23 November 2008
എയര്‍ ഇന്ത്യക്ക് 1200 കോടിയുടെ സഹായം
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.
Labels: ഇന്ത്യ, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്