ബുര്‍ഖ നിരോധിക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു
സ്ത്രീകളുടെ അവകാശ ലംഘനമായി കണ്ട് ബുര്‍ഖ ഫ്രാന്‍സില്‍ നിരോധിക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണം നടത്താന്‍ ഫ്രെഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസി ഒരുങ്ങുന്നു. ഇതിലേക്കുള്ള ആദ്യ പടിയായി ബുര്‍ഖയുടെ ഉപയോഗം സ്ത്രീകളുടെ അവകാശ ലംഘനമാണ് എന്ന് അംഗീകരിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ച് പാസ്സാക്കാന്‍ സര്‍ക്കോസി ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം മുസ്ലിം ജനതയെ അലോസര പ്പെടുത്താതെ കൈകാര്യം ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുര്‍ഖ ഫ്രാന്‍സില്‍ സ്വാഗതാര്‍ഹമല്ല എന്ന തന്റെ നേരത്തേയുള്ള നിലപാടി ആവര്‍ത്തിച്ച സര്‍ക്കോസി, പുതിയ നിയമ നിര്‍മ്മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്ത വിധം കുറ്റമറ്റതാവണം എന്നും അഭിപ്രായപ്പെട്ടു. ലിംഗ സമത്വവും, അന്തസ്സും, ജനാധിപത്യവും എതിര്‍ക്കുന്ന ശക്തികള്‍ക്ക് ഇതിനെ ചോദ്യം ചെയ്യാനും എതിര്‍ത്ത് തോല്‍പ്പിക്കാനും കഴിയാത്ത വിധം സമ്പൂര്‍ണ്ണമായിരിക്കണം ഈ ബില്‍. അതോടൊപ്പം തന്നെ മുസ്ലിം ജനതയുടെ വികാരങ്ങള്‍ കണക്കിലെടുക്കുകയും വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. Labels: മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Friday, January 15, 2010 ) |
ബി.ജെ.പി. സ്ത്രീ വിരുദ്ധം എന്ന് വസുന്ധര
പ്രമുഖ ബി.ജെ.പി. നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യ മന്ത്രിയുമായ വസുന്ധര രാജെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചുവെങ്കിലും പാര്‍ട്ടിക്ക് ഏറെ തലവേദന സൃഷ്ടിച്ചു കൊണ്ടു തന്നെയാവും അവര്‍ അരങ്ങൊഴിയുന്നത്. താന്‍ ഒരു സ്ത്രീ അയത് കൊണ്ടാണ് പാര്‍ട്ടി തന്നെ ബലിയാടാക്കിയത് എന്ന് ബി. ജെ. പി. പാര്‍ലമെന്ററി ബോര്‍ഡിന് അയച്ച എഴുത്തില്‍ അവര്‍ ആരോപിച്ചു. രാജസ്ഥാനിലെ ബി. ജെ. പി. നേതാക്കള്‍ താന്‍ മുഖ്യ മന്ത്രി ആയിരുന്നപ്പോഴും തന്നോട് സഹകരിച്ചിരുന്നില്ല. ബി. ജെ. പി. യില്‍ സ്ത്രീകള്‍ക്ക് വളരുവാനുള്ള സാഹചര്യം ഉണ്ടാവണം എന്ന് അവര്‍ ആവശ്യപ്പെട്ടു. താന്‍ രാജി വെക്കണം എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം താന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത് എന്നത് അപമാനകരമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Labels: സ്ത്രീ
- ജെ. എസ്.
