സൌദി അറേബ്യയില്‍ നിന്നും ഒളിച്ചു കടന്നയാള്‍ക്ക് ജാമ്യം
ജെയ്‌പുര്‍ : സൌദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ കക്കൂസില്‍ കയറി ഒളിച്ചിരുന്നു ഇന്ത്യയിലേക്ക് കടന്ന ഹബീബ് ഹുസൈന് കോടതി ജാമ്യം അനുവദിച്ചു. മദീന വിമാന താവളത്തില്‍ തൂപ്പുകാരന്‍ ആയിരുന്ന ഇയാള്‍ ഇനി ഒരിക്കലും താന്‍ സൌദി അറേബ്യയിലേക്ക് തിരികെ പോവാന്‍ ആഗ്രഹി ക്കുന്നില്ലെന്ന് പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ബന്ധു ക്കളോടൊപ്പം സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് തിരിച്ചു പോയി.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, January 10, 2010 ) |
പ്രവാസികള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു
കോഴിക്കോട്: വിമാനം റദ്ദാക്കി പ്രവാസികളെ ദുരിത ത്തിലാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിയിലും ഇതിനെതിരെ സമരം ചെയ്ത യുവജന നേതാക്കളെ ജയിലില്‍ അടച്ചതിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് ആളുകള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറുമായ പയ്യോളി നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു. ബാദുഷാ കടലുണ്ടി, പി. സെയ്താലി ക്കുട്ടി, ടി. കെ. അബ്ദുള്ള, മഞ്ഞക്കുളം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- നാരായണന്‍ വെളിയംകോട് Labels: പ്രതിഷേധം, പ്രവാസി, വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, January 06, 2010 ) |
മുംബൈയില്‍ വന്‍ വിമാന ദുരന്തം ഒഴിവായി
മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാന താവളത്തിലെ റണ്‍വേയില്‍ രണ്ടു വിമാനങ്ങള്‍ മുഖത്തോട് മുഖം വന്നുവെങ്കിലും ഭാഗ്യവശാല്‍ ഒരു വന്‍ അപകടം ഒഴിവായി. വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്. 117 യാത്രക്കാരുമായി കിംഗ്ഫിഷര്‍ വിമാനം പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് 127 യാത്രക്കാരുമായി നാഗ്പുര്‍ - മുംബൈ എയര്‍ ഇന്‍ഡ്യ വിമാനം അതേ റണ്‍വേയില്‍ വന്നിറങ്ങിയത്. എന്നാല്‍ ഇരു വിമാനങ്ങളും തമ്മില്‍ ആവശ്യത്തിന് ദൂരം ഉണ്ടായിരുന്നതിനാല്‍ ഒരു വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതേ റണ്‍വേയില്‍ മറ്റൊരു വിമാനത്തിനു ലാന്‍ഡ് ചെയ്യാനുള്ള അനുമതി എങ്ങനെ ലഭിച്ചു എന്നത് ഇനിയും അറിവായിട്ടില്ല.
Head on collision averted at Mumbai’s Chhatrapati Shivaji International Airport Labels: വിമാന ദുരന്തം, വിമാന സര്‍വീസ്
- ജെ. എസ്.
( Friday, October 30, 2009 ) |
എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റും ജീവനക്കാരനും തമ്മിലടി
ഷാര്‍ജയില്‍ നിന്നും ലഖ്നൌവിലേയ്ക്ക് പോയ എയര്‍ ഇന്ത്യാ വിമാനത്തില്‍ ആകാശത്തു വെച്ച് വിമാന ജീവനക്കാര്‍ തമ്മില്‍ അടി പിടി നടന്നു. വിമാനത്തിന്റെ പൈലറ്റും ഒരു കാബിന്‍ ജോലിക്കാരനും തമ്മിലാണ് പറക്കുന്നതിനിടയില്‍ രൂക്ഷമായ അടി നടന്നത്. അടിപിടിയെ തുടര്‍ന്ന് ഇരുവര്‍ക്കും പരിക്കുകള്‍ പറ്റി. ഷാര്‍ജയില്‍ നിന്നും രാത്രി 12:30യ്ക്ക് തിരിച്ച വിമാനം അതിരാവിലെ 04:30ന് പാക്കിസ്ഥാനു മുകളിലൂടെ പറക്കുമ്പോഴാണ് സംഭവം നടന്നത്. അന്വേഷണ വിധേയമായി അടി കൂടിയ രണ്ടു ജീവനക്കാരെയും താല്‍ക്കാലികമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.
Labels: ക്രമസമാധാനം, വിമാന സര്‍വീസ്
- ജെ. എസ്.
( Saturday, October 03, 2009 ) |
നെടുംബാശ്ശേരിയില്‍ വീണ്ടും യൂസേഴ്‌സ് ഫീ
കൊച്ചിന്‍ അന്താരാഷ്ട്ര വിമാന താവളത്തില്‍ നിര്‍ത്തലാക്കിയിരുന്ന യൂസേഴ്‌സ് ഫീ സമ്പ്രദായം വീണ്ടും പുനഃസ്ഥാപിയ്ക്കാന്‍ തീരുമാനമായി. ഇന്നലെ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ന് എറണാകുളത്ത് നടക്കുന്ന പതിനഞ്ചാം വാര്‍ഷിക യോഗത്തിനു മുന്നോടി ആയിട്ടായിരുന്നു ഇന്നലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്നത്. മന്ത്രി എസ്. ശര്‍മ്മയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് യോഗത്തില്‍ പങ്കെടുക്കാനായില്ല.
Users fee restored in Cochin International Airport Labels: കേരളം, വിമാന സര്‍വീസ്
- ജെ. എസ്.
( Friday, September 25, 2009 ) 1 Comments:
Links to this post: |
മെക്സിക്കോയില്‍ വിമാനം റാഞ്ചി
104 യാത്രക്കാര്‍ അടങ്ങിയ എയറോ മെക്സിക്കോ ബോയിംഗ് 737 വിമാനം മെക്സിക്കോ സിറ്റി വിമാന താവളത്തില്‍ റാഞ്ചികള്‍ കൈവശപ്പെടുത്തി. വിമാന താവളത്തില്‍ യാത്രയ്ക്കായി എത്തിയ മെക്സിക്കന്‍ പ്രസിഡണ്ട് ഫെലിപ് കാല്‍ഡെറോണുമായി കൂടിക്കാഴ്‌ച്ച നടത്തണം എന്നതാണ് റാഞ്ചികളുടെ ആവശ്യം. കാങ്കനില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1:40ന് എത്തിയതായിരുന്നു വിമാനം. ഏറെ നേരം ഉദ്വേഗ ജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനു ശേഷം വിമാനം വിമാന താവളത്തിന്റെ ഒരു വിദൂരമായ മൂലയിലേക്ക് നീക്കി മാറ്റി. ഏതാനും യാത്രക്കാരെ റാഞ്ചികള്‍ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡണ്ടുമായി സംസാരിക്കുവാന്‍ അനുവദിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്ന് റാഞ്ചികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബോളീവിയന്‍ പൌരന്മാരായ മൂന്ന് പേരാണ് വിമാനം റാഞ്ചിയത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Boeing 737 Aeromexico jet with 104 passengers hijacked at Mexico City airport Labels: തീവ്രവാദം, വിമാന സര്‍വീസ്
- ജെ. എസ്.
( Thursday, September 10, 2009 ) |
യെമന്‍ വിമാനം തകര്‍ന്നു
150 യാത്രക്കാരുമായി പറന്ന യെമന്‍ വിമാനം ഇന്ത്യാ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണു. മഡഗാസ്കറിനു വടക്ക് കിഴക്ക് കൊമൊറൊ ദ്വീപ് സമൂഹത്തിന് അടുത്ത് എവിടെയോ ഇന്ന് അതി രാവിലെ ആണ് വിമാനം തകര്‍ന്ന് വീണത്. യെമന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ യെമനിയ എയറിന്റേതാണ് തകര്‍ന്ന വിമാനം എന്ന് യെമന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലം കൃത്യമായി ഇനിയും അറിവായിട്ടില്ല. വിമാനത്തില്‍ 150 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ഇന്നലെ രാത്രി 09:30ന് കൊമൊറോ തലസ്ഥാനമായ മൊറോണിയിലേക്ക് തിരിച്ചതായിരുന്നു യെമനിയ എയറിന്റെ ഫ്ലൈറ്റ് 626 വിമാനം. മൊറോണിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിച്ചേരേണ്ട വിമാനം പക്ഷെ ഒരു മണിയോട് കൂടി വിമാനം തകര്‍ന്നു എന്ന് യെമനിയ എയര്‍ അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ എയര്‍ ബസ് വിമാനമാണ് തകരുന്നത്. ജൂണ്‍ 1ന് 228 പേരുമായി എയര്‍ ഫ്രാന്‍സിന്റെ എയര്‍ ബസ് വിമാനം ബ്രസീലിന് അടുത്ത് തകര്‍ന്നു വീണിരുന്നു.
