താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.
Labels: അമേരിക്ക, തീവ്രവാദം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്