സംഘടനയുടെ അച്ചടക്ക നടപടിക്ക് വിധേയനായി 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട കെ. മുരളീധരനെ ഇപ്പോള്‍ തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ മടങ്ങി വരുന്നത് പോലെയല്ല 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട ഒരാളെ തിരിച്ചെടുക്കുന്നത്. മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാവും എന്ന് താന്‍ കരുതുന്നില്ല. അതു പോലെ തിരിച്ചു വന്നില്ലെങ്കിലും ഒരു നഷ്ടവും ഉണ്ടാകില്ല. എന്തായാലും മുരളീധരന്‍ കോണ്‍ഗ്രസ്സില്‍ ഒരു അനിവാര്യ ഘടകമല്ല എന്ന് ഇതിനോടകം വ്യക്തമായതാണ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ തിരിച്ചു വരുന്നതില്‍ കുഴപ്പമില്ല എന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.
സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധമായ നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥിയായ ആര്യാടന്‍ ഷൌക്കത്തിന് അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
e പത്രം ആര്യാടന്‍ ഷൌക്കത്തുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ:
ആര്യാടന്‍ ഷൌക്കത്ത് - താങ്കളുടെ സിനിമകളില്‍ എല്ലാം തന്നെ മതപരവും സാമുദായികവുമായ വിഷയങ്ങള്‍ പ്രമേയമായി തെരഞ്ഞെടുക്കുന്നത് എന്തു കൊണ്ട്?
മതവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ല. എന്റെ ചുറ്റുപാടും കാണുന്ന കുറേ സംഭവങ്ങള്‍, അത് കൊണ്ടുണ്ടാവുന്ന കുറേ വേദനകള്‍, പ്രശ്നങ്ങള്... ഇവയെല്ലാമാണ് എന്റെ സിനിമയിലെ പ്രമേയങ്ങളായിട്ട് വന്നിട്ടുള്ളത്. അത് സ്വാഭാവികമായി മതവുമായി ബന്ധപ്പെട്ട വിഷയം ആയി പ്പോയി എന്ന് മാത്രം.
- ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മത സാമുദായിക വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുകയും താങ്കളുടെ രാഷ്ട്രീയ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യില്ലേ?
ഞാന്‍ ഒരു കാര്യം പറയുമ്പോള്‍, അതു കൊണ്ട് എനിക്കെന്ത് ഗുണം എന്ന് ഞാന്‍ നോക്കിയിട്ടില്ല. അത് പലപ്പോഴും മറ്റാരും പറയാതിരിക്കുകയും, നിര്‍ബന്ധമായും പറയണമെന്ന് തോന്നുകയും ചെയ്തത് കൊണ്ടാണ് എനിക്കത് പറയേണ്ടി വന്നത്. ആര്‍ക്കൊകെ ഇത് കൊണ്ട് അപ്രിയം ആകുന്നു, ആര്‍ക്കൊക്കെ ഇത് പ്രിയംകരമാവുന്നു എന്ന കാര്യം ഞാന്‍ ഇതു വരെ ആലോചിച്ചിട്ടില്ല. അത് കൊണ്ട് എനിക്കുണ്ടാവുന്ന നഷ്ടമെന്ത്, എനിക്കുണ്ടാവുന്ന ലാഭമെന്ത് എന്നും ഞാന്‍ ഇതു വരെ അന്വേഷിച്ചിട്ടില്ല. സ്വാഭാവികമായും നിര്‍ബന്ധമായും ഇവ പറയേണ്ടത് കൊണ്ടാണ് ഞാന്‍ അത് പറയാന്‍ ഇടയായത്.
- റിലയന്‍സ് പോലുള്ള വന്‍ കിട കുത്തക കമ്പനികള്‍ മലയാള സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു വരുന്നതിനെ കുറിച്ച്?
ഒരു ഭാഗത്ത് നമ്മള്‍ ഇത്തരം പാരലല്‍ സിനിമകളെ, അല്ലെങ്കില്‍ അക്കാഡമിക് സിനിമകളെ പ്രോത്സാഹിപ്പിയ്ക്കാന്‍ ആരുമില്ല എന്ന് പറഞ്ഞ് നിലവിളിക്കുകയും, അതേ സമയം റിലയന്‍സ് പോലുള്ള കമ്പനികള്‍ ഇതിനു വേണ്ടി രംഗത്ത് വരികയും ചെയ്യുമ്പോള്‍ അത് അധിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല.
- സിനിമ ഇത്തരത്തില്‍ ഒരു വന്‍കിട കോര്‍പ്പൊറേറ്റ് വ്യവസായം ആവുന്നത് ഇവിടത്തെ ചെറുകിട നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കില്ലേ?
