22 August 2009
ഹിമാന്‍ശുവും നിഷിതയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.
മൂന്നു വര്‍ഷം മുന്‍പ് ഒരു ഓടി കൊണ്ടിരിക്കുന്ന കാറില്‍ വെച്ചാണ് ഹിമാന്‍ശുവിന്റെയും നിഷിതയുടെയും അമ്മ അല്‍ക്ക ബലാത്സംഗം ചെയ്യപ്പെട്ടത്. ഭര്‍ത്താവ് സുനിലുമൊത്ത് പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ഒരു പാട് നാള്‍ ഇവര്‍ പോലീസ് അധികാരികളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി എങ്കിലും കാര്യമൊന്നും ഉണ്ടായില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. മനം നൊന്ത് അവസാനം ഇരുവരും വിഷം കഷിച്ച് മരിക്കുവാന്‍ തീരുമാനിച്ചു. വിഷം കഴിച്ച അല്‍ക്ക മരിച്ചുവെങ്കിലും സുനില്‍ മരിച്ചില്ല. കുറ്റവാളികളെ ഇത്രയും നാള്‍ സംരക്ഷിച്ച പോലീസ് ഇതോടെ രംഗത്ത് എത്തുകയും, ഭാര്യക്ക് വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എട്ട് വയസുകാരി നിഷിതയും, ഏഴു വയസുള്ള സഹോദരന്‍ ഹിമാന്‍ശുവും, തങ്ങളുടേതായ രീതിയില്‍ തങ്ങളുടെ അച്ഛനെ മോചിപ്പിക്കുവാനായി ശ്രമിച്ചത്. ഒരു മാസത്തോളം അധികൃതര്‍ ഇവരുടെ സമരം കണ്ടതായി ഭാവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ പ്രതിഷേധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ ഒരു അനാഥാലയത്തിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഇവരെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ടെലിവിഷനിലും മറ്റും വന്ന ദൃശ്യങ്ങളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം മാത്രമായിരുന്നു ഇത് എന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കി. ഇവരെ കുടുംബത്തിന് വിട്ട് കൊടുക്കണം എങ്കില്‍ ചില നിബന്ധനകള്‍ അടങ്ങിയ ബോണ്ടില്‍ ഒപ്പു വെക്കണം എന്നായി അധികൃതര്‍. ഇതിന് ഇവരുടെ ബന്ധുക്കള്‍ വഴങ്ങിയിട്ടില്ല. ഇതിനിടെ ഹരിയാന പോലീസ് അല്‍ക്കയെ പീഢിപ്പിച്ച ഒരാളെ തിരക്കിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഒരാളെ പിടികൂടി, കുറ്റം ചുമത്തി, മറ്റ് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സ്ഥല വാസികളുടെ ആരോപണം. Labels: കുട്ടികള്‍, പീഢനം, പോലീസ്, മനുഷ്യാവകാശം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്