30 November 2008
മോഡിയുടെ സമ്മാനം കവിത കര്‍ക്കരെ തിരസ്കരിച്ചു
ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നഷ്ട പരിഹാര തുകയില്‍ നിന്ന് തനിക്ക് ഒന്നും വേണ്ടെന്ന് മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ വിധവ കവിത കര്‍ക്കരെ അറിയിച്ചു. മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഹേമന്ത് കര്‍ക്കരെ ഹിന്ദു തീവ്ര വാദികളുടെ പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് നരേന്ദ്ര മോഡി അടക്കം മിക്ക ബി. ജെ. പി. നേതാക്കളുടേയും കണ്ണിന് കരടായി മാറിയിരുന്നു ഹേമന്ത്. കര്‍ക്കരെയുടെ അന്വേഷണത്തില്‍ അതൃപ്തിയും സംശയവും പരസ്യമായി രേഖപ്പെടുത്തിയ ഇവര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹേമന്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിയതും ആരും മറന്നിട്ടില്ല. മഹാരാഷ്ട്രാ മുഖ്യ മന്ത്രി വിലാസ് റാവു ദേശ്‌മുഖിനു മുന്‍പേ ഭീകര ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് പ്രശ്നം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രാ മുഖ്യ മന്ത്രിയേയും പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനേയും വിമര്‍ശിച്ചു സംസാരിച്ച മോഡി ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായ ധനം പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കേവലമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ഇറങ്ങി തിരിച്ച മോഡിയുടെ നിലപാട് എല്ലാവരേയും അമ്പരപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിന് ചുട്ട മറുപടിയായി ഹേമന്തിന്റെ വിധവയായ കവിത, മോഡി ഹേമന്തിന്റെ വീട് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചത്. തനിക്ക് മോഡിയുടെ സഹായ ധനവും വേണ്ട എന്ന് കവിത അറിയിച്ചു.
- ജെ. എസ്.
|
മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച മോഡിക്ക് പരക്കെ എതിര്‍പ്പ്
മുംബൈയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ച ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനകള്‍ അങ്ങേയറ്റം അപലപനീയമാണ് എന്ന് വിലാസ് റാവു ദേശ് മുഖ് അഭിപ്രായപ്പെട്ടു. സംഭവം സ്ഥലം സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച്ച തന്നെ മാത്രം അനുവദിച്ചില്ല എന്ന് മോഡി പറഞ്ഞത് ശരിയല്ല. പ്രധാന മന്ത്രി അടക്കം പലരേയും സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കിയിരുന്നു. തങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച പ്രധാന മന്ത്രി സംഭവം സ്ഥലം സന്ദര്‍ശിക്കുന്നതിനു പകരം ജെ. ജെ. ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ മോഡി സംഭവ സ്ഥലം സന്ദര്‍ശിക്കുക തന്നെ വേണം എന്ന് നിര്‍ബന്ധം പിടിച്ചു. ഇതിനെ തുടര്‍ന്ന് അനുമതി ലഭിച്ച മോഡി സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രകോപനപരമായ ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. സംഭവത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് പ്രധാന മന്ത്രി വേണ്ട വിധം ഉയര്‍ത്തി കാട്ടുന്നില്ല എന്ന് മോഡി കുറ്റപ്പെടുത്തി. തീവ്രവാദത്തിനായി കടല്‍ മാര്‍ഗ്ഗം ഉപയോഗിക്കരുത് എന്ന ഐക്യ രാഷ്ട്ര സഭയുടെ വിലക്ക് ലംഘിച്ച പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര സമൂഹത്തെ സമീപിക്കാന്‍ കേന്ദ്രം തയ്യാറാവണം എന്നും മോഡി പറയുകയുണ്ടായി. മോഡിയുടെ സന്ദര്‍ശനം എന്തു കൊണ്ട് പൂര്‍ണ്ണമായും വിലക്കിയില്ല എന്ന ചോദ്യത്തിന് മറാഠി സംസ്ക്കാരം അതിന് അനുവദിക്കുന്നില്ല എന്നായിരുന്നു ദേശ്‌മുഖിന്റെ മറുപടി.
മഹാരാഷ്ട്രാ സന്ദര്‍ശനത്തില്‍ ഉടനീളം എതിര്‍പ്പ് നേരിട്ട മോഡിക്ക് പക്ഷെ ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ വിധവയായ കവിത കര്‍ക്കരെയില്‍ നിന്നു തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
- ജെ. എസ്.
|
29 November 2008
വീര മൃത്യു വരിച്ച സന്ദീപ്
ഭീകരരുടെ വെടിയേറ്റ ഒരു സഹ പ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വെടിയേറ്റ് മരണത്തിന് കീഴടങ്ങിയ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് ദേശം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യോ പചാരങ്ങള്‍ അര്‍പ്പിച്ചു. ബാംഗ്ലൂരിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ അനേകാ യിരങ്ങളാണ് എത്തിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ പുഷ്പ ചക്രം അര്‍പ്പിച്ചു.
