31 July 2008
കുവൈറ്റില്‍ നിന്ന് ആയിരത്തോളം തൊഴിലാളികളെ നാട് കടത്തി
കുവൈറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ക്ലീനിംഗ് തൊഴിലാളികളുടെ സമരത്തില്‍ പങ്കെടുത്ത ആയിരത്തോളം ബംഗ്ലാദേശി തൊഴിലാളികളെ നാടു കടത്തി.
സമരം അക്രമത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഈ നടപടി. തുടക്കത്തില്‍ ആഭ്യന്തര മന്ത്രാലയം തൊഴിലാളികളോട് അനുഭാവ പൂര്‍വം പെരുമാറി എങ്കിലും സമരം അക്രമാസക്ത മായതോടെ ശക്തമായ നടപടി എടുക്കുക യായിരുന്നു. എന്നാല്‍ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനയും മെച്ചപ്പെട്ട താമസ സൗകര്യവും നല്‍കണമെന്ന് കുവൈറ്റ് തൊഴില്‍ മന്ത്രാലയം കമ്പനികളോട് നിര്‍ദേശിച്ചു. Labels: കുവൈറ്റ്, തൊഴില്‍ നിയമം, പ്രതിഷേധം, പ്രവാസി
- ജെ. എസ്.
|
തീവ്രവാദികള്‍ മോചിപ്പിച്ച അഭിലാഷ് ഇന്ന് നാട്ടിലെത്തും
സുഡാനില്‍ തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ മലയാളിയായ അഭിലാഷ് ഇന്ന് നാട്ടിലെത്തും. സുഡാനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാ മധ്യേ ദോഹയിലെത്തിയ അഭിലാഷ് നീണ്ട 73 ദിവസം താന്‍ അനുഭവിച്ച ദുരിതങ്ങള്‍ ദോഹയിലെ മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചു.
തീവ്രവാദികളുടെ കയ്യില്‍ നിന്നും മോചിതനായ താന്‍ ഇന്നലെയാണ് സുഡാനിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയതെന്നും തീവ്രവാദികള്‍ തികച്ചും സൗഹാര്‍ദ്ദ പരമായാണ് പെരുമാറിയതെന്നും അഭിലാഷ് പറഞ്ഞു. മുംബൈ അസ്ഥാനമായുള്ള പെട്രോ എഞ്ചിനീയറിംഗിന്‍റെ ജോലിക്കാരനായാണ് അഭിലാഷ് സുഡാനില്‍ എത്തിയത്. തന്‍റെ മോചനത്തിനായി ശ്രമിച്ച എല്ലാവരോടും അഭിലാഷ് നന്ദി പറഞ്ഞു. അഭിലാഷ് നേരത്തെ ജോലി ചെയ്തിരുന്ന ഗള്‍ഫാര്‍ ഗ്രൂപ്പും ദോഹയിലെ ഇന്ത്യന്‍ നാഷണല്‍സ് എബ്രോഡ് എന്ന സംഘടനയും ചേര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വഴി നടത്തിയ ശ്രമങ്ങളാണ് അഭിലാഷിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്. Labels: തീവ്രവാദം
- ജെ. എസ്.
|
30 July 2008
സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടും
ദുബായില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടുച്ചു പൂട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ സ്ഥലത്ത് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ദുബായിലെ കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ 249 അപകടങ്ങള്‍ ഉണ്ടായതായാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ കണക്ക്.
ഇതില്‍ 47.8 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണ കേസുകളാണ്. നിര്‍മ്മാണ സൈറ്റുകളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് മുസിപ്പാലിറ്റി അധികൃതര്‍ കര്‍ശന നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ അടച്ചുപൂട്ടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് മുന്നറിയിപ്പുകള്‍ക്ക് ശേഷവും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആയിരിക്കും ഇവ അടച്ച് പൂട്ടുക. നിര്‍മ്മാണ കമ്പനികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കുമായി ഇന്ന് ദുബായ് മുനിസിപ്പാലിറ്റി പുതിയ സുരക്ഷാ മാന്വല്‍ പുറത്തിറിക്കുകയും ചെയ്തു. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നതാണ് ഈ മാന്വല്‍. നിര്‍മ്മാണ സൈറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി 865 അപകടങ്ങള്‍ നടന്നതായാണ് അധികൃതരുടെ കണക്ക്. ഇതില്‍ 45 ശതമാനവും ഉയരത്തില്‍ നിന്ന് താഴെ വീണുണ്ടായ അപകടങ്ങളാണ്. നിര്‍മ്മാണ സ്ഥലം തകര്‍ന്ന് വീണ് 23 ശതമാനം അപടകങ്ങളും യന്ത്രങ്ങള്‍ മൂലമുള്ള അപകടങ്ങള്‍ 14 ശതമാനവും ഇലക്ട്രിക് ഷോക്കേറ്റുള്ള അപകടങ്ങള്‍ 7 ശതമാനവും ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ സ്ഥലങ്ങളിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പുതിയ നടപടികള്‍ കൈക്കൊ ണ്ടിരിക്കുന്നത്. ഇത് ഫലവത്താകും എന്നാണ് പ്രതീക്ഷ. Labels: അപകടങ്ങള്‍, ദുബായ്, വ്യവസായം
- ജെ. എസ്.
|
29 July 2008
യു.എ.ഇ. യില്‍ പുതിയ ഫെഡറല്‍ വിസ നിയമം ഇന്ന് മുതല്‍
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഫെഡറല്‍ നിയമത്തില്‍ 16 പുതിയ തരം വിസകള്‍ അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിസിറ്റ് വിസ നല്‍കുന്നതിന് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു മാസം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ടേം വിസകളും 90 ദിവസം ദൈര്‍ഘ്യമുള്ള ലോംഗ് ടേം വിസിറ്റ് വിസകളും അപേക്ഷകന്‍റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. ഇനി മുതല്‍ ഓരോ വിസ അപേക്ഷയ്ക്കുമൊപ്പം 1000 ദിര്‍ഹം ഡെപ്പോസിറ്റ് ചെയ്യണം. രാജ്യത്ത് പ്രവേശിക്കുന്നവരെല്ലാം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിബന്ധനയുമുണ്ട്. പുതിയ നിയമ പ്രകാരം എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും. നിലവില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കിയിരുന്നില്ല. ട്രാവല്‍ ഏജന്‍റുമാര്‍ക്കും ഹോട്ടലുകള്‍ക്കും മാത്രമേ ടൂറിസ്റ്റ് വിസകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനാവൂ. വ്യക്തികളുടെ അപേക്ഷകള്‍ സ്വീകരിക്കില്ല. അതേ സമയം വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നവ ര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ തൊഴിലാളി ചുരുങ്ങിയത് 50,000 ദിര്‍ഹം പിഴ അടക്കേണ്ടി വരും. കൂടാതെ യു.എ.ഇ.യില്‍ പ്രവേശിക്കുന്നതിന് നിരോധനവും ഏര്‍പ്പെടുത്തും. വിസിറ്റ് വിസക്കാരെ ജോലിക്ക് വയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷയും ഉണ്ടാകും. ആറ് മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, എജ്യുക്കേഷന്‍ വിസ, മെഡിക്കല്‍ ട്രീറ്റ്മെന്‍റ് വിസ തുടങ്ങിയ 16 തരം വിസകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക.
Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
28 July 2008
പെണ്‍ വാണിഭം തിരുവനന്തപുരം എമിഗ്രേഷന്റെ ഒത്താശയോടെ
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഗള്‍ഫിലെത്തിച്ച് പെണ്‍ വാണിഭ സംഘത്തിന് വില്‍ക്കുന്നവരുടെ പ്രവര്‍ത്തനം സജീവമാകുന്നതായി കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിക്കുന്ന സംഘം തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇവരെ കയറ്റി വിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ചില എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെയാണ് മിക്ക യുവതികളേയും വിമാനം കയറ്റിവിടുന്നത്. ഏജന്‍റിന്‍റെ ഒരു ഫോണ്‍ കോളിലൂടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെ തനിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനം കയറാനായെന്ന് കഴിഞ്ഞ ദിവസം പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്നും ചാനല്‍ ന്യൂസ് സംഘത്തിന്‍റെ സഹായത്തോടെ രക്ഷപ്പെട്ട യുവതി വ്യക്തമാക്കി. യുവതികള്‍ക്ക് ഒറ്റയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ കര്‍ശന നിബന്ധനകള്‍ നില നില്‍ക്കേയാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ട യുവതികള്‍ പോലും തിരുവനന്തപുരം വിമാനത്താവളം വഴി എളുപ്പത്തില്‍ വിമാനം കയറുന്നത്. ഇപ്പോഴും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള പുഷിംഗ് എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഈ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിലനില്‍ക്കു ന്നുണ്ടെന്നാണ് വ്യക്തമാവുന്നത്. Labels: കുറ്റകൃത്യം, തട്ടിപ്പ്, പീഢനം, സ്ത്രീ
- ജെ. എസ്.
|
27 July 2008
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ നിലക്ക് നിര്‍ത്തും
യാത്രക്കാരോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നു എന്ന പരാതി അതീവ ഗൗരവമായി കാണുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഓ.ഓ. ക്യാപ്റ്റന്‍ പി. പി. സിംഗ് പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാന താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളിലെ സ്റ്റാഫുകളുടെ നിലവാരത്തെ പറ്റിയുള്ള പരാതിയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വിമാനങ്ങള്‍ വൈകി പറക്കുന്നത് പരമാവധി ഒഴിവാക്കും. ഏതാനും ചില പുതിയ റൂട്ടുകള്‍ കൂടി തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് പദ്ധതിയുണ്ട്. ബജറ്റ് എയര്‍ലൈന്‍ എന്ന നിലയിലുള്ള പരമാവധി സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മിഡില്‍ ഈസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ദ്ധാന്‍, എം.പി. ദാബി, ശുഭാംഗനി വൈദ്യ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
26 July 2008
സുഡാനില്‍ ബന്ദിയായ മലയാളി മോചിതനായി
കൊച്ചി പറവൂര്‍ സ്വദേശിയായ അഭിലാഷ് ഇന്ത്യന്‍ എംബസിയില്‍ എത്തിയതായി കേന്ദ്ര മന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
സുഡാനിലെ എണ്ണ ക്കമ്പനിയില്‍ ജോലി നോക്കിയിരുന്ന അഭിലാഷ് ഉള്‍പ്പെടെ നാലു പേരെ സുഡാന്‍ വിമതര്‍ രണ്ടു മാസം മുമ്പാണ് ബന്ദികളാക്കിയത്. ഇതില്‍ നിന്നും രണ്ടു പേര്‍ ബന്ദികളുടെ പിടിയില്‍ നിന്നും രക്ഷപെട്ടിരുന്നു. ഇവരെ മോചിപ്പിക്കു ന്നതിനായി നയതന്ത്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തി വരിക യായിരുന്നു. അഭിലാഷിന്‍റെ മോചന വാര്‍ത്ത യറിഞ്ഞ് പറവൂരിലെ അഭിലാഷിന്‍റെ വീട്ടുകാര്‍ ആഹ്ലാദത്തിലാണ്. കഴിഞ്ഞ രണ്ടു മാസമായി മകന്‍റെ വിവരമൊന്നും അറിയാതെ വിഷമിക്കുക യായിരുന്നു അഭിലാഷിന്‍റെ അച്ഛനും അമ്മയും. മെയ് 13നാണ് അഭിലാഷിനെ തട്ടി ക്കൊണ്ടു പോയത്. അഭിലാഷ് ഉള്‍പ്പടെ നാല് ഇന്ത്യാക്കരെയും ഒരു സുഡാന്‍ സ്വദേശിയെയുമാണ് തട്ടി ക്കൊണ്ട് പോയത്.ജോലി കഴിഞ്ഞ് മടങ്ങുന്ന തിനിടയി ലായിരുന്നു തട്ടി ക്കൊണ്ട് പോകല്‍. അഭിലാഷ് ജൂണില്‍ നാട്ടില്‍ വരാനിരി ക്കുകയായിരുന്നു. അഭിലാഷ് ബന്ദിയാക്കപ്പെട്ട വിവരമറിഞ്ഞ് അഭിലാഷിന്‍റെ മോചനത്തിനായി ശ്രമിച്ചു വരികയായിരുന്നു ബന്ധുക്കള്‍. Labels: തീവ്രവാദം
- ജെ. എസ്.
|
കുവൈറ്റില്‍ വൈദ്യ പരിശോധന കര്‍ശനമാക്കും
കുവൈറ്റില്‍ നിന്നും നാട്ടില്‍ പോയി തിരിച്ചു വരുന്ന വിദേശികള്‍ക്ക് വിമാന ത്താവളത്തിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും വൈദ്യ പരിശോധന നടത്താനുള്ള തീരുമാനം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മനുഷ്യാ വകാശ പ്രവര്‍ത്തകരുടെ വിയോജിപ്പിനെ തുടര്‍ന്ന് ഈ തീരുമാനം മാറ്റി വയ്ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
കുവൈറ്റിന്റെ ആരോഗ്യ സുരക്ഷയാണ് പ്രധാനമെന്നും വിമര്‍ശനങ്ങള്‍ കാര്യമാക്കില്ലെന്നും ആരോഗ്യ മന്ത്രി അലി അല്‍ ബറാക്ക് പറഞ്ഞു.
- ജെ. എസ്.
|
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കേണ്ടത് സ്പോണ്‍സര്‍
യു.എ.ഇ.യിലെ എല്ലാ വിസകള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വേണമെന്ന നിബന്ധന നടപ്പിലാക്കേണ്ടത് സ്പോണ്‍സര്‍ മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതായത് വിസ എടുക്കുന്ന സ്പോണ്‍സര്‍ തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനുള്ള തുകയും അടയ്ക്കണം. ഈ മാസം 29 മുതലാണ് പുതിയ വിസ നിയമം യു.എ.ഇ.യില്‍ നടപ്പിലാവുന്നത്. എല്ലാ വിസിറ്റ് വിസകളും ഇനി മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ നല്‍കുകയുള്ളൂ. എന്നാല്‍ എത്ര തുകയാണ് ഇന്‍ഷുറന്‍സ് തുകയായി അടയ്ക്കേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
Labels: ആരോഗ്യം, തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
25 July 2008
റിയാലിറ്റി ഷോ പീഡനം - നടപടി ഉണ്ടാവും
റിയാലിറ്റി ഷോ എന്ന പേരില്‍ ടി.വി. ചാനലുകള്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നത് തടയും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നിയമസഭയില്‍ ഇത് സംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 1995 ലെ കേബ്ള്‍ ടി.വി. നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ട് പരിമിതമാണ്. ഈ ആക്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം പീഡനം സര്‍ക്കാര്‍ തടയുക തന്നെ ചെയ്യും. നിയമത്തിന്റെ പരിമിതി അതിനു തടസം ആവില്ല. പരാതി ലഭിച്ചാല്‍ പീഡനത്തിന് കാരണം ആവുന്ന എല്ലാവര്‍ക്കും എതിരെ ശക്തമായ നടപടികള്‍ തന്നെ ഉണ്ടാവും. പീഡിപ്പിയ്ക്കുന്നവര്‍ ആരു തന്നെ ആയാലും അവര്‍ ശിക്ഷിയ്ക്കപ്പെടുകയും ചെയ്യും എന്ന് മന്ത്രി അറിയിച്ചു.
അടുത്തയിടെ ചില ചാനലുകളില്‍ റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികളെ പീഡിപ്പിയ്ക്കുന്നതും പീഡനമേറ്റ് കുട്ടികള്‍ പരസ്യമായി കരയുന്നതും മറ്റും പ്രദര്‍ശിപ്പിയ്ക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലൈംഗിക ചുവയുള്ള ജഡ്ജിമാരുടെ കമന്റുകളും സാഡിസം എന്ന അന്യന്റെ പീഡനത്തില്‍ രസം കണ്ടെത്തുന്ന വൈകല്യം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും പല ചാനലുകളുടേയും റേറ്റിങ്ങ് കുതിച്ച് ഉയരാനും കാരണമായി.
