30 March 2010
ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
വ്യാജ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനും 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ ശരീഅത്ത് കോടതി ഉത്തരവിട്ടു.
ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഡി. എന്‍. എ പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യു. എ. ഇ. യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2009 ജനവരിയിലാണ് ഷാര്‍ജയിലെ അല്‍സജാ എന്ന സ്ഥലത്ത് കേസിനാസ്പദമായ സംഭവം. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാര്‍ജയില്‍, നിയമവിരുദ്ധമായ മദ്യവില്പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. കത്തികൊണ്ട് നിരവധി തവണ കുത്തേറ്റതിനെ ത്തുടര്‍ന്നാണ് പാകിസ്ഥാന്‍ പൗരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. രക്ഷപ്പെട്ടവരുടെ മൊഴികളും ഡി. എന്‍. എ. പരിശോധനയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. രക്ഷപ്പെട്ട മൂന്നു പേരുടെ മൊഴിയനുസരിച്ച്, 50 അംഗങ്ങളുള്ള ഒരു സംഘം കത്തികളുമായി അവരെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റവരെ പിന്നീട് പോലീസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പോലീസ് 50 പേരെ അറസ്റ്റ് ചെയെ്തങ്കിലും 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. Labels: crime, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്