"കൊടുങ്കാറ്റ് കടപുഴക്കിയ
വരിക്കപ്ലാവിലാണ്
എന്നെ കൊത്തിയത്
പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടല്‍
ഇപ്പോഴുമുണ്ടുള്ളില്‍"
ടി. പി അനില്‍കുമാര്‍ എന്ന കവി നമുക്ക് സുപരിചിതനാണ്. ഇങ്ങനെ തനിക്കു വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും നെടുനീളന്‍ പൊട്ടലുകള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്ന കവികള്‍ സമകാലിക കാവ്യ ശാഖയില്‍ കുറഞ്ഞു വരിന്നില്ലേന്ന് സംശയിച്ചു പോകുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്.
ആഗോള വത്ക്കരണത്തിന്റെ ഭീതിദമായ ചങ്ങലകള്‍ അടി മുതല്‍ മുടി വരെ വരിഞ്ഞു മുറുക്കി ഓരോ മനുഷ്യനേയും തന്നിലേക്ക് ഒതുക്കി നിര്‍ത്തുമ്പോള്‍ കവികളും എഴുത്തുകാരും അതില്‍ നിന്ന് മാറി നടക്കുന്നത് തന്നെ അപൂര്‍വ്വമാണ്.
ഒഴുക്കിനൊത്തൊരു ഓതളങ്ങയായ് മാറാതെ കാഴ്ചകളിലെ വേറിട്ടൊരു ശബ്ദ വെളിച്ചമുള്ളകവിയാണ് ശ്രീ ടി. പി. അനില്‍ കുമാര്‍.
“എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ഏതു കുഞ്ഞിന്റേതാണിത്?”
(ഭൂമിയിലെഅടയാളങ്ങള് “ http://raappani.blogspot.com/2007/04/blog-post.html - ദേശാഭിമാനി വാരിക)
ചവിട്ടി നില്ക്കുന്ന ഭൂമിയോട് നീതി പുലര്‍ത്താന്‍, ഭൂമിയിലെ വിശപ്പിന്റെ അടയാളങ്ങളെ തിര്‍ച്ചറിയുന്ന സമകാലിക കവികളില്‍ എടുത്തുപറയേണ്ടുന്ന പേരാണ് ശ്രീ അനില്‍കുമാര്‍. അനില്‍കുമാറുമായി നമുക്കൊന്ന് സംസാരിച്ചു നോക്കാം. കവിതയിലെ കനലും കലമ്പലുകളുമായി ജീവിതത്തെ അടുത്തറിയാന്‍ കവി നമുക്കായ് എന്താണ് ബാക്കി വയ്ക്കുന്നത്.
“തകര്‍ന്ന നഗരങ്ങളിലേയ്ക്ക്
തിരിച്ചുപോകുന്നവര്‍
പ്രാണനും കൊണ്ടു പാഞ്ഞവരാണ്,
ഊരുതെണ്ടികളല്ല“
എന്ന് വിളിച്ചു പറയുന്ന കവി പത്ത് വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഒരാളാണ്. കവിക്ക് പ്രവാസ ജീവിതം ഗൃഹാതുരത്വത്തിന്റെ മധുരവും വേദനയും നിറയുന്ന ഓര്‍മ്മകള്‍ നല്‍കുമെങ്കിലും ജീവിതത്തിന്റെ സത്യസന്ധത ഇഷ്ടപ്പെടുന്ന കവിയാണ് അനില്‍കുമാര്‍.
ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളില്‍ നിന്നു കൊണ്ട് തന്നെ ശ്രീ രാജു ഇരിങ്ങലുമായി തന്റെ കാവ്യ ജീവിതത്തിലെ നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.
രാജു:-
താങ്കള്‍ പ്രതികരിക്കുവാനുള്ള മാധ്യമമായിട്ടാണൊ കവിതയെ കാണുന്നത്? താങ്കളുടെ കവിതയിലേയും ജീവിതത്തിലേയും രാഷ്ട്രീയ കാഴ്ചപ്പാട് എങ്ങിനെയാണ്?
