്രദ്ധേയമാകും. തിരുവമ്പാടിയ്ക്ക് പുതുമുഖമായി മത്സരപ്പൂരങ്ങളില്‍ ശ്രദ്ധേയനായ ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ ആണ്.  ഇരുവരും ആദ്യമായാണ് തൃശ്ശൂര്‍ പൂരത്തില്‍ അണിനിരക്കുന്നത്.  ഇവരെക്കൂടാതെ കുട്ടങ്കുളം അര്‍ജ്ജുനന്‍,  അമ്പലപ്പുഴ വിജയകൃഷ്ണന്‍,  തിരുവമ്പാടി രാജേന്ദ്രന്‍, മണികണ്ഠന്‍, ചിറയ്ക്കല്‍ മഹാദേവന്‍, ചിറക്കല്‍ കാളിദാസന്‍, തുടങ്ങി കേരളത്തിലെ പേരെടുത്ത് ഗജരാജന്മാര്‍ അണിനിരക്കുന്നു.  കേരളക്കരയിലെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റേയും,  ഗജരത്നം ഗുരുവായൂ‍ര്‍ പത്മനാഭന്റേയും അസാന്നിധ്യം ശ്രദ്ധേയമാണ്.

തൃശ്ശൂര്‍ പൂരത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ് മഠത്തില്‍ വരവ്.   രാവിലെ  തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിപ്പ് പുറപ്പെട്ട് പതിനൊന്നും
മണീയോടെ പടിഞ്ഞാറെ നടയില്‍ ഉള്ള നടുവില്‍ മഠത്തില്‍ എത്തുന്നു.  അവിടെ കോലം ഇറക്കി പൂജിച്ചതിനുശേഷം (ഇറക്കി പൂ‍ജ) പുതിയ തലേക്കെട്ടും ചമയങ്ങളുമണിഞ്ഞ്  മൂന്ന് ആനകള്‍ നിരക്കുന്നു.  തിരുവമ്പാടി ദേവസ്വത്തിന്റെ ലക്ഷണോത്തമന്‍ തിരുവമ്പാടി ശിവസുന്ദര്‍ ആണ് തിടമ്പേറ്റി
മഠത്തില്‍ വരവിനു നേതൃത്വം നല്‍കുക.  തുടര്‍ന്ന് അവിടെ മികച്ച കലാകാരന്മാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറുന്നു.  ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ എണ്ണത്തിലും ഉണ്ട് പ്രത്യേകത. 17 തിമിലക്കാരും കൊമ്പുകാരും ഇലത്താളക്കാരും, ഇടയ്ക്ക നാല്, ഒന്‍പത് മദ്ധളം, എന്നിങ്ങനെയാണത്.  നായകനാലില്‍ (നായ്ക്കനാല്‍) എത്തുമ്പോഴേക്കും ആനകളുടെ എണ്ണം പതിഞ്ചാകുന്നു.  കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പഞ്ചവാദ്യം  ഇവിടെ  മധ്യകാലം പിന്നിട്ട് മുന്നേറുന്നു.

പാറേമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്.  വടക്കും നാഥന്റെ കിഴക്കേ നടയില്‍ ഉള്ള പാറേമേക്കാവ് ക്ഷേത്രത്തില്‍ നിന്നും പൂരം പുറപ്പാട് തുടങ്ങുന്നത് പന്ത്രണ്ടു മണിയോടെ ആണ്. പതിനഞ്ചാനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാര ഭൂഷിതയായി  പാറമേക്കാവ് ഭഗവതി  എഴുന്നള്ളുന്നു.  ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മുറ്റത്ത് ഗോപുരത്തിനു പുറത്ത് ചമ്പടമേളത്തില്‍ ആരംഭിക്കുന്ന മേളമാണിവിടെ.  അത് വടക്കുന്നാഥ സന്നിധിയില്‍ എത്തുമ്പോള്‍ പാണ്ടിമേളമായി മാറുന്നു. രണ്ടാം കലാശം കഴിയുന്നതോടെ ഇലഞ്ഞിത്തറയില്‍ എത്തുന്നു.  ഇതോടെ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനു തുടക്കമാകുന്നു.  പതികാലത്തില്‍ തുടങ്ങി വിവിധ കാലങ്ങളും കടന്ന്  ഉച്ചസ്ഥായില്‍ എത്തുന്നതൊടെ ആസ്വാകര്‍ സ്വയം മറന്ന് വാനില്‍ കൈകള്‍ ഉയര്‍ത്തി താളമിടുന്നു.  വൈകീട്ട് നാലരയോടെ ഇലഞ്ഞിത്തറമേളം കഴിയുന്നു. തുടര്‍ന്ന് തെക്കോട്ടിറക്കം.  രാജാവിന്റെ പ്രതിമയെ വന്ദിച്ച് തിരിച്ചുവരുമ്പോഴേക്കും തിരുവമ്പാടിയും തെക്കേഗോപുരം കടന്ന് നിരന്നിട്ടുണ്ടാകും.  തുടര്‍ന്നാണ് മത്സരത്തിന്റെ തീപ്പൊരി ചിതറുന്ന കുടമാറ്റം.  വര്‍ണ്ണക്കുടകള്‍ ഒന്നൊന്നായി മാറിമാറി ഇരുപക്ഷത്തേയും ആനപ്പുറമേറുമ്പോള്‍ കാണികള്‍ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കും.

രാത്രിയില്‍ ഘടകപൂരങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് വടക്കുംന്നാഥന്റെ ആകാശത്തെ അഗ്നിയുടെ വന്യസൌന്ദര്യത്തില്‍ ആറാടിക്കുന്ന വെടിക്കെട്ട്.  ഉച്ചക്ക് പന്ത്രണ്ടു മണിയോടെ തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂ‍രങ്ങളുടെ പൂരത്തിനു തിരശ്ശീല വീഴുന്നു.  തുടര്‍ന്ന് അടുത്തൊരു വര്‍ഷത്തെ കാത്തിരിപ്പിനു വര്‍ണ്ണശബ്ദങ്ങളാല്‍ ദീപ്തമായ സ്മരണകളുമായി പൂരക്കമ്പക്കാര്‍ കാത്തിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത്‌ സാംസ്കാരിക കേരളത്തിന്റെ ആവശ്യം – സുന്ദര്‍ മേനോന്‍

April 22nd, 2010

sundermenonലോകത്തിന്റെ ഏതു മൂലയില്‍ നിന്നു വന്നതായാലും ആസ്വാദകന്റെ കണ്ണും കാതും മനസ്സും കീഴടക്കുന്നതാണ്‌ തൃശ്ശൂര്‍ പൂരത്തിന്റെ പ്രത്യേകത. ഓരോ തൃശ്ശൂര്‍ കാരന്റെയും സ്വകര്യ അഹങ്കാരമായ പൂരം, അവനെ സംബന്ധിച്ച്‌ അവന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു ആവേശമാണ്‌. തിരക്കേറിയ ബിസിനസ്സ്‌ ജീവിതത്തിനിടയിലും തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരില്‍ ഒരാളായ സുന്ദര്‍ മേനോന്‍ പൂരത്തെ കുറിച്ചും ആനകളെ കുറിച്ചും e പത്രം പ്രതിനിധി എസ്. കുമാറുമായി ദുബായില്‍ വച്ച് നടത്തിയ സംഭാഷണത്തില്‍ നിന്ന്:

ഈ വര്‍ഷത്തെ പൂരം ഏപ്രില്‍ 24-25 ദിവസങ്ങളില്‍ ആണല്ലോ. ഒരു തൃശ്ശൂര്‍കാരന്‍ എന്ന നിലയില്‍ പൂരത്തെ എങ്ങിനെ കാണുന്നു?

