14 December 2009
ദുബായ് വേള്‍ഡ് പ്രതിസന്ധി തരണം ചെയ്തു
അബുദാബി സര്‍ക്കാര്‍ 10 ബില്യണ്‍ ഡോളര്‍ നല്‍കിയതോടെ ദുബായ് വേള്‍ഡ് പ്രതിസന്ധിക്ക് പരിഹാരമായി. നിക്ഷേപകര്‍ക്ക് ദുബായ് വേള്‍ഡ് നല്‍കുവാനുള്ള ബോണ്ട് തുക ഇതോടെ ലഭിക്കും എന്നുറപ്പായി. ഇന്നായിരുന്നു ബോണ്ട് തുക കൊടുക്കേണ്ട ദിവസം. ബോണ്ട് തുക തിരിച്ച് നല്‍കുവാന്‍ ആറു മാസത്തെ കാലാവധി നീട്ടി ചോദിച്ചത് അന്താരാഷ്ട്ര വിപണിയില്‍ ദുബായ് സമ്പദ് ഘടന തകര്‍ന്നു എന്ന ഭീതി പരത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ അടക്കം ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു.
ദുബായ് വേള്‍ഡിനു ലഭിച്ച ഈ സാമ്പത്തിക പാക്കേജിന്റെ വാര്‍ത്ത പുറത്തായതോടെ ഹോംഗ്‌കോംഗ് വിപണി 300 പോയന്റ് കുതിച്ചു കയറി. മറ്റ് ഏഷ്യന്‍ വിപണികളും സജീവമായി. എന്നാല്‍ ജപ്പാനില്‍ യെന്‍ ഇടിയുകയാണ് ഉണ്ടായത്. ഡോളറിന്റെ വിനിമയ നിരക്കില്‍ 88.90 യെന്‍നും യൂറോയില്‍ 130.43 യെന്‍നും വര്‍ദ്ധനവ് ഉണ്ടായി. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക കൊടുത്ത ശേഷം ബാക്കി വരുന്ന തുക ദുബായ് വേള്‍ഡ് മറ്റ് ബാധ്യതകള്‍ തീര്‍ക്കാനായി ഉപയോഗിക്കും. ദുബായ് വേള്‍ഡിന്റെ ഏപ്രില്‍ 2010 വരെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ ഇതോടെ നിറവേറ്റാനാവും എന്ന് കണക്കാക്കപ്പെടുന്നു. ദുബായ് മുന്‍പത്തെ പോലെ ഇനിയും കരുത്തുറ്റ ഒരു ആഗോള സാമ്പത്തിക കേന്ദ്രമായി തുടരും എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് ഷെയ്ഖ് അഹമ്മദ് ബിന്‍ സായീദ് അല്‍ മക്തൂം അറിയിച്ചു. Labels: സാമ്പത്തികം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്