കേരള കഫെ v/s ഷാര്‍ജ കഫെ
രംഗം 1: സ്ഥലം : സമത്വ സുന്ദര പ്രബുദ്ധ കേരളത്തിലെ കോഴിക്കോട് നഗരം. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലായ സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ കുളിമുറിയില്‍ മൂത്രമൊഴിക്കാന്‍ കയറിയ യുവതി അവിടെ ഒളിപ്പിച്ചു വെച്ചു സ്ത്രീകളുടെ നഗ്ന രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഒരു ഒളി ക്യാമറ കണ്ടെത്തുന്നു. ക്യാമറ കണ്ടെടുത്ത യുവതി വിവരം തന്റെ സഹോദരനെ അറിയിക്കുന്നു. സഹോദരന്‍ ഹോട്ടലിലെത്തി ഹോട്ടല്‍ അധികൃതരോട് കാര്യം അറിയിക്കുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ പ്രശ്നം തൃപ്തികരമായി കൈകാര്യം ചെയ്യാതെ പരാതിക്കാരനുമായി വാക്കേറ്റം നടത്തുകയും, തുടര്‍ന്ന് പ്രശ്നം വഷളായി കൈയ്യേറ്റവും നടക്കുന്നു. പോലീസ് രംഗത്തെത്തുന്നു. അതോടെ യുവതിയുടെ സഹോദരന്‍ ഹോട്ടലില്‍ കയറി അടിപിടി ഉണ്ടാക്കി എന്നായി കേസ്. സഹോദരനെ കസ്റ്റഡിയില്‍ എടുത്ത പോലീസിന്റെ പീഡനമേറ്റ് ഇയാള്‍ ആശുപത്രിയിലുമായി. രംഗം 2: സ്ഥലം : അറബ് രാജ്യമായ ഷാര്‍ജയിലെ ഒരു പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ സഹാറ സെന്റര്‍. തിരക്കേറിയ ഷോപ്പിംഗ് മാളിലെ ഒരു ആഭരണ ശാലയില്‍ ജോലി ചെയ്യുന്ന സിറിയക്കാരന്‍ സെയില്‍സ് മാന്‍, നേരെ എതിര്‍ വശത്തുള്ള കടയില്‍ ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ ഫോട്ടോ (മുഖത്തിന്റെ മാത്രം) അവരറിയാതെ എടുക്കുന്നു. ഇത് കണ്ട രഹസ്യ പോലീസ് യുവതിയെ കാര്യം ധരിപ്പിക്കുകയും, പോലീസില്‍ പരാതി നല്‍കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. യുവതി പോലീസില്‍ പരാതി നല്‍കുന്നു. സിറിയക്കാരനെ കുറിച്ച് അന്വേഷിച്ച പോലീസ് രാത്രി ഒന്‍പതു മണിയോടെ ഇയാളുടെ ഷാര്‍ജയിലുള്ള വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നു. കേസ് കോടതിയില്‍ അടുത്ത ദിവസം തന്നെ എത്തും. ഒരു വര്‍ഷം പിഴയും, പതിനായിരം ദിര്‍ഹം (ഒന്നേകാല്‍ ലക്ഷം രൂപ) പിഴയും, തടവ് ശിക്ഷ കഴിഞ്ഞാല്‍ നാട് കടത്തലും ആണ് ഇയാള്‍ക്ക് കോടതി നല്‍കാന്‍ പോകുന്ന ശിക്ഷ. സ്ത്രീകളുടെ കുളിമുറിയില്‍ അതിക്രമിച്ചു കയറി, സ്ത്രീകള്‍ മൂത്രമൊഴിക്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തു കയൊന്നുമല്ല ഇയാള്‍ ചെയ്തത്. ജനത്തിരക്കുള്ള ഒരു പൊതു സ്ഥലത്ത് വെച്ച് തനിക്ക് ആകര്‍ഷകമായി തോന്നിയ, തനിക്ക് പരിചയമുള്ള, താന്‍ ദിവസവും കാണുന്ന, തന്റെ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ "മുഖത്തിന്റെ മാത്രം" ചിത്രം എടുക്കുകയാണ് ഇയാള്‍ ചെയ്തത്. ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറി എന്നതാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയ കുറ്റം. സമത്വ സുന്ദര പ്രബുദ്ധ കേരളം വേണോ, അടഞ്ഞ (ക്ലോസ്ഡ്) മുസ്ലിം നിയമം നടപ്പിലാക്കുന്ന രാജ ഭരണം വേണോ? സ്ത്രീയുടെയോ പുരുഷന്റെയോ ഇതൊന്നു മല്ലാത്ത വരുടെയോ ആരുടെയെ ങ്കിലുമാവട്ടെ, ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ നമുക്ക് ഇനിയും ഒരുപാട് കാലത്തെ സംസ്ക്കരണം വേണ്ടി വരുമോ?
- ജെ. എസ്.
( Friday, April 16, 2010 ) |
പരസ്യ ചുംബനം : ദുബായ് കോടതി ശിക്ഷ ശരി വെച്ചു
ദുബായ് : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ് മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു. ചുംബിച്ച് പോലീസ് പിടിയിലായ ഷാര്‍ലറ്റ് ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്. ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം. എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
- ജെ. എസ്.
( Monday, April 05, 2010 ) |
അന്താരാഷ്ട സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും
ദുബായ്: യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തില്‍ "സാല്‍വേഷന്‍" എന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും. ദുബായ് ഇന്റര്‍നാഷനല്‍ പീസ് കണ്‍വെന്‍ഷന്റെ ഭാഗം ആയിട്ടാണ് പ്രസ്തുത സമാധാന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18, 19, 20 എന്നീ ദിവസങ്ങളില്‍ ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പതിനായിര കണക്കിന് ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ശാന്തിയും, സമാധാനവും, സാഹോദര്യവും ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സമാധാന കണ്‍വെന്‍ഷന്‍ ദുബായില്‍ സംഘടിപ്പിക്കപ്പെടുന്നത്. മലയാളിയായ ഡോ. എം. എം. അക്ബര്‍ ഉള്‍പ്പെടെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ വേദിയില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇവരുമായി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഉണ്ടാകും. വിവിധ ഭാഷകളില്‍ കൌണ്സലിംഗ് സൌകര്യവും ഒരുക്കുന്നുണ്ട്. ദുബായ് ഭരണാധി കാരിയുടെ പത്നി ശൈഖ ഹിന്ദ് ബിന്ത് മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തിലുള്ള അല ഖൂസിലെ അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് സമാധാന സമ്മേളനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
- ജെ. എസ്.
( Tuesday, March 09, 2010 ) |
പേത്തര്‍ത്താ ഫെസ്റ്റ്
അബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് "പേത്തര്‍ത്താ". മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.
ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പണിക്കര്‍ക്ക് ആദ്യ കൂപ്പണ്‍ നല്‍കി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയിക്കുട്ടി നാട മുറിച്ച് സ്റ്റാളുകള്‍ തുറക്കുകയും ചെയ്തു. അംഗങ്ങള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന അപ്പം, കോഴിക്കറി, കപ്പ, മീന്‍കറി, ഉലര്‍ത്തിറച്ചി, കട് ലറ്റ് എന്നിവ ചിട്ടയോടെ ക്രമപ്പെടുത്തിയത്തിന് വനിതാ സമാജം പ്രവര്‍ത്തകര്‍ പ്രശംസയര്‍ഹിക്കുന്നു. ഈ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, culture
- ജെ. എസ്.
( Wednesday, February 17, 2010 ) 2 Comments:
Links to this post: |
ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവല്‍ സമാപിച്ചു
ഷാര്‍ജ : ഇന്‍ഡോ അറബ് ബന്ധം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് ഹെറിറ്റേജ് മ്യൂസിയത്തില്‍ ഡിസംബര്‍ 26 മുതല്‍ നടന്നു വന്ന ഇന്‍ഡോ അറബ് ആര്‍ട്ട്സ് ഫെസ്റ്റിവല്‍ ജനുവരി 6ന് സമാപിച്ചു. രമേഷ് ഭാട്ടിയ, ആര്‍ട്ടിസ്റ്റ് അബ്ദുള്‍ റഹിം സാലിം, ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍ എന്നിവര്‍ ഉല്‍ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുരുന്നു കലാകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
കാലിഗ്രാഫി കലാകാരനായ ഖലീലുള്ള് ചെമ്മനാട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലിഗ്രാഫി ചിത്രമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ചിത്രം വരച്ചു. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കാലിഗ്രാഫി ചിത്രം പ്രവാസ കവി മധു കാനായിയുടെ ‘ഭാരതാംബയ്ക്ക്’ എന്ന കവിത കവി ആലപിക്കുകയും പ്രസ്തുത കവിതയെ ആസ്പദമാക്കി മോഹന്‍, ഖലീലുള്ള, മുഹമ്മദ്, രാജീവ്, പ്രിയ, മുരുകന്‍, അബ്ദു, ഹരികൃഷ്ണന്‍, റോയ് എന്നീ ഒന്‍പതു ചിത്രകാരന്മാര്‍ രചിച്ച കലാ സൃഷ്ടികളും ശ്രദ്ധേയമായി. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
- ജെ. എസ്.