Labels: കുട്ടികള്‍, പീഢനം
- ജെ. എസ്.
1 Comments:
Links to this post: |
24 July 2008
യു.എ.ഇ. വിസിറ്റ് വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു
അയല്‍ രാജ്യങ്ങളില്‍ പോയി വിസ മാറ്റി തിരിച്ചു വരുന്ന സംവിധാനം നിര്‍ത്തലാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവിലെ വിസകള്‍ക്ക് പുറമേ പുതിയ തരം വിസിറ്റ് വിസകള്‍ യു.എ.ഇ. പ്രഖ്യാപിച്ചത് ജൂണ്‍ മാസത്തിലാണ്. 16 തരം വിസിറ്റ് വിസകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.
സൗകര്യപ്രദമായ വിസകള്‍ പ്രഖ്യാപിച്ചതിനൊപ്പം തന്നെ വിസിറ്റ് വിസ നിയമങ്ങള്‍ യു.എ.ഇ കൂടുതല്‍ കര്‍ശന മാക്കുക യാണിപ്പോള്‍. നിലവില്‍ വിസിറ്റ് വിസയില്‍ ഉള്ളവര്‍ അത് മാറ്റാന്‍ തൊട്ടടുത്ത ഒമാനിലോ കിഷ് ഐലന്‍റിലോ പോയി മറ്റൊരു വിസിറ്റ് വിസയില്‍ രാജ്യത്ത് തിരിച്ചെത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ അയര്‍ രാജ്യങ്ങളില്‍ പോയി വിസ മാറ്റി തിരിച്ചു വരുന്ന സംവിധാനം നിര്‍ത്തലാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറിയുന്നു. ഈ നടപടി നിരുത്സാഹ പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. വിസിറ്റ് വിസയില്‍ ഉള്ളവര്‍ വിസ മാറാന്‍ തൊട്ടടുത്ത രാജ്യങ്ങളില്‍ പോകാതെ സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് എന്‍ട്രി പെര്‍മിറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ മുഹമ്മദ് അഹമ്മദ് അല്‍ ഹമ്മാദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത രാജ്യങ്ങളില്‍ വിസ മാറ്റത്തിന് പോകുന്നവരുടെ വിസ അപേക്ഷ തിരസ്ക്കരിക്കുമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. ഷാര്‍ജയില്‍ ഇതിനകം തന്നെ വിസിറ്റ് വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ക്കഴിഞ്ഞു. ഒരു വിസിറ്റ് വിസ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമേ അടുത്ത വിസിറ്റ് വിസ നല്‍കുകയുള്ളൂ എന്നാണ് അധികൃതരുടെ തീരുമാനം. ഏതായാലും ഇത് സംബന്ധിച്ചുള്ള വ്യക്തമായ നിയമം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Labels: തൊഴില്‍ നിയമം, യു.എ.ഇ.
- ജെ. എസ്.
|
ശൈലുവയ്യന്റെ രക്ഷയ്ക്ക് മലയാളി എഞ്ചിനിയര്‍മാര്‍
ദേഹം ആസകലം പൊള്ളലേറ്റ് ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ശൈലുവയ്യന്‍ എന്ന ചെറുപ്പക്കാരന് സഹായവുമായി യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാര്‍ രംഗത്തെത്തി. 28 കാരനായ ശൈലുവയ്യന്‍ ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫയര്‍ ഫൈറ്റര്‍ ആയി ജോലി കിട്ടി നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പാണ് യു.എ.ഇ.യില്‍ എത്തിയത്. അതി രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്നതിനു മുന്‍പായി ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാചക വാതകം ചോര്‍ന്ന് ഇയാള്‍ താമസിച്ച ഫ്ലാറ്റിന് തീ പിടിക്കുകയാണ് ഉണ്ടായത്. 80% പൊള്ളലേറ്റ ശൈലുവയ്യന്‍ ഇപ്പോള്‍ ഷാര്‍ജയിലെ കുവൈറ്റ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുവൈറ്റ് ഹോസ്പിറ്റലിലെ പുരുഷ വാര്‍ഡിനടുത്ത് ചെന്നാല്‍ പൊള്ളലിന്റെ നീറ്റലാല്‍ പുളയുന്ന ശൈലുവയ്യന്റെ ദീന രോദനം ഇപ്പോഴും കേള്‍ക്കാം. ഇത് കേട്ട ഒരു മലയാളി എഞ്ചിനിയര്‍ ആയ ശ്രീ സനു മാത്യു ആണ് ഇത് യു.എ.ഇ.യിലെ മലയാളി എഞ്ചിനിയര്‍മാരുടെ സംഘടനയായ KERAയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നത്. KERA യ്ക്ക് പിന്നാലെ പാലക്കാട്ടെ NSS College of Engineering ലെ എഞ്ചിനിയര്‍മാരുടെ കൂട്ടായ്മയായ NSS Alumniയും ശൈലുവയ്യന്റെ സഹായത്തിനായി രംഗത്തിറങ്ങി.
തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ശൈലുവയ്യന്റെ ഭാര്യ ബധിരയും മൂകയുമാണ്. മൂന്നു വയസ്സുള്ള ഒരു മകന്‍ ഇവര്‍ക്കുണ്ട്. ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ നാട്ടില്‍ നിന്നും വെറും നാലു മാസം മുന്‍പ് യാത്രയായ ശൈലുവയ്യന്‍ വിധിയുടെ ക്രൂരതയ്ക്ക് പാത്രമാവുകയായിരുന്നു. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ചികിത്സയ്ക്ക് ശേഷം ഒരു പക്ഷെ ഇയാളുടെ വേദന ശമിച്ചേയ്ക്കാം. എന്നാലും ജോലി എടുക്കുവാനോ കുടുംബം നോക്കുവാനോ ഇനി ഇയാള്‍ക്ക് കഴിയില്ല എന്നുറപ്പാണ്. തുടര്‍ന്നുള്ള ചികിത്സയ്ക്കും കുടുംബത്തിനെ മുന്നോട്ട് നയിക്കുവാനും ഇവര്‍ക്ക് മറ്റുള്ളവരുടെ പക്കല്‍ നിന്നുമുള്ള സാമ്പത്തിക സഹായം കൂടിയേ തീരൂ. നിങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിയ്ക്കുവാന്‍ ശൈലുവയ്യന്റെ ഭാര്യയുടെ ബാങ്ക് അക്കൌണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു: MRS.SHYLUVAYYAN BRIGIT A/C NO 15312, INDAIN BANK, KARUNGULAM BARANCH VALIAPALLY JUNCTION PULLUVILA P.O. THIRUVANANTHAPURAM DIST KERALA ശൈലുവയ്യന്റെ മൊബൈല്‍ നമ്പര്‍: 055 7166958 ഇദ്ദേഹത്തിന്റെ സുഹൃത്തായ തദെവൂസിന്റെ മൊബൈല്‍ നമ്പര്‍: 050 6941354
Labels: അപകടങ്ങള്‍, ദുരന്തം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
|
23 July 2008
ജിദ്ദയിലെ മലയാളിയുടെ വധം; കൂട്ടുകാരന്‍ പിടിയില്‍
ജിദ്ദയില്‍ കഴിഞ്ഞ ദിവസം മലയാളി കൊല്ലപ്പെട്ട തുമായി ബന്ധപ്പെട്ട് സുഹൃത്തിനെ അറസ്റ്റ് ചെയ്തു. വയനാട് ആണ്ടൂര്‍ സ്വദേശി അമ്പല വയല്‍ മുസ്തഫയാണ് കഴിഞ്ഞ ദിവസം ജിദ്ദയിലെ സുലൈമാനിയ യില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.
മുസ്തഫയുടെ സുഹൃത്തും സഹ പ്രവര്‍ത്തക നുമായ കണ്ണൂര്‍ പയങ്ങാടി രാജുവിനെയാണ് മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പണമിട പാടുമായി ബന്ധപ്പെട്ട് ഇരുവരും വാക്കു തര്‍ക്കമു ണ്ടായിരുന്നതായി പറയപ്പെടുന്നു. Labels: കുറ്റകൃത്യം, സൌദി
- ജെ. എസ്.
|
ദുബായില്‍ കാര്‍ പൂളിംഗ് സംവിധാനം
ഗതാഗത കുരുക്ക് കൊണ്ട് ബുദ്ധിമുട്ടുന്ന ദുബായിയെ അതില്‍ നിന്ന് മോചിപ്പി ക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ കാര്‍ പൂളിംഗ് സംവിധാനം നടപ്പിലാക്കിയത്. ഇത് പ്രകാരം ഒരേ സ്ഥാപനത്തിലോ അടുത്തടുത്ത സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്ക് ഒരേ കാറില്‍ ഓഫീസില്‍ പോയി വരാം. നിലവില്‍ ഇത്തരത്തില്‍ പോകാന്‍ നിയമം അനുവദിച്ചിരുന്നില്ല. കള്ള ടാക്സികളായാണ് ഇങ്ങനെ യാത്ര ചെയ്യുന്നവരെ പരിഗണിച്ചിരുന്നത്.
കാര്‍ പൂളിംഗ് സംവിധാനം നടപ്പിലായതോടെ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് ഒരു കാറില്‍ ഓഫീസില്‍ പോയി വരാനാകും. എന്നാല്‍ കാറില്‍ യാത്ര ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. ആര്‍.ടി.എ.യുടെ വെബ് സൈറ്റില്‍ പോയി കാര്‍ ഷെയര്‍ ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരമാവധി നാല് പേരെ ഒരു കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ദുബായിലെ ഗതാഗത തടസം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലവില്‍ ദുബായില്‍ 1000 പേര്‍ക്ക് 541 കാറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു കാര്‍ പരമാവധി 1.3 ശതമാനം പേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ കാര്‍ പൂളിംഗ് സംവിധാനത്തിലൂടെ നല്ലൊരു ശതമാനം ട്രാഫിക് കുറയ്ക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.
- ജെ. എസ്.
|
22 July 2008
ദുബായില്‍ പ്രവാസികളെ കൂട്ടത്തോടെ വില്ലകളില്‍ നിന്ന് ഒഴിപ്പിക്കുന്നു
ദുബായിലെ വില്ലകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം നടപ്പിലാക്കു ന്നതിനായി കൂടുതല്‍ വില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. റാഷിദിയ പ്രദേശത്താണ് ഈ നിയമം ആദ്യം നടപ്പിലാക്കിയത്. ഇപ്പോള്‍ ജുമേര, അബു ഹെയ്ല്‍ എന്നിവിട ങ്ങളിലെ വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് ദുബായ് മുനിസിപ്പാലിറ്റി നല്‍കി ക്കഴിഞ്ഞു.
ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കാന്‍ പാടില്ലെന്ന നിയമം കഴിഞ്ഞ ഏപ്രീലിലാണ് ദുബായില്‍ നടപ്പിലാക്കിയത്. 600 ലധികം കുടുംബങ്ങള്‍ക്ക് ആ മാസത്തില്‍ തന്നെ വില്ല ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി 1800 ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കിയെന്നാണ് കണക്ക്. ഇപ്പോള്‍ ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകളില്‍ ഒഴിയാനുള്ള നോട്ടീസ് അധികൃതര്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ഒരു വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വാടക കുറവാണ് എന്നതു കൊണ്ട് തന്നെ ഒരു വില്ലയില്‍ ശരാശരി മൂന്നൂം നാലും കുടുംബങ്ങളാണ് താമസിച്ചു കൊണ്ടിരുന്നത്. ജുമേറ-1, അബു ഹെയ്ല്‍, ജാഫിലിയ എന്നിവിടങ്ങളില്‍ ഒഴിയാനുള്ള നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഇവിടെ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ താമസിക്കാന്‍ പുതിയ ഇടം തേടേണ്ടി വരും. ഫ്ലാറ്റുകളില്‍ വില്ലകളേക്കാള്‍ ഇരട്ടി വാടക നല്‍കേണ്ടി വരും എന്നത് കൊണ്ട് തന്നെ ഇവിടെ നിന്ന് ഒഴിയുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകും. അതേ സമയം ഫ്ലാറ്റുകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നതിന് കുഴപ്പമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വില്ലകളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങിയതോടെ ഫ്ലാറ്റുകള്‍ കിട്ടാത്ത അവസ്ഥയാണ് ദുബായില്‍ പലയിടത്തും. ഒഴിവുള്ള ഫ്ലാറ്റുകള്‍ക്കാവട്ടെ അമിത വാടകയും. ഏതായാലും കൂടുതല്‍ സ്ഥലങ്ങളില്‍ വില്ലകളിലെ ഒഴിപ്പിക്കല്‍ നടപ്പിലാവുന്നതോടെ സാധാരണക്കാരായ നിരവധി പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കേണ്ടി വരും.
- ജെ. എസ്.
|
അനോണിമസ് കമന്റ് ശല്യം
ബ്ലോഗിലും, കമന്റ് സൌകര്യം അനുവദിച്ചിട്ടുള്ള മറ്റ് പൊതു വെബ് സൈറ്റുകളിലും കണ്ടു വരുന്ന ഒരു ദുഷ് പ്രവണതയാണ് അനോണിമസ് ആയി നടത്തുന്ന വ്യക്തിഹത്യ. താന്‍ ആരാണെന്ന് വെളിപ്പെടുത്താതെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ ഉള്ള സൌകര്യം - അതു തന്നെ ആണ് ഇന്റര്‍നെറ്റ് ഒരുക്കി തരുന്ന ഏറ്റവും ആകര്‍ഷകമായ ആശയ വിനിമയ സ്വാതന്ത്ര്യം. പൊതു ജീവിതത്തില്‍ വഹിയ്ക്കേണ്ടി വരുന്ന സാമൂഹിക സ്ഥാനങ്ങളുടെ പരിമിതികള്‍ ലംഘിച്ച് സ്വന്തം അഭിപ്രായം ലോകം മുഴുവന്‍ കേള്‍ക്കുമാറ് വെട്ടി തുറന്നു പറയുവാനുള്ള സൌകര്യം. ഈ നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു മാധ്യമ സാധ്യതയാണിത്.
