26 December 2009
തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
സൌദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ മരവിപ്പിക്കുകയും അവര്‍ നടത്തുന്ന റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. ടി. എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സൌദിയിലെ ന്യൂ സനയയിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
ഒന്‍പതു മാസം മുന്‍പു വരെ എത്തിയ പലര്‍ക്കും ഇനിയും “ഇക്കാമ” എന്ന തൊഴില്‍ രേഖ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാമ ഇല്ലാതെ ഇവര്‍ക്ക് താമസ സ്ഥലത്തു നിന്നും വീട്ടിലേക്ക് പണമയക്കാന്‍ പോലും സാധിക്കില്ല എന്നതിനാല്‍ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ക്യാമ്പുകളില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി പലര്‍ക്കും ശമ്പളവും ലഭിച്ചിട്ടില്ല. മാത്രമല്ല, ഇക്കാമ ലഭിച്ച് പലരുടേയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കിയിട്ടുമില്ല. ഇവര്‍ക്ക് ഇതു മൂലം വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നടന്നാല്‍ പോലും നാട്ടില്‍ പോകാനും കഴിയില്ല. ഈ കാര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയ്ക്കും, വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനും, കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയ്ക്കും കത്തെഴുതുകയും ചെയ്തു. Labels: political-leaders-kerala, saudi
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്