23 July 2009
പുലികള്‍ക്ക് പുതിയ തലവന്‍
വേലുപ്പിള്ള പ്രഭാകരന്റെ സ്ഥാനം ഇനി സെല്‍വരാസ പത്മനാതന്. രണ്ട് മാസം മുന്‍പ് പുലി തലവന്‍ പ്രഭാകരനോടൊപ്പം മുഴുവന്‍ പുലി നേതാക്കളേയും വധിച്ച് തമിഴ് പുലി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടു എന്ന് ശ്രീലങ്കന്‍ അധികൃതര്‍ അവകാശപ്പെട്ടു എങ്കിലും വിദേശ രാജ്യങ്ങളില്‍ വസിക്കുന്ന ശ്രീലങ്കന്‍ തമിഴ് ജനത തങ്ങളുടെ ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെ എല്‍. ടി. ടി. ഇ. യുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്‍ തമിഴ് ജനതയുടെ സ്വാതന്ത്യ സമരം നയിക്കും എന്നറിയിച്ചു.
നേതൃത്വം നഷ്ടപ്പെട്ട തമിഴ് ജനത തങ്ങളുടെ ചരിത്രത്തിലെ ഒരു നിര്‍ണ്ണായകവും ദുഃഖകരവുമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് എന്ന് തുടങ്ങുന്ന പത്ര കുറിപ്പ്, തങ്ങള്‍ക്ക് നികത്താനാവത്ത നഷ്ടങ്ങളാണ് ഉണ്ടായത് എന്ന് പറഞ്ഞു. എന്നാല്‍ പുലികളെ ഉന്മൂലനം ചെയ്തു എന്ന് ശ്രീലങ്ക വീമ്പ് പറയുന്നുണ്ടെങ്കിലും തമിഴ് ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. ഇത് തങ്ങളുടെ ചരിത്രപരമായ ദൌത്യമാണ്. തങ്ങളുടെ മണ്ണിനു വേണ്ടി പോരാടി വീര ചരമം പ്രാപിച്ച തങ്ങളുടെ നേതാവും അസംഖ്യം അണികളും തങ്ങളെ ഏല്‍പ്പിച്ച ദൌത്യം. പ്രവര്‍ത്തന രീതിയില്‍ കാലോചിതമായ മാറ്റം വരുത്തുമെങ്കിലും സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന സ്വപ്നം പൂവണിയും വരെ തങ്ങളുടെ വീര നേതാവ് പ്രഭാകരന്‍ തങ്ങളുടെ ഉള്ളില്‍ കൊളുത്തിയ സ്വാതന്ത്ര്യത്തിന്റെ അഗ്നി നാളം തങ്ങള്‍ കെടാതെ സൂക്ഷിക്കും എന്നും എല്‍. ടി. ടി. ഇ. പ്രസ്താവനയില്‍ അറിയിച്ചു. Labels: സമരം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്