30 June 2008
ഉംറ & സിയാറത്ത് സംഘം ജൂലൈ 2നു പുറപ്പെടുന്നു
മുസ്വഫ എസ്. വൈ. എസ്. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഉംറ & സിയാറത്ത് യാത്രയുടെ 54 പേര്‍ അടങ്ങുന്ന ആദ്യ ബാച്ച് ജൂലൈ 2നു ബുധനാഴ്ച വൈകീട്ട് 6 മണിക്ക് മുസ്വഫ ശ അബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന യാത്രയയപ്പിനു ശേഷം പുറപ്പെടുന്നതാണ്.
നിരവധി തവണ ഉംറ സംഘത്തിനു നേത്യത്വം നല്‍കിയ യുവ പണ്ഡിതനും മുസ്വഫ എസ്. വൈ. എസ്. ജന. സെക്രട്ടറിയുമായ അബ്‌ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലമാണു സംഘത്തിന്റെ അമീര്‍. ആദ്യം മക്കയിലേക്ക് പോവുന്ന സംഘം ഉംറ നിര്‍വഹണം കഴിഞ്ഞ് ജുലൈ എഴാം തിയ്യതി ബദര്‍ വഴി മദീന സിയാറത്തിനായി പുറപ്പെടുന്നതും ജുലൈ പതിനൊന്നാം തിയ്യതി മദീനയില്‍ നിന്നും യാത്ര തിരിച്ച് 12നു മുസ്വഫയില്‍ തിരിച്ചെത്തുന്നതുമാണ്'. ജൂലൈ 23 നു പുറപ്പെടുന്ന രണ്ടാമത് സംഘത്തെ നയിക്കുന്നത് യുവ പണ്ഡിതനും പ്രഭാഷകനും നിരവധി തവണ ഹജ്ജ് -ഉംറ സംഘത്തെ നയിച്ചിട്ടുള്ള കെ. കെ. എം. സഅടിയാണ്. റമളാനില്‍ സംഘടിപ്പിക്കുന്ന ഉംറ - സിയാറത്ത് യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചതായും സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 02 5523491 / 055 -9134144 എന്നീ നമ്പറുകളില്‍ വിളിക്കുക. -ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
KMCC ബാലുശ്ശേരിയ്ക്ക് പുതിയ പ്രസിഡന്റ്
അബുദാബി ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി പുതിയ പ്രസിഡന്‍റായി അഷ്രഫ് അണ്ടിക്കോടിനേയും ജനറല്‍ സെക്രട്ടറിയായി സിറാജ് നടുവണ്ണൂരിനേയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബാലുശ്ശേരി മണ്ഡലത്തിലെ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
- ജെ. എസ്.
|
സുബൈര്‍ പീടിയേക്കലിന്‍റെ പ്രഭാഷണം
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ബര്‍ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ബുര്‍ദുബായ് ബസ് സ്റ്റാന്‍റിനടുത്തുള്ള മസ്ജിദില്‍ സുബൈര്‍ പീടിയേക്കലിന്‍റെ പ്രഭാഷണം ഉണ്ടായിരിക്കും. ഇശാ നമസ്കാരത്തിനു ശേഷമാണ് പ്രഭാഷണം.
- ജെ. എസ്.
|
ഷാര്‍ജയില്‍ ഖുര്‍ ആന്‍ ക്ലാസ്
എസ്. കെ. എസ്. എസ്. എഫ് ഷാര്‍ജ കമ്മിറ്റിയുടേയും ഇന്ത്യന്‍ ഇസ്ലാമിക് ദ അ്വാ സെന്‍ററിന്‍റേയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഖുര്‍ ആന്‍ ക്ലാസ് നാളെ നടക്കും. പണ്ഡിതന്‍ ത്വാഹാ സുബൈര്‍ ഹുദവി എടുക്കുന്ന ക്ലാസ് ഷാര്‍ജ ദ അവാ സെന്‍ററില്‍ രാത്രി 10 മണിക്കു തുടങ്ങും.
- ജെ. എസ്.
|
സര്‍ക്കാര്‍ നീക്കം അപകടകരം - ഇസ്‌ലാഹി സെന്റര്‍
ദുബായ്: മതനിരാസം പ്രചരിപ്പിക്കാന്‍ വിദ്യാര്‍ഥികളെ പാകപ്പെടുത്തുന്ന കേരള സര്‍ക്കാറിന്റെ നീക്കം മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ഇസ്‌ലാഹി സെന്റര്‍ യു.എ.ഇ. കേന്ദ്ര കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ദുബായ് അല്‍ അവീര്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്‌ലാഹി സെന്റര്‍ യു.എ.ഇ. കേന്ദ്ര കൗണ്‍സില്‍ മീറ്റീല്‍ പി.എ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും വരുന്ന ആറു മാസ ക്കാലത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വി.പി. അഹമ്മദ്കുട്ടി മദനി, പി.കെ. സലാഹുദ്ദീന്‍, കെ.എ. ജമാല്‍, മുജീബ് പി.ഐ., ജാബിര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.
-റസാഖ് പെരിങ്ങോട്
- ജെ. എസ്.
|
28 June 2008
“നിറക്കൂട്ട്” ജൂലായ് 11ന് അബുദാബിയില്‍
യു.എ.ഇ. യിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി “കല” അബുദാബി നടത്തുന്ന “നിറക്കൂട്ട്” എന്ന ചിത്രകലാ ഉത്സവം ജൂലായ് 11ന് അബുദാബി മലയാളി സമാജത്തില്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചിത്രകലാ മത്സരത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്.
6 മുതല്‍ 9 വയസ്സ് വരെ സബ് ജൂനിയര്‍ വിഭാഗവും 9 മുതല്‍ 12 വയസ്സു വരെ ജൂനിയര്‍ വിഭാഗവും 12 മുതല്‍ 17 വയസ്സ് വരെ സീനിയര്‍ വിഭാഗവും ആയിട്ടാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളറിലും, സീനിയര്‍ വിഭാഗത്തില്‍ പെന്‍സില്‍ സ്കെച്ചിലുമാണ് ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. ജൂലായ് 11ന് വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ അബുദാബി മലയാളി സമാജത്തിലാണ് മത്സരം നടക്കുക. ഒന്നര മണിക്കൂറാണ് മത്സര സമയം. ചിത്ര രചനയ്ക്കുള്ള വിഷയം മത്സര സമയത്ത് നല്‍കും. ഓരോ വിഭാഗത്തിലെയും ഒന്നാം സ്ഥാനത്തിന് സ്വര്‍ണ മെഡലും സര്‍ട്ടിഫിക്കറ്റും രണ്ടാം സ്ഥാനത്തിന് വെള്ളി മെഡലും സര്‍ട്ടിഫിക്കറ്റും മൂന്നാം സ്ഥാനത്തിന് വെങ്കല മെഡലും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. അപേക്ഷാ ഫോറങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും 050-2986326, 050-5415472, 050-6154020 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലായ് 8നു മുമ്പായി അബുദാബി മലയാളി സമാജത്തിലോ kalauae@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കണമെന്ന് “കല” ജനറല്‍ സെക്രട്ടറി പി.പി. ദാമോദരന്‍ അറിയിച്ചു.
