29 June 2009
ദുബായ് ഒളിമ്പിക്സിന് ഒരുങ്ങുന്നു
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിന് ദുബായ് ശ്രമം തുടങ്ങി. ലോക സംഭവങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലോക തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന പരിപാടികള്‍ രാജ്യത്ത് നടത്തുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുകയാണ് സമിതിയുടെ പ്രധാന ചുമതല.
2020 ഒളിമ്പിക്സിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഗവണ്‍മെന്‍റ്, സ്വകാര്യ മേഖലയിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ദുബായ് 2020 എന്ന പേരിലാണ് ദുബായിയുടെ കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ലോകോത്തര പരിപാടികള്‍ക്ക് വേദിയൊരുക്കി രാജ്യത്തിന്‍റെ സാംസ്കാരിക, സാമ്പത്തിക വളര്‍ച്ചയും യശസ്സും ഉയര്‍ത്തുകയാണ് ലക്ഷ്യം. ദുബായിയുടെ പരിസ്ഥിതിയേയും സമൂഹത്തേയും ഭാവി തലമുറയ്ക്കായി പരുവപ്പെടുത്തുന്ന പദ്ധതികളാണ് ആവിഷ്ക്കരിക്കുക. കായികം, വിദ്യാഭ്യാസം, ബിസിനസ്, ശാസ്ത്രം, ടെക്നോളജി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെല്ലാമുള്ള പുരോഗതി ഈ പദ്ധതി ലക്ഷ്യമിടുന്നു. ഒളിമ്പിക്സ് ഗെയിംസും വേള്‍ഡ് എക്സ് പോയും ദുബായില്‍ സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന ദുബായില്‍ ഇത്തരത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ എന്തും നേടിയെടുക്കാന്‍ കഴിയുമെന്ന് ഭരണാധികാരികള്‍ ഉറച്ച് വിശ്വസിക്കുന്നു. അതു തന്നെയാണ് അവര്‍ പൊതു ജനങ്ങളോടായി പറയുന്നതും.
- സ്വന്തം ലേഖകന്‍
|
28 June 2009
വൈറസ് ബാധ; വന്‍ ഭക്ഷ്യശേഖരം കുവൈറ്റില്‍ പിടികൂടി
വയറസ് ബാധയേറ്റതെന്ന് സംശയിക്കുന്ന ഇറക്കുമതി ചെയ്ത വന്‍ ഭക്ഷ്യശേഖരം കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ പിടികൂടി. ഫുഡ് ആന്‍ഡ് ഡ്രഗ്സ് വുകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഒരു പ്രമുഖ കമ്പനി ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്സ് വിഭാഗം ഖാലെദ് അല്‍ സാഹ്മൂല്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
കുവൈറ്റില്‍ ആദ്യമായി മയക്കുമരുന്ന് കൃഷി പിടികൂടി.
കുവൈറ്റില്‍ ആദ്യമായി മയക്കുമരുന്ന് കൃഷി പിടികൂടി. കുവൈറ്റിലെ അദ്നാന്‍ എന്ന പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് മരിജുവാന ചെടികള്‍ പിടികൂടിയത്. ഫാം നടത്തിപ്പുകാരനായ അര്‍മേനിയന്‍ വംശജനെ പൊലീസ് പിടികൂടി.
- സ്വന്തം ലേഖകന്‍
|
അല്‍ഖൂസില്‍ വന്‍ അഗ്നിബാധ
|
എയര്‍ ഇന്ത്യയുടെ ഷെഡ്യൂളില്‍ മാറ്റം
എയര്‍ ഇന്ത്യയുടെ ജിദ്ദാ-കോഴിക്കോട് ഷെഡ്യൂളില്‍ ഒന്നാം തീയതി മുതല്‍ മാറ്റം വരും. ജൂലൈ മുതല്‍ ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. ഈ സെക്ടറില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പുതിയ ഷെഡ്യൂളനുസരിച്ച് ബുക്കിംഗില്‍ മാറ്റം വരുത്തണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ നിര്‍ദേശിച്ചു.
- സ്വന്തം ലേഖകന്‍
|
25 June 2009
സ് പോണ്‍സര്‍ സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവിലുള്ള സ് പോണ്‍സര്‍ സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബഹ്റിന്‍ ഓഗസ്റ്റ് മുതല്‍ ഈ സംവിധാനം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
സ് പോണ്‍സര്‍ഷിപ്പ് സംവിധാനം ഓഗസ്റ്റ് ഒന്ന് മുതല്‍ ഒഴിവാക്കുമെന്ന് മെയിലാണ് ബഹ്റിന്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ മറ്റ് തൊഴിലുകളിലേക്ക് മാറാനുള്ള അവസരമാണ് ലഭ്യമാവുക. ബഹ്റിന്‍ തൊഴില്‍ മന്ത്രി മജീദ് അല്‍ അലാവിയുടെ പ്രഖ്യാപനത്തെ ആഹ്ലാദത്തോടെയാണ് വിദേശ തൊഴിലാളികള്‍ വരവേറ്റത്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം നിലവിലുള്ള ഈ സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന് തുടങ്ങിയിരിക്കുന്നു. സ്പോണ്‍സര്‍ഷിപ്പ് സംവിധാനം യു.എ.ഇയും ഒഴിവാക്കണമെന്ന് ദുബായ് പോലീസ് ചീഫ് ആയ ലഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം ആവശ്യപ്പെട്ടു. സ്പോണ്‍സറായ യു.എ.ഇ പൗരന്മാര്‍ക്ക് ഈ സംവിധാനം ബുധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഓരോ തൊഴിലാളിയുടേയും പ്രശ്നങ്ങളില്‍ ഇടപെടേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ക്ക് പൊതുവായ താമസ സൗകര്യം ഒരുക്കുന്നതിന് പകരം അവര്‍ക്ക് പൊതുവായ ശമ്പളം നല്‍കുകയും താമസ സൗകര്യം സ്വയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം നല്‍കുകയും ചെയ്യണമെന്നും ദാഹി ഖല്‍ഫാന്‍ പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന് കുവൈറ്റില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള പുതിയ തൊഴില്‍ നിയമത്തില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ എടുത്ത് മാറ്റുന്നതിന് എം.പിമാര്‍ മുന്‍കൈ എടുക്കണമെന്ന് കുവൈറ്റിലെ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി തവിയത്ത് അല്‍ ഹാറൂനാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഏതായാലും വിവിധ രാജ്യങ്ങളില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ വിദേശ തൊഴിലാളികള്‍ ഇത് ഭാവിയില്‍ നടപ്പിലാവുമെന്ന പ്രതീക്ഷയിലാണ്.
- സ്വന്തം ലേഖകന്‍
|
24 June 2009
യു.എ.ഇയില്‍ കള്ളനോട്ട് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
യു.എ.ഇയില്‍ കള്ളനോട്ട് വ്യാപാരം ഉള്‍പ്പടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാപലിക്കുകയാണ്. സാമ്പ്തതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് സൂചന. പോയ വര്‍ഷം 13,000 കേസുകളാണ് സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇത് 10 ശതമാനം വര്‍ധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
- സ്വന്തം ലേഖകന്‍
|
ആശുപത്രികള്‍ക്കെതിരെയുള്ള പരാതി കുറഞ്ഞു
ദുബായ് എമിറേറ്റിലെ പബ്ലിക് ആശുപത്രികള്‍ക്ക് എതിരേയുള്ള പരാതികള്‍ 50 ശതമാനവും സ്വകാര്യ ആശുപത്രികള്‍ക്ക് എതിരേയുള്ള പരാതികള്‍ 30 ശതമാനവും കുറഞ്ഞു. ദുബായ് ഹെല്‍ത്ത് കെയര്‍ അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 78 പരാതികളാണ് ഇരു വിഭാഗങ്ങളിലുമായി അഥോറിറ്റിക്ക് ലഭിച്ചത്. 2007 ല്‍ ഇത് 119 പരാതികളായിരുന്നു. ചികിത്സയിലെ പിഴവ് ഒഴിവാക്കുന്നതിനായി അഥോറിറ്റി ഏര്‍പ്പെടുത്തിയ നടപടികളാണ് പരാതി കുറയുന്നതിന് ഇടയാക്കിയത്.
- സ്വന്തം ലേഖകന്‍
|
കുവൈറ്റില്‍ എമര്‍ജന്‍സി നമ്പര്‍ മാറുന്നു
കുവൈറ്റില്‍ അടിയന്തര സഹായം ലഭിക്കുന്നതിന് വിളിക്കേണ്ട ഫോണ്‍ നമ്പറില്‍ മാറ്റം വരുന്നു. നിലവിലുള്ള 777 എന്ന എമര്‍ജന്‍സി ടെലഫോണ്‍ നമ്പറിന് പകരം 112 ആയിരിക്കും പുതിയ നമ്പര്‍. എമര്‍ജന്‍സി നമ്പര്‍ 112 ആക്ക് അടുത്ത് തന്നെ മാറ്റുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം
കുവൈറ്റ് തൊഴില്‍ രംഗത്ത് നിലവിലുള്ള സ്പോണ്‍സര്‍ഷിപ്പ് സംവിധാനം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. മനുഷ്യകടത്തിന്‍റെ പേരില്‍ അന്താരാഷ്ട്ര രംഗത്ത് കുവൈറ്റിന്‍റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിക്കുന്നതിന് പ്രധാന കാരണം ഈ വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
- സ്വന്തം ലേഖകന്‍
|
23 June 2009
പാസ്റ്റര്‍ രാജു ജോണ്‍ അബുദാബിയില്‍
അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ കേരളത്തിലെ പ്രശസ്തനായ പാസ്റ്റര്‍ രാജു ജോണ്‍, തിരുവനന്തപുരം പ്രഭാഷണം നടത്തുന്നു. ജൂണ്‍ 26 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി സെന്റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ എം. സി. സി. ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53 Labels: associations
- ജെ. എസ്.
|
അബുദാബിയിലും വരുന്നൂ പാര്‍ക്കിംഗ് ഫീസ്
ഒക്ടോബര്‍ ഒന്ന് മുതല്‍ യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിയിലും പാര്‍ക്കിംഗ് ഫീസ് വരും. ഫീസ് നിരക്കും പിഴയും അടുത്തമാസം അറിയിക്കുമെന്ന്അബുദാബി നഗരസഭ പാര്‍ക്കിംഗ് മാനേജ്മെന്‍റ് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ദുബായിലും ഷാര്‍ജയിലും അജ്മാനിലും ഇപ്പോള്‍ തന്നെ പാര്‍ക്കിംഗ് ഫീസ് നിലവിലുണ്ട്.
- സ്വന്തം ലേഖകന്‍
|
സൌദി തടവുകാര്‍ ഭാര്യമാര്‍ക്കൊപ്പം താമസിച്ചു
കഴിഞ്ഞ വര്‍ഷം പതിനായിരത്തി അറനൂറ്റി നാല്‍പ്പത്തി ഒമ്പത് സൗദി തടവുകാര്‍ ഭാര്യമാര്‍ക്കൊപ്പം താമസിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയെന്ന് സൗദി ജയില്‍ അധികൃതര്‍ അറയിച്ചു. ലോകത്ത് ആദ്യമായി 22 വര്‍ഷം മുന്‍പാണ് സൗദി അറേബ്യ ഈ പദ്ധതി നടപ്പാക്കിയത്. തടവുകാരുടേയും കുടുംബത്തിന്‍റേയും മാനസിക സംഘര്‍ഷം കുറക്കാനും കുടുംബ ബന്ധം തകരാതിരിക്കാനും ഈ പദ്ധതി സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
- സ്വന്തം ലേഖകന്‍
|
പ്രവാസികള്‍ക്കായി മത്സരങ്ങള്‍
പരിസ്ഥിതി, വികസനം, മനുഷ്യന്‍, ഇസ്ലാം എന്ന പ്രമേയത്തില്‍ ജിദ്ദയിലെ തനിമ നടത്തിവരുന്ന കാമ്പയിനോട് അനുബന്ധിച്ച് പ്രവാസികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതല്‍ 6.30 വരൊണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0538744725 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- സ്വന്തം ലേഖകന്‍
|
പി.ഡി.പിയുടെ ഗള്‍ഫിലെ പേര് മാറുന്നു
ഇടതുഭരണത്തിന് എതിരെയുള്ള ജനവികാരം ലോകസഭ തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നി പറഞ്ഞു. ഇടതുമുന്നണി പ്രവേശനം തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മദനി ജിദ്ദയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിഡിപിയുടെ പ്രവാസി സംഘടനകള്‍ ഇനി മുതല്‍ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇതിന്‍റെ ഭാഗമായി സൗദിയില്‍ ഉണ്ടായിരുന്ന പിവിഐ കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി അബ്ദുള്‍ നാസര്‍ മദനി അറിയിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പിസിഎഫ് കമ്മിറ്റികള്‍ രൂപീകരിച്ചതായും അദേഹം അറിയിച്ചു. സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി പിഡിപി പ്രതിനിധി ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും അദേഹം പറഞ്ഞു.
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
ശശി തരൂര്‍ ഇന്ന് യു.എ.ഇയില്‍ ; സ്വീകരണപരിപാടികള്‍ ബഹിഷ്ക്കരിക്കുമെന്ന് സംഘടനകള്‍
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ഇന്ന് യു.എ.ഇയില്‍ എത്തുന്നു. ഉച്ചയ്ക്ക് ദുബായിലെത്തുന്ന അദ്ദേഹം വൈകുന്നേരം ഏഴിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. അതേസമയം പല ഇന്ത്യന്‍ സംഘടനകളും പരിപാടി ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിലാണ്. ഇന്നലെ വൈകുന്നേരം ആറിന് മാത്രമാണ് കോണ്‍സുലേറ്റ് തങ്ങളെ വിവരം അറിയിച്ചതെന്നും ഇത്രയും ചെറിയ നോട്ടിസീല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എന്നീ സംഘടനകള്‍ പരിപാടി ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്
- സ്വന്തം ലേഖകന്‍
|
നിരക്കുകള്‍ പ്രഖ്യാപിച്ചു; ദുബായ് ട്രെയിന്‍ സെപ്തംബര്‍ 9 ന് ഓടിത്തുടങ്ങും
ദുബായ് മെട്രോ ട്രെയിനിന്റെ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് രണ്ട് ദിര്‍ഹം ആയിരിക്കും. യൂണിഫൈഡ് കാര്‍ഡ് സിസ്റ്റം ഉപയോഗിച്ചാണ് ടിക്കറ്റ് ഈടാക്കുക. 80 ഫില്‍സ് മുതല്‍ 5 ദിര്‍ഹം 80 ഫില്‍സ് വരെയാണ് നിരക്ക്. വൃദ്ധര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക നിരക്ക് ഉണ്ട്. കുട്ടികള്‍ക്ക് ഒരു മാസത്തെ കാര്‍ഡിന് 170 ദിര്‍ഹവും വൃദ്ധര്‍ക്ക് 30 ദിര്‍ഹവുമാണ് ചാര്‍ജ്ജെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്താര്‍ അല്‍ തായിര്‍ അറിയിച്ചു. ഒരു ദിവസത്തെ പാസിന് 14 ദിര്‍ഹമാണ് നിരക്ക്. ഈ കാര്‍ഡ് കൊണ്ട് മെട്രോ ട്രെയ്നിലും ബസിലും വാട്ടര്‍ ബസിലും കയറാം. മെട്രോയുടെ റെഡ് ലൈന്‍ സെപ്തംബര്‍ 9 ന് ആരംഭിക്കും.