( Sunday, October 25, 2009 ) |
ഭീകരര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പോരാട്ടം
ജമ്മു : തന്നെ തട്ടി കൊണ്ടു പോവാന്‍ ശ്രമിച്ച ആറു ഭീകരരെ പെണ്‍കുട്ടി തുരത്തി. അതില്‍ ഒരു ഭീകരനെ അയാളുടെ തന്നെ എ. കെ. 47 യന്ത്ര തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയും ചെയ്തു. ഞായറാഴ്‌ച്ച വൈകീട്ടാണ് ജമ്മുവിലെ രജൂരിയിലെ റുക്സാന കൌസര്‍ എന്ന പെണ്‍കുട്ടി ധീരമായ ഈ കൃത്യത്തിലൂടെ ഭീകരതയ്ക്കെ തിരെയുള്ള പോരാട്ടത്തില്‍ ഒരു പുതിയ മാനം കൈവരിച്ചത്. രാജ്യത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് മാതൃകയും, അഭിമാനവും, പ്രചോദനവും ആയി റുക്സാന.
വീട്ടില്‍ അതിക്രമിച്ചു കയറി റുക്സാനയെ തട്ടി കൊണ്ടു പോകാനായിരുന്നു ഭീകരരുടെ ശ്രമം. റുക്സാനയെ തങ്ങള്‍ക്ക് വിട്ട് കൊടുക്കണം എന്ന് ലെഷ്കര്‍ എ തൊയ്ബ ആണെന്ന് സംശയിക്കപ്പെടുന്ന ഭീകരര്‍ റുക്സാനയുടെ മാതാ പിതാക്കളോട് ആവശ്യപ്പെട്ടു. അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ അവരെ മര്‍ദ്ദിച്ചു. തന്നെ കയറി പിടിച്ച ഒരു ഭീകരനെ റുക്സാന തള്ളി മാറ്റുകയും മതിലില്‍ ചെന്ന് ഇടിച്ച ഇയാളുടെ കയ്യില്‍ ഇരുന്ന AK-47 തോക്ക് തട്ടി പറിച്ച്, ഇയാളുടെ നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കു നേരെയും പെണ്‍കുട്ടി വെടി വെച്ചു. ഒരു ഭീകരന് പരിക്ക് പറ്റുകയും മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. റുക്സാനയ്ക്കൊപ്പം സഹോദരനും ഭീകരരെ ആക്രമിയ്ക്കുന്നതില്‍ റുക്സാനയുടെ കൂടെ ഉണ്ടായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഒരു മഴു കൊണ്ടാണ് ഇദ്ദേഹം ഭീകരരെ നേരിട്ടത്. സംഭവത്തിനു ശേഷം ഇവര്‍ പോലീസിനെ വിളിയ്ക്കുകയും സ്ഥലത്തെത്തിയ പോലീസിന് റുക്സാന തോക്ക് കൈമാറുകയും ചെയ്തു. ഭീകരരുടെ പ്രതികാര നടപടി ഭയക്കുന്ന റുക്സാനയുടെ കുടുംബം, തങ്ങളെ പരിരക്ഷിയ്ക്കാന്‍ സൈന്യത്തോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പൊരുതാന്‍ തന്നെ സഹായിച്ചത് ഗ്രാമത്തില്‍ ഭീകര വിരുദ്ധ സമിതി നല്‍കിയ പരിശീലനം ആണ് എന്നാണ് റുക്സാന പറയുന്നത്. AK-47 തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം ഗ്രാമ സമിതി നല്‍കിയിരുന്നു. ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ജനകീയ മുന്നേറ്റം ശക്തമാകുന്നു എന്ന ഇത്തരമൊരു സൂചന ആശാവഹമാണ്. Jammu girl Ruksana Kausar fights terrorists and kills one with AK-47
- ജെ. എസ്.
