05 November 2009
ബ്രഹ്മ പുത്രയിലെ അണക്കെട്ട് നിര്‍മ്മാണം
ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ അണക്കെട്ട് നിര്‍മ്മിക്കുന്നില്ല എന്ന് ചൈന ആവര്‍ത്തിച്ചു പറയുമ്പോഴും ചൈനയുടെ പ്രദേശത്ത് നടക്കുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് ആശങ്കാ ജനമാണ് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. ബ്രഹ്മ പുത്രയിലെ വെള്ളം നിയന്ത്രിച്ച് ചൈനക്ക് ഇന്ത്യയെ എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദ്ദത്തിനു വിധേയമാക്കാം എന്നതാണ് വാസ്തവം. ഗുവാഹട്ടിയിലെ ഐ.ഐ.ടി. നടത്തിയ പഠനങ്ങളും ഈ ഭയാശങ്കകളെ സാധൂകരിക്കുന്നു.
ബ്രഹ്മ പുത്ര നദി, തിബത്തിലെ അറുന്നൂറോളം മഞ്ഞു മലകളില്‍ നിന്നും ഉല്‍ഭവം കണ്ടെത്തുന്ന ഒരു നദിയാണ്. ഇന്ത്യക്ക് ലഭ്യമായ റിമോട്ട് സെന്‍സിംഗ് വിവരങ്ങള്‍ അനുസരിച്ച് ഈ നീരുറവകളില്‍ പ്രധാനമായ സാങ്മോ എന്ന പ്രദേശത്ത് ചൈന എന്തോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് വ്യക്തമാണ്. നദി ഒരു വലിയ താഴ്‌ച്ചയിലേക്ക് വീഴുന്ന സ്ഥലമാണ് സാങ്മോ. ഇവിടെ ഒരു ജല വൈദ്യുത പദ്ധതി സ്ഥാപിക്കാനാണ് സാധ്യത. ജല വൈദ്യുത പദ്ധതിയായാലും ജല ശേഖരണ പദ്ധതിയായാലും അണക്കെട്ടു നിലവില്‍ വരുന്നതോടെ ബ്രഹ്മ പുത്രയിലെ ജലം നിയന്ത്രിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. ഇത് ഇന്ത്യയില്‍ വരള്‍ച്ചയ്ക്ക് കാരണവുമാകും. ജല വൈദ്യുത പദ്ധതിയാണെങ്കില്‍, ഇപ്പോള്‍ തമിഴ് നാട് മുല്ല പെരിയാറില്‍ ആവശ്യപ്പെടുന്നത് പോലെ, ഉയര്‍ന്ന ജല നിരപ്പ് പാലിക്കേണ്ടി വരും. എന്നാല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്ന വേളയില്‍ സംഭരിച്ച വെള്ളം പെട്ടെന്ന് അണക്കെട്ട് തുറന്ന് വിടേണ്ടതായും വരും. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണവുമാകും. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ചൈനയില്‍ നിന്നും വരുന്ന നദിയിലെ വെള്ളപ്പൊക്കം മൂലം ഇന്ത്യ വര്‍ഷം തോറും ദുരിതം അനുഭവിക്കുന്നുണ്ട്. അണക്കെട്ട് വരുന്നതോടെ ഇതിന് ഒരു അറുതി വരും. മാത്രമല്ല ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയില്‍ ഇന്ത്യ അനേകം ഡാമുകള്‍ ബംഗ്ലാദേശിന്റെ എതിര്‍പ്പുകളെ അവഗണിച്ച് പണിതിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ഉളവായ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ ഇന്ത്യ ബംഗ്ലാദേശുമായി ജല വിതരണ ഉടമ്പടി ഉണ്ടാക്കി അത് നിഷ്ക്കര്‍ഷമായി പാലിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ വരള്‍ച്ചാ - വെള്ളപ്പൊക്ക ഭീഷണി എല്ലാ അണക്കെട്ടുകളുടെയും ദൂഷ്യ വശമാണ് എന്നിരിക്കെ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്നത് ഇരട്ട താപ്പ് നയമാണ് എന്ന് ഗുവാഹട്ടി ഐ.ഐ.ടി. യിലെ വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. കാരണം ചൈന നിര്‍മ്മിച്ചാലും ഇല്ലെങ്കിലും ഇന്ത്യ അരുണാചല്‍ പ്രദേശില്‍ മാത്രം ബ്രഹ്മ പുത്രയില്‍ 150 ഓളം അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. Chinese Dam on Brahmaputra causes concern to India Labels: അന്താരാഷ്ട്രം, ചൈന, രാജ്യരക്ഷ
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്