ഗള്‍ഫില്‍ ഏറെ പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്സിന്റെ വിമത വിഭാഗം സംഘടിപ്പിച്ച വാര്‍ഷികാഘോഷം അബുദാബിയില്‍ നടന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ടി. എന്‍. ജയചന്ദ്രന്‍ വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സി.പി.എമ്മിന്റെ ഔദ്യോഗിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അബുദാബി ശക്തി തിയേറ്റേഴ്‌സും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിമത വിഭാഗം ശക്തി തിയേറ്റേഴ്‌സും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ഉല്‍ഘാടന വേളയില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
ഒരേ പേരില്‍ രണ്ട് സംഘടനകള്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നത് സാംസ്‌കാരിക രംഗത്തിന് കളങ്കമാണ്. ഗള്‍ഫില്‍ ഏറെ പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയെന്ന നിലയില്‍ ശക്തി തിയേറ്റേഴ്‌സിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ 'ശക്തി' അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അടുത്ത വാര്‍ഷികാഘോഷമാവുമ്പോഴേക്കും ശക്തി ഒന്നാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞു.
വിഭാഗീയതയുടെ പേരില്‍ സി.പി.എം. കേരളത്തില്‍ പിളരുന്നതിന് മുമ്പെ അബുദാബിയില്‍ പിളര്‍പ്പുണ്ടായത് ഖേദകരമാണ്-ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞു.
ഇ.എം.എസ്സിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തിയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്. ശക്തി വിമതവിഭാഗം പ്രസിഡന്റ് ഷംനാദ് അധ്യക്ഷനായിരുന്നു.
കേരള സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ബീരാന്‍കുട്ടി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം.അബ്ദുല്‍സലാം, യുവകലാസാഹിതി പ്രസിഡന്റ് ഇ.ആര്‍.ജോഷി, അബുദാബി മലയാളിസമാജം മുന്‍ പ്രസിഡന്റ് ചിറയിന്‍കീഴ് അന്‍സാര്‍, കെ.എസ്.സി. വനിതാ വിഭാഗം സെക്രട്ടറി വനജ വിമല്‍, ശക്തി വനിതാ വിഭാഗം പ്രസിഡന്റ് ജ്യോതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കൊമാല' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണം ശ്രദ്ധേയമായി.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്