- സ്വന്തം ലേഖകന്‍
|
റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണം
ദുബായ്: സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും റേഷന്‍ കാര്‍ഡ് വിതരണം ഏതാണ്ട് പൂര്‍ത്തിയായിട്ടും കാസര്‍കോഡ് താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണെന്നും പാസ്പോര്‍ട്ടിനും ഗ്യാസ് കണക്‍്ഷനും ഉള്‍പ്പെടെയുള്ള മറ്റ് വിവിധ ആവശ്യങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനാല്‍ കാസര്‍കോഡ് താലൂക്കിലെ 1.25 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ റേഷന്‍ കാര്‍ഡ് ലഭിക്കാത്തതുകാരണം പ്രയാസത്തിലാണെന്നും അതിനാല്‍ കാര്‍ഡ് വിതരണ ത്തിനുള്ള അനിശ്ചിതത്വം ഒഴിവാക്കി എത്രയും വേഗം റേഷന്‍ കാര്‍ഡ് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സിക്രട്ടരി ആലൂര്‍ ടി. എ. മഹ്മൂട് ഹാജി അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
എഴുവര്‍ഷം മുമ്പ് തയ്യാറാക്കിയ റേഷന്‍ കാര്‍ഡുകളാണ് ഇപ്പോഴുള്ളത്. ഇവയുടെ മിക്ക കവറിനു പുറത്തുപോലും റേഷന്‍ കടയില്‍നിന്നു വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ അടയാളപ്പെടുത്തി വികൃതമാക്കിയിരിക്കുകയാണ്. കാസര്‍കോട്ട് രണ്ട് ഭാഷകളില്‍ റേഷന്‍ കാര്‍ഡ് അച്ചടിക്കേണ്ടി വരുന്നുഎന്നകാരണം പറഞ്ഞ് കാര്‍ഡ് വിതരണം താമസിപ്പക്കുകയാണ്. ജൂണ്‍ 30നകം സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം മുമ്പ് നല്‍കേണ്ട റേഷന്‍ കാര്‍ഡുകള്‍ ഇപ്പോഴും വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളതെന്ന് ദുബായില്‍ നിന്ന് അയച്ച നിവേദനത്തില്‍ മഹ്മൂട് ഹാജി ചൂണ്ടിക്കാട്ടി. - ആലൂര്‍ ടി.എ. മഹ്മൂട് ഹാജി (സിക്രട്ടരി, ആലൂര്‍ വികസന സമിതി, ദുബായ്)
- ജെ. എസ്.
|
22 June 2009
കിംസ് ഹോസ്പിറ്റലിന്‍റെ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ആശുപത്രി
കിംസ് ഹോസ്പിറ്റലിന്‍റെ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ആശുപത്രി ഇന്ന് മസ്ക്കറ്റില്‍ ആരംഭിക്കും. ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അലി മുഹമ്മദ് മൂസ ഉദ്ഘാടനം നിര്‍വഹിക്കും. കിംസ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. സഹദുല്ല മസ്ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
- സ്വന്തം ലേഖകന്‍
|
പ്രവാസികള്‍ക്ക് വോട്ടവകാശ സാധ്യത തെളിയുന്നു.
പ്രവാസികള്‍ക്ക് വോട്ടവകാശ സാധ്യത തെളിയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ പാസ് പോര്‍ട്ട് ഉള്ളവര്‍ക്ക് അവരുടെ വിലാസത്തിലുള്ള സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അനുവദിക്കുന്ന നിര്‍ദേശം അടങ്ങുന്ന ഭേദഗതി നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. ബഹ്റിന്‍ ഇന്ത്യന്‍ എംബസി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
- സ്വന്തം ലേഖകന്‍
|
ബുള്‍ ഫൈറ്റര്‍; രണ്ടാം പതിപ്പിന്‍റെ പ്രകാശനം
പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍റെ ബുള്‍ ഫൈറ്റര്‍ എന്ന കഥാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ പ്രകാശനം ദുബായില്‍ നടന്നു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കെ.പി.കെ വെങ്ങര പുസ്തകം ഏറ്റുവാങ്ങി. അറബ് സാഹിത്യകാരി അസ്മ അല്‍ സറൂനി ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള സാഹിത്യ വേദി സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. ഷബീര്‍ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. നസീര്‍, വി.എ അഹമ്മദ് കബീര്‍, നാരായണന്‍ വെളിയംങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു
- സ്വന്തം ലേഖകന്‍
|
റാസല്ഖൈമയിലെ ദിയ കോട്ട
റാസല്‍ഖൈമയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന പ്രധാന കോട്ടകളില്‍ ഒന്നാണ്ദിയ കോട്ട. ഈ പുരാതന കോട്ടയ്ക്ക് മുകളിലെത്തിയാല്‍ ചുറ്റുമുള്ള കാഴ്ചകള്‍ അതി മനോഹരമാണ്.
റാസല്‍ഖൈമ നഗരത്തില്‍ നിന്ന് 15 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ റംസ് പ്രദേശത്തുള്ള ദിയ കോട്ടയില്‍ എത്താം. മണ്‍ കട്ടകളും മറ്റും ഉപയോഗിച്ച് പതിനാറാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഹജര്‍ മലനിരകള്‍ അതിരിടുന്ന ദിയ കോട്ടയ്ക്ക് റാസല്‍ഖൈമയുടെ ചരിത്രത്തില്‍ തന്നെ പ്രധാന പങ്കുണ്ട്. കല്‍പടവുകള്‍ കയറി കോട്ടയ്ക്ക് മുകളിലെത്താം. രണ്ട് വാച്ച് ടവറുകളുമുണ്ട് ഈ കോട്ടയില്‍. മനോഹമാണ് ഇതിന്‍ മുകളില്‍ നിന്നുള്ള കാഴ്ച. മലനിരകള്‍ ഒരു വശത്ത്, ഗാഫ് മരങ്ങള്‍ നിറഞ്ഞ പ്രദേശം മറ്റൊരു ഭാഗത്ത്. റംസ് നഗരത്തിന്‍റെ വിദൂര കാഴ്ചയും ഈ കോട്ടയില്‍ നിന്ന് ലഭിക്കും. കോട്ടയ്ക്ക് സമീപം പഴയ നിര്‍മ്മാണങ്ങളുടെ അവശിഷ്ടങ്ങളും കാണാം. ഒരു കാലത്ത് ആക്രമണങ്ങളില്‍ നിന്ന് റാസല്‍ഖൈമയെ സംരക്ഷിച്ചിരുന്നത് ഈ കോട്ടയാണെന്ന് ഇന്നാട്ടുകാര്‍ പറയുന്നു. 1819 ല്‍ ബ്രീട്ടീഷ് ആക്രമണ സമയത്ത് ദിയ കോട്ടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ബ്രിട്ടീഷുകാര്‍ കപ്പലില്‍ നിന്ന് പീരങ്കി ഉപയോഗിച്ച് കോട്ടയെ ആക്രമിക്കുകയായിരുന്നു. 2001 ഏപ്രീലില്‍ ഈ കോട്ട അധികൃതര്‍ പുനര്‍ നിര്‍മ്മിച്ചു. പുരാവസ്തു സംരക്ഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ പുനര്‍ നിര്‍മ്മാണം.
- സ്വന്തം ലേഖകന്‍
|
21 June 2009
റാസല്ഖൈമയില് സമൂഹവിവാഹം
റാസല്‍ഖൈമ കിരീടാവകാശ് ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ കാസ്മിയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടക്കുന്ന സമൂഹ വിവാഹത്തില്‍ 60 യുവതീ യുവാക്കള്‍ വിവാഹിതരാകും. ശൈഖ് സൗദ് കിരീടാവകാശിയായ ചുമതലയേറ്റതിന്‍റെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. ഇതില്‍ വിവാഹിതരാകുന്നവരുടെ മുഴവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സ്വദേശികളെ പാവപ്പെട്ടവരെ സഹായിക്കാന്‍ കൂടിയാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജില്‍ പ്രവാസികളുടെ മക്കളുടെ പ്രവേശനത്തിന് പ്രത്യേക പരിഗണന
കേരളത്തില്‍ പ്രവാസികളുടെ സംരംഭമായി ഈ വര്‍ഷം ആരംഭിക്കുന്ന ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജില്‍ പ്രവാസികളുടെ മക്കളുടെ പ്രവേശനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നൂറ് സീറ്റാണ് കൊച്ചിക്കടുത്ത് ചാലക്കയില്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന് അനുവദിച്ചിരിക്കുന്നത്. പ്രവാസികളുടെ മക്കള്‍ക്ക് പ്രത്യേകമായ കാപിറ്റേഷന്‍ ഫീസ് വാങ്ങില്ലന്നും സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം തേടുന്നവരില്‍ ദരിദ്രരായവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നും ബോര്‍ഡ് വൈസ് പ്രസിഡന്‍റ് എം.ജി പുഷ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിര്‍ധനരായ പ്രവാസികളുടെ ചികിത്സ സൗജന്യമായിരിക്കും. പരിസരപ്രദേശത്തെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 10,000 കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പോളശേരി സുധാകരന്‍, പി.പി ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
സി.എച്ച് മുഹമ്മദ് കോയ സ്മാരക പുരസ്കാരം
കെ.എം.സി.സി. മാടായി പഞ്ചായത്ത് ദുബായ് കമ്മിറ്റി ഏര്‍പ്പെടുത്തിയ സി. എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്കാരം വിതരണം ചെയ്തു. ദുബായില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകനായ പുന്നക്കന്‍ മുഹമ്മദലിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി പുരസ്ക്കാരം സമ്മാനിച്ചു. 25,001 രൂപയും ഉപഹാരവും പ്രശംസാ പത്രവും പൊന്നാടയും അടങ്ങിയതാണ് അവാര്‍ഡ്. കെ. എം. സി. സി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി. കെ. കെ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ടി. പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ. പി. കെ. വെങ്ങര, അബ്ദുല്‍ ഖാദര്‍, കെ. ടി. ഹാഷിം, എരിയാല്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Labels: prominent-nris
- സ്വന്തം ലേഖകന്‍
|
കൊല്ലുമെന്ന് എസ്.എം .സിലൂടെ ഭീഷണി. 10,000 ദിര്‍ഹം പിഴ ചുമത്തി
സ്വദേശി വനിതയെ കൊല്ലുമെന്ന് എസ്.എം.എസിലൂടെ ഭീഷണിപ്പെടുത്തിയ സ്വദേശി പൗരന് ഫുജൈറ അപ്പീല്‍ കോടതി 10,000 ദിര്‍ഹം പിഴ ചുമത്തി. നേരത്തെ കേസില്‍ 50,000 ദിര്‍ഹം പിഴ വിധിച്ചിരുന്നു. അപ്പീല്‍ കോടതിയില്‍ നടന്ന നിയമ യുദ്ധത്തിന് ഒടുവിലാണ് ശിക്ഷ 10,000 ദിര്‍ഹമായി കുറച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് വനിത പോലീസില്‍ പരാതി നല്‍കിയത്. പ്രണയം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചപ്പോള്‍ യുവതി അത് നിരാകരിച്ചതിലുള്ള പ്രതികാരമായാണത്രെ വധിക്കുമെന്ന സന്ദേശം അയച്ചത്.
- സ്വന്തം ലേഖകന്‍
|
ദുബായ് വേനല്‍ വിസ്മയത്തിന് വന്‍ ജനപങ്കാളിത്തം
ദുബായ് വേനല്‍ വിസ്മയത്തിന് വാരാന്ത്യ അവധി ദിനങ്ങളില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഷോപ്പിംഗ് മോളുകളില്‍ വൈവിധ്യമേറിയ പരിപാടികളും സമ്മാന പദ്ധതികളുമാണ് ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് അരങ്ങേറുന്നത്.
ഷോപ്പിംഗിനും വിനോദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികളുമായി ഈ മാസം 11 മുതലാണ് ദുബായ് വേനല്‍ വിസ്മയം ആരംഭിച്ചത്. സര്‍ പ്രൈസിംഗ് ദുബായ് എന്ന തീമിന് കീഴിലുള്ള മേള കഴിഞ്ഞ ദിവസങ്ങളില്‍ ജനപങ്കാളിത്തം കൊണ്ട് സജീവമായിരുന്നു. ഷോപ്പിംഗ് മോളുകളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ച് വൈവിധ്യമേറിയ പരിപാടികളും സമ്മാന പദ്ധതികളുമാണ് അരങ്ങേറുന്നത്. കുട്ടികള്‍ക്കളെ ആകര്‍ഷിക്കാനായി വേനല്‍ വിസ്മയത്തിന്‍റെ ഭാഗ്യ ചിഹ്നമായ മഞ്ഞക്കുപ്പായക്കാരന്‍ മുദ്ഹിഷ് എല്ലാ ഷോപ്പിംഗ് മോളുകളിലും റോന്തു ചുറ്റുന്നുണ്ട്. മുദ്ഹിന്‍റെ നിരവധി പാവകളാണ് വില്‍പ്പനയ്ക്കായി നിരന്നിരിക്കുന്നത്. ജഗ്ളിംഗ് ഷോ, വിവിധ കഥകളുടെ ആവിഷ്ക്കാരം, കുട്ടികളുടേ ഫാഷന്‍ ഷോ, ഫാഷന്‍ വീക്ക്, കിഡ്സ് ഒളിമ്പിക് ഗെയിംസ് തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് അരങ്ങേറുന്നത്. പോളണ്ടില്‍ നിന്നുള്ള ജഗ്ലേഴ്സിന്‍റെ പ്രത്യേക ഷോ ഈ മാസം 23 മുതല്‍ 25 വരെ തീയതികളില്‍ ദേര സിറ്റി സെന്‍റര്‍ അറേബ്യന്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ അരങ്ങേറും. ദുബായ് വേനല്‍ വിസ്മയം ഓഗസ്റ്റ് 14 വരെ നീളും.
- സ്വന്തം ലേഖകന്‍
|
20 June 2009
എഞ്ചിനിയര്‍മാരുടെ കുടുംബ സംഗമം
പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനിയറിങ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമം ഷാര്‍ജ അല്‍ സാനി ഹാളില്‍ ജൂണ്‍ 19ന് നടന്നു. ചടങ്ങിനോട് അനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. മാധവികുട്ടിയുടെ അനുസ്മരണാര്‍ത്ഥം നടന്ന അനുസ്മരണ പ്രഭാഷണത്തില്‍ സംഘടനാ പ്രസിഡണ്ട് പ്രേമചന്ദ്രന്‍ മാധവികുട്ടിയുടെ സാഹിത്യ സംഭാവനകളെയും അവരുടെ വിയോഗം മലയാളത്തിനു നല്‍കിയ തീരാ നഷ്ടവും അനുസ്മരിച്ചു.
“എന്റെ അമ്മയുടെ പേരില്‍ കമലാ ദാസിന് ആദരാഞ്ജലി” - മധു കാനായി കൈപ്രത്ത് ആനുകാലിക സംഭവങ്ങളോട് തന്റെ കവിതകളിലൂടെ തീവ്രമായി പ്രതികരിക്കുന്ന പ്രവാസ കവി മധു കാനായി കൈപ്രത്ത് അദ്ദേഹത്തിന്റെ “എന്റെ അമ്മയുടെ പേരില്‍ കമലാ ദാസിന് ആദരാഞ്ജലി” എന്ന കവിത അവതരിപ്പിച്ചു. ` Prof. C.F.Joseph, Born To Excel കുട്ടികളുടെ ആത്മ വിശ്വാസം വളര്‍ത്തുകയും അവരുടെ സമഗ്ര വികസനത്തിന് അതു വഴി അടിത്തറ പാകുന്നതിനും സഹായകരമായ തന്റെ പരിശീലന പരിപാടിയെ പറ്റി പ്രമുഖ പരിശീലകനും “ബോണ്‍ ടു എക്സല്‍” പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ പ്രൊഫ. സി. എഫ് ജോസഫ് സംസാരിച്ചു. eMagazine - OrmaCheppu2009 വര്‍ഷാവര്‍ഷം ആലുംനിയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കാറുള്ള സുവനീറിലേക്കുള്ള രചനകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി ആലുംനി ഒരു ഇലക്ട്രോണിക് മാഗസിന്‍ തുടങ്ങുന്നതിനെ കുറിച്ച് സംഘടനാ പ്രസിഡണ്ട് പ്രേമചന്ദ്രന്‍ വിശദീകരിച്ചു. ഓര്‍മ്മച്ചെപ്പ് എന്ന് പേരിട്ടിട്ടുള്ള ഇത് ഒരു ബ്ലോഗ്ഗ് രൂപത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. (e മാഗസിന്‍ ഇവിടെ സന്ദര്‍ശിക്കുക.) ഇതിലേക്കുള്ള രചനകള്‍ ലോകമെമ്പാടും ഉള്ള എന്‍. എസ്. എസ്. എഞ്ചിനിയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അയക്കാവുന്നതാണ്. പ്രസ്തുത e മാഗസിനില്‍ പ്രസിദ്ധീകരിക്കുന്ന രചനകളില്‍ നിന്നും മികച്ചവ തെരഞ്ഞെടുത്തായിരിക്കും വാര്‍ഷിക സുവനീര്‍ നിര്‍മ്മിക്കുക. ഒരോ വിഭാഗത്തിലും ഉള്ള മികച്ച സൃഷ്ടികള്‍ക്ക് പ്രത്യേക സമ്മാനവും ലഭിക്കുന്നതായിരിക്കും. സ്ഥിരമായി രചനകള്‍ സമര്‍പ്പിക്കുന്നവരെ ബ്ലോഗിന്റെ എഡിറ്റര്‍ ആക്കുവാനും പദ്ധതിയുണ്ട്. എഡിറ്റര്‍ ആവുന്നവര്‍ക്ക് സ്വന്തമായി രചനകള്‍ പ്രസിദ്ധീകരിക്കാനാവും എന്നും അദ്ദേഹം വിശദീകരിച്ചു. കണക്കുകളുടെ കളികളുമായി രാജീവ് എത്തിയത് സദസ്സിനെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. വ്യത്യസ്തമായ തന്റെ ജാലവിദ്യാ ശൈലി കൊണ്ട് പ്രസിദ്ധനായ പ്രവീണ്‍ തന്റെ മാജിക് കൊണ്ട് കുട്ടികളെ അല്‍ഭുത പരതന്ത്രരാക്കി. ജാല വിദ്യ കാണിക്കുന്നതിനൊപ്പം ചില വിദ്യകള്‍ ഇദ്ദേഹം കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തത് കുട്ടികള്‍ക്ക് ഏറെ ആകര്‍ഷകമായി. ചടങ്ങിനോട് അനുബന്ധിച്ച് ആലുംനി അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാ സാംസ്ക്കാരിക പരിപാടികള്‍ അവതരിപ്പിച്ചു. ഏറ്റവും ഒടുവില്‍ നടന്ന ക്വിസ് പരിപാടി അവതരണ ശൈലി കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ രസകരമായി. Labels: associations
- ജെ. എസ്.
|
മോഹന്‍ലാലിന്റെ 30 വര്‍ഷം - യു.എ.ഇ. യില്‍ വന്‍ ആഘോഷ പരിപാടികള്‍
ഉദാത്തവും വ്യത്യസ്തവും ആയ അഭിനയ ശൈലിയിലൂടെ ജന കോടികളുടെ ഹൃദയം കവര്‍ന്ന മോഹന്‍ ലാല്‍ എന്ന അഭിനയ പ്രതിഭയുടെ സിനിമാ രംഗത്തെ 30 വര്‍ഷം ആഘോഷിക്കാന്‍ യു.എ.ഇ. ഒരുങ്ങുന്നു. ഇവന്റ് മാനേജ്മെന്റ്, ഓണ്‍ലൈന്‍ മീഡിയ രംഗത്തെ നൂതന സാന്നിധ്യം ആയ www.executivebachelors.com ഉം സിറ്റി വിഷന്‍ അഡ്വര്‍ടൈസിംഗും ദുബായ് സ്റ്റുഡിയോ സിറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ജൂണ്‍ 21ന് തുടക്കമാവും. ദുബായ് സമ്മര്‍ സര്‍പ്രൈസസ് 2009ന്റെ ഔദ്യോഗിക പരിപാടികളില്‍ ഒന്നായിരിക്കും ഈ ആഘോഷം.
