30 June 2008
ഖത്തറില്‍ രണ്ട് മലയാളികള്‍ക്ക് വധശിക്ഷ
ഖത്തറില്‍ ഇന്തോനേഷ്യന്‍ യുവതി കൊല ചെയ്യപ്പെട്ട കേസില്‍ 2 മലയാളി യുവാക്കളുടേയും നേപ്പാള്‍ സ്വദേശിയുടേയും വധശിക്ഷ അപ്പീല്‍ കോടതി ശരി വച്ചു.
കുന്നംകുളം സ്വദേശി മണികണ്ഠന്‍, തൃശ്ശൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി. 60 ദിവസങ്ങള്‍ ക്കുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം കൂടി പ്രതികള്‍ക്കുണ്ട്. 2003 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. മണികണ്ഠന്‍ വെല്‍ഡറായും ഉണ്ണികൃഷ്ണന്‍ ടാക്സി ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്നത്. Labels: കുറ്റകൃത്യം, കോടതി, ഖത്തര്‍, ശിക്ഷ
- ജെ. എസ്.
|
തെരുവ് നാടക യാത്ര കാസര്‍ക്കോഡ് മുതല്‍ തിരുവനന്തപുരം വരെ
“ആര്‍ക്കും ആരോടും ഉത്തരവാദിത്തം ഇല്ലാത്ത പുതിയ കാലം. ഒരു സ്വപ്നം പോലും കാണാതെ തണുക്കാതെ, വിയര്‍ക്കാതെ, നനയാതെ പാഴായി പോവുന്ന നമ്മുടെ യൌവ്വനം. കമ്പോളത്തിന്റെ നീതികളില്‍ കുരുങ്ങി പിടയുന്ന സഹ ജീവികളുടെ ദുരിതത്തില്‍ നമുക്ക് ആഘോഷിയ്ക്കാം. നമ്മള്‍ എങ്ങനെ ഇങ്ങനെ ആയി? വില കൊടുത്ത് വാങ്ങി, ഉപയോഗിച്ച്, വലിച്ചെറിയുന്ന ബന്ധങ്ങള്‍, പ്രണയം, സൌഹൃദം, രാഷ്ട്രീയം, സിനിമ, നാടകം, കവിത എല്ലാം...എല്ലാം...
അരാഷ്ട്രീയതയുടെ തീമഴയില്‍ എല്ലാ ആര്‍ദ്രതയും വരണ്ട് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട വര്‍ത്തമാന കലാലയത്തിന്റെ ഇടനാഴിയിലേക്ക്... പ്രതിരോധത്തിന്റെ ഒരു ചെറു തിരിയുമായി ഞങ്ങള്‍ പറന്നിറങ്ങുന്നു... വരൂ നമുക്കീ തീ ആളിപ്പടര്‍ത്താം... അഗ്നിക്കിരയാക്കാം...തണുത്ത് ഉറഞ്ഞു പോയ തലച്ചോറുകളെ, പഴുത്ത് നാറുന്ന വ്യവസ്ഥയെ, വ്യവസ്ഥാപിത നിയമങ്ങളെ...” നന്മയുടെ വറ്റാത്ത ഉറവുകള്‍ തേടാനും, നാടകം കളിയ്ക്കാനും, നേരുകള്‍ ഉറക്കെ പറയാനും, നാടകത്തെയും രാഷ്ടീയ ബോധത്തെയും നെഞ്ചോട് ചേര്‍ത്ത ഒരു പറ്റം യുവാക്കളുടെ ഒരു കൂട്ടായ ശ്രമമാണ് “തെരുവരങ്ങ് The Other Theatre” എന്ന നാടകസംഘം. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരും വിദ്യാര്‍ത്ഥികളും അടങ്ങിയതാണ് ഈ കൂട്ടായ്മ. എന്നും നിശ്ശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്ന പുതു തലമുറയോട് കലഹത്തിന്റെ, കലാപത്തിന്റെ, പ്രതിഷേധത്തിന്റെ സംവാദത്തിന് തെരുവരങ്ങ് തുടക്കം കുറിച്ചിരിക്കുന്നു. അരാഷ്ടിയതയുടെ ജീര്‍ണത ബാധിച്ച തെരുവുകളെ രാഷ്ടിയ പ്രക്ഷുബ്ധമാക്കി കൊണ്ട് വീണ്ടും തെരുവ് നാടക വേദി സജീവമാവുകയാണ്. ജൂണ്‍ 25ന് കാസര്‍ക്കോഡ് നിന്നും തുടങ്ങി ജൂലൈ എട്ടിന് തിരുവനന്തപുരത്ത് എത്തുന്ന ഈ തെരുവ് നാടക സംരംഭത്തിന് സുഹൃത്തുക്കളുടെ സഹായമാണ് ഇത് വരെ ആശ്വാസമായത്. പതിനഞ്ചു പേരുള്‍പ്പെടുന്ന നാടക സംഘത്തിന്റ യാത്ര കടുത്ത സാമ്പത്തിക ബാധ്യതകള്‍ക്കുള്ളില്‍ ഇത് വരെ നിലനിര്‍ത്തിയത് സുഹൃത്തുക്കളുടെ രാഷ്ടീയ പിന്തുണയും സാമ്പത്തിക സഹായവുമാണ്. തെരുവരങ്ങിനെ മുന്നോട്ട് നയിക്കാന്‍ നിങ്ങളുടെയും സുഹൃത്തുകളുടെയും ആത്മാര്‍ത്ഥമായ സഹായം ഇവര്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: theruvarang@gmail.com, josephjohnm@gmail.com എന്നീ ഈമെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ ഈ നമ്പരുകളില്‍ വിളിയ്ക്കുകയോ ചെയ്യുക: 9387127712, 09745504604 Labels: കല
- ജെ. എസ്.
|
29 June 2008
സൌദിയില്‍ പിടിയിലായത് 700 തീവ്രവാദികള്‍
സൗദി അറേബ്യ ഈ വര്‍ഷം ഇതു വരെ 700 തീവ്രവാദികളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ എണ്ണ ശേഖരം ആക്രമിക്കാന്‍ പദ്ധതിയിട്ടവരേയും ഇക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍ പൗരന്‍മാരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. അല്‍ ഖ്വയ്ദ ഉള്‍പ്പടെയുള്ള തീവ്രവാദി സംഘടനകളുടെ ഭാഗത്തു നിന്നും സൗദിക്ക് നല്ല ഭീഷണയുണ്ട്.
സൌദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ 2003 മുതല്‍ അല്‍ ഖൈദയുടെ ആക്രമണങ്ങള്‍ക്ക് നിരവധി തവണ വിധേയമായിട്ടുള്ളതാണ്. ഖത്തറില്‍ ഒരു ബ്രിട്ടീഷ് സ്കൂളിനടുത്ത് നടന്ന അല്‍ ഖൈദ ആക്രമണത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെട്ടിരുന്നു. Labels: ഗള്‍ഫ് രാഷ്ട്രീയം, തീവ്രവാദം, സൌദി
- ജെ. എസ്.
|
27 June 2008
പൈലറ്റ് ഉറങ്ങി; വിമാനം നിര്‍ത്താതെ പറന്നു
എയര്‍ ഇന്ത്യയുടെ ദുബായ്-മുംബൈ വിമാനത്തിലെ രണ്ട് പൈലറ്റുമാരും കോക്ക്പിറ്റില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം വിമാന താവളത്തില്‍ ഇറങ്ങാതെ 360 മൈലോളം കൂടുതല്‍ പറന്നു.
ദുബായില്‍ നിന്നും ജൂണ്‍ നാലിന് പുലര്‍ച്ചെ 01:35ന് പുറപ്പെട്ട വിമാനം ജയ്പൂരില്‍ ഇറങ്ങിയ ശേഷം വീണ്ടും രാവിലെ ഏഴു മണിയ്ക്ക് മുംബൈ ലക്ഷ്യമാക്കി പറന്നതാണ്. എന്നാല്‍ വിമാന താവളം എത്താറായപ്പോഴേയ്ക്കും പൈലറ്റും സഹ പൈലറ്റും ഉറങ്ങിപ്പോയത്രെ. എയര്‍ ട്രാഫിക്ക് കണ്‍ട്രോളറുടെ റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാതായതോടെ മുംബൈ വിമാന താവളത്തില്‍ അങ്കലാപ്പായി. നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അവസാനം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ “SELCAL" എന്ന അലാറം മുഴക്കി ഇവരെ വിളിച്ച് എഴുന്നേല്‍പ്പിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ പ്രത്യേകമായ നാലക്ക നമ്പറില്‍ വിളിച്ചാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ മുഴങ്ങുന്ന ഒരു അലാറം ആണ് "SELCAL" എന്ന സെലക്ടിവ് കോളിങ്. അപ്പോഴേയ്ക്കും വിമാനം ഗോവയ്ക്കുള്ള വഴി പകുതിയോളം താണ്ടിയിരുന്നു. ദുബായില്‍ നിന്നും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം തിരിച്ച വിമാനം രാത്രി മുഴുവനും പറപ്പിച്ച് ജയ്പൂരില്‍ എത്തിച്ച ശേഷം വീണ്ടും മുംബെയ്ക്ക് പുറപ്പെട്ടപ്പോള്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങി പോയതാവാം എന്ന് പേര്‍ വേളിപ്പെടുത്താനാവാത്ത ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു. എന്നാല്‍ വിമാന കമ്പനി ഇത് ശക്തമായി നിഷേധിച്ചു. പൈലറ്റുമാര്‍ക്ക് ദുബായില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കിയതാണ്. അതിനാല്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങിയതാണെന്ന് പറയുന്നതില്‍ കാര്യമില്ല. താല്‍ക്കാലികമായി റേഡിയോ ബന്ധം വിച്ഛേദിയ്ക്കപ്പെടുക മാത്രം ആണ് ഉണ്ടായത്. അതേ തുടര്‍ന്ന് വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവാതെ വിമാനം കേവലം 14 മൈല്‍ മാത്രം ആണ് കൂടുതല്‍ പറന്നത് എന്നും എയര്‍ ഇന്ത്യ വാദിയ്ക്കുന്നു. എന്നാല്‍ ഒരു ഗള്‍ഫ് വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് ശരിയല്ല എന്ന് പറഞ്ഞു. ഒരു വിമാനത്തിന്റെ റേഡിയോ ബന്ധം തകരാറിലായാല്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ വ്യോമയാന നടപടിക്രമങ്ങള്‍ വ്യക്തമാണ്. ഇത് പ്രകാരമുള്ള അടിയന്തര നടപടി പൈലറ്റുമാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റ് എല്ലാ വിമാനങ്ങളേയും ഒഴിവാക്കി പ്രസ്തുത വിമാനത്തിന് ഇറങ്ങുവാനുള്ള സൌകര്യം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് ഒരുക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്നും ഇത്തരം ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല എല്ലാ വിമാനത്തിനും ഒരു ETA (Expected Time of Arrival) ഉണ്ട്. ETA ആയാല്‍ വിമാനം കീഴോട്ടിറങ്ങി തങ്ങളുടെ ഉയരം കുറയ്ക്കണമെന്നാണ് ചട്ടം. ഇതൊന്നും ഈ വിമാനത്തിന്റെ കാര്യത്തില്‍ പാലിയ്ക്കപ്പെട്ടില്ല. കഴിഞ്ഞ ആഴ്ച മറ്റൊരു സ്വകാര്യ വിമാന കമ്പനിയുടെ വിമാനം പൈലറ്റ് മദ്യപിച്ച് ലക്ക് കെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി പാറ്റ്നയില്‍ ഇറക്കിയതായി പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
2 Comments:
Links to this post: |
26 June 2008
വത്തിക്കാന്‍ പത്രം ഇനി മലയാളത്തിലും
ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ പത്രം ഒരു യൂറോപ്യനേതര ഭാഷയില്‍ ഇറങ്ങുന്നു, അതും മലയാളത്തില്‍. ഇന്ത്യയിലെ കേരളത്തില്‍ ഉള്ള കത്തോലിക്കര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു മലയാളം പതിപ്പ് ഇറങ്ങിയതിനെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ നിന്നും പുറത്തിറക്കിയ സന്ദേശത്തില്‍ സ്വാഗതം ചെയ്തു.
