31 August 2009
ദൃശ്യം @ അനന്തപുരി
തിരുവനന്തപുരം : ‘കേരളാ ക്ലിക്ക്സി’ ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ‘ദൃശ്യം @ അനന്തപുരി’ എന്ന ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. പ്രസിദ്ധ സംവിധായകന്‍ ശ്രീ. ഷാജി എന്‍. കരുണാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സമയത്തെ ഒരു നിമിഷം കൊണ്ടു പകര്‍ത്തി അതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒരു കലയാണ് ഫോട്ടോഗ്രഫിയെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. പ്രശസ്ത ശില്പിയും, ലളിത കലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ശ്രീ. കാനായി കുഞ്ഞിരാമന്‍, സി-ഡിറ്റ് മുന്‍ ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. ആധുനിക ലോകത്തെ ഏറ്റവും അത്ഭുതമു ണ്ടാക്കിയ കണ്ടുപിടുത്തമാണ് ഫോട്ടോഗ്രഫിയെന്ന് കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രഫിയെ ചിത്രകാരന്മാര്‍ ഭയത്തോടെ നോക്കി ക്കണ്ടപ്പോള്‍, അതിന്റെ സാധ്യതകളെ കണ്ടെത്തി ഉപയോഗിച്ച മഹാനായ ചിത്രകാര നായിരുന്നു രാജാ രവി വര്‍മ്മ; എന്നാല്‍ കേരളീയര്‍ അദ്ദേഹത്തെ അവഗണി ക്കുകയാ ണുണ്ടായത് എന്നൊരു അഭിപ്രായവും അദ്ദേഹത്തില്‍ നിന്നുണ്ടായി. സ്കൂളില്‍ പ്രസന്റേഷനുകള്‍ ചെയ്യുന്ന ഓരോ കുട്ടിക്കും ഓരോ ചെറു സിനിമ സംവിധാനം ചെയ്യുവാനുള്ള അവസരം സാങ്കേതിക വിദ്യയുടെ മുന്നേറ്റത്താല്‍ ഇന്നു കൈ വന്നിരിക്കുന്നു എന്ന് ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. തനിമയുള്ള ചിത്രങ്ങള്‍ സാംസ്കാരിക അനുഭവം കൂടി പ്രദാനം ചെയ്യുവാന്‍ കെല്‍പ്പുള്ള താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാമില്ലെങ്കില്‍ പോലും, കുറച്ചു ചിത്രങ്ങളെങ്കിലും കോപ്പി ലെഫ്റ്റായി ഇന്റര്‍നെറ്റിലൂടെ വിന്യസി ക്കുവാനുള്ള ശ്രമവും ഫോട്ടോഗ്രാ ഫര്‍മാരില്‍ നിന്നും ഉണ്ടാവണം, എങ്കില്‍ മാത്രമേ പകര്‍ത്തപ്പെടുന്ന ചിത്രങ്ങള്‍ അവയുടെ ഉദ്ദേശം പൂര്‍ത്തീക രിക്കുക യുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ ക്ലിക്ക്സ് അഡ്മിന്‍ ജയപ്രകാശ് ആര്‍. അധ്യക്ഷനായിരുന്നു. അഡ്മിനുകളായ ഹരീഷ് എന്‍. നമ്പൂതിരി, ജവഹര്‍ജി കെ. എന്നിവര്‍ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു. മൂന്നു ദിവസത്തെ പ്രദര്‍ശനം സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ പ്രദര്‍ശനം കാണാവുന്നതാണ്. - ഹരീഷ് എന്‍. നമ്പൂതിരി Photography exhibition in Thiruvananthapuram by KeralaClicks Labels: കല
- ജെ. എസ്.
|
30 August 2009
ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍; സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമം
കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ ഉള്ളതായി സൂചന. പോലീസ് ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ദുബായിലേക്ക് കടന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുത്തുറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ദുബായില്‍ എത്തിയതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ദുബായില്‍ ഉണ്ടെന്നറിയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദേര ദുബായിലെ ഒരു ഹോട്ടലിലാണ് ഇവര്‍ തങ്ങുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും തുടര്‍ച്ചയായി ഇവരുടെ ഫോട്ടോകളും വിഷ്വലുകളും കാണിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ തിരിച്ചറിയാ തിരിക്കാനായി ഇവര്‍ പകല്‍ സമയങ്ങളില്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാറില്ല. ഭക്ഷണം മുറിയില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. ചില രാത്രികളില്‍ ബര്‍ദുബായിലെ ചില ബാറുകളില്‍ ഇരുവരും സന്ദര്‍ശനം നടത്താറുണ്ടെന്നും അറിയുന്നു. അതേ സമയം ഏത് വിമാനത്താവളം വഴിയാണ് ഇവര്‍ ദുബായില്‍ എത്തിയതെന്നത് വ്യക്തമല്ല. ഓം പ്രകാശിന് യു.എ.ഇ. റസിഡന്‍റ് വിസ ഉണ്ടെന്നാണ് അറിയുന്നത്. പുത്തന്‍പാലം രാജേഷും ഓംപ്രകാശും നേരത്തെ ദുബായില്‍ ഉണ്ടായിരുന്നു. ഈയിടെയാണ് രണ്ട് പേരും കേരളത്തിലേക്ക് പോയത്. പിന്നീട് മുത്തൂറ്റ് പോള്‍ വധവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ ഒളിത്താവളം എന്ന നിലയ്ക്കാണ് ഇവര്‍ ദുബായില്‍ എത്തിയത്. തിരൂവോണത്തിന് മുമ്പ് കീഴടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ സിംഗപ്പൂരിലേക്ക് കടക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Labels: കുറ്റകൃത്യം, കേരളം, ക്രമസമാധാനം, പോലീസ്
- സ്വന്തം ലേഖകന്‍
|
ചന്ദ്രയാന്‍ നഷ്‌ട്ടപ്പെട്ടു
ഇന്ത്യയുടെ പ്രഥമ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍ - I മായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പൂര്‍ണ്ണമായും ഇതിന്റെ നിയന്ത്രണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു നഷ്‌ട്ടപ്പെട്ടു. ശനിയാഴ്‌ച്ച പുലര്‍ച്ചെ 01:30 നാണ് അവസാനമായി പേടകവുമായി ബന്ധം പുലര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ റേഡിയോ ബന്ധം വീണ്ടെടുക്കുന്നത് അസാധ്യമാണ്. മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ക്കും പേടകത്തില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ഈ ചാന്ദ്ര ദൌത്യത്തിന്റെ പ്രധാന ഉദ്ദ്യേശ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്ന് പറയുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പക്ഷെ ഈ സാങ്കേതിക തകരാറിലും ആത്മ വിശ്വാസം വെടിഞ്ഞിട്ടില്ല. ഇത്തരം സങ്കീര്‍ണ്ണമായ ദൌത്യങ്ങളില്‍ ഇത്തരം തകരാറുകള്‍ സ്വാഭാവികമാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ് എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ ദൌത്യം നല്‍കിയ പാഠങ്ങള്‍ ചന്ദ്രയാന്‍ - II ന്റെ വിജയത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും എന്ന്‍ ഉറച്ചു വിശ്വസിക്കുന്നു.
Chandrayaan - I lost Labels: ശാസ്ത്രം
- ജെ. എസ്.
|
29 August 2009
ലാവ്‌ലിന്‍ കേസ് മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും
ഏറെ വിവാദം സൃഷ്ടിച്ച എസ്. എന്‍. സി. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ടു ചെയ്യാന്‍ അനുമതി നല്‍കിയ കേരളാ ഗവര്‍ണ്ണര്‍ ആര്‍. എസ്. ഗവായിയുടെ തീരുമാനം നിയമ വിരുദ്ധമായി പ്രഖ്യാപിക്കുവാനും, തനിക്കെതിരെ സി. ബി. ഐ. നല്‍കിയ കുറ്റപത്രം റദ്ദാക്കുവാനും വേണ്ടി സുപ്രീം കോടതിയില്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ക്രിമിനല്‍ റിട്ട് ഹര്‍ജി വാദിക്കുവാനായി പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ ഹാജരാകും. സുപ്രീം കോടതിയിലെ മുന്‍നിര അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ദ്ധനുമാണ് ശ്രീ നരിമാന്‍.
ഇതേ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതും മറ്റൊരു പ്രമുഖനാണ്. അഡ്വ. ഹരീഷ് സാല്‍വേ. കേസ് തിങ്കളാഴ്‌ച്ച കോടതിയുടെ പരിഗണനക്ക് വരും. - എസ്. കുമാര്‍ Labels: കേരള രാഷ്ട്രീയം, കോടതി, സി.പി.എം.
- ജെ. എസ്.
|
വിവരാവകാശ നിയമം തനിക്ക് ബാധകമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ കാര്യാലയം വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ അറിയിച്ചു. വിവിധ ഭരണ ഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍, ജഡ്ജിമാര്‍ ക്കെതിരെയുള്ള പരാതികള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ചീഫ് ജസ്റ്റിസിന്റെ കാര്യാലയത്തിലെ വിവരങ്ങള്‍ വിവരാവകാശ നിയമം പ്രകാരം വെളിപ്പെടുത്താനാവില്ല. ഉദാഹരണത്തിന്, പല കോടതി വിധികളുടെയും പകര്‍പ്പുകള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് മറ്റ് ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ക്കും മറ്റുമായി അയച്ചു കൊടുക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ വിധി പ്രഖ്യാപിക്കുന്നതിനു മുന്‍പ് എങ്ങനെ വെളിപ്പെടുത്താനാവും എന്ന് അദ്ദേഹം ചൂണ്ടി ക്കാണിക്കുന്നു.