അനില്‍:
ആദ്യത്തെ ചോദ്യത്തില്‍ത്തന്നെ കുടമുടഞ്ഞല്ലോ രാജു! എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം എന്നിങ്ങനെ ഒരു സാധാരണ തളിക്കുളത്തുകാരന്‍ വളരുന്ന വഴിയിലൂടെയാണ് ഞാനും വളര്‍ന്നുവന്നിട്ടുള്ളത്. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടെങ്കിലും ഇപ്പോളതിന്റെ പ്രവര്‍ത്തകനല്ല. കാരണം വിശദീകരിക്കേണ്ടി വരില്ലെന്നു വിചാരിക്കുന്നു. പറഞ്ഞു വരുന്നത്, ശരികേടുകളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒരായുധമല്ല കവിത എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. ഇത്രയേറെ ഉറക്കം ബാധിച്ച ഒരു സമൂഹത്തിനെ കൂകിയുണര്ത്താനുള്ള പൂങ്കോഴിയുടെ സ്വരം ഇക്കാലത്ത് കവിതയ്ക്കുണ്ടെന്ന് ധരിക്കുന്നത് ഒരു തരം കൈവിട്ട സ്വപ്നമാണെന്നു തോന്നുന്നു. എന്നു വച്ച് കവിതയില്‍ അത്തരം ശരികേടുകളോടുള്ള എതിര്‍പ്പിന്റെ സ്വരമുണ്ടാവുകയില്ല എന്നല്ല. കവിതയെഴുത്തില് രാഷ്ട്രീയമുണ്ട്, ഉണ്ടാവണം.
രാജു:
ശരികേടുകളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ഒരായുധമല്ല കവിത എന്ന് താങ്കള്‍ പറയുന്നുവെങ്കിലും താങ്കളുടെ ‘ഭൂമിയുടെ അടയാളങ്ങള്‍‘ പോലുള്ള കവിതകളില്‍ താങ്കള്‍ പ്രതിരോധത്തിനൊപ്പം അതിശക്തമായ മുന്നറിയിപ്പും ഒപ്പം ഒരു താക്കിതും നല്കാന് തയ്യാറായിട്ടുണ്ട്.
യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?”
ആസുരകാലത്തിന്റെ ഭീതിദമായ ചോദ്യവും പ്രതിരോധ സജ്ജമാകുന്ന ചോദ്യം ചെയ്യപ്പെടുന്ന മനസ്സും കവിതയില്‍ തെളിഞ്ഞു നില്ക്കുന്നു.
രാജു:
താങ്കളുടെ കവിതയില്‍ ഒരു ചിത്രകാരന്റേയോ അതുമല്ലെങ്കില്‍ ഒരു ശില്പിയുടേയോ മിടുക്ക് സൂക്ഷ്മത, പലപ്പോഴും കാണുന്നു. ചിലപ്പോള്‍ ശില്പി തന്നെ കവിതയില്‍ കടന്നു വരുന്നു. വിശദീകരിക്കാമൊ?
അനില്‍:
ഇല്ലല്ലോ. വളരെക്കുറച്ചേയുള്ളൂ. അതുതന്നെ എനിയ്ക്കു അറിയാവുന്നവര്‍ മാത്രം. എനിയ്ക്ക് ഏകദേശം പതിനാറു വയസ്സൊക്കെ ഉള്ളപ്പോള്‍ അമ്പലത്തില്‍ പൂരപ്പറയ്ക്കു കൊണ്ടുവന്ന ആന കുറുമ്പു മൂത്ത് അമ്പലത്തിന്റെ നടപ്പുരയും കല് വിളക്കും മറിച്ചിട്ടു. പൂരത്തിനു മുന്‍പ് നടപ്പുര പണി തീര്‍ക്കണം. അച്ഛനൊക്കെ അതിന്റെ ശ്രമത്തിലാണ്. അമ്പലത്തിന്റെ മുഖപ്പ് അച്ഛനാണു പണിതത്, ചെറിയ കൊത്തു പണികളൊക്കെയായിട്ട്. അതില്‍ ഒരു ശംഖ് കൊത്തണമായിരുന്നു. അച്ഛന് എന്നോടൊരു ശംഖ് വരയ്ക്കാന്‍ പറഞ്ഞു. മയിലെള്ളിന്റെ ഇളം പച്ചനിറമുള്ള മരത്തില്‍, കലാകൗമുദിയില്‍ നമ്പൂതിരി വരച്ച ശംഖ് നോക്കി ഞാന്‍ പകര്‍ത്തി. വൈകുന്നേരമായപ്പോഴേയ്ക്കും അച്ഛനതു കൊത്തിയെടുത്തിട്ടുണ്ടായിരുന്നു. ചെറിയൊരു മരപ്പലകയില്‍ ഞാന്‍ കൊത്തിയ ബുദ്ധശിരസ് ഇപ്പോഴും വീട്ടിലിരിപ്പുണ്ട്. പിന്നെ അച്ഛന്റെ പ്രിയമിത്രമായിരുന്ന കരുവാന്‍ കുമാരേട്ടന്റെ ആലയില്‍ വെട്ടുകത്തിയ്ക്ക് പിടിയിടാന് കൊണ്ടു വച്ച കാഞ്ഞിരവേരുകളിലൊന്ന് അടിച്ചു മാറ്റി ഉണ്ടാക്കിയ പക്ഷിത്തലയും.
