03 April 2009
താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍![]() മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം. ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം. ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു. ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം. ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു. ![]() (സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍) ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ് Labels: തീവ്രവാദം, പാക്കിസ്ഥാന്‍, പീഢനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്