കേന്ദ്ര ഇന്‍ഫമേഷന്‍ കമ്മീഷന്‍ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് പറഞ്ഞതിനെ താന്‍ എതിര്‍ക്കുന്നില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷെ, ചീഫ് ജസ്റ്റിസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും വിവരാവകാശ റെജിസ്ട്രാര്‍ക്ക് ലഭ്യമാക്കണം എന്ന പരാമര്‍ശത്തെയാണ് താന്‍ എതിര്‍ക്കുന്നത് എന്ന് പറഞ്ഞു. പ്രായോഗികമല്ലാത്ത ഈ നിര്‍ദ്ദേശത്തിന് എതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ തങ്ങള്‍ കേസ് ഫയല്‍ ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. Transparency laws , Right To Information not applicable to the office of the Chief Justice of India
- ജെ. എസ്.
|
28 August 2009
ഡിസ്ക്കവറി ഇന്ന് രാത്രി വിക്ഷേപിക്കും
കഴിഞ്ഞ ചൊവ്വാഴ്‌ച്ച വിക്ഷേപണം ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന നാസയുടെ ബഹിരാകാശ ഷട്ടില്‍ ഡിസ്ക്കവറിയുടെ ഒരു ഇന്ധന വാല്‍വ് തകരാറായതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന വിക്ഷേപണം ഇനി ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പായി നടത്തും. ഇത് മൂന്നാം തവണയാണ് ഡിസ്ക്കവറിയുടെ വിക്ഷേപണം മാറ്റി വെച്ചത്. ആദ്യ തവണ കാലാവസ്ഥ മോശം ആയതിനാലാണ് വിക്ഷേപണം മാറ്റിയത്. പിന്നീട് രണ്ടു തവണയും ഇന്ധന വാല്‍വിലെ തകരാറ് ആയിരുന്നു മാറ്റി വെയ്ക്കുവാന്‍ കാരണമായത്. ഇത് ശരിയാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പത്തെ മിനിട്ടില്‍ വിക്ഷേപണം നടത്താന്‍ തീരുമാനം ആയത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് (വെള്ളിയാഴ്‌ച്ച) രാത്രി 11:59ന് വിക്ഷേപണം നടക്കും.
Labels: ശാസ്ത്രം
- ജെ. എസ്.
|
24 August 2009
ഇടപാട് വിവരങ്ങള്‍ സ്വിസ്സ് ബാങ്കുകള്‍ ഇന്ത്യക്ക് കൈമാറില്ല
നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യാക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണം എന്ന ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യം സ്വിസ്സ് ബാങ്കായ യു.ബി.എസ്. നിരാകരിച്ചു. അമേരിക്കയുടെ ആവശ്യ പ്രകാരം അമേരിക്കന്‍ ഇടപാടുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താം എന്ന് യു.ബി.എസ്. സമ്മതിച്ചതിന് തൊട്ടു പുറകെയാണ് ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇത് സ്വിസ്സ് അധികൃതരുമായി ചര്‍ച്ച ചെയ്യും എന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.
സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയുടെ 20 ബില്യണ്‍ ഡോളറെങ്കിലും ഇപ്രകാരം യു.ബി.എസ്. ബാങ്കിന്റെ പക്കല്‍ ഉണ്ടെന്ന് അമേരിക്കന്‍ സാമ്പത്തിക വകുപ്പ് അനുമാനിക്കുന്നു. ഇത് തിരിച്ചു പിടിക്കാനായി അമേരിക്കന്‍ കോടതിയില്‍ അമേരിക്കന്‍ പൌരന്മാര്‍ക്ക് നികുതി വെട്ടിപ്പ് നടത്തുവാന്‍ സൌകര്യം ഒരുക്കി എന്ന കുറ്റത്തിന് യു.ബി.എസ്. ബാങ്കിന് എതിരെ കേസ് നിലവിലുണ്ട്. ഈ കേസില്‍ തെളിവുകള്‍ തങ്ങള്‍ക്കെതിരെ ശക്തമാണ് എന്ന് മനസ്സിലാക്കിയാണ് ഒത്തു തീര്‍പ്പിന് സ്വിസ് ബാങ്ക് തയ്യാറായത്. ഒത്തു തീര്‍പ്പ് തുകയായി 280 മില്യണ്‍ ഡോളര്‍ അമേരിക്കക്ക് കേസ് തീര്‍ക്കാനായി ബാങ്ക് നല്‍കുകയും ചെയ്തു. ഇത്ര ശക്തമായ നിയമ നടപടികള്‍ കൊണ്ട് അമേരിക്ക സാധിച്ചെടുത്ത കാര്യമാണ് ഇന്ത്യ കേവലം നയതന്ത്ര ഇടപെടലുകള്‍ കൊണ്ട് സാധിക്കാന്‍ ശ്രമിച്ചതും, അതില്‍ പരാജയപ്പെട്ടതും. യു.ബി.എസ്. സ്വിറ്റ്സര്‍ലാന്‍ഡിലെ അനേകം ബാങ്കുകളില്‍ ഒന്ന് മാത്രമാണ്. മറ്റ് ബാങ്കുകളിലെ ഇടപാടുകളൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടുമില്ല. സ്വിസ്സ് ബാങ്കിങ് നിയമപ്രകാരം ഏറ്റവും അധികം വിലമതിക്കപ്പെടുന്ന ഒന്നാണ് ഇടപാടുകാരന്റെ സ്വകാര്യത. അമേരിക്കന്‍ സാമ്പത്തിക വകുപ്പിന്റെ വര്‍ഷങ്ങളുടെ അന്വേഷണ ഫലമായാണ് 52000 അമേരിക്കക്കാരുടെ യു.ബി.എസ്. ബാങ്ക് ഇടപാടുകള്‍ കണ്ടെത്തിയത്. ഇത്രയും ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇതില്‍ നിന്നും വെറും 4450 പേരുടെ വിവരങ്ങള്‍ മാത്രമാണ് യു.ബി.എസ്. അമേരിക്കക്ക് വെളിപ്പെടുത്താന്‍ തയ്യാറായിട്ടുള്ളത്. ഇതിനര്‍ത്ഥം യു.ബി.എസ്. ബാങ്കിലുള്ള അമേരിക്ക കണ്ടെത്തിയിട്ടുള്ള 47550 പേരുടെയും കണ്ടെത്താനാവത്ത മറ്റുള്ളവരുടെയും മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇടപാട് ഉള്ളവരുടെയും പണം തിരിച്ചു പിടിക്കാനാവില്ല എന്നു തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി. നേതാവ് അദ്വാനി, സ്വിസ്സ് ബാങ്കുകളില്‍ നിയമ വിരുദ്ധമായി കിടക്കുന്ന ഇന്ത്യാക്കാരുടെ പണം തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ആവശ്യം ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യാക്കാരുടെ ഇടപാട് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സ്വിസ്സ് ബാങ്കുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആന പിണ്ടമിടുന്നത് കണ്ട് അണ്ണാന്‍ മുക്കിയ പോലെയായി ഇന്ത്യയുടെ അവസ്ഥ. ഇന്ത്യയുടെ ടെലിഫോണ്‍ ഡയറക്ടറി കാണിച്ച് ഇതില്‍ ആര്‍ക്കെങ്കിലും ഇവിടെ അക്കൌണ്ടുണ്ടോ എന്നും ചോദിച്ച് ആരും സ്വിറ്റ്സര്‍ ലാന്‍ഡിലേക്ക് വരേണ്ടതില്ല എന്ന അവജ്ഞ നിറഞ്ഞ പരാമര്‍ശമാണ് ഇന്ത്യക്ക് കേള്‍ക്കേണ്ടി വന്നത്. എന്തെങ്കിലും ‘രസകരമായ’ വിവരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയില്‍ ഇത്തരം തിരച്ചില്‍ നടത്താന്‍ സ്വിസ്സ് നിയമം അനുവദിക്കുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. സമഗ്രമായ ഒരു അന്വേഷണം നടത്തുകയും, ഇത്തരത്തില്‍ കള്ള പണം പൂഴ്ത്തി വെച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, നിയമ നടപടികള്‍ സ്വീകരിച്ച് അതിന്റെ പിന്‍ ബലത്തില്‍ ആത്മ വിശ്വാസത്തോടെ ആവശ്യപ്പെടുകയും ചെയ്താല്‍ ഇന്ത്യയെ പോലെയുള്ള ഒരു ശക്തമായ രാഷ്ട്രത്തിന്റെ ന്യായമായ ആവശ്യത്തിനു മുന്‍പില്‍ ഒരു ലോക ശക്തിക്കും എതിര്‍ത്തു നില്‍ക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ചും ലോകം കടന്നു പോയി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഒത്തൊരുമിച്ച് കര കയറുവാന്‍ ലോക രാഷ്ട്രങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍. എന്നാല്‍ ഹ്രസ്വ കാല നേട്ടങ്ങളും സ്വാര്‍ത്ഥ ലാഭവും മാത്രം ലക്ഷ്യമിട്ട് രാജ്യ താല്പര്യങ്ങള്‍ അടിയറവ് വെച്ച് കരാറുകള്‍ ഒപ്പിട്ട്, മറ്റു രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ സ്വമേധയാ നട്ടെല്ല് വളച്ചു പരിചയിച്ചവര്‍ക്ക് ഇതിനാവില്ലല്ലോ. അമേരിക്കയുടെ 20 ബില്ല്യണ്‍ ഡോളര്‍ സ്വിസ്സ് ബാങ്കുകളില്‍ കിടക്കുന്നു എന്ന് അമേരിക്ക പറയുമ്പോള്‍ ഇന്ത്യാക്കാരുടെ 1500 ബില്ല്യണ്‍ ഡോളറുമായി ഇന്ത്യക്കാണ് സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനം എന്ന് കരുതപ്പെടുന്നു. Swiss Banks declined India's request to unearth its black money Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, സാമ്പത്തികം
- ജെ. എസ്.
|
ആഞ്ചല്‍ ഡോഗ്ര സൌന്ദര്യ റാണിയായി
കാനഡയിലെ ഏറ്റവും വലിയ സൌന്ദര്യ മത്സരത്തില്‍ 25 കാരിയായ ആഞ്ചല്‍ ഡോഗ്ര മിസ് ഇന്‍ഡ്യ - കാനഡ 2009 സൌന്ദര്യ പട്ടം നേടി. ഞായറാഴ്‌ച്ച രാത്രി ടൊറോണ്ടോയില്‍ ആണ് സൌന്ദര്യ മത്സരം നടന്നത്. 16 മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു ആഞ്ചല്‍. “തനിക്ക് ഇത് വിശ്വസിക്കാന്‍ ആവുന്നില്ല” എന്നായിരുന്നു സൌന്ദര്യ റാണി യായി കിരീടം ചൂടിയ ആഞ്ചലിന്റെ പ്രതികരണം. ഓള്‍ട്ടര്‍ണേറ്റ് മെഡിസിനില്‍ (മറ്റ് ചില്‍കിത്സാ സമ്പ്രദായങ്ങള്‍) ബിരുദാനന്തര ബിരുദ ധാരിണിയും ഫിസിയോ തെറാപ്പിസ്റ്റുമാണ് ആഞ്ചല്‍.