രാജു:
മലയാള കവിതയില്‍ ഒരു ചലനാത്മകതയും നടക്കുന്നില്ല. കുറേ കവികള്‍ അവരുടെ പേരു നിലനിര്‍ത്താനോ തങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കാനോ വേണ്ടി മാത്രമാണ് എഴുതുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കളുടെ മറുപടി എന്തായിരിക്കും? എങ്ങിനെ നോക്കിക്കാണുന്നു?
അനില്‍: -
ബാലചന്ദ്രന് ചുള്ളിക്കാടിനു ശേഷം മലയാളത്തില്‍ കവികളുണ്ടായിട്ടില്ല എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. വെറുതേ പറഞ്ഞതുകൊണ്ടായില്ല. മലയാള കവിതയില്‍ ചലനാത്മകതയില്ലെന്നു പറയുന്നവര്‍ക്ക് മാറിയ സാമൂഹ്യ സാഹചര്യങ്ങള്‍ വെച്ച് തങ്ങളുടെ കാവ്യനിരീക്ഷണങ്ങളെ സ്ഥാപിച്ചെടുക്കേണ്ടതിന്റെ ഉത്തരവാദിത്തവുമുണ്ട്. നെടുമുടി വേണൂ സംവിധാനം ചെയ്തതാണെന്നു തോന്നുന്നു പണ്ടൊരു ടി.വി.സീരിയല്‍ കണ്ടിട്ടുണ്ട്, കൈരളീവിലാസം ലോഡ്ജ് എന്നായിരുന്നു അതിന്റെ പേരെന്നാണോര്‍മ്മ. അതില്‍ കൃഷ്ണന് കുട്ടിനായര്‍ അവതരിപ്പിച്ച ഒരു സ്വാതന്ത്ര്യസമരസേനാനിയുണ്ട്. പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് ' ഞാന്‍ വാര്ധായിലായിരിക്കുമ്പോള്' എന്ന് ഇടയ്ക്കിടെ പറയുന്ന ഒരു വൃദ്ധന്. പുതുകവിതയെക്കുറിച്ചു പറയുമ്പോള്‍ പെട്ടെന്ന് ഈ നിരീക്ഷകരൊക്കെയും പഴയ സമരകഥകള്‍ അയവിറക്കുന്ന വൃദ്ധഗോക്കളായി മാറുന്നു. അവരുടെ തിമിരനേത്രങ്ങളില് പുതിയ നാമ്പുകള്‍ കാണാതെ പോകുന്നു എന്നാണ് തോന്നിയിട്ടുള്ളത്.
രാജു:
താങ്കള്‍ പറഞ്ഞു വരുന്നത് മലയാള കവിതയില്‍ പുതു കവിതകള്‍ ശക്തമായ സാന്നിദ്ധ്യമായി നില നില്ക്കുന്നുവെന്നു തന്നെയാണല്ലേ..
കവിത്രയങ്ങളൊ കവിദ്വയങ്ങളൊ അതുമല്ലെങ്കില്‍ ഒരു മുഴുനീള കവിയൊ ഇന്ന് ഉണ്ടാകുന്നില്ല മാത്രവുമല്ല കവിത ഇന്ന് 100% പേര്‍ക്കും ഒരു ഹോബി മാത്രമായി, പേരിനുവേണ്ടിമാത്രമായി ചുരുങ്ങിപ്പോയി . എന്തുതോന്നുന്നു? ഇത്തരം നിരീക്ഷണങ്ങളോട് താങ്കളുടെ പ്രതികരണം എന്താവും?
അനില്‍: (മൌനം : - ഒരു പൊട്ട ചോദ്യം എന്ന നിലയില്‍ )
അപ്പോള്‍ എനിക്ക് ഓര്‍മ്മവന്നത് അനില്‍ കുമാറിന്റെ ‘പെന്ഗ്വിന്‘ (http://raappani.blogspot.com/2008/03/blog-post_31.html) എന്ന കവിതയാണ്.