ഒരിക്കലുമില്ല. അതെങ്ങനെ ബാധിക്കാനാ? റിലയന്‍സ് അല്ലല്ലോ കഥ എഴുതുന്നത്? ഡയറക്ടര്‍ കൊടുക്കുന്ന കഥ റിലയന്‍സ് പ്രൊഡ്യൂസ് ചെയ്യുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. ഡയറക്ടര്‍ പറയുന്ന കഥ, ഡയറക്ടര്‍ ചെയ്യുന്ന ഡയറക്ഷന്‍, അതില്‍ റിലയന്‍സിനൊരു പങ്കുമില്ല. റിലയന്‍സിന് ആവശ്യം നല്ല ഒരു ക്ലാസ്സിക് സിനിമ ഉണ്ടാവുക എന്നതാണ്.
- ലോ ബഡ്ജറ്റ് സിനിമയാണല്ലോ പലപ്പോഴും സമാന്തര സിനിമയായിട്ടും കലാമൂല്യമുള്ളത് എന്ന് പറയപ്പെടുന്ന സിനിമയായിട്ടും വരുന്നത്. അത്തരമൊരു സിനിമാ ശാഖ തന്നെ ഇല്ലാതാവാന്‍ ഉള്ള ഒരു സാധ്യതയില്ലേ?
ഒരിക്കലുമില്ല. നമുക്ക് നല്ല സാങ്കേതിക വിദഗ്ദ്ധരുണ്ട്, സാങ്കേതിക വിദ്യയുണ്ട്, പക്ഷെ അത്തരം സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ദ്ധരെയും ഉപയോഗിച്ച് നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത്, ഇത്തരം നല്ല സിനിമകള്‍ക്കുള്ള ബഡ്ജറ്റ് ഇല്ലാത്തത് കൊണ്ടാണ്. അത് തിയേറ്ററില്‍ ഓടുകയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. സ്വാഭാവികമായും ഇത്തരം സിനിമകള്‍ക്ക് നല്ല ടെക്നോളജിയെയും നല്ല ടെക്നോളജിസ്റ്റിനെയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്രൊഡ്യൂസര്‍ വരുന്നത് രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
- കലാകാരന്മാരുടെ സംഘടനകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടു വരുന്നത് വഴി സിനിമയില്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണ ത്തെ പറ്റി?
ട്രേഡ് യൂണിയന്‍ എന്നു പറഞ്ഞാല്‍ തൊഴിലാളികള്‍ സംഘടിക്കുകയും, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മേളിക്കുകയും, അതിനു വേണ്ടി പോരാടുകയും ചെയ്യുന്നത് എന്ന നിലയില്‍ ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്. പക്ഷെ, സിനിമ പോലുള്ള ഒരു വ്യവസായത്തില്‍, ഒരു വ്യവസായം എന്ന് പറയുമ്പോല്‍ അവിടെ ഒരു പ്രോഡക്ട് വേണം, ഒരു മാനുഫാക്ച്ചറിംഗ് വേണം, അതിനൊരു വിതരണം വേണം. ഒരു പ്രോഡക്ട് മാര്‍ക്കറ്റില്‍ ഇറക്കുന്നത് പോലെയല്ല സിനിമ ഇറക്കുന്നത്. ഏത് പ്രോഡക്ട് ഇറക്കുകയാണെങ്കിലും, ഒരു കമ്പനി ഇറക്കുന്ന പ്രോഡക്ടിന് ചില മാര്‍ക്കറ്റുകള്‍ എന്തായാലും ഉണ്ടാവും. എന്നാല്‍ സിനിമ അത്തരം ഒരു വ്യവസായമല്ലല്ലോ. അപ്പോള്‍ സ്വാഭാവികമായും അത്തരം പ്രതിസന്ധികള്‍ ഉള്ള ഒരു വ്യവസായത്തെ പരിരക്ഷിക്കാന്‍ ആണ് ഇത്തരം സംഘടനകളുടെ ആവശ്യമുള്ളത്. അല്ലാതെ ഇതിനെ തകര്‍ക്കാനല്ല. തകര്‍ക്കുന്ന നിലപാടുകള്‍ക്ക് ഈ സംഘടനാ സംവിധാനങ്ങള്‍ പോകുകയാണെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അതേ സമയം, സിനിമാ വ്യവസായത്തെ നില നിര്‍ത്താന്‍ ആണ് ഇത്തരം തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.
- സിനിമ എന്നത് വെറും ഒരു വ്യവസായം എന്നതിലുപരി സമൂഹത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമം ആണല്ലോ. ആ നിലയ്ക്ക് രാഷ്ട്രീയ സംഘടനകള്‍ സിനിമാ വ്യവസായത്തെ ഏറ്റെടുക്കുക എന്നതില്‍ ഒരു അപകടമില്ലേ?