നേരത്തേ ദുബായില്‍ ആയിരുന്ന ആഞ്ചല്‍ അടുത്ത കാലത്താണ് കാനഡയിലേക്ക് കുടിയേറിയത്. തന്റെ ലക്ഷ്യം ഉന്നതങ്ങളിലാണെന്ന് ആഞ്ചല്‍ പലപ്പോഴും പറയുമായിരുന്നു എന്ന് ദുബായിലെ സുഹൃത്തുക്കള്‍ പറയുന്നു. ലിസാ റേ, കോമള്‍ സിദ്ധു, റൂബി ഭാട്ടിയ എന്നിവര്‍ക്ക് നേരത്തെ ഈ പദവി ലഭിച്ചിട്ടുണ്ട്. Aanchal Dogra Is Crowned New Miss India - Canada
- ജെ. എസ്.
|
23 August 2009
ഗുരു സ്മരണ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ആദരിക്കുന്ന ഒരു നൂതന പദ്ധതിക്ക് കേരള സര്‍ക്കാര്‍ തുടക്കം ഇട്ടിരിക്കുന്നു. കേരള സര്‍വ്വ കലാശാലയിലെ ബയോ ഇന്‍ഫൊമാറ്റിക്സ് സെന്റര്‍ ഹോണൊററി ഡയറക്ടര്‍ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ആണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിന്റെ ആദ്യ കാലഘട്ടം മുതലുള്ള അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള ഒരു ആര്‍ക്കൈവ് നിര്‍മ്മിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. 1816 ല്‍ കോട്ടയത്ത് ആരംഭിച്ച സി. എം. എസ്. കോളജും 1830 ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച യൂനിവേഴ്‌സിറ്റി കോളജും മുതല്‍ തുടങ്ങുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്ങളുടെ പ്രവര്‍ത്തന മികവിലൂടെ വ്യക്തി മുദ്ര പതിപ്പിച്ചു കടന്നു പോയ മുഴുവന്‍ അധ്യാപകരുടേയും ജീവ ചരിത്രം, ഫോട്ടോ, പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍, മറ്റ് വിവരങ്ങള്‍, ലിങ്കുകള്‍ എന്നിവ എല്ലാം അടങ്ങുന്ന ഒരു വെബ് സൈറ്റ് ഉണ്ടാക്കും. ഇത്തരമൊരു വെബ് സൈറ്റ് ഇവരെ പറ്റിയുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ടു വരുന്നതിനു പുറമെ ഇവര്‍ മുന്‍പോട്ട് വെച്ച ആശയങ്ങളും ഇവരുടെ സംഭാവനകളും വീണ്ടും കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചര്‍ച്ച ചെയ്യപ്പെടുകയും അത് വഴി ഉന്നത വിദ്യാഭ്യാസ രംഗത്തെ നൈരന്തര്യം സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഡോ. അച്യുത് ശങ്കര്‍ അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ വിദ്യാഭാസ കാലത്ത് തങ്ങളെ സ്വാധീനിച്ച അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ ഈ വെബ് സൈറ്റില്‍ ചേര്‍ക്കുന്നതിനായി gurusmarana ഡോട്ട് kerala അറ്റ് gmail ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. ഒരു നിബന്ധന മാത്രം - ഇപ്പോള്‍ സര്‍വീസില്‍ ഇല്ലാത്ത അധ്യാപകരെ പറ്റിയുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു ഈമെയിലില്‍ ഒരു അധ്യാപകനെ പറ്റിയുള്ള വിവരങ്ങള്‍ മാത്രമാണ് അയയ്ക്കേണ്ടത്. Labels: വിദ്യാഭ്യാസം
- ജെ. എസ്.
|
22 August 2009
ഹിമാന്‍ശുവും നിഷിതയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് കോടതിക്കു വെളിയില്‍ കോടതിയുടെ കനിവിനായി അപേക്ഷിച്ച് കാത്തിരുന്ന ഹിമാന്‍ശുവും നിഷിതയും തങ്ങളുടെ ആവശ്യവുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കഴിഞ്ഞ 40 ദിവസത്തോളം ഇവര്‍ കോടതിക്കു പുറത്ത് റോഡരികില്‍ തങ്ങളുടെ അച്ഛനെ വിട്ടു കിട്ടണം എന്ന മുദ്രാവാക്യം എഴുതിയ ബോര്‍ഡും ഏന്തി കഴിയുകയായിരുന്നു. ഇവരോടൊപ്പം റോഡരികില്‍ വെച്ചു കെട്ടിയ കുടിലില്‍, ഇവരുടെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയും ഇവര്‍ക്ക് കാവലായും ഇരുന്നു, അന്യായമായി പോലീസ് പിടിച്ചു കൊണ്ടു പോയ തങ്ങളുടെ മകനെ ഓര്‍ത്ത് കണ്ണീരൊഴുക്കി കൊണ്ട്.
മൂന്നു വര്‍ഷം മുന്‍പ് ഒരു ഓടി കൊണ്ടിരിക്കുന്ന കാറില്‍ വെച്ചാണ് ഹിമാന്‍ശുവിന്റെയും നിഷിതയുടെയും അമ്മ അല്‍ക്ക ബലാത്സംഗം ചെയ്യപ്പെട്ടത്. ഭര്‍ത്താവ് സുനിലുമൊത്ത് പോലീസില്‍ പരാതിപ്പെട്ടു എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഇതിനെതിരെ ഒരു പാട് നാള്‍ ഇവര്‍ പോലീസ് അധികാരികളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി എങ്കിലും കാര്യമൊന്നും ഉണ്ടായില്ല. പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചത്. മനം നൊന്ത് അവസാനം ഇരുവരും വിഷം കഷിച്ച് മരിക്കുവാന്‍ തീരുമാനിച്ചു. വിഷം കഴിച്ച അല്‍ക്ക മരിച്ചുവെങ്കിലും സുനില്‍ മരിച്ചില്ല. കുറ്റവാളികളെ ഇത്രയും നാള്‍ സംരക്ഷിച്ച പോലീസ് ഇതോടെ രംഗത്ത് എത്തുകയും, ഭാര്യക്ക് വിഷം കൊടുത്തു കൊന്നു എന്ന കുറ്റം ആരോപിച്ച് സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് എട്ട് വയസുകാരി നിഷിതയും, ഏഴു വയസുള്ള സഹോദരന്‍ ഹിമാന്‍ശുവും, തങ്ങളുടേതായ രീതിയില്‍ തങ്ങളുടെ അച്ഛനെ മോചിപ്പിക്കുവാനായി ശ്രമിച്ചത്. ഒരു മാസത്തോളം അധികൃതര്‍ ഇവരുടെ സമരം കണ്ടതായി ഭാവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ പ്രതിഷേധത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനിലും മറ്റും പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ജില്ലാ ഭരണകൂടം ഇടപെട്ട് ഇവരെ ഒരു അനാഥാലയത്തിലേക്ക് മാറ്റി. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും ഇവരെ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ടെലിവിഷനിലും മറ്റും വന്ന ദൃശ്യങ്ങളെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള അധികൃതരുടെ ശ്രമം മാത്രമായിരുന്നു ഇത് എന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കി. ഇവരെ കുടുംബത്തിന് വിട്ട് കൊടുക്കണം എങ്കില്‍ ചില നിബന്ധനകള്‍ അടങ്ങിയ ബോണ്ടില്‍ ഒപ്പു വെക്കണം എന്നായി അധികൃതര്‍. ഇതിന് ഇവരുടെ ബന്ധുക്കള്‍ വഴങ്ങിയിട്ടില്ല. ഇതിനിടെ ഹരിയാന പോലീസ് അല്‍ക്കയെ പീഢിപ്പിച്ച ഒരാളെ തിരക്കിട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഒരാളെ പിടികൂടി, കുറ്റം ചുമത്തി, മറ്റ് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സ്ഥല വാസികളുടെ ആരോപണം. Labels: കുട്ടികള്‍, പീഢനം, പോലീസ്, മനുഷ്യാവകാശം
- ജെ. എസ്.
|
പാക്കിസ്ഥാന് ശ്രീലങ്കയുടെ സൈനിക പരിശീലനം
തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കുന്നതില്‍ വിജയം അവകാശപ്പെട്ട ശ്രീലങ്ക ഇനി നുഴഞ്ഞു കയറ്റക്കാരെ നേരിടുന്നതിന് പാക്കിസ്ഥാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കും. ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ ഇതിന് അനുകൂലമായ മറുപടി നല്‍കും എന്നും ഒരു ഉന്നത ശ്രീലങ്കന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തമിഴ് പുലികളെ ആക്രമിച്ചു കീഴടക്കിയതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ ഏറെ താല്പര്യം കാണിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് അടുത്ത് തന്നെ ശ്രീലങ്ക ഇംഗ്ലീഷില്‍ ഒരു ഔദ്യോഗിക സൈനിക രേഖ പുറത്തിറക്കും. പാക്കിസ്ഥാന്‍ ഉള്‍പ്പടെ ആവശ്യമുള്ള സേനകള്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനമാവും നല്‍കുക. അമേരിക്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യാ എന്നീ രാജ്യങ്ങള്‍ക്കും ഇത്തരം പരിശീലനം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ശ്രീലങ്ക അറിയിച്ചു.
