ഇന്നലെ രാത്രി പത്തു മണിയോടെ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 101ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ട 101 പേരില്‍ 6 വിദേശികളും ഉള്‍പ്പെടുന്നു. ആക്രമണം വിദേശികളെ ലക്ഷ്യമാക്കി ആണ് എന്ന ആരോപണം മഹാരാഷ്ട്രാ മുഖ്യ മന്ത്രി നിഷേധിച്ചു. എന്നാല്‍, അമേരിക്കന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് ഉള്ളത് എന്ന് തോക്കു ധാരികള്‍ വിളിച്ച് ചോദിച്ചു കൊണ്ട് ഓടി നടന്ന് വെടി വെക്കുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഏറെ ജന സാന്ദ്രതയുള്ള മുംബൈ നഗരത്തില്‍ ഇത്തരം ഒരു ആക്രമണം ആദ്യമായാണ് നടക്കുന്നത്. വിദേശികള്‍ക്ക് പ്രിയപ്പെട്ട കൊളാബയിലെ ലിയോപോള്‍ഡ് കഫേയില്‍ ആയിരുന്നു ആദ്യ ആക്രമണം. എ. കെ. 47 തോക്കുകള്‍ ഉപയോഗിച്ച് ജനത്തിനു നേരെ നിറയൊഴിക്കുകയാണ് ഉണ്ടായത്. ഇതേ സമയം മുംബൈയിലെ പ്രശസ്തമായ രണ്ട് ആഡംബര ഹോട്ടലുകളും തീവ്രവാദികള്‍ പിടിച്ചെടുത്തു. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സാംസ്ക്കാരിക പൈതൃകത്തിന്റെ ചിഹ്നം കൂടിയായ താജ് ഹോട്ടലും ഹോട്ടല്‍ ഓബറൊയിയും ആണ് തീവ്രവാദികളുടെ പിടിയില്‍ ആയത്. ബോംബെ വി.ടി. എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഛത്രപതി ശിവാജി ടെര്‍മിനസും ഭീകരര്‍ ആക്രമിച്ചു പിടിച്ചെടുത്തു.
പിടിച്ചെടുക്കപ്പെട്ട ഹോട്ടലുകളിലെ നിരവധി അതിഥികള്‍ ഭീകരരുടെ പിടിയിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു വരുന്നു. നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. താജില്‍ ഭീകരരുമായി ഏറ്റു മുട്ടിയ സൈന്യം നാല് ഭീകരരെ വധിച്ചതായി അറിയുന്നു. തീവ്രവാദികള്‍ ഗ്രെനേഡുകളും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്ന് താജിന്റെ മുകളിലത്തെ നിലയില്‍ തീ ആളി പടര്‍ന്നു.
വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന വാട്ട്സണ്‍ ഹോട്ടലില്‍ തനിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ജംഷെഡ് ജി റ്റാറ്റ 1903ല്‍ നിര്‍മ്മിച്ച താജ് മഹല്‍ പാലസ് 1993 ലും 2003 ലും ഭീകരരുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.
ഇപ്പോഴും സ്ഥിതി നിയന്ത്രണത്തില്‍ ആയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പട്ടാളം ഹോട്ടലുകള്‍ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളപായം ഉണ്ടാവാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്.
ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Labels: ഇന്ത്യ, തീവ്രവാദം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്