ദുബായ് മോളില്‍ സംഘടിപ്പിക്കുന്ന 800 അപൂര്‍വ്വ ഫോട്ടോഗ്രാഫുകളുടേയും 200 കാരിക്കേച്ചറുകളുടേയും പ്രദര്‍ശനവും വില്‍പ്പനയും ജൂണ്‍ 21 മുതല്‍ ഒരാഴ്ച്ച നീണ്ടു നില്‍ക്കും. ഇവയുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് യാത്രാ ചിലവ് വഹിക്കാന്‍ ആവാതെ യു.എ.ഇ. യില്‍ കുടുങ്ങിയിട്ടുള്ള മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിന് ഉപയോഗിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമായ തന്റെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ മോഹന്‍ലാല്‍ തന്നെ പുനഃസൃഷ്ടിക്കുന്ന സംഗീത ദൃശ്യ പരിപാടിയായ ലാല്‍ സലാം ദുബായ് ട്രേഡ് സെന്ററിലെ ഷെയ്ക്ക് റാഷിദ് ഹാളില്‍ ജൂണ്‍ 25നും അബുദാബി നാഷണല്‍ തിയേറ്ററില്‍ ജൂണ്‍ 26നും അരങ്ങേറും. സുജാത, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, ശ്വേത, ലക്ഷ്മി ഗോപാല സ്വാമി, വിനീത് തുടങ്ങിയവര്‍ പരിപാടിയില്‍ ലാലിനോടൊപ്പം അണി നിരക്കും. ലാല്‍ സലാമിന്റെ പ്രവേശന ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്: 050 9555095
- ജെ. എസ്.
|
17 June 2009
അലക്സാണ്ടര്‍ ദ ഗ്രേറ്റ്
മോഹന്‍ലാല്‍ നായകനാവുന്ന അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന സിനിമയുടെ ചിത്രീകരണ ദുബായില്‍ പുരോഗമിക്കുന്നു. മുരളി നാഗവള്ളി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് ദുബായിലാണ്.
മോഹന്‍ലാല്‍ നായകനാവുന്ന അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന സിനിമയുടെ ചിത്രീകരണം ദുബായിലും പരിസരങ്ങളിലുമായി പുരോഗമിക്കുകയാണിപ്പോള്‍. മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ 70 ശതമാനവും ചിത്രീകരിക്കുന്നത് ദുബായിലാണ്. ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന അലക്സാണ്ടര്‍ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ കുടുംബ ചിത്രമാണിതെന്ന് സംവിധായകന്‍ മുരളി നാഗവള്ളി പറയുന്നു. നെടുമുടി വേണു, ജഗദീഷ്, ബാല, സായ്കുമാര്‍, സിദ്ധീഖ്, സുധാചന്ദ്രന്‍ തുടങ്ങിയ ഒരു താരനിര തന്നെ ഈ സിനിമയിലുണ്ട്. പുതുമുഖമായ മീനാക്ഷിയാണ് നായിക. ജഗദീഷിന് വ്യത്യസ്തമായൊരു വേഷമാണ് ഈ സിനിമയില്‍. എസ്.ആര്‍.കെ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ശ്രീരാമകൃഷ്ണന്‍. നിര്‍മ്മാതാവായ വിബികെ മേനോന്‍റെ 29 സിനിമയാണ് അലക്സാണ്ടര്‍ ദ ഗ്രേറ്റ്. തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലെ ഷൂട്ടിംഗിന് ശേഷമാണ് മുരളി നാഗവള്ളിയും സംഘവും ചിത്രീകരണത്തിനായി ദുബായില്‍ എത്തിയിരിക്കുന്നത്. ഒരു മാസം ഈ സംഘം ദുബായില്‍ ഉണ്ടാകും. സംവിധായകന്‍ പ്രിയദര്‍ശനും ദുബായിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയിരുന്നു. അടുത്തമാസം ആദ്യം ആദ്യത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന അലക്സാണ്ടര്‍ ദ ഗ്രേറ്റ് ഓണത്തിന് തീയറ്റുകളില്‍ എത്തും.
- സ്വന്തം ലേഖകന്‍
|
ദുബായിലെ വാഹാനാപകട മരണ നിരക്ക് ബ്രിട്ടനേക്കാള്‍ ഏഴ് മടങ്ങ്
ഗള്‍ഫ് മേഖലയില്‍ ജനസംഖ്യാനുപാതികമായി വാഹനാപകട മരണ നിരക്ക് ഏറ്റവും കൂടുതല്‍ ദുബായിലാണെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. 2007 ലെ സ്ഥിതി വിവരം അനുസരിച്ച് ഒരു ലക്ഷം പേരില്‍ 37.1 പേരാണ് ദുബായില്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. ദുബായിലെ വാഹാനാപകട മരണ നിരക്ക് ബ്രിട്ടനേക്കാള്‍ ഏഴ് മടങ്ങ് അധികമാണെന്നും 287 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബഹ്റിനില്‍ 12.1 ശതമാനവും കുവൈറ്റില്‍ 16.9 ശതമാനവും ഖത്തറില്‍ 23.7 ശതമാനവും സൗദി അറേബ്യയില്‍ 29 ശതമാനവും വീതമാണ് വാഹനാപകട മരണ നിരക്ക്. റിപ്പോര്‍ട്ടനുസരിച്ച് 17,54,420 വാഹനങ്ങളാണ് 2007 ല്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന പഠനത്തിനു വിധേയമാക്കിയ ലോകത്തെ 178 രാജ്യങ്ങളില്‍ 98 ശതമാനം രാജ്യങ്ങളും റോഡ് സുരക്ഷയില്‍ മോശം നിലവാരമാണ് പുലര്‍ത്തുന്നത്. ലോകത്ത് ഓരോ വര്‍ഷവും ഏതാണ്ട് 13 ലക്ഷം ആളുകളാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. 50 ലക്ഷത്തോളം പേര്‍ക്ക് പിരിക്കേല്‍ക്കുകയും അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം അപകടങ്ങള്‍ കുറക്കുന്നതിനായി സ്വീകരിച്ച ശക്തമായ നടപടികളുടെ ഭാഗമായി ദുബായില്‍ അപകട മരണ നിരക്ക് മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്ന് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യ നാല് മാസത്തില്‍ ദുബായില്‍ 102 പേരാണ് അപകടത്തില്‍ മരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം 84 മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദുബായില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മെയ് മാസത്തില്‍ മാത്രം ദുബായില്‍ ഗതാഗത നിയമം ലംഘിച്ച 1,07,000 പേര്‍ക്കാണ് പിഴ ശിക്ഷ ലഭിച്ചത്. ബര്‍ദുബായില്‍ മാത്രം 63,000 പേര്‍ക്കാണ് പിഴ നല്‍കിയത്. ദേരയില്‍ 44,000 പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു. അമിത വേഗത, ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാതിരിക്കുക, ഗതാഗത തടസം സൃഷ്ടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്കാണ് പിഴ നല്‍കിയിരിക്കുന്നത്. 25,000ത്തിലധികം പേര്‍ ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാത്തതിന്‍റെ പേരിലാണ് പിടിയിലായത്. ഗതാഗത തടസം സൃഷ്ടിച്ചതിന് 11,000 പേര്‍ക്കും 4100 പേര്‍ക്ക് വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ചതിന് 1410 പേര്‍ക്കും പിഴ ലഭിച്ചു. നിരോധിത മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 3660 പേര്‍ക്കും നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 2700 പേര്‍ക്കും പിഴ ലഭിച്ചു. ഗുരുതരമായ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ മാസത്തില്‍ മാത്രം 1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തു
ഗതാഗത നിയമ ലംഘനത്തിന് ദുബായില്‍ കഴിഞ്ഞ മാസം മാത്രം ഒരു ലക്ഷത്തിലധികം പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു. 1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
മെയ് മാസത്തില്‍ മാത്രം ദുബായില്‍ ഗതാഗത നിയമം ലംഘിച്ച 1,07,000 പേര്‍ക്കാണ് പിഴ ശിക്ഷ ലഭിച്ചത്. ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പട്രോളിംഗിലും മറ്റുമാണ് ഇത്രയും പേര്‍ പിടിയിലായതെന്ന്ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. ബര്‍ദുബായില്‍ മാത്രം 63,000 പേര്‍ക്കാണ് പിഴ നല്‍കിയത്. ദേരയില്‍ 44,000 പേര്‍ക്ക് പിഴ ശിക്ഷ ലഭിച്ചു. അമിത വേഗത, ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാതിരിക്കുക, ഗതാഗത തടസം സൃഷ്ടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയവയ്ക്കാണ് പിഴ നല്‍കിയിരിക്കുന്നത്. 25,000ത്തിലധികം പേര്‍ ലൈന്‍ മാറുമ്പോള്‍ അച്ചടക്കം പാലിക്കാത്തതിന്‍റെ പേരിലാണ് പിടിയിലായത്. ഗതാഗത തടസം സൃഷ്ടിച്ചതിന് 11,000 പേര്‍ക്കും 4100 പേര്‍ക്ക് വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുമായി വാഹനമോടിച്ചതിന് 1410 പേര്‍ക്കും പിഴ ലഭിച്ചു. നിരോധിത മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 3660 പേര്‍ക്കും നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് 2700 പേര്‍ക്കും പിഴ ലഭിച്ചു. ഗുരുതരമായ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ മാസത്തില്‍ മാത്രം 1210 വാഹനങ്ങള്‍ ദുബായ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗതാഗത നിയമലംഘകരെ കണ്ടെത്താന്‍ പോലീസ് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
16 June 2009
കണ്ടല്‍ കാടുകളുമായി യു.എ.ഇ. യുടെ തേക്കടി
കണ്ടല്‍ കാടും വെള്ളക്കെട്ടും മല നിരകളും എല്ലാമായി കേരളത്തെ പോലൊരു പ്രദേശം യു. എ. ഇ. യിലുണ്ട്. ഖോര്‍ കല്‍ബ എന്ന ഈ മനോഹര പ്രദേശത്തെ പരിചയപ്പെടുക. ഫുജൈറയിലെ കല്‍ബയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഈ മനോഹരമായ പ്രദേശത്ത് എത്താം. ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാന്‍ വീതിയുള്ള ചെറിയ പാലം കടന്നെത്തുന്നത് പ്രകൃതിയുടെ ഈ മനോഹാ രിതയിലേക്കാണ്. വെള്ള ക്കെട്ടും കണ്ടല്‍ കാടുകളും ആയി യു. എ. ഇ. യില്‍ ഒരിടത്തും കണ്ടെത്താന്‍ കഴിയാത്ത പ്രകൃതി ഭംഗിയാണ് ഇവിടത്തേത്. ഒരു പക്ഷേ കേരളമാണോ എന്ന് തോന്നി പ്പോകും ഇവിടെയെത്തുന്ന മലയാളികള്‍ക്ക്.
യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പേരാണ് അവധി ദിനങ്ങളില്‍ ഖോര്‍ കല്‍ബയില്‍ എത്തുന്നത്. കുടുംബ സമേതം ഇവിടെ എത്തി മണിക്കൂറുകളോളം ചെലവഴിച്ചാണ് പലരും മടങ്ങാറ്. മല നിരകള്‍ അരികിടുന്ന ഈ പ്രദേശം അപൂര്‍വ പക്ഷികളുടെ സങ്കേതം കൂടിയാണ്. 20 ഇനത്തിലധികം അപൂര്‍വ പക്ഷികളെ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പക്ഷി നീരീക്ഷകരുടെ സ്വര്‍ഗം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. കണ്ടല്‍ കാട് വെള്ളം നിറഞ്ഞിരിക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ ചൂട് അധികം അനുഭവപ്പെടാറില്ല എന്നതും ഖോര്‍ കല്‍ബയുടെ പ്രത്യേകതയാണ്. കണ്ടല്‍ കാടുകള്‍ ക്കിടയിലൂടെ തോണി തുഴഞ്ഞ് സഞ്ചരിക്കാനും ഇവിടെ അവസരമുണ്ട്. പക്ഷേ ഇവിടത്തെ മീന്‍ പിടുത്തക്കാരില്‍ നിന്ന് തോണി വാടകയ്ക്ക് എടുക്കണമെന്ന് മാത്രം. തേക്കടിയുടെ അതേ പ്രകൃതി ഭംഗിയാണ് ഖോര്‍ കല്‍ബയിലേത്. അതു കൊണ്ട് തന്നെ പല മലയാളികളും ഈ പ്രദേശത്തെ വിളിക്കുന്നത് തേക്കടി എന്ന് തന്നെ. - ഫൈസല്‍ Labels: tourism
- സ്വന്തം ലേഖകന്‍
|
ഹജ്ജ് ഗ്രൂപ്പുകള്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത ലാഭമെടുക്കുന്നതായി പരാതി
കേരളത്തിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിത ലാഭമെടുക്കുന്നതായി ഹജ്ജ് –ഉംറ സര്‍വീസ് അസോസിയേഷന്‍ ആരോപിച്ചു. സ്വകാര്യ ഗ്രൂപ്പുകളെ നിര്‍ത്തലാക്കി എല്ലാ ഹാജിമാരേയും സര്‍ക്കാര്‍ ഗ്രൂപ്പ് വഴി മാത്രം കൊണ്ടുവരണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
- സ്വന്തം ലേഖകന്‍
|
സ്വരലയ കലാവേദി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
മക്കയിലെ സ്വരലയ കലാവേദിയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വനിതകള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് നുസ്ഹ അല്‍ സുറൂഹ് ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് പരിപാടി. ഖുര്‍ആന്‍ പാരായണം, കഥാപ്രസംഗം, ഗാനം, ക്വിസ്, മെമ്മറി ടെസ്റ്റ്, ഡ്രോയിംഗ്, പ്രബന്ധ രചന എന്നിവയിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 05698 73635 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
പുന്നക്കന്‍ മുഹമ്മദലിക്ക് പുരസ്കാരം
കെ.എം.സി.സി. മാടായി പഞ്ചായത്ത് ദുബായ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി. എച്ച്. മുഹമ്മദ് കോയ സ്മാരക പുരസ്കാരം പുന്നക്കന്‍ മുഹമ്മദലിക്ക്. 25,001 രൂപയും ഉപഹാരവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയും പ്രവാസികളുടെ വിവിധ പ്രശ്നങ്ങള്‍ അധികൃതരുടെ മുന്നില്‍ എത്തിക്കുകയും ചെയ്യാന്‍ പുന്നക്കന്‍ മുഹമ്മദലി ശ്രമിച്ചതായി അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.