കണ്ണുപൊത്തിക്കളിയെന്നു ചൊല്ലി
കണ്ണുകൊത്തിക്കളിക്കുന്നോ മക്കളേ?
കണ്ണുപൊത്തിത്തുറന്നാല്‍ തെളിയുവാന്‍
കത്തി നില്ക്കുന്ന കാഴ്ചകളില്ലെങ്കില്‍
കാറ്റിരമ്പത്തിനൊപ്പം കുതിക്കുവാന്‍
കാരിരുമ്പിന് ചിറകുകളില്ലെങ്കില്‍
കാഴ്ചയെന്തിനാണമ്മേ?
അനിലിന്റെ കവിതകളില്‍ സ്നേഹവും വിരഹവും ഇഴപിരിയാത്ത കൂട്ടുകാരാണ്. സ്നേഹം കുട്ടികളെ പോലെയാണെന്ന് അനിലിന്റെ ചില കവിതകളിലെങ്കിലും തോന്നിപ്പോകും. അല്ലെങ്കില്‍ കുട്ടികളാണ് സ്നേഹമെന്നും. ഒപ്പം ഒരു അച്ഛന്റെയോ അമ്മയുടേയൊ ആധി പങ്കുവയ്ക്കപ്പെടാതെ നിശ്ശംബ്ദനായ ഒരു അച്ഛന്റെ മനസ്സ് . അല്ലെങ്കിലും ‘അമ്മ’ എന്ന പദം ബിംബവല്‍ക്കരിക്കപ്പെട്ട കാലത്ത് അച്ഛനെ ആര് ഓര്‍മ്മിക്കാന്‍.
“ഉച്ചവെയിലില്‍
ഇരമ്പുന്നു പഞ്ചാരിക്കടല്‍
തിളങ്ങും ചമയങ്ങളില്‍
ചെവിയാട്ടം മറന്നു നില്പൂ
കാടു മറന്ന കൊമ്പന്മാര്
എനിയ്ക്കും ബലൂണ്‍ വേണം
പലനിറങ്ങളില്‍ പൂത്ത മരം
കൈ ചൂണ്ടി മോഹിച്ചുവോ
തിരക്കില്‍
ഞാന്‍ കേള്‍ക്കാതെയാവുമോ
കൈവിട്ടു പോയതാണോ
ഏയ്... ഞാന്‍ വന്നതൊറ്റയ്ക്കാണ്
വീട്ടില്‍, തുറന്ന പുസ്തകത്തിലവള്‍
ഉറങ്ങുകയാവും“
(വിരല്‍ത്തുമ്പുവിട്ടു പോകുന്നു: http://raappani.blogspot.com/2007/12/blog-post_29.html)
രാജു:
ഇന്നത്തെ കവികളെ കവിത എഴുതാന്‍ വേണ്ടി മഥിക്കുന്ന പ്രശ്നങ്ങള്‍ ഉള്ളതായി താങ്കള്‍ക്ക് തോന്നുന്നുവൊ?
അനില്‍:
ഇതൊരു തമാശച്ചോദ്യമായെടുക്കാം. കവികള്‍ക്ക് മാത്രമായി എന്തു പ്രശ്നമാണുള്ളത് എന്ന് പറയാമോ?
രാജു:
കവികള്‍ സമൂഹ മനസ്സിന് റെ ചോദ്യകര്ത്തക്കളാണ് എന്നാണല്ലോ സാധാരണ പറയാറുള്ളത്. കവികള്‍ / എഴുത്തുകാര്‍ സാധാരണ സമൂഹത്തിന് റെ പ്രശ്നങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. അല്ലെങ്കില്‍ പിന്നെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ , ഇത് ഭൂമിയാണ്, തുടങ്ങിയ നാടകങ്ങള്‍ ഉണ്ടാവേണ്ട കാര്യമില്ലല്ലോ.
താങ്കളുടെ പല കവിതകളിലും സ്ത്രീകള്‍ വിഷയമായി വന്നിട്ടുണ്ട്. അവരുടെ സൌന്ദര്യം താങ്കളെ പലപ്പോഴും വികാരപരവശമാക്കിയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ എങ്ങിനെപ്രതികരിക്കും? അതു പോലെ ഉരഗംപോല്‍ ഉടല് വഴക്കമുള്ള പെണ്ണുങ്ങള് എന്നും താങ്കള്‍ കവിതയില്‍ ഉപയോഗിച്ചിട്ടുണ്ട്.
സ്ത്രീകളെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?
