31 December 2008
എയര്‍ ഇന്ത്യ നിരക്കുകള്‍ കുറച്ചു
ജെറ്റ് എയര്‍വെയ്സ് നിരക്കുകള്‍ കുറച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ കുറവ് വരുത്തി. 35 ശതമാനം മുതല്‍ 82 ശതമാനം വരെ കുറവ് വിവിധ റൂട്ടുകളിലായി വരുത്തിയിട്ടുണ്ട്. മുംബൈ കൊല്‍ക്കത്ത റൂട്ടില്‍ 35 ശതമാനം കുറവ് വരുത്തി എങ്കില്‍ ബാഗ്ലൂര്‍ ചെന്നൈ റൂട്ടില്‍ 82 ശതമാനം ആണ് നിരക്ക് കുറച്ചത്. മുംബൈ ഡല്‍ഹി നിരക്കില്‍ 49 ശതമാനം കുറവുണ്ട്. മറ്റൊരു പ്രമുഖ വിമാന കമ്പനി ആയ കിംഗ് ഫിഷര്‍ നിരക്കുകള്‍ കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതുക്കിയ നിരക്കുകള്‍ ഇതു വരെ ലഭ്യമല്ല.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
30 December 2008
വിമാന യാത്രാ നിരക്കുകള്‍ കുറയുന്നു
ഇന്ധന വിലകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പ്രമുഖ വിമാന കമ്പനികള്‍ യാത്രാ നിരക്കുകള്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിമാന കമ്പനികള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും സൂചനയുണ്ട്. എകനോമി ക്ലാസ്സിലെ യാത്രാ നിരക്കില്‍ നാല്‍പ്പതു ശതമാനം കുറവാണ് ആഭ്യന്തര റൂട്ടില്‍ ജെറ്റ് എയര്‍ വെയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്പൈസ് ജെറ്റ് എന്ന വിമാന കമ്പനിയും നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതെത്രയാണ് എന്ന് അറിവായിട്ടില്ല. പുതു വര്‍ഷത്തില്‍ തങ്ങളുടെ നിരക്കില്‍ ഇളവുകള്‍ ഉണ്ടാവും എന്ന് ഇന്നലെ കിംഗ് ഫിഷര്‍ കമ്പനി പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെയാണ് മറ്റു രണ്ടു കമ്പനികള്‍ കൂടി നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
ഇസ്ലാമിക തീവ്രവാദം എന്നത് തെറ്റായ പദ പ്രയോഗം - പ്രണബ് മുഖര്‍ജി
സമാധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടു കോര്‍ത്തെടുത്ത തികച്ചും ദുരുദ്ദേശ പരമായ തെറ്റായ പദ പ്രയോഗം ആണ് "ഇസ്ലാമിക തീവ്രവാദം" എന്നത് എന്ന് കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇതിന് എതിരെ ജനം പ്രതിഷേധിക്കണം. ഇസ്ലാമിന് തീവ്ര വാദവുമായി ഒരു ബന്ധവും ഇല്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ദേശ സ്നേഹം മറ്റു ഏത് മതക്കാരുടെതിനെയും പോലെ തന്നെ ശക്തമാണ് എന്നതില്‍ തര്‍ക്കം ഒന്നും ഇല്ല. വിശുദ്ധ ഖുര്‍ഃആന്‍ ബംഗാളി ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതിന്റെ ഇരുന്നൂറാം വാര്‍ഷികം പ്രമാണിച്ചു നടത്തിയ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സാമുദായിക മൈത്രിയും ഉപദേശിക്കുന്ന ഇസ്ലാം അടിസ്ഥാനപരമായി തീവ്രവാദത്തിനു എതിരാണ്. തീവ്രവാദം മനുഷ്യത്വത്തിനു എതിരാണ്. സാര്‍വത്രികമായ സാഹോദര്യം എന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ആണ് ഇസ്ലാമിനെ ലോകമെമ്പാടും ജന പ്രിയം ആക്കിയത്. സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം യൂറോപ്പിലെയും അമേരിക്കയിലെയും ജനങ്ങള്‍ ക്രിസ്തീയ ഇസ്ലാമിക സംസ്ക്കാരങ്ങളുടെ സംഘര്‍ഷം ആണ് പ്രശ്നത്തിന്റെ ആധാരം എന്ന രീതിയില്‍ മെനഞ്ഞെടുത്ത ഒരു പദ പ്രയോഗമാണ് "ഇസ്ലാമിക തീവ്രവാദം" എന്നും മന്ത്രി വിശദീകരിച്ചു. ഇസ്ലാം മൌലിക വാദികളുടെ മതമാണ് എന്ന് സമര്‍ഥിക്കുന്നവരോട് വിശുദ്ധ ഗ്രന്ഥത്തില്‍ എവിടെയാണ് മൌലിക വാദം പ്രൊല്‍സാഹിപ്പിക്കുന്നത് എന്ന് കാണിച്ചു തരാമോ എന്നും മന്ത്രി വെല്ലു വിളിച്ചു.
Labels: തീവ്രവാദം, സാംസ്കാരികം
- ജെ. എസ്.
|
ഉത്തര്‍ പ്രദേശില്‍ രാഷ്ട്ര പതി ഭരണം വേണം - പസ്വാന്‍
ദളിതരെ കൊന്നൊടുക്കി എല്ലാ മുന്‍ കാല റിക്കാര്‍ഡുകളും ഭേദിച്ച ഉത്തര്‍ പ്രദേശിലെ മായാവതി സര്‍ക്കാരിനെ പിരിച്ചു വിട്ടു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടു വരണം എന്ന് ലോക് ജന ശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പസ്വാന്‍ രാഷ്ട്ര പതിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മായാവതിയുടെ ഭരണത്തിന്‍ കീഴില്‍ എം.എല്‍.എ. മാറും മന്ത്രിമാരും ഗുണ്ടാ വാഴ്ച നടത്തുകയാണ്. നിയമ വാഴ്ച നിലവില്‍ ഇല്ലാത്ത സംസ്ഥാനത്ത് ജനങ്ങളുടെ ജീവന്‍ സദാ ഭീഷണിയില്‍ ആണ്. ഈ സര്‍ക്കാരിനെ പിരിച്ചു വിട്ടു ജനങ്ങള്‍ക്ക് ഭരണ സംവിധാനത്തില്‍ ഉള്ള വിശ്വാസം നില നിര്‍ത്തണം എന്നും രാഷ്ട്ര പതിക്കു നല്കിയ നിവേദനത്തില്‍ പസ്വാന്‍ ആവശ്യപ്പെട്ടു. ലോക് ജന ശക്തി പാര്‍ട്ടി യുവ നേതാവ് മനീഷ് യാദവ്, പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ മനോജ് ഗുപ്ത എന്നിവരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു ലോക് ജന ശക്തി പ്രതിഷേധ മാര്‍ച്ച് നടത്തി. രണ്ടു കൊലപാതകങ്ങളും അന്വേഷിച്ചു അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജന പ്രതിനിധികളെയും മായാവതിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ബലമായി നടത്തിയ പണ പിരിവിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടു വരണം എന്നും പ്രതിഷേധ മാര്‍ച്ചില്‍ ആവശ്യപ്പെട്ടു.
Labels: കുറ്റകൃത്യം, പ്രതിഷേധം
- ജെ. എസ്.
|
ഇസ്രയേല്‍ നര നായാട്ട് ഇന്ത്യ അപലപിച്ചു
ഗാസയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇസ്രയേല്‍ നടത്തി വരുന്ന മനുഷ്യത്വ രഹിതമായ സൈനിക ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അനാവശ്യവും വിവേചന രഹിതവും ആയ ഇത്തരം സൈനിക നീക്കങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം അക്രമം പ്രദേശത്തെ സമാധാന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി | സൈനിക നടപടിയില്‍ ഇത്രയധികം നിരപരാധികളായ സാധാരണ ജനം കൊല്ലപ്പെടുന്നത് നിരാശാ ജനകം ആണ് എന്ന് വിദേശ കാര്യ വകുപ്പ് വക്താവ് അഭിപ്രായപ്പെട്ടു. ഒരിക്കലും തിരികെ കൊണ്ടു വരാന്‍ ആവാത്ത വണ്ണം ഇതു ഇവിടത്തെ സമാധാനം നശിപ്പിക്കും. ഇതു അനുവദിക്കാനാവില്ല. സൈനിക ബല പ്രയോഗത്തിലൂടെ പലസ്തീന്‍ പൌരന്‍മാരെ കൊന്നൊടുക്കുന്നത് ഉടന്‍ അവസാനിപ്പിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Labels: അന്താരാഷ്ട്രം, പലസ്തീന്, യുദ്ധം
- ജെ. എസ്.
3 Comments:
Links to this post: |
29 December 2008
ഇസ്രയേല്‍ ആക്രമണം തുടരുന്നു
ഗാസയില്‍ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തി വരുന്ന വ്യോമാക്രമണം മൂന്നാം ദിവസം പിന്നിടുമ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. ഇതില്‍ 57 പേര്‍ സാധാരണ ജനങ്ങള്‍ ആണെന്ന് ഐക്യ രാഷ്ട്ര സഭ രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നേ വരെ ഇസ്രായേലിനു നേരെ നടത്തിയി ട്ടുള്ളതില്‍ വെച്ചു ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഇതിനിടയില്‍ നടത്തിയത്. ഇസ്രായേലിനു നേരെ ഹമാസ് പോരാളികള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ വീണ്ടും ഒരു ഇസ്രയേല്‍ പൌരന്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീനില്‍ നിന്നുമുള്ള റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ സമീപ പ്രദേശങ്ങള്‍ ഇസ്രയേല്‍ സൈന്യം ഉപരോധിത സൈനിക മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ പലസ്തീന് നേരെ ഒരു കര സേന ആക്രമണത്തിനുള്ള വേദി ഒരുങ്ങിയതായി വിലയിരുത്തപ്പെടുന്നു. ഇതിനിടെ വെസ്റ്റ് ബാങ്കില്‍ മൂന്നു ഇസ്രയെലികളെ ഒരു പലസ്തീന്‍ കാരന്‍ കുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യുദ്ധം ഉടന്‍ നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, തീവ്രവാദം, പലസ്തീന്
- ജെ. എസ്.
|
28 December 2008
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 200 ലേറെ മരണം
ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ഗാസയിലെ തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ അഴിച്ചു വിട്ട വമ്പിച്ച വ്യോമ ആക്രമണത്തില്‍ ഇരുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ എഫ്-16 യുദ്ധ വിമാനങ്ങള്‍ ഹമാസ് സൈനികരെ ലക്ഷ്യം വെച്ചാണ് ബോംബ് വര്ഷം നടത്തിയത് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ജന സാന്ദ്രമായ ഗാസാ നഗരത്തില്‍ നടത്തിയ ആക്രമണത്തില്‍ ഒട്ടേറെ സ്ത്രീകളും കുട്ടികളും അടക്കം സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. എഴുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പലസ്തീന്‍ കണ്ടത്തില്‍ വെച്ചു ഏറ്റവും വൃത്തികെട്ട കൂട്ടക്കൊല ആയിരുന്നു ഇത്
എന്ന് ഹമാസ് നേതാക്കള്‍ പറഞ്ഞു. ഇസ്രായേലിനു നേരെ ഗാസയില്‍ നിന്നും റോക്കറ്റ് ആക്രമണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ആണ് തങ്ങള്‍ ആക്രമണം നടത്താന്‍ നിര്‍ബന്ധിതരായത് എന്നാണു ഇസ്രായേലിന്റെ പക്ഷം. ആക്രമണം ആവശ്യമാണെന്ന് തങ്ങള്‍ക്കു ബോധ്യം ഉള്ളിടത്തോളം തുടരും എന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. Labels: അന്താരാഷ്ട്രം, തീവ്രവാദം, പലസ്തീന്
- ജെ. എസ്.