Labels: അപകടം, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 30, 2009 ) |
കൊച്ചി വിമാന താവളത്തില്‍ ബോംബ് ഭീഷണി
സൌദി അറേബ്യയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കൊച്ചി വിമാന താവളത്തില്‍ ഏറെ സമയം പരിഭ്രാന്തി പടര്‍ത്തി. സൌദി എയര്‍ലൈന്‍സിന്റെ ജെദ്ദയിലെ ഓഫീസില്‍ നിന്നാണ് വ്യോമ ഗതാഗത ബ്യൂറോക്ക് ഈ അജ്ഞാത ബോംബ് ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനങ്ങളും വിമാന താവളവും വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിനാണോ ഭീഷണി എന്ന കാര്യം വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാന താവളങ്ങള്‍ക്ക് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
വെള്ളിയാഴ്ച രാത്രി മുതല്‍ കൊച്ചി വിമാന താവളവും പരിസരവും അതീവ ജാഗ്രതയിലാണ്. വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയേയും പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. വിമാന താവളത്തിലൂടെ വിദേശത്തേക്ക് പോവുന്ന എല്ലാവരേയും, പ്രത്യേകിച്ച് സൌദി അറേബ്യയിലേക്ക് പോവുന്ന യാത്രക്കാരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, June 28, 2009 ) |
വിമാനം കാണാതായി
228 പേരുമായി ബ്രസീലില്‍ നിന്നും ഫ്രാന്‍സിലേക്ക് പറന്ന എയര്‍ ഫ്രാന്‍സ് ഫ്ലൈറ്റ് AF447 വിമാനം അറ്റ്ലാന്റിക്കിനു മുകളില്‍ വെച്ച് കാണാതായി. ശക്തമായ കൊടുങ്കാറ്റും പ്രതികൂല കാലാവസ്ഥയും ഉള്ള സ്ഥലത്തു കൂടി ആയിരുന്നു ഈ വിമാനം പറന്നിരുന്നത് എന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിവരം. എന്നാല്‍ എയര്‍ ബസ് എ330-200 (Airbus A 330-200) എന്ന ഈ വിമാനം ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാണ്. ഈ തരം വിമാനം ഇങ്ങനെ തകരുന്നത് ഇത് ആദ്യമാണ്. വെറും നാലു വര്‍ഷം മാത്രമേ തകര്‍ന്ന വിമാനത്തിന് പഴക്കം ഉണ്ടായിരുന്നുള്ളൂ. ഇടിമിന്നല്‍ ഏറ്റതാണ് വിമാനം തകരാന്‍ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വൈദ്യുത ശൃംഘലയിലെ തകരാറോ മറ്റെന്തോ സാങ്കേതിക തകരാറോ ആവാം വിമാനം തകരാന്‍ കാരണം എന്നും അഭിപ്രായം ഉണ്ട്. പുലര്‍ച്ചെ നാലേ കാലിന് വിമാനം അപ്രത്യക്ഷം ആവുന്നതിന് നിമിഷങ്ങള്‍ മുന്‍പ് യന്ത്ര തകരാറ് സൂചിപ്പിക്കുന്ന ചില ഓട്ടോമാറ്റിക് സന്ദേശങ്ങള്‍ വിമാനത്തില്‍ നിന്നും ലഭിച്ചിരുന്നു. ഏതായാലും പിന്നീട് വിമാനം പൊടുന്നനെ റഡാറുകളില്‍ നിന്നും അപ്രത്യക്ഷം ആവുക ആയിരുന്നു. ഭീകര ആക്രമണം എന്ന സാധ്യത പൊതുവെ തള്ളി കളഞ്ഞിട്ടുണ്ട്.
216 യാത്രക്കാരും 12 ജോലിക്കാരും ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 126 പുരുഷന്മാരും, 82 സ്ത്രീകളും, ഏട്ട് കുട്ടികളും. മരിച്ചവരില്‍ ഇന്ത്യാക്കാര്‍ ഇല്ല. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, ചൈന, ഇറ്റലി, സ്വിറ്റ്സര്‍ലാന്‍ഡ്, ബ്രിട്ടന്‍, ലെബനോന്‍, ഹംഗറി, അയര്‍ലാന്‍ഡ്, നോര്‍വേ, സ്ലോവാക്യ, അമേരിക്ക, മൊറോക്കോ, പോളണ്ട്, അര്‍ജന്റിന, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, എസ്റ്റോണിയ, ഫിലിപ്പൈന്‍സ്, ഗാംബിയ, ഐസ്‌ലാന്‍ഡ്, റൊമാനിയ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍. Labels: അപകടങ്ങള്‍, ദുരന്തം, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 02, 2009 ) |
ജെറ്റ് എയര്‍വേയ്സ് കോഴിക്കോട് സര്‍വീസ് നിര്‍ത്തുന്നു
ദോഹ : യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവു മൂലം ജെറ്റ് എയര്‍വേയ്സിന്റെ ദോഹയില്‍നിന്നു കോഴിക്കോട്ടേക്കു നേരിട്ടുള്ള സര്‍വീസ് മാര്‍ച്ചില്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുംബൈ വഴിയുള്ള കോഴിക്കോട് സര്‍വീസ് തുടരും. മുംബൈ, ഡല്‍ഹി, കൊച്ചി സര്‍വീസുകളും തുടരും. മാര്‍ച്ച് 28നാണു കോഴിക്കോട്ടേക്കുള്ള അവസാന സര്‍വീസ്. അതിനു ശേഷമുള്ള ദിവസങ്ങളില്‍ യാത്ര ബുക്ക് ചെയ്തവര്‍ക്കു ദോഹ-മുംബൈ-കോഴിക്കോട്, ദോഹ-കൊച്ചി സര്‍വീസുകള്‍ പ്രയോജനപ്പെടുത്താനോ അല്ലാത്തപക്ഷം മുഴുവന്‍ തുകയും തിരികെ വാങ്ങുവാനോ സൌകര്യമുണ്ടായിരിക്കും.
- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍ Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Thursday, February 26, 2009 ) |
എയര്‍ ഇന്ത്യ നിരക്കുകള്‍ കുറച്ചു
ജെറ്റ് എയര്‍വെയ്സ് നിരക്കുകള്‍ കുറച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും ആഭ്യന്തര വിമാന യാത്രാ നിരക്കുകളില്‍ കുറവ് വരുത്തി. 35 ശതമാനം മുതല്‍ 82 ശതമാനം വരെ കുറവ് വിവിധ റൂട്ടുകളിലായി വരുത്തിയിട്ടുണ്ട്. മുംബൈ കൊല്‍ക്കത്ത റൂട്ടില്‍ 35 ശതമാനം കുറവ് വരുത്തി എങ്കില്‍ ബാഗ്ലൂര്‍ ചെന്നൈ റൂട്ടില്‍ 82 ശതമാനം ആണ് നിരക്ക് കുറച്ചത്. മുംബൈ ഡല്‍ഹി നിരക്കില്‍ 49 ശതമാനം കുറവുണ്ട്. മറ്റൊരു പ്രമുഖ വിമാന കമ്പനി ആയ കിംഗ് ഫിഷര്‍ നിരക്കുകള്‍ കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതുക്കിയ നിരക്കുകള്‍ ഇതു വരെ ലഭ്യമല്ല.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, December 31, 2008 ) |
വിമാന യാത്രാ നിരക്കുകള്‍ കുറയുന്നു
ഇന്ധന വിലകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പ്രമുഖ വിമാന കമ്പനികള്‍ യാത്രാ നിരക്കുകള്‍ കുറയ്ക്കുവാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്‍റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വിമാന കമ്പനികള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും സൂചനയുണ്ട്. എകനോമി ക്ലാസ്സിലെ യാത്രാ നിരക്കില്‍ നാല്‍പ്പതു ശതമാനം കുറവാണ് ആഭ്യന്തര റൂട്ടില്‍ ജെറ്റ് എയര്‍ വെയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്പൈസ് ജെറ്റ് എന്ന വിമാന കമ്പനിയും നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതെത്രയാണ് എന്ന് അറിവായിട്ടില്ല. പുതു വര്‍ഷത്തില്‍ തങ്ങളുടെ നിരക്കില്‍ ഇളവുകള്‍ ഉണ്ടാവും എന്ന് ഇന്നലെ കിംഗ് ഫിഷര്‍ കമ്പനി പ്രഖ്യാപിച്ചതിന്റെ തൊട്ടു പുറകെയാണ് മറ്റു രണ്ടു കമ്പനികള്‍ കൂടി നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, December 30, 2008 ) |
വിമാന യാത്രാ നിരക്കുകള്‍ കുറഞ്ഞു
വിമാന ഇന്ധന സര്‍ചാര്‍ജില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന് പ്രമുഖ വിമാന കമ്പനികള്‍ തങ്ങളുടെ യാത്രാ നിരക്കുകള്‍ കുറച്ചു. കിങ്ങ് ഫിഷര്‍, ജെറ്റ് എയര്‍ വെയ്സ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ ആണ് തങ്ങളുടെ യാത്രാ നിരക്കുകള്‍ കുറച്ചത്. എണ്ണ കമ്പനികള്‍ വിമാന ഇന്ധന വിലകള്‍ കുറച്ചതിനെ തുടര്‍ന്നാണ് വിമാന കമ്പനികളും തങ്ങളുടെ നിരക്കുകള്‍ ഭേദഗതി ചെയ്തത്. ക്രിസ്മസ്, പുതുവത്സര അവധി കാല യാത്രക്കാര്‍ക്ക് ഇത് ഒട്ടേറെ ആശ്വാസകരം ആവും. രാജ്യത്തിനകത്തെ സര്‍വ്വീസുകള്‍ക്ക് 400 രൂപയോളമാണ് നിരക്ക് കുറഞ്ഞത്.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, December 09, 2008 ) |
എയര്‍ ഇന്ത്യക്ക് 1200 കോടിയുടെ സഹായം
പ്രതിസന്ധിയില്‍ ആയ എയര്‍ ഇന്ത്യയെ സഹായിക്കാനായി സര്‍ക്കാര്‍ ഉടന്‍ തന്നെ 1200 കോടിയുടെ ഒരു ധന സഹായ പാക്കേജ് പ്രഖ്യാപിക്കും എന്ന് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. 1000 കോടിയുടെ വായ്പ കമ്പനി ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് മന്ത്രാലയം അംഗീകരിച്ചിട്ടുമുണ്ട്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് സൂചന. 40,000 കോടി രൂപക്ക് പുതിയ വിമാനങ്ങള്‍ വാങ്ങുവാനുള്ള ഓര്‍ഡര്‍ നല്‍കി കഴിഞ്ഞ എയര്‍ ഇന്ത്യ ഇന്ധന വില വര്‍ധനവും യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എഴുപത്തി ഏഴ് വര്‍ഷം പഴക്കമുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എയര്‍ലൈന്‍സും ആയി ലയിച്ചിരുന്നു. വര്‍ധിച്ച ഇന്ധന വില മൂലം പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഈ വര്‍ഷം ഉദ്ദേശം 2300 കോടിയെങ്കിലും നഷ്ടം സഹിക്കേണ്ടി വരും എന്നാണ് കരുതപ്പെടുന്നത്.
Labels: ഇന്ത്യ, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
( Sunday, November 23, 2008 ) |
ജെറ്റ് എയര്‍ വെയ്സ് പിരിച്ചു വിട്ടവരെ തിരിച്ചെടുത്തു
വന്‍ പ്രതിഷേധത്തിനോടുവില്‍ പിരിച്ചു വിട്ട എല്ലാ തൊഴിലാളികളെയും ജെറ്റ് എയര്‍ വെയ്സ് തിരിച്ചെടുത്തു. എല്ലാവര്ക്കും നാളെ മുതല്‍ ജോലിയില്‍ തിരിച്ചു ചേരാം എന്ന് തീരുമാനം അറിയിച്ചു കൊണ്ടു ചെയര്‍ മാന്‍ നരേഷ് ഗോയല്‍ അറിയിച്ചു. ഞങ്ങള്‍ ഒരു വലിയ കുടുംബം ആണ്. എല്ലാ തൊഴിലാളികളും ഈ കുടുംബത്തിലെ അംഗങ്ങളും. ഇവരുടെയൊന്നും കണ്ണ് നീര്‍ കണ്ടില്ല എന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടല്ല ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്. ഇതിന് വേണ്ടി എന്നെ ആരും വന്നു കണ്ടതുമില്ല. ഇത് കുടുംബനാഥന്‍ എന്ന നിലയില്‍ ഞാന്‍ എടുത്ത തീരുമാനമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
Labels: തൊഴില്‍ പ്രശ്നം, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
( Friday, October 17, 2008 ) |
എയര്‍ ഇന്ത്യയില്‍ ശമ്പളം ഇല്ലാത്ത അവധി നല്‍കാന്‍ സാധ്യത
15000 ത്തോളം തൊഴിലാളികളെ എയര്‍ ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശമ്പളം ഇല്ലാത്ത അവധിയില്‍ പ്രവേശിപ്പിയ്ക്കാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു. വ്യോമ ഗതാഗത രംഗത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ആണ് ഈ നടപടി. എയര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ രഘു മേനോന്‍ അറിയിച്ചത് ആണ് ഈകാര്യം. ഇങ്ങനെ അവധിയില്‍ പ്രവേശിയ്ക്കാനുള്ള അവസരം നല്‍കാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പക്ഷം പഴയ ശമ്പളത്തില്‍ തന്നെ തിരിച്ചെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ വെയ്സ് 2000 ത്തോളം പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം. Labels: തൊഴില്‍ പ്രശ്നം, വിമാന സര്‍വീസ്, സാമ്പത്തികം
- ജെ. എസ്.
( Thursday, October 16, 2008 ) |
അറബ് പൌരന്‍ കോക്ക് പിറ്റില്‍ അതിക്രമിച്ചു കയറി
കുവൈറ്റ് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറി കടന്ന് അറബ് പൗരന്‍ വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ പ്രവേശിച്ചു. ഒരു ബ്രസീലിയന്‍ പൈലറ്റിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ കോക്ക്പിറ്റില്‍ കടന്നത്.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് ജോലിക്കാര്‍ സുരക്ഷാ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സുരക്ഷാ പാളിച്ചയെക്കുറിച്ച് ഉന്നത തല അന്വേഷണം നടന്നു വരുന്നു. Labels: കുറ്റകൃത്യം, കുവൈറ്റ്, തീവ്രവാദം, വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, September 28, 2008 ) |
ജെറ്റ് എയര്‍വെയ്സ് മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക്
ഇന്നലെ മുതല്‍ ജെറ്റ് എയര്‍വെയ്സ് ഒരു പുതിയ വിമാന സര്‍വീസ് കൂടി ആരംഭിച്ചിരിക്കുന്നു. മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറക്കുന്ന ഈ വിമാനം കൂടി ആവുമ്പോള്‍ ജെറ്റ് എയര്‍വെയ്സിന് ഗള്‍ഫ് നാടുകളിലേയ്ക്ക് ഉള്ള സര്‍വീസുകളുടെ എണ്ണം ആറാവും.
ഒമാന്‍, കുവൈറ്റ്, ദോഹ, ഖത്തര്‍, അബുദാബി, ദുബായ് എന്നീ സര്‍വീസുകളാണ് ജെറ്റ് എയര്‍വെയ്സിന് ഉള്ളത്. ബോയിംഗ് 737-800 എന്ന വിമാനം ആണ് തിരുവനന്തപുരം - മസ്കറ്റ് റൂട്ടില്‍ പറക്കുന്നത് എന്ന് ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു. തങ്ങളുടെ മെച്ചപ്പെട്ട സേവനം കൊണ്ട് ജെറ്റ് എയര്‍വെയ്സ് ഇപ്പോള്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും സ്വീകാര്യമായ വിമാന കമ്പനി ആയി മാറി കഴിഞ്ഞിരിക്കുന്നു എന്ന് ജെറ്റ് എയര്‍വെയ്സിന്റെ ചീഫ് കൊമേഴ്സ്യല്‍ മാനേജരായ സുധീര്‍ രാഘവന്‍ അഭിപ്രായപ്പെട്ടു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, September 16, 2008 ) |
വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ എല്ലാ വിവരങ്ങളും നല്‍കണം
വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ യാത്രക്കാരെ ക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. പേര്, പാസ് പോര്‍ട്ട് നമ്പര്‍, പാസ് പോര്‍ട്ട് ഇഷ്യൂ ചെയ്ത തീയതി, പാസ് പോര്‍ട്ട് കാലാവധി കഴിയുന്ന തീയതി, ഏത് രാജ്യക്കാരനാണ് തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ ഇനി ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ നല്‍കണം. അഡ്വാന്‍സ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ഈ സംവിധാനം നടപ്പിലാക്കാനുള്ള ആദ്യ ഘട്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ ഇത് സംബന്ധിച്ച് കഴിഞ്ഞ യു.എ.ഇ. യിലെ ട്രാവല്‍ ഏജന്‍റുമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നീ വിമാന താവളങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും യു.എ.ഇ. യില്‍ നിന്നും വിമാന ടിക്കറ്റ് എടുക്കുമ്പോള്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടി വരും. യാത്ര ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാരനെ ക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് മനസിലാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, August 19, 2008 ) |
വിമാന യാത്രാ നിരക്കില്‍ വന്‍ ഇളവുകള്‍
ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓണം, റമസാന്‍, ക്രിസ്മസ് എന്നിവ പ്രമാണിച്ചാണിത്. വര്‍ധിച്ചു വരുന്ന യാത്രക്കാരുടെ എണ്ണവും വിമാന ക്കമ്പനികള്‍ തമ്മിലുള്ള മത്സരവും നിരക്ക് കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Thursday, August 14, 2008 ) |
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ നിലക്ക് നിര്‍ത്തും
യാത്രക്കാരോട് ജീവനക്കാര്‍ മോശമായി പെരുമാറുന്നു എന്ന പരാതി അതീവ ഗൗരവമായി കാണുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഓ.ഓ. ക്യാപ്റ്റന്‍ പി. പി. സിംഗ് പറഞ്ഞു. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാന താവളങ്ങളിലെ ചെക്ക് ഇന്‍ കൗണ്ടറുകളിലെ സ്റ്റാഫുകളുടെ നിലവാരത്തെ പറ്റിയുള്ള പരാതിയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വിമാനങ്ങള്‍ വൈകി പറക്കുന്നത് പരമാവധി ഒഴിവാക്കും. ഏതാനും ചില പുതിയ റൂട്ടുകള്‍ കൂടി തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് പദ്ധതിയുണ്ട്. ബജറ്റ് എയര്‍ലൈന്‍ എന്ന നിലയിലുള്ള പരമാവധി സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മിഡില്‍ ഈസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ദ്ധാന്‍, എം.പി. ദാബി, ശുഭാംഗനി വൈദ്യ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, July 27, 2008 ) |
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും
നാളെ, (ചൊവ്വാഴ്ച ) അബുദാബിയില്‍ നിന്നും മാംഗ്ളൂര്‍ വഴി കൊച്ചിയിലേക്കു പോകുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ടേകാല്‍ മണിക്കൂര്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12.20 ന് വന്ന് 1.15 ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.45 ന് എത്തി 3.30 ന് മാത്രമേ പുറപ്പെടുകയുള്ളു. അബുദാബി വിമാനത്താവളത്തില്‍ നാളെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ വിശദീകരിച്ചു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Monday, July 21, 2008 ) |
ദുബായിലേയ്ക്ക് ഇനി ജെറ്റ് എയര്‍വെയ്സും
പൊതുമേഖലയുടെ കുത്തക അവസാനിപ്പിച്ചു കോണ്ട് ഇനി ജെറ്റ് എയര്‍വെയ്സും ദുബായിലേയ്ക്ക് പറക്കും. ജെറ്റ് എയര്‍വെയ്സിന് ദുബായിലേയ്ക്ക് സര്‍വീസ് നടത്തുവാനുള്ള അനുമതി നല്‍കിയതായി ഒരു സിവില്‍ വ്യോമ ഗതാഗത മന്ത്രാലയ വക്താവ് അറിയിച്ചു. ഈ അനുമതി അനുസരിച്ച് ജെറ്റ്, ജെറ്റ്ലൈറ്റ് എന്നീ വിമാന സര്‍വീസുകള്‍ ദുബായിലേയ്ക്ക് പറക്കും.
നേരത്തെ ജെറ്റ് എയര്‍വേയ്സിന് മറ്റ് പല ഗള്‍ഫ് നാടുകളിലേയ്ക്കും സര്‍വീസ് നടത്തുവാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ദുബായ് സര്‍വീസ് എയര്‍ ഇന്ത്യയ്ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പൊതു മേഖലയിലുള്ള എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒന്നായതോടെ ഏറ്റവും ലാഭകരമായ ഗള്‍ഫ് സര്‍വീസുകള്‍ തങ്ങള്‍ക്ക് മാത്രമായി അനുവദിയ്ക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കുത്തക ഇവര്‍ കുറേ നാള്‍ അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ വിമാന കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദുബായ് ഒഴികെയുള്ള റൂട്ടുകള്‍ നേരത്തെ വിട്ടു കൊടുക്കുക ഉണ്ടായി. ഇപ്പോള്‍ ദുബായ് റൂട്ടും വിട്ടു കൊടുത്തതോടെ ഈ രംഗത്തെ എയര്‍ ഇന്ത്യയുടെ കുത്തക അവസാനി ച്ചിരിക്കുകയാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ നാല്‍പ്പത് ശതമാനം ഗള്‍ഫ് നാടുകളില്‍ നിന്നുമാണ്. ജെറ്റ് അയര്‍വേയ്സിനു പുറമെ എയര്‍ ഡെക്കാനും ദുബായ് സര്‍വീസ് അനുവദിയ്ക്കാന്‍ തത്വത്തില്‍ തീരുമാനം ആയിട്ടുണ്ട്. എയര്‍ ഡെക്കാന്‍ ബാംഗളൂര്‍ - ദുബായ് സര്‍വീസ് അടുത്തു തന്നെ ആരംഭിയ്ക്കും. ജെറ്റ് എയര്‍വേയ്സ് ഇപ്പോള്‍ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഡെല്‍ഹിയിലും മുമ്പൈയിലും നിന്നുമായി ദുബായിലേയ്ക്ക് പ്രതിവാരം 1582 സീറ്റുകള്‍ എന്ന കണക്കില്‍ ഏഴ് ഫ്ലൈറ്റുകള്‍ക്കാണ് ഇപ്പോള്‍ ജെറ്റ് എയര്‍വേയ്സിന് അനുമതി നല്‍കിയിരിക്കുന്നത്. ജെറ്റ് ലൈറ്റിന് ഹൈദറാബാദില്‍ നിന്നും നാഗ്പൂറില്‍ നിന്നും ദുബായിലേയ്ക്ക് ശീത കാല സീസണ്‍ ആരംഭം മുതല്‍ സര്‍വീസ് നടത്താനാവും. പ്രതി വാരം 1050 സീറ്റുകളാണ് ഓരോ സെക്ടറിനും അനുവദിച്ചിട്ടുള്ളത്. ഏറെ ലാഭകരമായ ഈ റൂട്ടില്‍ ഉടന്‍ തന്നെ തങ്ങള്‍ സര്‍വീസ് ആരംഭിയ്ക്കും എന്ന് ജെറ്റ് ലൈറ്റ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ രാജീവ് ഗുപ്ത അറിയിച്ചു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Friday, July 11, 2008 ) |
എമിറേറ്റ്സ് കോഴിക്കോട്ടേയ്ക്കും
എമിറേറ്റ്സ് ഇനി ആഴ്ചയില്‍ ആറ് ദിവസം കോഴിക്കോട്ടേയ്ക്ക് പറക്കും. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേയ്ക്ക് വിമാന സര്‍വീസ് ഉണ്ടാവും. ഈ റൂട്ടിലെ ആദ്യത്തെ ഫ്ലൈറ്റ് ഇന്നലെ ഉച്ചയ്ക്ക് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും പുറപെട്ട് വൈകീട്ട് എട്ട് മണിയോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ എത്തി ചേര്‍ന്നു.
ഇതോടെ എമിറേറ്റ്സ് ഇന്ത്യയിലേക്ക് നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം പ്രതിവാരം 125 ആയി. ഇന്ത്യയിലേയ്ക്ക് ഏറ്റവും അധികം വിമാനങ്ങള്‍ പറത്തുന്ന വിദേശ കമ്പനിയാണ് എമിറേറ്റ്സ്. തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടേകാലിന് ദുബായില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് ഏഴ് അമ്പതിന് വിമാനം കോഴിക്കോട് ഇറങ്ങും. ഈ വിമാനം രാത്രി ഒന്‍പത് ഇരുപതിന് അവിടെ നിന്നും മടങ്ങി ദുബായില്‍ രാത്രി പതിനൊന്ന് നാല്‍പ്പതിന് തിരിച്ചെത്തും. വ്യാഴാഴ്ചയും ശനിയാഴ്ചയും രാവിലെ മൂന്നരയ്ക്ക് ദുബായില്‍ നിന്നും പുറപ്പെട്ട് ഒമ്പത് അഞ്ചിന് കോഴിക്കോട് ഇറങ്ങുന്ന വിമാനം പത്ത് മുപ്പത്തിയഞ്ചിന് അവിടെ നിന്നും മടങ്ങി ദുബായില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് അന്‍പതിയഞ്ചിന് എത്തിച്ചേരും. പ്രാരംബ കാല പ്രത്യേക നിരക്കായ 1760 ദിര്‍ഹം 31 ഓഗസ്റ്റ് വരെ നിലവിലുണ്ടാവും എന്ന് എമിറേറ്റ്സ് അറിയിച്ചു. Labels: ദുബായ്, വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, July 02, 2008 ) 1 Comments:
Links to this post: |
പൈലറ്റ് ഉറങ്ങി; വിമാനം നിര്‍ത്താതെ പറന്നു
എയര്‍ ഇന്ത്യയുടെ ദുബായ്-മുംബൈ വിമാനത്തിലെ രണ്ട് പൈലറ്റുമാരും കോക്ക്പിറ്റില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം വിമാന താവളത്തില്‍ ഇറങ്ങാതെ 360 മൈലോളം കൂടുതല്‍ പറന്നു.
ദുബായില്‍ നിന്നും ജൂണ്‍ നാലിന് പുലര്‍ച്ചെ 01:35ന് പുറപ്പെട്ട വിമാനം ജയ്പൂരില്‍ ഇറങ്ങിയ ശേഷം വീണ്ടും രാവിലെ ഏഴു മണിയ്ക്ക് മുംബൈ ലക്ഷ്യമാക്കി പറന്നതാണ്. എന്നാല്‍ വിമാന താവളം എത്താറായപ്പോഴേയ്ക്കും പൈലറ്റും സഹ പൈലറ്റും ഉറങ്ങിപ്പോയത്രെ. എയര്‍ ട്രാഫിക്ക് കണ്‍ട്രോളറുടെ റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാതായതോടെ മുംബൈ വിമാന താവളത്തില്‍ അങ്കലാപ്പായി. നൂറോളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അവസാനം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ “SELCAL" എന്ന അലാറം മുഴക്കി ഇവരെ വിളിച്ച് എഴുന്നേല്‍പ്പിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ പ്രത്യേകമായ നാലക്ക നമ്പറില്‍ വിളിച്ചാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ മുഴങ്ങുന്ന ഒരു അലാറം ആണ് "SELCAL" എന്ന സെലക്ടിവ് കോളിങ്. അപ്പോഴേയ്ക്കും വിമാനം ഗോവയ്ക്കുള്ള വഴി പകുതിയോളം താണ്ടിയിരുന്നു. ദുബായില്‍ നിന്നും അര്‍ദ്ധ രാത്രിയ്ക്ക് ശേഷം തിരിച്ച വിമാനം രാത്രി മുഴുവനും പറപ്പിച്ച് ജയ്പൂരില്‍ എത്തിച്ച ശേഷം വീണ്ടും മുംബെയ്ക്ക് പുറപ്പെട്ടപ്പോള്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങി പോയതാവാം എന്ന് പേര്‍ വേളിപ്പെടുത്താനാവാത്ത ഒരു വിമാന കമ്പനി വക്താവ് അറിയിച്ചു. എന്നാല്‍ വിമാന കമ്പനി ഇത് ശക്തമായി നിഷേധിച്ചു. പൈലറ്റുമാര്‍ക്ക് ദുബായില്‍ 24 മണിക്കൂര്‍ വിശ്രമം നല്‍കിയതാണ്. അതിനാല്‍ പൈലറ്റുമാര്‍ തളര്‍ച്ച കാരണം ഉറങ്ങിയതാണെന്ന് പറയുന്നതില്‍ കാര്യമില്ല. താല്‍ക്കാലികമായി റേഡിയോ ബന്ധം വിച്ഛേദിയ്ക്കപ്പെടുക മാത്രം ആണ് ഉണ്ടായത്. അതേ തുടര്‍ന്ന് വിമാന താവളത്തില്‍ ഇറങ്ങാന്‍ ആവാതെ വിമാനം കേവലം 14 മൈല്‍ മാത്രം ആണ് കൂടുതല്‍ പറന്നത് എന്നും എയര്‍ ഇന്ത്യ വാദിയ്ക്കുന്നു. എന്നാല്‍ ഒരു ഗള്‍ഫ് വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് ശരിയല്ല എന്ന് പറഞ്ഞു. ഒരു വിമാനത്തിന്റെ റേഡിയോ ബന്ധം തകരാറിലായാല്‍ സ്വീകരിക്കേണ്ട ഇന്ത്യന്‍ വ്യോമയാന നടപടിക്രമങ്ങള്‍ വ്യക്തമാണ്. ഇത് പ്രകാരമുള്ള അടിയന്തര നടപടി പൈലറ്റുമാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റ് എല്ലാ വിമാനങ്ങളേയും ഒഴിവാക്കി പ്രസ്തുത വിമാനത്തിന് ഇറങ്ങുവാനുള്ള സൌകര്യം എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് ഒരുക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ വിമാനത്തില്‍ നിന്നും ഇത്തരം ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല എല്ലാ വിമാനത്തിനും ഒരു ETA (Expected Time of Arrival) ഉണ്ട്. ETA ആയാല്‍ വിമാനം കീഴോട്ടിറങ്ങി തങ്ങളുടെ ഉയരം കുറയ്ക്കണമെന്നാണ് ചട്ടം. ഇതൊന്നും ഈ വിമാനത്തിന്റെ കാര്യത്തില്‍ പാലിയ്ക്കപ്പെട്ടില്ല. കഴിഞ്ഞ ആഴ്ച മറ്റൊരു സ്വകാര്യ വിമാന കമ്പനിയുടെ വിമാനം പൈലറ്റ് മദ്യപിച്ച് ലക്ക് കെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി പാറ്റ്നയില്‍ ഇറക്കിയതായി പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Friday, June 27, 2008 ) 2 Comments:
Links to this post: |
ഖത്തര്‍ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വല വരവേല്‍പ്പ്
ഇന്നലെ രാവിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനത്തിന് കോഴിക്കോട്ട് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കി. ഖത്തറിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചുള്ള ഈ “നോണ്‍ സ്റ്റോപ്” വിമാന സര്‍വീസ് തങ്ങളുടെ ഇന്ത്യയിലേക്കുള്ള 58ആമത്തെ സര്‍വീസ് ആണെന്ന് കന്നി യാത്രയില്‍ കോഴിക്കോട് വന്നിറങ്ങിയ ഖത്തര്‍ എയര്‍വെയ്സ് സി.എ.ഒ. അക്ബര്‍ അല്‍ ബക്കര്‍ പ്രസ്ഥാവിച്ചു.
വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റില്‍ വന്നിറങ്ങിയ വിശിഷ്ട വ്യക്തികളും വിദേശ മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ സംഘത്തെ വരവേല്‍ക്കാന്‍ വിപുലമായ സന്നാഹങ്ങളായിരുന്നു ഒരുക്കിയിരുന്നത്. എം.പി.മാരായ ശ്രീ പി. വി. അബ്ദുല്‍ വഹാബ്, ശ്രീ ടി. കെ. ഹംസ, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റ് ശ്രീ പി. സക്കീര്‍, സെക്രട്ടറി ശ്രീ കെ. അബൂബക്കര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 17, 2008 ) |
ഖത്തര്‍ എയര്‍വെയ്സ് കോഴിക്കോട്ടേക്ക്
ജൂണ്‍ 15 മുതല്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനം കോഴിക്കോട്ടേക്ക് പറക്കും. തങ്ങളുടെ 83 ആമത്തെ റൂട്ടായ കോഴിക്കോട്ടേക്ക് പ്രതിദിന ഫ്ലൈറ്റുകള്‍ ഉണ്ടാവും. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇപ്പോള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ പ്രതി ദിന ഫ്ലൈറ്റുകള്‍ ഉണ്ട്.
ഖത്തറിലെ പ്രവാസി സമൂഹത്തിനും യൂറോപ്പില്‍ നിന്നും മറ്റും വരുന്ന ടൂറിസ്റ്റുകള്‍ക്കും ഈ പുതിയ വിമാന സര്‍വീസ് ഏറെ പ്രയോജനപ്പെടും. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യാപാര മേഖലയാണ് ഇന്ത്യ എന്ന് ഖത്തര്‍ എയര്‍വെയ്സ് സി. ഇ. ഓ. അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു.കോഴിക്കോട്ടേക്കുള്ള പുതിയ ഫ്ലൈറ്റോടെ ഇന്ത്യയിലേക്ക് പ്രതി വാരം 58 ഫ്ലൈറ്റുകള്‍ ആണ് പറക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, June 10, 2008 ) |
ഒമാന്‍ എയര്‍ മസ്കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക്
ഒമാന്‍ എയര്‍ ഇന്ന് മുതല്‍ ഇനി ദിവസേന കോഴിക്കോട്ടേക്ക് പറക്കും. ഇന്ത്യയിലേക്കുള്ള തങ്ങളുടെ ഒന്‍പതാമത്തെ സര്‍വീസായിരിക്കും ഇത് എന്ന് ഒമാന്‍ എയര്‍ സീനിയര്‍ സര്‍വീസ് മാനേജറായ അബ്ദുല്‍ റസാഖ് ബിന്‍ ജുമ അല്‍ റൈസി അറിയിച്ചു. മസ്കറ്റ്-കോഴിക്കോട് റൂട്ട് ഒമാന്‍ എയറിന്റെ ഏറ്റവും ലാഭകരമായ റൂട്ടുകളില്‍ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷ.
Labels: വിമാന സര്‍വീസ്
- Jishi Samuel
( Thursday, June 05, 2008 ) |
ഇത്തിഹാദ് വിമാന സര്‍വീസ് കോഴിക്കോട്ടേക്ക്
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ആഗസ്‌ത് ഒന്ന് മുതല്‍ അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കും.
ഇത്തിഹാദ് എയര്‍വേസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെയിംസ് ഹോഗന്‍ അബുദാബിയില്‍ അറിയിച്ചതാണ്‍ ഇക്കാര്യം. ഇപ്പോള്‍ ഇത്തിഹാദ് എയര്‍വേസ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ കേരളത്തിനു പുറത്ത് ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരിലേക്ക് പറക്കുന്നതിനൊപ്പം കൊല്‍ക്കത്ത, ജയ്‌പുര്‍ എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും. കരിപ്പൂരിലേക്കുള്ള യാത്ര ഏറെ പ്രതീക്ഷയോടെയാണ് ഇത്തിഹാദ് കണക്കാക്കുന്നതെന്നും ഏറ്റവും കൂടുതല്‍ മലയാളികള്‍ യാത്ര ചെയ്യുന്ന കരിപ്പൂരിലേക്ക് മികച്ച സര്‍വീസ് നല്‍കുമെന്നും ജെയിംസ് ഹോഗന്‍ പറഞ്ഞു. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, May 20, 2008 ) |
എയര്‍ ഇന്ത്യ എക്സ്പ്രസ്, ദുബായ് ഹൈദരാബാദ് സര്‍വ്വീസ്
എയര്‍ ഇന്ത്യ എക്സ്പ്രസ് ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ അഞ്ച് മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും ഇവ.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Monday, May 19, 2008 ) |
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് നാലാം വര്‍ഷത്തിലേക്ക്
ഇന്ത്യയുടെ പ്രഥമ അന്താരാഷ്ട്ര ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് നാലാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 28 നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്.
തുടക്കത്തില്‍ ആഴ്ചയില്‍ 26 ഫ്ളൈറ്റുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 153 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 13 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും 12 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കു നടത്തുന്നത്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ട്രിച്ചി, മാംഗ്ളൂര്‍, മുംബയ്, നാഗ്പൂര്‍, കൊല്‍ക്കത്ത, ജയ്പൂര്‍, ലക്നൗ, ഡല്‍ഹി, അമൃത്സര്‍ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി, മസ്കറ്റ്, അല്‍ഐന്‍, സലാല, ബഹ്റൈന്‍, ദോഹ, കൊളംബോ, സിംഗപ്പൂര്‍, ക്വലാലമ്പൂര്‍, ബാങ്കോക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. വാടകയ്ക്കെടുത്ത മൂന്ന് വിമാനങ്ങള്‍ വച്ച് സര്‍വ്വീസ് ആരംഭിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ്സിന് ഇന്ന് 18 ബോയിംഗ് 737-800 വിമാനങ്ങളുണ്ട്. 1200 കോടി രൂപയുടെ പ്രതിവര്‍ഷ വരുമാനം സ്വന്തമായുള്ള വിമാനക്കമ്പനി പുതിയ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കേരളം, മാംഗ്ളൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും കുവൈറ്റിലേക്കും ഗോവ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നും ദുബായിലേക്കും സര്‍വ്വീസ് തുടങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, April 29, 2008 ) |
എമിറേറ്റ്സ് ദുബായ് - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും
പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ജൂലായ് ഒന്നിനു കോഴിക്കോട്-ദുബായ് റൂട്ടില്‍ സര്‍വീസ് തുടങ്ങുന്നു. ആഴ്‌ചയില്‍ ആറു ദിവസമാണ് സര്‍വീസ് ഉണ്ടാവുക.
നിലവില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നുണ്ട്. സര്‍വീസിനു മുന്നോടിയായി ഏപ്രില്‍ 26ന് റോഡ്‌ഷോ സംഘടിപ്പിക്കും. കോഴിക്കോട് ടൗണ്‍ ഓഫീസും എയര്‍പോര്‍ട്ട് ഓഫീസും കാര്‍ഗോ ഓഫീസും തുറക്കുമെന്നും കമ്പനിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സലീം ഒബൈദുള്ള, ഇന്ത്യ-നേപ്പാള്‍ വൈസ് പ്രസിഡന്റ് ഒര്‍ഹാന്‍ അബ്ബാസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്‌ത് 15 വരെ പ്രത്യേക നിരക്കിലായിരിക്കും കോഴിക്കോട്-ദുബായ് റൂട്ടില്‍ വിമാന സര്‍വീസ്. ഇക്കണോമി ക്ലാസില്‍ വണ്‍വെ നിരക്ക് 7500 രൂപയും റിട്ടേണ്‍ നിരക്ക് 14,995 രൂപയുമാണ്. ബോയിങ് 777-200, എയര്‍ ബസ് എ 330-2 വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ദുബായില്‍ നിന്ന് തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെടുന്ന വിമാനം രാത്രി 7.50ന് കോഴിക്കോട്ടെത്തും. തിരികെ കോഴിക്കോട്ടു നിന്ന് രാത്രി 9.20ന് പുറപ്പെട്ട് 11.40ന് ദുബായിലെത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.30ന് ദുബായില്‍ നിന്നു പുറപ്പെട്ട് രാവിലെ 9.05ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന് രാവിലെ 10.35ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 12.25ന് ദുബായില്‍ എത്തും. വിവിധ ഭാഗങ്ങളിലേക്ക് ആഗസ്‌ത് 15വരെ നിലവിലുള്ള നിരക്കുകള്‍ ചുവടെ. സെക്ടര്‍, വണ്‍വേ നിരക്ക്, റിട്ടേണ്‍ നിരക്ക് എന്നീ ക്രമത്തില്‍. കോഴിക്കോട്-ദുബായ്-7500, 14,995. കോഴിക്കോട്-മസ്കറ്റ്-7500, 22,415. കോഴിക്കോട്-ബഹ്റിന്/ദോഹ-8500, 22,415. കോഴിക്കോട്-കുവൈത്ത്-9000, 22,415. കോഴിക്കോട്-ദമാം-12,000, 22,415. കോഴിക്കോട്-റിയാദ്-12,000, 25,005. Labels: ഗള്‍ഫ്, വിമാന സര്‍വീസ്
- ജെ. എസ്.
( Saturday, April 26, 2008 ) |
ബഹ്റിന് എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യവിമാനം മെയ് 26-ന് കൊച്ചിയ്ക്ക്
മനാമ: ബഹ്‌റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതിയ വിമാന സര്‍വീസ് കമ്പനിയായ ബഹ്‌റിന്‍ എയറിന്റെ ഇന്ത്യയിലേയ്ക്കുള്ള ആദ്യ വിമാനം മെയ് 26-ന് ബഹ്‌റിനില്‍ നിന്ന് കൊച്ചിയ്ക്ക് പറക്കും. ഇന്ത്യയിലെ കൂടുതല്‍ കേന്ദ്രങ്ങളിലേയ്ക്ക് സര്‍വീസ് ആരംഭിക്കുതിനും കമ്പനിക്ക് പരിപാടിയുണ്ട്. ബഹ്‌റിനില്‍ 3 ലക്ഷത്തിനടുത്ത് ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകളെ പ്രധാന വളര്‍ച്ചാ മേഖലയായാണ് ബഹ്‌റിന്‍ എയര്‍ കാണുന്നത്. തുടക്കത്തില്‍ ആഴ്ച തോറും മൂ്ന്ന് ഫ്ലൈറ്റുകളാണ് കൊച്ചിയിലേയ്ക്കുണ്ടാവുക. ഇത് ഒക്ടോബറോടെ പ്രതിദിന സര്‍വീസാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യയ്ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുമായി സഹകരിച്ച് കണക്ഷന്‍ ഫ്ലൈറ്റുകള്‍ ഏര്‍പ്പെടുത്തുതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ബഹ്‌റിനില്‍ നിന്ന് കൊച്ചിയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. http://www.bahrainair.net/ എന്ന വെബ്സൈറ്റിലും ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാം. വരാനിരിക്കുന്ന തിരക്കേറിയ വേനലവധിക്കാലത്ത് ഈ പുതിയ സര്‍വീസ് ഗള്‍ഫ് മലയാളികള്‍ക്ക് ഉപകാരപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 ഫെബ്രുവരിയിലാണ് ദുബായ് സര്‍വീസോടെ ബഹ്‌റിന്‍ എയര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലത്തിനിടെ ബെയ്‌റൂട്ട്, അലക്സാണ്ട്രിയ, ദമാസ്കസ് തുടങ്ങിയ ഒട്ടേറെ നഗരങ്ങളിലേയ്ക്കും കമ്പനി സര്‍വീസ് വ്യാപിപ്പിച്ചു. പ്രീമിയം സീറ്റുകളും ഉള്‍പ്പെടുന്ന ആദ്യത്തെ ചെലവു കുറഞ്ഞ വിമാന സര്‍വീസായാണ് ബഹ്‌റിന്‍ എയര്‍ വിശേഷിപ്പിക്കപ്പെടുത്. പ്രീമിയം, ഇക്കണോമി എന്നീ രണ്ടിനം സീറ്റുകളും ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാം. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, April 22, 2008 ) |
റാക്ക് എയര്‍ വേസിന്‍റെ കേരളത്തിലേക്കുളള പ്രതിദിന സര്‍വീസ്
റാസല്‍ ഖൈമ ആസ്ഥാനമായ റാക്ക് എയര്‍ വേസിന്‍റെ കേരളത്തിലേക്കുളള പ്രതിദിന സര്‍വീസ് ബുധനഴ്ച്ച മുതല്‍ ആരംഭിക്കും. കരിപ്പൂരിലേക്കാണ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് റാസല്‍ ഖൈമയില്‍ എയര്‍ ലൈന്‍ അധികൃതര്‍ മാധ്യമപ്രതിനിധികളുമായി സംസാരിച്ചു. മലയാളം സംസാരിക്കുന്ന കാബിന്‍ ക്രൂ, യാത്രയില്‍ കേരളീയ ഭക്ഷണം എന്നിവ റാക്ക് എയര്‍വേസിന്‍റെ മാത്രം പ്രത്യേകതാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും കമ്പനി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സി.ഇ.ഒ. രവീന്ദ്രന്‍ അറിയിച്ചു. ഇതോടെ, ഗള്‍ഫ് മേഖലയിലെ വ്യോമയാന രംഗത്ത് വന്‍ മത്സരമാണ് വരുന്നത്. നിരവധി വിമാന കമ്പനികള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും. എന്നാല്‍ പീക്ക് സീസണില്‍ ടിക്കറ്റ് നിരക്ക് കുറയുന്നില്ല എന്ന ആശങ്ക ബാക്കിയാണ്. പ്രത്യേകിച്ച് കേരളത്തിലേക്ക്.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, April 22, 2008 ) |
വിമാനക്കമ്പനികള്‍ ഗള്‍ഫ്- ഇന്ത്യ സെക്ടറില്‍ ശ്രദ്ധ പതിപ്പിക്കുന്നു
റാക്ക് എയര്‍വേയ്സ്, കോഴിക്കോട്ടേക്ക് പറക്കും, ജെറ്റ് അബുദാബി -ദില്ലി, മുംബൈ സര്‍വീസ് ആരംഭിക്കുന്നു റാക്ക് എയര്‍വേയ്സ് കോഴിക്കോട്ടേയ്ക്ക് ഈ മാസം 23 മുതല്‍ സര്‍വീസ് ആരംഭിക്കും. റാസല്‍ഖൈമയില്‍ നിന്നും എല്ലാ ദിവസവും ഈ വിമാനക്കമ്പനിയ്ക്ക് സര്‍വീസ് ഉണ്ടാകും. റാസല്‍ഖൈമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാക്ക് എയര്‍ വേയ്സിന്‍റെ ഇന്ത്യയിലേക്കുള്ള ആദ്യ സര്‍വീസാണ് കരിപ്പൂരിലേക്ക് ആരംഭിക്കുന്നത്. ഈ മാസം 23 മുതലാണ് റാസല്‍ഖൈമയില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുക. എല്ലാ ദിവസവും പുലര്‍ച്ചെ 3.40 ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ ഒന്പതിന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.30ന് റാസല്‍ഖൈമയില്‍ എത്തും. മെയ് 31 വരെയുള്ള ഷെഡ്യൂളാണിത്.
വണ്‍വേയ്ക്ക് 30 ദിര്‍ഹം ടാക്സ് അടക്കം 630 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 60 ദിര്‍ഹം ടാക്സ് അടക്കം 1340 ദിര്‍ഹമാണ് ചാര്‍ജ്. 40 കിലോഗ്രാം ബാഗേജും പത്ത് കിലോഗ്രാം ഹാന്‍ഡ് ബാഗേജും അനുവദിക്കും. ഭക്ഷണം അടക്കമുള്ള ഫുള്‍ സര്‍വീസാണ് റാക്ക് എയര്‍വേയ്സിന്‍റേതെന്ന് ചീഫ്എക്സികുട്ടീവ് ഓഫീസര്‍ രവീന്ദ്രന്‍ പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ഷെഡ്യൂളിലായിരിക്കും സര്‍വീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മുതല്‍ രാത്രി 12.30 ന് പുറപ്പെടുന്ന വിമാനം രാവിലെ 5.55 ന് കരിപ്പൂരിലെത്തും. തിരിച്ച് രാവിലെ ഏഴിന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട് 9.30ന് റാസല്‍ ഖൈമയില്‍ എത്തും. വിവിധ എമിറേറ്റുകളില്‍ നിന്നും റാസല്‍ഖൈമ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാഹന സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, April 16, 2008 ) |
കൂടുതല്‍ വിദേശ വിമാനങ്ങള്‍ക്ക് പിന്നില്‍ ലീഗാണെന്ന്
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിദേശ വിമാനങ്ങള്‍ അനുവദിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്ലീംലീഗാണെന്ന് ലീഗ് നേതാവ് മായിന്‍ഹാജി അവകാശപ്പെട്ടു.
കരിപ്പൂരിലേക്ക് വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര കാബിനറ്റ് തീരുമാനം എടുത്തിരുന്നുവെന്നും ആ തീരുമാനത്തില്‍ മാറ്റം വന്നതിന് പിന്നില്‍ മുസ്ലീം ലീഗാണെന്നും അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.ടി മുഹമ്മദ്, കെ.വി.എ ഗഫൂര്‍, ഒ.കെ.എം മൗലവി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: കേരള രാഷ്ട്രീയം, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, April 15, 2008 ) |
റാക്ക് എയര്‍ വേയ്സിന്റെ കരിപ്പൂര്‍ സര്‍വീസ്
റാക്ക് എയര്‍ വേയ്സ് ഈ മാസം 22 മുതല്‍ കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിക്കും. റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരിലേക്ക് ദിവസവും വിമാനം സര്‍വീസ് ഉണ്ടാകും. പുലര്‍ച്ചെ 3.30 നാണ് റാസല്‍ഖൈമയില്‍ നിന്ന് വിമാനം പുറപ്പെടുക. കരിപ്പൂരില്‍ നിന്ന് രാവിലെ 8.30 നായിരിക്കും വിമാന സര്‍വീസ്.
കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്ക് ബോയിംഗ് 757 വിമാനമാണ് ഉപയോഗിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റാക്ക് എയര്‍വേയ്സിന്‍റെ കേരളത്തിലേക്കുള്ള ആദ്യ സര്‍വീസാണ് ഇത്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Monday, April 14, 2008 ) |
ഇന്ത്യന്‍ വിമാന കമ്പനികള്‍ നിരക്ക് കൂട്ടി
ഇന്ത്യന്‍ എയര്‍ ലൈന്‍സും എയര്‍ ഇന്ത്യയും ഇന്ധന നികുതി വര്‍ധിപ്പിച്ചു. ഇതോടെ യു.എ.ഇയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് ഇന്ന് മുതലും ഇന്ത്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്ക്‍ ഈ മാസം 12 മുതലും വര്‍ധിക്കും.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Thursday, April 10, 2008 ) |
പി.വി അബ്ദുല്‍ വഹാബ് എം.പിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
പി.വി അബ്ദുല്‍ വഹാബ് എം.പി.യെ കോഴിക്കോട് വച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പൈലറ്റ് ഇറക്കി വിട്ടതായി പരാതി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിമാനം കയറാന്‍ വന്ന തന്നോട് പൈലറ്റ് അപമര്യാദയായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യസഭ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി അയച്ചയതായി അദ്ദേഹം ദുബായില്‍ വ്യക്തമാക്കി. ബഹ്റിന്‍- ദോഹ- കാലിക്കറ്റ്-കൊച്ചി-ദോഹ ഐസി 998 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ ഇറക്കിവിട്ടത്. Labels: പീഢനം, വിമാന സര്‍വീസ്, വിവാദം
- ജെ. എസ്.
( Tuesday, April 08, 2008 ) |
ജെറ്റ് എയര്‍വേയ്സ് അബുദാബിയില്‍ നിന്ന്
ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍ വേയ്സ് അബുദാബിയില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നു. തുടക്കത്തില്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കായിരിക്കും സര്‍വീസ്. ഈ മാസം 23 മുതല്‍ ഈ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടായും. ബോയിംഗ് 737-800 വിമാനങ്ങളായിരിക്കും ഈ റൂട്ടില്‍ ഉപയോഗിക്കുക. 126 എക്കണോമി സീറ്റുകളും 24 ബിസിനസ് സീറ്റുകളുമാണ് ഉണ്ടാവുക. ഈ മാസം 18 മുതല്‍ ജെറ്റ് എയര്‍ വേയ്സ് ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Saturday, April 05, 2008 ) |
ജെറ്റ് എയര്‍ വേയ്സ് കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ്
ജെറ്റ് എയര്‍ വേയ്സ്ഈ മാസം 19 മുതല്‍ ദോഹിയില്‍ നിന്നും കൊച്ചിയിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കും. വരും നാളുകളില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കും കൊച്ചിയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ നിരവധി വിമാനക്കമ്പനികള്‍ മുന്നോട്ട് വരുന്നതോടെ യാത്രാക്കൂലിയില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Labels: ഖത്തര്‍, വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, April 02, 2008 ) |
എയര്‍ അറേബ്യ പിഴ ഈടാക്കും
യാത്ര റദ്ദ് ചെയ്യുകയോ യാത്രാ തീയതി മാറ്റുകയോ ചെയ്താല്‍ ഏപ്രില്‍ ഒന്ന് മുതല്‍ എയര്‍ അറേബ്യ യാത്രക്കാര്‍ പിഴ അടയ്ക്കേണ്ടി വരും. പുതിയ തീരുമാനം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Labels: പ്രവാസി, വിമാന സര്‍വീസ്
- ജെ. എസ്.
( Saturday, March 22, 2008 ) |
എമിറേറ്റ് എയര്‍ലൈന്‍ പുതിയ വിമാനക്കമ്പനിയെ സഹായിക്കും
ദുബായുടെ പുതിയ ബജറ്റ് വിമാനത്തെ സഹായിക്കുമെന്ന് എമിറേറ്റ് എയര്‍ലൈന്‍ കമ്പനി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ എമിറേറ്റ് സഹായിക്കുമെങ്കിലും പിന്നീട് സ്വതന്ത്രമായ ഒരു വിമാനകമ്പനിയായി ഇത് പ്രവര്‍ത്തിക്കും. ജബല്‍ അലിയിലെ പുതിയ വിമാനത്താവളത്തില്‍ നിന്നായിരിക്കും പ്രവര്‍ത്തനം.
Labels: ദുബായ്, വിമാന സര്‍വീസ്
- ജെ. എസ്.
( Thursday, March 20, 2008 ) |
ദുബായ്- അബുദാബി അതിര്‍ത്തിയില്‍ വന്‍ വാഹനാപകടം
കൂടുതല്‍ ദൃശ്യങ്ങള്‍ ഇവിടെ യു.എ.ഇയില്‍ ദുബായ്- അബുദാബി അതിര്‍ത്തിയില്‍ ഇന്നലെ രാവിലെ വന്‍ വാഹനാപകടമുണ്ടായി. 200 ലധികം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു. പത്തിലധികം പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. മലയാളികള്‍ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല. കനത്ത മൂടല്‍ മഞ്ഞാണ് അപകട കാരണം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ന് രാവിലെ അബുദാബി വിമാനത്താവളം അടച്ചിട്ടു. പുലര്‍ച്ചെ 2.22 മുതല്‍ രാവിലെ 9.48 വരെയാണ് വിമാനത്താവളം അടച്ചിട്ടത്. 27 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 200 മീറ്റര്‍ വരെയായി കാഴ്‌ച മങ്ങിയിരുന്നു. Labels: അപകടങ്ങള്‍, കാലാവസ്ഥ, ഗതാഗതം, ദുബായ്, യു.എ.ഇ., വിമാന സര്‍വീസ്
- ജെ. എസ്.
( Wednesday, March 12, 2008 ) |
വിമാന യാത്രാക്കൂലിയില്‍ വര്‍ധനവ് ഉണ്ടാകും
കുവൈറ്റില്‍ നിന്നും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ യാത്രാ നിരക്കിനൊപ്പം സര്‍ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലായാല്‍ വിമാന യാത്രാക്കൂലിയില്‍ വര്‍ധനവ് ഉണ്ടാകും.
Labels: കുവൈറ്റ്, വിമാന സര്‍വീസ്
- ജെ. എസ്.
( Tuesday, March 04, 2008 ) |
സൌജന്യ വിദേശയാത്രാ പദ്ധതി
ഇന്ത്യയിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ജറ്റ് എയര്‍വേയ്‌സ് സ്‌ഥിരം യാത്രക്കാര്‍ക്കായി സൗജന്യ വിദേശയാത്രാ പദ്ധതി അവതരിപ്പിച്ചു. ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ആഭ്യന്തര റൂട്ടുകളില്‍ 20 തവണയെങ്കിലും യാത്ര ചെയ്ുയന്ന യാത്രക്കാര്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക.
സിംഗപ്പൂര്‍, കുലാലംപൂര്‍, ഡാക്കാ, ദോഹ, കുവൈറ്റ്, ബഹ്‌റിന്‍, മസ്‌കറ്റ്, ബാങ്കോക്ക്, കൊളംബൊ എന്നിവിടങ്ങളിലേക്ക് സൗജന്യ റിട്ടേണ്‍ ടിക്കറ്റ് നല്‍കും. 72 എയര്‍ക്രാഫ്‌റ്റുകളുടെ നിരയുമായി 59 യാത്രാകേന്ദ്രങ്ങള്‍ക്കിടയില്‍ ജറ്റ് എയര്‍വേയ്‌സ് ദിനംപ്രതി 370 ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്.യാത്രക്കാരോടുള്ള ഉത്തരവാദിത്തം നിറഞ്ഞ സമീപനത്തിനുള്ള അംഗീകാരമായ അവയ ഗ്ലോബല്‍ കണക്‌ട് കസ്‌റ്റമര്‍ റെസ്‌പോണ്‍സിവ്‌നെസ് അവാര്‍ഡ് ജറ്റ് എയര്‍വേയ്‌സ് കഴിഞ്ഞവര്‍ഷം നേടിയെടുത്തു. ഏറ്റവും മികച്ച ആഭ്യന്തര എയര്‍ലൈനിനുള്ള ടി.ടി.ജി ട്രാവല്‍ ഏഷ്യാ അവാര്‍ഡ്, ഇന്ത്യയിലെ മുന്‍നിര വിമാനസര്‍വീസിനുള്ള ഗലീലിയോ എക്‌സ്പ്രസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അവാര്‍ഡ് എന്നിവയും കമ്പനി നേടിയെടുത്തു. ഫോബ്‌സ് ഗ്രൂപ്പിന്റെ അധീനതയിലുള്ള സാവില്‍റോ കമ്പനിയും ഇന്‍ഡ്യാ മൈന്‍ഡ് സ്‌കേപ്പും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ആദ്യ ലോയല്‍ട്ടി അവാര്‍ഡിനും ജറ്റ് എയര്‍വേയ്‌സാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശരാശരി 4.37 വര്‍ഷം മാത്രം പഴക്കമുള്ള വിമാനനിരയുമായി സര്‍വീസ് നടത്തുന്ന ജറ്റ് എയര്‍വേയ്‌സിന് ആ ഗണത്തിലും മുന്‍സ്‌ഥാനമാണുള്ളത്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, February 03, 2008 ) |
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മയക്കുമരുന്നു പിടികൂടി
കരിപ്പൂരില്‍ നിന്നു കൊളംബോയിലേക്ക് പോകാനിരുന്ന രണ്ട് യാത്രക്കാരുടെ കൈയ്യില്‍ നിന്നു മയക്കുമരുന്നുകള്‍ പിടികൂടി.
തമിഴ് നാട് സ്വദേശികളായ കാദര്‍ മൊയ്ദീന്‍ ജലാലുദീന്‍, നൈനാന്‍ മുഹമ്മദ് ബാബു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലമതിക്കും. വിമാനത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഇവരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. 48 പായ്ക്കറ്റുകളിലായി 29 കിലോഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. Labels: കുറ്റകൃത്യം, കേരളം, വിമാന സര്‍വീസ്
- ജെ. എസ്.
( Saturday, January 26, 2008 ) |
വിമാനം ഇറങ്ങാന്‍ വൈകി; കരിപ്പൂരില്‍ പ്രതിഷേധം
കൊണ്ടോട്ടി: പാര്‍ക്കിംഗ് ബേ നിറഞ്ഞ് നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്തതിനെതുടര്‍ന്ന് ആകാശത്ത് കറങ്ങിയ ഷാര്‍ജ വിമാനത്തിലെ യാത്രക്കാര്‍ കരിപ്പൂരില്‍ പ്രതിഷേധ സമരം നടത്തി.
ഇന്നലെ രാവിലെ എത്തിയ ഐ.സി 595 ഷാര്‍ജ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധ ശബ്ദം ഉയര്‍ത്തിയത്. പത്ത് വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണ് നിലവിലെ പാര്‍ക്കിംഗ്ബേയില്‍ ഉള്ളത്. ഇന്നലെ രാവിലെതന്നെ ഇവിടം നിറഞ്ഞിരുന്നു. കൃത്യസമയത്ത് കരിപ്പൂരിലെത്തിയ ഷാര്‍ജ വിമാനത്തിന് ഇക്കാരണത്താല്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം ഇറങ്ങിയ വിമാനം റണ്‍വേയില്‍നിന്ന് മാറി ഐസൊലേഷന്‍ ബേയില്‍ നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചു. അര മണിക്കൂറിലേറെ നേരം അവിടെ നിര്‍ത്തിയ ശേഷമാണ് ഏപ്രണിലേക്ക് കൊണ്ടുവന്നത്. ഇത് ഒരുപറ്റം യാത്രക്കാരെ ക്ഷുഭിതരാക്കി. ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതെ പ്രതിഷേധ ശബ്ദം ഉയര്‍ത്തി. 15 മിനിട്ടോളം പ്രതിഷേധ സമരം നീണ്ടുനിന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ ഉണ്ടായ സാങ്കേതിക തടസ്സം യാത്രക്കാരെ ധരിപ്പിച്ചതിനുശേഷമാണ് രംഗം ശാന്തമായത്. കരിപ്പൂരില്‍ നിലവില്‍ പത്ത് വിമാനം നിര്‍ത്തിയിടാനുള്ള സ്ഥലസൌകര്യമേ ഉള്ളൂ. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Saturday, January 26, 2008 ) |
ജെറ്റ് എയര്‍വെയ്സ് കുതിച്ച് പറക്കുന്നു. കോഴിക്കോട്ടുനിന്ന് നേരിട്ട് മസ്കറ്റിലേക്കും ദോഹയിലേക്കും ജനവരി 23 മുതല് പ്രതിദിന വിമാനസര്‍വീസ്
ജെറ്റ് എയര്‍വേസ് കോഴിക്കോട്ടുനിന്ന് നേരിട്ട് മസ്കറ്റിലേക്കും ദോഹയിലേക്കും ജനവരി 23 മുതല് പ്രതിദിന വിമാനസര്‍വീസ് തുടങ്ങുന്നു . അന്നുതന്നെ കൊച്ചി , മുംബൈ നഗരങ്ങളില് നിന്ന് മസ്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും .
തിരുവനന്തപുരത്തുനിന്നുകൂടി ഗള്‍ഫിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ആലോചനയുണ്ടെന്ന് ജറ്റ് എയര്‍ വേസ് ചെയര്‍ മാന്‍ നരേശ് ഗോയല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് ജെറ്റ് ഇപ്പോള് തന്നെ സര്‍വീസ് നടത്തുന്നുണ്ട് . 9 ഡബ്ല്യു 538 വിമാനം, കോഴിക്കോട്ടുനിന്ന് കാലത്ത് 9.30 ന് പുറപ്പെട്ട് 11.35 ന് മസ്കറ്റിലെത്തും. തിരിച്ചിങ്ങോട്ട് 9 ഡബ്ല്യു 537 ഫ്ലൈറ്റ്, പുലര്‍ ച്ചെ 2.30 ന് പുറപ്പെട്ട് കാലത്ത് എട്ടു മണിക്ക് കോഴിക്കോട്ട് എത്തും. ദോഹവിമാനം 9 ഡബ്ല്യു 554, കോഴിക്കോട്ടുനിന്ന് രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പത്തു മണിക്ക് ദോഹയില്‍ എത്തും. ദോഹയില്‍ നിന്നുള്ള 9 ഡബ്ല്യു 553 ഫ്ലൈറ്റ് തിങ്കള്‍ , ബുധന്‍ , വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ അവിടെനിന്ന് കാലത്ത് പത്തുമണിക്ക് പുറപ്പെട്ട് വൈകുന്നേരം 4.55 ന് കോഴിക്കോട്ടെത്തും. ചൊവ്വ, ശനി ദിവസങ്ങളില് 9 ഡബ്ല്യു 553, കാലത്ത് 11 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 5.55 ന് കോഴിക്കോട്ടെത്തും. കൊച്ചി _മസ്കറ്റ് ഫ്ലൈറ്റ് 9 ഡബ്ല്യു 534, കൊച്ചിയില്‍ നിന്ന് രാത്രി 10.50ന് പുറപ്പെട്ട് മസ്കറ്റില് പുലര് ച്ചെ ഒരു മണിക്ക് എത്തും . തിരിച്ചുള്ള ഫ്ലൈറ്റ് 9 ഡബ്ല്യു 533, ഉച്ചയ്ക്ക് 10.05 ന് പുറപ്പെട്ട് വൈകുന്നേരം 5.50 ന് കൊച്ചിയിലെത്തും. അബുദാബി , ദുബായ് , സൌദിഅറേബ്യ എന്നിവിടങ്ങളിലേക്കും സര്‍ വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്ന് നരേശ് ഗോയല്‍ പറഞ്ഞു. ചൈനയിലേക്ക് സര്‍വീസ് തുടങ്ങാന്‍ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു . മുംബൈയില്‍ നിന്ന് ഷാങ്ഹായ് വഴി സാന്‍ഫ്രാന്‍സിസ്കോവിലേക്കായിരിക്കും ഈ സര്‍വീസ് . ബെയ്ജിങ്, ഗ്വാങ്ഷു, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാന്‍ ജെറ്റിന് പരിപാടിയുണ്ട്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, January 20, 2008 ) |
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു
പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ പത്തു മുതല്‍ 15 ശതമാനംവരെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം . ഈ വര്‍ഷാവസാനത്തോടെ ഇത് നടപ്പാക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചത് .
കമ്പനിയുടെ പ്രവര്‍ത്തന മൂലധനം വര്‍ധിപ്പിക്കുകയാണ് ഉദ്ദേശ്യം. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഹരി വിറ്റഴിക്കാനുള്ള നടപടി തുടങ്ങും. ഇങ്ങനെ വില്‍ക്കുന്ന ഓഹരികളില്‍ ഒരു ഭാഗം കമ്പനി ജീവനക്കാര്‍ക്ക് തന്നെ നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട് . എയര്‍ ഇന്ത്യ പുതുതായി 100 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. ബോയിങ്, എയര്‍ ബസ് കമ്പനികളില്‍ നിന്ന് 111 വിമാനങ്ങള്‍ വാങ്ങാന്‍ നേരത്തേ തന്നെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് . വിമാന ഇന്ധനങ്ങളുടെ കസ്റ്റംസ് _ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം ധനമന്ത്രി പി. ചിദംബരവുമായി അടുത്തയാഴ്ച താന്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു . ലോകത്ത് വിമാന ഇന്ധനത്തിന്റെ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിന്റെ വില്പനനികുതി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോടും മന്ത്രി അഭ്യര്‍ഥിച്ചു . വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 35_40 ശതമാനവും ഇന്ധനവിലയാണെന്ന് മന്ത്രി പറഞ്ഞു. Labels: ഇന്ത്യ, വിമാന സര്‍വീസ്
- ജെ. എസ്.
( Sunday, January 13, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്