- ജെ. എസ്.
|
27 June 2008
കേളി ബദിയ കമ്മറ്റിയ്ക്ക് പുതിയ യൂണിറ്റ്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മിറ്റിക്കു കീഴില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേളിയുടെ അമ്പത്തിയാറാമത്തെ യൂണിറ്റായി സൂക്ക് ദൗലി നിലവില്‍ വന്നു. ബദിയ ഏരിയാ പ്രസിഡന്റ് റഫീഖ് പാലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗം കേളി സെക്രട്ടറി കെ. പി. എം. സാദിഖ് ഉദ്ഘാടനം ചെയ്തു. പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി ഷരീഫ് (പ്രസിഡന്റ്), സുലൈമാന്‍, മനു മുഹമ്മദ് (വൈ. പ്രസിഡന്റ്), ഹനീഷ് ഇസ്മായില്‍ (സെക്രട്ടറി), മുരളിധരന്‍, സൈഫുദ്ദീന്‍ (ജോ. സെക്രട്ടറി), ശശികുമാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
കേളി ബദിയ ഏരിയാ ജോ. സെക്രട്ടറി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക വിഭാഗം ആക്ടിംഗ് കണ്‍വീനര്‍ കാര്‍ത്തികേയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഉദയഭാനു രാഷ്ട്രീയ വിശദീകരണം നല്‍കി. ബദിയ ഏരിയാ സെക്രട്ടറി വിനോദ് പാനല്‍ അവതരിപ്പിച്ചു. രാധാകൃഷണന്‍, ശശീന്ദ്രന്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ യൂണിറ്റന്റെ സെക്രട്ടറി ഹനീഷ് ഇസ്മായില്‍ നന്ദി പറഞ്ഞു.
- ജെ. എസ്.
|
'വേനല്‍ തനിമ - 2008' സമാപിച്ചു
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് കുവൈത്ത് തനിമ ഒരുക്കിയ വ്യക്തിത്വ വികസന പരിശീലന കളരിയായ 'വേനല്‍ തനിമ - 2008' സമാപിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പരിപാടി നടന്നത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ ത്രിദിന ശില്പശാലയില്‍ പങ്കെടുത്തു. സമാപനത്തിന്റെ ഭാഗമായി കേരള സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കെ.എന്‍.കെ. നമ്പൂതിരിയും കുട്ടികളും തമ്മിലുള്ള മുഖാമുഖം നടന്നു.
തുടര്‍ന്ന് സമാപന സമ്മേളനത്തിന് വിദ്യാര്‍ഥികള്‍ നേതൃത്വം നല്കി. 'വേനല്‍തനിമ- 2008 സ്മരണിക' യുടെ ആദ്യ പ്രതി ഇന്ദിരാ കൃഷ്ണന്‍ പ്രകാശനം ചെയ്തു. മ്യൂസിക് തെറാപ്പി, വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്‌കിറ്റുകള്‍, സംഘ ഗാനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സമാപന ചടങ്ങില്‍ അരങ്ങേറി.
- ജെ. എസ്.
|
26 June 2008
ബാച്ച് ചാവക്കാട്
ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ബാച്ച് ചാവക്കാടിന്റെ പ്രവര്ത്തനോല്ഘാടനം ജൂണ്‍ 26, വ്യാഴാഴ്ച രാത്രി 08:30 മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ (മിനി ഹാള്‍) നടക്കും. ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറുന്നതാണ്. പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
- ജെ. എസ്.
|
25 June 2008
പ്രതിവാര യോഗം
കലാ -സാഹിത്യ -സാംസ്കാരിക വേദിയായ സംസ്കാരയുടെ ദുബായ് കമ്മിറ്റിയുടെ പ്രതിവാര യോഗം നാളെ ചേരും.
ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടല്‍ അപ്പാര്‍ട്ട് മെന്‍റ് ഹാളില്‍ നാലെ വൈകിട്ട് 8 മണിക്ക് യോഗം തുടങ്ങും. യോഗത്തില്‍ പ്രവാസി എഴുത്തുകാരിയായ സക്കീന ബഷീറിന്‍റെ ചെറു കഥാ സമാഹാരമായ - ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്- എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 65 85 379 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- ജെ. എസ്.
|
കെ.എം.സി.സി. വ്യവസായ പ്രമുഖരെ ആദരിയ്ക്കുന്നു
തങ്ങളുടെ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബഹറൈനിലെ കെ.എം.സി.സി. പ്രവാസി ഭാരതീയരായ വ്യവസായ പ്രമുഖരെ ആദരിയ്ക്കുന്നു. യു.എ.ഇ. എക്സ്ചേഞ്ച് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, സൌദിയിലെ നാസര്‍ അല്‍ ഹജ്രി കോര്‍പ്പറേഷന്‍ എം.ഡി.യും ബഹറൈന്‍ നിവാസിയുമായ ഡോ. രവി പിള്ള, കുവൈറ്റിലെ വ്യവസായിയായ ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന ശ്രീ എം. മാത്യൂസ് എന്നിവര്‍ക്ക് പ്രവാസി അവാര്‍ഡുകള്‍ നല്‍കിയാണ് ആദരിയ്ക്കുന്നത്.
എം.കെ. ഗ്രൂപ്പ് എം.ഡി. പദ്മശ്രീ എം.എ.യൂസഫലിയെയും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മൊഹമ്മദലിയെയും ഇതേ അവാര്‍ഡിന് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പിന്നീടൊരു ദിവസം ആയിരിയ്ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. ഇന്ത്യന്‍ സ്ഥാനപതി ശ്രീ ബാലകൃഷ്ണ ഷെട്ടി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ പാണക്കാട് ശിഹാബ് തങ്ങള്‍, അബ്ദു സമദ് സമദാനി എന്നിവര്‍ പങ്കെടുക്കും. ഇന്ന് രാത്രി നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
- ജെ. എസ്.
|
24 June 2008
കടമ്മനിട്ട അനുസ്മരണവും കാവ്യസന്ധ്യയും
മനാമ: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിക്കുവാന്‍ ബഹറൈന്‍ പ്രേരണ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് അനുസ്മരണ പ്രഭാഷണവും കവിയരങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ സിനു കക്കട്ടില്‍ ഉത്തരാധുനീകത മലയാള കവിതയില്‍ എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. കാലഘത്തിന്റെ കഥ പറയുന്നതായിരിക്കണം കവിത എന്ന് കവിതകള്‍ വിലയിരുത്തിക്കൊണ്ട് ശ്രീ. ഇ. എ. സലീം അഭിപ്രായപ്പെട്ടു.