|
27 December 2008
വിവരങ്ങള്‍ക്ക് പകരം വയാഗ്ര
താലിബാന് എതിരെ നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്കു താലിബാനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി തരുവാന്‍ അഫ്ഘാൻ പ്രാദേശിക നേതാക്കള്‍ക്ക് അമേരിക്കന്‍ ചാര സംഘടന ആയ സി. ഐ. എ. വയാഗ്ര വിതരണം ചെയ്തു എന്ന് വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്ന അമേരിക്കന്‍ ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ കൂടെ നില്‍ക്കാന്‍ സി. ഐ. എ. പ്രതിഫലം നല്കുക പതിവാണ്. പണം, കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ , ശസ്ത്രക്രിയ അടക്കം ഉള്ള വൈദ്യ സഹായം, വിസകള്‍ എന്നിങ്ങനെ പല തരം പ്രലോഭനങ്ങള്‍ ആണ് പരമ്പരാഗതമായി ചാര സംഘടനകള്‍ ഉപയോഗപ്പെടുത്തി പോരുന്നത്. ഇതില്‍ ഏറ്റവും പുതിയതും ഫലവത്തും ആണത്രേ വയാഗ്ര വിതരണം. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഏറെ കാലം വഴങ്ങാതിരുന്ന ഒരു അറുപതു കാരനായ വംശ പ്രമാണിക്ക് വയാഗ്ര നല്കിയ സി. ഐ. എ. ഏജെന്റുമാര്‍ക്കു മുന്‍പില്‍ അടുത്ത ദിവസം ചിരിച്ചു കൊണ്ടെത്തിയ നാട്ടു പ്രമാണി പിന്നീട് ഇവര്‍ക്ക് എന്ത് സഹായവും ചെയ്തു കൊടുക്കുവാന്‍ തയ്യാര്‍ ആയത്രേ. ആയുധങ്ങളും പണവും കൊടുക്കുന്നതിനേക്കാള്‍ ഫലപ്രദം ആണ് വയാഗ്ര എന്നാണു സി. ഐ. എ. യുടെ നിഗമനം. പണം ലഭിക്കുന്ന ആള്‍ പണം ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങി കൂട്ടുകയും അങ്ങനെ ഇയാള്‍ പെട്ടെന്ന് പണക്കാരനായത് മറ്റുള്ളവര്‍ അറിയുകയും ചെയ്യുന്നതോടെ ഇയാള്‍ ചാരന്മാര്‍ക്ക് ഉപയോഗ ശൂന്യനായി തീരുന്നു. വിമതര്‍ക്ക് ആയുധം നല്‍കുന്നത് പലപ്പോഴും ഇവര്‍ അമേരിക്കക്ക് എതിരെ തന്നെ ഉപയോഗിക്കുന്നതും അമേരിക്കയെ വെട്ടിലാക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒന്നും തന്നെ വയാഗ്ര കൊണ്ടു ഉണ്ടാവുന്നില്ല. കിട്ടിയ ആള്‍ ഇതു പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. മരുന്നിന്റെ സ്റ്റോക്ക് തീരുന്നതോടെ വീണ്ടും രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തി മരുന്ന് വാങ്ങാന്‍ സി. ഐ. എ. യുടെ പക്കല്‍ തിരിച്ചെത്തുകയും ചെയ്യുന്നു.
- ജെ. എസ്.
|
പ്രവാസി ഭാരതിക്കെതിരെ പ്രവാസി കാര്യ വകുപ്പ്
പ്രവാസി ഭാരതി എന്ന സംഘടനയുമായി തങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള ബന്ധവും ഇല്ല എന്ന് പ്രവാസി കാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ ഒരു സംഘടന നിലവില്‍ ഉള്ള കാര്യം പോലും തങ്ങള്‍ക്കു അറിയില്ല. ഈ സംഘടന അടുത്ത മാസം തിരുവനന്തപുരത്ത് വെച്ചു "പ്രവാസി ഭാരതി ദിവസം 2009" എന്ന പേരില്‍ ഒരു സമ്മേളനം നടത്തുന്നതിന്റെ പരസ്യങ്ങളില്‍ രാഷ്ട്രപതി പ്രതിഭ പാട്ടില്‍ , പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് , പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി , മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ്, കേരള നിയമ സഭ എന്നിവയുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശിപ്പിച്ചത് തെറ്റിദ്ധാരണാ ജനകമാണ്. പ്രവാസി ഭാരതി എന്ന സംഘടനക്കു കേന്ദ്ര സര്‍ക്കാരുമായോ പ്രവാസി കാര്യ വകുപ്പുമായോ യാതൊരു ബന്ധവും ഇല്ല എന്നും വയലാര്‍ രവിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കി.
ജനുവരി 9, 10, 11 ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വെച്ചു ഒരു വമ്പിച്ച പ്രവാസി സമ്മേളനം നടത്തുമെന്നാണ് പരസ്യം ചെയ്തിരുന്നത്. എന്നാല്‍ പ്രവാസി കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന പേരില്‍ സാമ്യമുള്ള പ്രവാസി ഭാരതിയ ദിവസ് എന്ന വാര്‍ഷിക പരിപാടി ഇത്തവണ ജനുവരി 7, 8, 9 ദിനങ്ങളില്‍ ചെന്നൈയില്‍ വെച്ചു നടക്കുന്നുണ്ട്. Labels: പ്രവാസി
- ജെ. എസ്.
|
25 December 2008
പാക്കിസ്താന് കസബിനെ സഹായിക്കില്ല
പാക് പൌരത്വം തെളിയിക്കുന്നത് വരെ ഇന്ത്യയുടെ പിടിയിലായ ഭീകരന്‍ അജ്മല്‍ കസബിന് പാക്കിസ്താന്‍ നിയമ സഹായം നല്‍കില്ല. ഇയാള്‍ പാക് പൌരനല്ലെന്ന നിലപാടിലാണ് പക് ഭരണകൂടം. കസബിന്റെ പാക് പൌരത്വം തെളിയിക്കുന്ന രേഖ കളൊന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പാക്കിസ്താന് കൈമാറിയിട്ടി ല്ലെന്ന് പാക്കിസ്താന്‍ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, തീവ്രവാദം
- ബിനീഷ് തവനൂര്‍
|
എന്‍ജിനിയറുടെ വധം : സി.ബി.ഐ. അന്വേഷണം ഇല്ല എന്ന് മായാവതി
ഉത്തര്‍ പ്രദേശില്‍ പൊതു മരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍ ആയിരുന്ന മനോജ് ഗുപ്തയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നു മുഖ്യ മന്ത്രി മായാവതി പ്രസ്താവിച്ചു. തന്റെ പിറന്നാളുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തി തന്റെ സര്‍ക്കാരിനെ അപകീര്‍ത്തി പ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഈ കേസിലെ പ്രതികളെ തന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ നിലക്ക് ഇനിയൊരു സി.ബി.ഐ. അന്വേഷണത്തിനു പ്രസക്തിയില്ല എന്നും മായാവതി അറിയിച്ചു.
ഇതിനിടെ കൊല്ലപ്പെട്ട മനോജ് ഗുപ്തയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മരണ കാരണം മര്‍ദ്ദനം ആണ് എന്ന് സ്ഥിരീകരിച്ചു. തലക്കും, നെഞ്ഞത്തും, വയറ്റത്തും മറ്റു ശരീര ഭാഗങ്ങളിലും മാരകായ മര്‍ദ്ദനം ഏറ്റിട്ടുണ്ട് എന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകികള്‍ എന്‍ജിനിയറുടെ ശരീരത്തില്‍ വൈദ്യുത ഷോക്ക് ഏല്പിച്ചു എന്ന ആരോപണത്തെ പറ്റി റിപ്പോര്‍ട്ടില്‍ സൂചന ഇല്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയെയും കൂട്ടാളികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മായാവതിയുടെ പിറന്നാള്‍ ആഘോഷത്തിനു സംഭാവന കൊടുക്കാന്‍ കൊല്ലപ്പെട്ട എഞ്ചിനീയര്‍ വിസമ്മതിച്ചതാണ് കൊലക്ക് കാരണം ആയത്. രാത്രിയില്‍ വീടിന്റെ വാതിലില്‍ ഉറക്കെ മുട്ടുന്ന ശബ്ദം കേട്ട താന്‍ ഭര്‍ത്താവിനെ വിളിച്ചു ഉണര്‍ത്തുക ആയിരുന്നു എന്ന് സംഭവം വിശദീകരിച്ചു കൊണ്ടു കൊല്ലപ്പെട്ട മനോജിന്റെ ഭാര്യ ശശി പറയുന്നു. ആരാണ് മുട്ടുന്നത് എന്ന് മനോജ് ചോദിച്ചപ്പോള്‍ സി. ഐ. ഡി. ആണെന്നായിരുന്നു മറുപടി. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ വാതില്‍ ചവിട്ടി തുറന്നു. പെട്ടെന്ന് മനോജ് തന്നെ കുളിമുറിയില്‍ കയറ്റി വാതില്‍ വെളിയില്‍ നിന്നും പൂട്ടി. വാതില്‍ പൊളിച്ചു കയറി വന്ന അക്രമികള്‍ തന്റെ ഭര്‍ത്താവിനെ പിടിച്ചു കൊണ്ടു പോവുകയും ചെയ്തു എന്ന് ശശി പറയുന്നു. ബി. എസ്. പി. എം. എല്‍. എ. ശേഖര്‍ തിവാരിയുടെ ആള്‍ക്കാര്‍ മനോജിന്റെ പക്കല്‍ പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതത്രേ. എന്നാല്‍ സംഭവവുമായി മുഖ്യ മന്ത്രിക്ക് ബന്ധമൊന്നും ഇല്ല എന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പ്രതിയായ എം. എല്‍. എ. യുടെ പേരില്‍ പന്ത്രണ്ടോളം കേസുകള്‍ വേറെയും നിലവില്‍ ഉണ്ടത്രേ. എന്നാല്‍ ഇതിന് മുന്‍പും പിറന്നാള്‍ പ്രമാണിച്ചു സമ്മാനങ്ങളും സംഭാവനകളും പാര്‍ട്ടിക്കാരുടെ പക്കല്‍ നിന്നും മായാവതി വാങ്ങിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ എഞ്ചിനീയര്‍ മാരുടെ സംഘടന അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ നഷ്ട പരിഹാരവും എഞ്ചിനീയര്‍ മാരുടെ ജീവന് സുരക്ഷയുമാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയും കൊല്ലപ്പെട്ട എന്‍ജിനിയറുടെ ഭാര്യക്ക് ജോലിയും ഇപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ചു സമാജ് വാദി പാര്‍ട്ടി ഉത്തര്‍ പ്രദേശില്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തു. Labels: കുറ്റകൃത്യം, പീഢനം, പ്രതിഷേധം
- ജെ. എസ്.
|
24 December 2008
ഗിനിയില്‍ പട്ടാള ഭരണം
വളരെ ഏറെ കാലം ഏകാധിപത്യ ഭരണത്തിന് കീഴില്‍ ആയിരുന്ന ഗിനിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ 24 വര്‍ഷം ഗിനിയില്‍ ഏകാധിപത്യ ഭരണം നടത്തിയ പ്രസിഡന്റ് ലന്സാനാ കൊണ്ടേ തിങ്കളാഴ്ച രാത്രി അന്തരിച്ചതിനു തൊട്ടു പിന്നാലെയാണ് പട്ടാളം ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ദേശീയ ജനാധിപത്യ കൌണ്‍സില്‍ എന്നു സ്വയം വിശേഷിപ്പിച്ചാണ് പട്ടാളം രാജ്യത്തിന്റെ അധികാരം തങ്ങള്‍ പിടിച്ചെടുത്തതായി ദേശീയ ടെലിവിഷനിലും റേഡിയോയിലും പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തും എന്നും പട്ടാളം അറിയിച്ചിട്ടുണ്ട്.
Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം
- ജെ. എസ്.
|
23 December 2008
ആന്തുലേക്ക് പിന്തുണ ലഭിക്കാന്‍ സാധ്യതയില്ല
ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി ആന്തുലെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ പറ്റി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമ്പോള്‍ ആന്തുലെയെ പിന്തുണക്കാന്‍ സാധ്യതയില്ല എന്ന് സൂചന. ആന്തുലെയുടെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ക്കരെയുടെ കൊലപാതകത്തെ പറ്റി പുതിയ അന്വേഷണം ഒന്നും നടത്തില്ല എന്ന് മഹാരാഷ്ട്രാ മുഖ്യ മന്ത്രി അശോക് ചവാന്‍ അറിയിച്ചിട്ടുണ്ട്. ആന്തുലെ രാജി വക്കണം എന്ന ആവശ്യവുമായി ബി. ജെ. പി. യും ശിവ സേനയും ശക്തമായി തന്നെ രംഗത്തുണ്ട്. ഇന്നത്തെ പ്രസ്താവന മഹാരാഷ്ട്രാ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചു.
- ജെ. എസ്.
|
21 December 2008
ഞങ്ങളെ വേദനിപ്പിക്കാന്‍ കഴിഞ്ഞേക്കും; എന്നാല്‍ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല - രത്തന്‍ റ്റാറ്റ
മുംബൈ ഭീകര ആക്രമണത്തില്‍ തകര്‍ന്ന താജ് ഹോട്ടലിന്റെ ടവര്‍ കെട്ടിടം വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. തങ്ങളുടെ സ്ഥിരം അതിഥികളേയും മുംബൈ നഗരത്തിലെ എല്ല പ്രമുഖ വ്യക്തിത്വങ്ങളേയും ഉള്‍പ്പെടുത്തി കൊണ്ട് പ്രത്യേക ചടങ്ങ് തന്നെ ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ സംസാരിച്ച റ്റാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ റ്റാറ്റ താജിന് നേരെ നടന്ന ആക്രമണം മുംബൈക്കും ഇന്ത്യക്ക് മുഴുവനും എതിരെ നടന്ന ആക്രമണം ആണ് എന്ന് പറഞ്ഞു. ആക്രമണം നടന്ന മൂന്ന് ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്ന എല്ലാവരേയും ചടങ്ങില്‍ ആദരിച്ചു. ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹോട്ടല്‍ ജീവനക്കാരേയും അതിഥികളേയും വീര മൃത്യു വരിച്ച സൈനികരേയും ചടങ്ങില്‍ അനുസ്മരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഒട്ടേറെ ജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. ഈ ആക്രമണം നമ്മെ ഒരുമിച്ച് കൊണ്ടു വരാന്‍ സഹായിച്ചു. ഈ അവസരത്തില്‍ തങ്ങള്‍ക്ക് സഹായവും ആയി എത്തിയ എല്ലാര്‍ക്കും നന്ദി പറയുന്നു. പ്രത്യേകിച്ചും പരിക്കേറ്റവരേയും കൊണ്ട് ആശുപത്രികളിലേക്ക് കുതിച്ച ടാക്സി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും മറ്റ് എല്ലാവര്‍ക്കും. ആക്രമണത്തിന് ശേഷം ഇത്രയും പെട്ടെന്ന് തന്നെ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ഒരു സന്ദേശവും ആയിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് നമ്മെ പരിക്ക് ഏല്‍പ്പിക്കുവാനും വേദനിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ടെങ്കിലും നമ്മെ ഒരിക്കലും തളര്‍ത്തുവാന്‍ കഴിയില്ല എന്ന സന്ദേശം.
- ജെ. എസ്.
|
20 December 2008
ക്രിസ്മസ് ബന്ദ് പിന്‍വലിച്ചു
ഒറീസ്സയില്‍ ഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ദിനത്തില്‍ നടത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ബന്ദ് മുഖ്യ മന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു. ബി. ജെ. പി. നേതാക്കള്‍ക്കൊപ്പം സ്വാമി ലക്ഷ്മണാനന്ദ് ശ്രദ്ധാഞ്ജലി സമിതി നേതാക്കളും മുഖ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തതിനു ശേഷം ആണ് ബന്ദ് പിന്‍വലിച്ചതായി അറിയിച്ചത്. ക്രിസ്ത്യന്‍ സംഘടനാ നേതാക്കളും മറ്റ് സംഘടനകളും ഈ തീരുമാനത്തില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
Labels: ക്രമസമാധാനം
- ജെ. എസ്.
|
ഇന്ത്യന്‍ കച്ചവടക്കാര്‍ റഷ്യയില്‍ കൊള്ളയടിക്കപ്പെട്ടു
ഏഴ് ഇന്ത്യന്‍ തുണി കച്ചവടക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മോസ്കോയില്‍ കൊള്ളയടിക്കപ്പെട്ടു. കേസ് അന്വേഷിക്കുന്നതിന് പകരം പോലീസ് തങ്ങളെ പീഡിപ്പിക്കുകയാണ് എന്ന് ഇവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പരാതിപ്പെട്ടു. വടക്കേ മോസ്കോയിലെ ഒസ്റ്റാങ്കിനൊ പ്രദേശത്തെ വ്യാപാര സമുച്ചയത്തില്‍ തുണി കച്ചവടം നടത്തുന്ന മൊത്ത വ്യാപാരികള്‍ ആണ് കൊള്ളയടിക്കപ്പെട്ട എല്ലാവരും. വീട്ടില്‍ പോകുന്ന വഴി കാര്‍ തടഞ്ഞു നിര്‍ത്തി ചില്ല് അടിച്ചുടച്ച് പണ സഞ്ചി അപഹരിക്കുകയാണ് ഉണ്ടായത് എന്ന് ഒരു വ്യാപാരി പരാതിപ്പെട്ടു. മറ്റ് അഞ്ച് വ്യാപാരികള്‍ തങ്ങളുടെ വീടിന് മുന്‍പില്‍ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. ഒരു വ്യാപാരിയുടെ വീട്ടില്‍ അക്രമികള്‍ അതിക്രമിച്ചു കയറി തോക്ക് കാണിച്ച് പണം അപഹരിക്കുക ആയിരുന്നു. മൂന്ന് ദിവസത്തിനകം മുപ്പതിനായിരം ഡോളര്‍ കൂടി ഇവര്‍ക്ക് നല്‍കിയില്ല എങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്നു കളയും എന്നും ഇവര്‍ ഭീഷണി മുഴക്കി അത്രെ. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രശ്നം റഷ്യന്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്ന് ഇന്ത്യന്‍ എംബസ്സി ഇവര്‍ക്ക് ഉറപ്പു നല്‍കി. വ്യാപാരികള്‍ വന്‍ തുകയുമായി സഞ്ചരിക്കരുത് എന്ന് മോസ്കോ പോലീസ് വക്താവ് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്നുള്ള ഒട്ടേറേ നിര്‍മ്മാണ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ട്ടം ഉണ്ടായിട്ടുണ്ട്. ഇത് മോസ്കോയില്‍ ിത്തരം കുറ്റകൃത്യങ്ങള്‍ ക്രമാതീതം ആയി വര്‍ദ്ധിക്കുവാന്‍ കാരണം ആയി എന്നും പോലീസ് പറഞ്ഞു.
Labels: ക്രമസമാധാനം, പ്രവാസി, സാമ്പത്തികം
- ജെ. എസ്.
|
സമുദ്രാന്തര കേബ്‌ള്‍ തകരാര്‍ ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തി
ഗള്‍ഫ് രാജ്യങ്ങളും യൂറോപ്പും ഏഷ്യയും തമ്മില്‍ ഉള്ള ഇന്റര്‍നെറ്റ് ബന്ധം ഗുരുതരമായി തടസ്സപ്പെട്ടു. സമുദ്രാന്തര കേബ്‌ള്‍ പൊട്ടിയതാണ് കാരണം. മധ്യ ധരണ്യാഴിയിലൂടെ കടന്ന് പോകുന്ന നാല് പ്രധാന കേബ്‌ളുകള്‍ ആണ് തകരാറില്‍ ആയത്. ഇന്ത്യയിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധത്തില്‍ 65 ശതമാനം തടസ്സം അനുഭവപ്പെട്ടു. മാള്‍ട്ടക്കടുത്ത് അനുഭവപ്പെട്ട ഭൂ ചലനം ആവാം കേബ്‌ളുകള്‍ തകരാറില്‍ ആവാന്‍ കാരണം എന്ന് കരുതപ്പെടുന്നു.
Labels: ഇന്റര്‍നെറ്റ്
- ജെ. എസ്.
|
ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കും
ലോകത്തിലെ ഏറ്റവും വലിയ യുറാനിയം നിക്ഷേപത്താല്‍ സമ്പന്നമായ ഖസാക്കിസ്ഥാന്‍ ഇന്ത്യക്ക് യുറാനിയം നല്‍കാന്‍ സന്നദ്ധമാണ് എന്ന് അറിയിച്ചു. ഇതിനായി ഒരു സമഗ്രമായ ആണവ കരാര്‍ ഉണ്ടാക്കുവാനും ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു എന്ന് ഖസാക്കിസ്ഥാന്‍ പ്രതിനിധിയും പണ്ഡിതനുമായ മരാത്ത് ഷെയിഖുദ്ധിനോവ് അറിയിച്ചതാണ് ഇത്. ഡല്‍ഹയില്‍ ഇന്ത്യാ - ഖസാക്കിസ്ഥാന്‍ സഹകരണത്തെ സംബന്ധിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എണ്ണവും പ്രകൃതി വാതകവും നല്‍കുന്നത് സംബന്ധിച്ചും ഇത്തരം കരാറുകള്‍ ഇന്ത്യയുമായി ഉണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഖസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആയിരുന്നു ഈ ചര്‍ച്ച സംഘടിപ്പിച്ചത്. ഇന്ത്യയുമായി തീവ്രവാദ വിരുദ്ധ സഹകരണവും ശക്തമാക്കാന്‍ ഖസാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നു. 2002ല്‍ തന്നെ ഇത്തരം ഒരു ഭീകര വിരുദ്ധ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നു എങ്കിലും ഈ രംഗത്ത് ഏറെയൊന്നും മുന്നോട്ട് പോവാന്‍ ആയില്ല. ചില പ്രതിനിധി ചര്‍ച്ചകള്‍ മാത്രം നടന്നു. പ്രായോഗികമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. വിദഗ്ദ്ധരുമായി ഉള്ള ചര്‍ച്ചകളും നടന്നില്ല എന്നും അദ്ദേഹം പരിതപിച്ചു.