( Thursday, January 07, 2010 ) 1 Comments:
Links to this post: |
ഇരിഞ്ഞാലക്കുട പ്രവാസികളുടെ ഓണാഘോഷം
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച്ച രാവിലെ ഒബതു മുതല്‍ ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ച് ബഹു: മന്ത്രി കെ. പി. രജേന്ദ്രന്‍ ഉല്‍ഘടനം ചെയ്യുന്നു.
ചടങ്ങില്‍ ഗള്‍ഫിലെ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. തുടര്‍ന്ന് ഗാനമേളയും ശ്രീമതി വിനീത പ്രതീഷ് അവതരിപ്പിക്കുന്ന നൃത്തവും, അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരി ക്കുന്നതാണ്. സെക്കന്ററി, ഹൈയര്‍ സെക്കന്ററി തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിക ള്‍ക്കുള്ള തളിയപ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. 35 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരിച്ചു പോകുന്ന ജഗദീഷ് - റോസിലി ദമ്പതികളെ ചടങ്ങില്‍ ആദരിക്കുന്നു. - സുനില്‍രാജ് കെ
- ജെ. എസ്.
( Thursday, October 22, 2009 ) |
ജയറാമിന്റെ ചെണ്ട മേളം ദുബായില്‍
ലോക പ്രശസ്ത താള വാദ്യക്കാരനായ ശിവ മണിയും തായംബക വിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചലച്ചിത്ര നടന്‍ ജയറാമും ഒന്നിക്കുന്ന താള വാദ്യാഘോഷം ഇന്ന് ദുബായില്‍ അരങ്ങേറും. കീ ബോര്‍ഡിലെ അജയ്യനായ സ്റ്റീഫന്‍ ദേവസ്യയും വയലിനിസ്റ്റ് ബാല ഭാസ്കറുമാണ്, താള വാദ്യാഘോഷത്തിന് അകമ്പടി യാകുന്നത്. ആഘോഷം 2009 എന്ന അമൃത ടെലിവിഷന്‍ പരിപാടിയില്‍, താള മേളക്കാര്‍ക്ക് പുറമെ പ്രശസ്ത ഗായകരായ മധു ബാല കൃഷ്‌ണന്‍, അഫ്‌സല്‍ തുടങ്ങിയ വരോടൊപ്പം അമൃത സുപ്പര്‍ സ്റ്റാറിലെ രൂപ എന്നിവര്‍ നയിക്കുന്ന സംഗീത മേളയും പ്രമുഖ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്ത വിരുന്നും, അമൃത ആഘോഷത്തിന്റെ ഭാഗമാ യുണ്ടാവും. ഇന്ന് (ഒക്ടോബര്‍ 1) ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ഏഴ് മണിക്കാണ് പരിപാടി.
Jayaram playing chenda in Dubai
- ജെ. എസ്.
( Thursday, October 01, 2009 ) |
സുവാര്‍ത്താ മഹോത്സവം അബുദാബിയില്‍
അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായ ‘ അബുദാബി പെന്തക്കോസ്ത് ചര്‍ച്ച് കോണ്‍ഗ്രിഗേഷന്‍’ (ആപ്കോണ്‍) ഒരുക്കുന്ന സുവാര്‍ത്താ മഹോത്സവം, സെപ്റ്റംബര്‍ 21, 22, 23 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളില്‍ അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ നടക്കും. പ്രശസ്ത സുവിശേഷ പ്രഭാഷകനും വേള്‍ഡ് റസ്ക്യൂ മിനിസ്റ്റ്ട്രീ സിന്‍റെ സ്ഥാപക പ്രസിഡന്‍റുമായ ആഫ്രിക്കന്‍ മിഷനറി റവ. ഡോക്ടര്‍ ബര്‍ണാഡ് ബ്ലസ്സിംഗ് പ്രഭാഷണം നടത്തും. പ്രശസ്ത സംഗീതജ്ഞന്‍ ബര്‍ണൈ ആന്‍റി ആരാധനാ ഗാനങ്ങള്‍ ആലപിക്കും.
മൂന്നു ദിവസങ്ങളിലായി വൈകീട്ട് 7:30 മുതല്‍ ആരംഭിക്കുന്ന സുവാര്‍ത്താ മഹോത്സവത്തിലേക്ക് അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 050 811 85 67, 050 32 41 610 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, culture
- ജെ. എസ്.
( Sunday, September 20, 2009 ) |
ഓണം - ഈദ് ആഘോഷങ്ങള്‍ മസ്ക്കറ്റില്‍
മസ്ക്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം വിപുലമായ പരിപാടികളോടെ ഓണം - ഈദ് ആഘോഷങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഈ പരിപാടികളുടെ ഭാഗമായി ശ്രീ നാരായണ ഗുരു ജയന്തി പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ പ്രഭാ വര്‍മ്മയാണ് “രണ്ടാം നവോത്ഥാന പ്രസ്ഥാനം അനിവാര്യമോ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത്. ദാര്‍സയിറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ സെപ്റ്റെംബര്‍ 23നു വൈകുന്നേരം 8 മണിക്കാണ് പരിപാടി എന്ന് ഇന്ത്യ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ അറിയിച്ചു.
Eid Onam celebrations in Indain Social Centre, Muscat Labels: associations, culture
- ജെ. എസ്.
( Sunday, September 20, 2009 ) |
ഈദ് സംഗമവും കഥാ പ്രസംഗവും
ദുബൈ : എസ്. കെ. എസ്. എസ്. എഫ്. (SKSSF) ദുബൈ കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഇസ്‍ലാമിക കഥാ പ്രസംഗവും മഗ്‍രിബ് നിസ്കാരത്തിന് ശേഷം ദുബൈ കെ. എം. സി. സി. (KMCC) ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസിദ്ധ കാഥികനും പണ്ഡിതനുമായ കെ. എന്‍. എസ്. മൗലവിയുടെ ഇസ്‍ലാമിക ചരിത്ര കഥാ പ്രസംഗം 'തൂക്കു മരത്തിലെ നിരപരാധി' പരിപാടിയോ ടനുബന്ധിച്ച് നടക്കും. ഈദ് സംഗമത്തില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുസ്സലാം ബാഖവി, ഇബ്രാഹീം എളേറ്റില്‍, സിദ്ദീഖ് നദ്‍വി ചേരൂര്‍, എന്‍. എ. കരീം, എ. പി. അബ്ദുല്‍ ഗഫൂര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. അലിക്കുട്ടി ഹുദവി ഈദ് സന്ദേശ പ്രഭാഷണം നടത്തും. SKSSF സര്‍ഗ വിംഗ്, ക്യാമ്പസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികളും വേദിയില്‍ അരങ്ങേറും. മുഴുവന്‍ ആളുകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്‍റ് അബ്ദുല്‍ ഹഖീം ഫൈസി, ജനറല്‍ സെക്രട്ടറി ഷക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.
- ഉബൈദ് റഹ്മാനി, ദുബായ് Labels: associations, culture, dubai
- ജെ. എസ്.