( Tuesday, September 29, 2009 ) 1 Comments:
Links to this post: |
ആഞ്ചല്‍ ഡോഗ്ര സൌന്ദര്യ റാണിയായി
കാനഡയിലെ ഏറ്റവും വലിയ സൌന്ദര്യ മത്സരത്തില്‍ 25 കാരിയായ ആഞ്ചല്‍ ഡോഗ്ര മിസ് ഇന്‍ഡ്യ - കാനഡ 2009 സൌന്ദര്യ പട്ടം നേടി. ഞായറാഴ്‌ച്ച രാത്രി ടൊറോണ്ടോയില്‍ ആണ് സൌന്ദര്യ മത്സരം നടന്നത്. 16 മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു ആഞ്ചല്‍. “തനിക്ക് ഇത് വിശ്വസിക്കാന്‍ ആവുന്നില്ല” എന്നായിരുന്നു സൌന്ദര്യ റാണി യായി കിരീടം ചൂടിയ ആഞ്ചലിന്റെ പ്രതികരണം. ഓള്‍ട്ടര്‍ണേറ്റ് മെഡിസിനില്‍ (മറ്റ് ചില്‍കിത്സാ സമ്പ്രദായങ്ങള്‍) ബിരുദാനന്തര ബിരുദ ധാരിണിയും ഫിസിയോ തെറാപ്പിസ്റ്റുമാണ് ആഞ്ചല്‍.
നേരത്തേ ദുബായില്‍ ആയിരുന്ന ആഞ്ചല്‍ അടുത്ത കാലത്താണ് കാനഡയിലേക്ക് കുടിയേറിയത്. തന്റെ ലക്ഷ്യം ഉന്നതങ്ങളിലാണെന്ന് ആഞ്ചല്‍ പലപ്പോഴും പറയുമായിരുന്നു എന്ന് ദുബായിലെ സുഹൃത്തുക്കള്‍ പറയുന്നു. ലിസാ റേ, കോമള്‍ സിദ്ധു, റൂബി ഭാട്ടിയ എന്നിവര്‍ക്ക് നേരത്തെ ഈ പദവി ലഭിച്ചിട്ടുണ്ട്. Aanchal Dogra Is Crowned New Miss India - Canada
- ജെ. എസ്.
( Monday, August 24, 2009 ) |
ഇറാന്‍ പത്രം അടച്ചു പൂട്ടി
പൊതു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ആരോപിച്ചു പ്രതിഷേധം നടത്തി തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ തടവറക്കുള്ളില്‍ ബലാത്സംഗം ചെയ്തു പീഢിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ച ‘എതമാദ് എ മെല്ലി’ എന്ന ദിനപത്രം ഇറാന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടി. നിയമ വിരുദ്ധ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞാണ് പത്രം അടപ്പിച്ചത് എന്ന് ഇറാന്റെ സര്‍ക്കാര്‍ അധീനതയിലുള്ള ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി. ഇതിനെതിരെ പത്രം ഓഫീസുകള്‍ക്കു മുന്‍പില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുമായി പോലീസ് ഏറ്റു മുട്ടി. ഇറാനിലെ തിരുത്തല്‍ വാദി നേതാവ് മെഹ്ദി ഖരൂബിയുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‌വുള്ള പത്രമാണ് അടച്ച് പൂട്ടിയത്. പത്രത്തിലെ ജോലിക്കാരെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഇനി ആരും ജോലിക്ക് വരരുത് എന്ന് താക്കീത് നല്‍കുകയും ചെയ്തു.
Labels: ഇറാന്‍, പീഢനം, പ്രതിഷേധം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Tuesday, August 18, 2009 ) |
പെണ്‍ ഭ്രൂണ ഹത്യ ഇന്ത്യക്ക് അപമാനകരം
ഇന്ത്യന്‍ സമൂഹത്തിന് കളങ്കമായ പെണ്‍ ഭ്രൂണ ഹത്യ എത്രയും വേഗം ഇല്ലാതാക്കണം എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ 63-ാം സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുക ആയിരുന്നു പ്രധാന മന്ത്രി. ജനനത്തിനു മുന്‍പേ പെണ്‍ കുഞ്ഞിനെ നശിപ്പിച്ചു കളയുന്ന പ്രവണത നമ്മുടെ സമൂഹത്തിന് അപമാനകരമാണ്. രാജ്യത്തിന്റെ പുരോഗതിക്ക് സ്ത്രീകളുടെ പങ്ക് നിര്‍ണ്ണായകമാണ്. സ്ത്രീ സമത്വം നടപ്പിലാവാതെ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ ആവില്ല. പാര്‍ളമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. ഗ്രാമീണ്‍ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തി ആവശ്യത്തിന് പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ സ്ത്രീ സാക്ഷരതാ മിഷന്റെ പ്രഖ്യാപനം നടത്തിയ പ്രധാനമന്ത്രി ഈ പദ്ധതി പ്രകാരം രാജ്യത്തെ സ്ത്രീകളിലെ നിരക്ഷരത പകുതിയായി കുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് അറിയിച്ചു. മാര്‍ച്ച് 2012 ആവുമ്പോഴേക്കും കുട്ടികളുടെ സമഗ്ര വികസന പദ്ധതിയുടെ പരിധിയില്‍ ആറു വയസിനു കീഴിലുള്ള എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തുമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പ്രത്യേക പരിരക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും പ്രധാനമന്ത്രി പറഞ്ഞു.