Labels: അന്താരാഷ്ട്രം, ഇന്ത്യ
- ജെ. എസ്.
|
19 December 2008
ഭീകരന്‍ പാക്കിസ്ഥാനി തന്നെ - നവാസ് ഷെരീഫ്
മുംബൈ ഭീകര ആക്രമണത്തില്‍ അറസ്റ്റിലായ തീവ്രവാദി പാക്കിസ്ഥാന്‍ പൌരന്‍ ആണ് എന്നതിന് തെളിവ് ഒന്നും ഇല്ല എന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പ്രസ്താവന തീര്‍ത്തും അസത്യമാണ് എന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫ് അറിയിച്ചു. അജ്മല്‍ ഖസബ് എന്ന അജ്മല്‍ അമീര്‍ ഇമാന്‍ എന്ന പിടിയിലായ അക്രമിയുടെ പഞ്ചാബ് പ്രവിശ്യയിലെ വീടും ഇയാളുടെ ഗ്രാമവും സുരക്ഷാ ഏജന്‍സികളുടെ ശക്തമായ കാവല്‍ വലയത്തിലാണ്. ഇത് താന്‍ നേരിട്ട് കണ്ടതാണ്. ഖസബിന്റെ മാതാ പിതാക്കളെ ആരെയും കാണാന്‍ അനുവദിക്കാതെ വീട്ടു തടങ്കലിലും ആക്കിയിട്ടുണ്ട്. ഇതില്‍ പരം എന്ത് തെളിവാണ് ഈ കാര്യത്തില്‍ വേണ്ടത്? ഇയാള്‍ പാക്കിസ്ഥാനി അല്ലെങ്കില്‍ പിന്നെ ഇതെല്ലാം എന്തിന്? ഖസബിന്റെ മാതാ പിതാക്കളെ കാണുവാനുള്ള വിലക്ക് നീക്കി സത്യം പുറത്തു വരുവാനുള്ള അവസരം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യാത്ത പക്ഷം ലോകത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ അപഹാസ്യം ആകുകയാണ് ചെയ്യുന്നത് എന്നും ഷെരീഫ് കൂട്ടി ചേര്‍ത്തു.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
|
18 December 2008
ഖത്തര്‍ ദേശീയ ദിനം ഇന്ന്
ഖത്തര്‍ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു. ദേശീയ ദിന ആഘോഷത്തിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു. റോഡുകളും കെട്ടിടങ്ങളുമെല്ലാം ദേശീയ പതാകകള്‍ കൊണ്ടും ദീപങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഖത്തര്‍ സ്ഥാപകനായ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി അധികാരത്തില്‍ ഏറിയ ദിനമായ ഡിസംബര്‍ 18 ആണ് ഖത്തര്‍ ദേശീയ ദിനമായി ആചരിക്കുന്നത്. ആഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് ദോഹ കോര്‍ണീഷില്‍ അരങ്ങേറുന്നത്. രാവിലെ 9.30 ന് തുടങ്ങുന്ന ആഘോഷങ്ങള്‍ രാത്രി 9.30 വരെ നീളും. ദേശീയ ദിനം പ്രമാണിച്ച് ഖത്തറില്‍ ഇന്ന് അവധിയാണ്
Labels: ഖത്തര്‍
- സ്വന്തം ലേഖകന്‍
|
17 December 2008
ജമാ അത് ദുവ ഭീകര സംഘടന തന്നെ : കോണ്ടലീസ
ഐക്യ രാഷ്ട്ര സഭ നിരോധിച്ച ജമാ അത് ദുവ പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് പോലെ ഒരു ചാരിറ്റി സംഘടനയല്ല എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് വ്യക്തമാക്കി. ന്യൂ യോര്‍ക്കിലെ ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ചാണ് അവര്‍ ഇത് പറഞ്ഞത്. ലെഷ്കര്‍ എ തൊയ്ബയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജമാ അത് ദുവ തീര്‍ച്ചയായും ഒരു ഭീകര സംഘടന തന്നെയാണ് എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. പാക്കിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ച നിരോധന ആജ്ഞ അനുസരിച്ചേ മതിയാവൂ എന്നും റൈസ് പറഞ്ഞു.
ഐക്യ രാഷ്ട്ര സഭ പുറപ്പെടുവിച്ച നിരോധനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ജമാ അത് ദുവക്കെതിരെ നടപടികള്‍ ആരംഭിച്ചിരുന്നു എങ്കിലും പിന്നീട് ഇത് നിര്‍ത്തി വെക്കുകയും ജമാ അത് ദുവയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ആണ് റൈസിന്റെ പ്രഖ്യാപനം. Labels: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
|
15 December 2008
ജര്‍മന്‍ ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്യന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട് : അറുപത്തി നാല് കാരിയായ ഒരു ജര്‍മന്‍ ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് കോഴിക്കോട്ട് പതിനെട്ട് വയസുള്ള യുവാവ് അറസ്റ്റിലായി. ലോക പ്രശസ്തമായ കാപ്പാട് കടപ്പുറത്ത് വെച്ചാണ് സംഭവം. ആക്രമണത്തിന് ഇരയായ സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ടൂറിസ്റ്റ് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു ജര്‍മന്‍ സ്വദേശി കൂടി സാക്ഷിയാണ്. അറസ്റ്റിലായ യുവാവിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.
Labels: കുറ്റകൃത്യം, കേരളം
- ജെ. എസ്.
|
ജോര്‍ജ് ബുഷിന് ചെരിപ്പ് കൊണ്ടേറ്
ബാഗ്ദാദ് : സ്ഥാനം ഒഴിയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇറാഖില്‍ ഒരു മിന്നല്‍ സന്ദര്‍ശനം നടത്തി ഇറാഖ് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ് യുദ്ധത്തെ ന്യായീകരിച്ചു സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റിന് പത്ര സമ്മേളനത്തിന് ഇടയില്‍ ചെരിപ്പ് കൊണ്ട് ഏറ് കിട്ടി. തക്ക സമയത്ത് ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രം എറിഞ്ഞ രണ്ട് ഷൂസുകളും ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യനായി ഒട്ടനവധി തവണ തെരഞ്ഞെടുക്കപ്പെട്ട ബുഷിന്റെ മുഖത്ത് പതിച്ചില്ല. ഇറാഖ് പ്രധാന മന്ത്രി നൌരി അല്‍ മലീക്കിയുടെ കൂടെ നടത്തിയ പത്ര സമ്മേളനത്തില്‍ നൌറിക്ക് കൈ കൊടുക്കുവാന്‍ ബുഷ് മുന്നോട്ട് വന്നപ്പോഴാണ് ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായ മുന്‍തദാര്‍ അല്‍ സെയ്ദി വെറും 20 അടി ദൂരെ നിന്ന് തന്റെ രണ്ട് ഷൂസും അമേരിക്കന്‍ പ്രസിഡന്റിനു നേരെ വലിച്ചെറിഞ്ഞത്.
“ഇത് ഒരു വിട നല്‍കല്‍ ചുംബനം ആണെടാ പട്ടീ. ഇറാഖില്‍ ശേഷിക്കുന്ന വിധവകളുടേയും അനാഥരായ കുട്ടികളുടേയും കൊല്ലപ്പെട്ട ഇറാഖി പൊരന്മാരുടേയും വക ആണിത്” എന്ന് ഉറക്കെ അറബിയില്‍ വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ ചെരുപ്പ് എറിഞ്ഞത്. ഇയാളുടെ മേല്‍ ചാടി വീണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാളുടെ നിലവിളി ഉയര്‍ന്ന് കേള്‍ക്കുകയും ഇയാളെ അവിടെ നിന്നും വലിച്ചിഴച്ച് കൊണ്ട് പോകുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയില്‍ കൂടി ഇയാളെ കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇയാളെ വലിച്ച് ഇഴച്ച് കൊണ്ട് പോയ വഴി നീളെ രക്തം കിടന്നിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇയാള്‍ ജോലി ചെയ്യുന്ന അല്‍ ബാഗ്ദാദിയ ടെലിവിഷന്‍ പിന്നീട് ഇയാളുടെ ജീവന്‍ രക്ഷിക്കണം എന്ന് ഇറാഖ് സര്‍ക്കാരിനോട് ടെലിവിഷനിലൂടെ അപേക്ഷിക്കുക യുണ്ടായി. ലോകമെമ്പാടും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ അല്‍ സെയ്ദിയുടെ മോചനത്തിനായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നും ചാനല്‍ അഭ്യര്‍ത്ഥിച്ചു. Labels: അന്താരാഷ്ട്രം, അമേരിക്ക, ഇറാഖ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
3 Comments:
Links to this post: |
ലോക സുന്ദരി: ജൂറി നിഗമനം ശരിയായില്ല എന്ന് പാര്‍വ്വതി
ലോക സുന്ദരി മത്സരത്തില്‍ ഈ തവണ രണ്ടാം സ്ഥാനം നേടിയ പാര്‍വ്വതി പറയുന്നത് ജൂറികളുടെ നിഗമനം ശരിയായില്ല എന്നാണ്. മറ്റുള്ള വരേക്കാള്‍ താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതെന്നും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും പാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും തന്നെ കടുപ്പമുള്ള തായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.
Labels: ലോക മലയാളി, വിനോദം, സ്ത്രീ
- ബിനീഷ് തവനൂര്‍
|
പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണം - അമേരിക്കന്‍ ഇന്ത്യാക്കാര്‍
പാക്കിസ്ഥാനെ ഭീകര രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് പ്രവാസി ഇന്ത്യക്കാര്‍. അമേരിക്കയിലെ ബി. ജെ. പി. അനുകൂല സംഘടനയായ ഒ. എഫ്. ബി. ജെ. പി. യുടെ നേതൃത്വത്തില്‍ മാന്‍ഹട്ടനിലെ ഐക്യ രാഷ്ട്ര സംഘടനാ ആസ്ഥാനത്ത് തടിച്ചു കൂടിയ ഇന്ത്യന്‍ പ്രവാസികള്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ലോകത്തെമ്പാടും നടന്ന ഭീകര ആക്രമണ ങ്ങളിലും തന്നെ പാക്കിസ്ഥാന്റെ കരങ്ങള്‍ ഉണ്ടായി രുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി. പാകിസ്ഥാനില്‍ നിന്നും വീണ്ടു മൊരിക്കല്‍ കൂടി ഇത്തരം ഒരു ആക്രമണം ഉണ്ടാവാ തിരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊ ള്ളണമെന്ന് അവര്‍ ഐക്യ രാഷ്ട്ര സംഘടനാ സെക്രട്ടറി ജനറലിന് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
ജമാ അത്ത് ഉദ് ദവ സംഘടനയെ നിരോധിച്ച നടപടി ഇതിനിടെ ആഗോള തലത്തില്‍ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. Labels: അന്താരാഷ്ട്രം, തീവ്രവാദം, പാക്കിസ്ഥാന്, ലോക മലയാളി
- ബിനീഷ് തവനൂര്‍
|
14 December 2008
പാര്‍വതി രണ്ടാമത്തെ ലോക സുന്ദരി
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി.