കവിത എന്തായിരിക്കണം എന്ന് അഭിപ്രായപ്പെട്ട ശ്രീ ഇ. എ. സലീമിന്റെ വാദഗതികളെ കവികള്‍ സ്വന്തം കവിത കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും നേരിട്ടത് കവിതയിലെ പുതു തലമുറയിലെ കവികളുടെ ശക്തിയെ എടുത്തു കാണിക്കുന്ന അനുഭവമായിരുന്നു. ശ്രീ. എം. കെ. നമ്പ്യാര്‍, സീന ഹുസ്സൈന്‍, ബാജി, കവിത. കെ. കെ., മൊയ്തീന്‍ കായണ്ണ, അനില്‍കുമാര്‍, സുധി പുത്തന്‍ വേലിക്കര, രാജു ഇരിങ്ങല്‍, സജീവ് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ച് സംസാരിക്കുകയുണ്ടായി. ചടങ്ങുകള്‍ക്ക് പ്രചണ്ഢ താളവുമായ് കടമ്മനിട്ട കവിതകളുടെ അവതരണവും ഉണ്ടായിരുന്നു. - രാജു ഇരിങ്ങല്‍ രാജു ഇരിങ്ങലിന്‍റെ ബ്ലോഗ്: ഞാന്‍ ഇരിങ്ങല്‍: http://komathiringal.blogspot.com/ http://komath-iringal.blogspot.com/ e വിലാസം : komath.iringal@gmail.com
- ജെ. എസ്.
1 Comments:
Links to this post: |
22 June 2008
ആത്‌മീയമായ ഉന്നമനത്തിനു കഠിനമായ തപസ്യ അനിവാര്യം, അബ്‌ദുല്‍ അസീസ് സഖാഫി മമ്പാട്
യഥാര്‍ത്ഥമായ ആത്മീയ ഉന്നമനം ദീര്‍ഘകാലത്തെ കഠിനമായ തപസ്യയിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്ന് അബ് ദുല്‍ അസീസ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്. വൈ.എസ്. സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ദിച്ച് ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനു സമീപമുള്ള പള്ളിയില്‍ നടന്ന പ്രഭാഷണ വേദിയില്‍ ' ആത്മീയത , തെറ്റും ശരിയും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
ശരീരത്തിന്റെ ആരോഗ്യത്തിനു പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം എപ്രകാരാം അനിവാര്യമാണോ അപ്രകാരം ആത്മാവിന്റെ ആരോഗ്യത്തിനു ഇബാദത്തുകള്‍ (ആരാധനകള്‍ ) അനിവാര്യമാണു. ആത്മാവിനു വേണ്ട ആരാധനകള്‍ വര്‍ദ്ധിപ്പിച്ച് ആതിമീയമായ ഉന്നതിയിലെത്തിയ മഹാന്മാര്‍ തങ്ങളുടെ ആത്മീയ ഉത്കര്‍ഷം ചൂഷണോപാധിയാക്കിയ ചരിത്രമില്ല. എന്നാല്‍ എക്കാലത്തും വ്യാജന്മാര്‍ ആത്മീയതയൂടെ മറവില്‍ ചൂഷകരായി രംഗത്ത് വന്നിട്ടുള്ളതിനെ കാലാകലം പണ്ഡിതന്മാര്‍ സാമാന്യ ജനത്തിനു മുന്നില്‍ തുറന്ന് കാട്ടിയിറ്റുള്ളത് വിസമരിച്ച് അത്തരക്കാരുടെ പിടിയില്‍ അകപ്പെടുന്നത് സൂക്ഷിക്കുന്നതിനൊപ്പം, മഹാന്മാരെയും ആത്മീയതയെയും മൊത്തത്തില്‍ നിരാകരിക്കുന്ന ബിദ ഈ പ്രസ്ഥാനക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും മമ്പാട് പറഞ്ഞു. ഒ.ഹൈദര്‍ മുസ് ലിയാര്‍, അബ് ദുല്‍ ഹമീദ് സ അദി, ആറളം അബ് ദു റഹ് മാന്‍ മുസ് ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
21 June 2008
ചങ്ങാതിക്കൂട്ടം അബുദാബിയില്‍ നടന്നു
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം ഇന്നലെ കാലത്ത് 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയിരുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടകൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ ലക്ഷ്യം.
- ജെ. എസ്.
|
ശക്തി തിയേറ്റേഴ്സിന്റെ വാര്‍ഷികം
ഗള്‍ഫില്‍ ഏറെ പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്സിന്റെ വിമത വിഭാഗം സംഘടിപ്പിച്ച വാര്‍ഷികാഘോഷം അബുദാബിയില്‍ നടന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ടി. എന്‍. ജയചന്ദ്രന്‍ വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സി.പി.എമ്മിന്റെ ഔദ്യോഗിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അബുദാബി ശക്തി തിയേറ്റേഴ്‌സും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിമത വിഭാഗം ശക്തി തിയേറ്റേഴ്‌സും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ഉല്‍ഘാടന വേളയില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
ഒരേ പേരില്‍ രണ്ട് സംഘടനകള്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നത് സാംസ്‌കാരിക രംഗത്തിന് കളങ്കമാണ്. ഗള്‍ഫില്‍ ഏറെ പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയെന്ന നിലയില്‍ ശക്തി തിയേറ്റേഴ്‌സിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ 'ശക്തി' അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അടുത്ത വാര്‍ഷികാഘോഷമാവുമ്പോഴേക്കും ശക്തി ഒന്നാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞു. വിഭാഗീയതയുടെ പേരില്‍ സി.പി.എം. കേരളത്തില്‍ പിളരുന്നതിന് മുമ്പെ അബുദാബിയില്‍ പിളര്‍പ്പുണ്ടായത് ഖേദകരമാണ്-ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞു. ഇ.എം.എസ്സിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തിയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്. ശക്തി വിമതവിഭാഗം പ്രസിഡന്റ് ഷംനാദ് അധ്യക്ഷനായിരുന്നു. കേരള സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ബീരാന്‍കുട്ടി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം.അബ്ദുല്‍സലാം, യുവകലാസാഹിതി പ്രസിഡന്റ് ഇ.ആര്‍.ജോഷി, അബുദാബി മലയാളിസമാജം മുന്‍ പ്രസിഡന്റ് ചിറയിന്‍കീഴ് അന്‍സാര്‍, കെ.എസ്.സി. വനിതാ വിഭാഗം സെക്രട്ടറി വനജ വിമല്‍, ശക്തി വനിതാ വിഭാഗം പ്രസിഡന്റ് ജ്യോതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സന്തോഷ് ഏച്ചിക്കാനത്തിന്റെ 'കൊമാല' എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണം ശ്രദ്ധേയമായി.