അനോണിമസ് ആയി വിഹരിയ്ക്കുവാന്‍ ലഭിയ്ക്കുന്ന അവസരം പക്ഷെ പലരും തങ്ങളുടെ വ്യക്തി വൈകല്യം ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ ദുരുപയോഗപ്പെടുത്തി വരുന്നത് അപലപനീയം തന്നെയാണ്. ഒളിച്ചിരുന്ന് അസഭ്യം പറയുന്നതിന്റെ സുഖം തേടി പൊതു വെബ് സൈറ്റുകളില്‍ കയറി ഇറങ്ങുന്നവരുടെ ശല്യം കാരണം പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗുകളില്‍ നിന്ന് അനോണിമസ് ആയി കമന്റിടാന്‍ ഉള്ള സൌകര്യം എടുത്തു കളഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു ശല്യത്തിനു വിധേയമായ ഒരു ബ്ലോഗര്‍ കേരളാ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തെ സമീപിച്ചിരിക്കുന്നു. തന്റെ ബ്ലോഗിനെയോ എഴുത്തിനേയോ വിമര്‍ശിക്കുന്നതില്‍ തനിക്ക് വിഷമം ഇല്ല എന്ന് പറയുന്ന ഇദ്ദേഹം പക്ഷെ തന്റെ വായനക്കാരെ കൂടി ഈ അജ്ഞാത കമന്റുകാരന്‍ അധിക്ഷേപിക്കുവാനും മാന്യമല്ലാത്ത “വൃത്തികെട്ട” വാക്കുകള്‍ പ്രയോഗിക്കുവാനും തുടങ്ങിയപ്പോഴാണ് ഇതിന് എതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെ പറ്റി താന്‍ ഗൌരവം ആയി ചിന്തിക്കാന്‍ തുടങ്ങിയത് എന്ന് പറയുന്നു. ഇങ്ങനെയുള്ള അധിക്ഷേപം സ്വന്തം പേര്‍ വെളിപ്പെടുത്തി കൊണ്ട് നടത്തുവാന്‍ ഇയാള്‍ തയ്യാര്‍ ആവുമോ എന്നും ഇദ്ദേഹം ചോദിയ്ക്കുന്നു. സൈബര്‍ ക്രൈം വിഭാഗത്തിലെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ ആവശ്യപ്പെട്ട പ്രകാരം ഇദ്ദേഹം ഒരു സ്ക്രിപ്റ്റ് തന്റെ ബ്ലോഗില്‍ ചേര്‍ത്തു. ഈ സ്ക്രിപ്റ്റിന്റെ സഹായത്തോടെ ഇദ്ദേഹത്തിന്റെ ബ്ലോഗില്‍ അനോണിമസ് ആയി കമന്റ് ഇടുന്ന ആള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ IP address ഇവര്‍ കണ്ടെടുക്കുകയും പ്രസ്തുത IP അനുവദിച്ചിട്ടുള്ളത് Asianet Dataline ആണെന്ന് മനസ്സിലാക്കുകയും ചെയ്തുവത്രെ. Asianet Dataline ന്റെ server log പരിശോധിച്ച് പ്രസ്തുത IP ബ്ലോഗിലെ കമന്റ് ഇട്ട സമയത്ത് ഏത് ഉപഭോക്താവിനാണ് നല്‍കിയത് എന്ന് കൂടി പരിശോധിക്കുന്നതോടെ ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുവാന്‍ മതിയായ തെളിവാകുമത്രെ. ഇതിന് ഇനി ശേഷിക്കുന്നത് ചില ഔപചാരിക നടപടി ക്രമങ്ങള്‍ മാത്രം. e പത്രത്തില്‍ ഈ ബ്ലോഗറുടെ ചില സൃഷ്ടികള്‍ വന്നതിനെ തുടര്‍ന്ന്‍ ഇത് പോലുള്ള കമന്റുകള്‍ e പത്രത്തിലും വന്നിരുന്നു. അനോണിമസ് ആയി അഭിപ്രായം പറയുക എന്നത് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്നിരിക്കെ അനോണിമസ് കമന്റുകള്‍ ഇടാനുള്ള സംവിധാനം e പത്രം നില നിര്‍ത്തി വരികയാണ്. തീര്‍ത്തും അനുവദനീയമല്ലാത്ത കമന്റുകള്‍ മാത്രം നീക്കം ചെയ്യാറുള്ള e പത്രത്തിന് പ്രസ്തുത ബ്ലോഗറുടെ സൃഷ്ടികള്‍ക്കു നേരെ വന്ന ആക്രമണത്തിന് ഇരയാകേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. e പത്രത്തില്‍ ഇയാളുടെ നേര്‍ക്ക് വന്ന ആക്രമണത്തിനു പിന്നിലെ അജ്ഞാതന്‍ ആരാണെന്നും അന്വേഷണം നടത്തുവാന്‍ ഇദ്ദേഹം ഉദ്ദേശിയ്ക്കുന്നുണ്ടെന്ന് അറിയുന്നു. നിയമപാലകര്‍ ആവശ്യപ്പെട്ടാല്‍ IP log അടക്കം എല്ലാ വിധ സഹകരണവും നല്‍കുവാന്‍ e പത്രം നിര്‍ബന്ധിതമാകും. രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കൈമാറുവാന്‍ ഉള്ള കരാര്‍ ഇന്ത്യ മിക്കവാറും എല്ലാ രാജ്യങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏതു രാജ്യത്തില്‍ ഉള്ള ആളാണെങ്കിലും ഈ അനോണിമസ് കമന്റുകാരനും പിടിയിലാവും എന്നതിന് സംശയമില്ല എന്നും ഇദ്ദേഹം അറിയിച്ചു. Labels: ഇന്റര്‍നെറ്റ്, ഐ.ടി, കുറ്റകൃത്യം, ബ്ലോഗ്
- ജെ. എസ്.
|
21 July 2008
സുഡാനില്‍ തട്ടിക്കൊണ്ടു പോയ മലയാളിയെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി
ഖത്തറില്‍ ജോലി നോക്കിയിരുന്ന മലയാളി യുവാവിനെ സുഡാനില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്ന ആവശ്യം സജീവമായി. ഏറണാംകുളം ഗോതുരുത്ത് സ്വദേശി അഭിലാഷിനെയാണ് 2 മാസം മുന്‍പ് സുഡാനില്‍ വച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.
കൂട്ടത്തില്‍ മറ്റ് നാല് ഇന്ത്യക്കാര്‍ കൂടിയുണ്ട്. ഇവരുടെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യന്‍ നാഷ്ണല്‍സ് എബ്രോഡ് എന്ന സംഘടന വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തു നല്‍കി. അഭിലാഷിനെ മോചിപ്പിക്കാനായി പണം നല്‍കാന്‍ കമ്പനി തയ്യാറാണെന്നും ഇതിനായി മധ്യസ്ഥരെ ഉടന്‍ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. Labels: കുറ്റകൃത്യം, ഖത്തര്‍, തീവ്രവാദം, ദുബായ്
- ജെ. എസ്.
|
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും
നാളെ, (ചൊവ്വാഴ്ച ) അബുദാബിയില്‍ നിന്നും മാംഗ്ളൂര്‍ വഴി കൊച്ചിയിലേക്കു പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ടേകാല്‍ മണിക്കൂര്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12.20 ന് വന്ന് 1.15 ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.45 ന് എത്തി 3.30 ന് മാത്രമേ പുറപ്പെടുകയുള്ളു. അബുദാബി വിമാനത്താവളത്തില്‍ നാളെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ വിശദീകരിച്ചു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
123 കരാറിനു പിന്നാലെ 123 കാര്‍ട്ടൂണ്‍
പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ പറ്റിയുള്ള 123 കാര്‍ട്ടൂണുകളുടെ ഒരു സമാഹാരം അടുത്ത മാസം പുറത്തിറങ്ങും. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ മന്മോഹന്‍ സിംഗിനെ പറ്റി വരച്ച ഒരു അത്യപൂര്‍വ്വ കാര്‍ട്ടൂണ്‍ ശേഖരം ആവും അത്. ആണവ ഉപയോഗത്തെ സംബന്ധിച്ച് അമേരിയ്ക്കയുമായി ഇന്ത്യ ഒപ്പു വെയ്ക്കാനിരിക്കുന്ന 123 കരാറിന്റെ പശ്ചാത്തലത്തില്‍ ആണ് ഈ സമാഹാരത്തില്‍ 123 കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി യാണ് സമാഹാരം പുറത്തിറക്കുന്നത്. കൊച്ചിയില്‍ അടുത്ത മാസം നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ മന്‍ മോഹന്‍ സിംഗ് പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തീയതി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും അനുമതി ലഭിയ്ക്കുന്നതിനെ തുടര്‍ന്ന് പിന്നീട് പ്രഖ്യാപിയ്ക്കും എന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ശ്രീ സുധീര്‍ നാഥ് അറിയിച്ചു.
Labels: കാര്‍ട്ടൂണ്‍
- ജെ. എസ്.
|
20 July 2008
ഖത്തര്‍ ബഹറൈന്‍ കടല്‍ പാലം
ഖത്തറിനും ബഹറൈനും ഇടയില്‍ കടല്‍ പാലം പണിയുന്നതിന്‍റെ സര്‍വേ നടപടികള്‍ ആരംഭിച്ചു. കടലിനേയും മണ്ണിനേയും സംബന്ധിച്ചുള്ള പഠനങ്ങളാണ് തുടങ്ങിയത്. പദ്ധതി നടപ്പിലാവാന്‍ നാല് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.
40 കിലോമീറ്റര്‍ നീളമുള്ള പാലത്തിന് 12,600 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. നിലവില്‍ ഖത്തറില്‍ നിന്ന് റോഡ് മാര്‍ഗം ബഹ്റിനിലെത്താന്‍ അഞ്ച് മണിക്കൂര്‍ സമയം എടുക്കുന്നിടത്ത് കടല്‍പ്പാലം വരുന്നതോടെ യാത്രാ ദൈര്‍ഘ്യം അര മണിക്കൂറായി ചുരുങ്ങും.
- ജെ. എസ്.
|
19 July 2008
കുവൈറ്റ് ഇറാനില്‍ നിന്നും പ്രകൃതി വാതകം വാങ്ങിയേക്കും
ഇറാനില്‍ നിന്നും പ്രകൃതി വാതകം വാങ്ങുന്നതിനെ പ്പറ്റി കുവൈറ്റ് ആലോചിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാന എണ്ണ ഉത്പാദന രാഷ്ട്രമാണെങ്കിലും കുവൈറ്റില്‍ ആവശ്യത്തിന് പ്രകൃതി വാതകം ഇപ്പോള്‍ ലഭ്യമല്ല. കൂടുതല്‍ വാതക സംസ്ക്കരണത്തിനുള്ള സൗകര്യങ്ങള്‍ കുവൈറ്റ് ഇപ്പോള്‍ നടത്തി വരികയാണ്.
Labels: അന്താരാഷ്ട്രം, കുവൈറ്റ്
- ജെ. എസ്.
|
18 July 2008
കൈക്കൂലി - ഇന്ത്യാക്കാരന് ദുബായില്‍ ജയില്‍ ശിക്ഷ
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് ദുബായ് കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. പതിനൊന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് തോറ്റ തന്റെ മകനെ ജയിപ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയിലെ ഉദ്യോഗസ്ഥന് 500 ദിര്‍ഹം കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച നന്ദപ്രസാദ് ആണ് ശിക്ഷിക്കപ്പെട്ടത്. 50 കാരനായ നന്ദപ്രസാദ് ദുബായില്‍ ആശാരി ആയിരുന്നു.
മെയ് 29ന് നടന്ന ഡ്രൈവിങ്ങ് ടെസ്റ്റിലും പ്രതിയുടെ മകന്‍ വിജയിച്ചില്ല എന്ന് RTA ഉദ്യോഗസ്ഥനായ താലെബ് മലെല്ല പറഞ്ഞു. ഇയാളോട് വീണ്ടും ശ്രമിയ്ക്കുവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളുടെ അച്ഛന്‍ തനിക്ക് കൈക്കൂലി നല്‍കുവാന്‍ ശ്രമിച്ചത് എന്നും 38 കാരനായ താലെബ് അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയും അനാസ്ഥയും മറ്റും അതീവ ഗൌരവത്തോടെയാണ് ദുബായ് ഭരണകൂടം വീക്ഷിയ്ക്കുന്നത്. അഴിമതി ഇല്ലാതാക്കുവാനും ഉദ്യോഗസ്ഥര്‍ ജനങ്ങളോട് ഏറ്റവും സൌഹൃദപരമായ് പെരുമാറുവാനും ഭരണാധികാരികള്‍ നേരിട്ട് തന്നെ ഇടപെടുന്ന കാഴ്ചയും ദുബായില്‍ സാധാരണം ആണ്. ദുബായില്‍ വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ കര്‍ശനം ആക്കിയതിനാല്‍ ലൈസെന്‍സ് ലഭിക്കുക എന്നത് ഏറെ ശ്രമകരം ആയിട്ടുണ്ട്. ചെറുകിട സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകള്‍ നിര്‍ത്തല്‍ ആക്കിയതിനാല്‍ വന്‍ കിട ഡ്രൈവിങ്ങ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത് ഡ്രൈവിങ്ങ് പഠന ചെലവ് ഏറെ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ജോലി സാദ്ധ്യതയ്ക്ക് അനിവാര്യമായ ഒരു യോഗ്യത ആണ് ദുബായില്‍ ഒരു ഡ്രൈവിങ്ങ് ലൈസെന്‍സ്. വര്‍ദ്ധിച്ച ജീവിത ചിലവു താങ്ങാനാവാതെ നട്ടം തിരിയുന്ന ഒരു ശരാശരി പ്രവാസിയ്ക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണ് ഡ്രൈവിങ്ങ് പഠനത്തിന് വേണ്ടി വരുന്ന ചിലവ്. അര മണിയ്ക്കൂര്‍ നേരത്തെ ഒരു ക്ലാസിന് 55 ദിര്‍ഹം ആണ് ഫീസ് ഈടാക്കുന്നത്. കുറഞ്ഞത് ഇരുപത് ക്ലാസ് എങ്കിലും കഴിഞ്ഞാല്‍ മാത്രമേ ടെസ്റ്റിന് അപേക്ഷിയ്ക്കാന്‍ ആവൂ. 80 ദിര്‍ഹം അടച്ച് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് തോറ്റാല്‍ വീണ്ടും ഏഴ് ക്ലാസിന് നിര്‍ബന്ധമായും പണം അടയ്ക്കണം. ഇതിനു ശേഷം മാത്രമേ അടുത്ത ടെസ്റ്റ് ലഭിക്കൂ. ആദ്യ ടെസ്റ്റിനു വിജയിയ്ക്കുന്നവര്‍ വിരളമാണ്. മൂന്നോ നാലോ തവണ തോല്‍ക്കുന്നത് സര്‍വ സാധാരണം. ഇത്രയും ആവുമ്പോഴേയ്ക്കും ഏതാണ്ട് 2500 ദിര്‍ഹം (ഇരുപത്തി എണ്ണായിരം രൂപ) ചിലവായിട്ടുണ്ടാവും. തങ്ങളുടെ ദൈനം ദിന ചിലവുകള്‍ക്ക് തന്നെ പണം തികയാതെ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് പണം അയച്ചു കൊടുക്കുവാന്‍ ബദ്ധപ്പെടുന്ന പ്രവാസികള്‍ പലരും ഒരു ലൈസെന്‍സ് സമ്പാദിയ്ക്കുക എന്ന ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിയ്ക്കുവാന്‍ നിര്‍ബന്ധിതര്‍ ആകുന്നതും ഇവിടെ പതിവാണ്. Labels: കുറ്റകൃത്യം, ഗതാഗതം, ദുബായ്, പ്രവാസി, ശിക്ഷ
- ജെ. എസ്.
|
17 July 2008
സമരം ചെയ്ത തൊഴിലാളികളെ വിട്ടയച്ചു
യു.എ.ഇ.യില്‍ തൊഴില്‍ സമരം അക്രമാസക്തം ആയതിനെ തുടര്‍ന്ന് പട്ടാളം തടങ്കലില്‍ വെച്ച മൂവായിരത്തില്‍ പരം തൊഴിലാളികളെ വിട്ടയച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഇനിയും ഇത്തരം അതിക്രമങ്ങളില്‍ ഏര്‍പ്പെടാതെ യു.എ.ഇ. നിയമങ്ങള്‍ അനുസരിച്ച് തങ്ങളുടെ ജോലി ചെയ്തു ജീവിച്ചു കൊള്ളാം എന്ന്‍ ഇവര്‍ അധികൃതര്‍ക്ക് നല്‍കിയ ഉറപ്പിന്‍ മേലാണ് ഇവരെ വിട്ടയയ്ക്കാന്‍ തീരുമാനം ആയത്. പതിമൂന്ന് ദിവസത്തോളം ഇവര്‍ പട്ടാളത്തിന്റെ പിടിയില്‍ ആയിരുന്നു.