Labels: prominent-nris
- സ്വന്തം ലേഖകന്‍
|
ഇ.എം.എസിന്‍റെ ലോകം - ദലയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം
ഇ.എം.എസ് ജന്മശദാബ്ദിയോട് അനുബന്ധിച്ച് ദുബായ് ദലയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഇ.എം.എസിന്‍റെ ലോകം എന്ന വിഷയത്തില്‍ ഡോ. കെ.എന്‍ പണിക്കര്‍ പ്രഭാഷണം നടത്തും. ഈ മാസം 17 ന് ബുധനാഴ്ച രാത്രി എട്ടരയ്ക്ക് ദുബായ് മലബാര്‍ റസ്റ്റോറന്‍റ് ഹാളിലാണ് പരിപാടി.
- സ്വന്തം ലേഖകന്‍
|
കേന്ദ്രപ്രവാസി മന്തി വയലാര്‍ രവി ഇന്ന് ബഹ്റൈനില്
ഇന്ത്യയും ബഹ്റിനുമായുള്ള തൊഴില്‍ കരാര്‍ ഈ മാസം 17 ന് ഒപ്പു വയ്ക്കും. ഇതിനായി കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി ഇന്ന് വൈകീട്ട് ബഹ്റിനില്‍ എത്തും. ഇന്ന് രാത്രി കേരളീയ സമാജത്തില്‍ ഇന്ത്യക്കാരുമായി കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ട് വയലാര്‍ രവി. ഈ തൊഴില്‍ക്കരാര്‍ നിലവില്‍ വരുന്നതോടെ ബഹ്റിനിലെ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
- സ്വന്തം ലേഖകന്‍
|
പ്രതിഷേധത്തെതുടര്ന്ന് കോണ്സുലേറ്റ്-എം പോസ്റ്റ് നിരക്ക് കുറച്ചു
ഈ മാസം ഒന്ന് മുതലാണ് ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവ് എം പോസ്റ്റ് നടപ്പിലാക്കിയത്. 15 ദിര്‍ഹമുണ്ടായിരുന്ന ചാര്‍ജാണ് 50 ദിര്‍ഹമാക്കി ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നത്. ഡെലിവറി ചാര്‍ജ് ഇപ്പോള്‍ 30 ദിര്‍ഹമാക്കിയാണ് എംപോസ്റ്റ് അധികൃതര്‍ കുറച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
നിരക്ക് വര്‍ധനവിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് അധികൃതര്‍ എം പോസ്റ്റ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് വര്‍ധനവ് ന്യായീകരിക്കാനാവത്തതാണെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ എം പോസ്റ്റ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഡെലിവറി ചാര്‍ജ് 50 ല്‍ നിന്ന് 30 ദിര്‍ഹമാക്കി കുറച്ചിരിക്കുന്നത്. പാസ് പോര്‍ട്ട്, വിസ സേവനങ്ങള്‍ക്കുള്ള സാധാരണ ചാര്‍ജുകള്‍ക്ക് പുറമേ 12 ദിര്‍ഹം പ്രോസസിഗ് ചാര്‍ജ്, 10 ദിര്‍ഹം ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്, 50 ദിര്‍ഹം ഡെലിവറി ചാര്‍ജ് എന്നിവയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഡെലിവറി ചാര്‍ജ് 30 ദിര്‍ഹമായി കുറച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇരട്ടി വര്‍ധനവുണ്ട്. ഫെബ്രുവരി 22 മുതല്‍ യു.എ.ഇയിലെ ഇന്ത്യന്‍ പാസ് പോര്‍ട്ട്, വിസ സേവനങ്ങള്‍ എം പോസ്റ്റ് മുഖേനയാണ് നടക്കുന്നത്. ഇന്ത്യന്‍ അധികൃതര്‍ ഈ സേവനങ്ങള്‍ ഔട്ട് സോഴ്സ് ചെയ്യുകയായിരുന്നു. യു.എ.ഇയിലെ എല്ലാ ഇന്ത്യന്‍ പാസ്പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസസ് സെന്‍ററുകളിലും പുതുക്കിയ ഡെലിവറി ചാര്‍ജ് നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡെലിവറി ചാര്‍ജില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവ് എംപോസ്റ്റ് നടപ്പിലാക്കിയപ്പോള്‍ യു.എ.ഇയിലെ നിരവധി സന്നദ്ധ സംഘടനകളാണ് രംഗത്തെത്തിയത്. കോണ്‍സുലേറ്റിലും ഇന്ത്യന്‍ എംബസിയുലും മാത്രമല്ല കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് വരെ ഇവര്‍ ഇതിനെതിരെ പരാതി അയച്ചു. സജീവമായ ഈ ഇടപെടലാണ് ഇന്ത്യന്‍ അധികൃതരെ എത്രയും വേഗം എംപോസ്റ്റ് അധികൃതരുമായി ചര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചത്. ഏതായാലും ഫലത്തില്‍ ഡെലിവറി ചാര്‍ജില്‍ ഇരട്ടി വര്‍ധനവുണ്ടെങ്കിലും 50 ല്‍ നിന്ന് 30 ദിര്‍ഹത്തിലേക്ക് ചാര്‍ജ് കുറയ്ക്കാന്‍ കഴിഞ്ഞു എന്നത് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളുടെ വിജയമായി തന്നെ വേണം കാണാന്‍. അതേ സയമം ഇന്ത്യന്‍ പാസ്പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസസ് സെന്‍ററുകളില്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്നില്ലെന്ന് പരാതി ഇപ്പോഴും ഉയരുകയാണ്. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷനിലെ ഈ കേന്ദ്രത്തില്‍ കഴിഞ്ഞ ആഴ്ച ദിവസങ്ങളോളമാണ് സേവനം മുടങ്ങിയത്. സെര്‍വര്‍ ഡൗണാണ് എന്നാണ് ഇതിന് എംപോസ്റ്റ് അധികൃതര്‍ പറഞ്ഞ കാരണം. മാസത്തില്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും റാസല്‍ഖൈമയിലെ ഇന്ത്യന്‍ അസോസിയേഷനിലെ എംപോസ്റ്റ് കേന്ദ്രത്തില്‍ സേവനം ലഭിക്കുന്നില്ലെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.എം.എം നൂറുദ്ദീന്‍ പറയുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഈ തകരാറിന് മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെങ്കിലും അസോസിയേഷനാണ് ഇതിനുത്തരവാദി എന്ന തെറ്റിദ്ധാരണയില്‍ ഭൂരിപക്ഷം പേരും അസോസിയേഷനെയാണ് സമീപിക്കുന്നതെന്നും നൂറുദ്ദീന്‍ വ്യക്തമാക്കുന്നു. അതേ സമയം അധികം വൈകാതെ തന്നെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
- സ്വന്തം ലേഖകന്‍
|
മൈഥിലി വൈസ് ക്യാപ്റ്റന്‍, ഒമാന്‍ ടീം മലേഷ്യയിലേക്ക്
മലയാളിയായ മൈഥിലി മധുസുദനന്‍ ഒമാന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഒമാന്‍ പൌരത്വമുള്ള ഇന്ത്യന്‍ വംശജയായ വൈശാലി ജസ്രാണിയാണ് ക്യാപ്റ്റന്‍. ജൂലായ് 3 മുതല്‍ 12 വരെ മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ക്രിക്കറ്റ് 20-20 ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കു ന്നതിനായി ടീം ജൂണ്‍ 30ന് മസ്കറ്റില്‍ നിന്നും പുറപ്പെടും.
മലേഷ്യ, ചൈന, ഭൂട്ടാന്‍, തായ്ല്‌ലാന്റ്, സിംഗപ്പൂര്‍, കുവൈറ്റ്, ഖത്തര്‍, യു. എ. ഇ. തുടങ്ങി 13 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ബാറ്റിങിലും ബൌളിംഗിലും ഓപ്പണറായ മീരാ ജെയിനും സഹോദരിയായ മൈഥിലിക്കു കൂട്ടായി ടീമിലുണ്ട്. മീരയും മൈഥിലിയും 19 വയസ്സില്‍ താഴെയുള്ള പെണ്‍ കുട്ടികളുടെ ഒമാനിലെ ദേശീയ ക്രിക്കറ്റ് ടീമിന്റെ നിലവിലുള്ള ക്യാപ്റ്റനാണ് മൈഥിലി. കഴിഞ്ഞ ഡിസംബറില്‍ തായ്ലാന്റിലെ ചിയാങ് മേ യില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 19 ടീമിനെ ഈ കുട്ടനാട്ടു കാരിയാണ് നയിച്ചത്. സി. ബി. എസ്. സി. ബാഡ്മിന്റ്റണ്‍ മിഡില്‍ ഈസ്റ്റ് ലെ 19, 16 വയസ്സില്‍ താഴെയുള്ള നിലവിലെ ചാമ്പ്യന്മാരാണ് മൈഥിലിയും മീരയും. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ചക്കുളത്തു കാവ് ഇണ്ടം തുരുത്തില്‍ രാജലക്ഷ്മി യുടേയും മധുസൂദന ന്റേയും മക്കളാണ് ഇരുവരും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ഗൂബ്രയിലെ ഹെഡ് ഗേള്‍ കൂടിയാണ് പന്ത്രണ്ടാം ക്ലാസ്സു കാരിയായ മൈഥിലി. പത്തനംതിട്ട സ്വദേശിയായ മന്മഥന്‍ നായരുടെ മകള്‍ മോനിഷാ നായരാണ് ടീമിലുള്ള മറ്റൊരു മലയാളി. - മധു ഈ. ജി.
- ജെ. എസ്.
|
15 June 2009
പ്രവാസി സ്റ്റഡി സെന്‍ററിന്‍റെ ഒന്നാം വാര്‍ഷിക സമ്മേളനം
ബഹ്റിനിലെ പ്രവാസി സ്റ്റഡി സെന്‍ററിന്‍റെ ഒന്നാം വാര്‍ഷിക സമ്മേളനം നടന്നു. ബ്ലൂമൂണ്‍ പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങ് സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ് ഉദ്ഘാടനം ചെയ്തു. മീരാ രവി, ഡോ. ഉഷ ദേവരാജ്, ഷീജാ വീരമണി, ബ്രിജിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ബാബു രാമചന്ദ്രന്‍ ക്ലാസെടുത്തു. പ്രവാസി സ്ത്രീകളും തൊഴില്‍ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു.
- സ്വന്തം ലേഖകന്‍
|
ഷാര്ജയില് തട്ടിപ്പ് സംഘം അറസ്റ്റില്
വന്‍ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് എസ്.എം.എസ് സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 29 പേരാണ് ഷാര്‍ജയില്‍ അറസ്റ്റിലായത്. 50,000 വും ഒരു ലക്ഷവും ദിര്‍ഹം സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ പ്രോസസിംഗിനായി 1000 ദിര്‍ഹം അയക്കണമെന്നും പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തിസലാത്തിന്‍റെ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഷാര്‍ജയില്‍ താമസിക്കുന്നവരാണ് സംഘത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളെ ജോലിക്കായി വിസിറ്റ് വിസയില്‍ കൊണ്ടുവരികയായിരുന്നു. ഇത്തിസലാത്തിന്‍റെ റപ്രസെന്‍റേറ്റീവ് കോള്‍ സെന്‍ററാണെന്ന് പറഞ്ഞ് ഇവരെ തട്ടിപ്പ് കേന്ദ്രത്തില്‍ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവത്രെ.
- സ്വന്തം ലേഖകന്‍
|
നൂപുരം ബാലകലോത്സവം സമാപിച്ചു.
ബഹ്റിന്‍ കേരളീയ സമാജം സംഘടിപ്പിച്ച നൂപുരം ബാലകലോത്സവം സമാപിച്ചു. സമാജം ഡയമണ്ട് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ മന്ത്രി എം.എ ബേബി മുഖ്യാതിഥി ആയിരുന്നു. ബഹ്റിന്‍ കേരളീയ സമാജം കലാമേള മാതൃകാ പരമാണെന്നും ഇതുപോലെ മറ്റ് രാജ്യങ്ങളിലും മേളകള്‍ നടത്തി അതിലെ പ്രതിഭകളെ ഉള്‍പ്പെടുത്തി ആഗോള തലത്തില്‍ മേളകള്‍ സംഘടിപ്പിക്കണമെന്ന് എം.എ ബേബി പറഞ്ഞു. കലാതിലകം, കലാപ്രതിഭാ ട്രോഫികള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഡോ. രവി പിള്ള, നടന്‍ ശങ്കര്‍, നടി വിഷ്ണുപ്രിയ, പ്രകാശ് ദേവ്ജി, എന്‍.കെ മാത്യു, പി.വി മോഹന്‍കുമാര്‍, കെ.എസ് സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
സൌദി വധശിക്ഷ നിര്ത്തലാക്കില്ല
വധശിക്ഷയും ശാരീരികമായ മറ്റ് ശിക്ഷകളും ഇല്ലാതാക്കണമെന്ന ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്‍റേയും മറ്റ് ചില സര്‍ക്കാരിതര സംഘടനകളുടേയും ആവശ്യം സൗദി അറേബ്യ നിരാകരിച്ചു. ജനീവയില്‍ നടക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്‍റെ പതിനൊന്നാമത് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ സൗദി മനുഷ്യാവകാശ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. സൈദ് ബിന്‍ അബ്ദുല്‍ മുഹ്സിനാണ് ഇക്കാര്യം അറിയിച്ചത്. വിദേശ തൊഴിലാളികളുടേയും സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ രാജ്യത്ത് പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആരോടും വിവേചനം കാണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു.
മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു. ഇതിന്‍റെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം ദുബായില്‍ നടന്നു. ദുബായ് ഡിസി ബുക്സ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി എം.എ ബേബിയില്‍ നിന്ന് ഷാജഹാന്‍ മാടമ്പാട്ട് പ്രീപബ്ലിക്കേഷന്‍ ഫോം ഏറ്റുവാങ്ങി.
128 ദിര്‍ഹമാണ് മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ എന്ന പുസ്തകത്തിന്‍റെ പ്രീപബ്ലിക്കേഷന്‍ വില. മാധവിക്കുട്ടിയുടെ മലയാളത്തിലുള്ള മുഴുവന്‍ രചനകളും രണ്ട് വോള്യങ്ങളിലായിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. എം. മുകുന്ദന്‍റെ മയ്യപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്‍റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. സുകുമാര്‍ അഴീക്കോടിന്‍റെ തത്വമസി എന്ന ഗ്രന്ഥത്തിന്‍റെ 25-ാം വാര്‍ഷികവും ഇതൊടൊപ്പം ആഘോഷിച്ചു. തത്വമസിയുടെ 25-ാം വാര്‍ഷിക പതിപ്പിന്‍റെ പ്രകാശനം എം.എ ബേബി സുകുമാര്‍ അഴീക്കോടിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കോണ്‍സുല്‍ ജനറല്‍ വേണുരാജാമണിയും ചടങ്ങില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
14 June 2009
ഗള്‍ഫ് രിസാല പ്രകാശനം ചെയ്തു
ദുബായ് : പ്രവാസി മലയാളികള്‍ക്കായ് പുറത്തിറക്കുന്ന “ഗള്‍ഫ് രിസാല” ജൂണ്‍ 12ന് വെള്ളിയാഴ്ച്ച വൈകുന്നേരം ദുബായ് സുഡാനി ക്ലബ്ബില്‍ വെച്ച് പ്രകാശനം ചെയ്തു. എസ്. എസ്. എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ മുഖ പത്രമായി പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് രിസാല പ്രവാസി മലയാളികളുടെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകളെ പ്രതിഫലിപ്പിക്കും. ഇസ്ലാമിക, സാംസ്ക്കാരിക, ഭാഷാ സ്വത്വങ്ങളും രിസാലയുടെ ഉള്ളടക്കത്തിലെ അടിസ്ഥാന നിലപാടുകള്‍ ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സംവാദത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ശിഹാബ് ഖാനിം, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, നിസാര്‍ സെയ്ദ്, സി. അഹമ്മദ് ഫൈസി, ആര്‍. പി. ഹുസൈന്‍ ഇരിക്കൂര്‍, സുറാബ്, ബഷീര്‍ തിക്കൊടി, കുഴൂര്‍ വിത്സണ്‍, അശ്രഫ് മന്ന തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു. Labels: associations
- ജെ. എസ്.
|
സംഗീത നാടക അക്കാഡമി അവാര്‍ഡ് പ്രഖ്യാപനം - പ്രവാസി ഗായകനെ തഴഞ്ഞു
സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗായകനുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ചതായി പരാതി. ഈ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുരസ്ക്കാര ത്തിന്റെ വാര്‍ത്ത പത്രങ്ങളില്‍ അച്ചടിച്ചു വന്നപ്പോഴാണ് മികച്ച ഗായകനുള്ള പുരസ്ക്കാരം ലഭിച്ച പ്രവാസിയായ ഗായകന്‍ ഞെട്ടിയത്. താന്‍ അവധിക്ക് നാട്ടില്‍ പോയ സമയത്ത് പാടിയ ഗാനത്തിന് പുരസ്ക്കാരം പ്രഖ്യാപിച്ചിരിക്കുന്നത് മറ്റാരുടേയോ പേരില്‍.
