17 May 2008
ബുഷ് സൌദിയില്‍; എണ്ണ വില കുറക്കണമെന്ന് അഭ്യര്‍ത്ഥന
അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തി. രണ്ട് പ്രധാന കരാറുകളില്‍ സൗദി അറേബ്യയും അമേരിക്കയും ഒപ്പു വച്ചു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവും മറ്റ് ഉന്നത പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഈ വര്‍ഷം ബുഷ് നടത്തുന്ന രണ്ടാമത്തെ സൗദി സന്ദര്‍ശനമാണിത്.
സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി റിയാദില് ബുഷ് കൂടിക്കാഴ്ച നടത്തി. കുതിച്ചുയരുന്ന എണ്ണ വില പിടിച്ചു നിര്‍ത്താനും മേഖലയില്‍ വര്‍ധിക്കുന്ന ഇറാന്‍റെ സ്വാധീനത്തിന് തടയിടാനും സൗദി അറേബ്യയുടെ സഹായം ബുഷ് അഭ്യര്‍ത്ഥിച്ചതായാണ് അറിയുന്നത്. ആണവ സഹകരണം സംബന്ധിച്ചും എണ്ണ സ്രോതസുകളുടെ സംരക്ഷണം സംബന്ധിച്ചും സൗദി അറേബ്യയുമായി അമേരിക്ക രണ്ട് കരാറുകളില്‍ ഒപ്പു വച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയുടെ എണ്ണ വിഭവങ്ങള്‍ സംരക്ഷിക്കാനും സമാധാനപരമായ ആവശ്യത്തിനായി അണവോര്‍ജ്ജം വികസിപ്പിക്കാനും അമേരിക്ക സൗദി അറേബ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍ണായക സംവിധാനങ്ങളും ഊര്‍ജ്ജ വിഭവങ്ങളും സംരക്ഷിക്കുന്നതിനാണ് അമേരിക്കയുടെ സഹായമെന്ന് ബുഷ് പ്രതിനിധി സംഘത്തിലെ വൈറ്റ് ഹൗസ് വക്താവ് ഡാന പെരിനോ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ബുഷ് സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ ഉള്ളതിനേക്കാളും 30 ഡോളര്‍ അധികമാണ് ഇപ്പോള്‍ എണ്ണ വില. രാജ്യാന്തര വിപണിയില്‍ ബാരലിന് 126 ഡോളറാണ് ഇപ്പോഴത്തെ വില. സൗദിയുടെ ആണവ റിയാക്ടറുകള്‍ക്ക് സമ്പുഷ്ട യുറേനിയം നല്‍കുന്നത് സംബന്ധിച്ചുള്ളതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ രണ്ടാമത്തെ കരാര്‍. സുരക്ഷിതവും വിശ്വസനീയവുമായ ഇന്ധന സ്രോതസുകള്‍ ഇതിലൂടെ സൗദി അറേബ്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ബുഷ് ഇന്ന് ഈജിപ്റ്റിലേക്ക് പോകും. Labels: അമേരിക്ക, ഗള്‍ഫ് രാഷ്ട്രീയം, സൌദി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്