( Sunday, September 20, 2009 ) |
കുവൈത്ത് ഇസ്‍ലാമിക് സെന്‍റില്‍ ഇഫ്താര്‍
കുവൈത്ത് സിറ്റി : ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന റമദാന്‍ ക്യാമ്പിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്വാര്‍ മീറ്റും ദിക്റ് വാര്‍ഷികവും സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍ എന്ന നാമകരണം ചെയ്ത അബ്ബാസി യയിലെ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോ റിയത്തില്‍ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ദിക്റ് ദുആ സമ്മേളനത്തിന് ശംസുദ്ദീന്‍ ഫൈസി, മന്‍സൂര്‍ ഫൈസി, മുസ്തഫ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
നവ ലോക ക്രമത്തില്‍ മനുഷ്യന്റെ നഷ്ടപ്പെട്ടു പോയ ധര്‍മ്മ ബോധവും മൂല്യ വിചാരവും വീണ്ടെടു ക്കാനുള്ള സുവര്‍ണ്ണാ വസരമാണ് റമദാനെന്ന് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യ മനസ്സിലെ നന്മയും സദാചാര മൂല്യങ്ങളും മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കാനും അതു വഴി ധന്യമായ ഒരു സാമൂഹിക ക്രമം സ്ഥാപി ച്ചെടുക്കാനും വ്രതത്തിലൂടെ സാധിക്ക ണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസിയുടെ അദ്ധ്യക്ഷ തയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകന്‍ ജാബിര്‍ അല്‍ അന്‍സി മുഖ്യാതിഥി ആയിരുന്നു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ , സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ്, റഫീഖ് കോട്ടപ്പുറം, കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ കുന്നില്‍, എന്‍. എ. മുനീര്‍ സംബന്ധിച്ചു. ഓഡിറ്റോ റിയത്തില്‍ ഒരുക്കിയ സമൂഹ നോമ്പ് തുറയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതന്‍ മഅ്മൂന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. മുഹമ്മദലി പുതുപ്പറമ്പ്, ബഷീര്‍ ഹാജി, ഇ. എസ്. അബ്ദു റഹ്‍മാന്‍, രായിന്‍ കുട്ടി ഹാജി, മുജീബ് റഹ്‍മാന്‍ ഹൈതമി, ശുക്കൂര്‍, അയ്യൂബ്, റാഫി, ഗഫൂര്‍ പുത്തനഴി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇല്യാസ് മൗലവി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു. - ഉബൈദ് റഹ്മാനി, ദുബായ്
- ജെ. എസ്.
( Sunday, September 20, 2009 ) |
വിശുദ്ധി കാത്ത് സൂക്ഷിച്ച് മാതൃകാ ജീവിതം നയിക്കുക – അബ്ദുസ്സലാം മോങ്ങം
ദുബായ് : ഒരു മാസം കൊണ്ട് നേടിയെടുത്ത ജീവിത വിശുദ്ധിയും, സൂക്ഷ്മതയും തുടര്‍ന്നും ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിച്ച് സമൂഹത്തില്‍ മാതൃകകള്‍ ആകുവാന്‍ പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം മോങ്ങം വിശ്വാസികളെ ആഹ്വാനം ചെയ്തു. അല്‍മനാര്‍ ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുതുബ നടത്തുകയായിരുന്നു അദ്ദേഹം.
കരുണ, ദയ, ദീനാനുകമ്പ, പട്ടിണി ക്കാരോടുള്ള സമീപനം, ദേഹേച്ഛയോടുള്ള സമരം, ക്ഷമ, സമര്‍പ്പണം ഇതെല്ലാമാണ് ദൈവം വ്രതം കൊണ്ട് നമ്മെ പരീക്ഷിച്ചത്. അത് മുഴുവന്‍ ഉള്‍ക്കൊണ്ടവരാണ് യഥാര്‍ത്ഥ വിജയി. കേവലം പ്രഭാത പ്രദോഷങ്ങ ള്‍ക്കിടയിലുള്ള ഉപവാസം മാത്രമല്ല വ്രതം. ഇസ്ലാമിലെ വ്രതം യഥാര്‍ത്ഥ മനുഷ്യനിലേക്കുള്ള പാകപ്പെടുത്തലാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈദിലെ സന്തോഷം എല്ലാവര്‍ക്കു മുള്ളതാണ്. അത് പങ്ക് വെക്കുമ്പോള്‍ മാത്രമാണ് ഈ സുദിനത്തിന് അര്‍ത്ഥമുള്ളൂ. രോഗിയുടെ കിടക്കയിലേക്കും നാട്ടിലുള്ള ബന്ധു മിത്രാദികളുടെ ചെവിയിലേക്കും നമ്മുടെ സ്നേഹാന്വേഷ ണമെത്തണം. ഈ സന്തോഷവും ആഹ്ളാദവും മറ്റുള്ളവര്‍ക്ക് കൂടി പങ്കു വെക്കുവാന്‍ നമുക്കാകണം. സൌഹൃദവും സാഹോദര്യവും വായ്മൊഴിയായി മാത്രമല്ല പ്രവൃത്തി പഥത്തില്‍ കാണിക്കുവാന്‍ വിശ്വാസി സമൂഹം തയ്യാറാകണം. പച്ചക്കരളുള്ള ഏത് ജീവിയോടും കരുണ കാണിക്ക ണമെന്ന് പറഞ്ഞ പ്രവാചകന്റെ യഥാര്‍ത്ഥ അനുയായി കളാകണം. പിണക്കം മാറി ഇണങ്ങി ജീവിക്കുന്ന മാനസിക നിലയിലേക്ക് നമ്മുടെ മനസ്സും മനഃ സ്ഥിതിയും മാറണം. വിശന്നവന് ഭക്ഷണം നല്‍കുവാനും വിഷമിച്ചവന്റെ പ്രയാസം അകറ്റുവാനും ഓരോ വിശ്വാസിയും തയ്യാറാകണം. അതിനുള്ള മുന്നൊരു ക്കമാകട്ടെ ഈ ഈദ് സുദിനം - അബ്ദുസ്സലാം മോങ്ങം ആശംസിച്ചു. പ്രതിസന്ധി കളിലൂടെ യായിരുന്നു കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ലോക മുസ്ലീംകള്‍ സഞ്ചരിച്ചത്. നല്ല പ്രഭാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി. ലോകമിന്ന് ഇസ്ലാമിന്റെ സമ്പദ് വ്യവസ്ഥ പഠിക്കുന്നു. ഖുര്‍ആന്‍ അധ്യാപനങ്ങള്‍ ലോകത്തിന്റെ മുന്നില്‍ പഠന വിധേയമാ ക്കപ്പെടുന്നു. ഇസ്ലാമും ഖുര്‍ആനും മനുഷ്യന്‍ പഠിച്ചേ തീരൂ. അതിന്റെ നല്ല കാറ്റാണ് നമുക്കിപ്പോള്‍ അനുഭവപ്പെടുന്നത്. വരും വര്‍ഷങ്ങളില്‍ നല്ല വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ദുബായ് സര്‍ക്കാരിന്റെ അനുമതിയോടു കൂടി യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍മനാര്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് എത്തിയത്. പതിവിലും കൂടുതല്‍ സൌകര്യം ഇപ്രാവശ്യം ഏര്‍പ്പെടുത്തി യിരുന്നെങ്കിലും സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചാണ് വിശ്വാസികള്‍ അല്‍മനാര്‍ ഈദ് ഗാഹില്‍ എത്തി ച്ചേര്‍ന്നത്. പുത്തനുടുപ്പും പുതു മണവുമായി വിശ്വാസികള്‍ വളരെ നേരത്തെ തന്നെ ഈദ് മൈതാനി യിലെത്തി. ഇക്കുറിയും സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായി. എ. ടി. പി. കുഞ്ഞു മുഹമ്മദ്, പി. കെ. എം. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘമാണ് ഈദ് ഗാഹ് നിയന്ത്രിച്ചത്. ജീവിതത്തിന്റെ നാനാ തുറയില്‍ പെട്ട ഉന്നത വ്യക്തിത്വങ്ങളും മീഡിയ പ്രവര്‍ത്തകരും ഈദ് ഗാഹില്‍ എത്തിയിരുന്നു. പരസ്പരം ആശംസകള്‍ കൈമാറിയും ഹസ്തദാനം നടത്തിയും സൌഹൃദം പുതുക്കി യുമായിരുന്നു വിശ്വാസികള്‍ ഈദ് ഗാഹ് വിട്ടത്. - സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍
- ജെ. എസ്.
