01 October 2009
തേക്കടിയില്‍ ബോട്ട് മുങ്ങി 41 മരണം
തേക്കടി : പെരിയാര്‍ വന്യ മൃഗ സംരക്ഷണ കേന്ദ്രത്തില്‍ വിനോദ സഞ്ചാരികളെ വിനോദ യാത്രയ്ക്ക് കൊണ്ടു പോയ ടൂറിസം കോര്‍പ്പൊറെയ്ഷന്റെ ബോട്ട് മുങ്ങി 41 പേര്‍ മരിച്ചു. തേക്കടിയിലെ ജലാശയത്തില്‍ വന്യ മൃഗങ്ങളെ കാണിയ്ക്കുവാനായി വിനോദ സഞ്ചാരികളെയും വഹിച്ച് ജലാശയത്തില്‍ സഞ്ചരിച്ച ബോട്ട് മണക്കവല എന്ന സ്ഥലത്ത് എത്തിയപ്പോള്‍ തീരത്ത് കാണപ്പെട്ട കാട്ട്പോത്തുകളെ കണ്ടതിനെ തുടര്‍ന്ന് ബോട്ടിന്റെ ഒരു വശത്തേയ്ക്ക് നീങ്ങുകയായിരുന്നു എന്നാണ് നിഗമനം. എല്ലാ യാത്രക്കാരും ഒരു വശത്തേയ്ക്ക് നീങ്ങിയപ്പോള്‍ ബോട്ടിന്റെ സന്തുലനം നഷ്ടപ്പെടുകയും ബോട്ട് മറിയുകയും ആണ് ഉണ്ടായത് എന്ന് കരുതപ്പെടുന്നു.
41 മരണങ്ങള്‍ ഇതു വരെ സ്ഥിരീകരിച്ചു. ഇന്ന് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മറിഞ്ഞ ബോട്ടിനടിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാവാന്‍ ഉള്ള സാധ്യതയുണ്ട്. 74 പേര്‍ ബോട്ടില്‍ കയറി എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. അതിനാല്‍ ബോട്ടില്‍ കയറിയ കുട്ടികളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. ഇനി മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ഇല്ല എന്ന് അധികൃതര്‍ പ്രഖ്യാപിച്ചതിനു ശേഷം അഞ്ചു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം ലഭിയ്ക്കുകയുണ്ടായി. പഞ്ചാബ്, കൊല്‍ക്കത്ത, ദില്ലി, കോയമ്പത്തൂര്‍, പെരിയകുളം, ആന്ധ്രപ്രദേശ്, ഹൈദരാബാദ്, കുംഭകോണം, ബാംഗ്ലൂര്‍, മധുര സ്വദേശികള്‍ക്ക് പുറമെ മൂന്ന് മലയാളികളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. തൃശ്ശൂര്‍ സ്വദേശികളായ സുഷിത്, സുശീല ദമ്പതിമാരും ഇവരുടെ മകന്‍ അപ്പുവുമാണ് മരിച്ച മലയാളികള്‍. അഞ്ചു ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ ഒരു വര്‍ഷം ഇവിടെ എത്താറുണ്ട്. കെ.ടി.ഡി.സി. യുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകട കാരണമായി ബോട്ടിന്റെ പഴക്കം എന്ന സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. ഒരു മാസം മുന്‍പ് ഉപയോഗത്തില്‍ വന്ന ബോട്ടായിരുന്നു ജലകന്യക. രണ്ടു നിലയുള്ള ബോട്ടിന്റെ താഴത്തെ നിലയില്‍ ഉണ്ടായിരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം വീതം നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടു. Boat capsises in Thekkady Periyar wildlife sanctuary Labels: അപകടങ്ങള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്