- ജെ. എസ്.
|
20 June 2008
രണ്ടായിരം പുതിയ തൊഴില്‍ അവസരങ്ങള്‍: യൂസഫലി
എം.കെ. ഗ്രൂപ്പ് ബഹ് റൈനില്‍ 50 മില്ല്യണ്‍ ബഹ് റൈന്‍ ദിനാര്‍ മുടക്കി തുടങ്ങുവാന്‍ പോകുന്ന അടുത്ത രണ്ട് വന്‍ പ്രോജക്ടുകളിലായി രണ്ടായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന് തനിക്ക് ബഹ് റൈനിലെ നാല്പതോളം ക്ലബുകളുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ വേളയില്‍ സംസാരിക്കവെ എം.കെ. ഗ്രൂപ്പ് എം.ഡി.യും ലുലു ഹൈപര്‍മാര്‍ക്കറ്റ് ഉടമയുമായ ശ്രീ എം.എ. യൂസഫലി പ്രഖ്യാപിച്ചു.
പദ്മശ്രീ ജേതാവായ ശ്രീ എം.എ. യൂസഫലിയെ അനുമോദിയ്ക്കാന്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, ബഹ് റൈന്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി ഷെയിഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലാവി എന്നിവര്‍ സംബന്ധിച്ചിരുന്നു. ബഹ് റൈനിലെ ദാനായിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ രണ്ടാമതൊരു ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഈ ഓഗസ്റ്റില്‍ റിഫായിലും ആരംഭിക്കും. ബഹ് റൈനിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആയിരിക്കും ഇത്. 2010ഓടെ മൂന്നാമതൊരു ലുലു ഹൈപ്പര്‍മാര്‍ക്കറ്റും തുടങ്ങും. ഇത് ഒരു ലക്ഷത്തോളം സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തങ്ങളുടെ തന്നെ ഒരു പുതിയ ഷോപ്പിങ്ങ് മാളിലായിരിക്കും തുടങ്ങുക. ഏതാണ്ട് 700ഓളം ബഹ് റൈന്‍ സ്വദേശികള്‍ക്കും ഇതോടെ തൊഴിലുകള്‍ ലഭ്യമാകും എന്നും അദ്ദേഹം അറിയിച്ചു.
- ജെ. എസ്.
1 Comments:
Links to this post: |
19 June 2008
സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ ജൂബിലി
ബഹ് റൈനിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള സെന്റ് മെരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ ഇന്നലെ വൈകീട്ട് നടന്ന ചടങ്ങില്‍ ആരംഭിച്ചു. ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കും.
അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിയോളിസ് തിരുമേനിയാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു കൊണ്ട് സല്‍മാനിയായിലെ പള്ളിയില്‍ കൊടി ഉയര്‍ത്തിയത്. ആഘോഷങ്ങളുടെ ഔപചാരികമായ തുടക്കം നാളെ വൈകീട്ട് ആറ് മണിക്ക് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ബഹ് റൈന്‍ ഉപ പ്രധാനമന്ത്രി ജാവദ് അല്‍ അറായദ്, മലങ്കര സഭാ ട്രസ്റ്റിയായ ശ്രീ ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ പങ്കെടുക്കും.
- ജെ. എസ്.
|
യൂസഫലിയ്ക്ക് ബഹ് റൈനില്‍ സ്വീകരണം
നാല്പതിലേറെ പ്രവാസി കൂട്ടായ്മകള്‍ ചേര്‍ന്ന് പദ്മശ്രീ ജേതാവായ ശ്രീ എം. എ. യൂസഫലിയെ അനുമോദിയ്ക്കുവാനായി ഇന്ന് ബഹ് റൈനില്‍ കൂടി ചേരും.
ഇന്ന് വൈകീട്ട് എട്ട് മണിയ്ക്ക് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, ബഹ് റൈന്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി ഷെയിഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലാവി തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാവും സ്വീകരണം. ബിജു നാരായണന്‍, റിമി ടോമി എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. എല്ലാവര്‍ക്കും പ്രവേശനം സൌജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
17 June 2008
കുവൈറ്റില്‍ അവധിക്കാല ക്ലാസ്
സുന്നി യുവജന സംഘം കുവൈത്ത് കമ്മറ്റിയുടെ കീഴിലുള്ള അബ്ബാസിയ, സല്‍വ, ഫഹാഹീല്‍ എന്നീ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ സമ്മര്‍ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ജൂണ്‍ 19 മുതലാണ് ക്ലാസുകള്‍. ഖുറാന്‍ പഠനം, മലയാള ഭാഷാ പഠനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ആയിരിക്കും ക്ലാസുകള്‍ നടത്തുന്നത്. വ്യക്തിത്വ വികസന ക്ലാസുകള്‍, പ്രസംഗം എഴുത്ത് പരിശീലനം, പഠന യാത്ര തുടങ്ങിയവയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: അബ്ബാസിയ സെന്‍ട്രല്‍ മദ്രസ-6347838, 6499786, സല്‍വ മദ്രസ-6497515, ഫഹാഹീല്‍ മദ്രസ-3912005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
- ജെ. എസ്.