ഗള്‍ഫിലെ കലാ സാംസ്ക്കാരിക പ്രക്ഷേപണ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ ഗായകനും റാസ് അല്‍ ഖൈമയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യയില്‍ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസറും ആയ രാജീവ് കോടമ്പള്ളിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. താന്‍ കഴിഞ്ഞ തവണ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ പാടിയ “എങ്ങനെ എന്‍ പ്രണയ സാഗരത്തില്‍” എന്ന ഗാനത്തിനാണ് മികച്ച ഗായകനുള്ള പുരസ്ക്കാരം ലഭിച്ചിരിക്കുന്നത് എന്ന് രാജീവ് e പത്രത്തെ അറിയിച്ചു. തിരുവനന്തപുരം സംസ്കൃതിയുടെ അമ്മ മലയാളം എന്ന നാടകത്തിലെ ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പിരപ്പന്‍കോട് മുരളിയാണ്. എന്നാല്‍ പുരസ്ക്കാരം പ്രഖ്യാപിച്ചത് അനു വി. കടമ്മനിട്ടക്കാണ്. ഈ നാടകത്തിലെ എല്ലാ ഗാനങ്ങളും ആലപിക്കുവാന്‍ നേരത്തെ നിശ്ചയിച്ചത് അനുവിനെ ആയിരുന്നു. അതു പ്രകാരം നാടകത്തിന്റെ നോട്ടീസിലും മറ്റ് പരസ്യങ്ങളിലും ഇദ്ദേഹത്തിന്റെ പേരാണ് അച്ചടിച്ചു വന്നത്. എന്നാല്‍ താന്‍ നാട്ടില്‍ എത്തിയപ്പോള്‍ നാടകത്തിലെ പ്രധാനപ്പെട്ട രണ്ടു പാട്ടുകള്‍ തന്നെ കൊണ്ടു പാടിപ്പിക്കാന്‍ നാടക സമിതിക്കാര്‍ തീരുമാനിക്കുകയായിരുന്നു. അപ്പോഴും നോട്ടീസിലും മറ്റും പേരൊന്നും മാറ്റിയിരുന്നില്ല. പിന്നീട് മത്സരത്തില്‍ ഭാഗം ആയപ്പോഴും ഈ വിവരം തിരുത്താന്‍ ആരും ഓര്‍ത്തതുമില്ല. അതാണ് ഇത്തരം ഒരു തെറ്റ് സംഭവിക്കാന്‍ കാരണം ആയത്. താനാണ് ഈ ഗാനം ആലപിച്ചത് എന്ന കാര്യമെങ്കിലും ജനം അറിയേണ്ടതുണ്ട് എന്ന് രാജീവ് e പത്രത്തോട് പറഞ്ഞു. ഇതു പ്രകാരം രാജീവ് പാടിയ ഒരു ഗാനത്തിന് അനു വി. കടമ്മനിട്ടക്കും രണ്ടാമത്തെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം ആലപ്പി വിവേകാനന്ദനും ലഭിച്ചു. അവാര്‍ഡ് പ്രഖ്യാപിച്ച വേളയില്‍ തന്നെ ഈ പുരസ്ക്കാരത്തിന്‍ അര്‍ഹതപ്പെട്ടത് താനല്ല എന്ന കാര്യം നാടകത്തിലെ മറ്റ് നാല് ഗാനങ്ങള്‍ പാടിയ അനു വി. കടമ്മനിട്ട ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ ജാള്യത മൂലം അധികൃതര്‍ തെറ്റ് തിരുത്താന്‍ തയ്യാറായതുമില്ല. 2005ലെ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവാണ് ഇപ്പോള്‍ അബദ്ധത്തില്‍ അവാര്‍ഡ് ലഭിച്ച അനു വി. കടമ്മനിട്ട. ഗായകന്‍ ഒരു പ്രവാസി ഗള്‍ഫുകാരന്‍ ആയത് രാജീവിനെ തഴയാന്‍ അധികൃതര്‍ക്ക് കൂടുതല്‍ സൌകര്യവുമായി. ഗള്‍ഫുകാരന്‍ അവധി കഴിഞ്ഞു പോയാല്‍ പിന്നെ പ്രശ്നം തീര്‍ന്നല്ലോ. Labels: music
- ജെ. എസ്.
3 Comments:
Links to this post: |
ചൊല്‍ക്കാഴ്ച
ഖത്തറിലെ ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ചൊല്‍ക്കാഴ്ച സംഘടിപ്പിച്ചു. 17 കവിതകള്‍ ചൊല്‍ക്കാഴ്ചയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കവിതകളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.
- സ്വന്തം ലേഖകന്‍
|
അല്‍ ജസീറ മെഡിക്കല്‍ സെന്‍ററിന്‍റെ അഞ്ചാമത് വാര്‍ഷികാഘോഷം
ബഹ്റിനിലെ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍ററിന്‍റെ അഞ്ചാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഗുദൈബിയ സൗത്ത് പാര്‍ക്ക് റസ്റ്റോറന്‍റ് ഹാളിലായിരുന്നു ആഘോഷങ്ങള്‍. കെ.ടി മുഹമ്മദലി, മൂസ അഹമ്മദ്, ഷമീര്‍, ഡോ. വിക്രം രാജ്, ഡോ. ഹരികൃഷ്ണന്‍, ഡോ.കുഞ്ഞിമൂസ, മുജീബ്, ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിയമ നിര്‍മ്മാണം
വിദേശ തൊഴിലാളികളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിയമ നിര്‍മ്മാണം നടത്തണമെന്ന് കുവൈറ്റ് രാജ്യകുടുംബാഗവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അറ്റോര്‍ണി ഫൗസിയ അല്‍ സബാ ആവശ്യപ്പെട്ടു. മധ്യപൗരസ്ത്യ ദേശങ്ങളിലെ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ശൈഖ ഫൗസിയ. ലോകത്ത് മനുഷ്യാവകാശ സംഘടനകള്‍ പിറക്കുന്നതിന് മുമ്പ് തന്നെ എല്ലാ മനുഷ്യര്‍ക്കും അവകാശങ്ങള്‍ തുല്യമായി സംരക്ഷിക്കപ്പെടണമെന്ന് ഇസ്ലാമിക് തത്വശാസ്ത്രം രേഖപ്പെടുത്തിയിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു
- സ്വന്തം ലേഖകന്‍
|
ഏഷ്യാനെറ്റ് ടെലിവിഷന്‍ ഫ്രീക്വന്‍സിയില്‍ മാറ്റം
ഏഷ്യാനെറ്റ് ടെലിവിഷന്‍റെ ഫ്രീക്വന്‍സി മാറുന്നു. 4008.15 MHz എന്നതായിരിക്കും പുതിയ ഫ്രീക്വന്‍സി. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ, സുവര്‍ണ ന്യൂസ്, സിതാര എന്നീ ചാനലുകള്‍ പുതിയ ഫ്രീക്വന്‍സിയിലായിരിക്കും ഇനി ലഭിക്കുക.
വിശദാംശങ്ങള്‍ ചുവടെ: സാറ്റലൈറ്റ്: ഇന്‍സാറ്റ് 2E (APR 1) ലൊക്കേഷന്‍: 83 ഡിഗ്രി ഈസ്റ്റ് സിംമ്പല്‍ റേറ്റ്: 19.531 MSps പൊളറൈസേഷന്‍: വെര്‍ട്ടിക്കല്‍ FEC: 3/4 ഇപ്പോള്‍ പഴയ ഫ്രീക്വന്‍സിയിലും പുതിയ ഫ്രീക്വന്‍സിയിലും ഏഷ്യാനെറ്റ് ചാനലുകള്‍ ലഭിക്കും. ഒരാഴ്ചയ്ക്ക് ശേഷം പൂര്‍ണമായും പുതിയ ഫ്രീക്വന്‍സിയില്‍ മാത്രമായിരിക്കും ചാനലുകള്‍ ലഭിക്കുക.
- സ്വന്തം ലേഖകന്‍
|
13 June 2009
കവിതയുടെ വര്‍ത്തമാനം
യുവ കലാ സാഹിതി അബുദാബിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയ കവി രാവുണ്ണിയുമായി മുഖാമുഖവും കവിതകളുടെ അവതരണവും സംഘടിപ്പിക്കുന്നു. ജൂണ്‍ 13 ശനിയാഴ്ച്ച രാത്രി 07:30 ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് പരിപാടി അവതരിപ്പിക്കുന്നത് എന്ന് യുവ കലാ സാഹിതി സെക്രട്ടറി ജോഷി അറിയിച്ചു.
Labels: literature
- ജെ. എസ്.
|
ബഹു ഭാര്യത്വം പ്രശ്നമോ?
ദുബായ് : ഗ്രന്ഥകാരനും വിവര്‍ത്തകനും പണ്ഡിതനുമായ സുഹൈര്‍ ചുങ്കത്തറ രചിച്ച 'ബഹു ഭാര്യത്വം പ്രശ്നമോ, പരിഹാരമോ?' പുസ്തക പ്രകാശനം അല്‍ ഖൂസിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ നടന്നു. ഐ. എം. ബി. യു. എ. ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ വി. കെ. സകരിയ്യയില്‍ നിന്നും ദുബായിലെ പ്രമുഖ വ്യാപാരി പി. എ. റഹ്‍മാന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസവും, സ്ത്രീധനം, തൗബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കും ഇടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്. ശ്രദ്ധിക്കപ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തി. അല്‍മനാര്‍ യൂണിറ്റ് സെക്രട്ടറി അബ്ദുറഹീം സ്വാഗതവും, ഹനീഫ് നന്ദി പറഞ്ഞു. - സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍ Labels: literature
- ജെ. എസ്.
1 Comments:
Links to this post: |
11 June 2009
ബഹ്റിന്‍ കേരളീയ സമാജം
ബഹ്റിന്‍ കേരളീയ സമാജം വനിതാ വിഭാഗത്തിന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് സമാജം ഓഡിറ്റോറിയത്തിലാണ് പരിപാടി. ബഹ്റിനിലെ മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഹെഡ് മരിറ്റാ ഡയാസ് മുഖ്യാതിഥി ആയിരിക്കും. മോഹിനി തോമസ് അധ്യക്ഷത വഹിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
- സ്വന്തം ലേഖകന്‍
|
ലക്ഷങ്ങളുമായി തമിഴ്നാട് സ്വദേശി അബുദാബിയില്‍ നിന്ന് മുങ്ങി
ബിസിനസ് പദ്ധതിയിലേക്കെന്ന് പറഞ്ഞ് ആകര്‍ഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശി അബുദാബിയില്‍ നിന്ന് ലക്ഷങ്ങളുമായി കടന്നു കളഞ്ഞതായി പരാതി. 17 വര്‍ഷമായി അബുദാബി പോലീസ് വകുപ്പില്‍ ഓഫീസ് ബോയിയായി ജോലി ചെയ്യുന്ന ചിന്നന്‍ എന്ന് വിളിക്കുന്ന സിയാവുദ്ദീനാണ് തട്ടിപ്പു നടത്തിയത്. യാതൊരു രേഖയും നല്‍കാതെയാണ് ഇയാള്‍ പലരില്‍ നിന്നും പണം സ്വീകരിച്ചതെന്ന് തൃശൂര്‍ കേച്ചേരി സ്വദേശി സലീം പറഞ്ഞു. 17 വര്‍ഷം ഒരുമിച്ച് താമസിച്ചവരെ വരെ കബളിപ്പിച്ചാണ് സിയാവുദ്ദീന്‍ മുങ്ങിയത്. മലയാളികള്‍ അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരില്‍ നിന്നും, പാക്കിസ്ഥാന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും ഇയാള്‍ പണം സ്വീകരിച്ചിട്ടുണ്ടത്രെ. വര്‍ഷങ്ങളുടെ പരിചയത്തിനൊപ്പം പോലീസ് വകുപ്പില്‍ ജോലി ചെയ്യുന്നത് വഴി ലഭിച്ച വിശ്വാസതയും ചൂഷണ ചെയ്താണ് തട്ടിപ്പെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
|
കേരളോത്സവം ഇന്ന് ആരംഭിക്കും
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളോത്സവം ഇന്ന് ആരംഭിക്കും. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന കേരളോത്സവം ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായാണ് കേരളോത്സവം അരങ്ങേറുക. തായമ്പക കച്ചേരി, പുലികളി, സ്റ്റേജ് ഷോ, തട്ടുകടകള്‍ തുടങ്ങിയവ ഉണ്ടാകും. അവസാന ദിവസം നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് കാല്‍ കിലോ സ്വര്‍ണം സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ബഷീര്‍ ജന്മ ശദാബ്ദി ആഘോഷങ്ങള്‍ ദുബായില്‍
വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശദാബ്ദി ആഘോഷങ്ങള്‍ ദുബായില്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഖിസൈസിലെ മിലേനിയം സ്കൂളിലാണ് പരിപാടി. കേരള സാഹിത്യ അക്കാദമിയും ദലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി എം.എ ബേബി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുസ്തക പ്രകാശനം, ബഷീര്‍ അനുസ്മരണം, ഗള്‍ഫ് സാഹിത്യ കൂട്ടായ്മ, സാംസ്കാരിക സമ്മേളനം തുടങ്ങിയവ ജന്മ ശദാബ്ദി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കും. ബഷീര്‍ കൃതികളെ ആസ്പദമാക്കിയുള്ള ലഘുനാടകങ്ങളും ചിത്രപ്രദര്‍ശനവും ഉണ്ടാകും. സുകുമാര്‍ അഴീക്കോട്, എം. മുകുന്ദന്‍, പുരുഷന്‍ കടലുണ്ടി, കെ.എല്‍ ഗോപി, സാദിഖലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
കോണ്‍ഗ്രസിന്‍റേയും സുപ്പീരിയര്‍ അഡ്വൈസറാണ് താനെന്ന് സുകുമാര്‍ അഴീക്കോട്
വിമര്‍ശിക്കുന്നവര്‍ക്ക് എതിരേ അനുയായികളെ ഇളക്കി വിടുന്നത് ഭൂഷണമാണോ എന്ന് വി.എസ് അചുതാനന്ദന്‍ ആലോചിക്കണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ സി.പി രാമസ്വാമിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഴീക്കോട്.
ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാര്‍ അഴീക്കോട്. ദുബായില്‍ കേരള സാഹിത്യ അക്കാദമിയും ദലയൂം ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. ജനാധിപത്യം എന്ന് പറയുന്നത് വിയോജിപ്പിലൂടെയുള്ള ഭരണമാണ്. മുഖ്യമന്ത്രിയെ എതിര്‍ക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ സി.പി രാമസ്വാമിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അഴീക്കോട് പറഞ്ഞു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സുപ്പീരിയര്‍ അഡ്വൈസറാണെന്ന് താന്‍ തമാശയായി പറഞ്ഞതായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാത്രമല്ല കോണ്‍ഗ്രസിന്‍റേയും സുപ്പീരിയര്‍ അഡ്വൈസറാണ് താനെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പിണറായി വിജയന്‍ ലാവ് ലിന്‍ കേസില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
സുഹൈര്‍ ചുങ്കത്തറയുടെ പുസ്തക പ്രകാശനം
ദുബായ് : ഗ്രന്ഥകാരനും വിവര്‍ത്തകനും പണ്ഡിതനുമായ സുഹൈര്‍ ചുങ്കത്തറ രചിച്ച 'ബഹു ഭാര്യത്വം പ്രശ്നമോ, പരിഹാരമോ?' പുസ്തക പ്രകാശനം അല്‍ഖൂസിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ ജൂണ്‍ 11ന് നടക്കും.
