01 July 2008
ബഹറൈനില്‍ പണിമുടക്ക്
ഒരു മലയാളി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ബഹറൈനില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
പോലീസ് കസ്റ്റഡിയില്‍ മരിച്ച മലയാളിയായ വിനോദ് കുമാറിനെ (32) മോചിപ്പിയ്ക്കാനോ സഹായിയ്ക്കാനോ തങ്ങളുടെ കമ്പനി ഒന്നും ചെയ്തില്ല എന്നത് ആണ് പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച നാട്ടിലേയ്ക്ക് പോകാനിരുന്ന വിനോദ് കുമാറിന്റെ യാത്ര കമ്പനിയുടെ അനാസ്ഥ കാരണം മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നത്രെ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അവസ്ഥയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാളെ മോചിപ്പിക്കുവാനോ ഇയാളുടെ യാത്ര തരപ്പെടുത്തുവാനോ ഇയാള്‍ ജോലി ചെയ്ത സ്ഥാപനം വേണ്ട നടപടികള്‍ സ്വീകരിച്ചില്ലത്രെ. രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇയാളെ രണ്ട് ദിവസം മുന്‍പ് പിടി കൂടിയതും ഇയാള്‍ നടു റോഡില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോഴായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇയാളുടെ സുരക്ഷയെ കരുതിയായിരുന്നു അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ വിനോദ് കുമാറിന് നാട്ടില്‍ ഭാര്യയും ഒന്നര വയസ്സായ മകനും ഉണ്ട്. രണ്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്ന ബഹറൈനിലെ അഹമ്മദ് മന്‍സൂര്‍ അല്‍ ആലി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിനോദ് കുമാര്‍. ഇയാളുടെ വിമാന ടിക്കറ്റ് തങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു എന്ന് കമ്പനി വക്താവ് അറിയിച്ചു. ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായ് ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്രെ. എന്തായിരുന്നു ഇയാളുടെ പ്രശ്നം എന്ന് പക്ഷെ ആര്‍ക്കും വ്യക്തമായിരുന്നില്ല. Labels: അപകടങ്ങള്‍, മനുഷ്യാവകാശം, സൌദി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്