തൃശ്ശൂര്‍ക്കാരന്‍ എന്ന നിലയില്‍ എനിക്ക്‌ വളരെ വലിയ അഭിമാനം ഉണ്ട്‌.  മാത്രമല്ല പൂരത്തിന്റെ സംഘാടകരില്‍ ഒരാള്‍ കൂടെയാണ്‌ ഞാന്‍. ലോക പ്രശസ്തമായ ഒരു ഉത്സവത്തിന്റെ ഭാഗമാകുവാന്‍ കഴിയുക എന്നത്‌ ഒരു ഭാഗ്യവും അനുഗ്രഹവുമായിട്ടാണ്‌ ഞാന്‍ കരുതുന്നത്‌.  ഇത്‌ വെറും ഒരു പൂരം മാത്രമല്ല; ഒരു സാംസ്കാരിക മേള കൂടെ ആണെന്ന് പറയാം. വിവിധ തുറകളില്‍ ഉള്ള കലാകാരന്മാരുടേയും ആസ്വാദകരുടേയും സംഗമ വേദി കൂടെയാണിത്‌. മട്ടന്നൂരിന്റേയും, പെരുവനം കുട്ടന്മാരാരുടേയും മേളം ആസ്വദിക്കുവാന്‍ കടല്‍ കടന്നും അന്യ നാട്ടുകാരായ ആളുകള്‍ എത്തുന്നു എന്നത്‌ എടുത്തു പറയേണ്ടതാണ്‌.

തിരുവമ്പാടി – പാറമേക്കാവ്‌ വിഭാഗങ്ങള്‍ തമ്മില്‍ മല്‍സരം ഉണ്ടോ?

ഒരിക്കലും അങ്ങിനെ പറയുവാന്‍ പറ്റില്ല. ഉത്സവം പരമാവധി ഭംഗിയാക്കുവാന്‍ ക്രിയാത്മകമായ സഹകരണമാണ്‌ ഇരു വിഭാഗവും ഉള്ളത്‌.

തൃശ്ശൂര്‍ പൂരത്തിന്റെ സംഘാടകരില്‍ ഒരാള്‍ എന്ന നിലയ്ക്ക്‌ പൂരത്തിന്റെ സംഘാടനത്തെ കുറിച്ച്‌ പറയാമോ?

പൂരത്തിന്റെ പ്രധാന പങ്കാളികള്‍ എന്ന് പറയുന്നത്‌ തിരുവമ്പാടി – പാറമേക്കാവ്‌ വിഭാഗങ്ങള്‍ ആണ്‌. ഘടക പൂരങ്ങള്‍ വരുന്ന ക്ഷേത്രങ്ങള്‍ക്കും പ്രാധാന്യം കുറയാത്ത സ്ഥാനം ഉണ്ട്‌.  മറ്റു പല പൂരങ്ങളില്‍ നിന്നും വ്യത്യസ്തമായി ലോകത്തിന്റെ കണ്ണും കാതും മനസ്സും എത്തുന്ന ഒന്നാണ്‌ തൃശ്ശൂര്‍ പൂരം. ഒരുപാട്‌ ആളുകളുടെ ഒത്തിരി നാളത്തെ അധ്വാനത്തിന്റെ പരിസമാപ്തിയെന്നു പറയാം ഓരോ പൂരവും.  ഓരോ വര്‍ഷവും പൂരത്തെ കൂടുതല്‍ മികവുറ്റതാക്കുവാനായി വളരെ ചിട്ടയോടെ മാസങ്ങള്‍ക്ക്‌ മുന്പു തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു.

പൂരത്തോടനുബന്ധിച്ച്‌ പലപ്പോഴും കേസുകളും പരാതികളും ഉയരാറുണ്ടല്ലോ?