|
മലബാര്‍ പ്രവാസി ദിവസിന്റെ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു
മലബാറില്‍ നിന്നുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നവംബര്‍ ഏഴിനു നടക്കുന്ന 'മലബാര്‍ പ്രവാസി ദിവസി'ന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ഡോ. ഹുസൈന്‍ അബാസ് മുഖ്യരക്ഷാധികാരിയായും ബഷീര്‍ പടിയത്ത് ചെയര്‍മാനും സദാശിവന്‍ ആലമ്പറ്റ വര്‍ക്കിങ് ചെയര്‍മാനും അബ്ദുറഹിമാന്‍ ഇടക്കുനി ജനറല്‍ കണ്‍വീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ രക്ഷാധികാരികളായി. കെ.എസ്. കുമാര്‍, പി.എ. ഇബ്രാഹിം ഹാജി, കരീം വെങ്കിടങ്ങ്, യഹ്‌യ തളങ്കര, എം.ജി. പുഷ്പന്‍, അഡ്വ. വൈ.എ. റഹിം, അബ്ദുള്ള മല്ലിശ്ശേരി എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി ഇബ്രാഹിം എളേറ്റില്‍, എം.കെ. മുഹമ്മദ്, സുഭാഷ്ചന്ദ്രബോസ്, കെ.വി. രവീന്ദ്രന്‍, പള്ളിക്കല്‍ സുജായ് (അബുദാബി), കെ.സി. മുരളി (അബുദാബി), ഇ.എം. അഷറഫ് (കൈരളി), ജോയ് മാത്യു (അമൃത), എം.സി.എ. നാസര്‍ (ഗള്‍ഫ് മാധ്യമം), സതിഷ് മേനോന്‍ (ഏഷ്യാനെറ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്മാരായി രമേഷ് പയ്യന്നൂര്‍, സഹദ് പുറക്കാട്, പുന്നക്കല്‍ മുഹമ്മദലി, മായിന്‍ കെ., കുഞ്ഞഹമ്മദ് കെ., എം.എ. ലത്തീഫ്, ജലില്‍ പട്ടാമ്പി, എല്‍വീസ് ചുമ്മാര്‍, ടി.പി. ഗംഗാധരന്‍, ഡോ. ടി.എ. അഹമ്മദ്, വിനോദ് നമ്പ്യാര്‍, മെഹമൂദ് എന്നിവരെയും കണ്‍വീനര്‍മാരായി അഡ്വ. മുസ്തഫ സക്കീര്‍, നാസര്‍ ചിറക്കല്‍, മുഹമ്മദ് അലി, അബ്ദുള്‍ ഗഫൂര്‍, എ. ഹമീദ്, കെ. ദേവന്‍, ആരിഫ്, രതീഷ്, മുസമ്മില്‍, ഷിനാസ് കെ.സി., സദീര്‍ അലി, എ.കെ. അബ്ദുറഹിമാന്‍, താഹിര്‍ കോമോത്ത്, കൃഷ്ണമൂര്‍ത്തി, ഗണേഷ്, സീബി ആലമ്പള്ളി എന്നിവരെയും തിരഞ്ഞെടുത്തു. സബ്കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം: ചെയര്‍മാന്‍: ഷാജി ബി., കണ്‍വീനര്‍: ഷൗക്കത്ത് അലി ഏരോത്ത്- ഫിനാന്‍സ്, സീതി പടിയത്ത് (ചെയര്‍മാന്‍), അഡ്വ. സാജിത്ത് അബൂബക്കര്‍ (കണ്‍വീനര്‍), മീഡിയ ആന്‍ഡ് പബ്ലിസിറ്റി (അഡ്വ. ഹാഷിക് (ചെയര്‍മാന്‍), ബാലകൃഷ്ണന്‍ അഴിമ്പ്ര (കണ്‍വീനര്‍), ഫുഡ്കമ്മിറ്റി: ഖാസിം ഹാജി (ചെയര്‍മാന്‍), ഇഖ്ബാല്‍ മൂസ (കണ്‍വീനര്‍), ഡോക്യുമെന്ററി: സി.വി. കോയ (ചെയര്‍മാന്‍), മുനീര്‍ ഡി. (കണ്‍വീനര്‍), സുവനീര്‍: ബഷീര്‍ തിക്കോടി (ചെയര്‍മാന്‍), ഫൈസല്‍ മേലടി (കണ്‍വീനര്‍). രജിസ്‌ട്രേഷന്‍: മോഹനന്‍ എസ്. വെങ്കിട്ട് (ചെയര്‍മാന്‍), സന്തോഷ്‌കുമാര്‍ (കണ്‍വീനര്‍), ഗസ്റ്റ് കമ്മിറ്റി: ഹാരിസ് നീലേമ്പ്ര, ഹാരിസ് പയ്യോളി, വളണ്ടിയര്‍: മുഹമ്മദ്കുഞ്ഞി പി. (ചെയ.), രാജന്‍ കൊളാവിപാലം (കണ്‍.). റിസപ്ഷന്‍: (ചെയര്‍മാന്‍) ആയിഷ ടീച്ചര്‍, (കണ്‍വീനര്‍) മൈമൂന ടീച്ചര്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. കരീം വെങ്കിടങ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മല്ലിശ്ശേരി, ഡോ. ഹുസൈന്‍ അബ്ബാസ്, ബഷീര്‍ പടിയത്ത്, ചന്ദ്രപ്രകാശ് ഇടമന, ജേക്കബ് അബ്രഹാം, കെ. ബാലകൃഷ്ണന്‍, സഹദ് പുറക്കാട്, അഡ്വ. സാജിത് അബൂബക്കര്‍, അഡ്വ. ഹാഷിക് എന്നിവര്‍ സംസാരിച്ചു. സദാശിവന്‍ അലമ്പറ്റ എം.പി.യു.വിനെക്കുറിച്ചും അബ്ദുറഹിമാന്‍ ഇടക്കുനി 'പ്രവാസി ദിവസി'നെക്കുറിച്ചും വിശദീകരിച്ചു. സെക്രട്ടറി ഷാജി ബി. പാനല്‍ അവതരിപ്പിച്ച് സംസാരിച്ചു. ജന. സെക്രട്ടറി രാജു പി. മേനോന്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു.
- ജെ. എസ്.
|
അവധിക്കാല ക്യാമ്പ് ജൂണ്‍ 20ന്
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം ജൂണ്‍ 20ന് വെള്ളിയാഴ്ച കാലത്ത് 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളത്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടകൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 050-5810907, 050-5806629, 050-7825809, 050-7469702, 050-8140720, 050-4156103
- ജെ. എസ്.
|
16 June 2008
അബ്ദുല്‍ അസീസ് സഖാഫി മമ്പാടിന്റെ പ്രഭാഷണം
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്.വൈ.എസ്. നടത്തുന്ന കാമ്പയിന്റെ ഭാഗമായി 20-06-2008 വെള്ളിയാഴ്ച ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ ,ആത്മീയത; തെറ്റും ശരിയും എന്ന വിഷയത്തില്‍ അബ് ദുല്‍ അസീസ് സഖാഫി മമ്പാട് പ്രഭാഷണം നടത്തുന്നുകൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144
-ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
സാദിഖലി മാങ്ങാട്ടൂരിന് കെ. എം.സി.സി.യുടെ സ്വീകരണം
കെ.എം.സി.സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി കേരളാ ഇസ്‌ലാമിക് സെന്റര്‍ മുസ്‌ലിം യൂത്ത്‌ലീഗ് നേതാവും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാദിഖലി മാങ്ങാട്ടൂരിന് സ്വീകരണം നല്‍കി. ടി.വി. അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്നേഹ സന്ദേശം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി കണക്കുകള്‍ അവതരിപ്പിച്ചു. സംസ്ഥാന കെ.എം.സി.സി. വൈസ് പ്രസിഡന്റ് സി.വി. ഖാലിദ്, സെക്രട്ടറി ഇബ്രാഹിം മൗവഞ്ചേരി, കക്കുളത്ത് അബ്ദുല്‍ഖാദര്‍, സഖരിയ്യ മാണിയൂര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദു പാപ്പിനിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ജോ. സെക്രട്ടറി സമദ് സ്വാഗതവും വി.പി. ഷഹദ് നന്ദിയും പറഞ്ഞു.