( Sunday, September 20, 2009 ) |
ഇടം ഈദ് ഓണം ആഘോഷവും ശ്രീനാരായണ ഗുരു സ്മരണയും
ഈദിന്റെ പിറ്റേന്നും തുടര്‍ച്ചയായി വരുന്ന മറ്റ് രണ്ട് വെള്ളിയാഴ്ചകളിലും സാമൂഹ്യ ക്ഷേമം മുന്‍ നിര്‍ത്തിയുള്ളതും മറ്റ് വിനോദ പ്രദവുമായ ഒട്ടേറെ പരിപാടികള്‍ മസ്കറ്റിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'ഇടം മസ്കറ്റ്' പ്രഖ്യാപിച്ചു. അതില്‍ ആദ്യത്തേത് ഈദിന്റെ രണ്ടാം ദിവസം ബര്‍ക്കയിലെ ഹരിത സുന്ദരമായ ഫാമില്‍ വെച്ച് നടക്കാന്‍ പോകുന്ന ഈദ് - ഓണം ആഘോഷങ്ങളാണ്. ഓണ ദിനത്തില്‍ കോട്ടയം ആശാ ഭവനിലെ അന്തേവാസി കള്‍ക്ക് ഓണ ക്കോടി സമ്മാനിച്ചു കൊണ്ട് തികച്ചും മാതൃകാ പരമായ ഒരു സന്ദേശം നല്‍കി ക്കൊണ്ടാണ് ഇടം ഓണാ ഘോഷത്തിന് തുടക്കമിട്ടത്. എന്നാല്‍ ബര്‍ക്കയിലെ ഈദ് - ഓണം ആഘോഷങ്ങളില്‍ ഇടം മെംബര്‍മാര്‍ക്കും കുടുംബാംഗ ങ്ങള്‍ക്കും അതിഥിക ള്‍ക്കുമായ് ഇടം ഒരുക്കിയി രിക്കുന്നത് ഓണ സദ്യയും ഓണ ക്കളികളും മറ്റ് കലാ പരിപാടികളും ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു വിരുന്നു തന്നെയാണ്.
ഒക്ടോബര്‍ രണ്ട് ഇന്ത്യയുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ജന്മ ദിനത്തോട നുബന്ധിച്ച് ഇടം സമൂഹ്യ ക്ഷേമ വിഭാഗം നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ അവയര്‍ന്നസ്സ് (naca) ഒമാനുമായ് സഹകരിച്ചു സംഘടിപ്പിക്കാന്‍ പോകുന്ന രക്ത ദാന ക്യാമ്പും സൗജന്യ ഡയബറ്റിക് ക്ലിനിക്കുമാണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി. റൂവിയിലെ അല്‍മാസ ഹാളില്‍ വെച്ച് നടക്കാന്‍ പോകുന്ന ക്യാമ്പില്‍ ഇടം പ്രവര്‍ത്തക രടക്കമുള്ളവരുടെ വമ്പിച്ച ജന പങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഈ ക്യാമ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഡയബറ്റിസിനെ കുറിച്ചുള്ള ബോധവല്‍ക്ക രണത്തിന്റെ ഭാഗമായ് നടക്കാന്‍ പോകുന്ന പ്രമുഖ ഡോക്ടര്‍മാരുടെ പ്രഭാഷണങ്ങളാണ്. ഒക്ടോബര്‍ 9 വെള്ളിയാഴ്ച ഇടം സാഹിത്യ വിഭാഗത്തിന്റെയും മാധ്യമ വിഭാഗത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ജയന്തിയോട നുബന്ധിച്ച് റൂവി അല്‍മാസ ഹാളില്‍ വെച്ച് നടക്കാന്‍ പോകുന്ന കേരള നവോത്ഥാന സമ്മേളനമാണ് ഈ ശ്രേണിയിലെ അവസാനത്തെ പരിപാടി. പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഹമീദ് ചേന്ദമംഗല്ലൂര്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ഗള്‍ഫിലെയും കേരളത്തിലെയും സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സെമിനാറില്‍ നവോത്ഥാന മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും പുതിയ ചലനങ്ങളെയും ചര്‍ച്ച ചെയ്യുന്ന വിവിധ പേപ്പറുകള്‍ അവതരിപ്പിക്കും. വൈകിട്ട് ഏഴു മണിക്ക് പൊതു ജനങ്ങള്‍ക്കായ് ഒരുക്കുന്ന നവോത്ഥാന പ്രഭാഷണം പ്രോഫ. ഹമീദ് ചേന്ദമംഗലൂര്‍ നിര്‍വ്വഹിക്കും. സാംസ്ക്കാരിക രംഗത്തെ ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ സാംസ്ക്കാരിക സമ്മേളനമെന്നു പറഞ്ഞ ഇടം ഭാരവാഹികള്‍ ഇടത്തിന്റെ എല്ലാ പരിപാടികളും വിജയമാക്കിത്തീര്‍ക്കാന്‍ സഹായിച്ച മലയാളി സമൂഹത്തിന് നന്ദി പറയുകയും തുടര്‍ന്നുള്ള പരിപാടികളിലും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. Labels: associations, culture, oman
- ജെ. എസ്.
( Tuesday, September 15, 2009 ) |
ഖുര്‍ആന്‍ മനുഷ്യ കുലത്തിന്റെ ഏക അവലംബം : റഹ്‍മത്തുല്ല ഖാസിമി
ദുബായ് : മുഹമ്മദ് നബിക്കു മേല്‍ വിശുദ്ധ ഖുര്‍ആന്‍ സ്നേഹ സന്ദേശമായി ഇറങ്ങിയി ല്ലായിരുന്നു വെങ്കില്‍ ലോകത്തിന് ആധികാരികമായി അവലംബിക്കാവുന്ന വേദ ഗ്രന്ഥം ഇല്ലാതെ പോവു മായിരുന്നു വെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ റഹ്‍മത്തുല്ല ഖാസിമി മുത്തേടം പറഞ്ഞു.
പതിമൂന്നാമത് ദുബായ് ഇന്‍റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയുടെ ഭാഗമായി ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്‍ലാഹില്‍ സംഘടിപ്പിച്ച സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യ ചരിത്രത്തെ ആദി സൃഷ്ടി മുതല്‍ കൃത്യമായി രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഏത് സമൂഹത്തിനും സമൃദ്ധി കൈവരാന്‍ മുന്‍ഗാമികളുടെ ചരിത്രമറിഞ്ഞ് അവരുടെ പാത പിന്‍പറ്റണം. അടിവേര് നഷ്ടപ്പെടുത്തിയ സമൂഹം ചരിത്രത്തില്‍ ഒരിക്കലും വിജയം കണ്ടിട്ടില്ല. അറബ് ഭാഷയില്‍ ഖുര്‍ആന്‍ ഇറങ്ങുക വഴി അറബ് സമൂഹമാണ് ആദരിക്ക പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റുകള്‍ക്കകം അതി മനോഹര കവിത രചിച്ചും മറ്റും സാഹിത്യത്തില്‍ അദ്വിതീ യരായിരുന്ന അവര്‍ അതത്രയും ഭൗതിക കാര്യങ്ങ ള്‍ക്കായി വിനിയോഗി ക്കുകയായിരുന്നു. അവരുടെ സാഹിത്യത്തെ മാത്രമല്ല, ഒട്ടകത്തെയും കാലികളെയും മേച്ചു നടന്നിരുന്ന അവരെ തന്നെയും പരിവര്‍ത്തി പ്പിച്ചെടുത്ത് ലോകത്തിന്റെ ജേതാക്കളുമാക്കി ഖുര്‍ആന്‍ മാറ്റിയെ ടുത്തതായി അദ്ദേഹം പറഞ്ഞു. ഖുര്‍ആനിന്റെ തണലാണ് ഇന്നും ഈ സമൂഹത്തിന്റെ വെളിച്ചമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ ആരിഫ് ജല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. ദുബായ് കെ. എം. സി. സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. എ. കരീം സ്വാഗതം പറഞ്ഞു. ദുബായ് സുന്നി സെന്‍റര്‍ പ്രസിഡന്‍റ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ദുബൈ ഇന്‍റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പ്രത്യേക പുരസ്കാര ത്തിനര്‍ഹനായ ഇബ്റാഹീം ബൂമില്‍ഹക്കുള്ള ഉപഹാരം ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആരിഫ് ജല്‍ഫാറിന് നല്‍കി. കേരളത്തി ലുടനീളം ശാഖകളുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്റെ ഡയറക്ടറായ ഖാസിമി നൂറു ക്കണക്കിന് സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ക്ലാസ് നടത്തി വരുന്നു. - ഉബൈദ് റഹ്മാനി, റിയാദ്
- ജെ. എസ്.
( Friday, September 11, 2009 ) |
ഖുര്‍ ആന്‍ പാരായണ മല്‍സരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജേതാവായി
ദുബായ് ഗവണ്മെന്‍റ് സംഘടിപ്പിച്ച പതിമൂന്നാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അംഗീകാരം. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ്സില്‍ നിന്നും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹൈദരാബാദ് സ്വദേശിയായ ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് എന്ന മല്‍സരാര്‍ത്ഥിയാണ് 85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഒന്നാമതെത്തിയത്.