എന്നാല്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ എട്ട് പേരെ വിട്ടയച്ചിട്ടില്ല. ഇവര്‍ക്കെതിരെ നടപടി തുടരും എന്ന് പോലീസ് അറിയിച്ചു. ഏഴ് ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശിയും ആണ് ഇപ്പോള്‍ പോലീസ് പിടിയില്‍ ഉള്ളത്. Labels: തൊഴില്‍ നിയമം, പ്രതിഷേധം, യു.എ.ഇ., ശിക്ഷ
- ജെ. എസ്.
|
15 July 2008
ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് തുടക്കം
ഈ വര്‍ഷത്തെ ഖത്തര്‍ സമ്മര്‍ ഫെസ്റ്റിവലിന് ഇന്ന് ദോഹയില്‍ തുടക്കമാവും. ദോഹ എക്സിബിഷന്‍ സെന്‍ററില്‍ വൈകീട്ട് അഞ്ചിനാണ് ഉദ്ഘാടന ചടങ്ങ്. അടുത്ത മാസം അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. 50 ശതമാനത്തോളം വില ക്കിഴിവും മറ്റ് ഓഫറുകളും മേളയുടെ ആകര്‍ഷണമാണ്.
6 വേദികളിലായി 22 ദിവസത്തെ മേളയില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും ഉണ്ടാകും. ഖത്തര്‍ ജനറല്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അഥോറിറ്റിയാണ് മേളയുടെ സംഘാടകര്‍. Labels: ഖത്തര്‍
- ജെ. എസ്.
|
മുത്തശ്ശി ബ്ലോഗര്‍ അന്തരിച്ചു
ലോകത്തിലെ ഏറ്റവും പ്രായമേറിയ ഇന്റര്‍നെറ്റ് ബ്ലോഗര്‍ ഒലീവ് റെയ്‌ലി എന്ന 108 വയസ്സുകാരി അന്തരിച്ചു. ജൂലായ് 12-ന് ഒരു നഴ്‌സിങ്ങ് ഹോമിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജനവരി മുതല്‍ നെറ്റിലെ ബ്ലോഗിലുണ്ടായിരുന്ന ഒലീവ് ഇരുപതാം നൂറ്റാണ്ടിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് ഡയറി ക്കുറിപ്പുകള്‍ എഴുതിയിരുന്നു. ജൂണ്‍ 26-നാണ് അവസാനമായി അവര്‍ ബ്ലോഗ് ചെയ്യുന്നത്. 'ഞാനീ നഴ്‌സിങ്ങ് ഹോമില്‍ വന്നിട്ട് ഒരാഴ്‌ചയില്‍ അധികമായി എന്ന കാര്യം എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നതായിരുന്നു അവരെഴുതിയ അവസാന വാചകം.
Labels: ബ്ലോഗ്
- ജെ. എസ്.
|
തെരുവരങ്ങ് സംഭാവനകള്‍ തേടുന്നു
തെരുവരങ്ങ് നാടക യാത്ര വിജയകരമായി സമാപിച്ചു. കേരള ക്കര യൊട്ടാകെ ഉണര്‍വിന്റെ തിരി കൊളുത്തി ക്കൊണ്ട്, പ്രതീക്ഷിച്ചതിനും വലിയ വലിയ സ്വീകരണങ്ങളും അംഗീകാരങ്ങളും ഏറ്റ് വാങ്ങി ക്കൊണ്ടായിരുന്നു തിരുവനന്ത പുരത്തെ സമാപന സമ്മേളനം. ഈ പ്രയത്നത്തിനായി മൂലധനം സ്വരൂപിക്കുക എന്നത് ദുഷ്കരമായിരുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. ഇപ്പോഴും വീട്ടി ത്തീരാത്ത കടങ്ങള്‍ ബാക്കി നില്‍ക്കുന്നു.
ഇതിനിടയിലും തെരുവരങ്ങിന്റെ ഭാവി പരിപാടികള്‍ അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിലേയ്ക്കായി ചെറുതും വലുതുമായ സംഭാവനകള്‍ തന്ന് സഹായിക്കണമെന്ന് തെരുവരങ്ങിന്റെ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. സംഖ്യ എത്രയോ ആകട്ടെ, തീരെ ച്ചെറുതോ വലിയതോ, തരാനുള്ള മനസ്സാണ് പ്രധാനം. സ്വന്തം നിലയിലും, സുഹൃത്തുക്കള്‍ മൂലമോ ആവുന്നത്ര മൂലധനം സമാഹരിച്ച് തരുവാന്‍ അപേക്ഷ. ഇതില്‍ സഹകരിക്കുന്നത് വഴി മയക്കം ബാധിച്ച മലയാള ക്കരയില്‍ ഒരു ചലനം കൊണ്ടു വരുന്നതില്‍ താങ്കളുടെ പങ്ക് തീര്‍ച്ചയായും സ്മരിക്കപ്പെടും എന്നും നാടക സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു. സംഭാവനകള്‍ തരാനാ ഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറിലോ, ഇ മെയിലിലോ ബന്ധപ്പെടേണ്ടതാണ്. Jayesh. S - Mobile : 00919985360167 eMail : jayeshsan@gmail.com josephjohnm@gmail.com സംഭാവനകളുടെ വിശദ വിവരങ്ങള്‍ തെരുവരങ്ങ് ബ്ലോഗില്‍ അറിയിക്കുന്നതാണ്. Labels: കല
- ജെ. എസ്.
|
14 July 2008
യു.എ.ഇ.യില്‍ കനത്ത ചൂട്
യു.എ.ഇ.യിലെ വേനല്‍ക്കാലം കനത്ത ചൂടിലേക്ക്. ദുബായില്‍ ഇന്നലെ കൂടിയ താപനില 51 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
കനത്ത ചൂടാണ് യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. ദുബായില്‍ താപനില ഞായറാഴ്ച 51 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ദുബായിലെ മിന്‍ഹാദ് എയര്‍ബേസിലാണ് ഈ താപനില രേഖപ്പെടുത്തിയത്. യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിലും താപനില വര്‍ധിക്കുകയാണ്. അലൈനില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. 45 ഡിഗ്രി രേഖപ്പെടുത്തിയ റാസല്‍ഖൈമയില്‍ ചൂട് ഓരോ ദിവസവും ഉയരുകയാണ്. താരതമ്യേന അബുദാബിയിലാണ് ചൂട് കുറവുള്ളത്. ഞായറാഴ്ച അബുദാബിയില്‍ 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മലനിരകളുടെ പ്രദേശങ്ങളായ അലൈന്‍, ഹത്ത എന്നിവിടങ്ങളില്‍ ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത ദിവസങ്ങളില്‍ യു.എ.ഇ.യില്‍ കനത്ത ചൂട് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. അന്തരീക്ഷം ഈര്‍പ്പം ഏറ്റവും കുറഞ്ഞത് 15 ശതമാനവും ഉയര്‍ന്നത് 60 ശതമാനവുമായിരിക്കും. കനത്ത ചൂടിനെ തുടര്‍ന്ന് പല നിര്‍മ്മാണ കെട്ടിട കമ്പനികളും തങ്ങളുടെ ജോലികള്‍ രാത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൂര്യാഘാതമേറ്റ് ആശുപത്രിയില്‍ എത്തുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പല കമ്പനികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാത്രിയിലേക്ക് മാറ്റിയത്.
- ജെ. എസ്.
|
13 July 2008
കാണാതായ പെണ്‍കുട്ടി ബഹറൈന്‍ സെക്സ് റാക്കറ്റിലെന്ന് സംശയം
10 വര്‍ഷം മുമ്പ് കോഴിക്കോട് വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ബഹറൈനില്‍ സെക്സ് റാക്കറ്റില്‍ പെട്ടതായി സംശയം ബലപ്പെടുന്നു. നാട്ടുകാരനായ ഒരാള്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടിയതായി പറയുന്നു.
10 വര്‍ഷം മുമ്പ് വടകരയ്ക്കടുത്തുള്ള ആയഞ്ചേരിയില്‍ നിന്ന് കാണാതാവുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 16 വയസാണ് ഉണ്ടായിരുന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ഒരു ദിവസം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും അന്വേഷിക്കുകയും ചെയ്തെങ്കിലും ഇതു വരെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. Labels: കുറ്റകൃത്യം, തട്ടിപ്പ്, ബഹറൈന്‍, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
|
ലീഗ് ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നു: മദനി
ആണവ കരാര്‍ ഇടപാടില്‍ ലീഗിന്റെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്ന പരിപാടി ആണ് എന്ന് അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. ആണവ വിഷയത്തില്‍ ലീഗ് കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നു എങ്കില്‍ യു. പി. എ.യില്‍ നിന്ന് രാജി വെച്ച് പ്രക്ഷോഭത്തിന് തയ്യാറാകണം എന്നും പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. മുന്‍പും ഇതു പോലെ പൊതു ജനത്തിന്റെ വികാരത്തിന് ഒപ്പം നിന്നു കൊണ്ട് ശത്രു പക്ഷത്തെ തുറന്നു കാണിയ്ക്കുവാന്‍ ഉള്ള അവസരങ്ങള്‍ ഉണ്ടായിട്ടുള്ള പല ഘട്ടങ്ങളും മുസ്ലിം ലീഗ് നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്നും മദനി അഭിപ്രായപ്പെട്ടു.
Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
കൊച്ചിയില്‍ ഹൈഡ് ആന്റ് സീക്ക് ആരംഭിച്ചു
പതിനാല് പ്രമുഖ കലാകാരന്മാരുടെ പെയിന്റിംഗുകളുടെ പ്രദര്‍ശനം കൊച്ചിയില്‍ ആരംഭിച്ചു. ഹൈഡ് ആന്റ് സീക്ക് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം കൊച്ചി ഗാലറി OED യിലാണ് നടക്കുന്നത്. Anpu Varkey - Kajal Shah - Kavita Balakrishnan - Neema Vaghela - Pramodh Kumar - Prasad K P - Ruchin Soni - Roopasri - Sujil S - Sujith K S - Sumesh - Kamballur - Umesh Unni - Varun Cursetji എന്നിവരുടെ പുതിയ വര്‍ക്കുകളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. ഓണ്‍ലൈന്‍ പ്രദര്‍ശനം ഇവിടെ കാണാം: http://www.openeyeddreams.com/hideNseek/
ഹൈഡ് ആന്റ് സീക്ക് ഈ മാസം 25ന് സമാപിക്കും. Labels: കല
- ജെ. എസ്.
|
12 July 2008
മത വിശ്വാസം - യുവാക്കള്‍ പുറകിലല്ല
പൊതുവെ കരുതപ്പെടുന്നത് പോലെ യുവ തലമുറയില്‍ മത വിശ്വാസം കുറയുന്നില്ല എന്ന് വെളിപ്പെടുത്തുന്ന ഒരു ഗവേഷണ ഫലം പുറത്തു വന്നിരിയ്ക്കുന്നു. 21 രാജ്യങ്ങളില്‍ നിന്നും ഉള്ള 18 നും 29 നും മധ്യേ പ്രായമുള്ള 21,000 യുവാക്കളില്‍ നടത്തിയ ലോകത്തിലേ തന്നെ ഏറ്റവും വിപുലമായ ഒരു സര്‍വേയിലാണ് യുവാക്കളിലെ മത വിശ്വാസം വെളിപ്പെട്ടത്. ജെര്‍മനിയിലെ ബെര്‍ട്ടല്‍സ്മാന്‍ ഫൌണ്ടേഷനാണ് പഠനം നടത്തിയത്.
85% യുവാക്കളും മത വിശ്വാസികള്‍ ആണെന്ന് ഗവേഷണ ഫലം പറയുന്നു. 13% പേര്‍ മാത്രമാണ് നിരീശ്വരവാദികള്‍. മൂന്നിലൊന്ന് യുവാക്കള്‍ക്ക് ഒരു മത സ്ഥാപനത്തിന്റെ അംഗങ്ങളാവാന്‍ താല്‍പ്പര്യം ഇല്ലെങ്കിലും തങ്ങള്‍ ഈശ്വര വിശ്വാസികള്‍ ആണെന്ന് പറയുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍. മതവിശ്വാസം യുവാക്കളുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെയും ലൈംഗികതയെ കുറുച്ചുള്ള നിലപാടുകളേയും സ്വാധീനിയ്ക്കുന്നതായും ഗവേഷണം കണ്ടെത്തുകയുണ്ടായി. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ഏറ്റവും കുറച്ചുള്ളത് റഷ്യാക്കാര്‍ക്കും (16%) ഏറ്റവും കൂടുതല്‍ ഇറ്റലിയിലും (61%) ആണ്. ഇന്ത്യ (28%), അമേരിക്ക (52%), ബ്രിട്ടന്‍ (34%), ഫ്രാന്‍സ് (33%). ഏറ്റവും കൂടുതല്‍ പേര്‍ ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിയ്ക്കുന്നത് നൈജീരിയയിലാണ് (93%). ഏറ്റവും കുറച്ച് ഓസ്റ്റ്റിയയിലും (7%). ഇന്ത്യ (75%), അമേരിക്ക (57%), ബ്രിട്ടന്‍ (19%), ഫ്രാന്‍സ് (9%), ഓസ്റ്റ്റേലിയ (19%) മതത്തിന്റെ ചട്ടക്കൂടനുസരിച്ച് ജീവിയ്ക്കാന്‍ തയ്യാറാവുന്നതില്‍ മുന്നില്‍ നൈജീരിയയില്‍ തന്നെ (84%). ഇതിനു പിന്നില്‍ വരുന്നത് ഇന്‍ഡോനേഷ്യയാണ് (55%). ഇന്ത്യ (43%), അമേരിക്ക (49%), ബ്രിട്ടന്‍ (21%), ഫ്രാന്‍സ് (15%), ഓസ്റ്റ്റേലിയ (25%). ഏറ്റവും കുറവ് ഓസ്റ്റ്റിയ (7%). ഇന്ത്യയില്‍ 50% യുവാക്കള്‍ പ്രതിവാരം ഒരു മതപരമായ ചടങ്ങിലെങ്കിലും പങ്കെടുക്കുന്നു. മതം പ്രദാനം ചെയ്യുന്നതായി പറയുന്ന ദൈവീകമായ ആനന്ദം ഇന്ത്യയില്‍ 84% യുവാക്കള്‍ അനുഭവിയ്ക്കുന്നു. മതത്തിന്റെ മനശ്ശാസ്ത്രപരമായി ആരോഗ്യകരമായ ഒരു ധര്‍മ്മം മനുഷ്യ മനസ്സിലെ ഭയം ഇല്ലാതാക്കുക എന്നതാണ്. എന്നാല്‍ ചരിത്രപരമായി ഏറ്റവും അധികം മനുഷ്യ മനസ്സുകളെ ഭയം മഥിയ്ക്കുവാന്‍ ഇടയാക്കുന്നതും മതങ്ങള്‍ നല്‍കുന്ന നരകത്തിന്റേയും ദൈവ കോപത്തിന്റെയും ചിത്രങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ 50% യുവാക്കള്‍ ഇത്തരത്തില്‍ ദൈവ ഭയത്തിലാണ് കഴിയുന്നത്. മത സ്ഥാപനങ്ങളില്‍ നിന്ന് ആത്മീയത വേര്‍പെടുന്നതിന്റെ ദുരന്ത ഫലം അനുഭയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. മത മേലദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയ നാടകങ്ങളും, ആള്‍ദൈവങ്ങളുടെ ആത്മീയ നാടകങ്ങളും ആണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ സമൂഹിക പാഠം. ഈ അന്യവല്‍ക്കരണം ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 56% യുവാക്കള്‍ തങ്ങള്‍ മതവിശ്വാസികള്‍ ആണെന്ന് അവകാശപ്പെട്ടപ്പോള്‍ വെറും 34% പേര്‍ക്ക് മാത്രമായിരുന്നു തങ്ങള്‍ക്ക് ആത്മീയത ഉണ്ടെന്ന് പറയുവാന്‍ കഴിഞ്ഞത്. പല മതങ്ങളിലും നിന്നുള്ള നല്ല നിര്‍ദ്ദേശങ്ങള്‍ സ്വീകരിയ്ക്കുവാനുള്ള യുവാക്കളുടെ സന്നദ്ധതയും ഈ പഠനം വിഷയമാക്കുക ഉണ്ടായി. ഇതിലും ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ഇന്ത്യ തന്നെ. (18%). ഇന്ത്യയിലെ മുതിര്‍ന്നവരുടെ കാര്യം ഇതിലും കഷ്ടമാണ് (9%). മറ്റ് മതങ്ങളോടുള്ള സ്വീകാര്യത ഏറ്റവും അധികം ഇറ്റലിയിലാണ് (74%). അമേരിക്ക (61%), ബ്രിട്ടന്‍ (48%), ഫ്രാന്‍സ് (47%), ഓസ്റ്റ്റേലിയ (49%), റഷ്യ (60%) എന്നാല്‍ എല്ലാ മതങ്ങളുടേയും അടിസ്ഥാന തത്വങ്ങള്‍ നല്ലതാണ് എന്ന് ഇന്ത്യയിലെ 85% യുവാക്കള്‍ വിശ്വസിയ്ക്കുന്നു എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ട്. മത മൌലിക വാദം ഏറ്റവും കൂറവ് സ്വിറ്റ്സര്‍ലാന്‍ഡിലാണ് (8%). ഏറ്റവും കൂടുതല്‍ ഇസ്രയേലിലും (55%). ഇന്ത്യ തൊട്ടു പുറകെയുണ്ട് (47%). അമേരിക്ക (44%), ബ്രിട്ടന്‍ (14%). ജീവന്റെ ഉല്പത്തി ദൈവീക സൃഷ്ടിയോ അതോ ശാസ്ത്രീയ വിശദീകരണമായ പരിണാമമോ എന്ന ചോദ്യത്തിന് 83% ഇന്ത്യാക്കാര്‍ ശാസ്ത്രത്തിനൊപ്പം നിന്ന്‍ ഒന്നാം സ്ഥാനത്തെത്തി. അമേരിക്ക (41%), ബ്രിട്ടന്‍ (66%), ഫ്രാന്‍സ് (65%), ഇസ്രയേല്‍ (39%), മൊറോക്കോ (18%). ഏറ്റവും കൂടുതല്‍ യുവാക്കള്‍ തങ്ങളെ മാതാപിതാക്കള്‍ മതപരമായ് ആണ് വളര്‍ത്തിയത് എന്ന് പറഞ്ഞത് ഇന്‍ഡോനേഷ്യയിലാണ് (99%). തൊട്ട് പുറകില്‍ ഇന്ത്യയും (98%). അമേരിക്ക (64%), ബ്രിട്ടന്‍ (61%), ഫ്രാന്‍സ് (61%), ഓസ്റ്റ്റേലിയ (60%), റഷ്യ (12%). പുതിയ തലമുറയില്‍ മത വിശ്വാസം വളര്‍ത്താന്‍ അശ്രാന്തം പരിശ്രമിയ്ക്കുന്ന മത പ്രചാരകര്‍ക്കും മത മേലദ്ധ്യക്ഷന്മാര്‍ക്കും വിശ്വാസം വിറ്റ് കാശാക്കുന്ന ആള്‍ ദൈവങ്ങള്‍ക്കും ആശ്വാസം പകരുന്ന ഒരു ഗവേഷണ ഫലം തന്നെ ആണിത് എന്നതില്‍ സംശയമില്ല. Labels: അന്താരാഷ്ട്രം, ശാസ്ത്രം, സാംസ്കാരികം
- ജെ. എസ്.