31 കാരനായ മേജര്‍ സന്ദീപ് ഐ. എസ്. ആര്‍. ഓ. യില്‍ നിന്നും വിരമിച്ച കെ. ഉണ്ണികൃഷ്ണന്റെ ഏക പുത്രനാണ്. കോഴിക്കോട് ബേപ്പൂരാണ് സ്വദേശമെങ്കിലും വര്‍ഷങ്ങളായി ബാംഗ്ലൂരാണ് താമസം. “എനിക്ക് എന്റെ മകനെ വെള്ളിയാഴ്ച്ച നഷ്ടപ്പെട്ടു. രക്തസാക്ഷി എന്ന് എന്റെ മകനെ വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കു ന്നില്ലെങ്കിലും അവന്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് എനിക്ക് അഭിമാനത്തോടെ പറയുവാനാവും” - സന്ദീപിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡിസംബറില്‍ വീട്ടില്‍ വരാനിരി ക്കുകയായിരുന്നു സന്ദീപ്. 1999ല്‍ എന്‍ ഡി. ഏ. യില്‍ നിന്നും പുറത്തിറങ്ങിയ സന്ദീപ് ബീഹാര്‍ ഏഴാം റെജിമെന്റില്‍ ചേര്‍ന്നു. സന്ദീപിന്റെ വീര്യം മനസ്സിലാ ക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ദേശീയ സുരക്ഷാ സേനയിലേക്ക് 2007 ജനുവരിയില്‍ എടുക്കുക യായിരുന്നു. കാശ്മീര്‍ നുഴഞ്ഞു കയറ്റക്കാരെ നേരിട്ട പരിചയ സമ്പത്തുള്ള സന്ദീപിനെ നവംബര്‍ 27ന് താജില്‍ നടത്തിയ പ്രത്യേക ഓപ്പറേഷന്റെ ഭാഗമാക്കിയത് ഈ പരിചയ സമ്പത്ത് മുന്‍ നിര്‍ത്തിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നേറിയ സൈന്യം ഭീകരരുമായി രൂക്ഷമായ യുദ്ധത്തില്‍ ഏര്‍പ്പെടുകയുണ്ടായി. ഒരു സൈനികന് വെടിയേറ്റതിനെ തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് മാറ്റുവാന്‍ ഏര്‍പ്പാ ടാക്കിയ സന്ദീപ് തന്റെ സുരക്ഷ വക വെക്കാതെ ഭീകരരെ അവിടെ നിന്നും തുരത്തി ഓടിക്കു കയായിരുന്നു. താജിന്റെ മറ്റൊരു നില വരെ ഇവരെ ഇങ്ങനെ സന്ദീപ് പിന്തുടര്‍ന്ന് ഓടിച്ചത്രെ. എന്നാല്‍ ഇതിനിടയില്‍ തനിക്ക് വെടി ഏല്‍ക്കുകയും മരണത്തിന് കീഴടങ്ങുക യുമായിരുന്നു മലയാളത്തിന്റെ വീര പുത്രനായ സന്ദീപ്. Labels: ഇന്ത്യ, കേരളം, തീവ്രവാദം, ലോക മലയാളി
- ജെ. എസ്.
|
ഓപ്പറേഷന്‍ സൈക്ലോണ്‍ അവസാനിച്ചു
താജ് പാലസ് ഹോട്ടലിലെ ഭീകരവാദികളെ തുരത്തുവാനുള്ള ദേശീയ സുരക്ഷാ സേനയുടെ പ്രത്യേക ദൌത്യമായ ഓപ്പറേഷന്‍ സൈക്ലോണ്‍ അവസാനിച്ചു. ഇതോടെ 62 മണിക്കൂര്‍ നീണ്ടു നിന്ന ഭീകര വാദികളുടെ ഹോട്ടല്‍ നിയന്ത്രണം പൂര്‍ണ്ണമായി ഇല്ലാതായി. ഇന്ന് രാവിലെ നടന്ന അവസാന യുദ്ധത്തില്‍ സുരക്ഷാ സൈനികര്‍ മൂന്ന് തീവ്രവാദികളെ കൂടി താജില്‍ വച്ച് കൊലപ്പെടുത്തി. എന്നാല്‍ താജില്‍ ഇനിയും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് സൈനികര്‍ പരിശോധിച്ചു വരികയാണ് എന്ന് ദേശീയ സുരക്ഷാ സേനയുടെ മേധാവി ജെ. കെ. ദത്ത് അറിയിച്ചു. ഗ്രെനേഡുകളും എ. കെ. 47 തോക്കുകളും തീവ്രവാദികളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
- ജെ. എസ്.
|
28 November 2008
മുംബൈ ആക്രമണം അല്‍ ഖൈദ മോഡല്‍
127 പേര്‍ ഇതിനകം കൊല്ലപ്പെട്ട മുംബൈ ആക്രമണം അല്‍ ഖൈദ തയ്യാറാക്കിയ ബ്ലൂ പ്രിന്റ് പ്രകാരം ആണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ലോകം എമ്പാടുമുള്ള തീവ്രവാദ സംഘങ്ങള്‍ അല്‍ ഖൈദ നിര്‍മ്മിച്ച ബ്ലൂ പ്രിന്റ് പകര്‍ത്തി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഒരു രീതിയിലേക്കാണ് മുംബൈയില്‍ നടന്ന ആക്രമണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് എന്ന് തീവ്രവാദ - ഏറ്റുമുട്ടല്‍ രംഗത്ത് ഗവേഷണം നടത്തുന്ന ബ്രിട്ടീഷ് വിദഗ്ദ്ധന്‍ ജോര്‍ജ്ജ് കാസ്സിമെറി അഭിപ്രായപ്പെട്ടു. ഈ ബ്ലൂ പ്രിന്റിന്റെ പൊതുവായ തത്വം ആക്രമണത്തിലൂടെ ഏറ്റവും വ്യാപകമായ അരാജകത്വം സൃഷ്ടിക്കുക എന്നതാണ്. അതു തന്നെയാണ് മുംബൈയില്‍ നടന്നതും. നേരത്തേ മുന്നറിയിപ്പ് നല്‍കാതെ, പ്രത്യേകിച്ച് ലക്ഷ്യങ്ങളും ആവശ്യങ്ങളും ഉന്നയിക്കാതെ, ജനത്തിനു നേരെ ഇത്തരം ഒരു ആക്രമണം അഴിച്ചു വിട്ടത് ഇത് വ്യക്തമാക്കുന്നു. അമേരിക്കന്‍ ബ്രിട്ടീഷ് പൌരന്മാരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്. പ്രത്യേകിച്ച് പ്രവര്‍ത്തന പദ്ധതിയൊന്നും ഇല്ലാതെ, ഏറ്റവും അധികം നാശം വിതക്കുകയും ഏറ്റവും അധികം ആളുകളെ കൊല്ലുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത് എന്നും ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
- ജെ. എസ്.
