27 June 2008
പൈലറ്റ് ഉറങ്ങി; വിമാനം നിര്‍ത്താതെ പറന്നു
എയര്‍ ഇന്ത്യയുടെ ദുബായ്-മുംബൈ വിമാനത്തിലെ രണ്ട് പൈലറ്റുമാരും കോക്ക്പിറ്റില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം വിമാന താവളത്തില്‍ ഇറങ്ങാതെ 360 മൈലോളം കൂടുതല്‍ പറന്നു.
ദുബായില്‍ നിന്നും ജൂണ്‍ നാലിന് പുലര്‍ച്ചെ 01:35ന് പുറപ്പെട്ട വിമാനം ജയ്പൂരില്‍ ഇറങ്ങിയ ശേഷം വീണ്ടും രാവിലെ ഏഴു മണിയ്ക്ക് മുംബൈ ലക്ഷ്യമാക്കി പറന്നതാണ്. എന്നാല്‍ വിമാന താവളം എത്താറായപ്പോഴേയ്ക്കും പൈലറ്റും സഹ പൈലറ്റും ഉറങ്ങിപ്പോയത്രെ. എയര്‍ ട്രാഫിക്ക് കണ്‍ട്രോളറുടെ റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാതായതോടെ മുംബൈ വിമാന താവളത്തില്‍ അങ്കലാപ്പായി. നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അവസാനം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ “SELCAL" എന്ന അലാറം മുഴക്കി ഇവരെ വിളിച്ച് എഴുന്നേല്‍പ്പിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ പ്രത്യേകമായ നാലക്ക നമ്പറില്‍ വിളിച്ചാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ മുഴങ്ങുന്ന ഒരു അലാറം ആണ് "SELCAL" എന്ന സെലക്ടിവ് കോളിങ്. അപ്പോഴേയ്ക്കും വിമാനം ഗോവയ്ക്കുള്ള വഴി പകുതിയോളം താണ്ടിയിരുന്നു. ദുബായില്‍ നിന്നും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം തിരിച്ച വിമാനം രാത്രി മുഴുവനും പറപ്പിച്ച് ജയ്പൂരില്‍ എത്തിച്ച ശേഷം വീണ്ടും മുംബെയ്ക്ക് പുറപ്പെട്ടപ്പോള്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങി പോയതാവാം എന്ന് പേര്‍ വേളിപ്പെടുത്താനാവാത്ത ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു. എന്നാല്‍ വിമാന കമ്പനി ഇത് ശക്തമായി നിഷേധിച്ചു. പൈലറ്റുമാര്‍ക്ക് ദുബായില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കിയതാണ്. അതിനാല്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങിയതാണെന്ന് പറയുന്നതില്‍ കാര്യമില്ല. താല്‍ക്കാലികമായി റേഡിയോ ബന്ധം വിച്ഛേദിയ്ക്കപ്പെടുക മാത്രം ആണ് ഉണ്ടായത്. അതേ തുടര്‍ന്ന് വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവാതെ വിമാനം കേവലം 14 മൈല്‍ മാത്രം ആണ് കൂടുതല്‍ പറന്നത് എന്നും എയര്‍ ഇന്ത്യ വാദിയ്ക്കുന്നു. എന്നാല്‍ ഒരു ഗള്‍ഫ് വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് ശരിയല്ല എന്ന് പറഞ്ഞു. ഒരു വിമാനത്തിന്റെ റേഡിയോ ബന്ധം തകരാറിലായാല്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ വ്യോമയാന നടപടിക്രമങ്ങള്‍ വ്യക്തമാണ്. ഇത് പ്രകാരമുള്ള അടിയന്തര നടപടി പൈലറ്റുമാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റ് എല്ലാ വിമാനങ്ങളേയും ഒഴിവാക്കി പ്രസ്തുത വിമാനത്തിന് ഇറങ്ങുവാനുള്ള സൌകര്യം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് ഒരുക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്നും ഇത്തരം ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല എല്ലാ വിമാനത്തിനും ഒരു ETA (Expected Time of Arrival) ഉണ്ട്. ETA ആയാല്‍ വിമാനം കീഴോട്ടിറങ്ങി തങ്ങളുടെ ഉയരം കുറയ്ക്കണമെന്നാണ് ചട്ടം. ഇതൊന്നും ഈ വിമാനത്തിന്റെ കാര്യത്തില്‍ പാലിയ്ക്കപ്പെട്ടില്ല. കഴിഞ്ഞ ആഴ്ച മറ്റൊരു സ്വകാര്യ വിമാന കമ്പനിയുടെ വിമാനം പൈലറ്റ് മദ്യപിച്ച് ലക്ക് കെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി പാറ്റ്നയില്‍ ഇറക്കിയതായി പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
2 Comments:
ഇതേലൊക്കെ എന്തു ധൈര്യത്തില്‍ കേറി ഇരിക്കും?. ഇതിലും ഭേദം നമ്മളാരെങ്കിലും പട്ടം പറപ്പിച്ച പ്രവൃത്തി പരിചായം വച്ചു കേറിയിരുന്നു പറപ്പിക്കുന്നതു തന്നെയാ... വിമാന ടിക്കറ്റെടുത്ത് കടലില്‍ വീണുചാകാനും കൂറേ ജന്മങ്ങള്‍.... കഷ്ടം !
എയര്‍ ഇന്ത്യക്ക് തെറ്റുപറ്റിയത് അല്ല മാഷേ..അതൊരു പരീക്ഷണമായിരിരുന്നെന്നോ അല്ലെങ്കില്‍ വിമാനത്താവളം നീങ്ങിപ്പോയതാണെന്നോ മറ്റോ പറഞ്ഞാല്‍ തന്നെ ഇമ്മള്‍ അങ്ങട് സമ്മതിച്ചുകൊടുക്ക.
വെള്ളമടിച്ച് വിമാനം ഓടിച്ചതിനു ഫൈനിടുകയോ ലൈസന്‍സ് കട്ടുചെയ്തോ ആവോ? എവിടെ ഭൂമിയിലല്ലേ അതിനൊക്കെ ആള്‍ക്കാരുള്ളൂ ആകാശത്ത് ആരു മണപ്പിച്ചുനോക്കാന്‍!
പാപ്പാന്‍ വെള്ളമടിച്ച് ആനപ്പുറത്ത് പൂസായിക്കിടന്ന് ആന സ്വന്തം ഇഷ്ടപ്രകാരം പാവറട്ടിവഴി നടന്നത് ഓര്‍ത്തുപോകുന്നു. വിമാനത്തിനു വഴിതെറ്റാഞ്ഞതു ഭാഗ്യം...
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്