|
സലാലയില്‍ ഖരീഫ് കാലാവസ്ഥ തുടങ്ങി
ഒമാന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സലാലയില്‍ ഖരീഫ് കാലാവസ്ഥ തുടങ്ങി. സെപ്തംബര്‍ പകുതി വരെ സലാലയിലും മലനിരകളിലും മഴയോടു കൂടിയ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ കൊടും ചൂടിലായിരിക്കുമ്പോള്‍ ഇവിടുത്ത കൂടിയ ചൂട് 20 ഡിഗ്രി വരെയാണ് ഉണ്ടാകുക. ജൂലായ് 15 മുതല്‍ ആഗസ്റ്റ് 31 വരെ ഇവിടെ ഖരീഫ് സാംസ്ക്കാരിക ഉല്‍സവം സംഘടിപ്പിക്കാറുണ്ട്. മൂന്നര ലക്ഷം വിനോദസഞ്ചാരികള്‍ ഇവിടെ ഈ സമയത്ത് എത്താറുണ്ടെന്നാണ് കണക്ക്.
- ജെ. എസ്.
|
11 July 2008
പുറത്താക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ബ്രിട്ടനിലേയ്ക്ക് തിരിച്ചു വരാന്‍ അനുമതി
കോടതി വിധിയെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ പിന്‍വലിച്ചു. നവമ്പര്‍ 2006ല്‍ നടപ്പിലാക്കിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള പ്രവാസികള്‍ക്കാണ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെ പ്രോത്സാഹിപ്പിയ്ക്കാന്‍ വേണ്ടി ആണ് ബ്രിട്ടന്‍ ഇങ്ങനെ ഒരു നിയമം കൊണ്ടു വന്നിരുന്നത്. എന്നാല്‍ പിന്‍കാല പ്രാബല്യത്തോടെ ഈ നിയമം നടപ്പിലാക്കിയപ്പോള്‍ ബ്രിട്ടനില്‍ ജോലി ചെയ്തു വന്നിരുന്ന പതിനായിര ക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയുണ്ടായി. ഈ നിയമം ഇവര്‍ ചെയ്യുന്ന ജോലികള്‍ക്ക് ഇവരെ അയോഗ്യരായി പ്രഖ്യാപിച്ചത് ആയിരുന്നു കാരണം. ഒരു ജോലിയ്ക്ക് ആളെ നിയമിയ്ക്കുമ്പോള്‍ പ്രസ്തുത തസ്തികയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മാത്രമെ പുറമെ നിന്നുള്ളവര്‍ക്ക് തൊഴില്‍ നല്‍കാവൂ എന്ന് നിഷ്കര്‍ഷിക്കു ന്നതായിരുന്നു ഈ നിയമം. ഇത് മുന്‍ കാല പ്രാബല്യത്തില്‍ നടപ്പിലാക്കിയതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് അയ്യായിരത്തോളം ഇന്ത്യക്കാര്‍ തിരികെ നാട്ടിലേയ്ക്ക് മടങ്ങി. വിസ കാലാവധി നീട്ടി കിട്ടാന്‍ അപേക്ഷിച്ച പലര്‍ക്കും സര്‍ക്കാര്‍ നാട് കടത്തല്‍ ഉത്തരവായിരുന്നു നല്‍കിയത്. ഇതറിഞ്ഞ പലരും കാലാവധി നീട്ടുവാനുള്ള അപേക്ഷ പോലും നല്‍കാതെ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. ഇതിനെതിരെ പ്രവാസി ഇന്ത്യാക്കാര്‍ നടത്തിയെ നിയമ യുദ്ധം വിജയിക്കുകയും ഏപ്രില്‍ എട്ടിന് ഇന്ത്യാക്കാര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിയ്ക്കുകയും ചെയ്തത് e പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ കാല പ്രാബല്യത്തോടെ ഇങ്ങനെ ഒരു നിയമം നടപ്പിലാക്കാനാവില്ല എന്നായിരുന്നു കോടതിയുടെ പക്ഷം. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ നയം മാറ്റിയതായി അറിയിച്ചിട്ടുള്ളത്. രാജ്യം വിട്ട ഇന്ത്യാക്കാര്‍ക്ക് ഇനി ബ്രിട്ടനിലേയ്ക്ക് മടങ്ങാനാവും. ഇങ്ങനെ വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന ഫീസ് ഈടക്കുകയുമില്ല എന്ന് ഈ നിയമത്തിന് എതിരായി നിരന്തരം പ്രയത്നിച്ച് വിജയം കണ്ട പ്രവാസി ഫോറത്തിന്റെ ഡയറക്ടര്‍ അമിത് കപാഡിയ അറിയിച്ചു. Labels: തൊഴില്‍ നിയമം, പ്രവാസി, ബ്രിട്ടന്‍
- ജെ. എസ്.
|
ബീച്ചിലെ സെക്സ് : 6 വര്‍ഷം തടവിന് സാധ്യത
ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും പോലീസ് പിടിയിലായ ബ്രിട്ടീഷ് കമിതാക്കള്‍ക്ക് ആറു വര്‍ഷം വരെ തടവ് ലഭിയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് അറിയുന്നു. തടവിന് ശേഷം ഇവരെ നാടു കടത്താനും ഇടയുണ്ട്. അടുത്തയിടെ പൊതു സ്ഥലങ്ങളില്‍ വെച്ച് പ്രവാസികള്‍ പാലിയ്ക്കേണ്ട അടിസ്ഥാന മര്യാദകളെ പറ്റി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പരസ്യമായ സ്നേഹപ്രകടനവും അശ്ലീലമായ പെരുമാറ്റവും മറ്റും കടുത്ത ശിക്ഷയ്ക്ക് ഇടയാക്കും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ക്ക് തടവും തടവിനെ തുടര്‍ന്ന് നാട് കടത്തലും, സ്വദേശികള്‍ക്ക് പിഴയും തടവും ആണ് ശിക്ഷ.
വിവാഹേതര ലൈംഗിക ബന്ധം യു.എ.ഇ. നിയമ പ്രകാരം കടുത്ത ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റകൃത്യമാണ്. പിടിയിലാവുന്നതിന് മണിയ്ക്കൂറുകള്‍ മുന്‍പ് മാത്രം ഒരു പാര്‍ട്ടിയില്‍ വെച്ചാണ് പിടിയിലായ വിന്‍സും മിഷെലും പരിചയപ്പെടുന്നത്. 34കാരനും ഒരു മകനുമുള്ള വിന്‍സ് ഒരു ബിസിനസ് ആവശ്യത്തിനായ് ദുബായില്‍ എത്തിയതായിരുന്നു. ലീ മെറിഡിയന്‍ ഹോട്ടലില്‍ രാവിലെ തുടങ്ങിയ ഒരു മദ്യ വിരുന്നില്‍ പങ്കെടുത്ത ഇയാള്‍ മദ്യപിച്ചു ലക്ക് കെട്ട 36കാരിയായ മിഷെലിനെ പരിചയപ്പെട്ടു. മൂന്ന് വര്‍ഷമായ് ദുബായിലുള്ള മിഷെല്‍ ഒരു പബ്ലിഷിങ് കമ്പനിയില്‍ മാനേജരാണ്. നന്നായി മദ്യപിച്ചതിനെ തുടര്‍ന്ന് ഇവര്‍ രണ്ട് പേരും ബീച്ചില്‍ നടക്കാന്‍ പോയതായിരുന്നു. സ്ത്രീകളെ വശീകരിക്കുന്നതില്‍ വിരുതനാണ് വിന്‍സ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ പറയുന്നു. ഇയാള്‍ “വിന്‍സ് ചാര്‍മിങ്” എന്നാണത്രെ സ്ത്രീകളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ബീച്ചില്‍ നടക്കാനിറങ്ങിയ വിന്‍സിനെയും മിഷെലിനെയും പിന്നീട് ഒരു പോലീസുകാരന്‍ കണ്ടത് ഇവര്‍ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതാണ്. പൊതുവെ മാന്യമായി പെരുമാറുന്നതില്‍ പ്രശസ്തമാണ് ദുബായ് പോലീസ്. പോലീസുകാരന്‍ ഇവരെ ഇങ്ങനെ പെരുമാറരുത് എന്ന് വിലക്കി നടന്നു നീങ്ങിയെങ്കിലും മദ്യത്തിന് അടിമപ്പെട്ടിരുന്ന ഇവര്‍ ഇത് കാര്യമാക്കിയില്ല. പോലീസുകാരന്‍ അടുത്ത തവണ അത് വഴി വന്നപ്പോഴേയ്ക്കും ഇവര്‍ കൂടുതല്‍ കാര്യ പരിപാടികളിലേയ്ക്ക് കടന്നിരുന്നു. ഇത് തടഞ്ഞ പോലീസുകാരനെ അധിക്ഷേപിയ്ക്കുകയും തെറി വിളിയ്ക്കുകയും തന്റെ ചെരിപ്പ് ഊരി അടിയ്ക്കുകയും ചെയ്തുവത്രെ മിഷെല്‍. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹേതര ലൈംഗിക ബന്ധം, പൊതു സ്ഥലത്തുള്ള അശ്ലീലമായ പെരുമാറ്റം, പൊതു സ്ഥലത്ത് മദ്യത്തിനടിമപ്പെടല്‍, പോലീസിനെ കയ്യേറ്റം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബ്രിട്ടീഷ് എംബസ്സിയുടെ സഹായത്താല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ ഉടന്‍ തന്നെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് വിവാഹിതരായത്രെ. വിവാഹേതര ലൈംഗിക ബന്ധം എന്ന വകുപ്പില്‍ ലഭിയ്ക്കാവുന്ന കടുത്ത ശിക്ഷ ഒഴിവാക്കാനാണത്രെ ഇത്. Labels: കുറ്റകൃത്യം, ദുബായ്, പോലീസ്, ശിക്ഷ
- ജെ. എസ്.
|
ദുബായിലേയ്ക്ക് ഇനി ജെറ്റ് എയര്‍വെയ്സും
പൊതുമേഖലയുടെ കുത്തക അവസാനിപ്പിച്ചു കോണ്ട് ഇനി ജെറ്റ് എയര്‍വെയ്സും ദുബായിലേയ്ക്ക് പറക്കും. ജെറ്റ് എയര്‍വെയ്സിന് ദുബായിലേയ്ക്ക് സര്‍വീസ് നടത്തുവാനുള്ള അനുമതി നല്‍കിയതായി ഒരു സിവില്‍ വ്യോമ ഗതാഗത മന്ത്രാലയ വക്താവ് അറിയിച്ചു. ഈ അനുമതി അനുസരിച്ച് ജെറ്റ്, ജെറ്റ്ലൈറ്റ് എന്നീ വിമാന സര്‍വീസുകള്‍ ദുബായിലേയ്ക്ക് പറക്കും.