ഇത് കേരളത്തിലെ അറുപത് ലക്ഷത്തിലേറെയുള്ള കത്തോലിക്കര്‍ക്ക് വത്തിക്കാന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. വത്തിക്കാന്‍ പത്രത്തിന്റെ മുഖ്യ പതിപ്പ് ഇറ്റാലിയന്‍ ഭാഷയില്‍ ദിനപത്രമായാണ് ഇറങ്ങുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രെഞ്ച്, ജര്‍മ്മന്‍, പോളീഷ് എന്നീ ഭാഷകളില്‍ പത്രം ആഴ്ചപ്പതിപ്പായാണ് ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത് കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ഹൌസാണ്. മലയാളം പതിപ്പിന്റെ ആദ്യ കോപ്പികള്‍ ജൂലൈ 3ന് കേരളത്തില്‍ വിതരണം ചെയ്യും എന്ന് വത്തിക്കാന്‍ പത്രം അറിയിച്ചു. Labels: മലയാളം
- ജെ. എസ്.
|
യു.എ.ഇ.യില്‍ എഴുപത്തി ഒമ്പതിനായിരം കോടീശ്വരന്‍മാര്‍
യു.എ.ഇ.യിലെ കോടിശ്വരന്‍മാരുടെ എണ്ണം ആകെ ജനസംഖ്യയുടെ 15. 3 ശതമാനമെന്ന് റിപ്പോര്‍ട്ട്. എഴുപത്തി ഒമ്പതിനായിരം കോടീശ്വരന്‍മാരാണ് യുഎഇയില്‍ ഉള്ളത്.
Labels: യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
|
25 June 2008
ഫെങ്ഷെന്‍ ചുഴലിക്കാറ്റ് ചൈനയിലെത്തി
ഫിലിപ്പൈന്‍സില്‍ വ്യാപകമായ നാശം വിതച്ച ഫെങ്ഷെന്‍ എന്ന കൊടുങ്കാറ്റ് തായ് ലന്‍ഡിലും ദക്ഷിണ ചൈനയിലും എത്തി. ശക്തി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ഹൊങ്കോങ്ങിലെ എല്ലാ വ്യാപാര - വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്.
എണ്ണൂറോളം പേരുമായി പ്രിന്‍സസ്സ് ഓഫ് ദ സ്റ്റാര്‍സ് എന്ന കടത്ത് കപ്പല്‍ കഴിഞ്ഞ ആഴ്ച്ച ഫിലിപ്പൈന്‍സില്‍ ഈ കൊടുങ്കാറ്റ് മൂലം മുങ്ങി പോയിരുന്നു. മുങ്ങിപ്പോയ കപ്പലില്‍ നിന്നുള്ളവരെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല.
- ജെ. എസ്.
|
24 June 2008
യു.എ.ഇ.യില്‍ ആണവ പദ്ധതി
അറബ് ലോകത്തെ ആദ്യത്തെ ആണവ ശക്തിയാകുവാനുള്ള യു.എ.ഇ.യുടെ മോഹങ്ങള്‍ നടപ്പിലാവാന്‍ ഇനി അധികം വൈകില്ല എന്ന് സൂചന.
കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആണവ പരിപാടികള്‍ക്ക് യു.എ.ഇ. മന്ത്രിസഭ പച്ചക്കൊടി കാണിച്ചിരുന്നു. യു.എ.ഇ.യിലെ ആദ്യ ആണവ റിയാക്ടര്‍ സ്ഥാപിക്കുവാനുള്ള കരാറിനായി ഒന്‍പത് വിദേശ കമ്പനികളെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തു. ഇതില്‍ ബ്രിട്ടീഷ് കമ്പനിയായ അമെക് ഉള്‍പ്പെടുന്നു. ആണവ നിലയങ്ങളുടെ സാങ്കേതിക രൂപകല്‍പ്പനയും, നിര്‍മ്മാണവും, പിന്നീടുള്ള പ്രവര്‍ത്തന മേല്‍നോട്ടവും അടങ്ങുന്നതാണ് കമ്പനികള്‍ സമര്‍പ്പിച്ചിരിക്കുന്ന കരാര്‍ പദ്ധതി. യു.എ.ഇ.യില്‍ ഈ പദ്ധതി പ്രകാരം 14 ആണവ നിലയങ്ങളാവും സ്ഥാപിക്കുക. 40 ബില്ല്യണ്‍ പൌണ്ടായിരിക്കും പദ്ധതി ചിലവെന്നും അറിയുന്നു. 2020 ആകുമ്പോഴേയ്ക്കും യു.എ.ഇ.യുടെ വൈദ്യുതി ആവശ്യം 40,000 മെഗാവാട്ടായിരിക്കും എന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇത് നേരിടാനാണ് മേഖലയിലെ ഒരു പ്രമുഖ എണ്ണ ഉല്‍പ്പാദക രാജ്യമായ യു.എ.ഇ. ആണവ പദ്ധതികള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ മാസം ഈജിപ്റ്റ് ആണവ പര്‍ധതികള്‍ക്കായുള്ള ആഗോള ടെണ്ടര്‍ ക്ഷണിച്ചിരുന്നു എങ്കിലും മേഖലയിലെ ആദ്യ റിയാക്ടര്‍ സ്ഥാപിക്കുക യു.എ.ഇ. തന്നെയാവാനാണ് സാദ്ധ്യത. യു.എ.ഇ.യുടെ രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ വിജയമാവും ഇത്. അറബ് ലോകത്തിനോടൊപ്പം നിലയുറപ്പിച്ചു കോണ്ട് തന്നെ ഒരിക്കലും അമേരിക്കയടക്കമുള്ള വന്‍ ശക്തികള്‍ക്ക് രാഷ്ട്രീയമായി ഭീഷണിയാവാതെ നോക്കാന്‍ യു.എ.ഇ. എപ്പോഴും ശ്രദ്ധിച്ചിരുന്നു. അന്താരാഷ്ട്ര ഏജന്‍സികളുടെ ആണവ ഉടമ്പടികളെല്ലാം ഒപ്പിടാന്‍ യു.എ.ഇ. സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുമായി ആണവ സഹകരണ കരാറുകളില്‍ യു.എ.ഇ. ഒപ്പിട്ടു കഴിഞ്ഞു. അഡീഷണല്‍ പ്രോട്ടോക്കോള്‍ എന്ന വിവാദ വ്യവസ്ഥയയും യു.എ.ഇ. അംഗീകരിച്ചിട്ടുള്ളതാണ്. ഈ വ്യവസ്ഥ അന്താരാഷ്ട്ര ആണവ പരിശോധകര്‍ക്ക് ആണവ നിലയങ്ങള്‍ പരിശോധിക്കാന്‍ വ്യാപകമായ അധികാരങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ഈ വ്യവസ്ഥ ഇത് വരെ ഈജിപ്റ്റ് അംഗീകരിച്ചിട്ടില്ല. ഇത് തന്നെ ആണ് ഈജിപ്റ്റിന്റെ ആണവ പദ്ധതികള്‍ക്ക് വിലങ്ങു തടി ആവുന്നതും. Labels: യു.എ.ഇ.
- ജെ. എസ്.
|
23 June 2008
ലീഗ് കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചേയ്ക്കും
അമേരിയ്ക്കയുമായി സഹകരിച്ച് ആണവ കരാറുമായി മുന്നോട്ട് പോവാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശമെങ്കില്‍ കോണ്‍ഗ്രസിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിയ്ക്കുന്ന കാര്യം ചിന്തിയ്ക്കേണ്ടി വരും എന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവിച്ചു.
കേന്ദ്ര മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായ ലീഗിന്റെ ശ്രീ ഇ. അഹമ്മദിനെ തിരികെ വിളിയ്ക്കാനും ലീഗ് തയ്യാറായേയ്ക്കും എന്നാണ് സൂചന. ലോക മുസ്ലിം ജനതയുടെ പ്രഖ്യാപിത ശത്രുവായ അമേരിയ്ക്കയുമായി കേന്ദ്ര സര്‍ക്കാര്‍ യോജിച്ച് പ്രവര്‍ത്തിയ്ക്കുകയാണെങ്കില്‍ ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ശ്രീ കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. Labels: അമേരിക്ക, ഇന്ത്യ, കേരള രാഷ്ട്രീയം
- ജെ. എസ്.
1 Comments:
Links to this post: |
സ്വഭാവദൂഷ്യം: കുഞ്ഞാലിക്കുട്ടിയെ ശിഹാബ് തങ്ങള്‍ ഉപദേശിച്ചു
കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവദൂഷ്യത്തെ പറ്റി താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും സ്വഭാവത്തില്‍ മാറ്റം വരുത്തണമെന്ന് കുഞ്ഞാലിക്കുട്ടിയെ താന്‍ ഉപദേശിച്ചിരുന്നു എന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വെളിപ്പെടുത്തി.
ഒരു സ്വകാര്യ ടി.വി. ചാനലിന് അനുവദിച്ച അഭിമുഖ സംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവശുദ്ധിയെ സംബന്ധിച്ച വിവാദം പാണക്കാട് വരെ എത്തിയ വേളയില്‍ താന്‍ സ്വാഭാവികമായും വിഷമിച്ചിരുന്നു. സമുദായാംഗങ്ങള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് ആത്മീയതയിലേയ്ക്ക് മടങ്ങി വരണം. നേതാക്കള്‍ ധാര്‍മ്മികമായ ആശയങ്ങളിലും ചിന്തകളിലും മുഴുകുകയും അതനുസരിച്ച് സമുദായത്തെ നയിക്കുകയും ചെയ്യണം. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് കുറച്ച് സ്വഭാവത്തിലൊക്കെ മാറ്റം വരുത്തണമെന്ന് താന്‍ പലപ്പോഴും ഉപദേശിക്കാറുണ്ട് എന്ന്‍ ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ നിര്‍ദ്ദേശം അനുസരിച്ച് കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ നല്ല മാറ്റം വന്നിട്ടുമുണ്ട് എന്നും തങ്ങള്‍ അറിയിച്ചു. Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
2 Comments:
Links to this post: |
22 June 2008
ആണവ കരാര്‍: കരുണാനിധി മധ്യസ്ഥനാവും
ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിനും ഇടത് പക്ഷത്തിനും ഇടയില്‍ “രാജ്യ താല്പര്യം” മുന്‍ നിര്‍ത്തി ഒരു പരിഹാരം കാണാന്‍ കരുണാനിധി ഒരുങ്ങുന്നു. ഇന്ന് വൈകീട്ട് കരുണാനിധിയെ സി.പി.ഐ.(എം) നേതാവ് പ്രകാശ് കാരാട്ടും സി.പി.ഐ. നേതാവ് ഡി. രാജയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം ദല്‍ഹിയില്‍ ചെന്ന് ആണവ കരാര്‍ പ്രശ്നത്തില്‍ രാജ്യ താല്പര്യത്തിനായി രമ്യമായ ഒരു പരിഹാരം കണ്ടെത്തനുള്ള ശ്രമങ്ങള്‍ നടത്തും. ഇന്നലെ രാത്രി ചെന്നൈയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ പ്രസംഗിക്കവെയാണ് കരുണാനിധി ഇത് അറിയിച്ചത്.
