തൃശൂര്‍: പുതിയ അബ്കാരി വര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങത്തക്കവിധം സംസ്ഥാനത്ത് നൂറ്റമ്പതിലേറെ ബാര്‍ ഹോട്ടലുകളും നൂറോളം വിദേശമദ്യഷോപ്പുകളും സജ്ജമാകുന്നു.
ഏപ്രില്‍ ഒന്നിനുശേഷം വിദേശ ഹോട്ടല്‍ ശൃംഖലകളുടേതുള്‍പ്പടെ നൂറ്റമ്പതോളം ബാര്‍ ഹോട്ടലുകളും ബിവറേജസ് കോര്‍പറേഷന്റെ നൂറോളം വിദേശമദ്യഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി.
സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളും ഐ.ടി. വികസനക്കുതിപ്പും മുതലെടുക്കാനാണ് കൊറിയ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്യുന്നത്. ഹാള്‍ട്ടണ്‍, ഇന്ഡ്റോയല്‍, കെ.ജി., അബാദ് എന്നീ ഹോട്ടല്‍ ഗ്രൂപ്പുകളും സംസ്ഥാനത്ത് നക്ഷത്രഹോട്ടല്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു.
നിര്‍മാണം പൂര്‍ത്തിയായതും പൂര്‍ത്തിയാകുന്നതുമായ 112 വന്കിട ഹോട്ടലുകള്‍ നക്ഷത്രപദവിക്കുള്ള സര്ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ ടൂറിസം വികസന കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഐ.ടി.ഡി.സിയുടെ 'ത്രീ സ്റ്റാര്‍' പദവിയെങ്കിലും ലഭിച്ചാല്‍ ബാര്‍ ലൈസന്‍സ് സമ്പാദിക്കാമെന്നതിനാല്‍ അത്തരം സര്‍ട്ടിഫിക്കറ്റിനായുള്ള നെട്ടോട്ടത്തിലാണ് ഉടമകള്‍.
ഐ.ടി.ഡി.സിയുടെ ചെന്നൈ റീജണല്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് കേരളത്തിലെ ഹോട്ടലിന്റെ തരംതിരിക്കല്‍ പരിശോധനയുടെ ചുമതല. പരിശോധനയ്ക്കായി കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ ഉടമകളില്‍ നിന്ന് പണമായും സ്വര്‍ണമായുമാണ് 'നിക്ഷേപം' സ്വീകരിക്കുന്നത്.
ഐ.ടി.ഡി.സി. സര്ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പേരിലാണ് ബാര്‍ ഹോട്ടല്‍ അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും എക്സൈസ് വകുപ്പിനും കൈകഴുകാം.
Labels: കേരളം, മദ്യം
« ആദ്യ പേജിലേക്ക്