നേരത്തെ ജെറ്റ് എയര്‍വേയ്സിന് മറ്റ് പല ഗള്‍ഫ് നാടുകളിലേയ്ക്കും സര്‍വീസ് നടത്തുവാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ദുബായ് സര്‍വീസ് എയര്‍ ഇന്ത്യയ്ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പൊതു മേഖലയിലുള്ള എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒന്നായതോടെ ഏറ്റവും ലാഭകരമായ ഗള്‍ഫ് സര്‍വീസുകള്‍ തങ്ങള്‍ക്ക് മാത്രമായി അനുവദിയ്ക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കുത്തക ഇവര്‍ കുറേ നാള്‍ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ വിമാന കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുബായ് ഒഴികെയുള്ള റൂട്ടുകള്‍ നേരത്തെ വിട്ടു കൊടുക്കുക ഉണ്ടായി. ഇപ്പോള്‍ ദുബായ് റൂട്ടും വിട്ടു കൊടുത്തതോടെ ഈ രംഗത്തെ എയര്‍ ഇന്ത്യയുടെ കുത്തക അവസാനി ച്ചിരിക്കുകയാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ നാല്‍പ്പത് ശതമാനം ഗള്‍ഫ് നാടുകളില്‍ നിന്നുമാണ്. ജെറ്റ് അയര്‍വേയ്സിനു പുറമെ എയര്‍ ഡെക്കാനും ദുബായ് സര്‍വീസ് അനുവദിയ്ക്കാന്‍ തത്വത്തില്‍ തീരുമാനം ആയിട്ടുണ്ട്. എയര്‍ ഡെക്കാന്‍ ബാംഗളൂര്‍ - ദുബായ് സര്‍വീസ് അടുത്തു തന്നെ ആരംഭിയ്ക്കും. ജെറ്റ് എയര്‍വേയ്സ് ഇപ്പോള്‍ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഡെല്‍ഹിയിലും മുമ്പൈയിലും നിന്നുമായി ദുബായിലേയ്ക്ക് പ്രതിവാരം 1582 സീറ്റുകള്‍ എന്ന കണക്കില്‍ ഏഴ് ഫ്ലൈറ്റുകള്‍ക്കാണ് ഇപ്പോള്‍ ജെറ്റ് എയര്‍വേയ്സിന് അനുമതി നല്‍കിയിരിക്കുന്നത്. ജെറ്റ് ലൈറ്റിന് ഹൈദറാബാദില്‍ നിന്നും നാഗ്പൂറില്‍ നിന്നും ദുബായിലേയ്ക്ക് ശീത കാല സീസണ്‍ ആരംഭം മുതല്‍ സര്‍വീസ് നടത്താനാവും. പ്രതി വാരം 1050 സീറ്റുകളാണ് ഓരോ സെക്ടറിനും അനുവദിച്ചിട്ടുള്ളത്. ഏറെ ലാഭകരമായ ഈ റൂട്ടില്‍ ഉടന്‍ തന്നെ തങ്ങള്‍ സര്‍വീസ് ആരംഭിയ്ക്കും എന്ന് ജെറ്റ് ലൈറ്റ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ രാജീവ് ഗുപ്ത അറിയിച്ചു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
10 July 2008
അഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
ദില്ലിയിലെ സ്പെഷ്യല്‍ ക്രൈം യൂണിറ്റ് എസ്. പി. ആയിരുന്ന ആര്‍. എം. കൃഷ്ണയെ ലഖ്നൌവിലെ സ്പെഷ്യല്‍ ക്രൈം വിഭാഗത്തിലേയ്ക്കാണ് സ്ഥലം മാറ്റിയത്. കൃഷ്ണയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് വൈദികരിലും ഒരു കന്യാസ്ത്രീയിലും നടത്തിയ നുണ പരിശോധനാ ഫലങ്ങളിലുള്ള അന്വേഷണം സി.ബി.ഐ. തുടരുകയുമാണ്. ഇക്കാര്യം സി.ബി.ഐ. തന്നെ ഹൈക്കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും അറിയിച്ച സാഹചര്യത്തില്‍ തന്നെയാണ് മേല്‍നോട്ട ചുമതലയുള്ള എസ്. പി. സ്ഥലം മാറ്റപ്പെട്ടിരിക്കുന്നതും. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടോ എന്ന് സംശയം ജനിപ്പിയ്ക്കുന്നതാണ് സി.ബി.ഐ.യുടെ നടപടികള്‍ എന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കൃഷ്ണ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്ഥലം മാറ്റം എന്നാണ് സി.ബി.ഐ.യുടെ നിലപാട്.
Labels: കുറ്റകൃത്യം, കേരളം, പോലീസ്
- ജെ. എസ്.
|
പ്രവാസികള്‍ക്ക് പരിശീലനം നല്‍കും
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി തേടി എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ഇവിടത്തെ പ്രത്യേക സാഹചര്യങ്ങളില്‍ ജോലി ചെയ്യുവാനുള്ള അടിസ്ഥാന തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ഉതകുന്ന പരിശീലന പരിപാടി പ്രവാസി കാര്യ വകുപ്പ് തയ്യാറാക്കുന്നു.
ആദ്യഘട്ടമായി പതിനായിരത്തോളം പേര്‍ക്കാണ് പരിശീലനം നല്‍കുക എന്ന് പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. ഏറ്റവും അധികം തൊഴിലാളികള്‍ ഗള്‍ഫിലേയ്ക്ക് പോകുന്ന ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലാണ് പരിശീലന പരിപാടി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാവും പദ്ധതി നടപ്പിലാക്കുക. മറ്റ് സംസ്ഥാനങ്ങളിലും അടുത്ത ഘട്ടത്തില്‍ പരിശീലന പരിപാടി സംഘടിപ്പിയ്ക്കും. Labels: ഗള്‍ഫ്, തൊഴില്‍ നിയമം, പ്രവാസി
- ജെ. എസ്.
|
സൗദിയില്‍ ആദ്യമായി കാറപകടത്തില്‍ ഒരു വനിത ഡ്രൈവര്‍ കൊല്ലപ്പെട്ടു
സ്വദേശി വനിതയാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത രാജ്യമാണ് സൗദി. സഹോദരന്‍റെ കാറെടുത്ത് യാത്ര ചെയ്ത യുവതി അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം ആയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ അറിയാതെയാണ് ഇവര്‍ രാത്രി വണ്ടിയുമായി പുറത്തു പോയതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ കുറേ നാളുകളായി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം വനിതാ സംഘടനകള്‍ ശക്തമായി ഉന്നയിക്കുകയാണ്. Labels: അപകടങ്ങള്‍, സൌദി, സ്ത്രീ
- ജെ. എസ്.
|
ഖത്തറിനെ വിദേശികള്‍ കണ്ണ് വയ്ക്കുന്നു
ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ വന്‍ വര്‍ദ്ധന യുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനുളളില്‍ ഖത്തറിലെ വിദേശ മൂലധന നിക്ഷേപത്തില്‍ 600 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്ക് വിഭാഗത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000 ല്‍ 252 ദശലക്ഷമായിരുന്ന നിക്ഷേപം 2008 ല്‍ 1.70 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഖത്തറിന്‍റെ സാമ്പത്തിക വളര്‍ച്ച മേഖലയിലെ തന്നെ ഏറ്റവും മികച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Labels: ഖത്തര്‍, സാമ്പത്തികം
- ജെ. എസ്.
|
ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനം വൈകും
ജപ്പാനില്‍ അന്യായമായി തടവിലാക്കപ്പെട്ട രണ്ട് ഗ്രീന്‍ പീസ് പ്രവര്‍ത്തകരുടെ മോചനത്തിനായി ലോകം മുഴുവന്‍ പ്രതിഷേധം ആഞ്ഞടിയ്ക്കുമ്പോഴും ജപ്പാന്‍ കോടതി ഇവരുടെ മോചനം തടയുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ നടത്തി വരുന്ന “ശാസ്ത്രീയ തിമിംഗല വേട്ട” യോടനുബന്ധിച്ച് നടക്കുന്ന വെട്ടിപ്പ് വെളിപ്പെടുത്തിയ ജുനിച്ചി സാറ്റോ, ടോറു സുസുക്കി എന്നീ ഗ്രീന്‍ പീസ് പ്രവര്‍ത്തകരെ ജൂണ്‍ 20നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിമിംഗല സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാവസായികമായ തിമിംഗല വേട്ട നേരത്തേ നിരോധിച്ചതാണ്. എന്നാല്‍ ഈ നിരോധനം തിമിംഗല ഗവേഷണത്തിനായി തിമിംഗലങ്ങളെ പിടിയ്ക്കാന്‍ അനുവദിയ്ക്കുന്നുണ്ട്. ഇതിന്റെ മറവിലാണ് ജപ്പാന്‍ ഔദ്യോഗികമായി തന്നെ പ്രതിവര്‍ഷം ആയിരം തിമിംഗലങ്ങളെ വേട്ടയാടുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടത്തി വരുന്ന ഈ “ശാസ്ത്രീയ” വേട്ടയുടെ മറവില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ അനധികൃത തിമിംഗല വേട്ട നിര്‍ബാധം നടന്നു വരുന്നതിന് എതിരെയാണ് ഗ്രീന്‍ പീസ് പ്രതിഷേധിയ്ക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണത്തില്‍ നടക്കുന്ന ഈ തിമിംഗല വേട്ടയില്‍ കാലങ്ങളായി നടന്നു വന്ന ഇത്തരം വെട്ടിപ്പിനെതിരെ ഗ്രീന്‍ പീസ് പ്രക്ഷോഭം നടത്തി വരികയായിരുന്നു. തിമിംഗല സംരക്ഷണ മേഖലയില്‍ നിന്നും മടങ്ങി വന്ന “നിഷിന്‍ മാറു” എന്ന കപ്പലില്‍ നിന്നും ടോക്യോയിലെ ഒരു സ്വകാര്യ വ്യക്തിയുടെ കേന്ദ്രത്തിലേക്ക് തിമിംഗല മാംസം കടത്തുന്നത് മനസ്സിലാക്കി അതിലൊരു പെട്ടി മാംസം ജുനിച്ചിയും ടോറുവും കൈക്കലാക്കിയിരുന്നു. ഈ പെട്ടി ഇവര്‍ പിന്നീട് പോലീസിന് കൈമാറുകയുണ്ടായി. എന്നാല്‍ ഗ്രീന്‍ പീസിന്റെ വാദത്തിന് സഹായകരമായ തെളിവായി ഇവര്‍ കൈക്കലാക്കിയ തിമിംഗല മാംസം. ഇതില്‍ അരിശം പൂണ്ടാണ് സര്‍ക്കാര്‍ ഇവരെ തടവിലാക്കിയത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിച്ചിരുന്നു എങ്കിലും കോടതി ഇവരെ 23 ദിവസം തടങ്കലില്‍ വെയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജപ്പാനില്‍ കുറ്റപത്രം സമര്‍പ്പിയ്ക്കാതെ ഒരാളെ തടവില്‍ വെയ്ക്കാവുന്ന പരമാവധി കാലാവധിയാണിത്. ലോകമെമ്പാടും നിന്ന് രണ്ട് ലക്ഷത്തോളം പേര്‍ ഇതിനകം ഇവരുടെ മോചനത്തിനായി ജപ്പാന്‍ സര്‍ക്കാറിന് ഇമെയില്‍ സന്ദേശം അയച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രതിഷേധം ഇവിടെ അറിയിക്കാം: http://www.greenpeace.org/international/news/activists-arrested-200608/release-our-activists അന്താരാഷ്ട്ര വിലക്ക് മാനിക്കാതെ തിമിംഗല വേട്ട നടത്തുന്ന മറ്റ് രണ്ട് രാജ്യങ്ങള്‍ നോര്‍വേ, ഐസ് ലാന്‍ഡ് എന്നിവയാണ്. Labels: പരിസ്ഥിതി, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
09 July 2008
പാഠ പുസ്തകം: പ്രവാസി എഴുത്തുകാര്‍ പ്രതികരിയ്ക്കുന്നു
പാഠ പുസ്തക സമരം കേരളീയ നവോത്ഥാന മൂല്യങ്ങളെ വെല്ലു വിളിക്കുന്നു എന്ന് പ്രമുഖ പ്രവാസി എഴുത്തുകാര്‍ പ്രതികരിച്ചു. ഡോ. ടി. പി. നാസര്‍, ഡോ. കെ. എം. അബ്ദുല്‍ ഖാദര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഷംസുദ്ദിന്‍ മൂസ, കമറുദ്ദീന്‍ ആമയം, ബെന്യാമിന്‍, കുഴുര്‍ വിത്സന്‍, പ്രേംരാജന്‍, രാംമോഹന്‍ പാലിയത്, അനൂപ് ചന്ദ്രന്‍, ടി. പി. അനില്‍ കുമാര്‍, സനല്‍, നിര്‍മ്മല, കെ. എം. രശ്മി, ടി. പി. വിനോദ്, പ്രമോദ് കെ. എം., കെ. വി. മണികണ്ഠന്‍, സി. വി. സലാം, പി. കെ. മുഹമ്മദ്, ബീരാന്‍കുട്ടി, അബ്ദുല്‍ ഗഫുര്‍, സുനില്‍ സലാം, രാജേഷ് വര്‍മ്മ ,സര്‍ജു എന്നീ എഴുത്തുകാര്‍ ദുബായില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്ഥാവനയിലാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്.
“കാലഹരണപ്പെട്ടതും അവികസിതവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകള്‍ എന്ന നിലയില്‍ വിദേശങ്ങളില്‍ വച്ച് നാം നമ്മെ ത്തന്നെ കാണും. നാട്ടു രാജാക്കന്മാരുടെ ഭരണ പരിഷ്കാരങ്ങള്‍ പഠിച്ച്, ഉപന്യസിച്ച് വ്യാജ സാമൂഹിക പാഠങ്ങളിലൂടെ ലോകത്തെ അഭിമുഖീ കരിക്കാനാവില്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ബോധന രീതികളിലും നിരന്തരം പരിഷ്കരണങ്ങള്‍ നടക്കേണ്ടതുണ്ട്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന അത്തരം ശ്രമങ്ങളെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയളി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രൊഫഷണലുകളും എന്ന നിലയില്‍ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇനിയുമവ കുടുതല്‍ സമകാലീനതയും സമഗ്രതയും കൈവരിക്കേണ്ടതുണ്ടെന്ന ബോധ്യത്തോടെ. ആധുനിക ജനാധിപത്യ മതേതര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ മതേതര ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സവിശേഷവും വിശാലവുമായ ഒരിടമുണ്ട്. മതത്തിന്റെ ആശയങ്ങളെ അല്ല , മറിച്ച് മതേതര ആശയങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുക എന്നത് സര്‍ക്കാരുകളുടെ ഭര്‍ണ ഘടനാ പരമായ ബാധ്യതയാണ്. അതിനാല്‍ മെത്രാന്മാര്‍ക്കും മൊല്ലാക്കമാര്‍ക്കും അവരുടെ നോമിനികള്‍ക്കും കൂടി വിഭ്യഭ്യാസ കരിക്കുലം തീരുമാനിക്കാനാവില്ല. ഇന്ന് കേരളത്തിലെ പാഠ പുസ്തക സമരത്തില്‍ തെളിയുന്നത് മധ്യകാല മത രാഷ്ട്രീയമാണ്. യുക്തി വാദികളും നിരീശ്വര വാദികളും മിശ്ര വിവാഹിതരേക്കള്‍ എണ്ണത്തില്‍ കുറവായ നമ്മുടെ നാട്ടില്‍ രാഷ്ട്രീയമായി ശക്തി സംഭരിക്കന്‍ യുക്തിവാദം ഒരാശ്രയമല്ല. പള്ളി പ്രസംഗങ്ങളില്‍ രാഷ്ട്രീയം പറയുന്നതിന് ഗള്‍ഫ് രാജ്യങ്ങളില്‍ കര്‍ശന വിലക്ക് നില നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിനായ് ആഹ്വാനം മുഴങ്ങുന്നത് അപകടകരവും അപലപനീയവുമാണ്. പള്ളികളെ രാഷ്ട്രീയ സമര വേദിയാക്കാനുള്ള ശ്രമങ്ങളെ മഹല്‍ കമ്മിറ്റികള്‍ തന്നെ ചെറുക്കണമെന്നും, ആത്മീയ വേല വിട്ട് രാഷ്ട്രീയ വേലയില്‍ മുഴുകുന്ന ഇമാമുമാരെ പിരിച്ചു വിടണമെന്നും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. എണ്ണമറ്റ സംഘടനകള്‍ ഉണ്ടാക്കി സമുദായ നേതാവായ് സ്വയം പ്രഖ്യാപിച്ച് വിദേശ മൂലധനം കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന അല്‍പ്പ വിഭവ ശേഷിയുള്ള ഇക്കുട്ടരെ നിരന്തരം വട്ടമേശ സമ്മേളനത്തിനു വിളിക്കുന്ന കേരള സര്‍ക്കാര്‍ നയം പ്രതിഷേധാര്‍ഹമാണ്. മത സംഘടനകള്‍ക്കും മത ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സമ്പ്രദായം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു”.
