കേരള ബില്‍ഡേഴ്സ് ഫോറത്തിന്റെ “കേരള പ്രോപ്പര്‍ട്ടി എക്സ്പോ - 2008” മെയ് 15 മുതല്‍ 17 വരെ ദുബായിലെ എയര്‍പോര്‍ട്ട് എക്സ്പോയില്‍ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പ്രമുഖ ബില്‍ഡര്‍മാരുടെ വിവിധ നഗരങ്ങളിലുള്ള വ്യത്യസ്ത പ്രോജക്റ്റുകള്‍ മേളയില്‍ പ്രദര്‍ശിക്കപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും എച്.ഡി.എഫ്.സി. ബാങ്കും സംയുക്തമായാണ് പ്രദര്‍ശനം സ്പോണ്‍സര്‍ ചെയ്യുന്നത്. കെ.ബി.എഫ്. ചെയര്‍മാനും ഇന്‍ഫ്ര ഹൌസിങ്ങ് ഡയറക്ടറുമായ ജോര്‍ജ്ജ് ഇ. ജോര്‍ജ്ജിന്റെയും, കെ.ബി.എഫ്. ജോയിന്റ് സെക്രട്ടറിയും എക്സിബിഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഡോ. നജീബ് സക്കറിയയുടേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കപ്പെടുന്നത്.
പ്രമുഖ ബില്‍ഡര്‍മാരുടെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഒരു നിര തന്നെ പ്രദര്‍ശനത്തിലുണ്ടാകും. തികച്ചും നൂതന സൌകര്യങ്ങളുള്ള വിവിധ പ്രോജക്ടുകളെ കുറിച്ച് കൂടുതലറിയാന്‍ പ്രദര്‍ശനം ഉപഭോക്താക്കള്‍ക്ക് സൌകര്യം ഒരുക്കും. വയര്‍ഫ്രീ ഇന്റര്‍നെറ്റ്, ബയോമെട്രിക്ക് എന്‍ട്രി, വീഡിയോ ഡോര്‍ഫോണ്‍ എന്നിങ്ങനെ ആകര്‍ഷണങ്ങള്‍ നിരവധിയാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണി വളരുന്നതിനൊപ്പം തന്നെ കമ്പനികള്‍ വളരെ നൂതനവും ഇക്കോ-ഫ്രണ്ട്ലിയുമായ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുമായും രംഗത്തെത്തുന്നു. ആഡംബരങ്ങള്‍ക്ക് മാത്രമല്ല ആത്മീയവും ബൌദ്ധികവുമായ സൌകര്യങ്ങള്‍ വരെ ഇപ്പോള്‍ മുന്‍ നിര അപ്പാര്‍ട്ടുമെന്റുകളില്‍ ലഭ്യമാണ്.
കഴിഞ്ഞ നാലു വര്‍ഷങ്ങളായി വളരെ വിജയകരമായ രീതിയില്‍ കെ.ബി.എഫ്. കേരള പ്രോപ്പര്‍ട്ടി എക്സ്പോ നടത്തി വരുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് എക്സ്പോ എന്ന സ്ഥാനം ഇപ്പോള്‍ കേരള പ്രോപ്പര്‍ട്ടി എക്സ്പോയ്ക്കുണ്ട്. ഓരോ വര്‍ഷവും സ്പോണ്‍സര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് അതിന്റെ പ്രതിഫലനമാണ് എന്ന് പ്രദര്‍ശനത്തിന്റെ സംഘാടകരായ ഇംപ്രസാരിയോ ഇവന്റ് മാനേജ്മെന്റ് എം.ഡി. ഹരീഷ് ബാബു പറഞ്ഞു.
ഭവന നിര്‍മ്മാണ വായ്പ നല്‍കാന്‍ കേരളത്തിലെ മിക്ക ന്യൂ-ജനറേഷന്‍ ബാങ്കുകളും ഉന്നം വയ്ക്കുന്നത് പ്രവാസി മലയാളികളെയാണ്. പ്രവാസികള്‍ കൂടി അപ്പാര്‍ട്ട്മെന്റുകളില്‍ നിക്ഷേപിക്കുന്നതോടെ, ആഡംബര അപ്പാര്‍ട്ടുമെന്റുകളുടെ ഡിമാന്റ് ഇനിയും കൂടും. തദ്ദേശീയ/പ്രവാസി മലയാളികളുടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന താത്പര്യങ്ങളും അപ്പാര്‍ട്ടുമെന്റുകളുടെ ഡിമാന്റ് കൂട്ടിയിട്ടുണ്ട്. നഗര മധ്യത്തില്‍ തിരക്കുകളില്ലാത്ത ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട് എന്ന പഴയ കാഴ്ചപ്പാട് മാറി ഇന്ന് സാമൂഹിക ജീവിതം ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ഫ്ലാറ്റ് ജീവിതവും അവര്‍ക്ക് പ്രിയങ്കരമായി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനകത്ത് കൊച്ചിയിലെ അപ്പാര്‍ട്ടുമെന്റുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഇരട്ടി ലാഭം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു മെട്രോ നഗരത്തില്‍ ജീവിക്കുന്ന സൌകര്യങ്ങളും സ്വന്തം നാട് എന്ന തോന്നലും കൂടിയാകുമ്പോള്‍, കൊച്ചി പ്രവാസികളുടെ ഇഷ്ട സ്ഥലമായി മാറുന്നു. കൊച്ചിയിലെ ഐ.ടി. മേഖലയുടെ വളര്‍ച്ചയും തൊഴില്‍ സാധ്യതകളും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാന്‍ യുവ തലമുറയെ പ്രേരിപ്പിക്കുന്നുണ്ട്.
ബില്‍ഡര്‍മാരുടെ പ്രവര്‍ത്തന പരിചയം, പ്രശസ്തി, വിശ്വസ്തത, ഗുണമേന്മ, ചട്ടങ്ങള്‍ പാലിക്കുന്നതിലെ ഉറപ്പ് എന്നിവ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പ്രധാന ഘടകങ്ങളാണ് എന്നും കെ.ബി.എഫ്. പത്രക്കുറിപ്പില്‍ പറഞ്ഞു.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്