രണ്ടര ലക്ഷം ദിര്‍ഹമാണ് ഒന്നാം സമ്മാനം. പരിശുദ്ധ ഖുര്‍ ആന്‍ പരായണം ചെയ്തു അംഗീകാരം നേടിയതിലാണ് തന്‍റെ സന്തോഷമെന്നും, ഈ അംഗീകാരം ഇന്ത്യന്‍ സമൂഹത്തിനും അവസരമൊരുക്കിയ സ്ഥാപനത്തിനും സമര്‍പ്പിക്കുന്നതായി ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു. ഇസ്മായീല്‍ ഇദ്രീസ് (സുഡാന്‍), അബ്ദുല്‍ മലിക് അബൂബക്കര്‍ (നൈജീരിയ), യാസീന്‍ മംദൂഹ് (സിറിയ) എന്നിവര്‍ ഇദ്ദേഹത്തിനു തൊട്ടു പിറകിലുണ്ടായിരുന്നു. കടുത്ത മല്‍സരമായിരുന്നു ഈ വര്‍ഷം നടന്നത് എന്നും, ജേതാവിനെ കണ്ടെത്താന്‍ വെല്ലു വിളികള്‍ ഉണ്ടായിരുന്നു എന്നും ജഡ്ജിംഗ് പാനല്‍ പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, September 11, 2009 ) |
'അഹലന്‍ റമദാന്‍' ഓഗസ്റ്റ് 13-ന്
അബുദാബി: കേരള മാപ്പിള കലാ അക്കാദമി, പരിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന് 'അഹലന്‍ റമദാന്‍' എന്ന പേരില്‍ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13, വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബൂദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മാപ്പിള കലാ ഗവേഷകനുമായ നാസര്‍ ബേപ്പൂര്‍ 'മാപ്പിള കല - ഇന്നലെ ഇന്ന്' എന്ന വിഷയത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് 8:30 മുതല്‍ നടക്കുന്ന ഗാന മേളയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുക്കും. തനതു മാപ്പിള കലകളെ കുറിച്ച് കൂടുതല്‍ അവഗാഹം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടിക്കു പ്രവേശനം സൌജന്യം ആയിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6720120 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, culture, music
- ജെ. എസ്.
( Wednesday, August 12, 2009 ) |
ഒന്നാം റാങ്ക് ദോഹാ മദ്രസയ്ക്ക്
ദോഹ: ജമാ അത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമായ മജ്‌ലിസുത്ത അ്‌ലീമില്‍ ഇസ്‌ലാമി ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ നടത്തിയ 2008-09 വിദ്യാഭ്യാസ വര്‍ഷത്തെ സംസ്ഥാന പൊതു പരീക്ഷയില്‍ പ്രൈമറി വിഭാഗത്തില്‍ ദോഹ അല്‍മദ്രസ അല്‍ ഇസ്‌ലാമിയിലെ ഫാത്വിമ ഹനാന്‍ ഒന്നാം റാങ്ക് നേടി. 500ല്‍ 469 മാര്‍ക്ക് നേടിയാണ് ഒന്നാം റാങ്ക് നേടിയത്. മദ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ദമ്പതിമാരായ ജഅ്ഫറിന്റെയും സഈദയുടെയും മകളാണ്.
ഒന്നാം റാങ്കിന് പുറമെ നാല്, അഞ്ച് റാങ്കുകളും ദോഹ മദ്രസയിലെ വിദ്യാര്‍ഥികള്‍ക്കു തന്നെയാണ്. ക്യുകെമ്മില്‍ ജീവനക്കാരനായ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ തസ്‌നീം, ഖത്തര്‍ പെട്രോളിയത്തിലെ ജീവനക്കാരനായ അബാസ് വടകരയുടെ മകന്‍ ഫുആദ് എന്നിവരാണ് യഥാക്രമം 4, 5 റാങ്ക് ജേതാക്കള്‍. തസ്‌നിം അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ വക്‌റയിലെ വിദ്യാര്‍ഥിയാണ്. മൊത്തം 92 പേര്‍ പരീക്ഷയെഴുതിയ ദോഹ മദ്‌റസയ്ക്ക് ഇത്തവണ 15 ഡിസ്റ്റിങ്ഷനും 31 ഫസ്റ്റ് ക്ലാസ്സും 17 സെക്കന്‍ഡ് ക്ലാസ്സും 25 തേഡ് ക്ലാസ്സുമുണ്ട്. ഇത് മൂന്നാം തവണയാണ് ദോഹ മദ്രസ ഒന്നാം റാങ്ക് നേടുന്നത്. 2005 -06 വര്‍ഷത്തില്‍ ഹുദാ ഹംസയും 2007-08ല്‍ യാസ്മിന്‍ യൂസഫും ഇതിനു മുമ്പ് റാങ്ക് ജേതാക്കളായിട്ടുണ്ട്. ഈ മാസം 15ന് വെള്ളിയാഴ്ച വിപുലമായ പരിപാടികളോടെ 23-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്ന മദ്രസയ്ക്ക് ഇത്തവണത്തെ റാങ്ക് നേട്ടം ഇരട്ടി മധുരമായി. റാങ്ക് ജേതാക്കളെയും വിജയികളെയും ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ, മദ്രസ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അബ്ദു റഹ്മാന്‍ പുറക്കാട്, പ്രധാനാ ധ്യാപകന്‍ അബ്ദുല്‍ വാഹിദ് നദ്‌വി എന്നിവര്‍ അഭിനന്ദിച്ചു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Wednesday, May 13, 2009 ) |
മാങ്ങകളുമായി അസ്മ
അതിഥികളെ സ്വീകരിക്കുന്ന യു.എ.ഇ. യിലെ ഒരു ഗ്രാമത്തെ പരിചയപ്പെടുക. യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മയില്‍ കേരളത്തെ വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ മാങ്ങകള്‍ കായ്ച്ചു നില്‍ക്കുന്നത്. ഇവിടുത്തെ തോട്ടങ്ങളില്‍ ആര്‍ക്കും എപ്പോള്‍ കയറിയും വിഭവങ്ങള്‍ പറിച്ചെടു ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മ, പഴം പച്ചക്കറി തോട്ടങ്ങളുടെ ഗ്രാമമാണ്. മാമ്പഴ ക്കാലമായതോടെ ഈ ഗ്രാമത്തിലെ തോട്ടങ്ങളില്‍ മാങ്ങകള്‍ കുല നിറഞ്ഞു നില്‍ക്കുക യാണിപ്പോള്‍. ചെറുതും വലുതുമായി കേരളത്തില്‍ കിട്ടുന്ന എല്ലാ തരം മാങ്ങകളും അസ് മയില്‍ കായ്ക്കുന്നുണ്ട്. വര്‍ഷം മുഴുവനും കായ്ക്കുന്ന ചില പ്രത്യേക ഇനങ്ങളും ഇവിടെയുണ്ട്. മസാഫിയില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസ്മയിലെത്താം. തോട്ടങ്ങളെല്ലാം വേലി കെട്ടി തിരിച്ചിട്ടു ണ്ടെങ്കിലും ആര്‍ക്കും എളുപ്പത്തില്‍ കടക്കാവുന്ന രീതിയില്‍ ഗേറ്റുകള്‍ തുറന്നിട്ടി ട്ടുണ്ടാവും എന്നതാണ് ഇവിടുത്തെ പ്രത്യേകത. തോട്ടങ്ങളില്‍ എത്തി നിങ്ങള്‍ക്ക് മതിയാവോളം വിശ്രമിക്കാം. അവിടുത്തെ വിഭവങ്ങള്‍ ഭക്ഷിക്കാം. നിങ്ങളെ ആരും തടയില്ല. ഗ്രാമത്തിലെ അറബികളുടെ ആതിഥ്യ മര്യാദയാണിത്. അസ്മയെന്ന ഗ്രാമത്തിലെ കടകളില്‍ പച്ചക്കറികളും മാങ്ങകളും ഒന്നും വില്‍പ്പന യ്ക്കുണ്ടാവില്ല. അതിനും കാരണമുണ്ട്. തോട്ടം ഉടമകള്‍ അവിടെ താമസിക്കു ന്നവര്‍ക്കെല്ലാം പച്ചക്കറികളും മറ്റ് വിഭവങ്ങളും സൗജന്യമായി തന്നെ നല്‍കുന്നു. പിന്നെ അത് വില്‍പ്പനയ്ക്ക് വയ്ക്കേണ്ട ആവശ്യമില്ലല്ലോ. വര്‍ഷങ്ങളായി അസ്മയില്‍ കച്ചവടം നടത്തുന്ന മുഹമ്മദിന് അറബികളുടെ ഈ ഗ്രാമീണ മര്യദയെ ക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്. ചൂട് കനത്തതോടെ ദുബായ്, അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇപ്പോള്‍ ഈ മാമ്പഴ ക്കാലവും ശീതള ഛായയും ആസ്വദിക്കാന്‍ അസ്മയില്‍ എത്തുന്നത്. പലരും കുടുംബ സമേതം തന്നെ ഒഴിവ് സമയങ്ങളില്‍ ഇവിടെ എത്തുന്നു. അസ്മ എന്ന ഗ്രാമത്തിന്‍റെ ആതിഥ്യ മര്യാദ ആസ്വദിച്ച് തിരിച്ചു പോകുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, May 12, 2009 ) |
ഇന്ത്യാ ക്വിസ് യു.എ.ഇ. യില്‍
ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകവും സമ്പന്നമായ സംസ്ക്കാരവും പ്രവാസികളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഇന്ത്യാ ക്വിസ് 2009 യു.എ.ഇ.യിലും എത്തി. 14 മെയ് 2009 വ്യാഴാഴ്ച്ച അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ വൈകീട്ട് ഏഴ് മണി മുതല്‍ ആണ് ക്വിസ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.