- ജെ. എസ്.
|
ഖത്തറിലെ പയ്യന്നൂര്‍ സൗഹൃദ വേദി തിരഞ്ഞെടുപ്പ്
പയ്യന്നൂരുകാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കക്കുളത്ത് അബ്ദുള്‍ ഖാദര്‍ ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എം. രാജന്‍, എം.കെ. നാരായണന്‍ എന്നവര്‍ രക്ഷാധികാരികളും, വേണുഗോപാല്‍ കെ ജനറല്‍ സെക്രട്ടറിയും, സുരേഷ് രാമന്തളി ജനറല്‍ കണ്‍വീനറുമായി. കൃഷ്ണന്‍ പാലക്കീല്‍, എം.പി. രാജീവന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും, രവീന്ദ്രന്‍ തെക്കേ വീട്ടില്‍, കെ.സി.സുരേഷ് ബാബു എന്നിവര്‍ സെക്രട്ടറിമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: ടി.പി. ഉണ്ണികൃഷ്ണന്‍ (സാംസ്‌കാരിക വിഭാഗം കണ്‍), പി.സി.ഖാസിം ഹാജി, കെ.വി.വത്സരാജന്‍, വലിയ വളപ്പില്‍ ഹരിദാസ്, പി.പി.രമേശന്‍ (ജോ. കണ്‍), കെ.ടി.എന്‍. സതീശന്‍ (ഓഡിറ്റര്‍), പവിത്രന്‍ കെ (ആശ്രയം ചെയര്‍മാന്‍), കെ.വി.അനില്‍കുമാര്‍ (വൈസ് ചെയര്‍), എയിലോട്ട് കുഞ്ഞിക്കണ്ണന്‍, മുസ്തഫ കായിക്കാരന്‍, കാന്തിലോട്ടു രാജീവന്‍, ടി.വി. വിജയകുമാര്‍, പി.ടി. മഹേഷ്,സി.കെ.ശ്രീജീഷ്,പി.റിജില്‍, റാഹൗല്‍ കെ., സി.കെ. രാഗേഷ്, പി.വി.മിത്രന്‍, കെ.സി.അബ്ദുള്ള,വൈക്കത്ത് രാജേഷ് കുമാര്‍, കെ.ഹംസ, ഭാസ്‌കരന്‍ വി., എം.ശിവദാസന്‍,ദിനേശന്‍ (നിര്‍വാഹക സമിതി അംഗങ്ങള്‍).
- ജെ. എസ്.
|
13 June 2008
ഇന്ത്യന്‍ വ്യവസായികള്‍ യൂസഫലിയെ ആദരിച്ചു
പദ്മശ്രീ ലഭിച്ച ആദ്യത്തെ പ്രവാസി മലയാളിയായ എം. എ. യൂസഫലിയെ ദുബായിലെ ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ ഇന്‍ഡ്യന്‍ ബിസിനസ് ഏന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടന്ന സ്വീകരണ ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ബന്ധത്തെ കെട്ടിയുറപ്പിയ്ക്കാന്‍ യൂസഫലിയുടെ പരിശ്രമങ്ങള്‍ ഒരു വലിയ അളവില്‍ സഹായിച്ചിട്ടുണ്ട് എന്ന് ചടങ്ങില്‍ സംസാരിച്ച യു. എ. ഇ. യുടെ വിദ്യാഭ്യാസ മന്ത്രി ഹനീഫ് ഹസന്‍ പറഞ്ഞു. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറായ തല്‍മിസ് അഹമദ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇത് യു. എ. ഇ. യിലെ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒരു മുഹൂര്‍ത്തമാണെന്നും യൂസഫലിയുടെ വിജയം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- ജെ. എസ്.
|
12 June 2008
മുസ്വഫ എസ്. വൈ. എസ്. കാമ്പയിന്‍
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്. വൈ. എസ്. നടത്തുന്ന കാമ്പയിന്റെ ഭാഗമായി നാളെ രാത്രി (13/06/08 ) ഇശാ നിസ്കാരത്തിനു ശേഷം , ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ കെ. കെ. എം. സഅദി യുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
10 June 2008
ദുബായില്‍ സെവന്‍സ് ഫുട്ബോള്‍
കോപ്പി കോര്‍ണര്‍ സ്പോര്‍ട്ടിംഗിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 13 മുതല്‍ ഖിസൈസിലെ ഇത്തിസലാത്ത് അക്കാദമിലാണ് മത്സരങ്ങള്‍. 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ബഷീര്‍, അബ്ദുസലാം, മന്‍സൂര്‍ അലി, മുഹമ്മദ് അലി, മുഹമ്മദ് ഹാരിസ്, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
പൂങ്ങാട് ക്ലബ് ജിദ്ദാ ഘടകത്തിന്‍റെ ജനറല്‍ ബോഡി
മലപ്പുറം പൂങ്ങാട് ഡോ. അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജിദ്ദാ ഘടകത്തിന്‍റെ ജനറല്‍ ബോഡി യോഗം ഈ മാസം 12 ന് ചേരും. ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴിനാണ് പരിപാടി.
- ജെ. എസ്.
|
തനിമ സാംസ്കാരിക വേദിയുടെ സംവാദം
സൃഷ്ടിപരമായ സമീപനവും ക്രിയാത്മകമായ പ്രവര്‍ത്തനവും ഒരുമിച്ചു ചേരുമ്പോഴേ പ്രവാസിയുടെ പ്രശ്നങ്ങള്‍ പരഹരിക്കാനാവൂവെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ കെ.എ. സിദ്ധിഖ് ഹസന്‍ അഭിപ്രായപ്പെട്ടു. ജിദ്ദയില്‍ തനിമ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി പ്രശ്നങ്ങള്‍ പരിഹാരമില്ലേ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍, യാത്രാപ്രശ്നം, നയതന്ത്ര കാര്യാലയങ്ങളുടെ സമീപനം തുടങ്ങി നിരവധി വിഷയങ്ങളില്‍ സംവാദം നടന്നു. ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികളും സംവാദത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
|
യൂസഫലിയെ ആദരിച്ചു
പ്രശസ്ത ബിസിനസുകാരനും പത്മശ്രീ പുരസ്ക്കാര ജേതാവുമായ എം.എ. യൂസഫലിയെ ഖത്തറിലെ ആദരിച്ചു. തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഖത്തറിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് സെക്രട്ടറി ശൈഖ് ഹസന്‍ ബിന്‍ ഖാലിദ് അബ്ദുല്ലാ അല്‍താനി, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പുരസ്ക്കാരം യൂസഫലിക്ക് കൈമാറി.
- ജെ. എസ്.
|
09 June 2008
കെ.എം.സി.സി വള്ളിക്കുന്നിന് പുതിയ പ്രസിഡന്റ്
ദുബായ് കെ. എം. സി. സി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്‍റായി അഷ്രഫ് കളത്തിങ്ങല്‍പാറയെയും ജനറല്‍ സെക്രട്ടറിയായി അഷ്രഫ് തോട്ടോളിയേയും തെരഞ്ഞെടുത്തു. അമീറലി പെരുവള്ളൂറാണ് ട്രഷറര്‍.