- ജെ. എസ്.
|
പ്ലസ്‌വണ്‍ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് വെബ് സൈറ്റില്‍
പ്ലസ്‌വണ്‍ ഏകജാലക പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് വൈകുന്നേരം നാലിന് http://www.hscap.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഒന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും 10ന് രാവിലെ 10 മുതല്‍ 11ന് ഉച്ചയ്‌ക്ക് മൂന്നു വരെയുള്ള സമയങ്ങളില്‍ അതത് സ്‌കൂളില്‍ നിര്‍ബന്ധമായും പ്രവേശനം നേടണം. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ നമ്പറും ജില്ലയും നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് സ്ല്‌ളിപ്പിന്റെ പ്രിന്റൗട്ടും ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സഹിതമാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പ്രവേശനം നേടേണ്ടത്.
- ജെ. എസ്.
|
08 July 2008
യു.എ.ഇ.യില്‍ സമരം: 3000 ഇന്ത്യാക്കാര്‍ അറസ്റ്റില്‍
മോശപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച 3000 ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ യു.എ.ഇ.യിലെ റാസല്‍ഖൈമയില്‍ പട്ടാളത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് യു.എ.ഇ. ഒരു തൊഴില്‍ തര്‍ക്കം പരിഹരിയ്ക്കാന്‍ പട്ടാളത്തിനെ ഉപയോഗിയ്ക്കുന്നത്.
അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ പട്ടാള സംഘങ്ങള്‍ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് അബുദാബിയുടെ പ്രാന്ത പ്രദേശത്തെവിടെയോ ഉള്ള ഒരു രഹസ്യ സങ്കേതത്തിലേയ്ക്ക് കൊണ്ട് പോയിരിക്കുകയാണ് എന്ന് ഒരു പ്രമുഖ ഇന്ത്യന്‍ പത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമയിലെ ഒരു പ്രശസ്തമായ സെറാമിക് നിര്‍മ്മാണ കമ്പനിയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് തൊഴിലാളികള്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ ലഭിച്ച മോശം ഭക്ഷണത്തെ ചൊല്ലി പ്രതിഷേധിച്ചത്. പ്രതിഷേധം അക്രമാസക്തമാവുകയും ഇവര്‍ ക്യാമ്പിലെ ജനാലകളും ഫര്‍ണിച്ചറുകളും മറ്റും തല്ലി പൊട്ടിക്കുകയും, ക്യാമ്പിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു എന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹമ്മദ് അറിയിച്ചു. ക്യാമ്പിന്റെ കാന്റീനിലാണത്രെ പ്രശ്നം തുടങ്ങിയത്. മോശം ഭക്ഷണം വിളംബിയതിനെ മൂന്ന് തൊഴിലാളികള്‍ ചോദ്യം ചെയ്തത് വാഗ്വാദമായി മാറുകയും കുപിതരായ തൊഴിലാളികള്‍ കാന്റീന്‍ നടത്തിപ്പുകാരനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരെ കൊണ്ട് പോവാന്‍ മറ്റ് തൊഴിലാളികള്‍ അനുവദിച്ചില്ലത്രെ. തങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രശ്നം ഉണ്ടാക്കിയതെന്നു ഇവരെ കൊണ്ട് പോവാന്‍ തങ്ങള്‍ അനുവദിയ്ക്കില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിനെ പിന്തിരിപ്പിക്കാന്‍ പോലീസിനെ കല്ലെറിയുകയും ചെയ്തുവത്രെ. അക്രമാസക്തരായ ജനക്കൂട്ടം ഇതിനിടയില്‍ പോലീസിന്റെ വാഹനങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തതായ് അറിയുന്നു. ഇതിനെ തുടര്‍ന്നാണ് പട്ടാളം രംഗത്തെത്തിയത്. ക്യാമ്പ് മുഴുവന്‍ കയറി മുഴുവന്‍ തൊഴിലാളികളേയും പട്ടാളം അറസ്റ്റ് ചെയ്യാന്‍ ഇടയായത് ഇങ്ങനെയാണ്. മുറികളില്‍ കയറി ഒളിച്ച പലരേയും വാതില്‍ ചവുട്ടി പോളിച്ചും മുറി തന്നെ ഇടിച്ച് നശിപ്പിച്ചും ആണത്രെ പട്ടാളം അറസ്റ്റ് ചെയ്തത്. ക്യാമ്പില്‍ ഉണ്ടായിരുന്ന 3000 ത്തോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു എങ്കിലും ഇതില്‍ എല്ലാവര്‍ക്കും അക്രമ സംഭവങ്ങളില്‍ പങ്കില്ല. ഇവരുടെ വിരലടയാളങ്ങള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. അക്രമത്തില്‍ പങ്കുണ്ടെന്ന് തെളിയുന്നവരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. തടവ് കാലാവധി കഴിഞ്ഞാല്‍ ഇവരെ നാട് കടത്തുകയും ചെയ്യും. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇന്ത്യാക്കാരും മറ്റ് രാജ്യക്കാരും ഉണ്ടെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. യു.എ.ഇ.യിലെ ഇന്ത്യന്‍ കാര്യാലയം ഇവരെ മോചിപ്പിയ്ക്കാന്‍ യു.എ.ഇ. അധികാരികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരികയാണ് എന്നും മന്ത്രി പറഞ്ഞു. Labels: കുറ്റകൃത്യം, തൊഴില്‍ നിയമം, പോലീസ്, പ്രതിഷേധം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
|
07 July 2008
സൌദി ആരോഗ്യം ഐ.ടി. രംഗത്ത് ഇന്ത്യക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്
ആരോഗ്യ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ ധാരാളം തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി സാമി മൊഹമ്മദ് ബദവൂദ് പറഞ്ഞു. വെള്ളിയാഴ്ച ജിദ്ദയില്‍ ഇന്‍ഡോ സൌദി മെഡിക്കല്‍ ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഔസഫ് സയീദിനുള്ള യാത്രയയപ്പ് കൂടി ആയിരുന്നു ചടങ്ങ്. ഇന്ത്യയിലെ വിവിധ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി അറുനൂറോളം സൌദികള്‍ പഠിക്കുന്നുണ്ട്. ഈ സംഖ്യ വരും വര്‍ഷങ്ങളില്‍ ആറായിരം കവിയും എന്ന്‍ സ്ഥാനം ഒഴിയുന്ന സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതി സയീദ് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, ഫാര്‍മസിസ്റ്റ്, ഡോക്ടര്‍മാര്‍, പ്രത്യേകിച്ചും ശിശു രോഗ വിദഗ്ദ്ധര്‍, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കുള്ള ഒഴിവുകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും ഉള്ള ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നു എന്ന് സൌദി ആരോഗ്യ വകുപ്പ് മേധാവി അറിയിച്ചു. ഇന്ത്യ കൈവരിച്ച പുരോഗതിയും വര്‍ദ്ധിച്ച ശമ്പള നിലവാരവും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് തുല്യ പദവികളും ശമ്പള നിരക്കുകളും ഒക്കെ ഗള്‍ഫിലും ലഭ്യമാക്കേണ്ടത് ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് ഇന്ത്യക്കാരുടെ സേവനം ലഭ്യമാക്കാന്‍ അനിവാര്യമായിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
- ജെ. എസ്.
|
06 July 2008
വിവാദ പാഠം അഭിനന്ദനാര്‍ഹം എന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി
ഏഴാം ക്ലാസ്സിലെ വിവാദ പാഠ പുസ്തകം പിന്‍വലിയ്ക്കേണ്ട തില്ലെന്ന് ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. പാഠ പുസ്തകം തയ്യാറാക്കിയവരെ അഭിനന്ദിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. വിവാദ പാഠ പുസ്തകം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി ദേശീയ പാഠ്യ പദ്ധതി സമിതി അധ്യക്ഷന്‍ പ്രൊഫസ്സര്‍ യശ്പാലും എന്‍. സി. ഇ. ആര്‍. ടി. ഡയറക്ടര്‍ പ്രൊഫസ്സര്‍ കൃഷ്ണകുമാറും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തി. ഏറ്റവും മനോഹരമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയി ട്ടുള്ളതെന്നും സമൂഹത്തിന് നല്ല സന്ദേശം പകരുന്ന പാഠ ഭാഗങ്ങളാണ് അതിലുള്ള തെന്നും ചര്‍ച്ചയ്ക്ക് ശേഷം പ്രൊഫസ്സര്‍ യശ്പാല്‍ പറഞ്ഞു. ആരാണ് ഇത് എഴുതിയത് എന്ന് ചോദിച്ച അദ്ദേഹം അവരെ അഭിനന്ദിക്കണം എന്നും അഭിപ്രായപ്പെട്ടു. പാഠ പുസ്തകങ്ങള്‍ തയ്യാറാക്കുന്ന തിനിടയില്‍ ഇത്തരം സംവാദങ്ങള്‍ ഉയരുക സ്വാഭാവികം ആണെന്ന് ഈ വിദഗ്ദ്ധര്‍ ചൂണ്ടി ക്കാട്ടിയതായി പിന്നീട് എം.എ.ബേബി അറിയിച്ചു.
Labels: കേരളം, വിദ്യാഭ്യാസം, വിവാദം
- ജെ. എസ്.
|
പ്രവാസികള്‍ വരുമാനത്തിന്റെ പകുതി ചെലവഴിക്കുന്നത് വീട്ട് വാടകയ്ക്ക്
സ്വന്തമായി ഒരു വീട് ഏവരുടേയും സ്വപ്നമാണ്. അതിന് വേണ്ടി കഷ്ടപ്പെടാനും പണം ചിലവഴിക്കാനും ഏവരും തയ്യാറുമാണ്. എന്നാല്‍ മറ്റൊരാളുടെ വീട്ടില്‍ വാടക ക്കാരനായി താമസിക്കാന്‍ എത്ര പണം ചിലവഴിക്കാം. ആകെ കിട്ടുന്ന വരുമാനത്തിന്‍റെ 20 മുതല്‍ 30 ശതമാനം വരെ? എന്നാല്‍ ഗള്‍ഫിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഞട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.
ആകെ കിട്ടുന്ന ശമ്പളത്തിന്‍റെ 41 ശതമാനത്തി ലധികം വീട്ടു വാടകക്കായി പ്രവാസികള്‍ വിനിയോഗിക്കുന്നു എന്ന കണക്കാണ് അബുദാബി ആസൂത്രണ സാമ്പത്തിക വകുപ്പ് പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം സ്വദേശികള്‍ തങ്ങളുടെ വരുമാനത്തിന്‍റെ 28 ശതമാനം മാത്രമാണ് വീട്ടു വാടകക്കായി വിനിയോഗിക്കുന്നത്. അബുദാബിയുടെ ആകെ വരുമാനം 53.4 ബില്യന്‍ ദിര്‍ഹമാണ്. ഇതില്‍ 51 ശതമാനം സ്വദേശികളുടെ ശമ്പളത്തിനായി വിനിയോഗിക്കുന്നു. എന്നാല്‍ ആകെ 22 ശതമാനം മാത്രമാണ് സ്വദേശികളുടെ തൊഴില്‍ സമൂഹം. വര്‍ദ്ധിച്ചു വരുന്ന ചെലവ് പ്രവാസികളുടെ സമ്പാദ്യത്തേയും വീട്ടിലേക്ക് ചിലവിനായി അയക്കുന്ന പണത്തേയും ബാധിക്കുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. എന്നാല്‍ സ്വദേശികള്‍ ചിലവാക്കുന്ന അതേ നിരക്കില്‍ പ്രവാസിയും പണം ചിലവഴിക്കുന്നുണ്ട്. ഇരു വിഭാഗങ്ങളുടേയും വരുമാനത്തിന്‍റെ 14 ശതമാനം ഭക്ഷണം, പാനീയങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവക്കായാണ് ചിലവഴിക്കുന്നത്. ഗതാഗത സൗകര്യങ്ങള്‍ക്കായി 20 ശതമാനം ചിലവഴിക്കുമ്പോള്‍ 2 ശതമാനം മാത്രമാണ് ആരോഗ്യ സുരക്ഷക്കായി മാറ്റി വക്കുന്നത്. വീട് മോടി പിടിപ്പാക്കാനും പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങാനുമായി സ്വദേശികള്‍ ധാരാളം പണം ചിലവഴിക്കുമ്പോള്‍ പ്രവാസികള്‍ ഇക്കാര്യത്തില്‍ പിശുക്ക് കാണിക്കുന്നു ണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അടുത്തിടെ യുഎഇയില്‍ എത്തുന്നവരുടെ എണ്ണത്തി ലുണ്ടായ വന്‍ വര്‍ദ്ധനവാണ് വീട്ടു വാടക വര്‍ദ്ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഈ വര്‍ഷം യുഎഇയില്‍ എത്തിയവരുടെ എണ്ണം. ഇതിനാല്‍ ഇത്രയും ആളുകള്‍ക്ക് താമസിക്കാന്‍ വീടുകള്‍ ഇല്ലാത്തതിനാല്‍ വാടക വര്‍ദ്ധിക്കുന്നു. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വീടുകള്‍ കൂടുതല്‍ വരുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ വാടക വര്‍ദ്ധന സംബന്ധിച്ച് അബുദാബി സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത് ആശ്വാസമാണ്. കഴിഞ്ഞ വര്‍ഷത്തെ നാണയ പ്പെരുപ്പം 11 ശതമാനമാണ്. വീട്ടു വാടക വര്‍ദ്ധന 60 ശതമാനം വരെ വര്‍ദ്ധിച്ചതും നാണയ പ്പെരുപ്പത്തിന് കാരണണായി. ഇത് അബുദാബിയിലെ കണക്കുക ളാണെങ്കില്‍ ദുബായില്‍ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉളളൂ. ഷാര്‍ജയും ഒട്ടും മോശമല്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Labels: പ്രവാസി, യു.എ.ഇ., സാമ്പത്തികം
- ജെ. എസ്.
|
04 July 2008
റിയാലിറ്റി ഷോ: ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടം
പതിനാറ് വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി റിയാലിറ്റി ഷോ ജഡ്ജിയുടെ പരിഹാസം കേട്ട് കുഴഞ്ഞ് വീണ പശ്ചാത്തലത്തില്‍ റിയാലിറ്റി ഷോകള്‍ക്ക് നിയമം മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രി സഭ ഉദ്ദേശിക്കുന്നു. വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ചൊവ്വാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഈ കാര്യം. റിയാലിറ്റി ഷോ ജഡ്ജിമാര്‍ക്ക് പെരുമാറ്റ ചട്ടവും ഇതിനോട് അനുബന്ധിച്ച് നടപ്പിലാക്കും. മത്സരാര്‍ത്ഥികളെ എന്തും പറയാനുള്ള സാഹചര്യം അനുവദിയ്ക്കില്ല. റിയാലിറ്റി ഷോ ജഡ്ജിമാര്‍ ഉപയോഗിയ്ക്കുന്ന മാന്യമല്ലാത്ത ഭാഷ പല കുട്ടികളേയും വേദനിപ്പിയ്ക്കുന്നുണ്ട്. ഇതിനെതിരെ പെരുമാറ്റ ചട്ടം കൊണ്ടു വരും എന്നും മന്ത്രി അറിയിച്ചു.