21 കാരിയായ ഈ അഞ്ചടി ഒന്‍പതിഞ്ചുകാരിക്ക് ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടത്രെ. കോട്ടയം സ്വദേശിനിയായ പാര്‍വതി ജനിച്ചു വളര്‍ന്നത് മുംബൈയില്‍ ആണെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന പാര്‍വതി താന്‍ മലയാള തനിമ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞു. Labels: ലോക മലയാളി, വിനോദം, സ്ത്രീ
- ജെ. എസ്.
|
13 December 2008
ആസിഡ് ആക്രമണം : പ്രതികളെ പോലീസ് വെടി വെച്ച് കൊന്നു
ആന്ധ്ര പ്രദേശിലെ വാരംഗലില്‍ രണ്ട് പെണ്‍ കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പേരെ പോലീസ് വെടി വെച്ചു കൊന്നു. എറ്റുമുട്ടലില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത് എങ്കിലും ഇതൊരു വ്യാജ ഏറ്റുമുട്ടല്‍ ആണ് എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന്ധ്രയില്‍ പ്രതികള്‍ ക്കെതിരെ ജന രോഷം ആളി കത്തുക ആയിരുന്നു.
അവസാന വര്‍ഷ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനികളായ സ്വപ്നികയും പ്രണിതയും വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. പ്രേമ നൈരാശ്യമാണ് ആക്രമണത്തിന് ഹേതു എന്നാണ് കരുതപ്പെടുന്നത്. പ്രധാന പ്രതിയായ ശ്രീനിവാസിന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള രോഷം ആണ് ഇങ്ങനെയൊരു ദുരന്തത്തില്‍ കലാശിച്ചത്. ശ്രീനിവാസന്‍ കൂട്ടുകാരായ സഞ്ജയും ഹരികൃഷ്ണനും കൂടെ ചേര്‍ന്ന് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളുടേയും മുഖം വികൃതമാകുകയും ഒരു കുട്ടിയുടെ നില ഗുരുതരമാകുകയും ചെയ്തു. കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആണ്. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേല്‍ ഇന്നലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസിനു മേല്‍ ഇത്ര മേല്‍ സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു വ്യാജ ഏറ്റുമുട്ടല്‍ അരങ്ങേറിയത് എന്ന് കരുതപ്പെടുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് ഇവരെ വെള്ളിയാഴ്ച പത്ര സമ്മേളനത്തിലും ഹാജരാക്കിയിരുന്നു. പത്ര സമ്മേളനത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പിന്നീട് സംഭവ സ്ഥലത്തേക്ക് ഇവരെ പോലീസ് കൊണ്ടു പോയി. ഇതിനിടയില്‍ പ്രതികള്‍ പോലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു എന്നും ഇതിനെ തുടര്‍ന്ന് ഉണ്ടായ വെടി വെപ്പില്‍ പ്രതികള്‍ കൊല്ലപ്പെടുകയും ആയിരുന്നു എന്ന് പോലീസ് അറിയിച്ചു. Labels: ക്രമസമാധാനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
12 December 2008
മുംബൈ ആക്രമണം: വിദേശികളെ ബന്ദികളാക്കി ആവശ്യങ്ങള്‍ നേടാന്‍
വിദേശികളെ ബന്ദികളാക്കി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക മാത്രം ആയിരുന്നു മുംബൈ ഭീകരാക്രമണം നടത്തിയവരുടെ ഉദ്ദേശം എന്ന് പിടിയിലായ ഭീകരന്‍ അജ്മല്‍. ഇതോടെ രാജ്യത്തിന് എതിരെ വന്‍ ആക്രമണം ആയിരുന്നു ഇവരുടേ ഉദ്ദേശം എന്ന ആശങ്കള്‍ അകലുകയാണ്. എന്നാല്‍ ഇതൊരു നാടകമാണോ എന്നത് സംശയിക്കേണ്ടി യിരിക്കുന്നു.
ഛത്രപതി റെയില്‍വേ സ്റ്റേഷനിലെ ആക്രമണത്തിനിടെ ചിലരെ ബന്ദികളാക്കി മാധ്യമങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ അറിയിക്കുക എന്നത് ആയിരുന്നു ചാച്ച എന്ന് വിളിക്കുന്ന സാക്കിര്‍ റഹിമാന്‍ ലാഖ്വിയുടെ നിര്‍ദ്ദേശം അജമല്‍ പറഞ്ഞു. മുംബൈയുടെ വ്യക്തമായ ഭൂപടം, പ്രധാന സ്ഥലങ്ങളുടെ വീഡിയോ എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു. സെപ്തംബര്‍ 27 ന് ആണ് ആക്രമണം ഉദ്ദേശിച്ചിരുന്നതെങ്കിലും സംഘത്തിലെ പത്തു പേര്‍ നവംബര്‍ 23 വരെ കറാച്ചിയില്‍ തന്നെ തങ്ങിയതിനാല്‍ പരിപാടി നീട്ടിവക്കുകയായിരുന്നു. എട്ടു ഗ്രനേഡുകള്‍, എ.കെ 47 തോക്കുകള്‍, 200 ബുള്ളറ്റ് പാക്കുകള്‍, ഒരു സെല്ഫോണ്‍ എന്നിവ കറാച്ചിയില്‍ നിന്നും പുറപ്പെടുന്നതിനു മുമ്പ് സംഘത്തിലെ ഓരോരുത്തര്‍ക്കും നല്‍കിയിരുന്നു. Labels: തീവ്രവാദം, പാക്കിസ്ഥാന്, രാജ്യരക്ഷ, സ്ഫോടനം
- ബിനീഷ് തവനൂര്‍
|
കിളിരൂര്‍: മന്ത്രി ശ്രീമതിക്കെതിരെ കേസ്
വിവാദമായ കിളിരൂര്‍ സ്തീപീഢന കേസിന്റെ ഫയല്‍ പൂഴ്ത്തി എന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതിക്കെതിരെ കേസ് ഫയല്‍ ചെയ്തു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്.രാജേന്ദ്രന്‍, ലതാ നായര് എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ആണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ത്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ചില മന്ത്രിമാരുടെ മക്കളും പ്രതികളാണ്. ഇവരുടെ പേര് കേസ് ഡയറിയില്‍ വ്യക്തമാ ക്കിയിട്ടില്ല.
Labels: സ്ത്രീ വിമോചനം
- ബിനീഷ് തവനൂര്‍
|
ഭീകരര്‍ ശക്തരായ ശത്രുക്കളെ സൃഷ്ടിച്ചു : ശശി തരൂര്‍
ഭീകരര്‍ വിദേശികളെ ഉന്നം വെച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വേണ്ടി ആയിരുന്നു എങ്കിലും അത് മൂലം വാസ്തവത്തില്‍ ശക്തരായ ശത്രുക്കളെ സൃഷ്ടിക്കുകയാണ് അവര്‍ ചെയ്തത് എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടി നടന്ന ഒരു വിശദീകരണ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ വിദേശ ശക്തികള്‍ നമ്മെ പോലെ ഇതൊന്നും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. ഇത്രയും നാള്‍ ഈ ഭീകരരും ആയുള്ള യുദ്ധത്തില്‍ ഇന്ത്യ തനിച്ച് ആയിരുന്നു. എന്നാല്‍ ഇനി നമുക്ക് അമേരിക്ക, യു.കെ. ഇസ്രായേല്‍ എന്നീ കരുത്തരായ കൂട്ടാളികള്‍ ഈ യുദ്ധത്തില്‍ ഉണ്ടാകും. ഇത്തവണ തീവ്രവാദികള്‍ വിദേശികളെ ഉന്നം വെക്കുക വഴി അതിരു വിടുക തന്നെ ചെയ്തു. ഇനി പാക്കിസ്ഥാനിലെ ഭീകര സങ്കേതങ്ങള്‍ നമ്മുടെ മാത്രം പ്രശ്നമല്ലാതായി. പാക്കിസ്ഥാനുമായി ഒരു യുദ്ധം നടത്തിയാലും പ്രത്യേകിച്ചൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാവാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ കുറേ സൈനികരുടെ ജീവന്‍ ബലി അര്‍പ്പിക്കുവാന്‍ മാത്രമേ യുദ്ധം ഉതകൂ. പാക്കിസ്ഥാനിലും ജനാധിപത്യ വിശ്വാസികള്‍ ഉണ്ട്. ഒരു യുദ്ധമുണ്ടായാല്‍ ഈ ജനാധിപത്യ വിശ്വാസികളും ഇന്ത്യക്കെതിരെ തീവ്ര നിലപാടെടുക്കുന്നവരും എല്ലാം ഒറ്റക്കെട്ടാവും. ഇത് നമുക്ക് ഗുണകരം ആവില്ല. പാക്കിസ്ഥാന്‍ ബജറ്റില്‍ പട്ടാളത്തിന് വകയിരുത്തിയിട്ടുള്ള കനത്ത തുക കുറയും എന്ന കാരണത്താല്‍ മാത്രം ഇന്ത്യയുമായി ശത്രുതയും യുദ്ധവും തുടരാന്‍ ആഗ്രഹിക്കുന്ന പട്ടാള മേധാവികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിലുണ്ട് എന്നും തരൂര്‍ പറഞ്ഞു.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
|
ലെനിന്‍ റായിയുടെ അറസ്റ്റ്: പ്രതിഷേധം ഉയരുന്നു
നിസ്സാന്‍ മാസികയുടെ എഡിറ്ററുടെ നേര്‍ക്ക് ഉണ്ടായ പോലീസ് നടപടിയില്‍ വ്യാപകമായ പ്രധിഷേധം ഉയരുന്നു. ഭുബനേശ്വര്‍ കോടതിയില്‍ വച്ചാണ് പോലീസ് ലെനിനെ മര്‍ദ്ദിച്ചത്. ഇടതു പക്ഷ ചിന്താഗതി ക്കാരനായ ലെനിന്‍ ഹിന്ദു സംഘടനക ള്‍ക്കെതിരെ എഴുതി എന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ്. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണ ക്കാരായവരെ ശിക്ഷിക്കാന്‍ ശ്രദ്ധ വെക്കാത്തവര്‍ മത നിരപേക്ഷതക്ക് വേണ്ടി എഴുതുന്നവരെ വേട്ടയാടുക യാണെന്ന് ഇടതു പക്ഷം ആരോപിക്കുന്നു. മാധ്യമങ്ങളോട് സംവദിക്കുന്നതില്‍ നിന്നും പോലീസ് ലെനിനെ വിലക്കി യിരിക്കുകയാണ്.
