പച്ചമാങ്ങ കടിക്കുമ്പോലെയല്ല
പഴുത്ത മാങ്ങ കടിക്കുമ്പോള്‍
പച്ചയില്‍ നിന്ന് മഞ്ഞയിലേക്കുള്ള ദൂരം
എനിക്ക് നിന്നിലേക്കുള്ള വേഗം പോലെയാണ്.
ഞാന്‍ നിന്നെ കാണുമ്പോലെയല്ല
അക്കാമലയിലെ പുഷ്പങ്ങള്‍ തലയാട്ടുന്നത്
ചാഞ്ഞു ചരിഞ്ഞുംകുണുങ്ങിയും
പ്രണയസല്ലാപങ്ങള്‍ മറക്കുന്നത്
ഇതളടര്‍ന്ന് കരിഞ്ഞ് നീലിച്ച
ചെമ്പരത്തിപൂ പോലെയാണ്.
കാറല്‍മാക്സ് സ്വര്‍ഗ്ഗത്തിലെത്തിയാല്‍
അതൊരു ബൂര്‍ഷ്വാ സങ്കല്പമല്ലേ സഖാവേ എന്ന്
വിലപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയില്‍ നിന്ന്
ബുഷ് നഗരത്തില്‍ നിന്ന്
നരഗത്തിലേക്ക് പോകുന്നത്
ബീഡിത്തീയില്‍ നിന്ന്
എലിവാണത്തിന് തീപിടിപ്പിക്കും പോലെയാണ്.
നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന
ലക്ഷ്മണ രേഖപോലെയല്ല
കൊട്ടും കുരവയുമായി
ഞാന്‍ നെറ്റിയില്‍ വരച്ച
നിന്റെ സിന്ദൂര രേഖ.
അത്തിമരച്ചോട്ടിലെ കുരങ്ങന്റെ ഹൃദയം
മധുരിക്കുന്നത്
പുഴക്കടവില്‍ നിന്ന് നടുക്കടവിലേക്ക് തന്നെയാണ്.
കടല്‍ വറ്റുമ്പോലെയല്ല
കടല്പൂമ്പാറ്റ പറക്കുന്നത്
കടലാമകള്‍ ഇരതേടുന്നത്
പുറം നഗരങ്ങളിലാണ്.
മണല്‍ ലോറികള്‍ വന്നിറങ്ങുമ്പോള്‍
പൂണ്ടു പോകുന്ന കെട്ട മണം പോലെയല്ല
ചന്തയിലെ മുറുക്കാന്‍ വാങ്ങി ആഞ്ഞു തുപ്പുന്ന
മുട്ടിനപ്പുറം കയറ്റിവച്ച പവാടയുടുത്ത
സ്ത്രീയുടെ അരയില്‍ തൂങ്ങിയാടുന്ന കത്തി.
ഇല്ലാത്തത് ഉണ്ടെന്ന് പറയുമ്പോള്‍
കണ്ണുകള്‍ അടഞ്ഞു പോകുന്നത്
പൂച്ച പാലു കുടിക്കുമ്പോലെയാണ്
പകല്‍ കണ്ണടയ്ക്കുമ്പോള്‍ രാത്രിയാകുന്നത്
എത്ര പെട്ടെന്നാണ്!!!
-
രാജു ഇരിങ്ങല്‍Labels: raju-iringal
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്