കാല് തെന്നി
താഴേക്കൂര്‍ന്നും
തൊലിയുരിഞ്ഞ്
ചോര പൊടിഞ്ഞുമാണ്
മരത്തില്‍ കയറിയത്,
വീട്ടുകാരിയും
കുട്ടികളും കാണാതെ.
അങ്ങിനെയാണ്
മരം കയറ്റവും
ഒളിച്ചോട്ടമാണെ ന്നറിഞ്ഞത്.
കൊമ്പൊടിഞ്ഞ് വീഴല്ലേ
താഴെ നിന്നവര്‍
വിളിച്ചു കൂവി
കൊമ്പത്താണല്ലൊ ഞാന്‍
ഇരിക്കുന്ന കൊമ്പ് മുറിക്കാം
കൊമ്പില്‍ തൂങ്ങി
സര്‍ക്കസ്സ് കാണിക്കാം
കൊമ്പില്‍ കൊമ്പില്‍ ചാടി
ഇല നുള്ളി,കായ് കൊത്തി
കൂടു വെച്ച് കൂടാം.
അപ്പോള്‍
മുകളിലെ കൊമ്പിലിരുന്ന്
കിളി കളിയാക്കി
കൂട് എനിക്കുള്ളതല്ലെ
ഞാനല്ലേ മുകളില്‍
ഉയരത്തെ കൊമ്പത്ത്...
കൊമ്പൊടിഞ്ഞ്
താഴേക്ക് വീഴുമ്പോള്‍
എന്റെ കൊമ്പേ എന്ന്
മരവും
എന്റെ കൂടേ എന്ന്
കിളിയും നിലവിളിച്ചു.
ഒടിഞ്ഞതാണെങ്കിലും
കൊമ്പത്തിരിക്കുമ്പോള്‍
ഞാനെന്തിന് നിലവിളിക്കണം?
-
നസീര്‍ കടിക്കാട്
കവിയുടെ ബ്ലോഗ്Labels: nazeer-kadikkad
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്