അനില്‍:
അങ്ങനെ വല്ലതുമുണ്ടെങ്കില്‍ ചോദിക്ക്. എന്റെ വീടിനു തൊട്ടുതന്നെയാണ് ഞങ്ങളുടെ അമ്പലം. തരക്കേടില്ലാതെ ഭക്തര്‍ വന്നുപോകുന്ന സ്ഥലമാണ്. വീടിന്റെ മുന്നിലൂടെ ഒരു പൊതു വഴിയുമുണ്ടായിരുന്നു. ഒരു മൂന്നുനാലു വയസ്സൊക്കെ ഉള്ളപ്പോള്‍, ഞാന്‍ മുറ്റത്തിറങ്ങി നില്ക്കും. അമ്പലത്തില്‍ വരുന്നവരെ കാണാന്‍. പിന്നെ മുറ്റത്തുകൂടെ പത്താം കല്ലിലെ കാജാബീഡിക്കമ്പനിയിലേക്ക് ബീഡി കൊണ്ടു പോകുന്ന പെണ്‍കുട്ടികളെ കാണാന്‍. എന്നിട്ട് അടുക്കളയിലേയ്ക്കോടിച്ചെന്ന് അമ്മയോടും വല്യമ്മയോടുമൊക്കെ 'ദേ രണ്ടെണ്ണം മൂന്നെണ്ണം പെങ്കുട്ട്യോള് എന്ന് ആവേശത്തോടെ പറയുമായിരുന്നത്രേ. രണ്ടാം ക്ലാസ്സില്‍ ഒപ്പം പഠിച്ചിരുന്ന സുശീല ഇപ്പോള്‍ എവിടെയായിരിക്കും എന്നോര്‍ക്കാറുണ്ട്. അത്രയൊക്കെത്തന്നെ. എല്ലാവരും ചെയ്യുന്നതുതന്നെയല്ലേ അതൊക്കെ?
സ്ത്രീകളുടെ സൗന്ദര്യം കണ്ട് വികാരോന്മത്തനായി കുറിച്ച ഒരു കവിതയെങ്കിലും കാണിച്ചു തരാന്‍ കഴിയുമോ രാജുവിന്? വികാരോന്മത്തതയൊക്കെ പ്രണയമുള്ളിടത്തു മാത്രം. കവിതയിലേയ്ക്ക് അത് കയറി വരുന്നെങ്കില്‍ അതെന്റെ പ്രണയത്തിന്റെ ആധിക്യത്താല്‍ സംഭവിക്കുന്ന അപകടകരമല്ലാത്ത കരകവിയലായി കണ്ടാല്‍ മതി.സ്ത്രീകളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യം തന്നെ അപകടം പിടിച്ചതാണ്. പുരുഷനെ നോക്കിക്കാണുന്നതുപോലെത്തന്നെ എന്നു മറുപടി പറയേണ്ടി വരും. കാരണം സ്ത്രീകള്‍ എന്ന പദത്തിന് കാമുകിമാര്‍ എന്നല്ലല്ലോ അര്‍ത്ഥം.
രാജു:
സത്യത്തില്‍ അനില്‍കുമാറിനെ ഒന്ന് ചൊടിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ ‘വികാരോന്മത്തത’എന്ന വാക്കു തന്നെ ഉപയോഗിച്ചത്.
അനില്‍: (ഒരു ചിരിയില്‍ ഒതുക്കി കളഞ്ഞു )
രാജു:
വിശപ്പ്, ജീവിത പ്രയാസം, കഷ്ടപ്പാട് തുടങ്ങിയവയൊക്കെയും താങ്കള്‍ കവിതയ്ക്ക് വിഷയമാക്കിയിട്ടുണ്ടെങ്കിലും ഒരു അനാഥമായ മനസ്സാണ് അല്ലെങ്കില്‍ ഒറ്റയാന്റെ മനസ്സോ ഒറ്റപ്പെടലിന് റെ വേദനയോ ആണ് താങ്കളുടെ കവിത എന്ന് പറഞ്ഞാല്‍ എങ്ങിന് വിശദീകരിക്കും?