തമ്മില്‍ തല്ലിയാല്‍ വര്‍ഗീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വരാനും വീണ്ടും അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം പോലുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വരുവാനും ഇടയാകുമെന്നും, ഇത്തരം വര്‍ഗ്ഗീയ ശക്തികളെ അടക്കിയിരുത്താന്‍ എല്ലാ മതേതര കക്ഷികളും ഒരുമിച്ചു നില്‍ക്കണമെന്നും കരുണാനിധി ഓര്‍മ്മിപ്പിച്ചു. Labels: ഇന്ത്യ
- ജെ. എസ്.
|
ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് 14 മില്ല്യണ്‍ കവിഞ്ഞു
ഗിന്നസ് ലോക റിക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ 24 മണിക്കൂര്‍ ഡൌണ്‍ലോഡ് സംരംഭത്തില്‍ പ്രതീക്ഷിച്ച 5 മില്ല്യണ്‍ കവിഞ്ഞെങ്കിലും അടുത്ത രണ്ട് ദിവസം കൂടി ലോകമെമ്പാടുമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്നേഹികളും മൈക്രോസോഫ്റ്റ് വിരോധികളും ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്തു കൊണ്ടിരുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 72 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 14 മില്ല്യണിലേറെ ഡൌണ്‍ലോഡുകളാണ് നടന്നിരിക്കുന്നത്.
അടുത്ത പടിയായി ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാക്കളായ മോസില്ല ഇതിന്റെ രേഖകള്‍ തെളിവായി ഗിന്നസ് ലോക റെക്കോര്‍ഡ് അധികൃതര്‍ക്ക് അയച്ചു കൊടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും റെക്കോര്‍ഡ് പ്രഖ്യാപിയ്ക്കുക. Labels: ഐ.ടി
- ജെ. എസ്.
|
21 June 2008
ആണവ കരാര്‍: കോണ്‍ഗ്രസ് അയയുന്നു
അമേരിയ്ക്കയുമായുള്ള ആണവ കരാര്‍ പ്രശ്നത്തില്‍ ഇടത് പക്ഷത്തിന്റെ നിലപാടില്‍ മാറ്റമില്ലാതെ തുടരുന്ന നിലയ്ക്ക് കോണ്‍ഗ്രസ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയതായി സൂചന. ഒരു തിരഞ്ഞെടുപ്പിനെ തല്‍ക്കാലം നേരിടാന്‍ യു.പി.എ.യിലെ ഘടക കക്ഷികള്‍ ആരും തയ്യാറല്ല എന്നതാണ് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തുവാനുള്ള കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
ഇന്തോ - അമേരിക്കന്‍ ആണവക്കരാറുമായി ഇടത് പക്ഷത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ട് പോവില്ല എന്നാണ് കോണ്‍ഗ്രസിന്റെ പുതിയ നിലപാട്. കരാര്‍ ഒപ്പിടാനാവാതെ വന്നാല്‍ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുമെന്ന് തങ്ങള്‍ കരുതുന്നില്ല എന്ന്‍ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമദ് പറഞ്ഞു. ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് രാജി വെയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യ കക്ഷികളുടെയും ഉറച്ച പിന്തുണയുണ്ട്. ഇത്തരം ഊഹാപോഹങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ജൂണ്‍ 25ന് നടക്കാനിരിക്കുന്ന യു.പി.എ. - ഇടത് യോഗത്തില്‍ ഇടത് കക്ഷികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നയം എന്തായിരിക്കും എന്ന ചോദ്യത്തിന് അഹമദ് വ്യക്തമായ മറുപടി നല്‍കിയില്ല. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇന്ത്യ
- ജെ. എസ്.
|
20 June 2008
ബാറിലെ തമാശ ബോംബ് ഭീഷണിയായി
യു.എ.ഇ.യില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത ഉണ്ടെന്ന ബ്രിട്ടീഷ് എംബസിയുടെ സുരക്ഷാ നിര്‍ദേശത്തിന് പുറകില്‍ രണ്ട് മദ്യപന്മാരുടെ ലക്ക് കെട്ട സംഭാഷണമായിരുന്നു എന്ന് ദുബായില്‍ നിന്ന് ഇറങ്ങുന്ന “ഗള്‍ഫ് ന്യൂസ്” എന്ന പ്രാദേശിക ദിനപത്രം വ്യക്തമാക്കി.
ധാരാളം വിദേശികള്‍ ഉണ്ടാവാറുള്ള അബുദാബിയിലെ ഹില്‍ട്ടോണിയ ഹോട്ടലിന്റെ ബാറിലായിരുന്നു സംഭവം. രണ്ട് അറബ് വംശജര്‍ മദ്യപിച്ച് സംസാരിക്കുന്നത് അടുത്തിരുന്ന ചില ബ്രിട്ടീഷുകാര്‍ കേള്‍ക്കാനിടയായി. നമ്മുടെ ചുറ്റുമിരിക്കുന്ന ഈ വിദേശികളെ ഒക്കെ ഓടിക്കാന്‍ ഇവിടെ ഒരു ബോംബ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞാല്‍ മതി എന്നും ഒരു ബെല്‍റ്റ് ബോംബ് കൊണ്ട് നൂറ് കണക്കിന് ആള്‍ക്കാരെ കൊല്ലാം എന്നുമായിരുന്നു ഇവര്‍ തമ്മില്‍ പറഞ്ഞത്. എന്നാല്‍ ഇത് കേള്‍ക്കാനിടയായ ബ്രിട്ടീഷുകാര്‍ ധരിച്ചത് ഇവര്‍ ബോംബാക്രമണത്തിന് ഉള്ള പദ്ധതി തയ്യാറക്കുകയാണ് എന്നായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ ഈ കാര്യം ബ്രിട്ടീഷ് എംബസിയില്‍ വിളിച്ചു പറയുകയും ഇതേ തുടര്‍ന്ന് ബ്രിട്ടീഷ് എംബസി വിവാദമായ സുരക്ഷാ മുന്നറിയിപ്പ് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
- ജെ. എസ്.
|
ചൊവ്വയില്‍ ഐസ് കണ്ടെത്തി
നാസയുടെ ഫിനിക്സ് മാര്‍സ് ലാന്‍ഡര്‍ എന്ന ശൂന്യാകാശ വാഹനം ചൊവ്വയില്‍ ഐസ് കണ്ടെത്തിയതായി നാസ അറിയിച്ചു. 2002ല്‍ തന്നെ ചൊവ്വയില്‍ ഐസ് ഉണ്ട് എന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു എങ്കിലും ഇതാദ്യമായിട്ടാണ് ഐസ് നേരിട്ട് കാണപ്പെടുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ ഐസ് മൂടപ്പെട്ടിരിക്കുന്നു എന്നും ഉപരിതലത്തിന് ഏതാനും ഇഞ്ചുകള്‍ കീഴെ ഐസിന്റെ സാന്നിധ്യം ഉണ്ടെന്നും ശാസ്ത്രലോകത്തിന് നേരത്തേ അറിവുള്ളതാണ്. ഇത്തവണത്തെ ചൊവ്വാ ദൌത്യത്തിന്റെ ഒരു പ്രധാന ലക്ഷ്യം തന്നെ ഉത്തര ധ്രുവത്തില്‍ ഇറങ്ങി മണ്ണ് കുഴിച്ച് ഐസ് കണ്ടെടുക്കുക എന്നതായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഐസ് നേരിട്ട് കാണപ്പെട്ടത് അത്യന്തം ആവേശകരമായി ശാസ്ത്രജ്ഞര്‍ക്ക്. മണ്ണ് കുഴിച്ചും ഒന്നും കാണാനായില്ലെങ്കിലോ എന്ന ആശങ്കയിലായിരുന്നു ശാസ്ത്രലോകം.
വാഹനത്തിന്റെ യന്ത്രവല്‍കൃത കൈകള്‍ കുഴിച്ച കുഴികളിലാണ് ചില വെളുത്ത തിളക്കമേറിയ വസ്തുക്കള്‍ കണ്ടത്. ഫിനിക്സ് ലാന്‍ഡറിന്റെ ചൊവ്വയിലെ ഇരുപതാം ദിവസം, അതായത് സോള്‍ 20നാണ് ഇത് കാണപ്പെട്ടത്. ചൊവ്വയിലെ ഒരു ദിവസത്തിന് ഒരു സോള്‍ എന്നാണ് വിളിയ്ക്കുന്നത്. എന്നാല്‍ സൊള്‍ 24ന് ഈ തിളങ്ങുന്ന വസ്തുക്കള്‍ അപ്രത്യക്ഷമായി. ഇത് ഉപ്പായിരിയ്ക്കാം എന്നായിരുന്നു ശാസ്ത്രജ്ഞന്മാര്‍ കരുതിയിരുന്നത്. എന്നാല്‍ ഉപ്പിന് ഇങ്ങനെ അപ്രത്യക്ഷമാകാന്‍ കഴിയില്ല. അതാണ് ഇത് ഐസാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ കാരണം. ഐസ് ഇങ്ങനെ നേരിട്ട് നീരാവിയായി മാറുന്നതിനെ “സബ്ലിമേഷന്‍” എന്ന് വിളിയ്ക്കുന്നു. ഇനിയും രണ്ട് മാസം കൂടി ഫിനിക്സ് ലാന്‍ഡര്‍ ചൊവ്വയില്‍ ഉണ്ടാവും. Labels: ശാസ്ത്രം
- ജെ. എസ്.
|
19 June 2008
പ്രവാസികള്‍ക്കായി മലയാളം മിഷ്യന്‍
ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ മലയാള ഭാഷയും സംസ്ക്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ മലയാളം മിഷ്യന്‍ സ്ഥാപിക്കും.
പ്രശസ്ത കവി ശ്രീ ഓ.എന്‍.വി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു സ്വയംഭരണ സ്ഥപനമായി കേരള മിഷ്യന്‍ സ്ഥാപിക്കുക എന്ന് മുഖ്യമന്ത്രി ശ്രീ വി. എസ്. അച്യുതാനന്ദന്‍ വിശദീകരിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രവാസി മലയാളികളുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളിലെല്ലാം മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ മലയാളം നിര്‍ബന്ധിത വിഷയമാക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുവാന്‍ ചുരുങ്ങിയത് രണ്ട് പീരിയഡെങ്കിലും നീക്കി വെയ്ക്കണം. മലയാളത്തിന് പരീക്ഷ വെച്ച് ഇതിലെ വിജയത്തിന്റെ അടിസ്ഥനത്തില്‍ മാത്രമേ ക്ലാസ് കയറ്റം നല്‍കാവൂ. മലയാളം മിഷ്യന്റെ വകയായി സര്‍ക്കാര്‍ സ്ഥാപിയ്ക്കുന്ന പഠനകേന്ദ്രങ്ങളില്‍ മലയാളം ഡിപ്ലോമ കോഴ്സുകളും ലഭ്യമാക്കും. വിദഗ്ദ്ധ സമിതിയില്‍ കവയത്രി സുഗതകുമാരി, നടകകൃത്തായ പിരപ്പന്‍ കോട് മുരളി, അദ്ധ്യാപകനായ എഴുമറ്റൂര്‍ രാജരാജ വര്‍മ എന്നിവരും അംഗങ്ങളാണ്. ഇത്തരം സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നത് പ്രവാസികളുടെ ഏറെക്കാലമായ ആവശ്യങ്ങളിലൊന്നായിരുന്നു. ഈ വര്‍ഷത്തെ ഗവര്‍ണറുടെ നിയമസഭാ അഭിസംബോധനയിലും ഇത് പരാമര്‍ശിക്കപ്പെട്ടിരുന്നു.