തീര്‍ച്ചയായും  പൂരം കഴിഞ്ഞാല്‍ പലപ്പോഴും കേസുകള്‍ ഉണ്ടാകാറുണ്ട്‌. പൂരത്തിന്റെ സംഘാടനത്തിനു തന്നെ ഇതുമായി ബന്ധപ്പെട്ടവര്‍ ഒരുപാട്‌ എഫേര്‍ട്ട്‌ എടുക്കുന്നുണ്ട്‌. എന്നാല്‍ ഇതൊന്നും മാനിക്കാതെ, വ്യക്തി താല്‍പര്യത്തിനായും, മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റാനും മറ്റും ആണ്‌ പലരും ആനയുടേയും, വെടിക്കെട്ടിന്റേയും മറ്റും പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ കേസുകളും പരാതികളും നല്‍കുന്നത്‌. നേരു പറഞ്ഞാല്‍ ഓരോ പൂരത്തിനും ശേഷം ഇതിന്റെ ഉത്തരവാദിത്വ പ്പെട്ടവര്‍ക്ക്‌ കോടതി കയറേണ്ട അവസ്ഥയാണ്‌. ധാരാളം സമയവും പണവും ഇതിനായി ചിലവിടേണ്ടി വരുന്നു. ഇതൊന്നും പലപ്പോഴും  പൂരം ആസ്വദിക്കുന്ന ജനലക്ഷങ്ങള്‍ അറിയുന്നില്ല. പൂരത്തിനെതിരായി വലിയ ഒരു നീക്കം നടക്കുന്നുണ്ടെന്ന് സംശയിക്കേ ണ്ടിയിരിക്കുന്നു എന്നാണ്‌ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ഇക്കാര്യത്തില്‍ സര്‍ക്കാരും സമൂഹവും ക്രിയാത്മകമായി തന്നെ ഇടപെടണം. ലോക വിസ്മയങ്ങളില്‍ ഒന്നെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തൃശ്ശൂര്‍ പൂരം അതിന്റെ തനിമയോടെ നില നിര്‍ത്തേണ്ടത്‌ നേരു പറഞ്ഞാല്‍ സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്‌.

വെടിക്കെട്ട്‌ ആനയെഴുന്നള്ളിപ്പ്‌ എന്നിവയെ സംബന്ധിച്ചാണല്ലോ പലപ്പോഴും ആക്ഷെപങ്ങള്‍ ഉയരുന്നത്‌?

കൊടിയേറ്റം മുതല്‍ ഉപചാരം ചൊല്ലി പിരിയുന്നതുവരെ വളരെ ചിട്ടയോടെ കാലങ്ങളായി പിന്തുടരുന്ന ആചാര നിഷ്ഠകള്‍ പാലിച്ചും കൊണ്ടാണ്‌ പൂരത്തിന്റെ ഓരോ ഘട്ടവും. പൂരത്തിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത്‌ മഠത്തില്‍ വരവും, ഇലഞ്ഞിത്തറ മേളവും, തെക്കോട്ട് ഇറക്കവും കുടമാറ്റവും വെടിക്കെട്ടുമാണ്‌. അതില്‍ ആനയെയും മേളത്തേയും വെടിക്കെട്ടിനേയും ഒഴിവാക്കിയാല്‍ പിന്നെ തൃശ്ശൂര്‍ പൂരത്തിനു എന്തു പ്രസക്തിയും പ്രൗഡിയുമാണുള്ളത്‌? തൃശ്ശൂര്‍ പൂരം വടക്കും നാഥ സന്നിധിയില്‍ ആണ്‌ നടത്തേണ്ടത്‌, അല്ലാതെ മറ്റെവിടെയെങ്കിലും തൃശ്ശൂര്‍ പൂരം നടത്തണം എന്ന് പറയുന്നത്‌ ശുദ്ധ അസംബന്ധമാണ്‌. ഏകദേശാം 200 വര്‍ഷത്തെ പഴക്കം ഉണ്ട്‌ പൂരത്തിന്‌. എന്നാല്‍ അഞ്ചോ പത്തോ വര്‍ഷം മുമ്പ്‌ പണിത കെട്ടിടത്തിനു കേടുപാടു പറ്റും എന്ന് പറഞ്ഞ്‌ പൂരത്തിന്റെ ചടങ്ങുകള്‍ നിര്‍ത്തി വെക്കാന്‍ പറ്റുമോ? പണ്ടൊക്കെ ഗര്‍ഭം കലക്കി എന്നോക്കെ അറിയപ്പെടുന്ന വലിയ ശബ്ദത്തോടെ പൊട്ടുന്ന പടക്കങ്ങള്‍ ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം വര്‍ണ്ണതിനു നല്‍കി ക്കൊണ്‌, നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. വെടിക്കെട്ടിന്റെ കാര്യത്തില്‍ അനുമതി ലഭിക്കുവാന്‍ പല ബുദ്ധിമുട്ടുകളും ഉണ്ട്‌. വെടിക്കെട്ടിനായുള്ള സാമഗ്രികള്‍ മാസങ്ങള്‍ക്ക്‌ മുനപ് തന്നെ ഒരുക്കണം. എന്നാല്‍ പലപ്പോഴും അവസാന നിമിഷം ആണ്‌ വെടിക്കെട്ടിനു അനുമതി ലഭിക്കുക.