അനില്‍:
അതൊരുതരം കോമ്പ്ലെക്സില്നിന്നുണ്ടാകുന്നതാണ്. നിസ്സാര കാര്യങ്ങളെ ഊതിപ്പെരുപ്പിച്ച് അതിഭയങ്കരമായ വഴക്കുകളായി മാറുന്ന ഒരു കൂട്ടു കുടുംബത്തില്‍ സ്നേഹസമ്പന്നനാണെങ്കിലും അരാജകജീവിതം നയിച്ചിരുന്ന ഇളയപുത്രനായിരുന്നു എന്റെ അച്ഛന്. അമ്മയാണെങ്കില്‍ പേര്‍ഷ്യക്കാരായ വല്യച്ഛന്മാരുടെ ഭാര്യമാരുടെ ഭരണത്തിന്റെ ഇരയും. ചുരുക്കത്തില്‍ അമ്മയുടെ ദേഷ്യവും സങ്കടങ്ങളും തീര്‍ക്കാനുള്ള ഒരു ഉപകരണത്തിന്റെ റോള്‍ ആയിരുന്നു മൂത്തമകനായ എനിയ്ക്ക് ഉണ്ടായിരുന്നത്. നാലാംക്ലാസ്സില്‍ പഠിക്കുമ്പോള്‍, സ്കൂള്‍വിട്ടു വന്ന ഒരു വൈകുന്നേരം കാണുന്നത്, ആത്മഹത്യ ചെയ്യാന്‍ എന്റെ ഇളയ അനിയത്തിയേയുമെടുത്ത് അമ്പലക്കുളത്തില്‍ ചാടി പരാജയപ്പെട്ട് നനഞ്ഞു കുതിര്‍ന്നിരിക്കുന്ന അമ്മയേയാണ്. ഒരു ഇടിമിന്നല്‍പോലെ അന്നൊരു ചിന്ത ഉള്ളിലേയ്ക്ക് വീണു. അമ്മ എന്റെ നേരെ അനിയത്തിയെ മാമന്റെ വീട്ടിലാക്കിയിരുന്നു. ഇളയവള്‍ അമ്മയ്ക്കൊപ്പം അമ്പലക്കുളത്തില്‍ തീര്ന്നുകൊള്ളുമല്ലോ. അപ്പോള്‍ ഞാനോ? അതൊരു ചോദ്യമായിരുന്നു. അന്ന് അനാഥനായതാണ്. ഇന്നും, സങ്കടങ്ങള്‍ വന്ന് അമ്മയുടെ മടിയില്‍ കിടക്കുമ്പോഴും ആ അനാഥത്വം വിട്ടുമാറുന്നില്ല. അത് എഴുത്തിലേയ്ക്കും സംക്രമിക്കുന്നു. അത്ര മാത്രം.
രാജു:
ഒരു പഴയ ചോദ്യം .കവിക്ക് ആരോടാണ് പ്രതിബദ്ധത ആവശ്യം?
അനില്‍:
ഇതൊരു പഴയ ചോദ്യം തന്നെയാണ് രാജു, വിട്ടുകള.
രാജു:
താങ്കള്‍ എന്തിനാണ് കവിത എഴുതുന്നത്? അതു കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമാണ് ഉള്ളത്?
അനില്‍:
പതിനാറുകൊല്ലം ഗള്‍ഫില്‍ ജോലിചെയ്തിട്ടും, പരിക്കുകളോടെയെങ്കിലും ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എന്നെ ബോധ്യപ്പെടുത്താന്‍. അതാണതിന്റെ പ്രാഥമിക ലക്ഷ്യം.
രാജു:
താങ്കളുടെ മിക്ക കവിതയിലും മരം, മഞ്ഞമരക്കാതല്, ഉളി, ജനല്‍, വാതില്‍, കസേര തുടങ്ങിയ വാക്കുകള്‍ കടന്നു വരുന്നു. ഇതിന്റെ ഗുട്ടന്‍സ് എന്താണ്?
അനില്‍:
അതില്‍ ഗുട്ടന്‍സ് ഒന്നുമില്ല, ഗള്‍ഫിലേയ്ക്കു വരുന്നതിനു മുന്‍പ് നാട്ടില്‍ ആശാരിപ്പണിയെടുത്തിരുന്നതിന്റെ അടയാളങ്ങള്‍ ഇടത്തേക്കാലിന്റെ പെരുവിരലിലും ശരീരത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴുമുണ്ട്. ചിന്തേരിട്ട പച്ചമരം ഉണങ്ങാന്‍ വച്ച പണിപ്പുരയില്‍ രാവിലെ വന്നു കയറുമ്പോള്‍ അനുഭവിക്കുന്ന ഗന്ധം ഒരു ലഹരിയായി ഇപ്പോഴും സ്വപ്നത്തില്‍ വന്നു തൊടാറുണ്ട്.