- ജെ. എസ്.
|
18 June 2008
അയ്യനേത്ത് അന്തരിച്ചു
എഴുത്തിലൂടെ പരമ്പരാഗത സദാചാര സങ്കല്‍പ്പങ്ങളെ നിരന്തരം ചോദ്യം ചെയ്ത പ്രശസ്ത എഴുത്തുകാരന്‍ അയ്യനേത്തിന് ആദരാഞ്ജലികള്‍. തിരുവനന്തപുരം കുമാരപുരത്ത് വെച്ച് സ്കൂട്ടറപകടത്തില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. ഭാര്യയും രണ്ട് മക്കളും ഉണ്ട്. ജനപ്രിയ നോവലിസ്റ്റായിരുന്ന ഇദ്ദേഹത്തിന്റെ വാഴ്വേമായം അടക്കം അഞ്ച് നോവലുകള്‍ സിനിമ ആക്കിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ ഇല്ലാതെ തന്റെ ശവസംസ്ക്കാരം നടത്തണമെന്ന് ഇദ്ദേഹം സ്വന്തം വില്പത്രത്തില്‍ എഴുതിയതനുസരിച്ചാവും ഇന്ന് ശവസംസ്ക്കാരം നടക്കുക.
Labels: സാഹിത്യം
- ജെ. എസ്.
|
യു.എ.ഇ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം
യു.എ.ഇ.യില്‍ താമസിക്കുന്ന തങ്ങളുടെ പൌരന്മാരുടെ സുരക്ഷയ്ക്കായി ബ്രിട്ടീഷ് എംബസ്സി പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പില്‍ യു.എ.ഇ.യില്‍ അടുത്തു തന്നെ ഭീകര ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പു നല്‍കുന്നു. ബ്രിട്ടീഷ് എംബസ്സിയുടെ വെബ്സൈറ്റിലാണ് ഈ മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വെബ്സൈറ്റിലെ ഈ പേജ് താല്‍ക്കാലികമായി ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൌരന്മാര്‍ക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബ്രിട്ടന്റെ ഫോറിന്‍ ആന്‍ഡ് കോമണ്‍ വെല്‍ത്ത് ഓഫീസിന്റെ വെബ്സൈറ്റില്‍ ഈ മുന്നറിയിപ്പ് ലഭ്യമാണ്.
സൌദി അറേബ്യ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ 2003 മുതല്‍ അല്‍ ഖൈദയുടെ ആക്രമണങ്ങള്‍ക്ക് നിരവധി തവണ വിധേയം ആയിട്ടുള്ളതാണ്. ഖത്തറില്‍ ഒരു ബ്രിട്ടീഷ് സ്കൂളിനടുത്ത് നടന്ന അല്‍ ഖൈദ ആക്രമണത്തില്‍ ഒരു ബ്രിട്ടീഷുകാരന്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 80 ശതമാനത്തോളം വിദേശികളുള്ള യു.എ.ഇ. അല്‍ ഖൈദയുടെ ലക്ഷ്യമാവാന്‍ സ്വാഭാവികമായും സാധ്യത ഉണ്ട് താനും. എന്നാല്‍ എംബസ്സിയുടെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും ഒരു പ്രത്യേക ആക്രമണത്തിന്റെ സൂചന ഇല്ല. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ ചെയ്യാറുള്ളത് പോലെ എംബസ്സി ഒഴിയുകയോ, സ്ഥലം മാറ്റുകയോ, അടച്ചിടുകയോ ഒന്നും ചെയ്തിട്ടുമില്ല. ബ്രിട്ടന്റെ സുരക്ഷാ മുന്നറിയിപ്പിനു പിന്നാലെ അമേരിക്കയും കഴിഞ്ഞ ദിവസം ഇങ്ങനെയൊരു മുന്നറിയിപ്പ് പുറപ്പെടുവിക്കയുണ്ടായി. ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിന് പകരം യു.എ.ഇ. അധികൃതരുമായി പങ്ക് വെച്ച് സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി അവരെ സജ്ജരാക്കുകയായിരുന്നു ബ്രിട്ടീഷ്, അമേരിക്കന്‍ അധികൃതര്‍ ചെയ്യേണ്ടിയിരുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും ഇത്തരം യാതൊരു സുരക്ഷാ പ്രശ്നങ്ങളും നിലവിലില്ലെന്നും യു.എ.ഇ. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്നും അധികൃതര്‍ ജനങ്ങളെ സമാശ്വസിപ്പിക്കുന്നു. പൌരത്വം ഏതായാലും തങ്ങളുടെ സുരക്ഷയ്ക്ക് ഇവിടത്തെ ഭരണകൂടം എന്നും കൊടുത്തിട്ടുള്ള പരമമായ പ്രാധാന്യവും പ്രശംസനീയമായ ശുഷ്കാന്തിയും വര്‍ഷങ്ങളോളം ഈ രാജ്യത്ത് താമസിച്ച ഏതൊരു പ്രവാസിയ്ക്കും അനുഭവമുള്ളതാണ്. Labels: അമേരിക്ക, തീവ്രവാദം, ബ്രിട്ടന്‍, യു.എ.ഇ.
- Jishi Samuel
|
17 June 2008
ഖത്തര്‍ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വല വരവേല്‍പ്പ്
ഇന്നലെ രാവിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. ഖത്തറിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചുള്ള ഈ “നോണ്‍ സ്റ്റോപ്” വിമാന സര്‍വീസ് തങ്ങളുടെ ഇന്ത്യയിലേക്കുള്ള 58ആമത്തെ സര്‍വീസ് ആണെന്ന് കന്നി യാത്രയില്‍ കോഴിക്കോട് വന്നിറങ്ങിയ ഖത്തര്‍ എയര്‍വെയ്സ് സി.എ.ഒ. അക്ബര്‍ അല്‍ ബക്കര്‍ പ്രസ്ഥാവിച്ചു.
വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റില്‍ വന്നിറങ്ങിയ വിശിഷ്ട വ്യക്തികളും വിദേശ മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ സംഘത്തെ വരവേല്‍ക്കാന്‍ വിപുലമായ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. എം.പി.മാരായ ശ്രീ പി. വി. അബ്ദുല്‍ വഹാബ്, ശ്രീ ടി. കെ. ഹംസ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ശ്രീ പി. സക്കീര്‍, സെക്രട്ടറി ശ്രീ കെ. അബൂബക്കര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
|
16 June 2008
യു.എ.ഇ.യില്‍ 12 ശതമാനം പണപ്പെരുപ്പം
സര്‍ക്കാര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടനുസരിച്ച് യു.എ.ഇ. യിലെ പണപ്പെരുപ്പം 12 ശതമാനം എത്തിയിരിക്കുന്നു. ഇതിനു പ്രധാന കാരണം ആയി പറയപ്പെടുന്നത് അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വീട്ടു വാടകയും, ഭക്ഷണ, ഇന്ധന വില വര്‍ദ്ധനയുമാണത്രെ. 2008ന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിലെ വാടക വര്‍ദ്ധനാ നിരക്ക് 18.21 ശതമാനവും ഭക്ഷണ വില വര്‍ദ്ധനവ് 19.78 ശതമാനവും ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തിന് കാരണം എന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
Labels: യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
|
15 June 2008
ദുബായില്‍ വ്യാപകമായ വ്യാജ സി.ഡി. വേട്ട
ദുബായ് പോലീസിന്റെയും നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെയും സഹായത്തോടെ ദുബായ് മുനിസിപാലിറ്റി ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ റെയിഡില്‍ വ്യാജ സി.ഡി. കള്‍ പിടികൂടി. പകര്‍പ്പവകാശ ലംഘനം നടത്തി അനധികൃതമായി നിര്‍മ്മിച്ച 3500ലേറെ ഡി. വി. ഡി. കളും, 17000ലേറെ സി. ഡി. കളും ആണ് പിടിച്ചെടുത്തത്.
ഇതിനു പുറമെ 2000ത്തോളം അശ്ലീല സി. ഡി. കളും പിടിച്ചെടുക്കുകയുണ്ടായി. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ധാര്‍മ്മികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്ക് ഭീഷണിയായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാവും എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തെരുവ് കച്ചവടക്കാരും, ഭിക്ഷക്കാരും, അനധികൃതമായി പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കഴുകുന്നവരും അടക്കം പിടിയിലായ 300ഓളം പേരെ ശിക്ഷ നല്‍കിയ ശേഷം നാടു കടത്തും. Labels: കുറ്റകൃത്യം, ദുബായ്, ശിക്ഷ
- ജെ. എസ്.
|
14 June 2008
ജയ്ഹിന്ദ് ടി.വി.യുടെ ഉല്‍ഘാടനത്തില്‍ മദ്യം വിളംബിയത് വിവാദമാകുന്നു
ദെയ് റയിലെ റാഡിസണ്‍സ് ഹോട്ടലില്‍ വെച്ച് വ്യാഴാഴ്ച രാത്രി നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ചാനലിന്റെ ഗള്‍ഫ് പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനം പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവിയാണ് നിര്‍വഹിച്ചത്. പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി, കെ. പി. സി. സി. പ്രസിഡന്റ് ശ്രീ രമേഷ് ചെന്നിത്തല, ചാനലിന്റെ എം. ഡി. യായ ശ്രീ എം. എം. ഹസന്‍ തുടങ്ങിയ ഗാന്ധിയന്മാര്‍ പങ്കെടുത്ത ചടങ്ങിലാണ് കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിയ്ക്കാത്ത മദ്യ സല്‍ക്കാരം അരങ്ങേറിയത്. സിനിമാ താരങ്ങളായ ദിലീപ്, ഗോപിക, വസുന്ധരദാസ് എന്നിവരുടെ സാന്നിദ്ധ്യത്താല്‍ പരിപാടിയ്ക്ക് കൊഴുപ്പേറി.
ഗാന്ധിജിയുടെ ശിഷ്യന്മാരുടെ ഒരു പൊതു പരിപാടിയില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ ക്ഷണിയ്ക്കാതെ കോണ്‍ഗ്രസ് വിരുദ്ധരെ ക്ഷണിച്ചു വരുത്തി ഇത്തരമൊരു മദ്യം സല്‍ക്കാരം നടത്തിയതില്‍ ഒരു വലിയ വിഭാഗം പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ് വേദനിച്ചു എന്ന് കോണ്‍ഗ്രസ് പ്രതികരണ വേദി പ്രസിഡന്റ് ശ്രീ അഷ്രഫ് അലി പെരിന്തല്‍മണ്ണ അറിയിച്ചു. മുന്നൂറോളം പേര്‍ക്കുള്ള സീറ്റും ഭക്ഷണവും മദ്യവും ഒരുക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലയിലെ ഭാരവാഹിത്വത്തില്‍ നോട്ടമിട്ടിരിക്കുന്ന ചില തല്പര കക്ഷികളുടെ നിര്‍ദേശപ്രകാരം ബോധപൂര്‍വം ഒരു വലിയ വിഭാഗത്തെ ഉല്‍ഘാടന ചടങ്ങില്‍ നിന്നും തഴയുകയായിരുന്നുവത്രെ. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ പങ്കെടുപ്പിക്കാതെ തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് മദ്യം വിളംബുകയാണ് ഉണ്ടായത്. സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് ദുബായില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമല്ലാത്തത് കൊണ്ടല്ല എന്നും ഇത്തരം ചിറ്റമ്മ നയം വെച്ചു പുലര്‍ത്തുന്ന ഒരു വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുടെ വിഭാഗീയ ചിന്താഗതി കൊണ്ടാണെന്നും ഇദ്ദേഹം കൂട്ടിചേര്‍ത്തു. Labels: കേരള രാഷ്ട്രീയം, പ്രവാസി
- ജെ. എസ്.
3 Comments:
Links to this post: |
13 June 2008
അമേരിക്കന്‍ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ചൊവ്വാഴ്ച രാത്രി അഫ്ഘാന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ വായുസേന നടത്തിയ ആക്രമണത്തിലാണ് 11 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. സൈനികരുടെ മരണത്തില്‍ ദു:ഖം പ്രകടിപ്പിച്ച അമേരിക്കന്‍ സൈനിക വക്താവ് ഈ സംഭവം പാകിസ്താന്‍ സൈന്യവുമായി കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്ന് അഭിപ്രായപ്പെട്ടു.
