21 January 2010
മുല്ലപ്പെരിയാര്‍ : ദുരന്തം ഒഴിവാക്കാന്‍ വിട്ടുവീഴ്‌ച്ച അത്യാവശ്യം - കെ.പി. ധനപാലന്‍ എം.പി.
ദുബായ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന വന്‍ ദുരന്തം മുന്‍പില്‍ കണ്ട് അത്തരം ഒരു ദുരന്തം ഒഴിവാക്കാനായി സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്ന് കെ. പി. ധനപാലന്‍ എം. പി. അഭിപ്രായപ്പെട്ടു. ദുബായില്‍ e പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെടുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ് ദുരന്തം ഒഴിവാക്കാനുള്ള പരിഹാരം. എന്നാല്‍ പുതിയ അണക്കെട്ട് വരുന്നതോടെ പഴയ കരാര്‍ അസാധുവാകുകയും തങ്ങളുടെ ജല ലഭ്യതയ്ക്ക് ഭീഷണിയാവുകയും ചെയ്യും എന്ന ആശങ്കയാണ് തമിഴ് ജനതയെ ചാവേര്‍ പടയ്ക്ക് പോലും സന്നദ്ധമാക്കുന്നത്. ഈ ആശങ്കയെ ഫലപ്രദമായി നേരിടാനും അവര്‍ക്ക് തുടര്‍ന്നും ജലം ലഭിക്കുമെന്ന് ഉറപ്പു നല്‍കാനും വിട്ടു വീഴ്‌ച്ചാ മനോഭാവത്തോടെ സര്‍ക്കാര്‍ സമീപിക്കണം. എന്നാലേ രമ്യമായ ഒരു പരിഹാരം ഉണ്ടാവൂ എന്നും എം. പി. പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ: ഫോട്ടോ : അനൂപ് പ്രതാപ് തൈക്കൂട്ടത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടാനുള്ള ഒരുക്കത്തിലാണ് ബൂലോഗവും ബ്ലോഗ്ഗര്‍മാരും. ഇതിനായി ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മകള്‍ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്തു ചെയ്യണം, ചെയ്യാന്‍ കഴിയും, എന്തു ചെയ്തു? മുല്ലപ്പെരിയാര്‍ നമ്മളെ സംബന്ധിച്ചേടത്തോളം ഒരു ഭീഷണിയായി നില്‍ക്കുകയാണ്. ആ ഭീഷണിയെ തരണം ചെയ്യാന്‍ നമ്മള്‍ ഒരു പുതിയ ഡാം ആണ് പ്ലാന്‍ ചെയ്യുന്നത്. പക്ഷെ, തമിഴ്‌നാട്ടിനുള്ള ആശങ്ക, പുതിയ ഡാം വന്നാല്‍, ആ പഴയ കരാര്‍ പോയി പോകുമെന്നും, അതോടെ ഇപ്പോള്‍ അവര്‍ക്ക് കിട്ടി ക്കൊണ്ടിരിക്കുന്ന വെള്ളം കിട്ടാതാവു മെന്നുമൊ ക്കെയാണ്. പുതിയ കരാര്‍ വരുമ്പോള്‍ ഇത്രയും നാള്‍ അനുഭവിച്ചു കൊണ്ടിരുന്ന വ്യവസ്ഥകളില്‍ നിന്നും മാറ്റം വരില്ലേ എന്ന ആശങ്കയാണ് അവര്‍ക്ക് ഉള്ളത്. പുതിയതായി ഡാം നിര്‍മ്മിക്കാന്‍ അനുവദിച്ചാല്‍, ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അത്രയും വെള്ളം കൊടുക്കാന്‍ നമുക്ക് സമ്മതമാണ് എന്ന് നമ്മള്‍ വാക്കാലാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് ഒരു വ്യവസ്ഥയായി ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ സമ്മതം അറിയിച്ചാല്‍ ഒരു പക്ഷെ അവര്‍ അതിലേക്ക് കടന്നു വരാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ നമ്മുടെ ഇപോഴത്തെ സര്‍ക്കാരിന്റെ ഒരു ചിന്താഗതി അനുസരിച്ച്, അന്ന് അങ്ങനെ കൊടുത്തു എന്നുള്ളത് കൊണ്ട് ഇന്ന് അതേ വ്യവസ്ഥകള്‍ അനുവദിക്കാന്‍ സമ്മതമല്ല എന്നൊരു നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും ഒരു പുതിയ ഡാം പണിയാന്‍ പറ്റാത്ത ഒരു കെട്ടുപാടില്‍ വന്ന് കിടക്കുകയാണ്. അതിനെ നമ്മള്‍ ബലം പ്രയോഗിച്ച് പുതിയ ഡാം കെട്ടും എന്ന് പറഞ്ഞാലും അത് പ്രായോഗികമല്ല. പിന്നെ, അവരുമായി ഒരു ഡയലോഗ് നടത്തി, അവരും കൂടി അംഗീകരിക്കുന്ന ഒരു പോയന്റിലേക്ക് കൊണ്ടു വരാനുള്ള ഒരു ശ്രമം നടത്താന്‍ നമ്മള്‍ ശ്രമിച്ചാലും, അവര്‍ വികാര പരമായി നില്‍ക്കുകയാണ്. ആ വികാര പരമായ സമീപനത്തില്‍ നിന്ന് അവരെ മാറ്റണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസ്യത ഉണ്ടാക്കുന്ന ഒരു സമീപനം ഉണ്ടാകണം. ഞങ്ങള്‍ ചെന്നതിനു ശേഷം തമിഴ്നാടില്‍ നിന്നുമുള്ള എം.പി. മാരുമായി ഡയലോഗ് നടത്തി കൊണ്ടിരിക്കുകയാണ്. അവരെ വിശ്വാസത്തില്‍ എടുക്കാന്‍. പക്ഷെ അത് കൊണ്ട് മാത്രമായില്ല. നേരത്തെ അവര്‍ വളരെ അഡമന്റ് ആയി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാനൊക്കെ അവര്‍ തയ്യാറുണ്ട്. ലെഷര്‍ ടൈമിലൊക്കെ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി തന്നെ എല്ലാ എം.പി. മാരും അതിനായി ഒരു സമീപനം എടുത്തിട്ടുണ്ട്. പക്ഷെ സര്‍ക്കാരുകള്‍ തമ്മിലാണല്ലോ ഈ ഡയലോഗ് വേണ്ടത്. അല്ലാതെ ഞങ്ങള്‍ എം.പി. മാര്‍ തമ്മിലുള്ള സംസാരത്തിന് വലിയ പ്രസക്തിയില്ല. ഇങ്ങനെ സര്‍ക്കാരുകള്‍ തമ്മിലുള്ള ഡയലോഗിന് സഹായകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നാണ് ഇപ്പോഴത്തെ സംസാരം തുടങ്ങിയപ്പോള്‍ തോന്നുന്നത്. പക്ഷെ നമുക്കറിയാമല്ലോ, എപ്പോഴും ഒരു തീവ്രവാദത്തിന്റെ സമീപനമുള്ള സംഘടനകളും, വ്യക്തികളും ഉണ്ട്. അവര്‍ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത സമീപനത്തില്‍ നില്‍ക്കുകയുമാണ്. ഒരു കരാറിലേക്ക് വരത്തക്കവണ്ണമുള്ള സമീപനം എടുത്താല്‍ ഒറ്റപ്പെടുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തുറന്ന ചര്‍ച്ചയും അവര്‍ കൂടി അംഗീകരിക്കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്തില്ലായെങ്കില്‍ പഴയത് പോലെ തന്നെ കാര്യങ്ങള്‍ നില്‍ക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത്രയധികം ആളുകളെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം എന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ ആവില്ലേ? ഞങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുമായി ഞങ്ങള്‍ എം.