പതിനഞ്ച് വയസിനു മുകളില്‍ പ്രായമുള്ള ഇന്ത്യാക്കാര്‍ക്ക് ഈ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാം. രണ്ട് പേര്‍ അടങ്ങിയ ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. ആറ് മണിക്ക് റെജിസ്ട്രേഷന്‍ ആരംഭിക്കും. മത്സര പരിപാടി കാണുവാനുള്ള പ്രവേശനം സൌജന്യമാണ്. എന്നാല്‍ ആദ്യം പേര് റെജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവൂ. indiaquiz2009 at gmail dot com എന്ന ഈ മെയില്‍ വിലാസത്തിലോ 02 4454081 എന്ന ഫാക്സ് നമ്പറിലോ പേരും അഡ്രസ്സും മറ്റ് വിവരങ്ങളും അയച്ച് മത്സരത്തില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5218777, 050 4462572, 050 1250653, 050 8242800 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യു.എ.ഇ. ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന വിഷ്യന്‍ ഇന്ത്യാ കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചോദ്യോത്തര പരിപാടി ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്നത്. വിഷ്യന്‍ ഇന്ത്യയുടെ എം.ഡി.യും പ്രശസ്ത ടെലിവിഷന്‍ ക്വിസ് അവതാരകനുമായ ശ്രീ കണ്ണു ബക്കര്‍ ആണ് ചോദ്യോത്തര പരിപാടിയുടെ ക്വിസ് മാസ്റ്റര്‍ എന്നത് പരിപാടി ചടുലവും മികവുറ്റതും ആക്കും എന്നാണ് കരുതപ്പെടുന്നത്.
- ജെ. എസ്.
( Saturday, May 09, 2009 ) |
ദുബായില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ
ദുബായ് പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത് എക്യുമിനിക്കല്‍ കണ്‍വന്‍ഷന്‍ മെയ് 11, 12, 13 തിയതികളില്‍ ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ വെച്ച് നടത്തും. രാത്രി 7:45 മുതല്‍ 10 മണി വരെയാണ് സമയം. 2007 മുതല്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഇത്തവണ സി. എസ്. ഐ. സഭയുടെ മോഡറേറ്റര്‍ ആയിരുന്ന റവ. ഡോ. കെ. ജെ. സാമുവല്‍ ആണ് സുവിശേഷം അറിയിക്കുക.
പ്രാര്‍ത്താനാ കൂട്ടായ്മയില്‍ എല്ലാവരും പങ്ക് ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കണമെന്ന് ദുബായ് പ്രാര്‍ത്തനാ കൂട്ടായ്മക്ക് വേണ്ടി കണ്‍വീനര്‍ ലിജു മാത്യു സാം അഭ്യര്‍ത്ഥിച്ചു. - അഭിജിത് പാറയില്‍ Labels: associations, culture
- ജെ. എസ്.
( Thursday, May 07, 2009 ) |
ഗള്‍ഫിലെ വിഷു
അവധി ദിനം അല്ലെങ്കിലും ഗള്‍ഫ് നാടുകളിലും വളരെ ആഘോഷ പൂര്‍വം തന്നെയാണ് വിഷു ആഘോഷിക്കുന്നത്. നാട്ടിലെ പ്പോലെ തന്നെ വിഷു ക്കണി കണ്ടാണ് ഗള്‍ഫ് മലയാളികളും ഉണര്‍ന്നത്. കണി വെള്ളരിയും കൊന്നപ്പൂവും ചക്കയടക്കമുള്ള ഫലങ്ങളു മെല്ലാമായാണ് കടലിനി ക്കരെയാ ണെങ്കിലും മിക്കവരും കണി ഒരുക്കിയത്. കുടുംബങ്ങളായി താമസിക്കുന്ന നിരവധി പേര്‍ വിഷു ആഘോഷത്തിനായി അവധിയെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തു ചേര്‍ന്നാണ് പലയിടത്തും ആഘോഷങ്ങള്‍.
പുതിയ വര്‍ഷാരംഭം കുട്ടികള്‍ക്കും ആഘോഷത്തിന്‍റേതു തന്നെ. എന്നാല്‍ നാട്ടിലെ പോലെ ആഘോഷത്തിന് പടക്കം പൊട്ടിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖമാണ് പല കുട്ടികള്‍ക്കും. ഗള്‍ഫില്‍ ആഘോഷം കെങ്കേമ മാണെങ്കിലും നാട്ടില്‍ വിഷു ആഘോഷിക്കുക എന്നത് വേറിട്ട അനുഭവം തന്നെയാണെന്ന് ചിലരെങ്കിലും പറയുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, April 14, 2009 ) |
കേളിപ്പെരുമ പ്രദര്‍ശനം അബുദാബിയില്‍
അബുദാബി : പയ്യന്നൂരിന്റെ പൈതൃക ചിഹ്നമായ പയ്യന്നൂര്‍ കൊല്‍ക്കളിയെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാര്‍ച്ച് 31ന് അബുദാബിയില്‍ നടക്കും. കേരള സോഷ്യല്‍ സെന്‍ററില്‍് രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സി. ഇ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ചടങ്ങില്‍ ആദരിക്കും. പ്രവാസി മലയാളിയും പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക നേതാവുമായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച കേളിപ്പെരുമയുടെ സംവിധാനം ദേശീയ അംഗീകാരം നേടിയ മധു കൈതപ്രമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം. നേരത്തെ പയ്യന്നൂരില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് പ്രമുഖ നടന്‍ മനോജ്. കെ. ജയന്‍ ആണ് കേളിപ്പെരുമയുടെ പ്രകാശനം നിര്‍വഹിച്ചത്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, culture
- ജെ. എസ്.
( Tuesday, March 31, 2009 ) |
ഖത്തറിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം
ദോഹ: മത സൗഹാര്‍ദ ത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും വിളനിലമാണ് കേരളമെന്ന് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ പ്രസ്താവിച്ചു. കേരളവുമായി പ്രത്യേകിച്ച് മലബാറുമായി ഖത്തറിന് പൗരാണിക കാലം മുതല്‍ക്കേ ബന്ധമുണ്ട്. അത് ചരിത്ര പരമാണ്. ഖത്തറില്‍ മലയാളികള്‍ പതിനായിര ക്കണക്കിലുണ്ട്. അവരുടെ സേവനവും സത്യ സന്ധതയും ഞങ്ങള്‍ക്കെന്നും അവരോടുള്ള മതിപ്പ് വര്‍ധിപ്പി ച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസൈമീറില്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു മന്ത്രി.
പ്രകൃതി വാതക കരാറുമായി ബന്ധപ്പെട്ട് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചു. ഒരിക്കല്‍ കേരളവും സന്ദര്‍ശി ച്ചിട്ടുണ്ടെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു. ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ അത്തിയയുടെ ഉദാര മനസ്‌കതയും സഹോദര സമുദായങ്ങളോടുള്ള ബഹുമാനവും സ്‌നേഹവുമാണ് ഖത്തര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സൗജന്യമായി സ്ഥലം അനുവദിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അല്‍ അത്തിയ പറഞ്ഞു. 40 ലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിച്ചു നിര്‍മിച്ച ഇന്റര്‍ഡിനോ മിനേഷന്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം അല്‍ അത്തിയ നിര്‍വഹിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രി ഡോ. മുഹമ്മദ് അല്‍സാദാ, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്‌വ എന്നിവര്‍ പ്രസംഗിച്ചു. ഐ. ഡി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു സ്വാഗതം പറഞ്ഞു. ഐ. ഡി. സി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്‍. ഒ. ഇടിക്കുള പ്രാര്‍ത്ഥിച്ചു. കെ. എം. ചെറിയാന്‍ ഉപ പ്രധാന മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രിക്ക് പി. കെ. മാത്യുവും ഇന്ത്യന്‍ അംബാസഡര്‍ക്ക് സൂസന്‍ ഡേവിസും ഉപഹാരങ്ങള്‍ സമ്മാനിച്ചു. മാത്യു കുര്യന്‍ പദ്ധതി വിശദീകരിച്ചു. ജോര്‍ജ് പോത്തന്‍ നന്ദി പറഞ്ഞു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Tuesday, March 31, 2009 ) |
ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു
ദോഹ: എട്ടാമത് ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയമാണ് അസാധാരണമായ ഈ തീരുമാനമെടുത്തത്.
