ഒന്ന്
ഏഴരമണിയുടെ പവര്‍ കട്ട് സമയം
ഒരൊറ്റ മെഴുകുതിരി വെളിച്ചത്തില്‍
ഒരു കുട്ടി മിഠായി ആവശ്യപ്പെട്ടപ്പോള്‍
ഉടുവസ്ത്രങ്ങളില്‍ ചെളിപുരളാതിരിക്കുവാന്
ലൈംഗിക ഉദ്ദീപനങ്ങളല്ലാത്ത കാലുകള്‍
വെളിവാക്കിയ ഒരു കൂട്ടം സ്ത്രീകളേയും
നോക്കിക്കൊണ്ടാണ് ദൈവം പറഞ്ഞതു
"നിന്നെ കാണാന്‍ പെണ്ണിനെ പോലെ എന്നു!"
രണ്ട്
രണ്ടാം ലോകമഹായുദ്ധകാലത്ത്
ഒരു മുല നഷ്ട്ടപ്പെട്ട ഒരു മൂന്നുമുലച്ചി പയ്യ്
നമ്മള് നിശ്ചലമായ് അവശേഷിപ്പിച്ച വിപ്ലവങ്ങളില്‍ മേഞ്ഞ സമയത്ത്
എന്റെ ചോദ്യത്തിനും നിന്റെ ഉത്തരം റ്റൈപ്പു ചെയ്യുന്നതിനും
ഇടയിലുള്ള സമയം കൊണ്ടാണ്
ദൈവം എന്നെ തൊട്ടത്!
ഒരു വിടന്റെ സ്പര്‍ശനത്തോടു സാദൃശ്യം തോന്നിയത്,
"തകര്‍ന്ന കടല്‍പ്പാലം കണക്കെ നിന്റെ ആ പല്ല്" എന്നു.
മൂന്ന്
ചുവന്ന ട്രാഫിക് സിഗ്നലിനു മുന്പില് വച്ചു
2 രൂപക്കു നിനക്ക് ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന
പൊതുകക്കൂസിനു മുന്പില് വച്ചാണു
ഞാന്‍ പ്രണയിച്ചതു!
ഓരോ നിമിഷവും മരണത്തെ
ഓരൊ നിമിഷവും പ്രണയം
അടുത്തിടപഴകി
യഥാക്രമം മേല്‍ വിലാസം നല്കി
പരിചയപ്പെട്ട്
മറ്റാരേക്കാളും ശ്രദ്ധകൊടുത്ത്
ഉപേക്ഷിക്കാനാകാത്ത വിധം എന്നൊക്കെ പറഞ്ഞ്
തികവൊത്ത ഒരു പ്രണയത്തിനു
ദൈവത്തെ തന്നെ ആവശ്യമുണ്ടായിരുന്നു
അതിനുശേഷം സംഭവിക്കുന്ന തികവൊത്ത ആ ഇടവേളക്കും.
നാല്
ഒന്നരചാണ്‍ വീതിയുള്ള ഒരഴുക്കു നദിക്കു
മുകളിലെ ആകാശം പൊട്ടിതകര്ത്തിട്ട്
ഫ്ലാഷ്ബാക്കുകളില്ലാത്ത പ്രേതങ്ങളെ ബക്കറ്റുകളടക്കം
വിരല്‍തൊട്ടാല്‍ മുറിഞ്ഞു പോയേക്കാവുന്ന
മഴയിലൂടെ അവന് കൊണ്ടു പോയി
അഞ്ച്
ഒരു ഫാബ്രിക് ശാലക്കുമുന്നിലൂടെ
ഞാന്‍ ദൈവത്തെ കടന്നുപോയപ്പോള്‍
സ്ക്രീനില്‍ മിനറല്‍ വാട്ടര്‍ പിടിച്ച വിദേശ വനിതയെ
തെളിഞ്ഞതു എന്തു കൊണ്ടാണെന്നു ചിന്തിച്ചാണു
കണ്ണാടിയില്‍ നെഞ്ചു പരിശോധിച്ചതു
ദൈവമേ!അതു വളര്‍ന്നു തുടങ്ങിയിരിക്കുന്നു!
-
അരുണ്‍ പ്രസാദ്http://abandonedby.blogspot.com/Labels: arunprasad
1 Comments:
iniyumorankathinu baalyamundaavatte
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്