പി. മാര്‍ എല്ലാവരും പോയി സംസാരിച്ചു. അങ്ങനെ ഒരു നിലപാട് കേന്ദ്ര സര്‍ക്കാരിന് നിയമപരമായി എടുക്കാനുള്ള ഒരു സാഹചര്യമില്ല. കാരണം നിയമപരമായി അണക്കെട്ട് ഇപ്പോള്‍ അവരുടെ കയ്യിലാണ്. ആ നിയമത്തിനെ മറി കടക്കണമെങ്കില്‍ ഒരു സ്നേഹബുദ്ധിയുള്ള ഒരു സമീപനമേ പറ്റുകയുള്ളൂ. ഒരു ദേശീയ ദുരന്തം ആവാനുള്ള ഒരു സാദ്ധ്യത ഇതിനുണ്ടല്ലോ? അതൊരു വാദഗതിയാണ്. നമ്മള്‍ സത്യം പറഞ്ഞാലും അവര്‍ അവരുടേതായ വാദം കൊണ്ട് അതിനെ എതിര്‍ത്തു കൊണ്ടിരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. അവരുടെ എഞ്ചിനിയര്‍മാരും, അവരുടെ അസംബ്ലി കമ്മിറ്റിയും എല്ലാം വന്ന് പരിശോധിച്ച് അണക്കെട്ടിന് ബലക്കുറവില്ല എന്ന് പറയുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, അവരുടെ എഞ്ചിനിയറിംഗ് വിംഗും പറയുകയാണ്. അതെന്തൊക്കെയായാലും ഇതൊരു ദുരന്തമായി നില്‍ക്കുകയാണ് എന്നത് നമുക്ക് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബലം പ്രയോഗിച്ചോ, കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നിലപാട് എടുക്കുകയോ ചെയ്താല്‍ അവര്‍ അജിറ്റേറ്റഡ് ആവും. ആ അജിറ്റേഷന്‍ വന്ന് നില്‍ക്കുന്നത് നമ്മളെ പോലെയല്ല, എന്തും ചെയ്യാന്‍ തയ്യാറായ, ഒരു ചാവേര്‍ പടയെ പോലെയാണ് അവര്‍ വരുന്നത്. ഡാം പണിയാന്‍ ഒരു കാരണവശാലും അവര്‍ സമ്മതിക്കില്ല എന്നും പറഞ്ഞ്. അപ്പോള്‍ പിന്നെ ഫോഴ്‌സും പട്ടാളവുമൊക്കെ ഇറങ്ങി അവരെ ഒതുക്കി... അങ്ങനെയൊന്നും കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി മൂലം ചാലിയാറില്‍ ഉണ്ടാവുന്ന മലിനീകരണം ശാസ്ത്രീയമായി പഠിക്കുകയും, പ്രശ്നം ആദ്യമായി പൊതു ജന ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്ത ഡോ. കെ.ടി. വിജയ മാധവനെ പോലെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൊണ്ടു വരാന്‍ e പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ അണക്കെട്ടിന്റെ സാങ്കേതികത്വം ശ്രദ്ധാപൂര്‍വ്വം ഇവര്‍ പഠിക്കുന്നുമുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ ഉണ്ടാവുന്ന നഷ്ടം, മനുഷ്യ ജീവനും മൃഗങ്ങള്‍ക്കും, സ്വത്തിനും പ്രകൃതിയ്ക്കും, ഭയാനകമായിരിക്കും എന്നാണ് ഇപ്പോള്‍ നിലവിലുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ ഒരു അണക്കെട്ട് ദുരന്തമായി മാറിയേക്കാമിത്. ഇതിന്റെ ഈ ഭീകരത ശരിക്കും എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ടോ? ഇത് ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുമായിരുന്നില്ലേ? ഇതിന്റെ ഭീകരത നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തമിഴ്നാട് ഉള്‍ക്കൊള്ളുന്നില്ല. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നാല്‍ പോലും അവര്‍ അത് ഉള്‍ക്കൊള്ളില്ല. അവരുടെ എഞ്ചിനിയര്‍മാരുടെ കൂടി പങ്കാളിത്തത്തോടെ പഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ അത് വൃഥാവിലാകും. അവര്‍ വല്ലാത്തൊരു നിലപാടില്‍ നില്‍ക്കുകയാണ്. അവരുടെ സംസ്ഥാനത്തിന്റെ വികാരത്തിനുള്ള മുന്‍ഗണനയാണ് അവര്‍ കല്‍പ്പിക്കുന്നത്. നമ്മുടെ അവസ്ഥ അവര്‍ക്ക് ബോധ്യപ്പെടുന്നില്ല. അവര്‍ വികാര പരമായ സമീപനം എടുത്തു നില്‍ക്കുകയാണ്. അത് കൊണ്ട്, ഈ പറയുന്നത് പോലെയുള്ള പഠനങ്ങള്‍ നടത്തുമ്പോഴും, അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വരുമ്പോഴും ചെയ്യേണ്ടുന്ന കാര്യം, അവരുമായി ഒരു ഡയലോഗിന്റെ പുറത്ത് അവരുടെ എഞ്ചിനിയേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പഠനം ആയിരിക്കണം വരേണ്ടത്. അല്ലാതെ നമ്മള്‍ പറയുന്നതിലെ ശരി അവരെ ബോധ്യപ്പെടുത്താനാവില്ല. രാഷ്ട്രീയത്തിനതീതമായാണോ എം.പി. മാര്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത്? തീര്‍ച്ചയായും. സുപ്രീം കോടതിയില്‍ കെ.ടി. തോമസ് എം.പി. കക്ഷി ചേര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ എല്ലാവരും ഒരുമിച്ച് തന്നെയാണ് ഈ മുന്നേറ്റത്തില്‍ നിലകൊള്ളുന്നത്. അതിലൊന്നും രാഷ്ട്രീയ ഭേദമൊന്നുമില്ല. തമിഴ്‌നാടിനെ പോലെ ഭ്രാന്ത് കാണിക്കുന്നില്ലെങ്കില്‍ പോലും, പാര്‍ലമെന്റിനകത്ത് എടുക്കേണ്ട സമീപനം, വളരെ ശക്തമായിട്ട് തന്നെ നമുക്ക് സ്വീകരിക്കാന്‍ കഴിഞ്ഞു, അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അത് സഭയെ ഒന്നാകെ തന്നെ ബോധ്യപ്പെടുത്തുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും കേട്ടിരിക്കുന്നവര്‍ക്ക് നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുണ്ട്. തമിഴ്നാടിന്റെ മറു വാദഗതികളും ചര്‍ച്ചകളും ഒക്കെ ഉണ്ടെങ്കില്‍ പോലും, വന്‍ ദുരന്തമാണല്ലോ വന്ന് ഭവിക്കാന്‍ പോകുന്നത്. അത് വന്ന് ഭവിച്ചതിനു ശേഷം പിന്നെ ഒന്നുമില്ലല്ലോ. പാര്‍ലമെന്റില്‍ ഇടപെടുന്നതിനു ഉപരിയായി നമ്മള്‍ ഈ ദുരന്തത്തെ തന്നെയാണ് കാണുന്നത്. ദുരന്തത്തെ അതി ജീവിക്കാന്‍ കഴിയുന്ന ഒരു നിലപാട് ഒരു പരിധി വരെ തമിഴ്നാട് സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കാന്‍ അവിടെയുള്ള എം.