1x
പുഴയനങ്ങാത്തത് കൊണ്ട്
നിശ്ചലമായി കിടക്കുന്ന ഒരാള്‍.
നാല് കരകളില്‍ അടുത്തതാണ്
അടുത്തടുത്ത കടവുകളിലേക്ക്
തള്ളി മാറ്റപ്പെട്ടു
ജലം തിന്നു മടുത്തതിന്റെ ബാക്കി
മീനുകള്‍ക്ക് ഒരു നേരത്തെ അന്നം
ചുഴികള്‍ പരുക്കേല്‍പ്പിച്ചതിന്റെ
അടയാളങ്ങള്‍ക്കൊപ്പം ഒഴുകിയൊഴുകി
മുടിക്കുത്തഴിയും പോലെ പിഞ്ഞിപ്പോയ
ശവമേയെന്ന് കാഴ്ചക്കാരന്
2x
പശ്ചാത്തലത്തില്‍
ഉറുമ്പുകളുടെ നീണ്ട നിര പതിയുന്നു
ചോണനുറുമ്പുകള്‍ , കട്ടുറുമ്പുകളുടെ
പിന് നിരയും , എന്തു കൂട്ടാണിവരെന്ന്
അത്ഭുതം കൂറുന്നു
പഴുക്കാറായ ചെമ്മണ്ണ് നിറത്തില്‍
ദീര്‍ഘ ചതുരാകൃതിയിലെ പാടം
പഴയ കിണര്‍
കുറെയേറെ ഭൂമിയനക്കങ്ങളെ
അതിജീവിച്ച ഓല മറച്ച കുളിപ്പുരകള്‍
ദ്രവിച്ച മുള കൊണ്ട് തടുത്ത് വച്ച
ചുവരിനു മേലേ പാതി തൂങ്ങുന്ന
നീലയും പച്ചയും പതിച്ച കൈലിമുണ്ട്.
ആരോ കുളിക്കുന്നുണ്ട് !
3x
ഉടുത്തൊരുങ്ങി ഉള്ളിലങ്ങനെ
കരകവിഞ്ഞ ഒരൊരുക്കം,
വായ്ക്കരിയിടണം
കത്തിക്കണം അസ്ഥി തെരയണം
വേരുകളും തണ്ടുകളും
ആരോടും സമ്മതം ചോദിക്കാതെ
പാഴ്ചെടികള്‍ക്ക് ഒറ്റിക്കൊടുത്തു
വായ് മൂടിയ ചിരട്ടക്കനല്‍
ചിതറിയ ഒരു നിശ്വാസത്തില്‍ ആളുന്നു
ശ്വാസം മുട്ടി മരിച്ചവരൊന്നും
ഇനി മരിച്ചിട്ടില്ല എന്ന് വരുമോ ?
-
അനീഷ് എ. ടി. കവിയുടെ ബ്ലോഗ് :
ഒപ്പുകടലാസ്Labels: anishat
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്