|
27 November 2008
ശങ്കരന്‍ കുട്ടി അവാര്‍ഡ് കെ. ഷെറീഫിന്റെ “ആട്ജീവിത“ ത്തിന്
ഈ വര്‍ഷത്തെ മികച്ച പുസ്തക പുറം കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് തൃശ്ശൂര്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ആട് ജീവിതം എന്ന പുസ്തകത്തിന് ശ്രീ കെ. ഷെറീഫിനു ലഭിച്ചു. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പുസ്തക കവറുകള്‍ രൂപകല്‍പ്പന ചെയ്തതിനുള്ള റെക്കോര്‍ഡിന് ഉടമയായ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടിയുടെ പേരില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടി ട്രസ്റ്റ് കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുമായ് ചേര്‍ന്ന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് നവമ്പര്‍ 29ന് കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കുന്നതാണ്. അവാര്‍ഡിന്റെ ജഡ്ജിങ് കമ്മറ്റിയില്‍ സുപ്രസിദ്ധ ചലചിത്രകാരന്‍ ശശി പറവൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്‍. പി. ചേക്കുട്ടി, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ശ്രീ സി. ആര്‍. ഓമന കുട്ടന്‍, എം. എ. എ. യും കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാനുമായ ശ്രീ എം. എം. മോനായി തുടങ്ങിയവര്‍ സംയുക്തമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
Labels: കല, കാര്‍ട്ടൂണ്‍
- ജെ. എസ്.
|
മുംബൈയില്‍ ഭീകരാക്രമണം : താജില്‍ രൂക്ഷ യുദ്ധം
ഇന്നലെ രാത്രി പത്തു മണിയോടെ മുംബൈയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 101ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ ആളുകള്‍ക്ക് പരിക്കേറ്റു. ഡെക്കാന്‍ മുജാഹിദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിക്കപ്പെട്ട 101 പേരില്‍ 6 വിദേശികളും ഉള്‍പ്പെടുന്നു. ആക്രമണം വിദേശികളെ ലക്ഷ്യമാക്കി ആണ് എന്ന ആരോപണം മഹാരാഷ്ട്രാ മുഖ്യ മന്ത്രി നിഷേധിച്ചു. എന്നാല്‍, അമേരിക്കന്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ ആര്‍ക്കൊക്കെയാണ് ഉള്ളത് എന്ന് തോക്കു ധാരികള്‍ വിളിച്ച് ചോദിച്ചു കൊണ്ട് ഓടി നടന്ന് വെടി വെക്കുന്നത് കണ്ടു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഏറെ ജന സാന്ദ്രതയുള്ള മുംബൈ നഗരത്തില്‍ ഇത്തരം ഒരു ആക്രമണം ആദ്യമായാണ് നടക്കുന്നത്. വിദേശികള്‍ക്ക് പ്രിയപ്പെട്ട കൊളാബയിലെ ലിയോപോള്‍ഡ് കഫേയില്‍ ആയിരുന്നു ആദ്യ ആക്രമണം. എ. കെ. 47 തോക്കുകള്‍ ഉപയോഗിച്ച് ജനത്തിനു നേരെ നിറയൊഴിക്കുകയാണ് ഉണ്ടായത്. ഇതേ സമയം മുംബൈയിലെ പ്രശസ്തമായ രണ്ട് ആഡംബര ഹോട്ടലുകളും തീവ്രവാദികള്‍ പിടിച്ചെടുത്തു. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സാംസ്ക്കാരിക പൈതൃകത്തിന്റെ ചിഹ്നം കൂടിയായ താജ് ഹോട്ടലും ഹോട്ടല്‍ ഓബറൊയിയും ആണ് തീവ്രവാദികളുടെ പിടിയില്‍ ആയത്. ബോംബെ വി.ടി. എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഛത്രപതി ശിവാജി ടെര്‍മിനസും ഭീകരര്‍ ആക്രമിച്ചു പിടിച്ചെടുത്തു. പിടിച്ചെടുക്കപ്പെട്ട ഹോട്ടലുകളിലെ നിരവധി അതിഥികള്‍ ഭീകരരുടെ പിടിയിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു വരുന്നു. നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. താജില്‍ ഭീകരരുമായി ഏറ്റു മുട്ടിയ സൈന്യം നാല് ഭീകരരെ വധിച്ചതായി അറിയുന്നു. തീവ്രവാദികള്‍ ഗ്രെനേഡുകളും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്ന് താജിന്റെ മുകളിലത്തെ നിലയില്‍ തീ ആളി പടര്‍ന്നു. വെള്ളക്കാര്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന വാട്ട്സണ്‍ ഹോട്ടലില്‍ തനിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ജംഷെഡ് ജി റ്റാറ്റ 1903ല്‍ നിര്‍മ്മിച്ച താജ് മഹല്‍ പാലസ് 1993 ലും 2003 ലും ഭീകരരുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ഇപ്പോഴും സ്ഥിതി നിയന്ത്രണത്തില്‍ ആയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പട്ടാളം ഹോട്ടലുകള്‍ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ ആളപായം ഉണ്ടാവാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്. ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
- ജെ. എസ്.
|
26 November 2008
കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു.