Labels: അമേരിക്ക, പാക്കിസ്ഥാന്‍
- Jishi Samuel
|
ഭരത് ഗോപിയ്ക്ക് മരണാനന്തര ബഹുമതി
ഈ വര്‍ഷത്തെ ഭരതന്‍ അവാര്‍ഡ് ദേശീയ അവാര്‍ഡ് ജേതാവായ ഭരത് ഗോപിക്ക് മരണാനന്തര ബഹുമതിയായി ലഭിക്കും. മലയാള സിനിമക്കു പുറമെ നാടക രംഗത്തിനും ഗോപി നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഭരതന്‍ ഫൌണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായനായിരുന്ന ഭരതന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ഭരതന്റെ പത്താം ചരമ വാര്‍ഷികമായ ജൂലൈ 10ന് തൃശ്ശൂരിലെ റീജിയണല്‍ തിയേറ്ററില്‍ നടക്കും. Labels: സിനിമ
- Jishi Samuel
|
11 June 2008
മലയാള സിനിമയ്ക്ക് വീണ്ടും ദേശീയ അംഗീകാരങ്ങളുടെ തിളക്കം
54ആമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രിയനന്ദന്‍ സംവിധാനം ചെയ്ത മുരളി പ്രധാന കഥാപാത്രം അഭിനയിച്ച പുലിജന്മം ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടന്‍. പ്രിയമണിയാണ് മികച്ച നടി. മധു ഭണ്ഡാര്‍കറാണ് മികച്ച സംവിധായകന്‍.
സമകാലിക രാജ്യാന്തര പ്രാദേശിക വിഷയങ്ങളെ നന്നായി അവതരിപ്പിക്കുവാന്‍ പ്രിയനന്ദന്റെ പുലി ജന്മത്തിന് കഴിഞ്ഞു എന്ന് ജൂറി വിലയിരുത്തി. ഒരു സംവിധായകന്റെ പ്രഥമ സിനിമയ്ക്കുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മധു കൈതപ്രത്തിന്റെ ഏകാന്തവും കബീര്‍ ഖാന്‍ സംവിധാനം ചെയ്ത കാബൂള്‍ എക്സ്പ്രസും പങ്കിട്ടു. കമല്‍ സംവിധാനം ചെയ്ത കറുത്ത പക്ഷികള്‍ക്ക് കുടുംബക്ഷേമ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഏകാന്തത്തിലെ അഭിനയത്തിന് തിലകന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. മികച്ച നൃത്ത സംവിധാനത്തിനുള്ള അവാര്‍ഡ് രാത്രിമഴയുടെ നൃത്ത സംവിധായകരായ സജീര്‍ സമുദ്ര മധു സമുദ്ര എന്നിവര്‍ക്കാണ്. എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ദൃഷ്ടാന്തമാണ് മികച്ച മലയാള ചിത്രം. സുമന്‍ ഘോഷിന്റെ പൊദോക്കേബ് എന്ന ചിത്രത്തിലെ അഭിനയം സൌമിത്രോ ചാറ്റര്‍ജിയെ മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തപ്പോള്‍ പരുത്തി വിരലിലെ അഭിനയം പ്രിയമണിയെ മികച്ച നടിയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കി. എം. ആര്‍. രാജന്‍ സംവിധാനം ചെയ്ത കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ മിനുക്ക് മികച്ച ജീവചരിത്ര ഹ്രസ്വ ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച വിവരണത്തിനുള്ള അവാര്‍ഡ് മിനുക്കിലൂടെ നെടുമുടി വേണു സ്വന്തമാക്കി. അന്ത്യം എന്ന ഹ്രസ്വ ചിത്രം ഒരുക്കിയ ജേക്കബ് വര്‍ഗീസിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം. മികച്ച സിനിമ നിരൂപണത്തിനുള്ള അവാര്‍ഡ് റബീഗ് ബാഗ്ദാദി, ജി. പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കു വെച്ചു. ഏറെ കാലത്തിന് ശേഷം ദേശീയ രംഗത്ത് മികച്ച പ്രകടനമാണ് മലയാള സിനിമ കാഴ്ച വെച്ചത്. ഫീച്ചര്‍ ചിത്ര വിഭാഗത്തില്‍ ആറ് അവാര്‍ഡുകളും ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മൂന്ന് അവാര്‍ഡുകളും മലയാളത്തിന് കിട്ടി. മത്സരത്തിനുണ്ടായിരുന്ന 15 മലയാള ചിത്രങ്ങളില്‍ 7 ചിത്രങ്ങള്‍ അവസാന റൌണ്ടില്‍ എത്തുകയുണ്ടായി. ഏറ്റവും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പുലിജന്മത്തിന് തൊട്ടു പുറകിലായത് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴ എന്ന സിനിമയാണ്. സൌമിത്രോ ചാറ്റര്‍ജിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും അവസാന നിമിഷം വരെ തിലകനും മത്സര രംഗത്തുണ്ടായിരുന്നു. ഒടുവില്‍ ഏകാന്തത്തിലെ അഭിനയത്തിന് ജൂറി തിലകനെ പ്രത്യേകം അഭിനന്ദിച്ചു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്ത ഒരു മലയാള ചിത്രത്തിന് കിട്ടിയ അംഗീകാരം എന്ന നിലയില്‍ പുലിജന്മത്തിന് ലഭിച്ച അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദന്‍ പറഞ്ഞു. പാരകള്‍ മറി കടന്ന് നേടിയ അവാര്‍ഡായതിനാല്‍ കൂടുതല്‍ സന്തോഷമുണ്ട് എന്നായിരുന്നു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ തിലകന്റെ പ്രതികരണം. മലയാള പാരകള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ തമിഴില്‍ പാരകള്‍ ഇല്ല - തിലകന്‍ കൂട്ടിച്ചേര്‍ത്തു. Labels: സിനിമ
- ജെ. എസ്.
|
10 June 2008
സൗദിയില്‍ വിവാഹത്തിന് എച്ച്.ഐ.വി. പരിശോധന
സൗദിയില്‍ വിവാഹത്തിന് മുമ്പ് വധൂവരന്മാര്‍ നിര്‍ബന്ധമായും എച്ച്.ഐ.വി. പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹമാദ് അല്‍മാനി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വിവാഹപൂര്‍വ എച്ച്.ഐ.വി. പരിശോധന പ്രാബല്യത്തില്‍ വന്നതിനു ശേഷം 22 പേര്‍ക്ക് എയ് ഡ് സ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
2004 മുതല്‍ വിവാഹിതരാകാന്‍ ഉദ്ദേശിച്ച 6700 ജോഡികളെയാണ് പരിശോധനയിലൂടെ വിവാഹത്തിന് അയോഗ്യരായി കണ്ടെത്തിയത്. വര്‍ഷത്തില്‍ ഒരു കോടി 80 ലക്ഷം റിയാലാണ് എയ്ഡ്സ് രോഗികളെ ചികിത്സിക്കാനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 1984 മുതല്‍ 2000 സൗദി സ്വദേശികളിലും 8000 വിദേശികളിലുമാണ് സൗദി അറേബ്യയില്‍ എയ്ഡ്സ് രോഗം കണ്ടെത്തിയത്.
- ജെ. എസ്.
|
ദുബായില്‍ ആറ് വെയര്‍ ഹൌസുകള്‍ക്ക് തീ പിടിച്ചു
ദുബായിലെ അല്‍ ബര്‍ഷയില്‍ ആറ് വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അഗ്നിബാധ. അല്‍ബര്‍ഷ ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റിന് പുറക് വശത്ത് നിര്‍മ്മാണ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ ഹൌസുകള്‍ക്കാണ് തീ പിടിച്ചത്. തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി എന്നും സിവില്‍ ഡിഫന്‍സ് വകുപ്പ് അന്വേഷണം തുടങ്ങി എന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
Labels: അപകടങ്ങള്‍, ദുബായ്
- ജെ. എസ്.
|
സി.പി.എം. വിവാദങ്ങളുടെ സ്വന്തം പാര്‍ട്ടി - ഹസന്‍
വിവാദങ്ങള്‍ വിട്ടു മാറാത്ത പാര്‍ട്ടിയായി സി.പി.എം. മാറിയെന്ന് കെ.പി.സി.സി. വക്താവ് എം.എം. ഹസന്‍ പറഞ്ഞു. എല്‍.ഡി.എഫ്. അധികാരത്തില്‍ വന്ന നാള്‍ മുതല്‍ സി.പി.എം. - സി.പി.ഐ. തര്‍ക്കങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എം. ഹസന്‍. സംസ്ഥാന സര്‍ക്കാറിന്‍റെ ഏത് വിഷയമായാലും സി.പി.എമ്മിനും സി.പിഐക്കും ഒരുമിച്ച് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു. ആരാടന്‍ പ്രശ്നത്തില്‍ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടാകില്ല. മുസ്ലീം ലീഗ് ഉന്നയിച്ച പ്രശ്നങ്ങള്‍ യു.ഡി.എഫ്. നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയന്‍ തോമസ്, അനിയന്‍ കുട്ടി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
സൌദിയില്‍ പവര്‍ കട്ട് വന്നേക്കും
വേനല്‍ ശക്തമാകുന്നതിനാല്‍ സൗദി അറേബ്യയിലെ മൂന്ന് പ്രവിശ്യകളിലും ഫാക്ടറികള്‍ക്കുള്ള വൈദ്യുതി വിതരണം ഇടക്കിടെ നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ അഞ്ച് വരെ ഉച്ചയ്ക്ക് 11 മുതല്‍ നാല് വരേയും വൈകീട്ട് ആറ് മുതല്‍ എട്ട് വരേയും വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഫാക്ടറി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ. എസ്.
|
ഖത്തര്‍ എയര്‍വെയ്സ് കോഴിക്കോട്ടേക്ക്
ജൂണ്‍ 15 മുതല്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനം കോഴിക്കോട്ടേക്ക് പറക്കും. തങ്ങളുടെ 83 ആമത്തെ റൂട്ടായ കോഴിക്കോട്ടേക്ക് പ്രതിദിന ഫ്ലൈറ്റുകള്‍ ഉണ്ടാവും. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രതി ദിന ഫ്ലൈറ്റുകള്‍ ഉണ്ട്.
ഖത്തറിലെ പ്രവാസി സമൂഹത്തിനും യൂറോപ്പില്‍ നിന്നും മറ്റും വരുന്ന ടൂറിസ്റ്റുകള്‍ക്കും ഈ പുതിയ വിമാന സര്‍വീസ് ഏറെ പ്രയോജനപ്പെടും. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപാര മേഖലയാണ് ഇന്ത്യ എന്ന് ഖത്തര്‍ എയര്‍വെയ്സ് സി. ഇ. ഓ. അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.കോഴിക്കോട്ടേക്കുള്ള പുതിയ ഫ്ലൈറ്റോടെ ഇന്ത്യയിലേക്ക് പ്രതി വാരം 58 ഫ്ലൈറ്റുകള്‍ ആണ് പറക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
|
യു.എ.ഇ. യില്‍ പുതിയ സന്ദര്‍ശക വിസകള്‍ പ്രഖ്യാപിച്ചു
ഓഗാസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വിസകള്‍ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കുമുള്ള സന്ദര്‍ശക വിസകളാണ് ഇവ. ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവും ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 2000 ദിര്‍ഹവുമായിരിക്കും ഫീസ്.
ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയില്‍ രാജ്യത്ത് നിന്ന് എത്ര തവണ വേണമെങ്കിലും പുറത്ത് പോവുകയും രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം. പുതിയ മെഡിക്കല്‍, വിദ്യാഭ്യാസ വിസകളും പുതിയതായി നിലവില്‍ വരും. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
09 June 2008
കേരളത്തിലെ കമ്പ്യൂട്ടറുകളില്‍ ഇനി മലയാളം - വി. എസ്.