ഏപ്രില്‍ 16 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയ സന്ദര്‍ഭത്തിലുണ്ടായ ഈ തീരുമാനം രാജ്യത്തെ സാംസ്കാരിക നേതാക്കളെ ദുഃഖത്തിലാഴ്ത്തി. ജനുവരിയില്‍ നടക്കേണ്ടി യിരുന്ന സാംസ്കാരിക ഉത്സവം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തേക്ക് നീട്ടി വച്ചത്. സാംസ്കാരിക ഉത്സവം ഉപേക്ഷി ച്ചേക്കുമെന്ന് ഏതാനും ദിവസങ്ങളായി ഖത്തറി മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയവും ധന കാര്യ മന്ത്രാലയവും തമ്മില്‍ ഫണ്ടിനെ പറ്റിയുള്ള ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്. ഫണ്ട് ബജറ്റില്‍ ഏതു സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്ത തെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സാംസ്കാരിക ഉത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനു ണ്ടാവുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു. ആരുടെ വീഴ്ച കാരണമായാലും ദശ ലക്ഷ ക്കണക്കിന് റിയാലാണ് സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായ തെന്നാണ് വാര്‍ത്ത. 2010 'ദോഹ അറബ് സംസ്കാരിക തലസ്ഥാനം' എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, March 28, 2009 ) |
രിസാല വിജ്ഞാന പരീക്ഷ
ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ മീലാദ് കാമ്പയിനോ ടനുബന്ധിച്ച് മാര്‍ച്ച് 27ന് ഗള്‍ഫിലെ പ്രവാസികള്‍ക്ക് വേണ്ടി വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. കോഴിക്കോട് ഇസ്ലാമിക് പബ്ളിംഷിംഗ് ബ്യൂറോ പ്രസിദ്ധീകരിച്ച 'നിങ്ങളുടെ പ്രവാചകന്‍' എന്ന ലഘു പുസ്തകം അടിസ്ഥാന മാക്കിയാണ് പരീക്ഷ. സൌദി അറേബ്യ, യു. എ. ഇ., ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളി ലുള്ളവര്‍ക്ക് പങ്കെടുക്കാം.
ഒരു മണിക്കൂര്‍ സമയത്തെ എഴുത്തു പരീക്ഷക്ക് ആറ് ജി. സി. സി. രാജ്യങ്ങളിലായി സോണല്‍ തലത്തില്‍ അമ്പതോളം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 20 വരെ രജിസ്ട്രേഷന് അവസരം ലഭിക്കും. ശരീഫ് കാരശ്ശേരി കണ്‍ട്രോളറും എം. മുഹമ്മദ് സാദിഖ്, വി. പി. എം. ബഷീര്‍, അശ്റഫ് മ, ലുഖ്മാന്‍ പാഴൂര്‍ എന്നിവര്‍ അംഗങ്ങളുമായ എക്സാം ബോര്‍ഡാണ് പരീക്ഷക്കു നേതൃത്വം നല്‍കുന്നത്. ഏകോപനത്തിനായി ഓരോ രാജ്യങ്ങളിലും നാഷണല്‍ എക്സാം ചീഫും, സോണല്‍ കോ - ഓഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള എക്സാമിനര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആര്‍. എസ്. സി. പ്രവര്‍ത്തകര്‍ നേരിട്ടു സമീപിച്ചാണ് പരീക്ഷാര്‍ഥികളെ കണ്ടെത്തുക. ഓണ്‍ലൈന്‍ വഴിയും രജിസ്ട്രേഷനു സൌകര്യമൊ രുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങളും രിസാല വെബ്സൈറ്റില്‍ (www.risalaonline.com) ലഭിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ജി. സി. സി., നാഷണല്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും. കഴിഞ്ഞ വര്‍ഷവും മീലാദ് പരിപാടികളോ ടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് തലത്തില്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചിരുന്നു. (കഴിഞ്ഞ വര്‍ഷത്തെ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എഞ്ചിനീയര്‍ അബ് ദുസ്സമദ് കാക്കോവ് അവാര്‍ഡ് സ്വീകരിക്കുന്നത് ഫോട്ടോയില്‍ കാണാം) ഖത്തറില്‍ വിജ്ഞാന പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പരീക്ഷ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 5654123 / 5263001 / 6611672 എന്നീ നമ്പറുകളിലും ഈ ഈമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്: rscqatar at gmail dot com - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ Labels: associations, culture, qatar
- ജെ. എസ്.
( Thursday, March 19, 2009 ) |
സാംസ്കാരിക ഉത്സവത്തിന് തിരശ്ശീല വീണു
ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച മൂന്നാമത് ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന് തിരശ്ശീല വീണു. പത്തു ദിവസങ്ങള്‍ നീണ്ടു നിന്ന സാംസ്കാരി കോത്സവം, വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക പരിപാടികളും പുസ്തക - ചിത്രകലാ - കാര്‍ട്ടൂണ്‍ - ഫോട്ടോ - സിനിമാ പ്രദര്‍ശനങ്ങളും, സെമിനാറുകള്‍, കഥാ - കാവ്യ സന്ധ്യകള്‍, ചര്‍ച്ചാ വേദികള്‍ എന്നിവ കൊണ്ടും, പ്രഗല്‍ഭരുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി, മലയാളി സമൂഹത്തിന് അഭിമാനമായി തിര്‍ന്നു.
യു. എ. ഇ. യിലെയും ഭാരതത്തിലേയും സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളില്‍ ഇതിനകം ഏറെ ചര്‍ച്ചാ വിഷയമായി തീര്‍ന്ന ഇന്തോ അറബ് സാംസ്കാരി കോത്സവത്തിന് സമാപനം കുറിച്ചു കൊണ്ട് കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ നടന്ന പരിപാടികളില്‍, അറബി ഗാനങ്ങള്‍ പാടുന്നതില്‍ പ്രശസ്തനായ മലയാളി ഗായകന്‍ കെ. പി. ജയന്‍ പാട്ടുകള്‍ പാടി. സാംസ്കാരികോത്സവത്തിന്‍റ ഭാഗമയി നടന്ന മൊബൈല്‍ ഫോണ്‍ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് വി. എസ്. അനില്‍ കുമാര്‍ സമ്മാനങ്ങള്‍ നല്‍കി. പിന്നീട് നടന്ന സമാപന സമ്മേളനത്തില്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്‍റെ മുന്‍ ചീഫ് ജസ്റ്റിസ് എ. എം. അഹ് മദി മുഖ്യ പ്രഭാഷണം നടത്തി. യു. എ. ഇ. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരുന്ന ഡോക്ടര്‍. അബ്ദുള്ള ദാവൂദ് അല്‍ അസ്ദി, ഇന്ത്യന്‍ ബിസിനസ്സ് ഗ്രൂപ്പ് ചെയര്‍ മാന്‍ മോഹന്‍ ജാഷന്‍മാല്‍, ഐ. എസ്. സി. വൈസ് പ്രസിഡന്‍റ് അഡ്വ. പ്രകാശ്, എന്‍. എം. സി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്റ്റര്‍ ബിനയ് ഷെട്ടി, കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍, കെ. എസ്. സി. ജനറല്‍ സിക്രട്ടറി ടി. സി. ജിനരാജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കെ. എസ്. സി. വൈസ് പ്രസിഡന്‍റ് എ. കെ. ബീരാന്‍ കുട്ടി അതിഥികളെ പരിചയപ്പെടുത്തി. കണ്‍വീനര്‍ ഇ. ആര്‍. ജോഷി സ്വാഗതവും, ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ ഷംനാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ അവതരിപ്പിച്ച ഹിന്ദുസ്ഥാനി ജൂഗല്‍ ബന്ധിയും അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, culture
- ജെ. എസ്.