ഇറാനില്‍ നിന്നുള്ള ഒരു ഷിയാ പണ്ഡിതന്‍റെ സന്ദര്‍ശനത്തെ പറ്റി പ്രധാന മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യും എന്ന സ്ഥിതി സംജാതമായതിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ രാജി സമര്‍പ്പിച്ചു. രാജി ക്കത്ത് പ്രധാന മന്ത്രി ഷേഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബക്ക് നല്‍കി. അമീര്‍ ദിവാന്‍ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജി സ്വീകരിക്കണമോ വേണ്ടയോ എന്ന് ഇപ്പോള്‍ അമീര്‍ തീരുമാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതു വരെ നിലവിലെ മന്ത്രി സഭ തുടരുമെന്നും ദിവാന്‍ വകുപ്പ് മന്ത്രി ഷേഖ് നാസര്‍ സബ അറിയിച്ചു. സുന്നി മുസ്ലിം വിഭാഗത്തെ അപമാനിച്ച ഒരു ഇറാനി ഷിയാ പണ്ഡിതന്‍ കുവൈറ്റില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ചില സുന്നി എം. പി. മാര്‍ പാര്‍ലമെന്‍റില്‍ പ്രധാന മന്ത്രിയെ ചോദ്യം ചെയ്യും എന്നറിയിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
Labels: കുവൈറ്റ്, ഗള്‍ഫ് രാഷ്ട്രീയം
- സ്വന്തം ലേഖകന്‍
|
25 November 2008
തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍
യു. എ. ഇ. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് e പത്രത്തില്‍ ലഭ്യമാക്കിയതോടെ ആയിര ക്കണക്കിന് ആളുകള്‍ ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട് ഈ സൌകര്യം ഉപയോഗ പ്പെടുത്തിയത്. ഇത്തരം ഒരു വിപുലമായ സംരംഭത്തില്‍ എമിറേറ്റ്സ് ഐഡി അധികൃതരുമായി സഹകരിക്കുവാനും ഈ ഉദ്യമത്തില്‍ പങ്കാളിയാകുവാനും സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഒരു പക്ഷെ ആദ്യമായാവും ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇത്തരം ഒരു സംരംഭത്തില്‍ യു. എ. ഇ. യില്‍ നടക്കുന്നത്. തങ്ങളുടെ സെര്‍വര്‍ വമ്പിച്ച ജന തിരക്ക് മൂലം അപ്രാപ്യം ആയ സാഹചര്യത്തില്‍ മറ്റ് വെബ് സൈറ്റുകളെ കൂടി ഉള്‍പ്പെടുത്തി ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ട എമിറേറ്റ്സ് ഐഡി വകുപ്പിന്റെ വീക്ഷണം പ്രശംസനീയം തന്നെയാണ്. e administration ഇത്തരത്തില്‍ ഒരു ജനകീയ പ്രവര്‍ത്തനം ആവുന്ന സംഭവം ലോകത്ത് തന്നെ അത്യപൂര്‍വ്വം ആണ്. സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗവും വിഭവ ശേഷിയുടെ ശാസ്ത്രീയമായ വിതരണവും വഴി എമിറേറ്റ്സ് ഐഡി ഒരു പുതിയ മാതൃക തന്നെയാണ് ലോകത്തിനു മുന്നില്‍ കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിലേക്കായി നിര്‍മ്മിച്ച ഓഫ് ലൈന്‍ റെജിസ്റ്ററേഷന്‍ ആപ്പ്ലിക്കേഷന്‍ എന്ന സോഫ്റ്റ് വെയറിന്റെ ആശയവും പ്രശംസനീയമാണ്. ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്തിന്റെ ഉപയോഗം വെട്ടിച്ചുരുക്കുക കൂടി ആയിരുന്നു ഇതിന്റെ ഫലം.
e പത്രത്തില്‍ നിന്ന് ഈ സോഫ്റ്റ്വെയര്‍ ലഭിക്കാന്‍ ഈ പേജ് സന്ദര്‍ശിക്കുക.
Labels: തൊഴില്‍ നിയമം, പ്രവാസി, യു.എ.ഇ.
- ജെ. എസ്.
|
ശ്രീലങ്കയില്‍ രൂക്ഷ യുദ്ധം : 163 പേര്‍ കൊല്ലപ്പെട്ടു
ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മില്‍ കിളിനോച്ചിയില്‍ ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 120 പുലികളും 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുലികളോട് അനുഭാവം പുലര്‍ത്തുന്ന തമിള്‍നെറ്റ് എന്ന വെബ് സൈറ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തി യിരിക്കുന്നത്. നല്ലൂര്‍ പട്ടണം സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും തങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു. 43 ശ്രീലങ്കന്‍ സൈനികരെ തങ്ങള്‍ വക വരുത്തി. 70ഓളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വെബ് സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ 27 പട്ടാളക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് സൈനിക വക്താക്കള്‍ അറിയിച്ചത്. കിളിനോച്ചിയെ ഇരു വശത്തു നിന്നും വളഞ്ഞ സൈന്യം തമിഴ് പുലികളുടെ ഈ ശക്തി കേന്ദ്രം പിടിച്ചെടുക്കുന്നതില്‍ ഏറെ പുരോഗതി കൈ വരിച്ചു എന്നാണ് സൈന്യം അവകാശപ്പെടുന്നത്. പുലികളുടെ വയര്‍ലെസ് സന്ദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തത് സൂചിപ്പിക്കുന്നത് 120 പുലികള്‍ എങ്കിലും ഇന്നലത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നു തന്നെയാണ്.
Labels: അന്താരാഷ്ട്രം, ക്രമസമാധാനം, മനുഷ്യാവകാശം
- ജെ. എസ്.
|
24 November 2008
ആണവ ആയുധ ഉപയോഗം : സര്‍ദാരിയുടെ പ്രസ്താവന പാക്കിസ്ഥാനെ ഞെട്ടിച്ചു
ഇന്ത്യക്കെതിരെ യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ആദ്യം പ്രയോഗിക്കുന്നത് പാക്കിസ്ഥാന്‍ ആയിരിക്കുകയില്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറപ്പു നല്‍കിയത് പാകിസ്ഥാന്‍ സൈന്യത്തേയും രാഷ്ട്രീയ വൃന്ദത്തേയും ഞെട്ടിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ നേതൃത്വ ഉച്ച കോടിയില്‍ ആണ് സര്‍ദാരി ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ പാക്കിസ്ഥാന്റെ ആണവ നയത്തെ പറ്റി ശരിയായ അറിവില്ലാത്തത് കൊണ്ടാണ് സര്‍ദാരി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇന്ത്യയുമായി നില നില്‍ക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇനിയും പരിഹാരമാവാത്ത അവസ്ഥയില്‍ ഇത്തരമൊരു ഉറപ്പ് പാലിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല. ആണവ ശക്തി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള ഒരു യുദ്ധ നിരോധക ശക്തിയാണ്. സര്‍ദാരിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ഈ നിരോധക ശക്തിയെ ക്ഷയിപ്പിക്കാനേ ഉതകൂ എന്നാണ് പ്രതിരോധ വിശകലന വിദഗ്ദ്ധര്‍ പറയുന്നത്.