ഇന്ത്യയില്‍ കേരളത്തിലെ പോലെ ഉത്സവങ്ങളും ആനയെഴുന്നള്ളിപ്പും ഉള്ള മറ്റൊരു സംസ്ഥാനവും ഇല്ല. നിലവില്‍ ഉള്ള പല നിയമങ്ങളും ചട്ടങ്ങളും വാസ്തവത്തില്‍ കേരളത്തിലെ ഉത്സവങ്ങളുടെ നടത്തിപ്പിനു യോജിക്കുന്ന രീതിയില്‍ അല്ല. തൃശ്ശൂര്‍ പൂരം പോലെ ഉച്ചയ്ക്ക്‌ ആനകളെ എഴുന്നള്ളിക്കേണ്ട അപൂര്‍വ്വം ഉത്സവങ്ങളേ ഉള്ളൂ. അതു കൊണ്ട്‌ ചുരുങ്ങിയ പക്ഷം ഈ പൂരത്തിനെങ്കിലും നിയമങ്ങളില്‍ അനുയോജ്യമായ ഇളവുകള്‍ കൊണ്ടു വരുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാരും ജനപ്രധിനിധികളും ഗൗരവമായി ഇടപെടണം. അല്ലാത്ത പക്ഷം തൃശ്ശൂര്‍ പൂരം നടത്തി ക്കൊണ്ടു പോകുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

തൃശ്ശൂര്‍ പൂരത്തില്‍ ആനകളെ തിരഞ്ഞെടുക്കുന്നതിനെ കുറച്ച്‌ പറയാമോ?

പൂരത്തെ സംബന്ധിച്ച്‌ ആനകള്‍ ഒരു പ്രധാന ഘടകമാണ്‌. അഴകും അച്ചടക്കവും ഉള്ള ആനകളെ മാത്രമേ പരിഗണിക്കുകയുള്ളൂ. ധാരാളം ആളുകള്‍ ഒത്തു കൂടുന്ന സ്ഥലമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.  വെറ്റിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ദരായ ഒരു സംഘമാണ്‌ ആനകളെ തിരഞ്ഞെടുക്കുക. പ്രശ്ന കാരികള്‍ ആയതോ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതോ ആയ ആനകളെ ഒഴിവാക്കും. ആനയിടഞ്ഞാല്‍ ഉടനെ തന്നെ നിയന്ത്രണ ത്തിലാക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

അടുത്ത കാലത്തായി തൃശ്ശൂര്‍ പൂരത്തില്‍ പല പുതിയ ആനകളും എത്തുന്നുണ്ടല്ലോ?

ഉവ്വ്‌. പരമാവധി നല്ല ആനകളെ പങ്കെടുപ്പിക്കുവാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണത്‌. പല പല കാരണങ്ങളാല്‍ ദൂരെയുള്ള മികച്ച ആനകള്‍ക്ക്‌ തൃശ്ശൂര്‍ പൂരത്തില്‍ അവസരം ലഭിക്കാറില്ല,  ഇതില്‍ ഒരു മാറ്റം ഉണ്ടാകുവാന്‍ ആനക്കമ്പക്കാരും ഉത്സവം നടത്തിപ്പുകാരും ആഗ്രഹിച്ചിരുന്നു.  തെക്കന്‍ കേരളത്തില്‍ നിന്നും ഉള്ള മലയാലപ്പുഴ രാജനെപ്പോലുള്ള ആനകള്‍ കഴിഞ്ഞ തവണ എത്തിയിരുന്നു.  ഇത്തവണ തെക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ആനകളില്‍ ഒന്നെന്ന് പറയാവുന്ന തൃക്കടവൂര്‍ ശിവരാജു, അമ്പലപ്പുഴ വിജയകൃഷ്ണന്‍ തുടങ്ങിയ ആനകള്‍ എത്തുന്നുണ്ട്‌.