അതിലൊന്നും കാര്യമില്ല. മദ്രാസില്‍ വളരെ ശക്തമാണ് സിനിമയിലെ സംഘടനാ സംവിധാനം. അത് ഒരിക്കലും അവിടത്തെ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലല്ലോ. മലയാളത്തില്‍ കൊടുക്കുന്നതിന്റെ ഇരട്ടി ബാറ്റ കൊടുക്കണം തമിഴില്‍. പക്ഷെ അത് ഒരിക്കലും അവിടെ സിനിമാ സംവിധാനത്തെ ബാധിച്ചിട്ടില്ല.
- താങ്കളുടെ സിനിമകള്‍ സാമ്പത്തികമായി വിജയമായിരുന്നുവോ?
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സാമ്പത്തിക ലാഭം നോക്കിയിട്ടല്ല സിനിമകള്‍ എടുത്തത്. പക്ഷെ എന്റെ മൂന്ന് സിനിമകളും ബ്രേക്ക് ഈവണ്‍ ആയിരുന്നു.
- താങ്കളുടെ അടുത്ത ചിത്രത്തെ പറ്റി?
എന്റെ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ടി. വി. ചന്ദ്രനും ഒരു ചിത്രം സംവിധാനം ചെയ്തത് ജയരാജും ആണ്. അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പുതിയ ഒരാളാണ്. രണ്ട് തീം മനസ്സിലുണ്ട്. ഒന്ന് ഒരു ഇന്റര്‍നാഷണല്‍ സബ്ജക്ട് ആണ്. ഒന്ന് സ്ത്രീധനവുമായി ബന്ധപെട്ട, പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് ആണ്. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഡൌറി ഇഷ്യു ആണെങ്കില്‍ സ്വാഭാവികമായിട്ടും അതിന്റെ ഒരു ഭാഗം പ്രധാനമായും പ്രവാസികളെ പറ്റി തന്നെയാണ് പരാമര്‍ശിക്കുന്നത്. അതിന്റെ ഒരു വലിയ ഭാഗം യു.എ.ഇ. യില്‍ വെച്ചു തന്നെ ഷൂട്ട് ചെയ്യണം എന്നാണ് വിചാരിക്കുന്നത്.
- സ്ത്രീധന രഹിത ഗ്രാമമായി നിലമ്പൂര്‍ പ്രഖ്യാപിക്കപ്പെട്ടല്ലോ. എന്നാല്‍ വാസ്തവത്തില്‍ സ്ത്രീധന വിരുദ്ധ മുന്നേറ്റം എത്രത്തോളം ഫലവത്താണ്? കേരളത്തിലെ സാക്ഷരതാ മുന്നേറ്റത്തിന്റെ ഫലമായി എല്ലാവരും സ്വന്തം പേര് എഴുതാന്‍ പഠിച്ചു എന്ന് പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു മുന്നേറ്റം മാത്രമായി ഒതുങ്ങുകയായിരുന്നുവോ നിലമ്പൂരിലെ സ്ത്രീധന വിരുദ്ധ മുന്നേറ്റം?
ഒരിക്കലും സ്ത്രീധന രഹിത ഗ്രാമമായി എന്റെ ഗ്രാമം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ലോകത്തില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന സ്ത്രീധനം ഒരു ഗ്രാമത്തില്‍ മാത്രം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്ന് യാതൊരു വ്യാമോഹവും ഞങ്ങള്‍ക്കില്ല. പക്ഷെ, എന്റെ ഗ്രാമത്തില്‍ 97 ശതമാനം വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് കൊണ്ട് ഒരു വര്‍ഷം 25 കോടി രൂപയുടെ കടബാധ്യത സാധാരണക്കാരന് വരുന്നു. ഇതില്‍ നിന്നും ഇവനെ രക്ഷിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന ആലോചനയുടെ ഭാഗമായിട്ടാണ് സ്ത്രീ ധന രഹിത ഗ്രാമം എന്ന പദ്ധതി ഉണ്ടായത്. അതിന്റെ റിസള്‍ട്ട് ഉണ്ടായിട്ടുമുണ്ട്. 97 ശതമാനം സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് ഇപ്പോള്‍ 62 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഇത് തുടരുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്.
- നിലമ്പൂര്‍ പോലുള്ള സഥലങ്ങളില്‍ ഭൂ മാഫിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
മാഫിയയൊന്നും നിലമ്പൂരില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ പുതിയ കാലഘട്ടത്തിലെ ഒരു പ്രയോഗമാണ് എന്തു പറഞ്ഞാലും അതിനോട് കൂടെ ഒരു മാഫിയ എന്ന്‍ കൂട്ടി ചേര്‍ക്കുന്നത്. അത്തരം വ്യാപകമായ ഒരു മാഫിയ ഇവിടെ ഭൂമി കച്ചവട രംഗത്ത് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം, മാഫിയ എന്ന് പറയുന്നത് ഇപ്പോള്‍ ദുബായില്‍ ഒക്കെ സംഭവിച്ചത് പോലെ കൃത്രിമമായി റിയല്‍ എസ്റ്റേറ്റ് വില സൃഷ്ടിക്കുകയും, അതിലൂടെ ഒരു ബൂമിംഗും ഉണ്ടാക്കുന്ന ഒരു സംഭവമാണ്.