സര്‍ദാരിയുടെ പ്രസ്താവന നിരുത്തര വാദപരവും കൈയ്യടി മാത്രം ലക്ഷ്യമാക്കി ഉള്ളതാണ് എന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. കാശ്മീര്‍ പ്രശ്നം പോലുള്ള സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ദാരി മടിക്കുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടി. Labels: ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
|
23 November 2008
സന്യാസിനിക്ക് പിന്തുണയുമായി ശിവ സേന
മാലേഗാവ് ബോംബ് സ്ഫോടന കേസില്‍ പോലീസ് പിടിയില്‍ ആയ ഹിന്ദു സന്യാസിനി പ്രഗ്യാ സിംഗിന് പിന്തുണയുമായി ശിവ സേനയും എത്തി. സന്യാസിനിയുടെ സുരക്ഷക്കായി ശിവ സേനാംഗങ്ങള്‍ വേണ്ടി വന്നാല്‍ തെരുവില്‍ ഇറങ്ങും എന്ന് ശിവ സേന നേതാവ് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. ഹിന്ദുത്വത്തെ അപമാനിക്കുന്നതും ഒരു ഹിന്ദു സന്യാസിനിയെ തീവ്ര വാദത്തിന്റെ പേരും പറഞ്ഞ് പീഡിപ്പിക്കുന്നതും തങ്ങള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. സന്യാസിനിയെ പുരുഷ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിലും അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ വനിതാ പോലീസുകാര്‍ ആരും ഇല്ലേ എന്ന് താക്കറെ ചോദിച്ചു. നാര്‍ക്കോ പരിശോധനക്ക് സന്യാസിനിയെ വിധേയമാക്കി തെളിവു ശേഖരിക്കാം എങ്കില്‍ സ്റ്റാമ്പ് പേപ്പര്‍ കേസില്‍ എന്തു കൊണ്ട് തെല്‍ഗി വെളിപ്പെടുത്തിയ വമ്പന്മാര്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
- ജെ. എസ്.
|
എയര്‍ ഇന്ത്യക്ക് 1200 കോടിയുടെ സഹായം
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.
Labels: ഇന്ത്യ, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
|
22 November 2008
മാലേഗാവ് : ബി. ജെ. പി. ഹിന്ദു വികാരം മുതലെടുക്കുന്നു എന്ന് ഹിന്ദു മഹാ സഭ
മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഹിന്ദു സന്യാസിനിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സന്യാസിനിക്ക് അനുകൂലമായ നിലപാടുമായി ബി. ജെ. പി. രംഗത്ത് വന്നത് ഹിന്ദു വികാരങ്ങളെ മുതലെടുക്കാന്‍ മാത്രമാണെന്ന് അഖില ഭാരത ഹിന്ദു മഹാ സഭ അഭിപ്രായപ്പെട്ടു. തീവ്ര വാദം ആരു നടത്തിയാലും അത് തങ്ങള്‍ക്ക് അനുകൂലിക്കാനാവില്ല. ബോംബ് സ്ഫോടനത്തിന് ഉത്തരവാദികള്‍ ആയവരെ പിന്താങ്ങുന്ന ബി. ജെ. പി. യുടെ നിലപാടിനു പുറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണ്. നേരത്തേ ബി.ജെ.പി. രാമ ജന്മ ഭൂമി പ്രശ്നത്തിലും ഇത്തരം ഒരു മുതലെടുപ്പാണ് നടത്തിയത്. തങ്ങളെ നിരന്തരം ഇത്തരത്തില്‍ വഞ്ചിച്ചു കൊണ്ടിരിക്കുന്ന ബി. ജെ. പി. യേയും സംഘ പരിവാറിനേയും കൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കള്‍ വലഞ്ഞിരിക്കുകയാണ്. മാലേഗാവ് സ്ഫോടന കേസിലെ പ്രതികള്‍ക്ക് നിയമ സഹായം ലഭ്യം ആക്കുന്നതിന് വേണ്ടി പണ പിരിവും ഇപ്പോള്‍ ഇവര്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പി., വിശ്വ ഹിന്ദു പരിഷദ്, ബജ്‌റംഗ് ദള്‍, ആര്‍.എസ്.എസ്., അബിനവ ഭാരത് എന്നീ സംഘടനകള്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുത്വത്തിനു വേണ്ടി ഇന്നു വരെ ഒരു നല്ല കാര്യവും ചെയ്തിട്ടില്ല. നേരെ മറിച്ച് ഇവര്‍ ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തമ്മില്‍ അടിപ്പിച്ച് എല്‍. കെ. അദ്വാനിയെ പ്രധാന മന്ത്രി ആക്കാനുള്ള കളം ഒരുക്കുകയാണ് ചെയ്യുന്നത് എന്നും അഖില ഭാരത ഹിന്ദു മഹാ സഭ ദേശീയ അധ്യക്ഷന്‍ ചന്ദ്ര പ്രസാദ് കൌശിക് ആരോപിച്ചു.
- ജെ. എസ്.
1 Comments:
Links to this post: |
21 November 2008
ആര്‍.എസ്.എസ്. കുട്ടികളില്‍ വിഷം കുത്തി വെക്കുന്നു : പസ്വാന്‍
ആര്‍. എസ്. എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളില്‍ ചരിത്രം വളച്ചൊടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാന്‍ ആരോപിച്ചു. മാനവ വിഭവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന് എഴുതിയ കത്തിലാണ് പസ്വാന്‍ ഈ ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പുറമെയുള്ള വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങള്‍ പരിശോധിക്കുവാനും അവക്ക് അംഗീകാരം നല്‍കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംവിധാനം ഏര്‍പ്പെടുത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്‍. സി. ഇ. ആര്‍. ടി. യുടെ ഉപദേശം ആരാഞ്ഞിട്ടുണ്ട് എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഒരു ദേശീയ പാഠ പുസ്തക കൌണ്‍സില്‍ രൂപികരിക്കുവാനും സാധ്യത ഉണ്ട്. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി 2005ല്‍ തന്നെ ഇത്തരം ഒരു കൌണ്‍സില്‍ രൂപീകരിക്കുന്നതിനായി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കുട്ടികളില്‍ മറ്റ് മതങ്ങളോടും വിശ്വാസങ്ങളോടും കടുത്ത വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന വിഷം കുത്തി വെക്കുന്ന കേന്ദ്രങ്ങള്‍ ആയാണ് ഇത്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പസ്വാന്‍ അവകാശപ്പെട്ടു. Labels: ഇന്ത്യ, കുട്ടികള്‍, തീവ്രവാദം, വിദ്യാഭ്യാസം
- ജെ. എസ്.