മലയാള ഭാഷ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക വഴി വിവര സാങ്കേതിക വിദ്യ സാധാരണക്കാരന് പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ “നമ്മുടെ കമ്പ്യൂട്ടര്‍, നമ്മുടെ ഭാഷ” എന്ന സംസ്ഥാന തല പ്രചാരണ സംരംഭം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
അടുത്ത മൂന്ന് വര്‍ഷത്തിനകം ഇതിന്റെ പ്രയോജനം 50 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ ആദ്യ പടിയായി കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മലയാളത്തിന്റെ സാദ്ധ്യതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും. സംസ്ഥനത്ത് ഉടനീളം ഉള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി മലയാളം ഉപയോഗിക്കുവാനുള്ള പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്ദ്യമത്തില്‍ പങ്കു ചേരും. അന്താരാഷ്ട്ര മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തിന്റെ ഈ മാതൃക മറ്റ് ഭാഷാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ഭാഷയില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുവാനുള്ള പ്രചോദനം ആവട്ടെ എന്ന് വി. എസ്. പ്രത്യാശ പ്രകടിപ്പിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റിയുള്ള സര്‍ക്കാരിന്റെ വെബ് സൈറ്റ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളൂടെ കമ്പ്യൂട്ടറില്‍ മലയാളം കൈകാര്യം ചെയ്യാനുള്ള സഹായം ഇവിടെ ലഭ്യമാണ്. Labels: ഇന്റര്‍നെറ്റ്, ഐ.ടി, കേരളം, മലയാളം
- ജെ. എസ്.
|
മലയാളിക്ക് ഒരു കോടിയുടെ ലോട്ടറി വിജയം
രോഗം ബാധിച്ച് ചികിത്സയ്ക്കായി നാട്ടിലെ ആശുപത്രിയിലേയ്ക്ക് പോയ തന്റെ സുഹൃത്തിനെ സഹായിക്കുവാന്‍ എന്ത് മാര്‍ഗം എന്നാലോചിച്ച് നടക്കുമ്പോളാണ് അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശിയായ മുസ്തഫ റോഡരികില്‍ പോസ്റ്റ് കാര്‍ഡ് മില്ല്യണയര്‍ എന്ന യു.എ.ഇ. യിലെ ലോട്ടറിയുടെ പരസ്യം കണ്ടത്. സുഹൃത്തിന്റെ ചികിത്സയ്ക്കായി അദ്ദേഹം ഒരു ലോട്ടറി എടുത്തത് അങ്ങനെയാണ്.
മൂന്നാം ദിവസം ലോട്ടറി അടിയ്ക്കുകയും ചെയ്തു. ഉടന്‍ തന്നെ കോഴിക്കോട് MIMS ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ സുഹൃത്തായ നൌഷാദിനെ ഫോണില്‍ വിളിച്ചു ചികിത്സാ ചിലവിനുള്ള മുഴുവന്‍ പണവും അയച്ചു തരാം എന്നറിയിച്ചു. പതിമൂന്ന് വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന മുസ്തഫ ബീരോളി എന്ന ഈ 53കാരന്റെ ഭാര്യയും അഞ്ച് മക്കളും കേരളത്തിലാണ്. നാട്ടിലും ദുബായിലും ഇദ്ദേഹം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒരു മനുഷ്യ സ്നേഹിയാണ്. കുഞ്ഞിപ്പള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, അഴിയൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിങ്ങനെ ദുബായിലെ രണ്ട് പ്രവാസി സംഘടനകളില്‍ അംഗമാണ് മുസ്തഫ.
- ജെ. എസ്.
|
ബൂലോഗത്തില്‍ കരി വാരം
കേരള്‍സ് ഡോട് കോം എന്ന വെബ് സൈറ്റ് മലയാള ബ്ലോഗ് കൊള്ളയടിച്ചതിന് എതിരെ ബൂലോഗത്തില്‍ കരി വാരം ആചരിക്കുന്നു. കേരള്‍സ് ഡോട് കോമിന്റെ പകര്‍പ്പവകാശ ലംഘനത്തിന് എതിരേയും ചോദ്യം ചെയ്തവരോട് കൈകൊണ്ട മാഫിയാ നിലപാടുകള്‍ക്ക് എതിരെയും തങ്ങളുടെ ബ്ലോഗിന്റെ നിറങ്ങള്‍ കെടുത്തി മലയാള ബ്ലോഗര്‍മാര്‍ പ്രതിഷേധിക്കുന്നു. കേരള്‍സ് ഡോട് കോമിനെതിരെ സമരവുമായി മുന്നോട്ട് വന്ന ഇഞ്ചിപെണ്ണിന് പിന്തുണയുമായി രാജ് നീട്ടിയത്ത്, ഡാലി, വണ്‍ സ്വാളോ, അഞ്ചല്‍ക്കാരന്‍, കൊടകരപുരാണം എന്നിങ്ങനെ ഒട്ടേറെ ബ്ലോഗുകള്‍ ഇതിനോടകം കറുത്തു കഴിഞ്ഞു. ദിനം പ്രതി കൂടുതല്‍ ബ്ലോഗുകള്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു കോണ്ടിരിക്കുകയാണ്.
മലയാളം ബ്ലോഗ് പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ടു! Labels: കുറ്റകൃത്യം, പ്രതിഷേധം, ബ്ലോഗ്
- ജെ. എസ്.
4 Comments:
Links to this post: |
08 June 2008
വഴി മാറാതിരുന്ന ടാക്സിയിലെ യാത്രക്കാരിയെ കാറിടിച്ച് കൊന്നു
മൂന്ന് കുഞ്ഞുങ്ങളുടെ മാതാവായ സ്കോട്ട് ലന്‍ഡുകാരിയായ കേറ്റ് ദുബായില്‍ തന്റെ ഭര്‍ത്താവ് ജെഫ്ഫിനോടൊപ്പം തന്റെ ജന്മദിനം ആഘോഷിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു. സുഹൃത്തുക്കളായ ഡാനിയേലയും ബ്രെന്‍ഡനുമൊപ്പം ക്ലബിലേക്ക് പോകാന്‍ ടാക്സിയില്‍ യാത്ര ചെയ്ത ഇവരുടെ ടാക്സിയുടെ പിന്നാലെ വന്ന ഒരു ഹമ്മര്‍ ആണ് ഇവരെ ഇടിച്ച് വീഴ് ത്തിയത്.
ടാക്സി ഇറങ്ങിയ ശേഷം കാശ് കൊടുക്കുന്നതിനിടെയാണ് കൃത്യം നടന്നത്. ടാക്സി വഴി മാറാതെ കുറേ ദൂരം ഹമ്മറിന്റെ മുന്നില്‍ സഞ്ചരിക്കുകയും ഇടയ്ക്കിടെ ബ്രേക്കിടുകയും ചെയ്തതില്‍ രോഷം പൂണ്ടാണ് ടാക്സി ഇറങ്ങിയ യാത്രക്കാരിയെ ഹമ്മറിന്റെ ഡ്രൈവര്‍ ഇടിച്ചു വീഴ്ത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. ഇടിച്ചു തെറിപ്പിച്ച ശേഷം വണ്ടി പുറകോട്ടെടുത്ത ഇയാള്‍ വീണ്ടും ഇവരുടെ ദേഹത്ത് കൂടെ വണ്ടി കയറ്റി നിര്‍ത്താതെ ഓടിച്ച് പോവുകയും ചെയ്തു. അവിശ്വസനീയമായ ഈ കാഴ്ച നോക്കി നില്‍ക്കാനേ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുള്ളൂ. തല്‍ക്ഷണം മരണപ്പെട്ട കേറ്റിന്റെ മൃതദേഹം സ്കോട്ട് ലന്‍ഡില്‍ മറ്റന്നാള്‍ സംസ്കരിക്കും. സംഭവശേഷം നിറുത്താതെ ഓടിച്ചു പോയ യു. എ. ഇ. സ്വദേശിയായ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി. Labels: അപകടങ്ങള്‍, കുറ്റകൃത്യം, ഗതാഗതം, ദുബായ്
- ജെ. എസ്.
|
07 June 2008
വിസ തട്ടിപ്പിനിരയായ മലയാളികള്‍ അമേരിക്കയില്‍ നിരാഹാര സത്യഗ്രഹം തുടങ്ങി
അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡും കുടുംബ സമേതം താമസിച്ച് ജോലി ചെയ്യുവാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഗള്‍ഫില്‍ നിന്നും ഇന്ത്യയില്‍ നിന്നും കോണ്ടു വന്ന മലയാളികള്‍ വിസ തട്ടിപ്പിനിരയായി. ഗള്‍ഫിലും ഇന്ത്യയിലുമുള്ള പ്രമുഖ പത്രങ്ങളില്‍ മുംബായിലെ ഒരു റിക്രൂട്ട്മെന്റ് കമ്പനി നല്‍കിയ പരസ്യം കണ്ട് ജോലിയ്ക്ക് അപേക്ഷിച്ചവരാണ് തട്ടിപ്പിന് ഇരയായത്. ഫാമിലി വിസ ഇല്ലാതെ ഗള്‍ഫില്‍ ജോലി ചെയ്തു വന്ന ഇവര്‍ കുടുംബ സമേതം അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡോടു കൂടി ജോലി ചെയ്യാം എന്ന കമ്പനിയുടെ വാഗ്ദാനം കണ്ടാണ് തങ്ങളുടെ ജോലികള്‍ കളഞ്ഞ് അമേരിക്കയിലേക്കുള്ള വിസയ്ക്ക് അപേക്ഷിച്ചത്.
സച്ചിന്‍ ദേവന്‍ എന്ന മുംബായിലെ ഏജന്റ് ഇവരുടെ പക്കല്‍ നിന്നും വിസയ്ക്കായി രണ്ട് ലക്ഷം രൂപ വീതം വാങ്ങിയത്രെ. എന്നാല്‍ ഇവരെ അമേരിക്കയിലേക്ക് കൊണ്ട് വന്നത് H-2B എന്ന താല്‍ക്കാലിക വിസയിലായിരുന്നു. മിസ്സിസിപ്പിയിലേയും ടെക്സാസിലേയും കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്ത ഇവരുടെ ജീവിത സാഹചര്യങ്ങള്‍ ദയനീയമായിരുന്നു. ഇടുങ്ങിയ ലേബര്‍ ക്യാമ്പുകളില്‍ 24 പേരെ ഒരു മുറിയില്‍ കുത്തിനിറച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ക്യാമ്പ് വിട്ട് പുറത്തിറങ്ങുവാനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഇവരുടെ ശമ്പളത്തില്‍ നിന്നും മാസം പ്രതി 1050 ഡോളര്‍ കമ്പനി ഇവരുടെ ചിലവിന് എന്ന് പറഞ്ഞ് കുറയ്ക്കുകയും ചെയ്തു. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് വാഷിങ്ടണിലെ എംബസ്സി റോയില്‍ പൊതു സ്ഥലത്ത് നിരാഹാര സത്യഗ്രഹം തുടങ്ങി. ഏറ്റവും കൂടുതല്‍ നാള്‍, അതായത് 23 ദിവസം നിരാഹാരമിരുന്ന മലയാളിയായ പോള്‍ കോണാര്‍ (54) ഇതിനിടെ അവശനിലയില്‍ ആശുപത്രിയിലുമായി. ഇദ്ദേഹത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച വിട്ടയച്ചു. തങ്ങളുടെ കമ്പനിയ്ക്കും, റിക്രൂട്ട്മെന്റ് ഏജന്‍സിയ്ക്കും എതിരേ ഇവര്‍ കേസ് കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ജോലി ഉപേക്ഷിച്ചതോടെ താല്‍ക്കാലിക വിസയിലായിരുന്ന ഇവര്‍ക്ക് അമേരിക്കയില്‍ നില്‍ക്കാനുള്ള നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ കേസ് നടത്തുവാനും ബുദ്ധിമുട്ടാകും എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ തൊഴിലാളികളുടെ കഷ്ട സ്ഥിതി കണ്ട് അന്വേഷണം നടത്തുവാനും കേസ് നടക്കുന്ന കാലയളവില്‍ ഇവര്‍ക്ക് നിയമ സംരക്ഷണം നല്‍കുവാനും ഹൌസ് ഓഫ് റെപ്രസെന്റേറ്റിവ്സിലെ മൂന്ന് ഉന്നത ഡെമോക്രാറ്റുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിയതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അറിയിച്ചു. വാര്‍ത്തയ്ക്ക് കടപ്പാട്: The New York Times Labels: അമേരിക്ക, തട്ടിപ്പ്, തൊഴില്‍ നിയമം, പ്രവാസി, മനുഷ്യാവകാശം
- ജെ. എസ്.
|
06 June 2008
അരിയുടെ കയറ്റുമതി വിലക്ക് പ്രവാസികള്‍ക്ക് വിനയായി
പണപ്പെരുപ്പത്തെ തുടര്‍ന്ന് ഇന്ത്യ നടപ്പിലാക്കിയ ബസുമതി ഒഴികെയുള്ള അരിയുടെ കയറ്റുമതി വിലക്ക് മൂലം ഗള്‍ഫിലെ മലയാളികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പാലക്കാടന്‍ മട്ട അടക്കമുള്ള അരി ഇനങ്ങള്‍ ലഭിക്കാതായി.