- അത്തരത്തില്‍ ഉള്ള ഒരു ബൂമിംഗ് കേരളത്തിലും ഉണ്ടായിട്ടില്ലേ?
കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇല്ല. കൊച്ചിയിലൊക്കെ ഉണ്ട് എന്ന് കേള്‍ക്കുന്നുണ്ട്.
- സാധാരണക്കാരന് താങ്ങാന്‍ ആവുന്നതിലധികമായി ഭൂമി വില ഉയര്‍ന്നിട്ടുണ്ടല്ലോ?
ഗ്രാമങ്ങളിലൊന്നും ഇങ്ങനെയൊരു ബൂമിംഗ് ഉണ്ടായിട്ടില്ല.
- കെ. മുരളീധരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരുന്നതിനെ പറ്റി?
മുരളീധരന്‍ കോണ്‍ഗ്രസ്സിന് അനിവാര്യനല്ല എന്നു മാത്രമല്ല, മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നുമില്ല. അത് പോലെ, മുരളീധരന്‍ തിരിച്ചു വന്നില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. കോണ്‍ഗ്രസ്സിന് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല.
- മുരളീധരന്റെ തിരിച്ചു വരവിനെ സംഘടനയില്‍ നിന്നും പുറത്തു പോയവരുടെ തിരിച്ചു വരവിനെ പോലെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയുമോ?
തീര്‍ച്ചയായും ഇത് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം, കോണ്‍ഗ്രസ്സ് 6 വര്‍ഷത്തേയ്ക്ക് നടപടി എടുത്ത ഒരാളാണ് മുരളീധരന്‍. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ തിരികെ വരുന്നത് പോലെയല്ല മുരളീധരന്റെ തിരിച്ചു വരവ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ വന്നോട്ടെ. യാതൊരു കുഴപ്പവുമില്ല.
- ജനാധിപത്യ സംവിധാനത്തില്‍ സാമുദായിക മത നേതൃത്വം ഇടപെടുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം?
ഒരിക്കലും ഇടപെടാന്‍ പാടില്ല. മതത്തെ പൂര്‍ണ്ണമായും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ് സെക്കുലറിസം എന്ന കാഴ്‌ച്ചപ്പാട്. മതം ഒരുവന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്, അവന്റെ വ്യക്തി നിഷ്ഠയുമായി ബന്ധപ്പെട്ട കാര്യമാണ് മതം. ഭരണകൂടം എന്ന് പറയുന്നത്, രാജ്യത്തെ ഭരണഘടനയുമായി ബന്ധപ്പെട്ട്, പൊതുവായി മനുഷ്യരെല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനമാണ്. മതം തികച്ചും വ്യക്തിപരമാണ്. അത് വ്യക്തി നിഷ്ഠമാണ്.
- ചരിത്രപരമായി ഇന്ത്യയില്‍ ജനങ്ങളെ ഒരു പൊതു ആശയത്തിനു കീഴില്‍ കൂട്ടായി നിര്‍ത്തിയ ഒരു സംവിധാനമാണ് മതം എന്ന നിലക്ക് ജനാധിപത്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് പ്രസക്തിയില്ലേ?
ജനാധിപത്യത്തില്‍ മതത്തിന്റെ പേരിലുള്ള കൂട്ടായ്മയേക്കാള്‍, മതത്തിനപ്പുറത്ത്, മതേതരത്വത്തില്‍ അധിഷ്ഠിതമായ ഒരു കൂട്ടായ്മയാണ് വേണ്ടത്. എല്ലാ മതങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടത്. ഒരു പ്രത്യേക മതത്തിന്റെ പേരില്‍ ആളുകള്‍ സംഘടിക്കുന്നതിനേക്കാള്‍, എല്ലാ മതങ്ങളും ഒരുമിച്ച് പരസ്പരം സഹിഷ്ണുതയോട് കൂടി ജീവിക്കുന്ന ഒരു സംവിധാനം ഉണ്ടാവണമെങ്കില്‍, എല്ലാ മതങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്ന ഒരു രേഖയാണ് ഉണ്ടാവേണ്ടത്. അതാണ് മതേതരത്വം.
- ഫോട്ടോ : പകല്‍കിനാവന്‍
- ഗവേഷണം : എസ്. കുമാര്‍
Interview with Aryadan Shaukkath
Labels: interview, personalities, political-leaders-kerala
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്