പി. മാരുടെ സമ്മര്‍ദ്ദം, അതാണ് നമ്മള്‍ നടത്തി ക്കൊണ്ടിരിക്കുന്നത്. പക്ഷെ എന്തൊക്കെയാണെങ്കിലും, അപ്പുറത്ത് തീവ്രവാദപരമായി നില്‍ക്കുന്ന സംഘടനകളും ആളുകളുമൊക്കെ എടുക്കുന്ന നിലപാടുകളെ അതിജീവിച്ച് പറയാനുള്ള ധൈര്യം അവര്‍ക്കില്ല. പറയില്ല അവര്‍. പല സ്ഥലങ്ങളിലും തീവ്രവാദത്തിന്റെ മുന്നേറ്റത്തില്‍ മൌനം പാലിക്കുന്നു എന്ന് പറയുന്നത് പോലെയാണ് പലപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകള്‍ പോലും ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ദുരന്തം ബാധിക്കുന്ന പ്രദേശത്തെ ആളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നത് കൊണ്ട് എന്തെങ്കിലും ഫലമുണ്ടാവുമോ? ഇത്തരം ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഗൌരവമായി ഈ വിഷയം അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. കടല്‍ വന്ന് വീടെടുത്ത് കൊണ്ട് പോകും എന്ന ഒരു ഭീഷണി നിലനില്‍ക്കുമ്പോഴും, കടപ്പുറത്ത് ജീവിക്കുന്നത് പോലെ, അങ്ങനെയൊന്നും വരില്ല എന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇപ്പോഴും ആളുകള്‍ അവിടെ നിന്നും മാറി കൊടുക്കുന്നൊന്നുമില്ല. പുറത്ത് നിന്നുള്ള ആളുകള്‍ക്കുള്ള അശങ്ക പോലും ബാധിക്കുന്ന പ്രദേശത്തെ ആളുകള്‍ക്കില്ല എന്നതാണ് വാസ്തവം. ഒരു ജനകീയ മുന്നേറ്റം ഈ കാര്യത്തില്‍ ആവശ്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ജനകീയ മുന്നേറ്റം ഉണ്ടായേ പറ്റൂ. സംസ്ഥാനത്തിനകത്ത് ഒരു പ്രതിഷേധം ഉണ്ടായി വരണം. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തന്നെ വരണം. അത് രാഷ്ട്രീയമോ ഒന്നുമല്ലാതെ ജനങ്ങളില്‍ നിന്നു തന്നെ ഇത് ഉണ്ടായി വരണം. ഇത് ഒരു യഥാര്‍ത്ഥ പ്രശ്നമാണെന്നും, ജീവനെയും നിലനില്‍പ്പിനെ തന്നെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അത് കഴിയണം. രാഷ്ട്രീയമായി ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും? നമ്മുടെ സര്‍ക്കാര്‍ ഇതില്‍ കുറച്ച് കൂടി വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം. അവര്‍ പറയുന്നത് സമ്മതിക്കേണ്ടി വന്നാല്‍ പോലും, ജീവനാണല്ലോ വലുത്. അന്ന് ഇത്ര കൊല്ലത്തേക്ക് കൊടുത്തു. ഇനി അങ്ങനെ കൊടുക്കാന്‍ കഴിയില്ല എന്നൊക്കെ പറയുന്നത് ശരിയാണെങ്കില്‍ പോലും, അതിനേക്കാള്‍ വലിയ ഒരു ഭീഷണി നില നില്‍ക്കുന്നത് കൊണ്ട്, അവരോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി വിശ്വാസത്തിലെടുത്ത് ഒരു തീരുമാനത്തില്‍ കൊണ്ടു വന്നിട്ടേ കാര്യമുള്ളൂ. കേന്ദ്ര സര്‍ക്കാരിന് ഇടപെടണമെങ്കില്‍, പട്ടാളം ഇറങ്ങിയൊക്കെ ചെയ്യാന്‍ കഴിയും. പക്ഷെ അത് കൊണ്ടൊന്നും ഇത് പരിഹരിക്കാന്‍ കഴിയില്ല. അതിന് എതിര്‍പ്പ് ഭയങ്കരമായിരിക്കും. അതൊരു വന്‍ യുദ്ധം പോലെ നടത്തേണ്ടി വരും. അല്ലാതെയൊന്നും തമിഴ്നാട് സമ്മതിക്കില്ല. അങ്ങനെയൊരു നിലപാടിലാണ് അവര്‍ നില്‍ക്കുന്നത്. അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ 40 ലക്ഷം ആളുകള്‍ കൊല്ലപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. അത്ര തന്നെ കന്നുകാലികളും മറ്റും കൊല്ലപ്പെടും. 