ഐ. എം. ബി. യു. എ. ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ വി. കെ. സകരിയ്യയില്‍ നിന്നും ദുബായിലെ പ്രമുഖ വ്യാപാരി പി. എ. റഹ്‍മാന്‍ ആദ്യ പ്രതി ഏറ്റു വാങ്ങും. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തും. രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി യുമായി നടത്തിയ തൂലികാ സംവാദം അടക്കമുള്ള വിലപ്പെട്ട ലേഖനങ്ങളാണ് സുഹൈറിന്‍റെ ഈ കൃതിയില്‍ ഉള്ളത്. പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും ആയ കുഞ്ഞു മുഹമ്മദ് പറപ്പൂരാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. എം. എം. അക്‍ബര്‍, കെ. എ. റാബിയ, റോബര്‍ട്ട് നഈമീ എന്നീ പ്രശസ്തരുടെ ലേഖനങ്ങളും ഈ കൃതിയില്‍ ഉള്‍ക്കൊ ള്ളിച്ചിട്ടുണ്ട്. ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസം, സ്ത്രീധനം, തൌബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കു മിടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്. ശ്രദ്ധിക്ക പ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍. മികച്ച പ്രഭാഷകനും സംഘാട കനുമായ സുഹൈര്‍ ചുങ്കത്തറയുടെ മൂന്ന് പുസ്തകങ്ങള്‍ കൂടി ഉടനെ പുറത്തിറങ്ങും. അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റില്‍ വ്യാഴാഴ്ച രാത്രി 9.30ന് നടക്കുന്ന പ്രകാശ ചടങ്ങില്‍ കെ. എ. ജബ്ബാരി അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ സെക്രട്ടറി വി. കെ. കെ. അബ്ദുല്ല അധ്യക്ഷത വഹിക്കും. - Labels: literature
- ജെ. എസ്.
|
09 June 2009
സിറാജ് ദിനപത്രം ഗള്‍ഫില്‍ 1000 ദിവസം
സിറാജ് ദിനപത്രം ഗള്‍ഫില്‍ 1000 ദിവസം തികച്ചതിന്‍റെ ആഘോഷങ്ങള്‍ ദുബായില്‍ നടന്നു. ആഘോഷ പരിപാടികള്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ സാമൂഹിക ഉത്തവാദിത്വം നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. സിറാജ് ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, എം.കെ അബൂബക്കര്‍ മുസ്ലാര്‍ കട്ടിപ്പാറ, കെ.സി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഗള്‍ഫ് മേഖലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത മാധ്യമ സെമിനാറും നടന്നു. സിറാജ് ഗള്‍ഫ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ.എം അബ്ബാസ് അധ്യക്ഷനായിരുന്നു.
- സ്വന്തം ലേഖകന്‍
|
കുവൈറ്റില്‍ സ്കൂള്‍ ഫീസ് വര്ധിപ്പിക്കരുത്
കുവൈറ്റിലെ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ഫീസ് വര്‍ധിപ്പിക്കാന്‍ മുന്‍ മന്ത്രി സബായുടെ കാലത്താണ് അനുമതി നല്‍കിയിരുന്നത്. ഇന്ത്യന്‍, പാക്കിസ്ഥാന്‍ സ്കൂളുകളിലെ ഫീസ് വര്‍ധിപ്പിക്കുന്നതും മന്ത്രാലയം തടഞ്ഞിട്ടുണ്ട്. ഫീസ് വര്‍ധനയുടെ ആവശ്യകതയെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. സ്കൂള്‍ ഫീസ് വര്‍ധന അന്യായമാണെന്ന് വ്യാപകമായി പരാതികള്‍ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ അധികൃതരുടെ ഈ നടപടി.
- സ്വന്തം ലേഖകന്‍
|
നിരക്ക് ഉയര്‍ത്തിയത് അനുമതി ഇല്ലാതെ - രാജാമണി
ദുബായ്: പാസ് പോര്‍ട്ട് വിതരണം ചെയ്യാന്‍ എം. പോസ്റ്റ് ഈടാക്കിയിരുന്ന ഡലിവറി നിരക്ക് കുത്തനെ ഉയര്‍ത്തിയത് യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസിയുടേയോ കോണ്‍സുലേറ്റിന്‍റേയോ അനുമതി ഇല്ലാതെ ആണെന്ന് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി വ്യക്തമാക്കി. എം. പോസ്റ്റ് വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ ക്കുള്ളില്‍ പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. സിറാജ് മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
ഷവര്‍മ്മ വില്‍പ്പന നിരോധിച്ചു
സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഷവര്‍മ്മ വില്‍പ്പന നിരോധിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഷവര്‍മ്മ കഴിച്ച സ്ത്രീകളും കുട്ടികളും അടക്കം 45 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം സംബന്ധിച്ച് ഈ മേഖലയിലെ എല്ലാ ഹോട്ടലുകള്‍ക്കും മുനിസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
യു.എ.ഇ യില്‍ തൊഴിലാളികള്ക്ക് മികച്ച താമസ സൌകര്യം നല്കണം
യു.എ.ഇയിലെ തൊഴിലാളികള്‍ക്ക് ഉന്നത നിലവാരമുള്ള താമസ സ്ഥലം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. തൊഴിലാളികള്‍ക്ക് നല്‍കേണ്ട താമസ സ്ഥലത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ ഉള്ള മാന്വലിന് യു.എ.ഇ മന്ത്രിസഭ അംഗീകാരവും നല്‍കിയിരിക്കുന്നു.
ശബ്ദ മുഖരിതമായതോ പരിസ്ഥിതി മലിനീകരണമുള്ളതോ ആയ പ്രദേശത്ത് തൊഴിലാളികള്‍ക്ക് താമസ സ്ഥലം നല്‍കരുതെന്ന് മാന്വല്‍ നിര്‍ദേശിക്കുന്നു. തണുത്ത വെള്ളവും ചൂട് വെള്ളവും തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം. എയര്‍ കണ്ടീഷണര്‍, വൈദ്യുതി വിളക്കുകള്‍, എമര്‍ജന്‍സി എക്സിറ്റുകള്‍, ഫയര്‍ എക്സ്റ്റിഗ്യുഷര്‍ സിസ്റ്റം എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളവയായിരിക്കണം. ലേബര്‍ ക്യാമ്പിന്‍റെ ചുമരുകളും നിലവും കോണ്‍ക്രീറ്റോ ഇഷ്ടികയോ കൊണ്ടുള്ളതാവണം. താമസ സ്ഥലമുള്ള പ്രദേശത്തിന്‍റെ 60 മുതല്‍ 65 ശതമാനം വരെ മാത്രമേ താമസിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ബാക്കി ഭാഗം മാനസികോല്ലാസത്തിനുള്ള സ്ഥലങ്ങളും പാര്‍ക്കിംഗ് ഏരിയകളും മറ്റുമായിരിക്കണമെന്നും മാന്വല്‍ നിര്‍ദേശിക്കുന്നു. താമസ സ്ഥലത്ത് ചുരുങ്ങിയത് മൂന്ന് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലായിരിക്കണം ഓരോ കട്ടിലും ഇടേണ്ടത്. ഓരോ തൊഴിലാളിക്കും സൈഡ് ടേബിലും അലമാരയും നല്‍കണം. ഓരോ മുറിയിലും പത്ത് പേരില്‍ കൂടുതല്‍ താമസിക്കാന്‍ പാടില്ല. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചും വ്യക്തമായ നിര്‍ദേശമുണ്ട്. ഓരോ ലേബര്‍ ക്യാമ്പിനോട് അനുബന്ധിച്ചും ഒരു മെഡിക്കല്‍ ക്ലിനിക് ഉണ്ടായിരിക്കണെന്ന് നിര്‍ബന്ധമാണ്. ദേശീയ ഒഴിവ് ദിനം അടക്കം എല്ലാ ദിവസവും 24 മണിക്കൂറും ഈ ക്ലിനിക്കില്‍ ഡോക്ടര്‍ ഉണ്ടായിരിക്കണം. ലേബര്‍ ക്യാമ്പിലെ ബാത്ത് റൂമുകള്‍ വൃത്തിയുള്ളതായിരിക്കണമെന്നും എല്ലാവിധ സജ്ജീകരണങ്ങള്‍ ഉള്ളതായിരിക്കണമെന്നും മാന്വല്‍ നിര്‍ദേശിക്കുന്നു. സോപ്പുകള്‍, കണ്ണാടികള്‍, ബാത് ടവലുകള്‍, ടോയ് ലറ്റ് പേപ്പറുകള്‍ തുടങ്ങിയവയെല്ലാം തൊഴിലുടമ സജ്ജമാക്കിയിരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഓരോ എട്ട് പേര്‍ക്കും ഒരു ബാത് റൂമും രണ്ട് കക്കൂസുകളും ഉണ്ടായിരിക്കണം. ഓരോ എട്ട് പേര്‍ക്കും ഓരോ ലോണ്‍ട്രി വീതവും സജ്ജമാക്കണം. താമസ സ്ഥലത്ത് ടിവി കാണാനും മറ്റുമായി റസ്റ്റ് ഏരിയ സജ്ജീകരിച്ചിരിക്കണമെന്നും മാന്വലില്‍ പറയുന്നു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് തൊഴില്‍ മന്ത്രാലയം പറയുന്നു. മാന്വലിലെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ലേബര്‍ ക്യാമ്പുകള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ അനുമതി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ബാങ്കു വഴിയോ മറ്റ് എക്സ് ചേഞ്ച് സ്ഥാപനങ്ങള്‍ വഴിയോ ശമ്പളം നല്‍കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പിലാക്കിയതിന് പിന്നാലെയാണ് തൊഴിലാളികള്‍ക്ക് സഹായകരമാകുന്ന് പുതിയ നിര്‍ദേശവും മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. മാന്വലിലെ നിര്‍ദേശങ്ങള്‍ നടപ്പിലാവുന്നതോടെ തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസവും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭിക്കും. ഒരു പരിധിവരെ തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാതാവാന്‍ തന്നെ ഈ നിര്‍ദേശങ്ങള്‍ സഹായകരമാവും.
- സ്വന്തം ലേഖകന്‍
|
ഗള്‍ഫ് രിസാല പ്രകാശനം
ദുബായ് : പ്രവാസി മലയാളികള്‍ക്കായ് പുറത്തിറക്കുന്ന “ഗള്‍ഫ് രിസാല” ഈ മാസം 12ന് ജി. സി. സി. രാജ്യങ്ങളില്‍ വെച്ച് പ്രകാശനം ചെയ്യും. എസ്. എസ്. എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ മുഖ പത്രമായി പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് രിസാല പ്രവാസി മലയാളികളുടെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകളെ പ്രതിഫലിപ്പിക്കും. ഇസ്ലാമിക, സാംസ്ക്കാരിക, ഭാഷാ സ്വത്വങ്ങളും രിസാലയുടെ ഉള്ളടക്കത്തിലെ അടിസ്ഥാന നിലപാടുകള്‍ ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ 12 വെള്ളിയാഴ്ച്ച വൈകുന്നേരം ദുബായ് സുഡാനി ക്ലബ്ബില്‍ വെച്ചാവും ഗള്‍ഫ് രിസാല പ്രകാശനം നടക്കുക. പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സംവാദത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ശിഹാബ് ഖാനിം, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, നിസാര്‍ സെയ്ദ്, സി. അഹമ്മദ് ഫൈസി, ആര്‍. പി. ഹുസൈന്‍ ഇരിക്കൂര്‍, സുറാബ്, ബഷീര്‍ തിക്കൊടി, കുഴൂര്‍ വിത്സണ്‍, അശ്രഫ് മന്ന തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നു. Labels: literature
- ജെ. എസ്.
|
08 June 2009
അനുഭവത്തിന്റെ പാതയിലൂടെ
മലബാര്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. അബുദാബി സെന്റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളിയാഴ്ച്ച ജൂണ്‍ 12ന് രാത്രി എട്ട് മണിക്കാണ് പരിപാടി. ഇന്ത്യയില്‍ ഉടനീളം 5400 ഗ്രാമങ്ങളിലായി 106 ഭാഷകളില്‍ 2248 മുഴുവന്‍ സമയ സുവിശേഷകരുമായി പ്രവര്‍ത്തിക്കുന്ന “വിശ്വവാണി” സുവിശേഷ പ്രസ്ഥാനത്തിന്റെ നാഷണല്‍ മിഷന്‍ ഡയറക്ടറും സുപ്രസിദ്ധ റേഡിയോ പ്രഭാഷകനും ആയ ബ്രദര്‍ ഗോഡ്‌ഫ്രീ കളത്തില്‍ സംസാരിക്കുന്നു. മലബാര്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രിഗേഷന്റെ ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും എന്ന് രാജന്‍ ടി ജോര്‍ജ്ജ് അറിയിച്ചു.
Labels: associations
- ജെ. എസ്.
|
അധിനിവേശത്തെ ചെറുക്കണമെന്ന് സി.ആര്‍ നീലകണ്ഠന്‍
ശക്തമായ രാഷ്ട്രീയ അടിത്തറ രൂപപ്പെടുത്തി അധിനിവേശത്തെ ചെറുക്കണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ദമാമിലെ തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദമാം മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം മേധാവി ഖലീഫ അബ്ദുല്ല അല്‍ സാദ് പരിപാടി ഉദ്ഘാടനം ചെയ്തു. തനിമ രക്ഷാധികാരി കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.
- സ്വന്തം ലേഖകന്‍
|
ഷാര്ജയിലെ ഹോട്ടലുകളില്‍ ശുചിത്വമില്ലെന്ന് അധിക്യതര്
ഷാര്‍ജ എമിറേറ്റില്‍ 50 ശതമാനം റസ്റ്റോറന്‍റുകളും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നു. ഷാര്‍ജ നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഭക്ഷണ കാര്യത്തിലും അടുക്കള ശുചീകരണത്തിലും ജീവനക്കാരുടെ വൃത്തി സംബന്ധിച്ചും പാലിക്കേണ്ട മാനദണ്ഡങ്ങളാണ് മിക്കവരും ലംഘിക്കുന്നത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി റസ്റ്റോറന്‍റുകള്‍ക്കും കഫറ്റീരിയകള്‍ക്കും വന്‍ പിഴ അധികൃതര്‍ ചുമത്തിയിട്ടുണ്ട്. ചിലത് താല്‍ക്കാലികമായി അടച്ച് സീല്‍ വയ്ക്കുകയും ചെയ്തു.
കഴിഞ്ഞ 12 മാസത്തിനിടെ 1588 റസ്റ്റോറന്‍റുകളും കഫറ്റീരിയകളും ഇന്‍സ് പെക്ടര്‍മാര്‍ പരിശോധിച്ചു. ഇതില്‍ 223 എണ്ണം മാത്രമാണ് ഏറ്റവും ചുരുങ്ങിയ മാനദണ്ഡങ്ങള്‍ പോലും നടപ്പിലാക്കിയിട്ടുള്ളൂവെന്ന് ഷാര്‍ജ നഗരസഭാ ആഭ്യന്തര പരിശോധനാ വിഭാഗം മേധാവി ജാസിം മുഹമ്മദ് അല്‍ അലി പറഞ്ഞു. ഇതേ തുടര്‍ന്ന 891 എണ്ണത്തിന് മുന്നറിയിപ്പ് നോട്ടിസ് നല്‍കുകയും 474 എണ്ണം വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വരെ അടച്ച് പൂട്ടാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. അടുത്ത ദിവസങ്ങളില്‍ ബാക്കിയുള്ള റസ്റ്റോറന്‍റുകളിലും ഗ്രോസറികളും കടകളിലും പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ലാഭിക്കുന്നതിന് വേണ്ടി രാത്രി കാലത്ത് റഫ്രിജറേറ്റര്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിനെതിരേ ഇന്‍സ് പെക്ടര്‍മാര്‍ കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ആഴ്ചയില്‍ മലയാളി കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റ് ബാലിക മരിച്ചിരുന്നു. ഇതിന്‍റെ അന്വേഷണം അധികൃതര്‍ തുടരുകയാണ് . ഒപ്പം ഭക്ഷ്യ വിഷബാധയേറ്റ കേസുകള്‍ ക്രോഡീകരിച്ച് കാരണം കണ്ടെത്താനുള്ള ശ്രമവും അധികൃതര്‍ ആറംഭിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
ബ്യൂട്ടി വേള്‍ഡ് മിഡില്‍ ഈസ്റ്റ് പ്രദര്‍ശനം ആരംഭിച്ചു.
ബ്യൂട്ടി വേള്‍ഡ് മിഡില്‍ ഈസ്റ്റ് പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു. 50 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ മൂന്ന് ദിവസം നീളുന്ന ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററിലാണ് ബ്യൂട്ടി വേള്‍ഡ് മിഡില്‍ ഈസ്റ്റ് പ്രദര്‍ശനം നടക്കുന്നത്. സൗന്ദര്യ സംവര്‍ധക വസ്തുക്കളും സ് പ്രേകളും മേക്കപ്പ് സാധനങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 650 പ്രദര്‍ശകര്‍ മേളയ്ക്ക് എത്തിയിട്ടുണ്ട്. 1600 ലധികം ബ്രാന്‍ഡുകളാണ് പ്രദര്‍ശനത്തിനുള്ളത്. വൈവിധ്യമേറിയ ഉത്പന്നങ്ങളുമായാണ് കമ്പനികള്‍ ബ്യൂട്ടി വേള്‍ഡ് പ്രദര്‍ശനത്തില്‍ പങ്കടുക്കുന്നത്. പാല്‍ ഉത്പന്നങ്ങളുമായാണ് തായ് ലന്‍ഡില്‍ നിന്നുള്ള സിയാം യോക്കോ എന്ന കമ്പനി എത്തിയിരിക്കുന്നത്. പാലില്‍ നിന്നുള്ള സ്പ, സോപ്പ്, ക്രീം, ഫേഷ്യല്‍ തുടങ്ങിയവയെല്ലാം ഈ കമ്പനി പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു കമ്പനിയാകട്ടെ ഗ്ലിസറിന്‍ കൊണ്ടുള്ള സോപ്പുകളുമായാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്. സോള്‍ സോപ്പ് എന്ന പേരിലാണ് കാഴ്ചക്കും സുഗന്ധത്തിലും വ്യത്യസ്തമായ ഇവ വിപണിയില്‍ ഇറക്കുന്നത്. വിവിധ ബ്യൂട്ടി ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ട്. മേളയോട് അനുബന്ധിച്ച് ഹെയര്‍ ഡിസൈനിംഗിന്‍റേയും മേയ്ക്കപ്പ് ഇടുന്നതിന്‍റേയും ഡെമോണ്‍സ്ട്രേഷനും നടത്തുന്നുണ്ട്. ബ്യൂട്ടി വേള്‍ഡ് പ്രദര്‍ശനത്തോട് അനുബന്ധിച്ച് വെല്‍നസ് ആന്‍ഡ് സ്പ പ്രദര്‍ശനവും അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേള ചൊവ്വാഴ്ച സമാപിക്കും.