Srilankan Army to give military training to Pakistan Labels: പാക്കിസ്ഥാന്, യുദ്ധം
- ജെ. എസ്.
|
21 August 2009
കനത്ത മഴയില്‍ ഡല്‍ഹി വിമാന താവളത്തിന്റെ മേല്‍കൂര ഇടിഞ്ഞു
ഡല്‍ഹി : ആഞ്ഞു വര്‍ഷിച്ച കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാന താവളത്തിന്റെ പുതുതായി നിര്‍മ്മിച്ച ഡൊമസ്റ്റിക് ടെര്‍മിനലിന്റെ മേല്‍കൂര നിലം പൊത്തി. കനത്ത മഴയെ തുടര്‍ന്ന് പല ഫ്ലൈറ്റുകളും ഇന്ന് റദ്ദാക്കിയിരുന്നു. ഡല്‍ഹിയിലേക്ക് വന്ന ഫ്ലൈറ്റുകള്‍ പലതും മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു. ടെര്‍മിനല്‍ 1 ഡി യിലാണ് മേല്‍കൂരയുടെ ഒരു ഭാഗം തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല എന്ന് വിമാന താവളത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
- ജെ. എസ്.
|
രാജീവ് ഗാന്ധിയുടെ പേരില്‍ പേരിടല്‍ മാമാങ്കം
രാജീവ് ഗാന്ധിയുടെ 65-ാം ജന്മ ദിനമായ ഓഗസ്റ്റ് 20 രാഷ്ട്രം സദ്ഭാവനാ ദിനമായും അക്ഷയ ഊര്‍ജ ദിനമായും ആചരിക്കുന്നതിനിടെ ദേശീയ തൊഴില്‍ സുരക്ഷാ പദ്ധതി രാജീവ് ഗാന്ധിയുടെ പേരില്‍ മാറ്റി നാമകരണം ചെയ്യും എന്ന് മന്തി സി. പി. ജോഷി പ്രഖ്യാപിച്ചു. രാജീവ് ഗാന്ധിയുടെ പേരില്‍ നാമകരണം ചെയ്ത 300 ഓളം പദ്ധതികളില്‍ ഏറ്റവും ഒടുവിലത്തെ പദ്ധതിയാവും ഇത്. നെഹ്‌റു കുടുംബത്തിന്റെ പേരില്‍ ഇന്ത്യയില്‍ 450 ലേറെ പദ്ധതികളാണ് ഉള്ളത്. വ്യക്തമായ രാഷ്ട്രീയ ഉദ്ദ്യേശങ്ങളാണ് ഇത്തരം പേരിടലിനു പിന്നില്‍. പദ്ധതികളുടെ ഗുണ ഫലം അനുഭവി ക്കുന്നവരുടെ മനസ്സില്‍ നേതാവ് പ്രതിനിധീ കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോടുള്ള മമത അടിയുറപ്പി ക്കുന്നതി നോടൊപ്പം ഇത്തരം പേരിടലുകള്‍ക്ക് രാഷ്ട്രീയ അനുരജ്ഞ നത്തിന്റെ ഉപയോഗവും ഉണ്ടാവാറുണ്ട് എന്ന് അടുത്ത കാലത്തെ മുംബൈ വര്‍ളി കടല്‍ പാലത്തിന്റെ പേരിടല്‍ വ്യക്തമാക്കുന്നു. പവാര്‍ - സോണിയ ഭിന്നത പരിഹരി ക്കപ്പെട്ടത് ഈ പാലത്തിന് രാജീവ് ഗാന്ധിയുടെ പേര്‍ നല്‍കണം എന്ന പവാറിന്റെ നിര്‍ദ്ദേശ ത്തോടെയാണ്. യുവ തലമുറയില്‍ ശാസ്ത്ര ബോധം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് രാജീവ് ഗാന്ധി എന്നായിരുന്നു പവാര്‍ അന്ന് അഭിപ്രായപ്പെട്ടത്.
12 കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, 52 സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍, 98 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിമാന താവളങ്ങളും തുറമുഖങ്ങളും 6, 39 ആശുപത്രികള്‍, 74 റോഡുകള്‍, 15 ദേശീയ പാര്‍ക്കുകള്‍ എന്നിവ രാജീവ് ഗാന്ധിയുടെ പേരില്‍ ഉണ്ടെന്ന് അടുത്തയിടെ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ വെളിപ്പെട്ടു. 300 projects named after Rajiv Gandhi including the Bandra - Worli sea link project Labels: രാഷ്ട്രീയം
- ജെ. എസ്.
|
19 August 2009
ജസ്വന്ത് സിംഗിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു
ജിന്നയെ പ്രകീര്‍ത്തിച്ചു എന്ന കുറ്റത്തിന് ബി.ജെ.പി. യില്‍ നിന്നും പുറത്താക്കിയ ജസ്വന്ത് സിംഗിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു. ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പേരില്‍ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയെ പ്രകീര്‍ത്തിക്കുകയും ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികള്‍ ജവഹര്‍ ലാല്‍ നെഹ്രുവും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും ആണെന്ന് ജസ്വന്ത് സിംഗ് ആരോപിക്കുന്നുണ്ട്. പട്ടേലിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന കാരണത്താല്‍ ആണ് പുസ്തകം ഗുജറാത്തില്‍ നിരോധിച്ചത്. പുസ്തകത്തിന്റെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത് ഇന്ന് തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
Jaswant Singh's Book on Jinnah Banned in Gujarat Labels: പാക്കിസ്ഥാന്, പുസ്തകം
- ജെ. എസ്.
|
മാന്ദ്യത്തില്‍ നിന്നും ലോകം കര കയറുന്നു
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് ഘടന ആയ ജെര്‍മനി ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കര കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്ന് ഐ. എം. എഫ്. അറിയിച്ചു. ഇതോടൊപ്പം ജപ്പാനും ഫ്രാന്‍സും വര്‍ഷത്തിലെ രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം വളര്‍ച്ച രേഖപ്പെടുത്തിയതും ഏറെ ആശാവഹമാണ്. അമേരിക്കയിലെ മാന്ദ്യം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ സാമ്പത്തിക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ സമയം ഇനിയും ആയിട്ടില്ല എന്ന് എം.എം.എഫ്. അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമായ അമേരിക്കയില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മെച്ചപ്പെട്ടാല്‍ മാത്രമേ അമേരിക്ക സഹായ പാക്കേജുകള്‍ നിര്‍ത്തലാക്കുവാന്‍ പ്രാപ്തമാകുകയുള്ളൂ. എന്നാല്‍ ദീര്‍ഘ കാലം ഇങ്ങനെ സഹായം തുടര്‍ന്നാല്‍ അത് അമേരിക്കയുടെ കട ബാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഒരു സാമ്പത്തിക കമ്മി അധിക നാള്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ ഡോളറിനെ ക്ഷയിപ്പിക്കുകയും വീണ്ടും ലോകം കൂടുതല്‍ സാമ്പത്തിക അസ്ഥിരതകളിലൂടെ കടന്നു പോവുകയും ചെയ്യും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
Germany, France and Japan Recovers From Global Recession Labels: അമേരിക്ക, യൂറോപ്പ്, സാമ്പത്തികം
- ജെ. എസ്.
|
18 August 2009
ഇറാന്‍ പത്രം അടച്ചു പൂട്ടി
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
Labels: ഇറാന്‍, പീഢനം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
|
17 August 2009
അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍
രാഷ്ട്രീയ ജാതി മത വ്യത്യാസങ്ങള്‍ക്ക് അതീതമായി അഴിമതിക്ക് എതിരെ പൊരുതുന്ന സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ ഒരു വേദിയില്‍ അണി നിരത്തി കൊണ്ട് അഴിമതി വിരുദ്ധ സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്തുന്നു. 2009 ആഗസ്റ്റ് 22ന് രാവിലെ 10:30ന് കളമശ്ശേരി മുനിസിപ്പല്‍ ടൌണ്‍ ഹാളിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലം എന്ന് ചലനമറ്റ അവസ്ഥയിലാണ്. ഓരോ അഞ്ച് വര്‍ഷവും അധികാരം പരസ്പരം വെച്ചു മാറുന്ന രാഷ്ട്രീയ മുന്നണികള്‍ ഈ അവസ്ഥക്ക് പ്രധാന കാരണമാണ്. ഈ രാഷ്ട്രീയത്തില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് വഴി ജനാധിപത്യം തന്നെ ദുര്‍ബലം ആയിരിക്കുന്നു. സാമ്പത്തിക വികസന നയങ്ങളിലടക്കം നിലവിലുള്ള ഇരു മുന്നണികള്‍ക്കും കാര്യമായ വ്യത്യാസമില്ലെന്ന അവസ്ഥയാണുള്ളത്. ജനങ്ങള്‍ വിവിധ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ഘടകം അഴിമതി ആണെന്ന് നമുക്ക് കാണാന്‍ കഴിയും. ഭൂമി കൈയ്യേറ്റങ്ങളും തെറ്റായ വികസന നയങ്ങളും പരിസ്ഥിതി നാശവും മനുഷ്യാ വകാശ ലംഘനങ്ങളും കുടിയൊഴിക്കലും ഗുണ്ടാ മാഫിയയും സ്ത്രീ പീഢനങ്ങളും രാഷ്ട്രീയത്തിലെ വര്‍ഗ്ഗീയതയും ഫാസിസവും എല്ലാം അഴിമതിയുമായി ബന്ധപ്പെട്ടാ ണിരിക്കുന്നത്. ഇത്തരം ഓരോ മേഖലകളിലും സമരം നടത്തുന്ന പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ പല ഭാഗത്തും ഉണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ ഏകോപനം അസാധ്യമാകുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ട്. ഇത് ഭരണ കൂടത്തിനും വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കും സഹായകരമാകുന്നു. ഈ അവസ്ഥ അധിക കാലം തുടര്‍ന്നാല്‍ കേരളത്തിന്റെ ഭാവി അപകടകരമാകും എന്ന ധാരണ ശക്തിപ്പെട്ടു വരുന്നുണ്ട്. ഈ സഹചര്യത്തിലാണ് അഴിമതിക്കെതിരായി ഒരു സംസ്ഥാന തല മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ഇത് പിന്നീട് ജില്ല മുതല്‍ താഴെ തലങ്ങളിലേക്കും വ്യാപിപ്പിക്കും. റിട്ട. ജസ്റ്റിസ് കെ. സുകുമാരന്‍, പ്രൊഫ. കെ. ജി. ശങ്കരപ്പിള്ള, പ്രൊഫ. സാറാ ജോസഫ്, പി. സി. ജോര്‍ജ്ജ് എം. എല്‍. എ. ഡോ. ഗീവര്‍ഗീസ് കുറിലോസ് മെത്രാപ്പോലീത്ത, ബി. ആര്‍. പി. ഭാസ്കര്‍, സി. പി. ജോണ്‍, കെ. അജിത, എന്‍. എം. പിയേഴ്‌സണ്‍, എം. എന്‍. കാരശ്ശേരി, പി. സുരേന്ദ്രന്‍, ഡോ. ഗീത, പ്രൊഫ. അരവിന്ദാക്ഷന്‍, ഡോ. ആസാദ്, കെ. ആര്‍. ഉണ്ണിത്താന്‍, കെ. വിജയചന്ദ്രന്‍, പ്രൊഫ. പി. ജെ. ജയിംസ്, കെ. സി. ഉമേഷ് ബാബു, വി. പി. വാസുദേവന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എം. വി. ബെന്നി, ജി. ശക്തിധരന്‍, ഐ. വി. ബാബു, എന്‍. പ്രഭാകരന്‍, അഡ്വ. ജയശങ്കര്‍ എന്‍. ശശിധരന്‍, ലീലാ മേനോന്‍, സി. ആര്‍. ഓമനക്കുട്ടന്‍, കെ. പി. സേതുനാഥ്, ഹമീദ് ചേന്ദമംഗലൂര്‍ തുടങ്ങി നിരവധി പേര്‍ ഇതില്‍ പങ്കെടുക്കുന്നു. Labels: പ്രതിഷേധം
- ജെ. എസ്.