Female Foeticide A Shame For Indian Society - Manmohan Singh Labels: കുട്ടികള്‍, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Saturday, August 15, 2009 ) |
വിവാദ റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ തള്ളി
മംഗലാപുരത്ത് പബില്‍ അതിക്രമിച്ചു കയറി പെണ്‍ കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അക്രമികളെ കുറ്റ വിമുക്തം ആക്കി സുരക്ഷാ സംവിധാനത്തിന്റെ പാളിച്ച ആണ് സംഭവത്തിന് കാരണം എന്ന ഒരു വനിതാ കമ്മീഷന്‍ അംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ തള്ളി. ശ്രീ രാമ സേന എന്ന ഒരു തീവ്ര ഹിന്ദുത്വ സംഘത്തിന്റെ പ്രവര്‍ത്തകരാണ് ലോകത്തിനു മുന്‍പില്‍ ഇന്ത്യയെ നാണം കെടുത്തിയ താലിബാന്‍ മോഡല്‍ ആക്രമണം മംഗലാപുരത്ത് അഴിച്ചു വിട്ടത്. സംഭവ സ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ്, പെണ്‍ കുട്ടികള്‍ സ്വയം അച്ചടക്കം പാലിക്കണം എന്നും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത അമര്‍ഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
എന്നാല്‍ ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വനിതാ കമ്മീഷന്‍ ഈ റിപ്പോര്‍ട്ട് വിശദം ആയി പഠിച്ച ശേഷം ഇത് തള്ളുവാന്‍ തീരുമാനിച്ചതായ് കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസ് അറിയിച്ചു. Labels: ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Friday, February 06, 2009 ) |
സ്ത്രീകള്‍ തങ്ങളുടെ സുരക്ഷ സ്വയം ഉറപ്പാക്കണം - വനിതാ കമ്മീഷന്‍
മംഗലാപുരത്തെ പബില്‍ ശ്രീ രാമ സേന പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ എത്തിയ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന്റെ ഗതി തന്നെ തിരിച്ചു വിടുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. പെണ്‍കുട്ടികളെ ആക്രമിച്ചവരെ ജെയിലില്‍ ചെന്ന് കണ്ട കമ്മീഷന്‍ ആക്രമണത്തിന് ഇവരെ പ്രേരിപ്പിച്ചത് എന്താണ് എന്ന് പ്രതികളോട് ആരാഞ്ഞുവത്രെ. പബില്‍ നടക്കുന്ന അഴിഞ്ഞാട്ടത്തെ കുറിച്ച് വിവരം കിട്ടി എത്തിയ തങ്ങള്‍ അവിടെ എത്തിയത് പെണ്‍കുട്ടികളെ സംരക്ഷിക്കുവാന്‍ വേണ്ടി ആണ് എന്ന് ഇവര്‍ കമ്മീഷനോട് വെളിപ്പെടുത്തി. നാമ മാത്രമായി വസ്ത്ര ധാരണം ചെയ്ത് നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ട തങ്ങള്‍ നിയന്ത്രണം വിട്ട് പെരുമാറിയതില്‍ ഖേദിക്കുന്നു എന്നും പ്രതികള്‍ കമ്മീഷനോട് സമ്മതിച്ചതായി കമ്മീഷന്‍ അംഗം നിര്‍മ്മല വെങ്കടേഷ് പറഞ്ഞു. ഒരു മണിക്കൂറോളം താന്‍ പ്രതികളുമായി ജെയിലില്‍ ചിലവഴിച്ചുവെന്നും ഇനി മേലാല്‍ നിയമം കയ്യിലെടുക്കരുത് എന്നും സ്ത്രീകളെ അടിക്കരുത് എന്നും താന്‍ ഇവരെ ഉപദേശിച്ചു എന്നും കമ്മീഷന്‍ അംഗം അറിയിച്ചു.
പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പബ് നടത്തിപ്പുകാരന്റെ മേലെ കെട്ടി വച്ച കമ്മീഷന്‍ പബിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പബിനോട് അനുബന്ധിച്ചുള്ള ലോഡ്ജില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാത്രമേ അവര്‍ക്ക് ലൈസന്‍സ് ഉള്ളൂ. അല്ലാതെ മദ്യ സല്‍ക്കാരം നടത്തുവാന്‍ പാടുള്ളതല്ല. ആ നിലക്ക് മദ്യ സല്‍ക്കാരവും ബാന്‍ഡ് മേളവും നടത്തി പെണ്‍കുട്ടികള്‍ക്ക് നഗ്ന നൃത്തവും മറ്റ് ആഭാസങ്ങളും നടത്താന്‍ സൌകര്യം ചെയ്ത് കൊടുത്ത പബ് നടത്തിപ്പുകാരന്‍ ആണ് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി എന്നാണ് കമ്മീഷന്റെ നിലപാട്. നഗ്ന നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മതിയായ സുരക്ഷിതത്വത്തിനുള്ള ക്രമീകരണങ്ങളും ലഭ്യമല്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് അവിടെ ആരേയും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം സുരക്ഷിതം അല്ലാത്ത ഇടങ്ങളില്‍ പോകുന്ന പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നത്. പെണ്‍കുട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങളില്‍ നിന്നും സ്ത്രീകള്‍ പാഠം ഉള്‍ക്കൊള്ളണം എന്നും അവര്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വന്തം സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം എന്ന പാഠം. സ്റ്റേറ്റിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറി കുറ്റവാളികളെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്ന രീതിയില്‍ ഉള്ള വനിതാ കമ്മീഷന്റെ ഈ പിന്തിരിപ്പന്‍ നിലപാടില്‍ വിവിധ വനിതാ സംഘടനകള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. Labels: ക്രമസമാധാനം, പോലീസ്, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ
- ജെ. എസ്.
( Saturday, January 31, 2009 ) |
ഐസ് ലാന്‍ഡില്‍ ലോകത്തെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രി
ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ രതിക്കാരി പ്രധാന മന്ത്രിയായി ഐസ് ലാന്‍ഡിലെ ജോഹന്ന സിഗുവദര്‍ദോട്ടിര്‍ സ്ഥാനമേറ്റു. മെയ് മാസം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ ഇവര്‍ പ്രധാന മന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കും. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനെ തുടര്‍ന്ന് ഭരണത്തില്‍ ഇരുന്ന സര്‍ക്കാര്‍ രാജി വെച്ച സാഹചര്യത്തില്‍ ആണ് ഐസ് ലാന്‍ഡിലെ ഏറ്റവും കൂടുതല്‍ കാലം പാര്‍ലമെന്റ് അംഗം ആയിരുന്ന ഇവര്‍ പ്രധാന മന്ത്രി സ്ഥാനം ഏറ്റെടുത്തറ്റ്. നേരത്തെ ഇവര്‍ സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ആയിരുന്നു. സ്വവര്‍ഗ്ഗ രതിക്ക് തുറന്ന പിന്തുണ നല്‍കുന്ന, സ്വവര്‍ഗ്ഗ രതിക്കാരിയാണ് താന്‍ എന്ന് തുറന്നു സമ്മതിക്കുന്ന ഇവര്‍ അധികാരത്തില്‍ എത്തുന്നതിനെ ബ്രിട്ടനിലെ സ്വവര്‍ഗ്ഗ രതിക്കാരുടെ അവകാശ സംരക്ഷണത്തിനുള്ള സംഘടനകള്‍ സ്വാഗതം ചെയ്തു. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ അധികാരത്തില്‍ ഏറിയ അവസരത്തില്‍ ഇങ്ങനെ ഒരു കാര്യം ഇവിടെ സംഭവിച്ചത് ശുഭ സൂചകം ആണ് എന്നാണ് ഇവരുടെ അഭിപ്രായം.