ഇന്നു സെയ്താലിക്കേടെ വീട്ടില്‍ പൊളിച്ചു മേച്ചിലാണല്ലോ എന്നോര്‍ത്ത് ഇപ്പോഴും ചാടിയെണീക്കാറുണ്ട്. ഉറക്കത്തില്‍ മുഴുവന്‍ ഏതെങ്കിലും വീടിന്റെ മുറ്റത്തു കെട്ടിയ പണിപ്പുരയില്‍ ഇരുന്ന് കട്ടിളയോ, ജനലോ, വാതിലുകളോ ഉണ്ടാക്കുന്നത് സ്വപ്നം കാണുകയായിരിക്കും. ഗള്‍ഫില്‍ വന്നതും ആശാരിയുടെ വിസയിലായിരുന്നു. ആറുമാസം ഫാക്ടറിയില്‍ പണിയെടുത്തു. ഒരു ദിവസം കമ്പനിയിലെ ചീഫ് അക്കൗണ്ടന്റിന് ഒരു സഹായി വേണമെന്നു പറഞ്ഞ് അകത്തേയ്ക്ക് വിളിപ്പിച്ചു.
അങ്ങനെയാണ് എക്കണോമിക്സ് പഠിച്ചവന് നാട്ടില്‍ നിന്ന് കൊമേഴ്സ് പുസ്തകങ്ങള്‍ വരുത്തി വായിച്ച് അക്കൗണ്ടന്റിന്റെ കുപ്പായമിടുന്നത്. കൂടുതല്‍ കാശ് കിട്ടുമെന്നതുകൊണ്ടു മാത്രമാണ് ആശാരിപ്പണി വേണ്ടെന്നു വച്ചത്. പതിനാറു കൊല്ലമായിട്ടും ഇപ്പോഴും ഉള്ളില്‍ പച്ചമരത്തിന്റെ മണമുണ്ട്, അപ്പൊപ്പിന്നെ കവിതയെഴുതാനുള്ള ശ്രമങ്ങളില്‍ അവരൊക്കെ ഉള്‍പ്പെടാതെ പോകുമോ?
രാജു:
“ ധ്യാനം എന്നത്
ഇരയിലേയ്ക്ക് കുതിക്കും മുന്‍പ്
പുലി
പിന്‍കാലുകളില്‍ അമരുന്നതാണ് ”
എന്ന് താങ്കള്‍ എഴുതി. ഇത് വായിക്കുമ്പോള്‍ പുലിയുടെയും ഇരയുടേയും ചിത്രം വായനക്കാരനില്‍ വരുമെന്നു തീര്‍ച്ച. ഇത്തരം നിരീക്ഷണങ്ങള്‍ വായനയില്‍ നിന്ന് കിട്ടിയതാണൊ അതൊ താങ്കള്‍ കുട്ടിക്കാലത്തു തന്നെ നല്ല ഒരു പ്രകൃതിയേയും ജീവജാലങ്ങ\ളേയും സശ്രേദ്ധം നിരീക്ഷിക്കുമായിരുന്നൊ?
അനില്‍:
അറിയില്ല. കുട്ടിക്കാലത്തെ നിരീക്ഷണങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞതല്ലേ നമ്മള്.
രാജു:
താങ്കള്‍ക്ക് ഇഷ്ടപ്പെട്ട മലയാള കവികള്‍? ഏറ്റവും ഇഷ്ടപ്പെട്ട മനസ്സില്‍ നിന്ന് മറക്കാന്‍ പറ്റാത്ത രണ്ട് കവിതകള്‍?
അനില്‍:
കുഞ്ഞിരാമന് നായര്‍, കുമാരനാശാന്, വൈലോപ്പിള്ളി, ആറ്റൂര്‍, മേതില്‍, കല്‍പ്പറ്റ. അങ്ങനെ രണ്ട് കവിതകളായി പറയാന്‍ കഴിയില്ല. വായന എന്നത് അത്തരം ചതുരന് ചോദ്യങ്ങളിലൊതുങ്ങുന്നതല്ല.
അനില്‍ കുമാറിന്റെ കുടുംബം:
തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത് 1969ല്‍ ജനിച്ചു. അച്ഛന്: ടി.എന്‍.പ്രഭാകരന്, അമ്മ: ശാരദ. അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്മന്റ് ഹൈസ്ക്കൂള്, നാട്ടിക ശ്രീനാരായണ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1992 മുതല്‍ ഷാര്‍ജജയില്‍ ജോലി ചെയ്യുന്നു. ഭാര്യ ബിനി. ഇരട്ടക്കുട്ടികള്‍: നിരഞ്ജന്, അഞ്ജന.