- ജെ. എസ്.
|
പി. ടി. ആലിക്കോയ മൗലവിക്ക് യാത്രയയപ്പ്
10 വര്‍ഷത്തോളമായി ഷാര്‍ജയില്‍ ജോലി ചെയ്തു വരുന്ന എസ്. വൈ. എഫ്. യു. എ. ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി പി. ടി. ആലിക്കോയ മൗലവിക്ക് എസ്. വൈ. എഫ് ദുബായ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. കെ. സി. അഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ച യോഗം മുസ്തഫ വഹബി ഉദ്ഘാടനം ചെയ്തു.
- ജെ. എസ്.
|
കൊയിലാണ്ടി എന്‍. ആര്‍. ഐ. ഫോറം
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് പരിധിയില്‍ പെടുന്ന പ്രവാസികള്‍ കൊയിലാണ്ടി എന്‍. ആര്‍. ഐ ഫോറം രൂപീകരിച്ചു. യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റായി ഖലീല്‍. പി. എമ്മിനേയും ജനറല്‍ സെക്രട്ടറിയായി ജിതേഷ് നായരേയും ട്രഷററായി അന്‍വര്‍ ലുബ്സാക്കിനേയും തെരഞ്ഞെടുത്തു.
- ജെ. എസ്.
|
പ്രവാസി ശ്രമവീര്‍ അവാര്‍ഡ് എം. എ. കരീമിന്
ദുബായ് സര്‍ക്കാരിന്‍റെ മിനിസ്ട്രി ഒഫ് ഇന്‍റീരിയര്‍ വിഭാഗത്തിന്‍റെ അപ്രീസിയേഷന്‍ അവാര്‍ഡു നേടിയ ദുബായ് അല്‍ നസീബ് ഗ്രൂപ്പ് ഒഫ് കമ്പനീസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ എം. എ. കരീമിന് പ്രവാസി ശ്രമവീര്‍ അവാര്‍ഡു നല്‍കാന്‍ സ്റ്റേറ്റ് റിട്ടേണ്‍ ഗള്‍ഫ് മലയാളി അസോസിയേഷന്‍ തീരുമാനിച്ചു. ഈ മാസം 12 ന് തിരുവനന്തപുരം മസ്ക്കോട്ട് ഹോട്ടലില്‍ നടക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
- ജെ. എസ്.
|
അബുദാബി വൈ. എം. സി. എ. രൂപീകരണ ദിനം
വൈ. എം. സി. എ. യുടെ 164-ാം രൂപീകരണ ദിനം അബുദാബി വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഖാലിദിയ പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടി സ്ഥാപക പ്രസിഡന്‍റ് മധു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കലാ കായിക മത്സരങ്ങളും കുടുംബ സംഗമവും നടന്നു.
- ജെ. എസ്.
|
ഷാര്‍ജ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ഖുര്‍ആന്‍ മത്സര വിജയികളെ ആദരിക്കുന്നു
ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികളായ മലയാളി വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു. ഷാര്‍ജ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ മുനീബ് ഹുസൈന്‍, ജൂനിയര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഹോദരങ്ങളായ മുഹമ്മദ് സഫ് വാന്‍, മുഹമ്മദ് ഹസം എന്നീ കുട്ടികളെയാണ് ആദരിക്കുന്നത്. 13 ന് വെള്ളിയാഴ്ച ഷാര്‍ജയിലെ അറബ് ഉഡുപ്പി റസ്റ്റോറന്‍റ് പാര്‍ട്ടിഹാളില്‍ വൈകുന്നേരം ഏഴര മുതലാണ് പരിപാടി.
- ജെ. എസ്.
|
ജിദ്ദയില്‍ സി.എച്ച് സ്മാരക സാഹിത്യ മത്സരങ്ങള്‍
ജിദ്ദയിലെ സംസ്കൃതി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സി.എച്ച് സ്മാരക സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്ക്പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങ് കോണ്‍സുല്‍ കെ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കവിത, ചെറുകഥ, ലേഖനം എന്നീ ഇനങ്ങളിലാണ് സംസ്കൃതി ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. സി.കെ ഹസന്‍കോയ, എന്‍. മുഹമ്മദ്കുട്ടി മാസ്റ്റര്‍, മുഹമ്മദ്കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
08 June 2008
മുസ്വഫ എസ്. വൈ. എസ്. കാമ്പയിന്‍
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്. വൈ. എസ് സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി 10-06-2008 ചൊവ്വാഴ്ച രാത്രി 9.15 നു മുസ്വഫ ശ അബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ കെ. കെ. എം. സ അ ദിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-913 4144 / 02 -523491 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണു.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
05 June 2008
വാണിമേല്‍ പ്രവാസി ഫോറം ഗ്രാമോത്സവം
ഖത്തറിലെ വാണിമേല്‍ക്കാരുടെ കൂട്ടായ്മയായ ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം ഗ്രാമോത്സവം സംഘടിപ്പിച്ചു. മുഹമ്മദ് പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഫോറത്തിനു കീഴില്‍ ആരംഭിക്കുന്ന പലിശ രഹിത പരസ്പര സഹായനിധി ഉദ്ഘാടനം കെ.കെ. ഉസ്മാനും 'തണല്‍' റിലീഫ് ഫണ്ട് ഉദ്ഘാടനം കെ.പി. നൂറുദ്ദീനും നിര്‍വഹിച്ചു. പ്രസിഡന്റ് പൊഴില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.സാദിഖലി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാല്‍ മൂസ്സ നന്ദിയും പറഞ്ഞു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ച ഫൈറൂസ് മൊയ്തു, സുഹൈല്‍ മൊയ്തു എന്നിവര്‍ക്കുള്ള ഉപഹാരം യഥാക്രമം ടി.കെ. അലിഹസ്സന്‍, പി.പി. മൊയ്തുഹാജി എന്നിവര്‍ വിതരണം ചെയ്തു. മത്സരവിജയികള്‍ക്ക് ഡോ.എന്‍.പി. ആരിഫ് സമ്മാനം നല്‍കി. തുടര്‍ന്ന് ഗാനമേള, ഹാസ്യ കലാ പ്രകടനം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
- ജെ. എസ്.
|
ചിലങ്ക നൃത്തോത്സവം അലൈനില്‍
ചിലങ്ക നൃത്തോല്‍സവത്തിന്റെ പത്താമതു വാര്‍ഷികം ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ നിര്‍വഹിച്ചു. അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളും പ്രമുഖ യു.എ.ഇ. പൗരന്മാരും ചടങ്ങില്‍ പങ്കെടുത്തു.
കലാസദനം സേതുമാസ്റ്ററും ഷീജാ സേതുവും നൃത്തമഭ്യസിപ്പിച്ച ചിലങ്കയുടെ നര്‍ത്തകര്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. കൂടെ ഹരം പകരാന്‍ സിനിമാറ്റിക് ഡാന്‍സും നാടോടി നൃത്തവുമുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി അലൈന്‍ നഗരിയിലെ കുട്ടികളെ നൃത്തം അഭ്യസിക്കുന്ന സേതുവിനെയും ഷീജയേയും ചിലങ്ക നൃത്തോല്‍സവ ഭാരവാഹികള്‍ ചടങ്ങില്‍ ആദരിച്ചു.