ഇന്ത്യയില്‍ നിന്ന് ശരാശരി 80000 ടണ്‍ പാലക്കാടന്‍ മട്ടയാണ് പ്രതിവര്‍ഷം കയറ്റുമതി ചെയ്യപ്പെടുന്നത്. അരിയുടെ ഉല്‍പ്പദനം നടക്കുന്ന കൃഷി ഭൂമിയുടെ കമ്മിയും ആവശ്യകതയില്‍ ഉണ്ടായ വര്‍ദ്ധനവുമാണ് അരിയുടെ വില വര്‍ദ്ധനയ്ക്ക് കാരണം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അല്ലാതെ സര്‍ക്കാര്‍ പറയുന്നത് പോലെ കയറ്റുമതി അല്ല വില വര്‍ദ്ധനവിന് കാരണം. ഇന്ത്യയുടെ കയറ്റുമതി വിലക്കിന് പിന്നാലെ മറ്റ് പ്രമുഖ അരി കയറ്റുമതി രാജ്യങ്ങളായ തായ് ലന്‍ഡും, കമ്പോഡിയയും വിയറ്റ്നാമും കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായതും പ്രവാസികളെ ബുദ്ധിമുട്ടിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷണ-കൃഷി സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 70% വര്‍ധനവാണ് അരി വിലയില്‍ ഊണ്ടായിരിക്കുന്നത്. Labels: പ്രവാസി, സാമ്പത്തികം
- ജെ. എസ്.
|
ശ്രീശാന്തിനെ കുറിച്ചൊരു പുസ്തകം
ശാന്തകുമാരന്‍ ശ്രീശാന്ത് എന്ന കേരളത്തിന്റെ അഭിമാന ഭാജനമായ ഇന്ത്യയുടെ പേസ് ബൌളറെ കുറിച്ചൊരു പുസ്തകം എഴുതിയത് മാതൃഭൂമിയുടെ സ്പോര്‍ട്സ് മാഗസിന്‍ എഡിറ്ററായ ശ്രീ കെ. വിശ്വനാഥാണ്. പുസ്തകത്തിന്റെ പേര് “കേരളത്തിന്റെ ശ്രീശാന്ത്”.
ടീം ഇന്ത്യയിലേക്കുള്ള ശ്രീശാന്തിന്റെ ജൈത്രയാത്രയെ കുറിച്ചുള്ള ഒരു സമ്പൂര്‍ണ്ണ വിവരണമാണ് പുസ്തകം. ശ്രീശാന്തിന്റെ തന്നെ ഒരു കവിതയും പുസ്തകത്തിലുണ്ടത്രെ. റോബിന്‍ ഊത്തപ്പ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മാതൃഭൂമി ഡയറക്ടര്‍ ശ്രീ എം. വി. ശ്രേയംസ് കുമാര്‍ പുസ്തകത്തിന്റെ കോപ്പി ശ്രീശാന്തിന് നല്‍കി കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ഈ പുസ്തകം തനിക്ക് കൂടുതല്‍ നന്നായി കളിക്കുവാന്‍ പ്രചോദനം നല്‍കും എന്ന് ശ്രീശാന്ത് പറഞ്ഞു. സിനിമാ നടന്‍ ദിലീപും, ശ്രീശാന്തിന്റെയും ഉത്തപ്പയുടെയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പലരോടും ഞാന്‍ ചോദിച്ചു...തന്നില്ല Labels: സ്പോര്‍ട്ട്സ്
- ജെ. എസ്.
|
05 June 2008
ഖത്തറിന്റെ ഒളിമ്പിക് സ്വപ്നങ്ങള്‍ പൊലിഞ്ഞു
2016ലെ ഒളിമ്പിക്സിന് വേദിയാകാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക്സ് കൌണ്‍സില്‍ അംഗീകരിച്ച നാല് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് ഇടം കിട്ടിയില്ല.
2006ലെ ഏഷ്യന്‍ ഗെയിംസ് മനോഹരമായി നടത്തിയ ഖത്തര്‍ ദോഹയിലൂടെ ഒളിമ്പിക്സ് ആദ്യമായി ഗള്‍ഫ് മേഖലയില്‍ എത്തിക്കാം എന്ന പ്രതീക്ഷയിലായിരുന്നു. ഇതിനായി വിപുലമായ സന്നാഹങ്ങള്‍ തന്നെ ആയിരുന്നു ഖത്തര്‍ ഒരുക്കിയത്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര ഒളിമ്പിക് കൌണ്‍സില്‍ പുറത്ത് വിട്ട അവസാനത്തെ നാല് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഖത്തര്‍ പുറത്തായിരിക്കുകയാണ്. അമേരിക്കയിലെ ഷിക്കാഗോ, ജപ്പാനിലെ ടോക്യോ, ബ്രസീലിലെ റിയോ ഡി ജനൈറൊ, സ്പെയിനിലെ മാഡ്രിഡ് എന്നീ നഗരങ്ങളാണ് അവസാന നാലില്‍ ഇടം നേടിയത്. പ്രധാനമായ കാരണം ഈ നാല് രാജ്യങ്ങളും കൂടുതല്‍ മനോഹരമായി വേദികള്‍ ഒരുക്കിയിരുന്നു എന്നത് തന്നെയാണ്. എന്നാല്‍ അന്താരാഷ്ട്ര ഒളിമ്പിക് കൌണ്‍സില്‍ വക്താവ് പറഞ്ഞത് പുറന്തള്ളപ്പെട്ട രാജ്യങ്ങള്‍ക്ക് 2020ല്‍ വീണ്ടും അവസരം കിട്ടിയേക്കാം എന്നും അതിനാല്‍ പ്രതീക്ഷ കൈവെടിയേണ്ട എന്നും ആണ്. ദോഹയും ഇങ്ങനെ തന്നെ പ്രതീക്ഷ മുറുകെ പിടിക്കുന്നു. ഏതായാലും ഗള്‍ഫ് മേഖലയിലേക്ക് തങ്ങളിലൂടെ ഒളിമ്പിക്സ് എത്തിക്കാം എന്ന പ്രതീക്ഷ തന്നെയാണ് ഖത്തറിന് ഇപ്പോഴും ഉള്ളത്. Labels: സ്പോര്‍ട്ട്സ്
- Jishi Samuel
|
ഇന്ധന വിലവര്‍ദ്ധന - കേരളത്തില്‍ ഹര്‍ത്താല്‍
പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഇന്ന് ഇടതുപക്ഷവും ബി. ജെ. പി. യും ആഹ്വാനം ചെയ്ത സമ്പൂര്‍ണ്ണ ഹര്‍ത്താല്‍.
പെട്രോളിന് ലിറ്ററിന് 5 രൂപയാണ് വര്‍ദ്ധനവ്. ഡീസലിന് ലിറ്ററിന് 3 രൂപയും വര്‍ദ്ധിയ്ക്കും. പാചക വാതക സിലിണ്ടര്‍ ഒന്നിന് 50 രൂപ വര്‍ദ്ധിയ്ക്കും. മണ്ണെണ്ണ വിലയില്‍ മാറ്റമില്ല. ഇന്ധന വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കുറയ്ക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന നികുതിയില്‍ കുറവു വരുത്തും എന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. Labels: കേരളം
- ജെ. എസ്.
|
ദിവ്യാ ജോഷി അറസ്റ്റില്‍
തൃശ്ശൂരിലെ വിവാദ സന്യാസിനി ദിവ്യാ ജോഷിയെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചനാ കേസില്‍ പ്രതിയായ ഇവര്‍ കുറച്ചു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആശുപത്രിയില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു ശേഷം ഇവരെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവ്യാ ജോഷിയുടെ കഥ കേരളത്തിലെ ആള്‍ ദൈവങ്ങള്‍
- Jishi Samuel
|
ഒമാന്‍ എയര്‍ മസ്കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക്
ഒമാന്‍ എയര്‍ ഇന്ന് മുതല്‍ ഇനി ദിവസേന കോഴിക്കോട്ടേക്ക് പറക്കും. ഇന്ത്യയിലേക്കുള്ള തങ്ങളുടെ ഒന്‍പതാമത്തെ സര്‍വീസായിരിക്കും ഇത് എന്ന് ഒമാന്‍ എയര്‍ സീനിയര്‍ സര്‍വീസ് മാനേജറായ അബ്ദുല്‍ റസാഖ് ബിന്‍ ജുമ അല്‍ റൈസി അറിയിച്ചു. മസ്കറ്റ്-കോഴിക്കോട് റൂട്ട് ഒമാന്‍ എയറിന്റെ ഏറ്റവും ലാഭകരമായ റൂട്ടുകളില്‍ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷ.
Labels: വിമാന സര്‍വീസ്
- Jishi Samuel
|
04 June 2008
വിമാന നിരക്കുകള്‍ ഇനിയും വര്‍ദ്ധിക്കും
ഇന്ധന വില വര്‍ദ്ധനയെ തുടര്‍ന്നുണ്ടായ വിമാന നിരക്ക് വര്‍ദ്ധനക്ക് പിന്നാലെ ഇനി വിമാന കമ്പനികളുടെ പീക്ക് സീസണ്‍ നിരക്ക് വര്‍ദ്ധന കൂടി വരുന്നതോടെ അവധിക്കാലത്ത് നാട്ടില്‍ പോകാനിരിക്കുന്ന പ്രവാസികളുടെ മേല്‍ സാമ്പത്തിക ഭാരം ഇനിയും ഏറും. ജൂണ്‍ 15 മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരുന്നത്. ഇത് പക്ഷെ പീക്ക് സീസണ്‍ കഴിയുന്നതോട് കൂടി പിന്‍വലിച്ച് നിരക്കുകള്‍ പഴയത് പോലെ ആവും. ഓഗസ്റ്റ് അവസാനം വരെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ തുടരും.
- ജെ. എസ്.
|
03 June 2008
യു.എ.ഇ.യില്‍ വീസ ഫീസ് ഉടന്‍ വര്‍ധിപ്പിക്കില്ല
യു.എ.ഇ.യില്‍ സന്ദര്‍ശക വിസയ്ക്കുള്ള ഫീസ് വര്‍ധനവ് ഇതു വരെ നടപ്പിലാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക വിസയ്ക്കുള്ള ഫീസ് വര്‍ധനവ് നടപ്പിലാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല.
