രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് സമ്മാനിയ്ക്കും. ഇന്നലെ രാത്രിയായിരുന്നു പ്രഖ്യാപനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ “കിര്‍ണ” ഖരാനയ്ക്കാരനായ ഭീം സേന്‍ ജോഷിയുടെ ഏഴ് പതിറ്റാണ്ട് കാലത്തെ സംഗീത സപര്യയ്ക്ക് തിലകം ചാര്‍ത്തുന്നതാണ് ഈ ബഹുമതി. എണ്‍പത്തി ആറ്കാരനായ ഇദ്ദേഹം പത്തൊന്‍പത് വയസ്സിലാണത്രെ തന്റെ അരങ്ങേറ്റം കുറിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഈ ബഹുമതി ഒരു അവതരണ കലാകാരന് ലഭിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുന്‍പ് ഷെഹനായ് വിദഗ്ദ്ധനായ ഉസ്താദ് ബിസ്മില്ലാ ഖാനെയായിരുന്നു ഈ ബഹുമതിയ്ക്ക് തെരഞ്ഞെടുത്തിരുന്നത്. ഭീം സേന്‍ ജോഷിയ്ക്ക് ഈ ബഹുമതി സമ്മാനിയ്ക്കുന്നതില്‍ രാഷ്ട്രപതിയ്ക്ക് അതിയായ സന്തോഷം ഉണ്ടെന്ന് രാഷ്ട്രപതി വക്താവ് ഇന്നലെ രാത്രി അറിയിച്ചു. കര്‍ണ്ണാടകയിലെ ഗഡാഗില്‍ 1922 ഫെബ്രുവരി 19ന് ജനിച്ച ഇദ്ദേഹത്തിന് 1972ല്‍ പദ്മശ്രീ, 1985ല്‍ പദ്മ ഭൂഷണ്‍, 1991ല്‍ പദ്മ വിഭൂഷണ്‍ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
തങ്ങളുടെ ജീവിതം സംഗീതത്തിനായി അര്‍പ്പിച്ച എല്ലാ ഹിന്ദുസ്ഥാനി സംഗീതജ്ഞരുടേയും പേരില്‍ താന്‍ ഈ ബഹുമതി സ്വീകരിയ്ക്കുന്നു എന്നായിരുന്നു ബഹുമതി ലഭിച്ചത് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം.
Labels: ഇന്ത്യ, സംഗീതം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്