Labels: പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ബിനീഷ് തവനൂര്‍
|
11 December 2008
ചൈന ഭീകരതക്കൊപ്പം; യു.എന്‍. ല്‍ ഇന്ത്യ കുഴയുന്നു
ഭീകര സംഘടനയായ ജമാ അത്ത്-ഉദ്-ദാവ യെ നിരോധിക്കാനുള്ള യു.എന്‍ നീക്കങ്ങളില്‍ ചൈന ഇടയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പല തവണ ഇതിനായി ശ്രമിച്ചു എങ്കിലും ചൈന ഇതിനെ എതിര്‍ക്കുക ആയിരുന്നു. ഇതോടെ ഭീകരതക്കെതിരെ ഉള്ള ഇന്ത്യയുടെ സമാധാന പരമായ നീക്കങ്ങള്‍ കൂടുതല്‍ പ്രയാസങ്ങളിലേക്ക് നീങ്ങുകയാണ്. ഇത് മൂന്നാം തവണ ആണ് സംഘടനക്ക് അനുകൂലമായി ചൈന മുമ്പോട്ട് വരുന്നത്. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയെ നിരോധിക്കാനും അതിന്റെ ആസ്തികള്‍ മരവിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Labels: mumbai, അന്താരാഷ്ട്രം, തീവ്രവാദം, മുംബൈ
- ബിനീഷ് തവനൂര്‍
|
സ്വരാജ് പോള്‍ ബ്രിട്ടിഷ് ഡെപ്യൂട്ടി സ്പീക്കറായി
പ്രമുഖ പ്രവാസി വ്യവസായി സ്വരാജ് പോള്‍ ബ്രിട്ടിഷ് നിയമ സഭയിലെ ആദ്യ ഏഷ്യന്‍ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രം കുറിച്ചു. ബ്രിട്ടനിലെ അധികാര സ്ഥാന ങ്ങളില്‍ ഇതിനു മുന്‍പും പല ഇന്ത്യാക്കാരും എത്തിയിട്ടുണ്ട് എങ്കിലും ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നു തന്നെ ഒരാള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നത് ആദ്യമാണ്. മള്‍ട്ടി നാഷണല്‍ കമ്പനിയായ കപാറോയുടെ സ്ഥാപകനായ സ്വരാജ് പോള്‍ ഒരു പക്ഷേ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വ്യവസായി ആണ് . ഇന്ത്യാ ഗവണ്മെന്റിന്റെ പത്മഭൂഷണ്‍ ബഹുമതി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
Labels: പ്രവാസി, ബ്രിട്ടന്
- ബിനീഷ് തവനൂര്‍
|
മുംബൈ ആക്രമണം: എം.എഫ്.ഹുസ്സൈന്‍ ലണ്ടനില്‍ ചിത്രപ്രദര്‍ശനമൊരുക്കി
ഭീകരാക്രമണത്തെ വിഷയമാക്കി വരച്ച എം.എഫ്.ഹുസ്സൈന്‍ ചിത്രങ്ങള്‍ ലണ്ടനിലെ സെര്‍പ്പന്റൈന്‍ ഗാലറിയില്‍ പ്രദര്‍ശനത്തിന് എത്തി. റെപ് ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ പ്രദര്‍ശനം ഭീകരത ക്കെതിരെയുള്ള ഹുസ്സൈന്റെ പ്രതികരണമാണ്. ചില ചിത്രങ്ങ ള്‍ക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളെയും കോടതി വിലക്കുകളെയും കൊണ്ട് പൊറുതി മുട്ടിയ ചിത്രകാരന്‍ ലണ്ടനിലും ദുബൈയിലുമായി ജീവിതം തള്ളി നീക്കുകയാണ് ഇപ്പോള്‍.
ചിത്ര പ്രദര്‍ശനത്തില്‍ നിന്നുമുള്ള വരുമാനം ആക്രമണത്തിന്‍ ഇര ആയവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് ഹുസ്സൈന്‍ വ്യക്തമാക്കി. ചിത്രങ്ങളിലെ അമിത നഗ്നതയും അശ്ലീലവും ഏറെ വിമര്‍ശിക്ക പ്പെടുമ്പോഴും നഗ്നമായതിനെ എല്ലാം അശ്ലീലമായി ചിത്രീകരിക്കാന്‍ ആകില്ല എന്ന നിലപാടാണ് ഹുസ്സൈന്റേത്.
- ബിനീഷ് തവനൂര്‍
|
10 December 2008
മുംബൈ ആക്രമണത്തിനു പിന്നില്‍ ദാവൂദ് : റഷ്യ
മുംബൈയില്‍ കഴിഞ്ഞ മാസം നടന്ന ഭീകര ആക്രമണങ്ങള്‍ക്ക് പിന്നില്‍ മയക്ക് മരുന്ന് രാജാവായ ദാവൂദ് ഇബ്രാഹിം പ്രവര്‍ത്തി ച്ചിരുന്നതായി ഒരു ഉന്നത റഷ്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റഷ്യന്‍ ഫെഡറല്‍ മയക്കു മരുന്ന് വിരുദ്ധ വകുപ്പ് മേധാവി വിക്റ്റര്‍ ഇവാനോവ് ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതു വരെ ലഭിച്ച തെളിവുകള്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കിയതില്‍ ദാവൂദിന്റെ മുംബൈ ബന്ധങ്ങള്‍ ഉപയോഗ പ്പെടുത്തിയതായി വ്യക്തമാക്കുന്നു. “റൊസ്സിസ്കയ ഗസെറ്റ” എന്ന സര്‍ക്കാര്‍ പ്രസിദ്ധീ കരണവുമായി അദേഹം നടത്തിയ ഒരു അഭിമുഖത്തില്‍ മയക്കു മരുന്ന് കച്ചവട ശൃഖല തീവ്രവാദത്തിനായി ഉപയോഗിക്ക പ്പെടുന്നതിന്റെ ഒരു “കത്തുന്ന” ഉദാഹരണം ആണ് മുംബൈ ഭീകര ആക്രമണങ്ങള്‍ എന്ന് ഇവാനോവ് അഭിപ്രായപ്പെട്ടു. അഫ്ഘാന്‍ വഴി നടക്കുന്ന വ്യാപകമായ മയക്കു മരുന്ന് കച്ചവടത്തിന്റെ വന്‍ ലാഭം സര്‍ക്കാരുകളെ ശിഥിലം ആക്കുവാനും തീവ്രവാദം പരിപോഷി പ്പിക്കുവാനും ഉപയോഗി ക്കപ്പെടുന്നു. 1993 ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മാസം നടന്ന മുംബൈ ഭീകര ആക്രമണ വേളയില്‍ ഇസ്ലാമാബാദിലേക്ക് കടന്നതായും ഗസെറ്റില്‍ പറഞ്ഞിട്ടുണ്ട്.
Labels: തീവ്രവാദം, പാക്കിസ്ഥാന്
- ജെ. എസ്.
2 Comments:
Links to this post: |
09 December 2008
മുംബൈ: ഭീകരര്‍ക്ക് സിം കാര്‍ഡ് നല്‍കിയവര്‍ പിടിയില്‍
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാര്‍ കൊല്‍ക്കത്ത പോലീസിന്റെ പിടിയിലായി. ശ്രീനഗര്‍ സ്വദേശി മുഖ്താര്‍ അഹമ്മദ് ശൈഖ്(35), കൊല്‍ക്കത്ത നിവാസി തൌസിഫ് റഹ്മാന്‍(26) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 22 സിംകാര്‍ഡുകള്‍ വാങ്ങുകയും ഭീകരര്‍ക്ക് കൈ മാറുകയും ചെയ്തു എന്ന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നായിരുന്നു അക്രമികള്‍ ആക്രമണ സമയത്ത് ഉപയോഗിച്ചത്. ഈ സിംകാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് അയച്ചു കൊടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്.
Labels: blast, കുറ്റകൃത്യം, തീവ്രവാദം, മുംബൈ, രാജ്യരക്ഷ, സ്ഫോടനം
- ബിനീഷ് തവനൂര്‍
|
വിമാന യാത്രാ നിരക്കുകള്‍ കുറഞ്ഞു
വിമാന ഇന്ധന സര്‍ചാര്‍ജില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് പ്രമുഖ വിമാന കമ്പനികള്‍ തങ്ങളുടെ യാത്രാ നിരക്കുകള്‍ കുറച്ചു. കിങ്ങ് ഫിഷര്‍, ജെറ്റ് എയര്‍ വെയ്സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആണ് തങ്ങളുടെ യാത്രാ നിരക്കുകള്‍ കുറച്ചത്. എണ്ണ കമ്പനികള്‍ വിമാന ഇന്ധന വിലകള്‍ കുറച്ചതിനെ തുടര്‍ന്നാണ് വിമാന കമ്പനികളും തങ്ങളുടെ നിരക്കുകള്‍ ഭേദഗതി ചെയ്തത്. ക്രിസ്മസ്, പുതുവത്സര അവധി കാല യാത്രക്കാര്‍ക്ക് ഇത് ഒട്ടേറെ ആശ്വാസകരം ആവും. രാജ്യത്തിനകത്തെ സര്‍വ്വീസുകള്‍ക്ക് 400 രൂപയോളമാണ് നിരക്ക് കുറഞ്ഞത്.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
08 December 2008
ഒ.ജെ. സിംപ്സണ് 33 വര്‍ഷം ജയില്‍ ശിക്ഷ
മുന്‍ അമേരിക്കന്‍ ഫുട്ബാള്‍ താരം ഒ.ജെ.സിംപ്സണ്‍(61) 33 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടു. തട്ടിക്കൊണ്ട് പോകല്‍, കായിക ഉപകരണ ഡീലേഴസിനെ കൊള്ളയടിക്കല്‍ എന്നി കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രായാധിക്യം പരിഗണിച്ച് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരോള്‍ അനുവദിക്കും. വിധിക്കെതിരെ സിംപ്സണ്‍ അപ്പീല്‍ നല്‍കിയെങ്കിലും പ്രയോചനമുണ്ടായില്ല. 1995ല്‍ മുന്‍ ഭാര്യയെ കൊന്ന കേസില്‍ 33.5 മില്യണ്‍ യു.എസ്. ഡോളര്‍ പിഴ ശിക്ഷ കിട്ടിയ ആളാണ് സിംപ്സണ്‍. കോടതി വിധി സംതൃപ്തി തരുന്നെന്ന് ഗോള്‍ഡ്മന്റെ പിതാവ് അഭിപ്രായപ്പെട്ടു.
Labels: കുറ്റകൃത്യം, സ്പോര്‍ട്ട്സ്
- ബിനീഷ് തവനൂര്‍
|
ഭാര്യയേയും മകനേയും ആക്രമിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ
ഭാര്യയേയും മകനേയും ആക്രമിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനെ ലണ്ടനില്‍ 18 മാസത്തെ ജയില്‍ ശിക്ഷക്കു വിധിച്ചു. കിരണ്‍ സോണി ( 54) യെയാണ് നോടിംഹാം ക്രൌണ്‍ കോടതി ശിക്ഷിച്ചത്. ഭാര്യയെ മുടിക്ക് പിടിച്ച് വലിച്ചി ഴക്കുകയും തൊഴിക്കുകയും ചെയ്തതിനു ശേഷം 13 വയസ്സുള്ള മകനേയും ആക്രമിക്കുക യായിരുന്നത്രേ. കുറ്റകൃത്യങ്ങള്‍ സമ്മതിച്ചു എങ്കിലും താന്‍ വളര്‍ന്ന സാഹചര്യം ഇത്തരത്തില്‍ അയിരുന്നു എന്ന് ഇയാള്‍ കോടതിയില്‍ സ്വയം ന്യായീകരിച്ചു. ഭാര്യയെ കാണുന്നതില്‍ നിന്നും കോടതി ഇയാളെ വിലക്കിയിരുന്നത് അവഗണിച്ചു കൊണ്ടുള്ള കൂടിക്കാഴ്ച ക്കിടെയാണ് ഇയാള്‍ കൃത്യം നടത്തിയത്.
- ബിനീഷ് തവനൂര്‍
|
07 December 2008
പാക്കിസ്ഥാന്റെ പങ്ക്: ഐക്യരാഷ്ട്ര സംഘടനയെ അറിയിക്കണം - കാരാട്ട്
മുംബൈ ആക്രമണത്തില്‍ പാക്കിസ്ഥാന് എതിരെയുള്ള തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സംഘടനക്ക് മുമ്പില്‍ വെക്കണമെന്ന് സി.പി.ഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയോടുള്ള ഇന്ത്യയുടെ വിധേയത്വം ഇക്കാര്യത്തിലും വെളിവാകുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. അക്രമികളെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടേണ്ടതില്ല. മറിച്ച് യു.എന്‍ ന്റെ സുരക്ഷാ വിഭാഗത്തെ സമീപിക്കുകയും എല്ലാ തെളിവുകളും സമര്‍പ്പിക്കുകയും വേണം - കാരാട്ട് വ്യക്തമാക്കി.