|
15 August 2009
പെണ്‍ ഭ്രൂണ ഹത്യ ഇന്ത്യക്ക് അപമാനകരം
ഇന്ത്യന്‍ സമൂഹത്തിന് കളങ്കമായ പെണ്‍ ഭ്രൂണ ഹത്യ എത്രയും വേഗം ഇല്ലാതാക്കണം എന്ന് പ്രധാന മന്ത്രി മന്മോഹന് സിംഗ് പറഞ്ഞു. ഇന്ത്യയുടെ 63-ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ജനനത്തിനു മുന്‍പേ പെണ്‍ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സ്ത്രീ സമത്വം നടപ്പിലാവാതെ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ ആവില്ല. പാര്‍ളമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഗ്രാമീണ്‍ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സ്ത്രീ സാക്ഷരതാ മിഷന്റെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകളിലെ നിരക്ഷരത പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിച്ചു. മാര്‍ച്ച് 2012 ആവുമ്പോഴേക്കും കുട്ടികളുടെ സമഗ്ര വികസന പദ്ധതിയുടെ പരിധിയില്‍ ആറു വയസിനു കീഴിലുള്ള എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക പരിരക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു.
Female Foeticide A Shame For Indian Society - Manmohan Singh Labels: കുട്ടികള്‍, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
|
12 August 2009
പ്രവാസികള്‍ മടങ്ങുമ്പോള്‍ ഗള്‍ഫില്‍ പനി ഭീതി
വേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
ഒരു ശീതീകരിച്ച, അടച്ച മുറിക്കുള്ളില്‍ നാല്‍പ്പതോളം കുട്ടികള്‍ തിക്കി തിരക്കി ഇരിക്കുന്ന സാഹചര്യമാണ് ഗള്‍ഫിലെ സ്കൂളുകളില്‍. ഇവരുടെ വിയര്‍പ്പിന്റെ ഗന്ധം പോലും ഈ ക്ലാസ് മുറികളെ ദുഃസ്സഹമാക്കുന്നു എന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. ഈ മുറികളിലേക്കാവും പന്നി പനിയുടെ വയറസും പേറി കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങി വരുന്നത്. ഈ അടച്ച മുറികളില്‍ വയറസ് പകര്‍ച്ച തടയുക അസാധ്യമാവും എന്നത് വളരെ ഏറെ അപകടം പിടിച്ച ഒരു സ്ഥിതി വിശേഷമാണ് കാഴ്ച വെക്കുന്നത്. പന്നി പനി മൂലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഓഗസ്റ്റ് 22 വരെ അടച്ചിടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടെ ഒരു കുട്ടി പനി മൂലം മരണമടഞ്ഞു എന്നാണ് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പനി ഭീതി വളര്‍ത്താതിരിക്കാന്‍ വേണ്ടിയാവാം അധികൃതര്‍ മൌനം പാലിക്കുന്നത്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും പനിയെ നേരിട്ടത് വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെയും വസ്തുതകള്‍ പൊതു ജനത്തിനു മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയും ആണ്. ഇന്ത്യയില്‍ മൂന്നില്‍ ഒന്നു പേര്‍ക്ക് പന്നി പനി ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്. പനി ഇവിടെയും ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എല്ലാവരും മനസ്സിലാക്കി അത് പടരുന്നതിന് എതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുക തന്നെ വേണം. ഇതിന് പൊതുജനം അധികൃതരുമായി പരമാവധി സഹകരിക്കുകയും ഈ പ്രവര്‍ത്തനം ഒരു കൂട്ടായ സംരംഭമായി ഏറ്റെടുക്കുകയും വേണം. ഇത് നില നില്‍പ്പിന്റെ തന്നെ പ്രശ്നമാണ് എന്ന ബോധം ഒരോരുത്തര്‍ക്കും ആവശ്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടങ്ങളില്‍ നിലവില്‍ ഇല്ലാത്തതാണ്. പ്രവാസി സംഘടനകളേയും കൂട്ടായ്മകളേയും പങ്കാളികളാക്കി, ഇത്‍ സാഹചര്യത്തിന്റെ ആവശ്യമായി അംഗീകരിച്ച്, ഇത്തരം പ്രവര്‍ത്തനത്തിന് അധികൃതരും തയ്യാറായേ മതിയാകൂ. H1N1 (Swine Flu) fear grips middle east as expat students return for school reopening Labels: ആരോഗ്യം, കുട്ടികള്‍, ഗള്‍ഫ്, പ്രവാസി
- ജെ. എസ്.
|
പന്നി പനി - മരുന്ന് കുട്ടികള്‍ക്ക് ദോഷം ചെയ്യും
പന്നി പനിയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമിഫ്ലു എന്ന മരുന്ന് കുട്ടികളില്‍ ഉണ്ടാക്കുന്ന പാര്‍ശ്വ ഫലങ്ങള്‍ മരുന്നിന്റെ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നത് എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഒരു ബ്രിട്ടീഷ് മെഡിക്കല്‍ പ്രസിദ്ധീകരണമാണ് ഈ വിവരം പുറത്തു വിട്ടത്. ഓക്സ്ഫോര്‍ഡിലെ റാഡ്ക്ലിഫ് ആശുപത്രിയിലെ ഡോ. കാള്‍ ഹെനെഗന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. കുട്ടികളില്‍ ഒരു ദിവസത്തേക്ക് മാത്രം പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനേ ഈ മരുന്നിന് കഴിയൂ എന്ന് അദ്ദേഹം പറയുന്നു. താമിഫ്ലു എന്ന മരുന്നിനും ഇതിന് പകരമായി നല്‍കി വരുന്ന റെലെന്‍സ എന്ന മരുന്നിനും ആന്റിബയോട്ടിക് ചികിത്സ വേണ്ട കുട്ടികളില്‍ ഒരു ഫലവും ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പറയുന്ന ഇദ്ദേഹം, ഈ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ കണക്കില്‍ എടുക്കുമ്പോള്‍ ഇത് 12 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാ തിരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു.
Labels: ആരോഗ്യം
- ജെ. എസ്.
|
സ: കെ. പി. പ്രഭാകരന്‍ അന്തരിച്ചു
അന്തിക്കാട്: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ കെ. പി. പ്രഭാകരന്‍ അന്തരിച്ചു. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. ഇന്നലെ വൈകീട്ട് ഒമ്പതു മണിയോടെ ആയിരുന്നു അന്ത്യം.
അന്തിക്കാട്ടു കാരുടെയും സഖാക്കളുടേയും ഇടയില്‍ കെ. പി. എന്ന കെ. പി. പ്രഭാകരന്റെ 1926-ല്‍ ജനനം. അന്തിക്കാട്ടെ ചെത്തു തൊഴിലാളികളെയും, കര്‍ഷക തൊഴിലാളികളെയും സംഘടിപ്പി ക്കുന്നതിലും കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടി പടുക്കുന്നതിലും പ്രമുഖ സ്ഥാനം വഹിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു കരുത്തു പകര്‍ന്ന നിരവധി സമരങ്ങളില്‍ പങ്കാളിയായ അദ്ദേഹം ഇതിന്റെ ഭാഗമായി ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് കമ്യൂണിസ്റ്റു സമരങ്ങളെ അടിച്ച മര്‍ത്തുവാന്‍ ശ്രമിച്ചിരുന്ന പോലീസിന്റെ ഭീകരമായ മര്‍ദ്ദനങ്ങള്‍ പല തവണ ഏറ്റു വാങ്ങി. എ. ഐ. എസ്. എഫ്. ഇലൂടെയാണ് രാഷ്ടീയത്തില്‍ പ്രവേശിക്കുന്നത്. 1942-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗത്വം ലഭിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നു തവണയും, മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു ഒരു തവണയും നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുറച്ചു കാലം ആരോഗ്യ മന്ത്രിയും ആയിരുന്നിട്ടുണ്ട്. ചെത്ത് തൊഴിലാളി സംഘത്തിന്റേയും, കോള്‍കര്‍ഷക സംഘത്തിന്റേയും അമരക്കാരന്‍ കൂടെ ആയിരുന്നു അദ്ദേഹം. പ്രമുഖ വനിതാ നേതാവ് കാര്‍ത്ത്യായനി ടീച്ചര്‍ ആണ് ഭാര്യ. കെ. പി. ഗോപാല കൃഷ്ണന്‍, റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. പ്രദീപ്, കെ. പി. സുരേന്ദ്രന്‍, കെ. പി. അജയന്‍ എന്നിവര്‍ മക്കള്‍ ആണ്. - എസ്. കുമാര്‍ Labels: മരണം
- ജെ. എസ്.
|
10 August 2009
പന്നിപ്പനി ഇന്ത്യയില്‍ ആഞ്ഞടിച്ചേക്കും
ഇന്ത്യ ഉള്‍പ്പെടെയുള്ള പന്നി പനി ബാധിതമായ രാജ്യങ്ങളില്‍ മാരകമായി H1N1 വൈറസ് ആഞ്ഞടിച്ചേക്കും എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് പന്നി പനി ബാധിക്കാനുള്ള സാഹചര്യം നിലനില്‍ക്കു ന്നുണ്ടെന്നും മുന്നറിയിപ്പ് വ്യക്തം ആക്കുന്നു.
ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ലോകമെമ്പാടും ഉള്ള വിവിധ രാജ്യങ്ങളുടെ സര്‍ക്കാരുകള്‍ക്ക് ഈ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. പാവപ്പെട്ടവര്‍ ക്കിടയിലും, പന്നി പനി തടയാന്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കാത്ത സ്ഥലങ്ങളിലും ആകും ഇത് ഏറ്റവും ശക്തമായി ബാധിക്കുക. പന്നി പനി വൈറസ് ഇപ്പോഴും ഒരു വലിയ ആക്രമണത്തിന് തയ്യാറായി ചുറ്റും ഉണ്ട് എന്നാണ് Vanderbilt University School of Medicine എന്ന സ്ഥാപനത്തിലെ ഇന്‍ഫ്ലുഎന്‍സ വിദഗ്ധനായ വില്യം ഷാഫ്നര്‍ നല്‍കുന്ന ഉപദേശം. H1N1 വൈറസിന്റെ ആക്രമണത്തിന് എതിരെ കരുതിയിരിക്കണം എന്നും ഇത് ഒട്ടനവധി പേരെ രോഗികള്‍ ആക്കുമെന്നും അമേരിക്കന്‍ ഡപ്യുട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ആയ ജോണ്‍ ഒ ബ്രെണ്ണന്‍ പറഞ്ഞു. ഇത് നിരവധി പേരുടെ മരണത്തിനു ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേ സമയം പന്നി പനിയെ ഭയപ്പാടോടെ കാണേണ്ട ആവശ്യം ഇല്ല എന്നും അത് വളരെ ശക്തി കുറഞ്ഞ രീതിയിലേ ആളുകളെ ബാധിക്കുകയുള്ളൂ എന്നും ആണ് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിപ്പ്. അതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനോട് അനുബന്ധിച്ച് അവധി നല്‍കില്ല എന്നും വ്യക്തം ആക്കിയിട്ടുണ്ട്. എന്നാല്‍ പനി, ചുമ, ജലദോഷം, ശ്വാസ തടസം തുടങ്ങിയ ഫ്ലുവിന് സാമ്യം ഉള്ള ലക്ഷണങ്ങള്‍ ഉള്ളവര്‍ ചുരുങ്ങിയത് പത്തു ദിവസം എങ്കിലും വീട്ടില്‍ വിശ്രമിക്കണം എന്നാണ് ഡല്‍ഹിയിലെ ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രിയായ കിരണ്‍ വാലിയ ഉപദേശിക്കുന്നത്. Labels: ഇന്ത്യ, പന്നി പനി വൈറസ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ചുഴലിക്കാറ്റ് : ചൈനയില്‍ വന്‍ നാശം
119 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റ് ചൈനയില്‍ വന്‍ നാശ നഷ്ടങ്ങള്‍ വിതച്ചു. കൃഷിയിടങ്ങള്‍ വെള്ളപ്പൊക്കത്താല്‍ നശിക്കുകയും കിടപ്പാടങ്ങള്‍ കാറ്റത്ത് പറന്ന് പോകുകയും ചെയ്തു എന്ന് ചൈനയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 10 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. 12 പേരെ കാണാതായി. ഏഴ് അടി ഉയരത്തില്‍ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്. ഇത്തരം വെള്ളപ്പൊക്കം ആദ്യമായാണ് ഇവിടെ അനുഭവപ്പെടുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ നാശ നഷ്ടങ്ങളും മരണ സംഖ്യയും ഇനിയും ഉയരാനാണ് സാധ്യത.
- ജെ. എസ്.
|
09 August 2009
പന്നി പനി - ഇന്ത്യയില്‍ മരണം നാലായി
പന്നി പനി പടര്‍ന്ന് പിടിക്കുന്ന തിനിടയില്‍ ഇന്ത്യയില്‍ പനി മൂലം മരണമട ഞ്ഞവരുടെ എണ്ണം നാലായി. അഹമ്മദാബാദില്‍ മരിച്ച പ്രവാസിയായ പ്രവീണ്‍ പട്ടേല്‍ ആണ് പനിയുടെ ഏറ്റവും അവസാനത്തെ ഇര. ജൂലൈ മുപ്പതിന് അഹമ്മദാബാദില്‍ ഭാര്യയോടൊപ്പം വിദേശത്തു നിന്നും തിരിച്ചെത്തിയ പ്രവീണ്‍ പട്ടേലിന് ഓഗസ്റ്റ് 5ന് അസ്വസ്ഥതകള്‍ അനുഭവ പ്പെടുകയും ഓഗസ്റ്റ് 8ന് ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയുമാണ് ഉണ്ടായത്.
പന്നി പനിയുടെ ആദ്യ ഇര 14 കാരിയായ റീദാ ഷെയ്ക്ക് പൂനെ സ്വദേശിനിയായിരുന്നു. രണ്ടാമത്തെ ഇര മുംബൈ സ്വദേശിനി 53 കാരിയായ ഫാഹ്മിദാ പന്‍വാല മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് മരിച്ചത്. ശനിയാഴ്ച രാത്രി പൂനെയില്‍ മരിച്ച 42 കാരനായ അധ്യാപകന്‍ സഞ്ജയ് കോക്കറെ ആണ് മൂന്നാമത്തെ ആള്‍. Labels: ആരോഗ്യം
- ജെ. എസ്.
|
08 August 2009
മുരളീധരനെ കെ.പി.സി.സി. യ്ക്കും വേണ്ട
മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് കെ.മുരളീധരന് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ പ്രവേശനം നല്കണ്ട എന്ന് വെള്ളിയാഴ്ച്ച ചേര്‍ന്ന കെ.പി.സി.സി. എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. അതെ സമയം ജനതാ ദള്‍ സെക്യുലറിനെ യു.ഡി.എഫ് ഇന്റെ ഭാഗം ആക്കാനുള്ള തീരുമാനം ആയി. എക്സിക്യൂട്ടീവ് കമ്മറ്റി എടുത്ത തീരുമാനം ഇനി പാര്‍ടി ഹൈകമാന്റിനെ അറിയിക്കും.
മുരളീധരനെ യു.ഡി.എഫ് ഇല്‍ എടുത്താല്‍ അത് പാര്‍ട്ടിക്ക് യാതൊരു സഹായവും ആകില്ല, അതോടൊപ്പം ജനങ്ങളുടെ അതൃപ്തിയ്ക്കും കാരണം ആകും എന്ന നിലപാട് ആണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്. പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേയ്ക്ക് പുറത്താക്കിയ മുരളീധരന്‍ നാളിതു വരെ പാര്‍ട്ടിയ്ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ഉണ്ടായത് എന്ന് കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. വിശദം ആയ ചര്‍ച്ചകള്‍ക്ക് ശേഷം ആണ് ഈ തീരുമാനം എടുത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.കരുണാകരന്‍ പറഞ്ഞത് ഈ തീരുമാനം ഏകകണ്ഠം അല്ല എന്നാണ്. ഏതായാലും മുരളീധരന് കഷ്ടകാലം തീര്‍ന്നിട്ടില്ല, ഇല്ലത്ത് നിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയും ഇല്ല എന്ന അവസ്ഥ ആയി.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
മുസ്ലിം വിദ്യാര്‍ത്ഥികളുടെ ധനസഹായം മോഡി തടഞ്ഞു
ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ധന സഹായം ഗുജറാത്ത് മുഖ്യമന്ത്രി തടഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രീ - മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 22 ലക്ഷം രൂപ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 57000 രൂപ ഗുജറാത്തിന് മാത്രം ഉള്ളതാണ്. പ്രതിമാസം 8000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം ഉള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപയോളം ധന സഹായം ഈ പദ്ധതി പ്രകാരം ലഭിക്കും. ഈ സഹായ നിധിയിലേക്ക് 25% പണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ ന്യൂന പക്ഷ പദവി അടിസ്ഥാനം ആക്കിയുള്ള ഇത്തരം ധന സഹായം രാജ്യത്തിന്റെ വികസനത്തിന് സഹായകരമല്ല എന്ന് ചൂണ്ടി കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയോട് സഹകരിച്ചില്ല. പ്രധാന മന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുള്ള പതിനഞ്ചിന പദ്ധതിയുടെ കീഴില്‍ വരുന്ന ഈ പദ്ധതി നിരാകരിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് ഗുജറാത്ത്. ഈ വര്‍ഷവും നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടും മോഡിയുടെ സര്‍ക്കാര്‍ ഈ പദ്ധതിക്കായ് പണം അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ വര്‍ഷവും ഗുജറാത്തിലെ ദരിദ്ര മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായം ലഭിക്കുവാന്‍ ഇടയില്ല.
Gujarat Chief Minister Narendra Modi blocks minority scholarships due to muslim students Labels: തീവ്രവാദം, മനുഷ്യാവകാശം
- ജെ. എസ്.
3 Comments:
Links to this post: |
07 August 2009
പുതിയ പുലി തലവന്‍ പിടിയിലായെന്ന് ശ്രീലങ്ക
തമിഴ് പുലികളുടെ തലവനായി സ്വയം അവരോധിതനായ സെല്‍വരാസ പത്മനാതന്‍ തായ്ലന്‍ഡില്‍ പിടിയില്‍ ആയെന്ന് ശ്രീലങ്കന്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്റര്‍പോളിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ പെടുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം എന്ന സെല്‍വരാസ പത്മനാതന്‍ തന്നെയാണ് പിടിയില്‍ ആയിരിക്കുന്നത് എന്നാണ് സൈന്യത്തിന്റെ പക്ഷം. തമിഴ് പുലികളുടെ ഔദ്യോഗിക വെബ് സൈറ്റ് തങ്ങളുടെ പുതിയ തലവനായി സെല്‍വരാസ പത്മനാതന്റെ പേര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ അധികൃതര്‍ ഇത് സി.ബി.ഐ. യും ഇന്റര്‍പോളും തിരയുന്ന ഷണ്മുഖം കുമാരന്‍ തര്‍മലിംഗം ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇന്റര്‍പോളി ന്റേയും സി.ബി.ഐ. യുടേയും വെബ് സൈറ്റുകളില്‍ ഇത് വ്യക്തമാക്കുന്ന ഫോട്ടോകളും ഉണ്ട്. കൊല്ലപ്പെട്ട പുലി തലവന്‍ പ്രഭാകരന്റെ അടുത്ത കൂട്ടാളി ആയിരുന്ന കുമാരന്‍ പത്മനാതന്‍ എന്ന 53 കാരനായ "കെ.പി." ഗൂഡാലോചനാ കുറ്റത്തിനും സ്ഫോടക വസ്തു നിയമപ്രകാരവും സി.ബി.ഐ. അന്വേഷിക്കുന്ന പ്രതിയാണ്. രാജീവ് ഗാന്ധി കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ എത്തിച്ചു കൊടുത്തതാണ് പത്മനാതന്‍ സി.ബി.ഐ.യുടെ നോട്ടപ്പുള്ളി ആവാന്‍ കാരണമായത്.