- സ്വന്തം ലേഖകന്‍
|
പരിഷത്ത് പ്രവര്‍ത്തന ഉല്‍ഘാടനം
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഈ വര്‍ഷത്തെ പരിപാടികളുടെ പ്രവര്‍ത്തന ഉല്‍ഘാടനം പ്രമുഖ മലയാള ശാസ്ത്ര സാഹിത്യകാരനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടും, മുന്‍ സെക്രട്ടറിയും ആയിരുന്ന, ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. കെ. കെ. കൃഷ്ണ കുമാര്‍ നിര്‍വ്വഹിച്ചു.
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തന ത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹനായ ശ്രീ. ഫൈസല്‍ ബാവയെ ചടങ്ങില്‍ വെച്ച് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അനുമോദിച്ചു. e പത്രത്തില്‍ കോളമിസ്റ്റായ ഫൈസല്‍ ബാവ e പത്രത്തില്‍ പച്ച എന്ന പരിസ്ഥിതി മാസികക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റ് പ്രസിഡണ്ട് വിനയചന്ദ്രന്‍, ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. - ഐ. പി. മുരളി, കോ-ഓര്‍ഡിനേറ്റര്‍, (ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി. യു.എ.ഇ.ചാപ്റ്റര്‍) Labels: associations
- ജെ. എസ്.
|
07 June 2009
സിറാജ് ദിനപത്രം ദുബായ് മേഖലാ ആഘോഷം ഇന്ന്
സിറാജ് ദിനപത്രം ദുബായ് എഡിഷന്‍ 1000 ദിവസം പൂര്‍ത്തിയാക്കിയതിന്‍റെ ഭാഗമായി ദുബായ് മേഖലാ ആഘോഷം ഇന്ന് നടക്കും. ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ ഇന്ന് വൈകുന്നേരം ഏഴിനാണ് പരിപാടി. കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച് മീഡിയ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
കേരയുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും
കേര ( Kerala Engineering Alumni - KERA ) യുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ദുബായില്‍ സംഘടിപ്പിച്ചു. റിനയ്സന്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിംഫണി ടി. വി. യുടെ എം. ഡി. യും സി. ഇ. ഓ. യുമായ വി. കൃഷ്ണകുമാര്‍ മുഖ്യാതിഥി ആയിരുന്നു. സംഘടനാ പ്രസിഡന്‍റ് മൊയ്തീന്‍ നെക്കരാജ്, പി. ജെ. ഷാജി, ജയസൂര്യ, വേണു കുമാര്‍, ബാബു കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
വൈകീട്ട് ആറ് മണി വരെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത വ്യത്യസ്ത കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറി. കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ച് യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന 6000 ത്തോളം എഞ്ചിനീയര്‍മാരാണ് ഈ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്. Labels: associations
- സ്വന്തം ലേഖകന്‍
|
രക്ഷപ്പെട്ട 42 ആന്ധ്ര സ്വദേശികള്‍ക്ക് തെലുങ്ക് കലാസമിതി ക്ലബില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തി
ബഹ്റിനില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 42 ആന്ധ്ര സ്വദേശികള്‍ക്ക് തെലുങ്ക് കലാസമിതി ക്ലബില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തി. ഈ തൊഴിലാളികള്‍ക്ക് ബഹ്റിനിലെ മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭക്ഷണ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസയ്ക്കായി വന്‍ തുക നല്‍കി എത്തിയ ഇവരില്‍ പലര്‍ക്കും ജോലിയോ ശമ്പളമോ ലഭിച്ചിരുന്നില്ല. നാട്ടിലേക്ക് പോകാനായി തയ്യാറായിരുന്ന ചില തൊഴിലാളികള്‍ക്കാകട്ടെ പാസ് പോര്‍ട്ട് അടക്കമുള്ള എല്ലാ സമ്പാദ്യവും ഈ തീപിടുത്തത്തില്‍ നഷ്ടപ്പെടുകയും ചെയ്തു.
- സ്വന്തം ലേഖകന്‍
|
വില്ലകള്‍ : പരിശോധന തുടരുമെന്ന് ഷാര്‍ജ നഗരസഭ
ഷാര്‍ജ നഗരത്തില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ബാച്ചിലേഴ്സ് താമസിക്കുന്നത് തടയാനായി പരിശോധന തുടരുമെന്ന് ഷാര്‍ജ നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
ഷാര്‍ജയില്‍ നിബന്ധനകള്‍ ലംഘിച്ച് ആളുകളെ പാര്‍പ്പിക്കുന്ന ശരാശരി 300 ഓളം വില്ലകളില്‍ ഓരോ മാസവും വെള്ളവും വൈദ്യുതിയും വിഛേദിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നഗരസഭയുടെ കെട്ടിട സുരക്ഷാ വിഭാഗം മേധാവി മുഹമ്മദ് ബിന്‍ ദുവീന്‍ അല്‍ കഅബിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ബാച്ചിലേഴ്സ് താമസിക്കുന്നത് തടയുന്നതിനുള്ള പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബങ്ങളെ താമസിപ്പിക്കേണ്ട കെട്ടിടങ്ങള്‍ ബാച്ചിലേഴ്സിന് നല്‍കുന്ന ഉടമകള്‍ക്ക് നഗരസഭ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്കായുള്ള കെട്ടിടങ്ങളില്‍ സ്ത്രീകളേയും പുരുഷന്മാരേയും ഒറ്റക്ക് താമസിക്കാന്‍ അനുവദിക്കില്ല. വില്ലകളില്‍ പരിധിയിലധികം കുടുംബങ്ങളെ താമസിക്കുന്നവര്‍ക്കെതിരേയും അധികൃതരുടെ മുന്നറിയിപ്പുണ്ട്. അനധികൃതമായി വില്ലകള്‍ ഭാഗിച്ച് കൂടുതല്‍ കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്നത് നിയമ ലംഘനമാണ്. ഒക്ടോബര്‍ 31 മുതല്‍ 2009 ജൂണ്‍ 31 വരെയുള്ള കാലയളവില്‍ ഷാര്‍ജയില്‍ 4800 വീടുകളിലെ വെള്ളവും വൈദ്യുതിയുമാണ് അധികൃതര്‍ വിഛേദിച്ചത്. കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളില്‍ തൊഴിലാളികളെ താമസിപ്പിച്ചതായിരുന്നു നിയമ ലംഘനങ്ങളില്‍ കൂടുതലും. ഷാര്‍ജ നഗരസഭ അധികൃതര്‍ പരിശോധന സജീവമായി തന്നെ തുടരുകയാണിപ്പോള്‍. പോലീസുമായി സഹകരിച്ചാണ് പരിശോധന. മുസല്ല, അല്‍ ഫിഷ്ത്, നസ്റിയ, മന്‍സൂറ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പരിശോധന. പരിശോധനയ്ക്കിടയില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടി താമസിക്കുന്നവരും പിടിയിലാകുന്നതായി അധികൃതര്‍ വ്യക്തമാക്കി. അതേ സമയം ഒളിച്ചോടി താമസിക്കുന്നവര്‍ക്ക് അഭയം നല്‍കുന്ന കെട്ടിട ഉടമകള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
06 June 2009
മികച്ച വിജയം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 92.04 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയ അബുദാബി ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ത്ഥി ഫര്‍സീന്‍ മുഹമ്മദ്. സ്കൂളില്‍ മൂന്നാം റാങ്കും ഉണ്ട് ഈ മിടുക്കന്. മാതാപിതാക്കള്‍ പ്രോഫസര്‍ ഷാജു ജമാലുദ്ധിനും ഡോ. ആയിഷയും അബുദാബിയില്‍ ജോലിചെയ്യുന്നു.
- ബഷീര്‍ വെള്ളറക്കാട് Labels: education
- ജെ. എസ്.
|
ഒബാമയുടെ ഈജിപ്ത് പ്രഭാഷണത്തെ അറബ് ലീഗ് സ്വാഗതം ചെയ്തു
ബരാക്ക് ഒബാമയുടെ ഈജിപ്ത് പ്രഭാഷണത്തെ അറബ് ലീഗ് സ്വാഗതം ചെയ്തു. വളരെ ശരിയായ ദിശയിലുള്ള നടപടിയായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അമര്‍ മൂസ ഇതിനെ കാണുന്നതായി പറഞ്ഞു. ഇത്തരം നടപടികള്‍ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സഹായിക്കുമെന്നും അദേഹം പറഞ്ഞു. എന്നാല്‍ മധുരവാക്കുകള്‍ അല്ല മുസ്ലീം ലോകത്തിന് വേണ്ടതെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ കൊണ്ടൊന്നും മുസ്ലീം ലോകത്തിന്‍റെ മുന്നില്‍ അമേരിക്കയുടെ പ്രതിശ്ചായ മാറില്ലെന്നും അദേഹം പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
നൂറി അല്‍ മാലിക്കി ഇറാഖിലെ കുവൈറ്റ് അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി
ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി ഇറാഖിലെ കുവൈറ്റ് അംബാസിഡറുമായി കൂടിക്കാഴ്ച്ച നടത്തി. കുവൈറ്റ് അധിനിവേശത്തിന് തുടര്‍ന്ന് ഇറാഖിന് മേല്‍ നിലനില്‍ക്കുന്ന യുഎന്‍ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖ് കുവൈറ്റ് ബന്ധത്തിലുണ്ടായ പിരിമുറുക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. ഉപരോധം പിന്‍വലിക്കുന്ന പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാഗ്വാദം മുറുകിയതിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. യുദ്ധനഷ്ടപരിഹാരമായി ലഭിക്കേണ്ട 2500 കോടി ഡോളറും ഇറാഖുമായി നിലവിലുള്ള അതിര്‍ത്തി തര്‍ക്കവും പരിഹരിക്കാതെ ഇറാഖിന് മേലുള്ള ഉപരോധം പിന്‍വലിക്കരുതെന്നാണ് കുവൈറ്റിന്‍റെ വാദം
- സ്വന്തം ലേഖകന്‍
|
വൈദ്യപരിശോധന കുവൈറ്റ് നിര്‍ബന്ധമാക്കി.
വിവിഹ പൂര്‍വ്വ വൈദ്യപരിശോധന കുവൈറ്റ് നിര്‍ബന്ധമാക്കി. പകര്‍ച്ചവ്യാധികളും ജനിതക രോഗസാധ്യതകളും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. വിവാഹ പൂര്‍വ്വ വൈദ്യപരിശോധന നടത്തി യോഗ്യത പത്രം സമര്‍പ്പിക്കാതെ വധൂവരന്‍മാര്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. ആഗസ്റ്റ് രണ്ട് മുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. കുവൈറ്റ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
- സ്വന്തം ലേഖകന്‍
|
ബഹറിന്‍ മലയാളി ഫോറം നാലാം വാര്‍ഷികം
ബഹറിനിലെ മലയാളികളായ ബിസിനസ്സുകാരുടെ കൂട്ടായ്മയായ ബഹറിന്‍ മലയാളി ഫോറം നാലാം വാര്‍ഷികം ആഘോഷിക്കുന്നു. ജൂണ്‍ 26ന് പാലസ് ഹോട്ടലില്‍ വച്ചാണ് പരിപാടികള്‍ നടക്കുക. വ്യാപാര പുരോഗതി ബഹറിനിലും കേരളത്തിലും , സംഘടനകളുടെ അകവും പുറവും എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ദൃശ്യമാധ്യമ രംഗത്തെ പ്രമുഖരും ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും നടക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹറിനില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. ബഷീര്‍ അമ്പലായി, അബ്ദുള്‍ ഗഫൂര്‍, സക്കറിയ, അഷറഫ് മായഞ്ചേരി, റിയാസ്, വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
05 June 2009
ഭാരതത്തിന്റെ പ്രിയപ്പെട്ട കഥാകാരി ഓര്‍മ്മയായി
ദുബായ് : മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥാകാരിയും കവയത്രിയുമായ കമലാ സുരയ്യ (മാധവിക്കുട്ടി) യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിന്റെ നീര്‍മാതളം കൊഴിഞ്ഞതായി കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. മണ്ണിനേയും മനുഷ്യനേയും ബന്ധപ്പെടുത്തി കൊണ്ട് രചന നിര്‍വ്വഹിച്ച എക്കാലത്തേയും ശ്രദ്ധേയയായ കഥാകാരിയാണ് കമലാ സുരയ്യ. അവരുടെ ഇംഗ്ലീഷ് കവിതകളും ഏറെ ഹൃദ്യമാണ്.
അഡ്വ. ഷബീല്‍ ഉമ്മര്‍ അദ്ധ്യക്ഷം വഹിച്ചു. റഫീഖ് മേമുണ്ട, ടി. സി. നാസര്‍, ഏഴിയില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ലിയാഖത്ത് പൊന്നമ്പത്ത് നന്ദി പറഞ്ഞു. - അഡ്വ. ഷബീല്‍ ഉമ്മര്‍ Labels: literature, obituary, personalities
- ജെ. എസ്.
|
കേര കുടുംബ സംഗമം ഇന്ന്
കേരളത്തിലെ ഒന്‍പത് പ്രമുഖ എഞ്ചിനീയറിങ് കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ യു. എ. ഇ. യിലെ ഏകോപന സമിതിയായ കേര ( Kerala Engineering Alumni - KERA ) യുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങളും കുടുംബ സംഗമവും ജൂണ്‍ 5 വെള്ളിയാഴ്ച്ച ദുബായ് ദെയ്‌റയിലെ റിനായസന്‍സ് ഹോട്ടലില്‍ വെച്ച് നടക്കും.
സിംഫണി ടി. വി. യുടെ എം. ഡി. യും സി. ഇ. ഓ. യുമായ വി. കൃഷ്ണകുമാര്‍ ആണ് മുഖ്യ അതിഥി. രാവിലെ 10 മണിക്കു തന്നെ റെജിസ്ട്രേഷന്‍ ആരംഭിക്കും. വൈകീട്ട് ആറ് മണി വരെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന വ്യത്യസ്ത കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും. യു. എ. ഇ. യില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ എഞ്ചിനിയറിങ് കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടു വന്ന കേര 2004ല്‍ ആണ് രൂപീകൃതമായത്. യു. എ. ഇ. യിലെ തന്നെ ഏറ്റവും അധികം അംഗ സംഖ്യയുള്ള പ്രൊഫഷണല്‍ സംഘടന ആയിരിക്കും കേര. യു. എ. ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറായിരത്തില്‍ പരം എഞ്ചിനിയര്‍മാര്‍ കേരയില്‍ അംഗങ്ങളാണ്. തിരുവനന്തപുരം CETA , കൊല്ലം TKM , കോതമംഗലം MACE , കൊച്ചി MAST , കൊച്ചി CUBA , തൃശ്ശൂര്‍ TRACE , കോഴിക്കോട് REC , കണ്ണൂര്‍ KEE , പാലക്കാട് NSSCE എന്നീ കോളജുകള്‍ ആണ് കേരയില്‍ അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം കേര യുടെ ആഭിമുഖ്യത്തില്‍ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തുകയുണ്ടായി എന്ന് പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിനിധിയും കേരയുടെ പ്രസിഡണ്ടും ആയ മൊയ്തീന്‍ നെക്കരാജ് അറിയിച്ചു. പത്മശ്രീ ഡോ. വിജയ് ഭട്കര്‍ക്ക് മൊയ്തീന്‍ നെക്കരാജ് കേരയുടെ സ്നേഹോപഹാരം നല്‍കുന്നു കേര ഓണാഘോഷത്തില്‍ മുഖ്യ അതിഥിയായ ചലച്ചിത്രകാരന്‍ ശ്രീകുമാരന്‍ തമ്പിയും കേര പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജും കേര ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രശസ്ത സിനിമാ നടന്‍ സിദ്ദിഖ് ശ്രീകുമാരന്‍ തമ്പി മുഖ്യ അതിഥിയായ ഓണാഘോഷം, ചിത്രകലാ പ്രദര്‍ശനം, ദുബായിലും അബുദായിലും നടത്തിയ സംഗീത നിശകള്‍, സ്പീച്ച് ക്രാഫ്റ്റ് ശില്‍പ്പശാല, ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കറുമായി ചേര്‍ന്ന് സംഘടിപ്പിച്ച സാങ്കേതിക സെമിനാര്‍, യോഗാ ക്ലാസ്, നടന്‍ സിദ്ദിഖുമായി ഇഫ്താര്‍ വിരുന്ന്, മൈന്‍ഡ് മാപ്പിങ് ശില്‍പ്പ ശാല, ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം കേര നടത്തിയ പ്രധാന പരിപാടികള്‍. ഇതിനു പുറമെ കേരയുടേയും ICWC യുടേയും സംയുക്തമായ ആഭിമുഖ്യത്തില്‍ പലപ്പോഴായി ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അവിടത്തെ സാഹചര്യങ്ങളെ പറ്റി പഠിച്ച് അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (Indian Community Welfare Committee - ICWC ) യില്‍ അംഗമാണ് കേര. ICWC യുമായി ചേര്‍ന്ന് ഒട്ടേറെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും കേര നടത്തുന്നുണ്ടെന്ന് കേര പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ് വെളിപ്പെടുത്തി.