|
20 November 2008
കടല്‍ കൊള്ള : ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യു. എന്‍. പിന്തുണ
സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു കപ്പല്‍ കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ യുദ്ധത്തിലൂടെ ഇന്ത്യ തകര്‍ത്ത നടപടിക്ക് ഐക്യ രാഷ്ട്ര സഭ ജെനറല്‍ സെക്രട്ടറി ബെന്‍ കി മൂണ്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. തങ്ങള്‍ സോമാലിയന്‍ സര്‍ക്കാരും, അന്താരാഷ്ട്ര നാവിക സംഘടനയും, നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഈ പ്രശ്നത്തിന് ഒരു അറുതി വരുത്താനുള്ള തീവ്ര ശ്രമത്തിലാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. ഇന്ത്യന്‍ നാവിക സേനയുടെ പരിശ്രമങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാവും. കൂടുതല്‍ സൈന്യങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കു ചേരുന്നത് ഈ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കുവാന്‍ സഹായിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
|
19 November 2008
ഇന്ത്യന്‍ നാവിക സേന കടല്‍ കൊള്ളക്കാരുടെ കപ്പല്‍ ആക്രമിച്ചു മുക്കി
രൂക്ഷമായ കടല്‍ യുദ്ധത്തിന് ശേഷം ഇന്ത്യന്‍ നാവിക സേനയുടെ ഐ. എന്‍. എസ്. തബാര്‍ എന്ന യുദ്ധ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ ഒരു മാതൃയാനം മുക്കി. കഴിഞ്ഞ ആഴ്ച്ച രണ്ട് ചരക്ക് കപ്പലുകള്‍ ഇന്ത്യന്‍ നാവിക സേന ഇതേ കടല്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഒമാനിലെ സലാലയില്‍ നിന്ന് 285 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ വൈകീട്ടാണ് നാവിക സേനയുടെ കപ്പല്‍ കൊള്ളക്കാരുടെ കപ്പല്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സേനയുടെ ഈ യുദ്ധ കപ്പല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടല്‍ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുകയായിരുന്നു. കപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐ. എന്‍. എസ്. തബാര്‍ കൊള്ളക്കാരുടെ കപ്പല്‍ പരിശോധിക്കുവാനായി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു വഴങ്ങാതെ കൊള്ളക്കാര്‍ തിരിച്ച് ആക്രമിക്കുകയാണ് ഉണ്ടായത്. തോക്കുകളും ആയുധങ്ങളുമായി കടല്‍ കൊള്ളക്കാര്‍ കപ്പലിന്റെ ഡെക്കില്‍ റോന്ത് ചുറ്റുന്നത് കാണാമായിരുന്നുവത്രെ. തങ്ങളുടെ കപ്പലിനു നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ആക്രമണം ആരംഭിച്ചു. സേനയുടെ ആക്രമണത്തില്‍ കൊള്ളക്കരുടെ കപ്പലില്‍ സംഭരിച്ചു വെച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ക്ക് തീ പിടിക്കുകയും വന്‍ പൊട്ടിത്തെറിയോടെ കപ്പല്‍ കടലില്‍ മുങ്ങുകയും ഉണ്ടായി എന്ന് ഒരു നാവിക സേനാ വക്താവ് അറിയിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
|
18 November 2008
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു
യു.എ.ഇ.യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ആണ് അവസാന തിയതി. അതേ സമയം, രജിസ്റ്റര്‍ ചെയ്യാനുള്ള സ്ഥലത്തെല്ലാം വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാലും ഫോം വാങ്ങാനാകുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. മാത്രമല്ല, തിരക്ക് കാരണം ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനും പ്രാവര്‍ത്തികമാകുന്നില്ല. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സ്വദേശികളും വിദേശീയരും അടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. 2010 വരെ പ്രവാസികള്‍ക്ക് പിഴയടക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Labels: ഗള്‍ഫ്, തൊഴില്‍ നിയമം, പ്രവാസി, യു.എ.ഇ.
- സ്വന്തം ലേഖകന്‍
|
17 November 2008
ഹൊസ്നി മുബാറക്ക് ഇന്ത്യയില്‍
ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു ഈജിപ്ത് പ്രസിഡന്റ് ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക്ക് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യയുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളെ തുടര്‍ന്ന് ഈജിപ്തുമായുള്ള വ്യാപാര സാമ്പത്തിക ബന്ധങ്ങള്‍ ഏറെ ശക്തിപ്പെടും എന്ന് പ്രതീക്ഷിക്കപെടുന്നു. ഒട്ടനവധി ഉഭയകക്ഷി കരാറുകളും ഈ സന്ദര്‍ശന വേളയില്‍ ഒപ്പിട്ടേക്കും എന്നാണ് സൂചന. ഇതില്‍ ഈജിപ്തും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറും ഉള്‍പ്പെടും.
ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം ലഭിയ്ക്കുവാന്‍ ശ്രമിയ്ക്കുന്ന ഇന്ത്യയും ഈജിപ്തും ഇതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ ഈ സന്ദര്‍ശനം ഉപകരിക്കും എന്ന് കരുതപ്പെടുന്നു. Labels: അന്താരാഷ്ട്രം, ഇന്ത്യ, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
16 November 2008
റാഞ്ചിയ കപ്പല്‍ വിട്ടയച്ചു; ഇന്ത്യാക്കാര്‍ സുരക്ഷിതര്‍
രണ്ടു മാസം മുന്‍പ് കടല്‍ കൊള്ളക്കാര്‍ റാഞ്ചി കൊണ്ട് പോയ സ്റ്റോള്‍ വാലര്‍ എന്ന കപ്പല്‍ കൊള്ളക്കാര്‍ വിട്ടു കൊടുത്തു. പതിനെട്ട് ഇന്ത്യന്‍ തൊഴിലാളികള്‍ രണ്ടു മാസമായി ഈ കപ്പലില്‍ കൊള്ളക്കാരുടെ തടവില്‍ ആയിരുന്നു. കൊള്ളക്കാരുമായി ഉണ്ടാക്കിയ ഉടമ്പടി എന്തെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഗള്‍ഫ് ഓഫ് ഏദനില്‍ വെച്ച് രണ്ടു മാസം മുന്‍പാണ് ഈ കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ പിടിയില്‍ ആയത്. കപ്പല്‍ തൊഴിലാളികളുടെ ദേശീയ സംഘടനയുടെ ചെയര്‍മാന്‍ അബ്ദുള്‍ ഗാനിയാണ് കപ്പല്‍ വിട്ടു കിട്ടിയ കാര്യം അറിയിച്ചത്. കപ്പല്‍ വിട്ടു കിട്ടുവാനായി നടത്തിയ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവിക സേന വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അപകട മേഖലയില്‍ നിന്നും കപ്പലിനെ സുരക്ഷിതമായ താവളത്തിലേക്ക് ഉടന്‍ മാറ്റും. മോചനദ്രവ്യം തീര്‍ച്ചയായും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഈ തുക എത്രയാണ് എന്ന് വെളിപ്പെടുത്താന്‍ ആവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപ്പലിലെ നാവികര്‍ അഞ്ചു ദിവസത്തിനകം മുംബയില്‍ തിരിച്ചെത്തും.
Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, ക്രമസമാധാനം
- ജെ. എസ്.
|
05 November 2008
പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് ഭാരതരത്ന
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് സമ്മാനിയ്ക്കും. ഇന്നലെ രാത്രിയായിരുന്നു പ്രഖ്യാപനം. ഹിന്ദുസ്ഥാനി സംഗീതത്തിലെ “കിര്‍ണ” ഖരാനയ്ക്കാരനായ ഭീം സേന്‍ ജോഷിയുടെ ഏഴ് പതിറ്റാണ്ട് കാലത്തെ സംഗീത സപര്യയ്ക്ക് തിലകം ചാര്‍ത്തുന്നതാണ് ഈ ബഹുമതി. എണ്‍പത്തി ആറ്കാരനായ ഇദ്ദേഹം പത്തൊന്‍പത് വയസ്സിലാണത്രെ തന്റെ അരങ്ങേറ്റം കുറിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഈ ബഹുമതി ഒരു അവതരണ കലാകാരന് ലഭിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുന്‍പ് ഷെഹനായ് വിദഗ്ദ്ധനായ ഉസ്താദ് ബിസ്മില്ലാ ഖാനെയായിരുന്നു ഈ ബഹുമതിയ്ക്ക് തെരഞ്ഞെടുത്തിരുന്നത്. ഭീം സേന്‍ ജോഷിയ്ക്ക് ഈ ബഹുമതി സമ്മാനിയ്ക്കുന്നതില്‍ രാഷ്ട്രപതിയ്ക്ക് അതിയായ സന്തോഷം ഉണ്ടെന്ന് രാഷ്ട്രപതി വക്താവ് ഇന്നലെ രാത്രി അറിയിച്ചു. കര്‍ണ്ണാടകയിലെ ഗഡാഗില്‍ 1922 ഫെബ്രുവരി 19ന് ജനിച്ച ഇദ്ദേഹത്തിന് 1972ല്‍ പദ്മശ്രീ, 1985ല്‍ പദ്മ ഭൂഷണ്‍, 1991ല്‍ പദ്മ വിഭൂഷണ്‍ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
തങ്ങളുടെ ജീവിതം സംഗീതത്തിനായി അര്‍പ്പിച്ച എല്ലാ ഹിന്ദുസ്ഥാനി സംഗീതജ്ഞരുടേയും പേരില്‍ താന്‍ ഈ ബഹുമതി സ്വീകരിയ്ക്കുന്നു എന്നായിരുന്നു ബഹുമതി ലഭിച്ചത് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം.
- ജെ. എസ്.
|
04 November 2008
സുധീര്‍നാഥിന് അംഗീകാരം
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥിന്റെ “കാറ്റത്തൊരു കിളിക്കൂട്” എന്ന കാര്‍ട്ടൂണ്‍ ഹിമല്‍ ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ എഡിറ്ററുടെ പ്രത്യേക അംഗീകാരത്തിന് അര്‍ഹമായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്. ലോകമെമ്പാടും നിന്ന് 173 കാര്‍ട്ടൂണിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. ഒന്നാം സമ്മാനം ബോസ്നിയയില്‍ നിന്നുമുള്ള ഹുസേജിന്‍ ഹനൂസിക്കിന് ലഭിച്ചു. കാഠ്മണ്ഡുവില്‍ നവമ്പര്‍ 14, 15 തിയതികളില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസിന് മുന്നോടിയായിട്ടായിരുന്നു കാര്‍ട്ടൂണ്‍ മത്സരം. ദക്ഷിണേഷ്യന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ആദ്യത്തെ കൂട്ടായ്മയാവും ഈ കാര്‍ട്ടൂണ്‍ കോണ്‍ഗ്രസ്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ കാര്‍ട്ടൂണുകളുടെ രാഷ്ട്രീയ പ്രാധാന്യവും സമൂഹത്തിലും മാധ്യമങ്ങളിലും കാര്‍ട്ടൂണുകളുടെ പ്രസക്തിയും ചര്‍ച്ചാ വിഷയമാവും. മറ്റു കാര്‍ട്ടൂണിസ്റ്റുകളെ കാണുവാനും തങ്ങളുടെ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ഒരു അപൂര്‍വ്വ അവസരം കൂടിയായിരിയ്ക്കും ഈ സമ്മേളനം.മത്സര വിജയികള്‍ പ്രത്യേക ക്ഷണിതാക്കളായുള്ള ഈ സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കും. സമ്മേളനത്തോടനുബന്ധിച്ച് രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രദര്‍ശനത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അബു അബ്രഹാമിന്റെയും മറ്റ് അഞ്ച് നേപ്പാളി കാര്‍ട്ടൂണിസ്റ്റുകളുടെയും കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിയ്ക്കും. Labels: കാര്‍ട്ടൂണ്‍, ലോക മലയാളി
- ജെ. എസ്.
|
02 November 2008
അധികാരം ലഭിച്ചാല്‍ പോട്ട തിരിച്ച് കൊണ്ടു വരും എന്ന് ബി.ജെ.പി.