Labels: blast, mumbai, അന്താരാഷ്ട്രം, ഇന്ത്യ, വിനോദം, സ്ഫോടനം
- ബിനീഷ് തവനൂര്‍
|
06 December 2008
ആഗോള സാമ്പത്തിക മാന്ദ്യം : സര്‍ക്കാര്‍ സഹായം നാളെ
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തിന്റെ ആഴം കുറക്കുവാന്‍ ഉദ്ദേശിച്ചുള്ള സര്‍ക്കാര്‍ പാക്കേജ് വൈകും എന്ന് സൂചന. സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിക്കുവാനിരുന്ന പാക്കേജിന്റെ പ്രഖ്യാപനം ഇനി നാളെയേ ഉണ്ടാവൂ എന്ന് പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. സര്‍ക്കാരിന്റെ പാക്കേജ് റിസര്‍വ് ബാങ്കിന്റെ പാക്കേജില്‍ നിന്നും വ്യത്യസ്തമാണ്. ചില ഉല്‍പ്പന്നങ്ങളിന്‍ മേല്‍ ഉള്ള എക്സൈസ് തീരുവ വെട്ടി കുറക്കുന്നത് ഉള്‍പ്പടെ ഉള്ള ഒട്ടേറെ സാമ്പത്തിക നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ പാക്കേജ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കും എന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള ഒരു വന്‍കിട പദ്ധതിയും അടുത്തു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കും എന്നും സൂചനയുണ്ട്.
Labels: ഇന്ത്യ, സാമ്പത്തികം
- ജെ. എസ്.
|
05 December 2008
ഈദിന് ഗോ ഹത്യ ഒഴിവാക്കുക
ഡല്‍ഹി : ഈദ് പ്രമാണിച്ച് ഇന്ത്യയിലെ മുസ്ലിം ജനത ഹിന്ദു മത വിശ്വാസത്തോടുള്ള ആദര സൂചകമായി ഗോ ഹത്യ നടത്തുന്നത് ഒഴിവാക്കണം എന്ന് പ്രമുഖ ഇസ്ലാമിക മത പഠന കേന്ദ്രമായ ദാര്‍ ഉല്‍ ഉലൂം ആഹ്വാനം ചെയ്തു. പള്ളികളിലെ ഇമാമുകളുടെ അഖിലേന്ത്യാ സംഘടനയും ഈ നിര്‍ദ്ദേശത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മുംബൈ ഭീകര ആക്രമണത്തിന്റെ ഇരകള്‍ ആയവരോടുള്ള ഐക്യ ദാര്‍ഡ്യത്തിന്റെയും വേദനയുടേയും പ്രതീകമായി മുസ്ലിംകള്‍ തോളില്‍ കറുത്ത നാട അണിയുവാന്‍ സംഘടന നേരത്തേ ആവശ്യപ്പെട്ടിരുന്നു.
ബക്രീദ് പ്രമാണിച്ച് നടത്തുന്ന മൃഗ ബലി സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ലഘു ലേഖ ദാര്‍ ഉല്‍ ഉലൂം പുറത്തിറ ക്കിയിട്ടുണ്ട്. ഹിന്ദു ജനതയുടെ വികാരങ്ങളെ വ്രണപ്പെടു ത്താതിരിക്കാന്‍ മുസ്ലിംകള്‍ ഗോ ഹത്യ നടത്തരുത് എന്ന് ഇതില്‍ പറഞ്ഞിരിക്കുന്നു. ശരിയത്ത് അംഗീകരിച്ച മറ്റ് മൃഗങ്ങളെ ബലി കൊടുത്ത് മറ്റ് ഇന്ത്യാക്കാരുടെ വികാരങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കണം എന്ന് ലഘു ലേഖ ആവശ്യപ്പെട്ടു. 1866ല്‍ സ്ഥാപിതമായ ദാര്‍ ഉല്‍ ഉലൂം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ആദരിക്കപ്പെടുന്ന ഇസ്ലാം മത പഠന കേന്ദ്രമാണ്. ഗോക്കളെ വധിക്കുന്നത് ഹിന്ദു വികാരം വ്രണപ്പെടുത്തും. രാജ്യത്തെ മത സൌഹാര്‍ദ്ദം തകര്‍ക്കുന്ന ഒന്നും നമ്മള്‍ ചെയ്യാന്‍ പാടില്ല എന്ന് All India Organisation of Imams of Mosques (AIOIM) പ്രസിഡന്റ് ഹസ്രത്ത് മൌലാനാ ജമീല്‍ അഹമ്മദ് ഇല്യാസി പറഞ്ഞു. മുംബൈ വാസികളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച ഇല്യാസ്, ഈദ് പ്രാര്‍ത്ഥനയില്‍ മുംബൈ ആക്രമണത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ രാജ്യത്തെ എല്ലാ ഇമാമുകളോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ശാന്തിയും സമാധാനവും പുനഃ സ്ഥാപിക്ക പ്പെടുവാന്‍ വേണ്ടി എല്ലാവരും ഈദ് പ്രാര്‍ത്ഥനാ വേളയില്‍ സര്‍വ്വ ശക്തനോട് പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം പറഞ്ഞു. Labels: ഇന്ത്യ, ക്രമസമാധാനം
- ജെ. എസ്.
|
ഇന്റലിജന്‍സ് പരാജയപ്പെട്ടു : ചിദംബരം
മുംബൈ ഭീകര ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഇന്റലിജന്‍സ് പാളിച്ചകള്‍ ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. തീവ്രവാദം തടയുന്നതിനായി മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തും എന്നും മന്ത്രി അറിയിച്ചു. അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് സമാനമായ ഒരു ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിക്കുവാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പാര്‍ലമെന്റിനു മുന്നില്‍ വെക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണ്. മുന്‍പ് നടന്ന പല തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിറകിലും ഉണ്ടായിരുന്ന സംഘടനകള്‍ തന്നെയാണ് മുംബൈ ആക്രമണത്തിനും പിന്നില്‍ എന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഇത് വെളിപ്പെടുത്താന്‍ ആവില്ല. റിപ്പോര്‍ട്ട് കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പൂര്‍ണമായ ചിത്രം വെളിപ്പെടുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
- ജെ. എസ്.
|
സ്വകാര്യ ചാനല്‍ പ്രക്ഷേപണം നിയന്ത്രിക്കും
ഡല്‍ഹി: രാജ്യത്തെ കേബിള്‍ ടെലിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും. മാധ്യമങ്ങള്‍ മുംബൈ ദുരന്തം കൈകാര്യം ചെയ്ത വിധം വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ രാജ്യത്തെ സ്വകാര്യ കേബിള്‍ ടെലിവിഷന്‍ പ്രക്ഷേപണത്തെ നിയന്ത്രി ക്കുന്നതിനായി 1995 ല്‍ നിലവില്‍ വന്ന നിയമം ഭേദഗതി വരുത്തുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
ചില അക്രമികളുമായി സംവദിക്കുന്നതിന്റെ വീഡിയോ ഒരു സ്വകാര്യ ചാനല്‍ പ്രക്ഷേപണം ചെയ്തതിനെ തുടര്‍ന്നാണ് ഈ നടപടി. അങ്ങിനെ ചെയ്തതിലൂടെ അക്രമികളുടെ അഭിപ്രായങ്ങള്‍ വെളിപ്പെടു ത്തുന്നതിനായി ചാനല്‍ ദുരുപയോഗം ചെയ്തു എന്ന നിഗമന ത്തിലാണ് സര്‍ക്കാറിന്റെ ഈ നീക്കം. ഇതുകൊണ്ടു തന്നെ രാജ്യ താല്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ട മുന്‍ കരുതലുകള്‍ നിയമ ഭേദഗതിയുടെ പ്രധാന ലക്ഷ്യം ആയിരിക്കും. ഇതിനായി പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സുഷമ സിംഗിന്റെ അധ്യക്ഷതയില്‍ യോഗം നടത്തി നടപടികള്‍ തുടരുകയാണ്.വീഡിയോ പുറത്തുവിട്ട ചാനലിന് സര്‍ക്കാര്‍ ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്.
- ബിനീഷ് തവനൂര്‍
|
04 December 2008
മുംബൈ: പാക്കിസ്ഥാന്‍ പിന്തുണക്കണം - കോണ്ടലീസ
ഭീകര ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടു പിടിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കണം എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ട ശേഷം ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെയാണ് റൈസ് മുംബൈ പ്രശ്നത്തിലുള്ള അമേരിക്കയുടെ നിലപാട് ഇന്ത്യയെ അറിയിച്ചത് . ഇന്ത്യയോട് സഹകരിക്കാന്‍ പാക്കിസ്ഥാന് പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്ന് റൈസ് കൂട്ടിച്ചേര്‍ത്തു. ഏതു നടപടിയും വിദൂരഫലങ്ങളും കൂടി കണക്കിലെടുത്തേ നടപ്പിലാക്കാവൂ എന്ന അമേരിക്കയുടെ നിര്‍ദ്ദേശം റൈസ് ഇന്ത്യക്ക് നല്‍കുകയും ചെയ്തു.
തീവ്രവാദത്തിന് എതിരെ അഫ്ഗാന്‍ മേഖലയില്‍ അമേരിക്കക്കുള്ള താല്പര്യങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ വ്യതിചലിക്കുമെന്ന് റൈസ് ഉല്‍ക്കണ്ഠപ്പെടുന്നതായി നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
- ബിനീഷ് തവനൂര്‍
|
അക്രമികളുടെ ശരീരങ്ങള്‍ കടലില്‍ എറിഞ്ഞേക്കൂ എന്ന് മുസ്ലീം സംഘടനകള്‍
ഭീകരരുടെ ശവ സംസ്കാരത്തിന് ഇന്ത്യന്‍ മണ്ണില്‍ ഇടമില്ലെന്ന് മുംബൈയിലെ മുസ്ലീം സംഘടനകള്‍. കമാന്‍ഡോ ഓപ്പറേഷനിടെ കൊല്ലപ്പെട്ട ഭീകരരുടെ ഭൌതിക സംസ്കാരം ഭാരതത്തില്‍ ചെയ്യാന്‍ അനുവദിക്കില്ല, പകരം അവരെ കടലില്‍ എറിഞ്ഞേക്കുക എന്ന് ഭീകരരുടെ സംസ്കാരത്തിന് സ്ഥലം അനുവദിക്കാതിരുന്ന മുംബൈ നിവാസികള്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചില പ്രമുഖ മുസ്ലീം സംഘടകളുടെ വിളിച്ചു ചേര്‍ത്ത യോഗം പ്രസ്താവിച്ചു. ഇന്ത്യാ വിരുദ്ധ ഭീകരതക്ക് എതിരെ ആഗോള സമൂഹത്തോടുള്ള ഇന്ത്യന്‍ മുസ്ലീം ജനതയുടെ പ്രതികരണമായിരുന്നു ഇത്.