ആന ചമയ പ്രദര്‍ശനങ്ങളെ കുറിച്ച്‌?

ആനകള്‍ മാത്രമല്ല ആന ചമയങ്ങള്‍ക്കും പ്രസിദ്ധമാണ്‌. പൂരത്തിനു മുന്‍പു പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും ചയമങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. ഒരുപാട്‌ ആളുകള്‍ ഇതു കാണുവാനായി എത്തും. ചമയ ഒരുക്കുവാന്‍ മാസങ്ങള്‍ നീണ്ട പ്രയത്നം ആവശ്യമാണ്. കുടകളില്‍ ആണ് ഏറ്റവും കൂടുതല്‍ പുതുമകള്‍ കൊണ്ടു വരുന്നത്. കുടമാറ്റത്തിനായി ഒരുക്കുന്ന കുടകള്‍ കലയുടേയും കര വിരുതിന്റേയും മനോഹരമായ സമന്വയമാണ്‌.

വിദേശികളുടെ പങ്കാളിത്തത്തെപ്പറ്റി പറയാമോ?

ടൂറിസം രംഗത്തും പൂരം ഒരു വലിയ സാധ്യതയാണ്‌ തുറന്ന് നല്‍കുന്നത്‌. ധാരാളം വിദേശ സഞ്ചാരികളേയും പൂരം ആകര്‍ഷിക്കുന്നുണ്ട്‌.  നമ്മുടെ സംസ്കാരത്തിന്റെ ഒരു പധാന ഘടകമാണ്‌ തൃശ്ശൂര്‍പ്പൂരം. അതു കൊണ്ടാണ്‌ ഞാന്‍ നേരത്തെ പൂരം നില നിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സൂചിപ്പിച്ചത്‌. നമ്മുടെ ആള്‍ക്കാര്‍ക്കൊപ്പം നിന്ന് അവര്‍ ഇലഞ്ഞിത്തറ മേളവും, മഠത്തില്‍ വരവും ആസ്വദിക്കുന്നത്‌ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമാണ്‌. ഓരോ വര്‍ഷവും പൂരം ആസ്വദിക്കുവാന്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുള്ളത്‌.  പലപ്പോഴും ടൂറിസ്റ്റുകള്‍ക്ക്‌ തൃശ്ശൂരിലെ ഹോട്ടലുകളില്‍ മുറികള്‍ ലഭിക്കാറില്ല എന്നതാണ്‌ വാസ്തവം.

പൂരത്തിന്റെ ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്നാണല്ലോ പന്തലുകളും പൂരം എക്സിബിഷനും അതേ കുറിച്ച്‌?

കഴിഞ്ഞ വര്‍ഷം തിരുവമ്പാടി വിഭാഗം ഒരുക്കിയ പന്തല്‍ ലിംകാ ബുക്സ്‌ ഓഫ്‌ റിക്കോര്‍ഡില്‍ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും വലിയതും ആകര്‍ഷകവുമായ പന്തല്‍ എന്ന നിലയില്‍ ഇടം പിടിച്ചിരുന്നു. അതിനാവശ്യമായ എല്‍. ഈ. ഡി. ബള്‍ബുകള്‍ ചൈനയില്‍ നിന്നും കൊണ്ടു വരികയായിരുന്നു, ഇതു മൂലം ഭംഗി വര്‍ദ്ധിക്കുന്നതോടൊപ്പം വലിയ അളവില്‍ വൈദ്യുതി ലാഭിക്കുവാന്‍ കഴിഞ്ഞു. യു. ഏ. ഇ. യില്‍ ഉള്ള എന്റെ തന്നെ സ്ഥാപനത്തിലെ  തൊഴിലാളികള്‍ ആണ്‌ ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്‌.