80 ലക്ഷം മൃത ശരീരങ്ങള്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൌകര്യമൊന്നും ഇന്ത്യയിലില്ല. ഇത് മൂലം പൊട്ടിപ്പുറപെടാവുന്ന സാംക്രമിക രോഗങ്ങളും മറ്റും കണക്കിലെടുക്കുന്നതോടെ അണക്കെട്ട് പൊട്ടിയാലുണ്ടാവുന്ന ദുരന്തത്തിന്റെ ചിത്രം ഭീതിദമാകുന്നു. സൈനികമായുള്ള ഇടപെടല്‍ പോലും ന്യായീകരിക്കത്തക്ക ഭീകരമായ അവസ്ഥയല്ലേ ഇത്? നമ്മള്‍ ഈ പറയുന്നതിനേക്കാള്‍ അപ്പുറമാണ് ഈ ദുരന്തത്തിന്റെ ഭീകരത. പക്ഷെ എന്തൊക്കെ പറഞ്ഞാലും നമുക്ക് ഡാം കെട്ടണമല്ലൊ. സൈന്യം ഇറങ്ങി, അവര്‍ തടഞ്ഞു, വെടി വെപ്പ് ഉണ്ടായി, മൂന്ന് നാല് ആളുകള്‍ കൊല്ലപ്പെട്ടു... അങ്ങനയല്ലല്ലൊ. ഇതേ ദുരന്തം പോലെ ഒരു ദുരന്തത്തില്‍ നില്‍ക്കുകയാണ് അവരും. ഒരു ചാവേര്‍ പട പോലെ ഒരു ജനത നില്‍ക്കുകയാണ്. അല്ലാതെ ഒരു യുദ്ധ മുന്നണിയില്‍ നില്‍ക്കുന്ന കുറച്ചു പേരല്ല. അത്രയ്ക്ക് സംഘടിതമാണോ തമിഴ് ജനതയുടെ പ്രതിരോധം? ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും അത് അങ്ങനെയാക്കി എടുക്കും. അങ്ങനെയൊരു തീവ്രതയുള്ള ജനതയാണത്. അവിടെ ന്യായം പറയാന്‍ പലപ്പോഴും ആരും ഉണ്ടാവില്ല. എന്നാല്‍ എല്ലാവരും അതിനോടൊപ്പം നില്‍ക്കാന്‍ തയ്യാറായെന്നും വരും. പിന്നെ ഇതങ്ങനെ അവരുടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചു കയറ്റുകയാണ്. അവരുടെ വെള്ളത്തിന്റെ പ്രശ്നമാണ് അവര്‍ക്കുള്ളത്. നമ്മള്‍ ഇത് വെറുതെ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇത് മുന്‍പില്‍ കണ്ട് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവേണ്ടി വരും. അവര്‍ പറയുന്ന കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പോലും ഇത്തരമൊരു ദുരന്തം മുന്‍പില്‍ കണ്ട് കൊണ്ട് അതിന് സര്‍ക്കാര്‍ തയ്യാറാവേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത 99 കൊല്ലത്തേയ്ക്ക് പാട്ടത്തിന് കൊടുക്കണം എന്ന് പറഞ്ഞാല്‍ പോലും ഈ വലിയ ദുരന്തം കണക്കിലെടുക്കുമ്പോള്‍ ഒന്നുമല്ലാതെയാവും. