01 July 2008
കൊടകരപുരാണം വെബ്ബന്നൂരില്‍ വീണ്ടും
ബൂലോഗത്തില്‍ നിന്നും അച്ചടി ലോകത്തേയ്ക്ക് വന്ന ആദ്യ മലയാളം ബ്ലോഗ് ആയ കൊടകരപുരാണം ഇപ്പോള്‍ വെബ്ബന്നൂരില്‍ വീണ്ടും വ്യാപിക്കുന്നു. ഇത്തവണ ബ്ലോഗായല്ല, ebook ആയാണ് ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. pdf file formatല്‍ ആണ് കൊടകരപുരാണം പുനര്‍ അവതരിച്ചിരിക്കുന്നത്. ഈമെയില്‍ വഴി ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കൃതി ഓഫീസില്‍ വെച്ച് വായിയ്ക്കുന്നതിന് എതിരെ ഒരു മുന്നറിയിപ്പും ഈമെയിലില്‍ ഉണ്ട്. ഇത് നിങ്ങളുടെ ഓഫീസില്‍ വെച്ച് വായിച്ച് നിങ്ങള്‍ പൊട്ടിച്ചിരിച്ച് പോയാല്‍ നിങ്ങള്‍ക്ക് കൂടെ ജോലി ചെയ്യുന്നവരുടെയും നിങ്ങളുടെ ബോസിന്റെയും അടുത്ത് നിന്നും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്.
എന്നാല്‍ ഈമെയില്‍ ആയി ഇത് ലഭിച്ച പലര്‍ക്കും ഇതിന്റെ പകര്‍പ്പവകാശം സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇങ്ങനെ ഇത് പ്രചരിപ്പിക്കുന്നതിന്റെ ധാര്‍മ്മികതയും മറ്റും പല ഈമെയില്‍ ഗ്രൂപ്പുകളിലും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തങ്ങളുടെ ബ്ലോഗും ഒരു നാള്‍ പുസ്തകമാവും എന്ന സ്വപ്നവും മനസ്സില്‍ താലോലിയ്ക്കുന്ന, അത് മൂലം ഉണ്ടായേയ്ക്കാവുന്ന റോയല്‍റ്റി ആദായം കണക്ക് കൂട്ടി നോക്കിയ പലരും ഇതിനെ എതിര്‍ത്ത് എഴുതുകയും ഉണ്ടായി. ഈ പ്രശ്നം അവസാനം പുരാണ രചയിതാവായ സജീവ് എടത്താടന്റെ അടുത്തും എത്തി. ഒരു ഈമെയില്‍ ഗ്രൂപ്പ് സജീവിനെ തന്നെ ഈ പ്രശ്നവുമായി സമീപിച്ചു. എന്നാല്‍ തന്റെ തൂലികാനാമം പോലെ തന്നെ താന്‍ ഒരു വിശാലമനസ്കനാണ് എന്ന് സജീവ് വെളിപ്പെടുത്തിയതോടെ പ്രശ്നം അവസാനിക്കുകയുണ്ടായി. താന്‍ പുരാണം രചിച്ചത് തന്റെ ഒഴിവ് സമയത്തെ ഒരു നേരമ്പോക്ക് മാത്രം ആയിട്ട് ആണെന്ന്‍ ആയിരുന്നു വിശാലമനസ്കന്റെ മറുപടി. അത് ആരെ എങ്കിലും ഒക്കെ പൊട്ടിച്ചിരിപ്പിച്ചാല്‍ താന്‍ അതിന് തന്റെ പുസ്തകത്തിന് ലഭിച്ചേയ്ക്കാവുന്ന റോയല്‍റ്റി പണത്തിനേക്കാള്‍ ഏറെ വിലമതിയ്ക്കുന്നു. എന്നാല്‍ കുറേയേറെ വായനക്കാര്‍ ഇത് പുസ്തക രൂപത്തില്‍ വായിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ പുരാണത്തിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ മെച്ചപ്പെട്ട കെട്ടും മട്ടുമായി പുറത്തിറങ്ങുന്നുണ്ട് എന്നും വിശാലമനസ്കന്‍ അറിയിച്ചു.
- ജെ. എസ്.
|
1 Comments:
ente gedi...visaalamanaskante manassu serikkum visaalam thanne!
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്