( Monday, March 09, 2009 ) |
ഇന്തോ അറബ് സാംസ്കാരികോത്സവം
ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു കൊണ്ട് ലോക മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഇന്തോ അറബ് സാംസ്കാരികോത്സവം മൂന്നാമദ്ധ്യായത്തിന് ഫെബ്രുവരി 26, വ്യാഴാഴ്ച തിരശ്ശീല ഉയരുകയായി. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്തോ അറബ് സാംസ്കാരികോത്സവം, യു. എ. ഇ. യിലെയും ഭാരതത്തിലേയും സാംസ്കാരിക - സാഹിത്യ മണ്ഡലങ്ങളില്‍ ഇതിനകം ചര്‍ച്ചാ വിഷയമായി തീര്‍ന്നിട്ടുണ്ട്.
പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും, സി. പി. ഐ. ജന.സിക്രട്ടറിയുമായ ഡി.രാജാ (എം.പി), യു.എ.ഇ.യിലെ ഇന്‍ഡ്യന്‍ അംബാസ്സിഡര്‍ തല്‍മീസ് അഹമ്മദ്, ഫെഡറല്‍ നാഷ്ണല്‍ കൌണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ് മദ് ഷബീബ് അല്‍ ദാഹിരി, എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ ഹാരെബ് അല്‍ ദാഹിരി, വിദേശ കാര്യ മന്ത്രാലയത്തിലെ മത്താര്‍ അലി അല്‍ മന്‍സൂരി, ലബനീസ് സ്കോളര്‍ പ്രൊഫസര്‍. മിത്രി ബൌലൂസ്, യു.എ.ഇ. യിലെ സിനിമാ സംവിധായകന്‍ ഫാദില്‍ സഈദ് അല്‍ മുഹൈരി, മലയാളത്തിലെ പ്രശസ്തരായ സി. രാധാകൃഷ്ണന്‍, കെ. അജിത, കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കലാ പരിപാടികളുടെ ഭാഗമായി ഈജിപ്റ്റിലെ പ്രശസ്തമായ ‘തനൌറ’ നൃത്തവും, രാജസ്ഥാനില്‍ നിന്നുള്ള ‘സത്യാനാ - രംഗീല’ എന്ന ഫോക്ക് സംഗീത നൃത്ത വിരുന്നും ഉണ്ടായിരിക്കും. പത്ത് ദിവസങ്ങളിലായി മാര്‍ച്ച് 7 വരെ നീളുന്ന ‘ഇന്തോ അറബ് സാംസ്കാരികോത്സവ’ ത്തില്‍ സാഹിത്യ സെമിനാര്‍, സാമ്പത്തിക സെമിനാര്‍, വനിതാ സമ്മേളനം, സംവാദം, പുസ്തക പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, ചലച്ചിത്ര മേള, കഥ - കവിയരങ്ങ്, ഫോട്ടോ ഗ്രാഫി മത്സരം ജുഗല്‍ ബന്ധി, കളരിപ്പയറ്റ്, നാടകം, ശാസ്ത്രീയ നൃത്തങ്ങള്‍, ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. പത്മശ്രീ ജേതാവ് ഡോ. ബി. ആര്‍. ഷെട്ടി, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഗംഗാ രമണി, ഒസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെ ഈ സാംസ്കാരികോത്സവ വേദിയില്‍ ആദരിക്കും. മുന്‍ ചീഫ് ജസ്റ്റിസ് എ. എം.അഹ് മദി, പ്രൊഫ. മധുസൂദനന്‍ നായര്‍, വി. എസ്. അനില്‍ കുമാര്‍, സുഭാഷ് ചന്ദ്രന്‍, എം. ജി. ശശി, ഡോ. കെ.എന്‍. ഹരിലാല്‍, പ്രൊഫ. സി.പി. ചന്ദ്രശേഖര്‍, ശ്രീമതി. ലാജോ ഗുപ്ത, ഡോ. ഷിഹാബ് അല്‍ ഘാനിം, ഖാലിദ് അല്‍ ബുദൂര്‍, മുഹമ്മദ് ഈദ്, അഹ് മദ് അദ്നാന്‍, ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നീ കലാ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രഗല്‍ഭര്‍ ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ ഭാഗഭാക്കാവുന്നു. ഇന്തോ അറബ് സാംസ്കാരികോത്സവം വെബ് സൈറ്റ് - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, February 25, 2009 ) |
ഇന്‍ഡോ അറബ് സാംസ്കാരിക ഉത്സവം
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്തോ അറബ് സാംസ്കാരി കോത്സവ ത്തിനോട നുബന്ധിച്ച് കഥ, കവിത, ലേഖന മത്സരം ഒരുക്കുന്നു. " ഇന്തോ അറബ് സാംസ്കാരിക സമന്വയത്തിന്റെ പ്രസക്തി" എന്നതാണ് ലേഖന വിഷയം. കഥ, കവിത എന്നിവക്ക് പ്രത്യേക വിഷയമില്ല. കഥ 2 ഫുള്‍സ്കാപ്പ് പേജിലും, കവിത 40 വരികളിലും കൂടാന്‍ പാടില്ല. സൃഷ്ടികള്‍ ഫെബ്രുവരി 28ന് മുന്‍പ്, 02 63144 57 എന്ന ഫാക്സ് നമ്പറില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 31 60 452 എന്ന നമ്പറില്‍ വിളിക്കുക.
P. M. Abdul Rahiman, Event co ordinator, Kerala Social Centre, Abudhabi. 050 73 22 932 Labels: associations, culture
- ജെ. എസ്.
( Sunday, February 22, 2009 ) |
സ്ത്രീ വേഷക്കാരന്‍ പോലീസ് പിടിയില്‍
ദുബായ് : സ്ത്രീ വേഷത്തില്‍ ദുബായിലെ പ്രശസ്തമായ മാള്‍ ഓഫ് എമിറേറ്റ്സ് എന്ന ഷോപ്പിങ് സമുച്ചയത്തില്‍ വിലസിയ ഇന്ത്യാക്കാരനെ ദുബായ് പോലീസ് പിടി കൂടി. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ മാനേജറായ ഈ 45കാരന്‍ കണ്ണെഴുതു ന്നതിനിട യിലാണ് പിടിയില്‍ ആയത്. ഇയാള്‍ “സ്ത്രീകളെ പോലെ” തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബ്രാ ധരിച്ചിരുന്ന ഇയാള്‍ നല്ലവണ്ണം മേക്ക് അപ്പും അണിഞ്ഞിരുന്നു. സ്ത്രീകളുടെ വിഗ്ഗും സുഗന്ധവും പൂശിയി രുന്നതായും പോലീസ് അറിയിച്ചു. കോടതി ഇയാള്‍ക്ക് 10000 ദിര്‍ഹം പിഴയും ആറ് മാസം തടവും വിധിച്ചു. മൂന്ന് വര്‍ഷം ഈ കുറ്റം ആവര്‍ത്തിക്കാ തിരുന്നാല്‍ ഇയാളെ തടവില്‍ നിന്നും ഒഴിവാക്കും എന്നും കോടതി അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ ലഭിക്കണം എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഇതിനായുള്ള ഹരജി അടുത്ത മാസം തന്നെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കും. എന്നാല്‍ ഒരു ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ വേഷം ചെയ്യാന്‍ ഉള്ള പരിശീലന ത്തിലായിരുന്നു താന്‍ എന്നാണ് ഇയാളുടെ മൊഴി.
- ജെ. എസ്.
( Monday, February 02, 2009 ) |
1 Comments:
സംസ്കാരം സാംസ്കാരികം എന്നൊക്കെ മേനി പറഞ്ഞു നടക്കുന്ന സംസ്കാരശൂന്യരായ മലയാളികളോടുള്ള തികച്ചും ന്യായമായ ഒരു ചോദ്യം? നമ്മുടെ നാട്ടിലെ നിയമപാലകര്‍ ഇപ്പോള്‍ നടപ്പാക്കിവരുന്ന ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഗര്‍വ് നിറഞ്ഞ പെരുമാറ്റത്തിന്റെയും പുതിയ ഒരു പതിപ്പ് തന്നെയല്ലേ നമ്മള്‍ അവിടെ കണ്ടത്.ഇത്തരം നെറികെട്ട പെരുമാറ്റം എന്നാണാവോ നമ്മുടെ നിയമപാലകര്‍ മാറ്റിയെടുക്കുക.ഇതെല്ലാം കാണുന്ന പൊതുജനങ്ങള്‍ പ്രതികരിക്കാതെ കഴുതകളെക്കളും താഴെ പോവുകയാണോ എന്നാണ് ഇപ്പോഴാത്തെ സംശയം.
ആ എല്ലാത്തിനും കാലം മറുപടി കൊടുക്കും എന്ന് സമാധാനിക്കാം
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്