കൊച്ചു കുട്ടികളെ മാധ്യമങ്ങള്‍ അനുചിതമായി പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ സര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിയ്ക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു. കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിയ്ക്കുവാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ നടപടികളും സര്‍ക്കാര്‍ കൈ കൊള്ളും. എന്നാല്‍ ഇത്തരം പരിപാടികള്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ അയയ്ക്കുന്നതിന് മുന്‍പ് പരിപാടിയുടെ നിലവാരത്തെ കുറിച്ച് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാരുടെ ക്രൂരതയ്ക്ക് ഇരയായി ശരീരം തളര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെട്ട് വരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Labels: കുട്ടികള്‍, മനുഷ്യാവകാശം, സാംസ്കാരികം
- ജെ. എസ്.
|
03 July 2008
മോഡിയ്ക്കെതിരെ നരഹത്യാ വിരുദ്ധ മുന്നണി
അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ നടക്കുവാനിരിക്കുന്ന രണ്ടാം ലോക ഗുജറാത്തി സമ്മേളനത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന് എതിരെ അമേരിക്കയിലെ നരഹത്യാ വിരുദ്ധ മുന്നണി രംഗത്തെത്തി. മോഡിയ്ക്ക് അമേരിക്കയില്‍ പ്രവേശിയ്ക്കാനുള്ള വിസ നല്‍കരുത് എന്നാണ് ഇവരുടെ ആവശ്യം.
സമ്മേളനത്തിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ അമേരിക്കന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയാണ് നരേന്ദ്ര മോഡിയെ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചത്. വിസയുടെ പ്രശ്നം മോഡിയും സര്‍ക്കാരും തമ്മില്‍ ഉള്ളതാണെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ സംഘടനയുടെ പ്രസിഡന്റായ സുനില്‍ നായകിന്റെ മറുപടി. ലോകമെമ്പാടും നിന്നുള്ള അന്‍പതിനായിരത്തോളം ഗുജറാത്തികള്‍ ഓഗസ്റ്റ് 29ന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കും. മോഡിയ്ക്ക് അമേരിക്ക വിസ നല്‍കുമെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനാവുമെന്നും നായക് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ ഇരുപത്തഞ്ചോളം സംഘടനകളുടെ കൂട്ടായ്മയായ നരഹത്യാ വിരുദ്ധ മുന്നണി മോഡിയ്ക്ക് അമേരിയ്ക്ക സന്ദര്‍ശിക്കുവാനുള്ള വിസ നല്‍കരുതെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടോലിസാ റൈസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 2005ല്‍ നടന്ന ഒന്നാം ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോഡിയ്ക്ക് അമേരിയ്ക്കന്‍ സര്‍ക്കാര്‍, ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍, വിസ നിരസിച്ചിരുന്നു. കോണ്ടൊലിസാ റൈസിന് എഴുതിയ കത്തില്‍ 2005ല്‍ മോഡിയ്ക്ക് വിസ നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് നരഹത്യാ വിരുദ്ധ മുന്നണി ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തന്നെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെ വ്യാപകമായി വ്യവസ്ഥാപിത മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. 2002ലെ കലാപങ്ങള്‍ക്ക് മോഡി ഇന്ന് വരെ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല അവയെ ന്യായീകരിയ്ക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ നടന്ന ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ ഇതിന് സാക്ഷ്യം വഹിയ്ക്കുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശ സംഘടനകളെ സംസ്ഥാന ഭരണകൂടം പീഡിപ്പിച്ച് നിശ്ശബ്ദരാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്. Labels: അമേരിക്ക, ഇന്ത്യ, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
02 July 2008
എമിറേറ്റ്സ് കോഴിക്കോട്ടേയ്ക്കും
എമിറേറ്റ്സ് ഇനി ആഴ്ചയില്‍ ആറ് ദിവസം കോഴിക്കോട്ടേയ്ക്ക് പറക്കും. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേയ്ക്ക് വിമാന സര്‍വീസ് ഉണ്ടാവും. ഈ റൂട്ടിലെ ആദ്യത്തെ ഫ്ലൈറ്റ് ഇന്നലെ ഉച്ചയ്ക്ക് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും പുറപെട്ട് വൈകീട്ട് എട്ട് മണിയോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തി ചേര്‍ന്നു.
ഇതോടെ എമിറേറ്റ്സ് ഇന്ത്യയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം പ്രതിവാരം 125 ആയി. ഇന്ത്യയിലേയ്ക്ക് ഏറ്റവും അധികം വിമാനങ്ങള്‍ പറത്തുന്ന വിദേശ കമ്പനിയാണ് എമിറേറ്റ്സ്. തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടേകാലിന് ദുബായില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് ഏഴ് അമ്പതിന് വിമാനം കോഴിക്കോട് ഇറങ്ങും. ഈ വിമാനം രാത്രി ഒന്‍പത് ഇരുപതിന് അവിടെ നിന്നും മടങ്ങി ദുബായില്‍ രാത്രി പതിനൊന്ന് നാല്‍പ്പതിന് തിരിച്ചെത്തും. വ്യാഴാഴ്ചയും ശനിയാഴ്ചയും രാവിലെ മൂന്നരയ്ക്ക് ദുബായില്‍ നിന്നും പുറപ്പെട്ട് ഒമ്പത് അഞ്ചിന് കോഴിക്കോട് ഇറങ്ങുന്ന വിമാനം പത്ത് മുപ്പത്തിയഞ്ചിന് അവിടെ നിന്നും മടങ്ങി ദുബായില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് അന്‍പതിയഞ്ചിന് എത്തിച്ചേരും. പ്രാരംബ കാല പ്രത്യേക നിരക്കായ 1760 ദിര്‍ഹം 31 ഓഗസ്റ്റ് വരെ നിലവിലുണ്ടാവും എന്ന് എമിറേറ്റ്സ് അറിയിച്ചു. Labels: ദുബായ്, വിമാന സര്‍വീസ്
- ജെ. എസ്.
1 Comments:
Links to this post: |
കാര്‍ഷിക മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍
ജിസിസി രാജ്യങ്ങളിലെ കാര്‍ഷിക മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ തുടങ്ങി. ഭക്ഷ്യ സുരക്ഷായാണ് സമ്മേളനത്തിന്‍റെ മുഖ്യ ചര്‍ച്ചാ വിഷയം.
ഭക്ഷ്യ വസ്തുക്കള്‍ക്കായി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ഇറക്കുമതിയെ ആശ്രയിക്കുന്ന ജിസിസി രാജ്യങ്ങള്‍ പ്രതിസന്ധിയെ നേരിടുകയാണ്. ഗള്‍ഫ് മേഖലയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി എടുക്കാനാകുന്ന മാര്‍ഗ്ഗങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. ജിസിസി തലത്തില്‍ കാര്‍ഷിക മത്സ്യ ഗവേഷണങ്ങള്‍ക്ക് പുരസ്ക്കാരം ഏര്‍പ്പെടുത്തണമെന്ന ഖത്തറിന്‍റെ നിര്‍ദേശവും സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിനിടെ അബുദാബി ഇന്നലെ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു Labels: ഖത്തര്‍
- ജെ. എസ്.
|
01 July 2008
ബഹറൈനില്‍ പണിമുടക്ക്
ഒരു മലയാളി പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ബഹറൈനില്‍ രണ്ടായിരത്തോളം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
പോലീസ് കസ്റ്റഡിയില്‍ മരിച്ച മലയാളിയായ വിനോദ് കുമാറിനെ (32) മോചിപ്പിയ്ക്കാനോ സഹായിയ്ക്കാനോ തങ്ങളുടെ കമ്പനി ഒന്നും ചെയ്തില്ല എന്നത് ആണ് പ്രതിഷേധത്തിന് കാരണമായത്. വ്യാഴാഴ്ച നാട്ടിലേയ്ക്ക് പോകാനിരുന്ന വിനോദ് കുമാറിന്റെ യാത്ര കമ്പനിയുടെ അനാസ്ഥ കാരണം മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നത്രെ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അവസ്ഥയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാളെ മോചിപ്പിക്കുവാനോ ഇയാളുടെ യാത്ര തരപ്പെടുത്തുവാനോ ഇയാള്‍ ജോലി ചെയ്ത സ്ഥാപനം വേണ്ട നടപടികള്‍ സ്വീകരിച്ചില്ലത്രെ. രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇയാളെ രണ്ട് ദിവസം മുന്‍പ് പിടി കൂടിയതും ഇയാള്‍ നടു റോഡില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോഴായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇയാളുടെ സുരക്ഷയെ കരുതിയായിരുന്നു അറസ്റ്റ്. കോഴിക്കോട് സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ വിനോദ് കുമാറിന് നാട്ടില്‍ ഭാര്യയും ഒന്നര വയസ്സായ മകനും ഉണ്ട്. രണ്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്ന ബഹറൈനിലെ അഹമ്മദ് മന്‍സൂര്‍ അല്‍ ആലി എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു വിനോദ് കുമാര്‍. ഇയാളുടെ വിമാന ടിക്കറ്റ് തങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു എന്ന് കമ്പനി വക്താവ് അറിയിച്ചു. ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായ് ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്രെ. എന്തായിരുന്നു ഇയാളുടെ പ്രശ്നം എന്ന് പക്ഷെ ആര്‍ക്കും വ്യക്തമായിരുന്നില്ല. Labels: അപകടങ്ങള്‍, മനുഷ്യാവകാശം, സൌദി
- ജെ. എസ്.
|
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജീവന്‍ ഒടുക്കി
മണി ചെയിന്‍ തട്ടിപ്പിന് ഇരയായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. പാലക്കാട് NSS College of Engineering ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ഷിഹാസ് ആണ് ശനിയാഴ്ച കോളേജിലെ രണ്ടാം നമ്പര്‍ ഹോസ്റ്റലില്‍ തന്റെ മുറിയില്‍ തൂങ്ങി മരിച്ചത്. ഇരുപത്തി രണ്ട് കാരനായ ഷിഹാസ് കോഴിക്കോട് പേരാമ്പ്ര ചേനോലിയില്‍ സ്വദേശിയാണ്.
മണി ചെയിന്‍ ഇടപാടില്‍ മേലേ തട്ടിലുള്ളവര്‍ മുങ്ങിയതാണ് ഇയാളെ വെട്ടിലാക്കിയത് എന്നറിയുന്നു. ഒരു പാട് പേരെ മണി ചെയിനില്‍ ചേര്‍ത്തിരുന്ന ഷിഹാസിനെ നിരവധി പേര്‍ അടുത്ത നാളുകളില്‍ തേടി വന്നിരുന്നു എന്ന് സഹപാഠികള്‍ പറഞ്ഞു. കടക്കാര്‍ ഇയാളുടെ ബൈക്കും എടുത്തു കൊണ്ട് പോയത്രെ. മണി ചെയിനിന്റെ പരസ്യങ്ങളും ഫോറങ്ങളും മറ്റ് കടലാസുകളും ഷിഹാസിന്റെ മുറിയില്‍ നിന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തും എന്ന് പോലീസ് അറിയിച്ചു.
- Jishi Samuel
|
ഇന്ത്യയിലേക്കുള്ള വീസ ഫീസ് നിരക്കില്‍ ഭേദഗതി
ഒമാനില്‍ നിന്നും ഇന്ത്യയിലേക്കു പോകുന്ന വിദേശികള്‍ക്കുള്ള വിസ ഫീസില്‍ ഭേദഗതികള്‍ വരുത്തി. ആറ് മാസത്തെ കാലാവധിയുള്ള ടൂറിസ്റ്റ് വിസകള്‍ക്കും പഠന വിസകള്‍ക്കും പഴയ നിരക്കായ പതിനഞ്ചര റിയാല്‍ തന്നെയായിരിക്കും. ആറ് മാസം കാലാവധിയുള്ള മറ്റ് വിസകള്‍ക്ക് മുപ്പത് റിയാലായി ഫീസുയര്‍ത്തി. പതിനഞ്ച് റിയാലായിരുന്നു പഴയ നിരക്ക്.
മസ്ക്കറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ വാദ്വയാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. Labels: ഒമാന്‍, തൊഴില്‍ നിയമം
- Jishi Samuel
|
കൊടകരപുരാണം വെബ്ബന്നൂരില്‍ വീണ്ടും
ബൂലോഗത്തില്‍ നിന്നും അച്ചടി ലോകത്തേയ്ക്ക് വന്ന ആദ്യ മലയാളം ബ്ലോഗ് ആയ കൊടകരപുരാണം ഇപ്പോള്‍ വെബ്ബന്നൂരില്‍ വീണ്ടും വ്യാപിക്കുന്നു. ഇത്തവണ ബ്ലോഗായല്ല, ebook ആയാണ് ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. pdf file formatല്‍ ആണ് കൊടകരപുരാണം പുനര്‍ അവതരിച്ചിരിക്കുന്നത്. ഈമെയില്‍ വഴി ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കൃതി ഓഫീസില്‍ വെച്ച് വായിയ്ക്കുന്നതിന് എതിരെ ഒരു മുന്നറിയിപ്പും ഈമെയിലില്‍ ഉണ്ട്. ഇത് നിങ്ങളുടെ ഓഫീസില്‍ വെച്ച് വായിച്ച് നിങ്ങള്‍ പൊട്ടിച്ചിരിച്ച് പോയാല്‍ നിങ്ങള്‍ക്ക് കൂടെ ജോലി ചെയ്യുന്നവരുടെയും നിങ്ങളുടെ ബോസിന്റെയും അടുത്ത് നിന്നും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്.
എന്നാല്‍ ഈമെയില്‍ ആയി ഇത് ലഭിച്ച പലര്‍ക്കും ഇതിന്റെ പകര്‍പ്പവകാശം സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇങ്ങനെ ഇത് പ്രചരിപ്പിക്കുന്നതിന്റെ ധാര്‍മ്മികതയും മറ്റും പല ഈമെയില്‍ ഗ്രൂപ്പുകളിലും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തങ്ങളുടെ ബ്ലോഗും ഒരു നാള്‍ പുസ്തകമാവും എന്ന സ്വപ്നവും മനസ്സില്‍ താലോലിയ്ക്കുന്ന, അത് മൂലം ഉണ്ടായേയ്ക്കാവുന്ന റോയല്‍റ്റി ആദായം കണക്ക് കൂട്ടി നോക്കിയ പലരും ഇതിനെ എതിര്‍ത്ത് എഴുതുകയും ഉണ്ടായി. ഈ പ്രശ്നം അവസാനം പുരാണ രചയിതാവായ സജീവ് എടത്താടന്റെ അടുത്തും എത്തി. ഒരു ഈമെയില്‍ ഗ്രൂപ്പ് സജീവിനെ തന്നെ ഈ പ്രശ്നവുമായി സമീപിച്ചു. എന്നാല്‍ തന്റെ തൂലികാനാമം പോലെ തന്നെ താന്‍ ഒരു വിശാലമനസ്കനാണ് എന്ന് സജീവ് വെളിപ്പെടുത്തിയതോടെ പ്രശ്നം അവസാനിക്കുകയുണ്ടായി. താന്‍ പുരാണം രചിച്ചത് തന്റെ ഒഴിവ് സമയത്തെ ഒരു നേരമ്പോക്ക് മാത്രം ആയിട്ട് ആണെന്ന്‍ ആയിരുന്നു വിശാലമനസ്കന്റെ മറുപടി. അത് ആരെ എങ്കിലും ഒക്കെ പൊട്ടിച്ചിരിപ്പിച്ചാല്‍ താന്‍ അതിന് തന്റെ പുസ്തകത്തിന് ലഭിച്ചേയ്ക്കാവുന്ന റോയല്‍റ്റി പണത്തിനേക്കാള്‍ ഏറെ വിലമതിയ്ക്കുന്നു. എന്നാല്‍ കുറേയേറെ വായനക്കാര്‍ ഇത് പുസ്തക രൂപത്തില്‍ വായിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ പുരാണത്തിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ മെച്ചപ്പെട്ട കെട്ടും മട്ടുമായി പുറത്തിറങ്ങുന്നുണ്ട് എന്നും വിശാലമനസ്കന്‍ അറിയിച്ചു.
- ജെ. എസ്.
1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്