ആദ്യ പുസ്തകം :
രണ്ട് അധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം)
ഇ-വിലാസം : anilantp@yahoo.com
ധ്യാനം എന്നത്
ഇരയിലേയ്ക്ക് കുതിക്കും മുന്‍പ്
പുലി
പിന്‍കാലുകളില്‍ അമരുന്നതാണ്
എന്ന് അനില്‍ എഴുതുമ്പോള്‍ വായനക്കാരന് അനുഭവിക്കുന്നത് ആക്രമണത്തിന്റെ ഭീതിയല്ല ഒരു ധ്യാനത്തിന്റെ ശാന്തതയും കുതിപ്പിനു മുമ്പുള്ള ആസുരമായ ശക്തിയുമാണ്. വരും നാളുകള്‍ അനില്‍ കുമാറിന് റെ കവിതകള്‍ മലയാള കാവ്യ സംസ്കാരത്തിന് പുതിയ വഴിത്തിരിവാകട്ടേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
അനില്‍ കുമാറിന്റെ ബ്ലോഗ്:
രാപ്പനി: http://raappani.blogspot.com/
ഇ-വിലാസം : anilantp@yahoo.com
രാജു ഇരിങ്ങലിന്റെ ബ്ലോഗ്:
ഞാന്‍ ഇരിങ്ങല്‍: http://komathiringal.blogspot.com/
http://komath-iringal.blogspot.com/
ഇ-വിലാസം : komath.iringal@gmail.com
Labels: anil_kumar, raju_iringal
8 Comments:
വളരെ നല്ല നിലവാരം പുലര്‍ത്തുന്ന അഭിമുഖം. പതിവു ശൈലികളില്‍ നിന്നും വേറിട്ട രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ച്, കവിയുടെ അറിയാത്ത ഭാവങ്ങള്‍ പകര്‍ത്തിയ ശ്രീ രാജുവിന് അഭിനന്ദനങ്ങള്‍.ശ്രീ ടി.പി യുടെ കവിതകള്‍ മലയാള കാവ്യ സംസ്കാരത്തിനൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് നിസ്സംശയം പറയാം..!
സ്നേഹപൂര്‍വ്വം
കുഞ്ഞന്‍ ബഹ്റൈന്‍
ഹൃദ്യമായ അനുഭവങ്ങള്‍ പങ്കുവെച്ചതിന് അനിലേട്ടനും അഭിമുഖം നടത്തിയതിന് ഇരിങ്ങലിനും നന്ദി.
അടുത്ത കുതിയ്ക്കുള്ള
ധ്യാനമായിരുന്നൂ ത-
ന്നിരിപ്പെന്നുണര്‍ത്തിച്ചു
ചാടിയ ജീവോന്മാദം
എന്റെ വാക്കിന്മേലൊരു
മാത്ര വന്നിരുന്നെങ്കില്‍,
അങ്ങനെയൊരുവാക്കി-
ലെന് ജീവനിരുന്നെങ്കില്‍!
............
പി പി രാമചന്ദ്രന്.
നല്ല നിലവാരം പുലര്‍ത്തുന്ന അഭിമുഖം.
അഭിനന്ദനങ്ങള്‍
ippozhum ekaanthathil irunnu
imganeyokke swathanthramaaayi chinthikkunnathu thanne valiya kaaryamaaanu.
aa nanma pamkuvekkunnu .
വെറുതെ അനിലനെ മിനക്കെടുത്തണമായിരുന്നൊ രാജൂ ?
അനിലന്റെ ചിരിയും മൌനവും തന്നോടുള്ള പരിഹാസമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും തെളിഞ്ഞില്ലെ !
അനിലനത് പറയില്ലെ,കാരണം അവൻ നല്ലവനാണ്. പാവം :(
സ്ത്രീകളെ എങനെ നോക്കിക്കാണുന്നു എന്ന ചോദ്യം അനാവശ്യമായിമായിപ്പോയി..വളര്‍ന്നുവരുന്ന കുട്ടികളെയെങ്കിലൂം വഴിതെറ്റിക്കാതിരിക്കുക..അനാവശ്യമായ ചോദ്യങ്ങള്‍ വായനക്കാരൂടെ മനസ്സിലേക്ക് എറിഞ്ഞ് കൊടുക്കാതിരിക്കൂ, ദയവായി..
Good Interview.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്