ന്യൂന പക്ഷ പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും മൂലമാണ് യു.പി.എ. സര്‍ക്കാരിന് തീവ്രവാദം തടയുവാന്‍ കഴിയാത്തത് എന്ന് ബി. ജെ. പി. നേതാവ് രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പോട്ട പോലെയുള്ള ശക്തമായ ഭീകര വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കും. രാജ്യത്ത് നില നില്‍ക്കുന്ന ഭീകരാന്തരീക്ഷം ഇത്തരം കടുത്ത നടപടികള്‍ സ്വീകരിയ്ക്കേണ്ടത് അനിവാര്യം ആക്കിയിരിയ്ക്കുന്നു. എന്നാല്‍ യു.പി.എ. സര്‍ക്കാര്‍ കുട്ടിക്കളി പോലെയാണ് ഇതിനെ സമീപിയ്ക്കുന്നത്.
വീരപ്പ മൊയ്ലി കമ്മറ്റി നിര്‍ദ്ദേശിച്ചിട്ടും ഇത്തരം ശക്തമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ മടി കാണിയ്ക്കുന്നത് ന്യൂന പക്ഷങ്ങളെ ഭയന്നാണ്. ഈ നിഷ്ക്രിയത്വം സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ കാര്യ ഗൌരവമില്ലാതെ ഈ പ്രശ്നത്തെ കൈകാര്യം ചെയ്തത് വഴി രാജ്യത്തിന് കൊടുക്കേണ്ടി വന്ന വില വലുതാണ്. 63 സ്ഫോടനങ്ങളാണ് ഈ സര്‍ക്കാരിന്റെ ഭരണ കാലത്ത് രാജ്യത്തെ നടുക്കിയത് എന്നും രാജ് നാഥ് സിംഗ് അറിയിച്ചു. എന്നാല്‍ ഏറെ എതിര്‍ക്കപ്പെട്ട പോട്ട നിയമത്തില്‍ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതില്‍ ഏറ്റവും പ്രധാനം നിരപരാധിത്വം തെളിയിയ്ക്കാനുള്ള ബാധ്യത കുറ്റം ആരോപിയ്ക്കപ്പെട്ട ആളുടെ മേല്‍ ആണ് എന്നതാണ്. പരിഷ്കൃത ജനാധിപത്യ സമൂഹങ്ങളില്‍ കുറ്റം തെളിയിയ്ക്കാനുള്ള ബാധ്യത സ്റ്റേറ്റിനാണ് എന്നതിന് കടക വിരുദ്ധമാണ് ഇത്. മറ്റൊന്ന്, ഈ നിയമം കുറ്റ സമ്മതത്തിന് പൂര്‍ണ്ണമായ നിയമ സാധുത കല്‍പ്പിയ്ക്കുന്നു. പലപ്പോഴും ഇത് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും നേടിയെടുത്ത കുറ്റ സമ്മതം ആയിരിയ്ക്കും. എന്നാല്‍ ഈ നിയമത്തിന്റെ ഏറ്റവും വലിയ അപകടം ഇത് ഒരു പ്രത്യേക ജന സമൂഹത്തിനു നേരെ മാത്രം പ്രയോഗിയ്ക്കപ്പെട്ടതാണ് എന്നത് തന്നെയാണ്. ഈ നിയമത്തിന്റെ പട്ടികയില്‍ പെടുന്ന മുപ്പതോളം സംഘടനകളില്‍ പതിനൊന്ന് മുസ്ലിം സംഘടനകളും നാല് സിക്ക് മത സംഘടനകളും ഉണ്ടെങ്കിലും വിശ്വ ഹിന്ദു പരിഷദ് പോലെയുള്ള ന്യൂന പക്ഷ വിരുദ്ധ തീവ്രവാദ സംഘടന ഇല്ല എന്നത് ശ്രദ്ധേയമാണ്. Labels: ഇന്ത്യ, ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം
- ജെ. എസ്.
|
01 November 2008
പാക്കിസ്ഥാന്റെ മുഖ്യ ശത്രു ഇന്ത്യയല്ല എന്ന് ഒബാമ
പാക്കിസ്ഥാനില്‍ നില നില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെ പറ്റി തനിയ്ക്കുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു കോണ്ട് സംസാരിയ്ക്കവെ അമേരിയ്ക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബറാക്ക് ഒബാമ പാക്കിസ്ഥാന്റെ മുന്നിലുള്ള ഏറ്റവും പ്രധാന പ്രശ്നം ഇന്ത്യയുമായുള്ള ശത്രുത അല്ല എന്ന് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ മുഖ്യ ശത്രു രാജ്യത്തിനകത്തു തന്നെ ഉള്ള തീവ്രവാദികളാണ്. ഈ കാര്യം പാക്കിസ്ഥാനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ പാക്കിസ്ഥാനില്‍ അധികാരത്തില്‍ ഏറിയിരിയ്ക്കുന്ന ജനാധിപത്യ സര്‍ക്കാരിന്റെ സ്ഥിതി സുസ്ഥിരമല്ല. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുതാനുള്ള ശ്രമങ്ങളില്‍ പാക്കിസ്ഥാനെ സഹായിയ്ക്കും. ഇത് കൂടുതല്‍ സൈനിക സഹായം നല്‍കിയാവില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാക്ഷരത വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ള സൈനികേതര സഹായം പാക്കിസ്ഥാന് അമേരിയ്ക്ക ലഭ്യമാക്കണം എന്നാണ് തന്റെ പക്ഷം എന്നും ഒബാമ അറിയിച്ചു.
Labels: അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാന്
- ജെ. എസ്.
|
1 Comments:
വളരെ നല്ല തീരുമാനമാണ് കവിത കര്കരെയുടെത്. മുംബൈ ആക്രമണത്തില്‍ മോഡിയുടെ പങ്കു വ്യക്തമാവാന്‍ പോകുന്നതേ ഉള്ളൂ. എതീഎസ്സ്നെ ഉന്മൂലനം ചെയ്യല്‍ മറ്റാരെകളും അത്യാവശ്യം മോഡി & ഗ്രൂപ്പ് ന്റെ തായിരുന്നു. മുംബൈ ആക്രമണത്തിനു ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു ഹേമന്ദ് കര്കരെയും അസ്സിസ്ടന്സിനെയും വധികുക. അത് ഹിന്ദു തീവ്രവാദികള്‍ നേടി. ഇനി മലഗോവ് സ്ഫോടനത്തിന്റെ അവസ്ഥ എല്ലാവര്ക്കും ഊഹികാം.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്