വ്യാപാരത്തിനും വിജ്ഞാനത്തിനും വഴിയൊരു ക്കുന്നതാണ്‌ പൂരം എസ്കിബിഷന്‍. ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ഉല്‍പന്നങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക സ്ഥപനങ്ങളുടെയും, കാര്‍ഷിക സര്‍വ്വകലാ ശാലയുടേയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും മറ്റും സ്റ്റാളുകള്‍ ആളുകള്‍ക്ക്‌ പുതിയ അറിവു പകര്‍ന്നു നല്‍കുന്നു.

കേരളത്തിലെ ആന പരിപാലന രംഗത്തെ പ്രശനങ്ങളെ കുറിച്ചും, തന്റെ പ്രിയപ്പെട്ട ആനകളായ തിരുവമ്പാടി ശിവസുന്ദര്‍, അടിയാട്ട്‌ അയ്യപ്പന്‍ എന്നിവയെ പറ്റിയുമുള്ള ശ്രീ സുന്ദര്‍ മേനോന്റെ അഭിപ്രായങ്ങള്‍ അഭിമുഖത്തിന്റെ അടുത്ത ഭാഗത്തില്‍

തുടരും…

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആന വിശേഷങ്ങള്‍ പകര്‍ത്തുവാന്‍ E 4 elephant ടീമും

April 22nd, 2010

sreekumar-arookuttyആന പ്രേമികള്‍ക്കായി പൂരങ്ങളുടെ പൂരത്തിലെ ആനക്കാര്യങ്ങള്‍ അവതരി പ്പിക്കുവാനായി ഇത്തവണയും ഈ – ഫോര്‍ എലിഫെന്റ്‌ ടീം എത്തുന്നു. കഴിഞ്ഞ വര്‍ഷം പൂരത്തോട നുബന്ധിച്ച്‌ ആനകളേയും ആന പ്രേമികളേയും പാപ്പന്മാരെയും എല്ലാം ഉള്‍പ്പെടുത്തി ക്കൊണ്ട്‌ ഇവര്‍ ചെയ്ത പരിപാടി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അവതാരകനായ മാടമ്പു കുഞ്ഞുകുട്ടനടക്കം പ്രഗല്‍ഭരായ ഒരു ഒരു ടീം തന്നെ ആണ്‌ ഇത്തവണ E 4 Elephant നായി തൃശ്ശൂര്‍ പൂരം കവര്‍ ചെയ്യുവാന്‍ ഒരുങ്ങുന്നത്‌. മഴയുടെ ഭീഷണി നിലനില്‍ക്കു ന്നതിനാല്‍ എത്ര മാത്രം ഷൂട്ട്‌ ചെയ്യാന്‍ കഴിയും എന്ന് അറിയില്ല എങ്കിലും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുവാന്‍ ആണ്‌ ശ്രമമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ അരൂക്കുറ്റി e പത്രത്തോട്‌ പറഞ്ഞു.

കൈരളി ടി.വി. സംപ്രേക്ഷണം ചെയ്യുന്ന E 4 Elephant ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌.  ആനകളെ കുറിച്ച്‌ തുടര്‍ച്ചയായി അഞ്ചു വര്‍ഷമായി ഈ പ്രോഗ്രാം ഒരു ചരിത്രമായി മാറിയിരിക്കയാണ്‌.  ഓരോ ആനകളെ കുറിച്ചും കഥയും കാര്യവും ഇഴ ചേര്‍ത്ത്‌ പ്രോഫസര്‍ അലിയാര്‍ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു പോകുന്ന അവതരണ രീതി ഏവരേയും ആകര്‍ഷിക്കും. കണ്ണന്‍ മുഹമ്മ, വിനീഷ്‌, ദീപു അരൂക്കുറ്റി എന്നിവര്‍ ആണ്‌ E4-Elephant ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്‌.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

6 of 7567

« Previous Page« Previous « ആന കമ്പക്കാര്‍ക്ക്‌ ആവേശം പകരുവാന്‍ തൃക്കടവൂര്‍ ശിവരാജുവും
Next »Next Page » തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത്‌ സാംസ്കാരിക കേരളത്തിന്റെ ആവശ്യം – സുന്ദര്‍ മേനോന്‍ »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine