09 March 2010
വനിതാ ബില്‍ രാജ്യ സഭയില്‍ പാസ്സായി
ന്യൂഡല്‍ഹി : വര്‍ഷങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനു ശേഷം ഒടുവില്‍ ഇന്ന് രാജ്യ സഭ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വനിതാ ബില്‍ പാസ്സാക്കിയതോടെ ഇത് നിയമമാകാനുള്ള ആദ്യ കടമ്പ കടന്നു. കേവലം ഒരു അംഗം മാത്രമാണ് രാജ്യ സഭയില്‍ ബില്ലിനെ എതിര്‍ത്തത്. സ്വതന്ത്ര ഭാരത് പാര്‍ട്ടി അംഗമായ ശരദ് ജോഷിയാണ് ബില്ലിനെ എതിര്‍ത്ത ഏക അംഗം.
വനിതകള്‍ക്ക് ഭരണഘടന തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പ്രാവര്‍ത്തികം ആവാറില്ല എന്നതാണ് ഇന്ത്യയില്‍ ഒരു വനിതാ സംവരണ ബില്‍ കൊണ്ട് വരാനുള്ള കാരണമായി വനിതാ സംവരണത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതിനാല്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്ക് ജാതിയുടെയും മറ്റും അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിന് സമാനമായി തന്നെ വനിതകള്‍ക്കും സംവരണം നല്‍കി അവരെ രാഷ്ട്രീയ മുഖ്യ ധാരയില്‍ സജീവമാക്കുന്നത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യ ധാരയില്‍ കൊണ്ട് വന്നത് പോലെ തന്നെ പ്രയോജനം ചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സംവരണം അനുവദിക്കുന്നതോടെ വനിതകള്‍ക്ക് സംവരണം ഇല്ലാത്ത സീറ്റുകളില്‍ മത്സരിക്കാനുള്ള അവകാശം പൂര്‍ണമായി തന്നെ നഷ്ടപ്പെടും എന്നും കരുതുന്നവരുണ്ട്. കഴിവ് മാത്രമായിരിക്കണം മത്സരിക്കാനുള്ള പരിഗണന എന്ന് ഇവര്‍ പറയുന്നു. അല്ലാത്ത പക്ഷം രാജ്യ വ്യാപകമായി നോക്കുമ്പോള്‍ കഴിവുള്ള വനിതകള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാവും കൂടുതലായും സംഭവിക്കുക എന്ന് ഇവര്‍ കരുതുന്നു. രാജ്യ സഭ പാസ്സാക്കിയ ബില്‍ ഇനി അടുത്ത ആഴ്ച ലോക് സഭയില്‍ അവതരിപ്പിക്കും. Labels: രാഷ്ട്രീയം, സ്ത്രീ വിമോചനം
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്