പഞ്ചാബിലെ സമാനയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുത്ത വരിലെല്ലാം കൂട്ട കുരുതി ക്കെതിരെ ഉള്ള പ്രതിഷേധം ശക്തമായിരുന്നു. ഭീകരത ഇസ്ലാമിന്റെ വഴിയല്ല - ഉത്തര്‍ പ്രദേശിലെ ബിഞ്ജോറില്‍ നിന്നെത്തിയ സയിദ് ഹയ്ദെര്‍ റാസ പറഞ്ഞു. മുംബൈയില്‍ രക്തം ചൊരിഞ്ഞവര്‍ യഥാര്‍ത്ഥ മുസ്ലീംങ്ങളല്ല - ജമ്മു കാശ്മീരില്‍ നിന്നു മെത്തിയ ഗുലാം രസ്സൂല്‍ നൂര്‍ അഭിപ്രായപ്പെട്ടു. മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തേ ക്കാവുന്ന ഈ സാഹചര്യത്തില്‍ വളരെ നല്ലൊരു ചലനമായി പൊതുവെ ഇതിനെ വിലയിരുത്തുന്നു.
- ബിനീഷ് തവനൂര്‍
|
അതിര്‍ത്തിയില്‍ കരുതല്‍ വേണമെന്ന് ആന്റണി
മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എല്ലാ തീരങ്ങളിലും അതിര്‍ത്തികളിലും കൂടുതല്‍ ജാഗ്രതാ മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് പ്രതിരോധ മന്ത്രി ശ്രീ. എ. കെ. ആന്റണി സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ നശിപ്പിച്ചതു പോലുള്ള ഏതു നിമിഷത്തിലും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടാന്‍ തയ്യാറായിരി ക്കുകയെന്നും അദ്ദേഹം മൂന്നു സൈന്യ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതു സംബന്ധിച്ചു നടന്ന ഉന്നത തല യോഗത്തില്‍ നാവിക സേനാ മേധാവി അഡ്മിറല്‍ സുരേഷ് മേഹ്ത , എയര്‍ ചീഫ് മാര്‍ഷല്‍ ഫലി ഹോമി മേജര്‍, കര സേനാ മേധാവി ജനറല്‍ ദീപക് കപൂര്‍, പ്രധിരോധ സെക്രട്ടറി വിജയ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു. രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗങ്ങളുടെ ഊര്‍ജ്ജിതവും സംയോജിതവുമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സുരക്ഷാ മുന്നറിയിപ്പുകളെ ഫലപ്രദമായി ഉപയോഗ പ്പെടുത്താനാകൂ എന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തി നിയന്ത്രണ രേഖയിലെ സ്ഥിതി ഗതികള്‍ യോഗം അവലോകനം ചെയ്തു.
- ബിനീഷ് തവനൂര്‍
|
03 December 2008
മുംബൈ: കണ്ണികള്‍ രാജ്യത്തിനകത്തും പുറത്തും
മുംബൈ ദുരന്തത്തിനു പിന്നില്‍ രാജ്യത്തിനു പുറത്തു നിന്നുള്ളവര്‍ മാത്രമല്ലെന്ന് സൂചനകള്‍. പിടിയിലായ ഭീകരന്‍ അജ്മലില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ച തെളിവുകള്‍ പ്രകാരം ആക്രമണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി 2007 ജൂണില്‍ രണ്ട് വിദേശികള്‍ ഇന്ത്യയില്‍ എത്തിയിരുന്നു എന്നും അവര്‍ക്ക് ചില തദ്ദേശവാസികളുടെ സഹായം ലഭിച്ചിരുന്നതായും വ്യക്തമായി. അല്‍ ഖായിദ ബാലിയില്‍ നടത്തിയ ആക്രമണത്തിന്റെ സൂത്ര ധാരനായിരുന്നു മുംബൈ സ്ഫോടനത്തിനും രൂപരേഖ തയ്യാറാക്കിയത്‍.
കഴിഞ്ഞ ജൂലായില്‍ പാക്കിസ്ഥാനില്‍ നടത്തിയ ചാവേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 40 അംഗ സംഘത്തിലെ 15 ഭീകരരാണത്രേ ആക്രമണം അഴിച്ചു വിട്ടത്. സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുന്നതിനായി മുംബൈയില്‍ വിവിധ സ്ഥലങ്ങളിലായി താമസിച്ചു വന്ന ഇവര്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും വ്യക്തമായി. ഇതെക്കുറിച്ചെല്ലാം ചില മുന്നറിയിപ്പുകള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടും കാര്യമായ അന്വേഷണങ്ങള്‍ നടന്നില്ലെന്ന പ്രതിഷേധം പരക്കെ ഉയരുന്നുണ്ട്.
- ബിനീഷ് തവനൂര്‍
|
അഭയ: പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് സി.ബി.ഐ
സിസ്റ്റര്‍ അഭയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസഫ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റം സമ്മതിച്ചരായി സി. ബി. ഐ. എറണാകുളം സി. ജെ. എം. കോടതിയെ അറിയിച്ചു. തുടക്കത്തില്‍ വിസമ്മതം പ്രകടിപ്പിച്ച പ്രതികള്‍ സി. ബി. ഐ. മുന്‍പ് നടത്തിയിരുന്ന നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ സഹായത്തോ ടെയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുക ആയിരുന്നു.
സിസ്റ്റര്‍ സെഫിയുടെ രേഖാ മൂലമുള്ള സമ്മതത്തോടെ ആണ് അവരെ കന്യകാത്വ പരിശോധനക്ക് വിധേയ ആക്കിയതെന്നും അഭയയുടെ ഇന്‍ക്വെസ്റ്റ് തയ്യാറാക്കിയ മുന്‍ എ. എസ്. ഐ. അഗസ്റ്റിന്റെ ദൂരൂഹ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സി. ബി. ഐ. വ്യക്തമാക്കി. Labels: കുറ്റകൃത്യം, കേരളം, കോടതി, പോലീസ്
- ബിനീഷ് തവനൂര്‍
|
ഇറാഖില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ : യു. എന്‍.
ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇറാഖില്‍ ഇപ്പോഴും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ന്യൂന പക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍, തൊഴില്‍ വിദഗ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, തടവുകാര്‍ക്കു നേരെയുള്ള പീഡനം, സ്ത്രീകളെ ആക്രമിക്കല്‍ എന്നിങ്ങനെയുള്ള കുറ്റ കൃത്യങ്ങള്‍ ഇറാഖില്‍ നിര്‍ബാധം തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിചാരണ ഇല്ലാതെയും നിയമ സഹായം ലഭ്യം ആക്കാതെയും വര്‍ഷങ്ങളോളം തടവുകാരെ ജെയിലുകളില്‍ പാര്‍പ്പിക്കുന്നത് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശി ക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, വക്കീല്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍ എന്നിങ്ങനെയുള്ള വിദഗ്ദ്ധരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വളരെ കൂടുതല്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രദേശത്താണ് ഇത്തരം ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ന്യൂന പക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ സ്വീകരിക്കണം എന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Labels: അന്താരാഷ്ട്രം, ഇറാഖ്, മനുഷ്യാവകാശം
- ജെ. എസ്.
|
02 December 2008
യു. എ. ഇ. ദേശീയ ദിന ആഘോഷ ലഹരിയില്‍
ഇന്ന് യു. എ. ഇ. 37-ാം ദേശിയ ദിനം. രാജ്യമെങ്ങും ഇപ്പോള്‍ ഉത്സവ ലഹരിയിലാണ്. ദേശീയ ദിനത്തോ ടനുബന്ധിച്ച് രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നാല് ദിവസം ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഉണ്ടാകും. അബുദാബിയില്‍ രാത്രി 8.30 മുതല്‍ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും ഒരുക്കിയിട്ടുണ്ട്.
ദേശീയ ദിനവും ഈദ് അല്‍ അദ്ഹയും പ്രമാണിച്ച് യു. എ. ഇ. യിലെ സര്‍ക്കാര്‍ മേഖലയ്ക്ക് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോ ടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ഇന്ന് അവധി യായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇനി ഡിസംബര്‍ 14നേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീ ഈടാക്കില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഷാര്‍ജ ഗതാഗത വിഭാഗവും അവധി ദിനങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. Labels: യു.എ.ഇ.
- സ്വന്തം ലേഖകന്‍
|
താജിന് എം. എഫ്. ഹുസ്സൈന്റെ ചിത്രങ്ങള്‍
താജ് ഹോട്ടലിന്റെ ചുമരുകള്‍ അലങ്കരിച്ചിരുന്ന വിലമതിക്കാനാവാത്ത അനേകം പെയിന്റിങ്ങുകള്‍ മുംബൈ ഭീകരാക്രമണത്തില്‍ കത്തി നശിച്ച സാഹചര്യത്തില്‍ പുതിയ പെയിന്റിങ്ങുകള്‍ താന്‍ വരച്ച് ഹോട്ടലിന് നല്‍കും എന്ന് സുപ്രസിദ്ധ ചിത്രകാരന്‍ എം. എഫ്. ഹുസ്സൈന്‍ പ്രഖ്യാപിച്ചു. ഹുസ്സൈന്റെ അനേകം ചിത്രങ്ങള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായ് താജിന്റെ സ്വീകരണ ഹാളിന്റെ അഭിമാനമായിരുന്നു. ഭീകര ആക്രമണത്തെ അപലപിക്കുന്ന ഒട്ടനേകം ചിത്രങ്ങള്‍ താന്‍ വരക്കും. എന്നെങ്കിലും താജ് പഴയ പ്രതാപം വീണ്ടെടുക്കും. അന്ന് ഈ ചിത്രങ്ങള്‍ താജില്‍ പ്രദര്‍ശിപ്പിക്കും. തങ്ങളുടെ ജീവന്‍ ബലി കഴിച്ചും മറ്റുള്ളവരെ രക്ഷിച്ച താജിലെ ജീവനക്കാരോടുള്ള തന്റെ വ്യക്തിപരമായ ആദരവ് സൂചിപ്പിക്കുന്നത് കൂടിയായിരിക്കും ഈ ചിത്രങ്ങള്‍ എന്നും ഹുസ്സൈന്‍ അറിയിച്ചു.
- ജെ. എസ്.
|
01 December 2008
സന്ദീപിന് സ്മാരകം വേണം - ശശി തരൂര്‍
രാജ്യത്തിന്റെ സുരക്ഷക്കായി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകം തിരുവനന്തപുരത്ത് സ്ഥാപിക്കണം എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരന്മാരെ ആദരിക്കാന്‍ കേരളം എന്തെങ്കിലും ചെയ്യണം. രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാപിക്കുന്ന ഒരു കെടാ നാളം ആവാം അത് എന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് ഭൂതകാല സ്മരണ മാത്രമല്ല, ഭാവിയെ നാം എങ്ങനെ നേരിടണം എന്നതിനൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മുംബയില്‍ നടന്ന ദാരുണമായ സംഭവങ്ങള്‍ ദേശ രക്ഷയും സുരക്ഷയും കക്ഷി രാഷ്ട്രീയത്തിനും മുകളിലാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭീകര ആക്രമണത്തിന് എതിരെ നടത്തിയ ഓപ്പറേഷന്റെ പാളിച്ചകളെ പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. എന്നാല്‍ നമ്മുടെ സൈന്യത്തെ ആധുനീകരിക്കേണ്ടത് ആവശ്യമാണ്. ഭീകര വാദത്തെ നേരിടാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുകയും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Labels: ഇന്ത്യ, തീവ്രവാദം, ലോക മലയാളി
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്