- ജെ. എസ്.
|
04 June 2008
പദ്മശ്രീ എം. എ. യൂസഫലിക്ക് ദോഹയില്‍ സ്വീകരണം
തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പദ്മശ്രീ ജേതാവായ ശ്രീ എം. എ. യൂസഫലിക്ക് സ്വീകരണം നല്‍കുന്നു. ഖത്തറില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവരുടെ സമൂഹ്യ-സാംസ്കാരിക കൂട്ടായ്മയാണ് തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി. ജൂണ്‍ ആറിന് വൈകീട്ട് ഏഴ് മണിക്ക് ഗള്‍ഫ് സിനിമയില്‍ വെച്ചാണ് ചടങ്ങ് എന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
02 June 2008
സൌദിയില്‍ പ്രിയദര്‍ശിനി കലാ കായിക മേള
ജിദ്ദയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന കലാ-കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു.
കഴിഞ്ഞ സി.ബി.എസ്.ഇ അത് ലറ്റ്കിസില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡ് ഭേദിച്ച ഹിഷാം അബ്ദുറഹ്മാനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ജൂണ്‍ 20 ന് ആരംഭിക്കുന്ന കലാ-കായിക മത്സരങ്ങള്‍ 2009 ഫെബ്രുവരി 12 വരെ നീണ്ടു നില്‍ക്കും. 25 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 6519246 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
01 June 2008
എം.കെ.മാധവന്‍ അനുസ്മരണ ദിനം ജൂണ്‍ 6 ന്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റുമായിരുന്ന എം. കെ. മാധവന്റെ രണ്ടാമത് ചരമ വാര്‍ഷികമായ ജൂണ്‍ 6ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 8 മണിക്ക് പരിപാടികള്‍ ആരംഭിക്കും. പ്രിയദര്‍ശിനി ആര്‍ട്സ് ആന്റ് സോഷ്യല്‍ സെന്ററാണ് സംഘാടകര്‍.
- ജെ. എസ്.
|
അബുദാബി ചെസ്സ് ടൂര്‍ണ്ണമെന്റ്
അബുദാബി കേരള സോഷ്യല്‍ സെന്ററും,
അബുദാബി ചെസ്സ് & കള്‍ച്ചര്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് ടൂര്‍ണ്ണമെന്റ് ഈ മാസം 5 ന്‍ ആരംഭിക്കും. ഈ മാസം 8 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രമുഖ വിദേശ താരങ്ങളും പങ്കെടുക്കുന്നുണ്ട്.
- ജെ. എസ്.
|
ഇസ്ലാഹി സെന്റര്‍ കാമ്പയിന് ഉജ്വല സമാപനം
സ്രഷ്ടാവിന്റെ മഹത്വവും സ്ഥനവും സൃഷ്ടികള്‍ക്ക് കല്പിച്ചു നല്‍കിയതാണ് വര്‍ത്തമാന കാല ജനതയുടെ ആത്മീയ പരാജയത്തിന്റെ കാരണമെന്ന് ഇസ്‌ലാഹി സെന്റര്‍ യു. എ. ഇ. കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിന്‍ സമാപന സമ്മേളനം അഭിപ്രായപ്പെട്ടു.
ദൈവീക ദര്‍ശനത്തില്‍ ഊന്നിയ വിശ്വാസവും ജീവിത ക്രമവും തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും സമൂഹത്തിനും നിര്‍ഭയത്വവും സമാധാനവും കണ്ടെത്താനാവൂ എന്നും സമ്മേളനം വ്യക്തമാക്കി. നേരുള്ള വിശ്വാസം നേരായ ജീവിതം ദ്വൈമാസ കാമ്പയിന്റെ സമാപന സമ്മേളനം ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ വിവിധ വേദികളിലായാണ് സംഘടിപ്പിച്ചത്. കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മദനി മരുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ഫിനാസ് സെക്രട്ടറി പി. കെ. സലാഹുദ്ദീന്‍ ആധ്യക്ഷം വഹിച്ചു. പട്ടാമ്പി ഗവണ്മെന്റ് കോളേജ് ലക്ചറര്‍ അബ്ദു സലഫി, അബൂബക്കര്‍ മദനി ആലുവ, മുജീബുര്‍ റഹ്‌മാന്‍ പാലത്തിങ്ങല്‍, അബൂദബി ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റിയാസ് അഹ്‌മദ് തുടങ്ങിയവര്‍ സംസാരിച്ചു. ബാല സമ്മേളനം കെ. സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഫഹീം കൊച്ചി, അഫ്സല്‍ കൈപ്പമംഗലം, അക്‍ബര്‍ എറിയാട്, സി. വി. ഉസ്‌മാന്‍ പ്രസംഗിച്ചു. സദസ്യരുടെ സംശയങ്ങള്‍ക്ക് ഓപ്പണ്‍ ഫോറത്തില്‍ ബഷീര്‍ പട്ടാമ്പി, അബൂബക്കര്‍ മദനി മരുത, അഹ്‌മദ്കുട്ടി മദനി, ജഅഫര്‍ വാണിമേല്‍, അബ്ദു സലഫി എന്നിവര്‍ മറുപടി പറഞ്ഞു. “നിറവ്” കാമ്പയിന്‍ പതിപ്പ് ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് കെ. എ. ജമാലുദ്ദീന് കോപി നല്‍കി കെ. സി. പ്രകാശ് പ്രകാശനം ചെയ്തു. എഡിറ്റര്‍ ഹാറൂണ്‍ കക്കാട് പരിചയപ്പെടുത്തി. പൊതു സമ്മേളനം കെ. എന്‍. എം. തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ട്രഷറര്‍ അഡ്വ. പി. എം. സാദിഖലി, ഐ. എസ്. എം. വൈസ് പ്രസിഡന്റ് ജഅഫര്‍ വാണിമേല്‍, അബ്ദുസ്സത്താര്‍ കൂളിമാട്, വി. പി. അഹമ്മദ്കുട്ടി മദനി എടവണ്ണ, ഹാറൂണ്‍ കക്കാട് സംസാരിച്ചു. പ്രവാസികളുടെ വിശ്വാസ-കര്‍മ മേഖലകളില്‍ പൂര്‍വോപരി ധാര്‍മിക മുന്നേറ്റങ്ങള്‍ ശക്തമാക്കുന്നതിന് സമ്മേളനം വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകള്‍ക്കും അസാന്മാര്‍ഗിക പ്രവണതകള്‍ക്കുമെതിരില്‍ ബോധവത്കരണം ഊര്‍ജിതമാക്കുന്നതിനും സമ്മേളനത്തില്‍ രൂപരേഖ തയ്യാറാക്കി. - റസാഖ് പെരിങ്ങോട്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്