- ജെ. എസ്.
|
06 August 2009
ഇന്ന് ഹിരോഷിമാ ദിനം
64 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക ജപ്പാനില്‍ വര്‍ഷിച്ച അണു ബോംബുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരതയുടെ അടയാള പ്പെടുത്തലായി. ലക്ഷ ക്കണക്കിനു ആളുകള്‍ക്ക് ജീവാപായം ഉണ്ടായതു മാത്രം അല്ല, നിരവധി തലമുറകളിലേക്ക് നീളുന്ന ദുരിതത്തിന്റെ വിത്തുകള്‍ കൂടെ അതു കാരണമാക്കി ... - എസ്. കുമാര്‍ August 6 - Hiroshima Day
- ജെ. എസ്.
|
ഐക്യരാഷ്ട്ര സംഘടനയുടെ പോഷകാഹാരം ഇന്ത്യ നിരാകരിച്ചു
പോഷകാഹാര കുറവ് മൂലം കഷ്ടപ്പെടുന്ന ബീഹാറിലേയും മധ്യ പ്രദേശിലെയും കുട്ടികള്‍ക്ക് വിതരണം ചെയ്യുവാനായി ഐക്യ രാഷ്ട്ര സഭ ഇറക്കുമതി ചെയ്ത 10 കോടി രൂപയുടെ പോഷകാഹാരം സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഐക്യ രാഷ്ട്ര സഭ വിതരണം നിര്‍ത്തി വെച്ചു.
ഐക്യ രാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള സംഘടന (UNICEF) ഇറക്കുമതി ചെയ്ത Ready To Use Therapeutic Food (RUTF) എന്ന ആഹാരമാണ് സര്‍ക്കാര്‍ പരിശോധനകള്‍ നടത്താതെയാണ് ഇറക്കുമതി ചെയ്തതെന്ന കാരണം പറഞ്ഞ് തടഞ്ഞത്. പോഷകാഹാര കുറവിന് പ്രത്യേകം ചികിത്സാ രീതി വേണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നയം. ഇതനുസരിച്ച് കപ്പലണ്ടിയില്‍ നിന്നും പ്രത്യേകമായി നിര്‍മ്മിച്ച ഈ പോഷകാഹാരം ഐക്യ രാഷ്ട്ര സഭ ലോകമെമ്പാടും പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ലോകത്തിലെ ഏറ്റവും അധികം പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ളത് ഇന്ത്യയിലാണ്. അതില്‍ തന്നെ ഏറ്റവും അധികം കുട്ടികള്‍ ബീഹാറിലും മധ്യ പ്രദേശിലും ആണുള്ളത്. ഈ സംസ്ഥാനത്തെ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് UNICEF പോഷകാഹാരം ഇറക്കുമതി ചെയ്ത് വിതരണം ചെയ്തത്. എന്നാല്‍ ഇതിന് വില വളരെ കൂടുതല്‍ ആണെന്നും ഇതിന്റെ നിലവാരം പരിശോധിക്കപ്പെട്ടിട്ടില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. തങ്ങളുടെ പരിശോധനാ സംവിധാനത്തിലൂടെ കടന്നു പോകാത്ത ഒന്നും ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് ശിശു ക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനു പകരം പ്രാദേശികമായി ലഭിക്കുന്ന സംസ്കരിച്ച പാല്‍ വിതരണം ചെയ്താല്‍ മതി എന്നാണ് ഔദ്യോഗിക നിരീക്ഷണം. എന്നാല്‍ കടുത്ത പോഷകാഹാര കുറവിന് ഇത് പ്രതിവിധി ആവില്ല എന്ന് UNICEF ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരക്കുമതി ചെയ്ത പോഷകാഹാരം ഐക്യ രാഷ്ട്ര സഭ അഫ്ഗാനിസ്ഥാനിലേക്കും മഡഗാസ്കറിലേക്കും കയറ്റി അയച്ചു. വമ്പിച്ച സാമ്പത്തിക പുരോഗതി ഇന്ത്യ അവകാശപ്പെടുമ്പോഴും ഇതിന്റെ ഗുണഫലം താഴേക്കിടയിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പോഷകാഹാര കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഇന്ത്യയിലാണ് എന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇത്തരം ഒരു നടപടി പരിഹാസ്യമാണ് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. India rejects high energy food distributed by UNICEF Labels: ആരോഗ്യം, കുട്ടികള്‍
- ജെ. എസ്.
|
05 August 2009
ഇന്ന് രക്ഷാബന്ധന്‍
ഇന്ന് ശ്രാവണ പൗര്‍ണ്ണമി. വടക്കേ ഇന്ത്യയില്‍ രക്ഷാബന്ധന്‍ ദിവസമായി ആഘോഷിക്കുന്ന ദിനം. പെണ്‍കുട്ടികള്‍ സഹോതര തുല്യം കരുതുന്നവരുടെ കയ്യില്‍ രക്ഷാ ബന്ധന്‍ ചരട് കെട്ടുകയും,ആരതി ഉഴിയുകയും, മധുരം വിതരണം ചെയ്യുന്നതുമാണ് ഈ ചടങ്ങ്. ഇപ്രകാരം രാഖി ബന്ധിച്ച പെണ്‍കുട്ടിയെ സഹോദരിയെ പോലെ സംരക്ഷിച്ചു കൊള്ളാന്‍ ബാധ്യസ്ഥനാണ് "രാഖി സഹോദരന്‍". രജ പുത്രര്‍ക്കിടയില്‍ നില നിന്നിരുന്ന ആചാരം പിന്തുടര്‍ന്ന് വടക്കേ ഇന്തയില്‍ ആണിത് കൂടുതല്‍ പ്രചാരത്തില്‍ ഉള്ളത്. ദക്ഷിണേന്ത്യയില്‍ അടുത്ത കാലത്തായി ഈ ആചാരം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നുണ്ട്. ഇതു കൂടാതെ കോളജ് കാമ്പസുകളിലും മറ്റും യുവതീ യുവാക്കള്‍ക്കിടയില്‍ രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നു.
അസുര നിഗ്രഹത്തിനായി പുറപ്പെട്ട ഇന്ദ്രന്റെ കയ്യില്‍ ഇന്ദ്രാണി കെട്ടിയ രക്ഷയുടെ ബലത്തില്‍ വിജയം കൈ വരിച്ചതായി പുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. പിന്നീട് ഇത് യുദ്ധത്തിനായി പുറപ്പെടുന്ന യോദ്ധാക്കളുടെ കൈകളില്‍ തങ്ങളുടെ സംരക്ഷകര്‍ക്ക് അപകടം സംഭവിക്കാതി രിക്കുവാനായി വനിതകള്‍ ഇത്തരം രക്ഷകള്‍ ബന്ധിക്കുന്ന ആചാരമായി മാറി. ഏതെങ്കിലും ഒരു മതാചാരമായി മാത്രം കാണാതെ ജാതി മത ഭേദമന്യേ ഇതിനെ സാഹോദര്യ ത്തിന്റേയും പരസ്പരം ഉള്ള കരുതലിന്റേയും ഭാഗമായി കാണുന്ന ധാരാളം ആളുകള്‍ ഉണ്ട്. - എസ്. കുമാര്‍ Labels: സംസ്ക്കാരം
- ജെ. എസ്.
|
കൗമുദി ടീച്ചര്‍ അന്തരിച്ചു
പ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഹിന്ദി പ്രചാരകയും ആയിരുന്ന കൗമുദി ടീച്ചര്‍ (92) അന്തരിച്ചു. കണ്ണൂരില്‍ 1917-ല്‍ കടത്തനാട്ടു തമ്പുരാന്റെയും ചിറക്കല്‍ തമ്പുരാട്ടിയുടെയും മകളായി ജനിച്ച കൗമുദി ടീച്ചര്‍ ദീര്‍ഘ കാലം ഹിന്ദി അധ്യാപികയായി ജോലി നോക്കി. റിട്ടയര്‍മന്റിനു ശേഷവും ഹിന്ദി പ്രചാരകയായി തുടര്‍ന്ന അവര്‍ ഗാന്ധിയന്‍ ആശയങ്ങളെയും ആദര്‍ശങ്ങളെയും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നു.
