പകുതിയോളം തേഞ്ഞ്,
പിടി തകര്‍ന്നൊരുളിയുണ്ട്
മേടി മേടി
ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടു വടിയുണ്ട്
കവുങ്ങിന് മുഴക്കോലില്‍
തെറ്റാത്ത അളവുകളുണ്ട്
മടക്കി വച്ച് ചോരയോടാതെ
മെലിഞ്ഞു പോയ കാലുകളുണ്ട്
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവി മേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്
കുനിഞ്ഞിരുന്ന്
ചിരട്ട ക്കയിലുണ്ടാക്കുന്നു
ആകാശം തൊടുമുയരത്തില്
ദാരു ഗോപുരങ്ങള്‍ പണിതയാള്‍
മാന്ത്രികന്റെ കയ്യിലെ
പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്, മുറ്റത്തു മുറു മുറുക്കും
നായയോട് അരി തിന്നതു പോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കു പോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു
മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ് പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെ പ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ
മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കും പോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢ ഭാവത്തില്‍
വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും
കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലു കളിലൊന്നെടുത്ത്
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?
വിഷു വരുന്നു
ഉപയോഗിക്കാ നാളില്ലാതെ
വീട്ടില്‍ നിന്ന് പുറപ്പെട്ടു പോയ
ചിരട്ടക്കയിലും മണ് പാത്രങ്ങളും
തിരിച്ചു വന്നിട്ടുണ്ട് അടുക്കളകളില്‍
വെറുതെയെന്തിനാ കുഞ്ഞേ
ഇന്ഷുറന്സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്
കയിലും കുത്തി നടക്കണ്!
-
ടി.പി. അനില്‍ കുമാര്‍Labels: t-p-anilkumar
5 Comments:
" പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും"
നിറയെ കവിതയുണ്ടാകട്ടെ
ഇതിനു വൃത്തമില്ലല്ലോ.വൃത്തമില്ലാത്ത കവിതകള്‍ ഞാനിനി വായിക്കൂല്ല :)
വിഷുക്കണി ഇതാണ്.നന്ദി.
കവിക്കും ഇ-പത്രത്തിനും വിഷു ആശംസകള്‍
അഞ്ചാം വയസ്സില്‍ ഒരു നഗരത്തിലെ ലൈന്‍ കെട്ടിടത്തില്‍ തടവിലാക്കപ്പെട്ടവനാണ് ഞാന്‍.പതിനഞ്ചാം വയസ്സുവരെ വീടും, പള്ളിക്കൂടവുമല്ലാതെ ഒന്നും കണ്ടിട്ടില്ല.അതുകഴിഞ്ഞ്തടവുചാടിയതില്പ്പിന്നെ കാണാന്‍ പാടില്ലാത്തതു മാത്രം തിരഞ്ഞടുത്ത് കാണാനായിരുന്നു പൂതി.പണ്ട് നഷ്ടപ്പെട്ട കാഴ്ചയുടെ വിരുന്നുകളൊക്കെ ഇന്ന് നിന്റെ കവിതയില്‍നിന്ന് കണ്ടെടുക്കുകയാണ് ഞാന്‍.ഗ്രാമം, നടവഴികള്‍, കാവ്, വലവുതിരിഞ്ഞുവരുന്ന പരുത്തിപ്പാവാടകള്,ചെവിയില്‍ മുറിപെന്സില് തിരുകിയ ആശാരി ഒക്കെ..
ഒരുപാട് ഇഷ്ടമായെടാ ഈ കണി
ഉപയോഗിക്കാ നാളില്ലാതെ
വീട്ടില്‍ നിന്ന് പുറപ്പെട്ടു പോയ
ചിരട്ടക്കയിലും മണ് പാത്രങ്ങളും
തിരിച്ചു വന്നിട്ടുണ്ട്.തിരിച്ചെത്തേണ്ട പലതും
അനാഥപ്രേതം പോലെ
വഴിയിൽ അവിടവിടെ കിടപ്പുണ്ട്.
എന്നെങ്കിലും തിരിച്ചെത്തുമായിരിക്കും.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്