Labels: associations
- ജെ. എസ്.
|
04 June 2009
ഫൈസല്‍ ബാവയെ അനുമോദിക്കുന്നു
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തന ത്തിനുള്ള പുരസ്ക്കാരത്തിന് അര്‍ഹനായ പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും, e പത്രത്തില്‍ കോളമിസ്റ്റുമായ ശ്രീ. ഫൈസല്‍ ബാവയെ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അനുമോദിക്കുന്നു. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഈ വര്‍ഷത്തെ പരിപാടികളുടെ ഉല്‍ഘാടന ചടങ്ങില്‍ വെച്ചാണ് പുരസ്ക്കാര ജേതാവായ ഫൈസല്‍ ബാവയെ അനുമോദിക്കുന്നത്.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് പ്രമുഖ മലയാള ശാസ്ത്ര സാഹിത്യകാരനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ടും, മുന്‍ സെക്രട്ടറിയും ആയിരുന്ന, ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. കെ. കെ. കൃഷ്ണ കുമാര്‍ ആണ് ഉല്‍ഘാടനം ചെയ്യുന്നത്. എമിറേറ്റ്സ് നാഷ്ണല്‍ സ്കൂള്‍ - ഷാര്‍ജയില്‍ വെച്ചാണ് ഉല്‍ഘാടനം. വൈകീട്ട് 3.00 മണിക്ക് ബാല വേദിയും രക്ഷാ കര്‍തൃ സംഗമവും, 6.00 മണിക്ക് അനുമോദന യോഗവും, 6.10ന് ‘ലോക പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കെ. കെ. കൃഷ്ണ കുമാര്‍ നടത്തുന്ന പ്രഭാഷണവും 7.15ന് ചര്‍ച്ചയും നടക്കും എന്ന് പ്രസിഡണ്ട് മുഹമ്മദ് ഇക്ബാല്‍, കോ - ഓര്‍ഡിനേറ്റര്‍ മുരളി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-86 30 977, 050-67 64 556 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. Labels: associations, personalities
- ജെ. എസ്.
|
കമല സുരയ്യയെ അനുസ്മരിച്ചു
മലയാള സാഹിത്യത്തെ ലോക സാഹിത്യത്തോളം ഉയര്‍ത്തിയ കമല സുരയ്യയുടെ നിര്യാണത്തിനോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദുബായ് കെ. എം. സി. സി., സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റി, വായനക്കൂട്ടം എന്നീ സംഘടനകള്‍ സംയുക്തം ആയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കമല സുരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്ന ലീലാ മേനോന്‍ കമലയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. നിഷ്ക്കളങ്കവും നിരുപാധികവുമായ സ്നേഹം കൊണ്ട് തന്റെ ചുറ്റിലുമുള്ളവരുടെ മനസ്സ് നിറച്ച കമല പക്ഷെ ജീവിത സായഹ്നത്തില്‍ ഏറെ ദുഃഖിതയായിരുന്നു എന്ന് അവര്‍ അനുസ്മരിച്ചു. ഏറെ വിവാദമായ തന്റെ മതം മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അവര്‍ ഏറെ സ്നേഹിച്ച മലയാള നാടിനെ തന്നെ ഉപേക്ഷിച്ച് പൂനയിലേക്ക് യാത്രയാവാന്‍ അവരെ നിര്‍ബന്ധിതയാക്കി. മരിക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ മുന്‍പ് താന്‍ കമലയെ പൂനയില്‍ ചെന്ന് കണ്ടിരുന്നു. അപ്പോഴും അവര്‍ തനിക്ക് പതിവായി ലഭിച്ചു കൊണ്ടിരുന്ന, തന്നെ പുലഭ്യം പറഞ്ഞ് ആള്‍ക്കാര്‍ അയക്കുന്ന എഴുത്തുകള്‍ കാണിച്ച് തന്നെ എല്ലാരും വെറുക്കുന്നുവല്ലോ എന്ന് വിലപിക്കുകയുണ്ടായി എന്നും ലീലാ മേനോന്‍ ഓര്‍ക്കുന്നു. ഇസ്ലാം മതം സ്വീകരിച്ച അവരെ ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു മുസല്യാര്‍ ഒരു മാസം ദിവസേന വന്ന് അവര്‍ക്ക് ക്ലാസ് എടുത്തു. ഇതിനെ തുടര്‍ന്ന്‍ കമല എഴുതിയ യാ അള്ളാഹ് എന്ന കൃതി ലോകമെമ്പാടുമുള്ള വായനക്കാര്‍ ആവേശത്തോടെ ഏറ്റു വാങ്ങുകയുണ്ടായി. കേവലം ഒരു മാസത്തെ മത പഠനം കൊണ്ട് ഇത്തരം ഒരു കൃതി സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ എത്ര മഹത്തായ ഒരു പ്രതിഭ ആയിരുന്നു കമല സുരയ്യ എന്ന് ലീലാ മേനോന്‍ ചോദിക്കുന്നു. പ്രശസ്ത എഴുത്തുകാരായ അക്ബര്‍ കക്കട്ടില്‍ മാധവിക്കുട്ടിയുടെ ഏറെ കോളിളക്കം സൃഷ്ടിച്ച എന്റെ കഥ മുതല്‍ യാ അള്ളാഹ് വരെ നീണ്ട അവരുടെ എഴുത്തും കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായ അവരുടെ ജീവിതവും അനുസ്മരിച്ചു. നിഷ്ക്കളങ്കത തന്നെയാണ് അവരുടെ പെരുമാറ്റത്തിലെ ഏറ്റവും വലിയ സവിശേഷതയായി തനിക്ക് തോന്നിയിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസ ചന്ദ്രിക എഡിറ്ററും കഥാ കൃത്തും ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, കമലാ സുരയ്യയുടെ “യാ അല്ലാഹ്” എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ അഹമ്മദ് മൂന്നാം കൈ, ബഷീര്‍ തിക്കൊടി, ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഐ. എം. എഫ്. പ്രസിഡണ്ട് പി. വി. വിവേകാനന്ദന്റെ സന്ദേശം യോഗത്തില്‍ വായിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. അലി മാസ്റ്റര്‍ സ്വാഗതവും, അഷ്രഫ് നാറാത്ത് കവിതയും മുഹമ്മദ് വെട്ടുകാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജമാല്‍ മനയത്ത്, അഡ്വ. ജയരാജ് തോമസ്, ശശി മൊഹാബി, അഷ്രഫ് കിള്ളിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. Labels: associations, literature, obituary, personalities
- ജെ. എസ്.
|
03 June 2009
പാസ്റ്റര്‍ തോമസ് ജോണിന്റെ പ്രഭാഷണം
അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ കേരളത്തിലെ പ്രശസ്ത ബൈബിള്‍ സെമിനാരി അദ്ധ്യാപകനായ പാസ്റ്റര്‍ തോമസ് ജോണ്‍ പ്രഭാഷണം നടത്തുന്നു. ജൂണ്‍ 5 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി സെന്റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ എം. സി. സി. ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
02 June 2009
ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി ഓണ്‍ലൈന്‍ സര്‍വീസ് ആരംഭിച്ചു. ഓണ്‍ ലൈന്‍ വഴി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും ഇന്ന് ആരംഭിച്ചിട്ടുണ്ട്. www.rta.ae എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഈ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ വെച്ചു നടന്ന പത്ര സമ്മേളനത്തില്‍ ആണ് ആര്‍. ടി. എ. തൂടങ്ങിയ ഈ പുതിയ രണ്ട് e സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചത്. നേരിട്ട് ആര്‍. ടി. എ. ഓഫീസ് സന്ദര്‍ശിക്കാതെ ഇത്തരം സേവനങ്ങള്‍ ലഭ്യം ആക്കുക വഴി സമയം ലാഭിക്കാനും പൊതു ജനത്തിന് ബുദ്ധിമുട്ട് ഒഴിവാക്കാനും ആവും എന്ന ഉദ്ദേശത്തോടെ ആണ് ഈ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്ന് ആര്‍. ടി. എ. സി. ഇ. ഓ. അഹമ്മദ് ഹാഷിം ബഹ്‌റോസ്യാന്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
നാട്ടരങ്ങിന്‍റെ നിളോത്സവം
ഖത്തറിലെ സാംസ്കാരിക സംഘടനയായ പാലക്കാടന്‍ നാട്ടരങ്ങിന്‍റെ നിളോത്സവം ഈ മാസം ആറിന് നടക്കും. ദോഹ സിനിമയിലാണ് പരിപാടി. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ബാലഭാസ്ക്കര്‍, വിദ്യാധരന്‍, മേതില്‍ ദേവിക, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 5292 577 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍ നിന്നും ഇസ്ലാമിസ്റ്റ് ചായ് വുള്ള അംഗങ്ങള്‍ ഇറങ്ങിപ്പോയി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍ നിന്നും ഇസ്ലാമിസ്റ്റ് ചായ് വുള്ള അംഗങ്ങള്‍ ഇറങ്ങിപ്പോയി. കുവൈറ്റിന്‍റെ പാര്‍ലമെന്‍ററി ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തുമ്പോള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് ഇസ്ലാമിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് വനിതാ അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോക്ക് ഉണ്ടായത്. ഇസ്ലാമിസ്റ്റുകളെ കൂടാതെ മറ്റ് ഏഴ് അംഗങ്ങളും 13-ാം പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനം ബഹിഷ്ക്കരിച്ചു. പ്രധാനമന്ത്രിയായി ശൈഖ് നാസര്‍ അല്‍ സബായെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ സഭ ബഹിഷ്ക്കരിച്ചത്.
- സ്വന്തം ലേഖകന്‍
|
01 June 2009
കമലാ സുരയ്യയുടെ നിര്യാണത്തില്‍ പ്രവാസികള്‍ അനുശോചിച്ചു
കമലാ സുരയ്യയുടെ നിര്യാണത്തില്‍ ഗള്‍ഫിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു. ഓള്‍ ഇന്ത്യാ ആന്‍റി ഡൗറി മൂവ് മെന്‍റ്, ദല, വായനക്കൂട്ടം , ദുബായ് തൃശൂര്‍ ജില്ലാ സര്‍ഗ ധാര, പി. സി. എഫ്. ഷാര്‍ജ കമ്മിറ്റി, ബഹ്റിന്‍ സമത സാംസ്കാരിക വേദി, ഇടം, മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം, സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭഗാം എന്നിവ അനുശോചനം രേഖപ്പെടുത്തി.
സമൂഹത്തിന്‍റെ കാപട്യങ്ങളെ തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ച അസാധാരണ വ്യക്തിത്വമായിരുന്നു കമല സുരയ്യ എന്ന് പാം പുസ്തകപ്പുര നടത്തിയ അനുശോചന യോഗം അഭിപ്രായപ്പെട്ടു. ദുബായ് ഡി. സി. ബുക്സില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ സി. വി. ബാലകൃഷ്ണന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്നിവര്‍ പങ്കെടുത്തു. രാത്രി എട്ടിന് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വായനക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. കമലാ സുരയ്യ അനുസ്മരണ പ്രഭാഷണം മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ നടത്തും. Labels: associations, obituary
- ജെ. എസ്.
|
ചിരന്തന മാധ്യമ പുരസ്ക്കാരങ്ങള്‍
യു.എ.ഇ. യിലെ ചിരന്തന സാംസ്കാരിക വേദിയുടെ 2008 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ജലീല്‍ പട്ടാമ്പി എന്നിവര്‍ക്കാണ് പുരസ്ക്കാരങ്ങള്‍. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിനും, ജീവ കാരുണ്യ മാധ്യമ പ്രവര്‍ത്തനത്തിനുമാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു. സ്വര്‍ണ മെഡല്‍, പൊന്നാട, പ്രശംസാ പത്രം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്. ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും.
Labels: associations
- സ്വന്തം ലേഖകന്‍
|
ലൈസന്‍സില്‍ ബ്ലാക്ക് പോയന്‍റുള്ളവര്‍ക്ക് അത് ഒഴിവാക്കാന്‍ ദുബായ് പോലീസ് അവസരം ഒരുക്കി
ട്രാഫിക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ലൈസന്‍സില്‍ ബ്ലാക്ക് പോയന്‍റുകള്‍ ഉള്ളവര്‍ക്ക് അവ നീക്കം ചെയ്യാനുള്ള അവസരമാണ് ദുബായ് പോലീസ് മുന്നോട്ട് വച്ചിരിക്കുന്നത്. റോഡ് സുരക്ഷയേയും നിയമങ്ങളേയും കുറിച്ചുള്ള പ്രത്യേക പരിശീലന ക്ലാസില്‍ പങ്കെടുത്താല്‍ പരമാവധി എട്ട് പോയന്‍റുകള്‍ വരെ നീക്കം ചെയ്യാമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
ഇന്നും നാളെയും ദുബായ് പോലീസിന്‍റെ ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റിലാണ് പരിശീലന പരിപാടി. എല്ലാ ദിവസവും രാവിലെ എട്ടരയ്ക്ക് ക്ലാസുകള്‍ ആരംഭിക്കും. ഇംഗ്ലീഷ്, അറബിക്, ഉറുദു എന്നീ ഭാഷകളില്‍ പ്രത്യേകം ക്ലാസുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് ക്ലാസുകളുടെ ദൈര്‍ഘ്യം. ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഗതാഗത നിയമം ലംഘിച്ച് വാഹനമോടിക്കുന്നത് കൊണ്ടുള്ള അപകടങ്ങളെക്കുറിച്ചുമാണ് ഈ പരിശീലനപരിപാടിയില്‍ പ്രധാനമായും ക്ലാസുകള്‍ ഉണ്ടാവുക. ലൈസന്‍സില്‍ 24 ബ്ലാക് പോയന്‍റുകള്‍ ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ പരിശീലന ക്ലാസില്‍ പങ്കെടുത്ത് ബ്ലാക് പോയന്‍റ് കുറയ്ക്കാനുള്ള അവസരം അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികൃതര്‍ നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സില്‍ ബ്ലാക് പോയന്‍റുകള്‍ രേഖപ്പെടുത്തുന്ന സംവിധാനം അധികൃതര്‍ നടപ്പിലാക്കിയത്. ഒരു വര്‍ഷത്തില്‍ 24 ബ്ലാക് പോയന്‍റുകള്‍ എന്ന പരിധി കടന്നാല്‍ ദുബായില്‍ ആറ് മാസത്തേക്ക് ലൈസന്‍സ് അധികൃതര്‍ പിടിച്ച് വയ്ക്കും. ഇതോടെ ഈ ലൈസന്‍സ് ഉടമയ്ക്ക് ആറ് മാസത്തേക്ക് വാഹനം ഓടിക്കാന്‍ സാധിക്കില്ല. രണ്ടാം തവണയും 24 ബ്ലാക് പോയന്‍റുകള്‍ കടന്നാല്‍ വീണ്ടും ആറ് മാസത്തേക്ക് ലൈസന്‍സ് പിടിച്ചു വയ്ക്കും. മൂന്നാമതും ഇത് ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് പിടിച്ച് വയ്ക്കുക. യാതൊരു നിയന്ത്രണവുമില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള അവസരമായാണ് ഈ പരിശീലന പരിപാടിയെ കാണുന്നതെന്ന് ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. ലൈസന്‍സില്‍ ബ്ലാക്ക് പോയന്‍റുകള്‍ ഉള്ള പരമാവധി പേര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതായാലും ലൈസന്‍സില്‍ 15 ഉം 20 ബ്ലാക് പോയന്‍റുകള്‍ ഉള്ളവര്‍ക്ക് അവയില്‍ കുറവ് വരുത്താനുള്ള അസുലഭ അവസരമാണ് ദുബായ് പോലീസ് മുന്നോട്ട് വച്ചിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്