1934-ല്‍ വടകരയില്‍ വച്ചു നടന്ന ഒരു ചടങ്ങില്‍ വച്ച് ഹരിജന ഉദ്ധാരണ ഫണ്ടിലേക്ക് സംഭാവനയ്ക്കായി അഭ്യര്‍ത്ഥിച്ച ഗാന്ധിജിക്ക് തന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ നല്‍കി ക്കൊണ്ടാണ് ടീച്ചര്‍ ഇന്ത്യന്‍ സ്വാതന്ത്ര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. അതു കേവലം നൈമിഷികമായ ആവേശത്തിന്റെ പുറത്ത് ചെയ്ത കാര്യം അല്ലായിരുന്നു എന്ന് അവരുടെ തുടര്‍ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാതാ പിതാക്കളുടെ അനുമതിയുണ്ടോ എന്ന ഗാന്ധിജിയുടെ അന്വേഷണത്തിനു ഉണ്ടെന്ന് മറുപടി നല്‍കിയ അവര്‍ തുടര്‍ന്നുണ്ടായ സംഭാഷണ ത്തിനിടെ താനിനി ഒരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ അണിയില്ലെന്നു പ്രതിഞ്ജ ചെയ്യുകയും ചെയ്തു. വിവാഹ സമയത്ത് ആഭരണം അണിയാ തിരിക്കുന്നത് ബുദ്ധിമുട്ടാവില്ലേ എന്ന രീതിയില്‍ പിന്നീട് ഒരിക്കല്‍ ഗാന്ധിജിയുടെ അന്വേഷണത്തിനു സ്വര്‍ണ്ണത്തോട് താല്‍പര്യം ഇല്ലാത്ത ആളെയേ വിവാഹം കഴിക്കൂ എന്ന് അവര്‍ മറുപടി നല്‍കി. സ്വന്തം സന്തോഷ ത്തേക്കാള്‍ വലുതാണ് തന്റെ ത്യാഗത്തിലൂടെ ഒരു പാടു പേര്‍ക്ക് ലഭിക്കുന്ന സഹായം എന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച അന്നത്തെ ആ പെണ്‍കുട്ടിയുടെ കഥ ഗാന്ധിജി പിന്നീട് പല വേദികളിലും പരാമര്‍ശിക്കുകയും ഇന്ത്യന്‍ യുവത്വത്തത്തിനു അതൊരു ആവേശമായി മാറുകയും ചെയ്തു. "ഹരിജന്‍" മാസികയില്‍ ഈ സംഭവത്തെ കുറിച്ച് ഗാന്ധിജി ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട് ഈ ലേഖനം വിദ്യാര്‍ത്ഥി കള്‍ക്ക് പഠിക്കാനായി ഹിന്ദി പുസ്തകത്തില്‍ "കൗമുദി കാ ത്യാഗ്" എന്ന പേരില്‍ ഇടം പിടിക്കുകയും, തന്റെ തന്നെ ജീവിതാനുഭവം ഒരു ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചര്‍ക്ക് തന്റെയടുക്കല്‍ ഹിന്ദി ട്യൂഷ്യനു വരുന്ന കുട്ടികളെ പഠിപ്പിക്കുവാന്‍ ഉള്ള അവസരവും ഉണ്ടായി എന്നത് കൗതുക കരമാണ്. ജീവിതത്തില്‍ പിന്നീടൊരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ ഉപയോഗി ക്കാതിരുന്ന കൗമുദി ടീച്ചര്‍ യാദൃശ്ചിക മെന്നോണം അവിവാഹി തയായി തന്നെ ജീവിതാ വസാനം വരെ തുടര്‍ന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാ നാവാത്ത ഒരു സംഭവത്തിലെ നായികയെ ആണ് ടീച്ചറുടെ മരണത്തിലൂടെ നഷ്ടമാകുന്നത്. - എസ്. കുമാര്‍
- ജെ. എസ്.
|
04 August 2009
പന്നി പനി: ഇന്ത്യയില്‍ ആദ്യ മരണം പതിനാലു വയസ്സുകാരിയുടേത്
പന്നി പനി ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പൂനെ സ്വദേശിയായ പെണ്‍കുട്ടി ഇന്നലെ മരണം അടഞ്ഞു. ഇന്ത്യയില്‍ പന്നി പനി മൂലം രേഖപ്പെടുത്തിയ ആദ്യ മരണം ആണിത്.
പൂനെ സ്വദേശിനിയായ റിദ ഷെയ്ക്ക് എന്ന പെണ്‍കുട്ടിയെ തൊണ്ട വേദന, ജല ദോഷം, തല വേദന തുടങ്ങിയ അസുഖങ്ങളോടെ ജൂണ്‍ 21 ന് സമീപത്തുള്ള ഡോക്ടറുടെ അടുത്ത് നിന്നും ചികിത്സ നേടിയിരുന്നു. രോഗ ലക്ഷണങ്ങള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടി സ്കൂളില്‍ പോകാനും തുടങ്ങിയിരുന്നു. എന്നാല്‍ ജൂണ്‍ 25 ഓടെ വീണ്ടും പനി ബാധിച്ച പെണ്‍കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തിയെങ്കിലും പനി തുടരുകയാണ് ഉണ്ടായത്. ജൂലൈ 27 ന് ജഹാന്‍ഗീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് intensive care unit (ICU) ഇല്‍ വെന്റിലേറ്ററില്‍ ആയിരുന്ന പെണ്‍കുട്ടിക്ക് ജൂലൈ 30 ഓടെ പന്നി പനിയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പന്നി പനിയ്ക്ക് ഉപയോഗിക്കുന്ന anti-swine flu മരുന്നായ 'oseltamivir' നല്‍കിയെങ്കിലും വിവിധ അവയവങ്ങളുടെ തകരാറ് മൂലം വൈകുന്നേരത്തോടെ മരിയ്ക്കുകയാണ് ഉണ്ടായത് എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പനി ബാധിച്ച് മരിച്ച റിദ ഷെയ്ക്കിന്റെ മാതാപിതാക്കള്‍ മകളെ ചികിത്സിച്ച ആശുപത്രിയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു. പന്നി പനിയുടെ രോഗലക്ഷണങ്ങള്‍ ഡോക്റ്റര്‍ തിരിച്ചറിയാഞ്ഞതാണ് മരണ കാരണം എന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ പന്നിപനിയുടെ യാതൊരു ലക്ഷണങ്ങളും കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. റിദ ഷെയ്ക്കിന് മരണം സംഭവിച്ചത്, രോഗം കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും ആശുപത്രി അധികൃതര്‍ വരുത്തിയ അശ്രദ്ധ മൂലം ആണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ് ആരോപിച്ചു. അതിനാല്‍ പന്നി പനി ബാധിതരുടെ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗ രേഖകള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ പന്നി പനി ബാധിച്ചവരുടെ എണ്ണം 588 ആയി. ഏറ്റവും കൂടുതല്‍ പന്നി പനി ബാധിതര്‍ ഉള്ളത് പൂനെയില്‍ ആണ്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
03 August 2009
ഇറാനില്‍ അഹമദിനെജാദ് തന്നെ
ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖമേനി മഹമൂദ് അഹമദി നെജാദിന്റെ തെരഞ്ഞെടുപ്പ് വിജയം ശരി വച്ചു. ഇതോടെ നെജാദ് തന്നെ വീണ്ടും ഇറാന്റെ പ്രസിഡണ്ട് ആവും എന്ന് ഉറപ്പായി. ഇറാനിലെ ഭരണ ഘടന പ്രകാരം പ്രസിഡണ്ട് ആയി സ്ഥാനം ഏല്‍ക്കാന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമെ പരമോന്നത നേതാവിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ഈ അംഗീകാരമാണ് നെജാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വെച്ച് ബുധനാഴ്ച നെജാദ് സ്ഥാനം ഏല്‍ക്കും. ജൂണ്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നെജാദ് വിജയിച്ചു എങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്ന് നെജാദിന്റെ പ്രധാന എതിരാളിയായ ഹുസൈന്‍ മൂസാവി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ ജനകീയ പ്രതിഷേധ സമരമാണ് ഇറാനില്‍ അരങ്ങേറിയത്.
Labels: ഇറാന്‍, ഗള്‍ഫ് രാഷ്ട്രീയം
- ജെ. എസ്.
|
01 August 2009
പാണക്കാട് തങ്ങള്‍ വിട വാങ്ങി
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി മലബാറിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ് കൂടെ ആയിരുന്നു ശിഹാബ് തങ്ങള്‍. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ മത സൌഹാര്‍ദ്ദം നില നിര്‍ത്തുന്നതിനു സഹായകമായ നിലപാടുകള്‍ എടുത്ത അദ്ദേഹം ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു.
മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍, പ്രധാന മന്ത്രി മന്മോഹന് സിംഗ്, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ശിഹാബ് തങ്ങളുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നായകന്മാര്‍ അനുശോചനം അറിയിച്ചു. ദുബായില്‍ നിന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി പാണക്കാട് ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. ഇതര മതസ്ഥരുമായി രാഷ്ട്രീയപരമായും വ്യക്തിപരമായും വളരെ നല്ല ബന്ധം വെച്ചു പുലര്‍ത്തിയിരുന്ന മഹാനായ നേതാവായ അദ്ദേഹം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കലാപങ്ങള്‍ക്കും എതിരായി നിലയുറപ്പിച്ച നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് എന്നും മലയാള സാഹിത്യ വേദിക്ക് വേണ്ടി പ്രസിഡണ്ട് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ദുബായില്‍ നിന്നും അറിയിച്ചു. Labels: കേരള രാഷ്ട്രീയം
- ജെ. എസ്.
|
കേരളത്തില്‍ ക്രയോ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു
പൊക്കിള്‍ കൊടിയില്‍ നിന്നും പ്രസവ സമയത്ത് ലഭിക്കുന്ന രക്തം, ക്രയോ ബാങ്കുകളില്‍ ശേഖരിച്ചു സൂക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കൂടുതല്‍ സജീവം ആകുന്നു. ഈ രക്തം സൂക്ഷിക്കുക വഴി ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള കാന്‍സറുകള്‍, ഹൃദ്രോഗം, താലസീമിയ തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. കേരളത്തില്‍ അടുത്തിടയായി ക്രയോ ബാങ്കിങ്ങില്‍ ഉണ്ടായ പ്രചാരം മൂലം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്രയോ ബാങ്ക്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയാണെന്ന് കമ്പനിയുടെ സി.ഇ.ഒ. ഡോ. സി.വി നെരികാര്‍ പറഞ്ഞു.
ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്കുള്ള വാതക വിനിമയവും അവശ്യ പോഷകങ്ങളുടെ എത്തി ചേരലും നടക്കുന്നത് പൊക്കിള്‍ കൊടി വഴിയാണ്. ഇതില്‍ നിന്നുള്ള രക്തം ഭാവിയില്‍ പലതരം രോഗങ്ങള്‍ക്കും സ്റ്റെംസെല്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്താന്‍ ഉപയോഗപ്പെടുത്താം. ക്രയോ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്‌താല്‍ പ്രസവ സമയത്ത് ആശുപത്രിയില്‍ എത്തി പൊക്കിള്‍ കൊടിയില്‍ നിന്നുള്ള രക്തം ശേഖരിച്ച് ശീതീകരിച്ച ബാങ്കുകളില്‍ (cryo bank) കേടുകൂടാതെ സൂക്ഷിക്കും. വര്ഷം തോറും നിശ്ചിത തുക നല്‍കി ഈ സംരക്ഷണം ഉറപ്പിക്കാം. Labels: cryo bank
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്