ഒരു മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 500 ദിര്‍ഹവും മൂന്ന് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 1000 ദിര്‍ഹവുമായിട്ടാണ് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആറ് മാസത്തേക്കുള്ള സന്ദര്‍ശക വിസയ്ക്ക് 2000 ദിര്‍ഹമായിരിക്കും പുതുക്കിയ ഫീസ്. നേരത്തെ ഈ മാസം ഒന്ന് മുതല്‍ പുതുക്കിയ ഫീസ് നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ അധികൃതര്‍ തിരുത്തിയിരിക്കുന്നത്. എന്നാല്‍ എന്ന് മുതല്‍ പുതുക്കിയ ഫീസ് നിലവില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
02 June 2008
അജ്മാനില്‍ കെട്ടിടം തകര്‍ന്നു; 6 പേരെ കാണാനില്ല
അജ്മാനില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 6 പേര്‍ മരിച്ചതായി സംശയം. അപകടത്തില്‍പ്പെട്ട ഒരാളുടെ മ്യതദേഹം പുറത്തെടുത്തു. ഹോളിഡേ ബീച്ച് ക്ലബ്ബിനടുത്ത് സിഡ്കോ കമ്പനിയുടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക വിവരം.
വാര്‍ത്ത അയച്ചു തന്നത്: സാജന്‍ വേളൂര്‍ Labels: അപകടങ്ങള്‍, യു.എ.ഇ.
- ജെ. എസ്.
|
ഒമാനിലെ ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ വേതനം കൂട്ടി
ഒമാനിലെ ഇന്ത്യക്കാരായ വീട്ടു ജോലിക്കാരുടെ മിനിമം വേതനം 75 റിയാലായി ഇന്ത്യന്‍ എംബസി നിശ്ചയിച്ചു. ഇന്നലെ മുതല്‍ ഈ ഉയര്‍ന്ന വേതന നിരക്ക് പ്രാബല്യത്തില്‍ വന്നു.
ഒമാനിലെത്തുന്ന ഇന്ത്യന്‍ വീട്ടുവേലക്കാര്‍ക്ക് 75 റിയാല്‍ ഏകദേശം 8500 രൂപയാണ് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവില്‍ 50 റിയാല്‍ ഏകദേശം 5500 രൂപയായിരുന്നു ഒമാനിലെ വീട്ടു വേലക്കാരുടെ മിനിമം വേതനം. ഉയര്‍ന്ന ജീവിതച്ചെലവ് പരിഗണിച്ചാണ് വീട്ടുവേലക്കാരുടെ മിനിമം വേതനം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ തീരുമാനിച്ചത്. ഒമാനും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം കണക്കിലെടുത്ത് ഓരോ വീട്ടുവേലക്കാര്‍ക്കും 25,000 ഡോളര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം ഒഴിവാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ പറഞ്ഞു. വീട്ടു വേലക്കാര്‍ ഇന്ത്യ വിടുന്നതിന് മുമ്പ് അവരുടെ ലേബര്‍ കോണ്‍ട്രാക്റ്റ് ഇന്ത്യന്‍ എംബസിയില്‍ ഹാജറാക്കി അറ്റസ്റ്റ് ചെയ്തിരിക്കണം. ഒമാനില്‍ എത്തിയാലുടന്‍ സ്പോണ്‍സര്‍ ജോലിക്കാര്‍ക്ക് പ്രീ പെയ്ഡ് മൊബൈല്‍ ഫോണ്‍ നല്‍കിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. വീട്ടുവേലക്കാര്‍ രാജ്യത്തെത്തി നാല് ആഴ്ചയ്ക്കകം സ്പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. വീട്ടുവേലക്കാരുടെ അവകാശങ്ങളെക്കുറിച്ച് ഇന്ത്യന്‍ എംബസി മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ പ്രത്യേക ബുക്ക് ലറ്റും പുറത്തിറക്കിയിട്ടുണ്ട്. Labels: ഒമാന്‍, തൊഴില്‍ നിയമം
- ജെ. എസ്.
|
കുവൈറ്റ് പാര്‍ലമെന്റില്‍ ഏറ്റ്മുട്ടലിന് സാധ്യത
തെരഞ്ഞെടുപ്പിന് ശേഷം കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നു. സ്പീക്കറായി ജാംസിം അല്‍ ഖറാഫിയെ തെരഞ്ഞെടുത്തു. അതേ സമയം മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ഇത്തവണയും ഏറ്റുമുട്ടലുണ്ടാകും എന്ന് തന്നെയാണ് പാര്‍ലമെന്‍റ് യോഗത്തില്‍ നടന്ന സംഭവ വികാസങ്ങള്‍ വ്യക്തമാകുന്നത്.
ഇന്നലെ രാവിലെ പത്തിനാണ് കുവൈറ്റ് പാര്‍ലമെന്‍റ് ആദ്യ യോഗം ചേര്‍ന്നത്. കഴിഞ്ഞ പാര്‍ലമെന്‍റിലെ സ്പീക്കറായിരുന്ന ജാസിം അല്‍ ഖറാഫിയെ തന്നെയാണ് ഇത്തവണയും സ്പീക്കറായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ഇദ്ദേഹത്തെ സ്പീക്കറായി തെരഞ്ഞെടുക്കുന്നത്. അതേ സമയം വനിതാ മന്ത്രിമാരായ നൗരിയ സുബിഹ് ബറാക്ക്, ഹൗസിംഗ് അഫയേഴ്സ് മന്ത്രി ഡോ. മൗദിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ഹിജാബ് ധരിച്ച് മാത്രമേ പാര്‍ലമെന്‍റിലെത്താവൂ എന്ന് ഇസ്ലാമിസ്റ്റ് എം.പി. മാര്‍ മുന്നറിയിപ്പ് നല്‍കി. ഹിജാബ് ധരിക്കാതെ പാര്‍ലമെന്‍റില്‍ എത്തിയാല്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും ഇവര്‍ ആദ്യ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മന്ത്രിമാരും ഇന്ന് ഹിജാബ് ധരിക്കാതെയാണ് പാര്‍ലമെന്‍റില്‍ എത്തിയിരുന്നത്. ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മന്ത്രിസഭയിലും അംഗമായിരുന്ന നൗരിയ സുബിഹ് ബറാക്കിനെ പാര്‍ലമെന്‍റ് ചോദ്യം ചെയ്തിരുന്നു. ഈ ഉരസലാണ് പിന്നീട് വഷളാവുകയും പാര്‍ലമെന്‍റ് പിരിച്ചു വിടുന്നതിലേക്ക് എത്തിപ്പെടുകയും ചെയ്തത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ സബാ കണ്‍സര്‍വേറ്റീവ് എം. പി. അല്‍ മുലൈഫിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട് എന്നതാണ്. തന്നെ വ്യക്തിപരമായി അവഹേളിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി എം. പി. ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയിട്ടുണ്ട്. ആദ്യ പാര്‍ലമെന്‍റ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ മന്ത്രിസഭയും പാര്‍ലമെന്‍റും തമ്മില്‍ ശക്തമായ ഉരസലിന്‍റെ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് കഴിഞ്ഞ തവണ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പിരിച്ചു വിടുകയായിരുന്നു. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഉരസലുകളും വര്‍ധിക്കുന്ന പക്ഷം ഇത്തവണയും പാര്‍ലമെന്‍റ് നാല് വര്‍ഷം പൂര്‍ത്തിയാക്കുമോ എന്നത് കണ്ടറിയണം. Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
01 June 2008
ഗള്‍ഫില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കമ്പനികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്നുവെന്നാണ് കണക്കാക്കുന്നത്.
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഭൂരിഭാഗം കമ്പനികളും ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 96 ശതമാനം കമ്പനികളും അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്നും സര്‍വേയില്‍ പറയുന്നു. ഗ്ലോബല്‍ സോഴ്സസ് എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് കേരളീയര്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനകം മിക്ക ചൈനീസ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ സോഴ്സസ് ജനറല്‍ മാനേജര്‍ ബില്‍ ജെനേരി പറഞ്ഞു. പണപ്പെരുപ്പം പല കമ്പനികളേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. 73 ശതമാനം കമ്പനികളും ഇത് സ്ഥീരീകരിച്ചതായും സര്‍വേ പറയുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ച സാഹചര്യത്തില്‍ ജൂണ്‍ 9 മുതല്‍ 11 വരെ ദുബായില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കാനും ഗ്ലോബല്‍ സോഴ്സസ് പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിലും ചൈനീസ് ഉത്പ്പന്ന വിപണന മേള നടത്താനും ഗ്ലോബല്‍ സോഴ്സസ് തീരുമാനിച്ചു കഴിഞ്ഞു. നവംബറിലായിരിക്കും മുംബൈയിലായിരിക്കും ഈ മേള നടക്കുക. Labels: ഗള്‍ഫ്, ബിസിനെസ്സ്
- ജെ. എസ്.
|
ഒമാന്‍ ബാങ്കുകള്‍ക്ക് വെള്ളിയും ശനിയും അവധി
ഒമാനില്‍ ബാങ്കുകള്‍ ജൂലൈ മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയൂള്ളൂ. വെള്ളി, ശനി ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് വാരാന്ത്യ അവധി ദിനങ്ങളായി അധികൃതര്‍ പ്രഖ്യാപിച്ചു.
ഒമാനിലെ ബാങ്കുകള്‍ക്ക് ജൂലൈ ഒന്ന് മുതലാണ് വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഇപ്പോള്‍ ബാങ്കുകള്‍ക്ക് വെള്ളിയാഴ്ച മാത്രമാണ് ഒമാനില്‍ അവധിയുള്ളത്. വ്യാഴാഴ്ചകളില്‍ ഒരു മണിക്കൂറ്‍ കുറവ് പ്രവര്‍ത്തി സമയവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്ന് മാറി വ്യാഴാഴ്ച കൃത്യമായ പ്രവര്‍ത്തി സമയവും വെള്ളിയും ശനിയും അവധിയുമെന്ന പുതിയ രീതി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. നിരവധി ബാങ്കുകളുടെ അപേക്ഷ പരിഗണിച്ചാണ് ഇത്തരത്തില്‍ അവധി ദിനങ്ങളില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. രണ്ട് ദിവസം അവധിയാകുന്നതോടെ ഉപഭോക്താക്കള്‍ക്കുള്ള ബുധിമുട്ടുകള്‍ ഒഴിവാക്കാന്‍ മിക്ക ബാങ്കുകളും 2 മുതല്‍ നാല് മണിക്കൂര്‍ വരെ ദിവസവും അധിക സമയം പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അറിയുന്നു. Labels: ഒമാന്‍
- ജെ. എസ്.
|
ദുബായില്‍ 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കില്ല
20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ 20 വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം നല്‍കരുതെന്നും മുനിസിപ്പാലിറ്റി നിര്‍ദശിച്ചിട്ടുണ്ട്.
ദുബായ് മുനിസിപ്പാലിറ്റിയുടെ ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിനോട് അനുബന്ധിച്ചാണ് കടുത്ത നിബന്ധനകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 20 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചു. ഒപ്പം ഇത്തരക്കാര്‍ക്ക് പുകവലിക്കാര്‍ക്കായി പ്രത്യേകം നീക്കിവച്ച പ്രദേശങ്ങളില്‍ പ്രവേശനം നല്‍കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിന്‍ ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്. യു.എ.ഇ. യിലെ ഓരോ പത്ത് പേരിലും മൂന്ന് പേര്‍ പുകവലിക്കാരായി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുകവലിക്കാത്തവര്‍ക്ക് ബുധിമുട്ടാവാതിരിക്കാന്‍ ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളില്‍ അധികൃതര്‍ നേരത്തെ തന്നെ പുകവലി നിരോധിച്ചിട്ടുണ്ട്.ഷോപ്പിംഗ് മോളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോള്‍ ദുബായില്‍ പുകവലി നിരോധന മേഖലയാണ്.20 വയസിന് താഴെയുള്ളവര്‍ക്ക് പുകലിയ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ പിഴ ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു ഗൈഡും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. Labels: ദുബായ്
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്