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടി പോലെയല്ല. അവരെ വിശ്വാസത്തിലെടുക്കാനും ഒരു പരിഹാരത്തിലേക്ക് കൊണ്ടു വരുവാനും നമ്മള്‍ വഴങ്ങി എന്ന് അവര്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. നിയമപരമായി അണക്കെട്ട് അവരുടെ കയ്യില്‍ ഇരിക്കുകയാണ്. ആ നിലക്ക് ഈ വിഷയത്തില്‍ ഒരു ധാരണയ്ക്ക് വരേണ്ട ആവശ്യം അവര്‍ക്കില്ല എന്ന നിലപാടിലാണ് അവര്‍ ഇരിക്കുന്നത്. നമ്മള്‍ മുന്‍കൈ എടുത്ത അവരോട് നമ്മുടെ കാര്യം പറഞ്ഞ് മനസ്സിലാക്കി, അവര്‍ പറയുന്ന വ്യവസ്ഥകള്‍ അതു പോലെ അംഗീകരിച്ചാല്‍ പോലും, അതിന് തയ്യാറായി ഒരു കരാര്‍ നടപ്പിലാക്കണം. പ്രേമചന്ദ്രനൊന്നും അങ്ങനെ നില്‍ക്കാന്‍ തയ്യാറില്ല. അവരുടെ നിലപാട് പ്രശ്നം കൂടുതല്‍ തീവ്രമാക്കാനാണ് ഉതകുന്നത്. ഒരു വലിയ ദുരന്തം ഒഴിവാക്കാനായി വിട്ടു വീഴ്‌ച്ച ചെയ്യുക എന്നതിലേക്ക് വരുന്നില്ല. മന്ത്രിയും സര്‍ക്കാരും ഇത്തരം വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം. ഇത് രാഷ്ട്രീയത്തിന്റെയോ പാര്‍ട്ടിയുടേയോ കാര്യമല്ല. തമിഴ്നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെ. യും എ.ഐ. ഡി. എം. കെ. യും ഒക്കെ ഒരുമിച്ച് തന്നെയാണ് ഈ പ്രശ്നത്തില്‍ നില്‍ക്കുന്നത്. അവിടെ ഇത് കോണ്‍ഗ്രസിന്റെയോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയോ കാര്യമല്ലല്ലോ. അത് പോലെ ഇവിടെയും അങ്ങനെ ആവണം. ഇപ്പോഴും അവരുടെ വെള്ളത്തിന്റെ ആശങ്കയേ അവര്‍ക്ക് പ്രധാനമായുമുള്ളൂ. വെള്ളത്തിന്റെ ആശങ്ക പരിഹരിക്കും എന്ന് നമ്മള്‍ അവരെ വിട്ടുവീഴ്‌ച്ചയോട് കൂടി ബോധ്യപ്പെടുത്തണം. ഭരണ കക്ഷിയായ ഡി. എം. കെയും ഒരു നിലപാടെടുത്താല്‍, ഡാമിന്റെ പതനത്തേക്കാള്‍ അത് കൊണ്ട് വരാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന്, തീവ്രമായി നിലപാടുകളെടുത്ത്, ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമം പ്രതിപക്ഷമായ എ. ഐ. ഡി. എം. കെ. യുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. കോണ്‍ഗ്രസും അവരോടൊപ്പം നില്‍ക്കുകയാണ്. അവരോടൊന്നും നമ്മള്‍ സംസാരിക്കുമ്പോള്‍, ഡി. എം. കെ., എ. ഐ. ഡി. എം. കെ. പോയിട്ട് കോണ്‍ഗ്രസ് എം. പി. മാര്‍ക്ക് പോലും നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രധാനപ്പെട്ട കോണ്‍ഗ്രസ് എം. പി. മാരെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാല്‍ അവര്‍ പറയുന്നത് സര്‍ക്കാരുകള്‍ തമ്മില്‍ വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്നു തന്നെയാണ്. എന്നാല്‍ അതിന് തയ്യാറാവാതെ നമ്മള്‍ ഇപ്പോഴും പഴയത് പോലെ നിലപാടെടുത്താല്‍ പ്രശ്നം പരിഹരിക്കാനാവില്ല.
Interview with K.P. Dhanapalan M.P. on Mullaperiyar Dam Crisis Labels: interview, personalities, political-leaders-kerala
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്