ഒരു എയര്‍ ഹോസ്റ്റസ്സ് ആയി ജീവിതം തുടങ്ങിയ ജോഹന്ന പിന്നീട് എയര്‍ ഹോസ്റ്റസ്സുമാരുടെ യൂണിയന്റെ നേതാവുമായി. യൂണിയന്‍ പ്രവര്‍ത്തനത്തെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്തിയ ഇവര്‍ 1978ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയോടെ പാര്‍ലമെന്റ് അംഗമായി. 1987ല്‍ മന്ത്രിയായ ഇവര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനും ആയി. പാര്‍ട്ടിയുടെ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ ഉള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ “എന്റെ സമയവും വരും” എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാര്‍ട്ടി വിട്ടു 1995ല്‍ സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കി. ഈ പ്രഖ്യാപനം അതോടെ ഐസ് ലാന്‍ഡിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ എന്നെന്നേക്കുമായി ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ 2000ല്‍ ഇവര്‍ വീണ്ടും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ തിരിച്ചെത്തി. 2007ല്‍ സാമൂഹ്യ സുരക്ഷാ മന്ത്രിയുമായി. നേരത്തെ ഒരു ബാങ്കറെ വിവാഹം ചെയ്ത ഇവര്‍ക്ക് രണ്ട് മുതിര്‍ന്ന ആണ്‍കുട്ടികള്‍ ഉണ്ട്. ഇവര്‍ പാര്‍ലമെന്റില്‍ എത്തിയ ഉടന്‍ തന്നെ സ്വവര്‍ഗ്ഗ രതിക്കാരുടെ ദേശീയ സംഘടന നിലവില്‍ വരികയുണ്ടായി. സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് എതിരെ നിലവില്‍ ഉണ്ടായിരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച സംഘടനയുടെ ശ്രമ ഫലം ആയി 1996ല്‍ ഐസ് ലാന്‍ഡ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കി. 2002ല്‍ തന്റെ അറുപതാം വയസ്സില്‍ ജോഹന്ന ജോനിന എന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ സിവില്‍ വിവാഹം ചെയ്തു ഇവരോടൊപ്പം തന്റെ ആദ്യ വിവാഹത്തിലെ രണ്ട് മക്കളുമായി ഇപ്പോള്‍ ജീവിക്കുന്നു. Labels: അന്താരാഷ്ട്രം, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ
- ജെ. എസ്.
( Friday, January 30, 2009 ) |
അഡ്നാന്‍ സാമിക്കെതിരെ പീഡനത്തിന് കേസ്
പ്രശസ്ത ഗായകന്‍ ആയ അഡ്നാന്‍ സാമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. അഡ്നാന്‍ സാമിയുടെ ഭാര്യ സബാ ഗളദാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍ സൊനോനെ അറിയിച്ചു. തന്നെ ഭര്‍ത്താവ് മുംബൈയിലെ ലോഖണ്ഡ്‌വാലയിലുള്ള തങ്ങളുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുന്നു എന്ന് അഡ്നാന്‍ സാമിയുടെ ഭാര്യ വ്യാഴാഴ്ച രാത്രിയാണ് അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. കേസ് റെജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. അഡ്നാന്‍ സാമിയോട് ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.
- ജെ. എസ്.
( Friday, January 30, 2009 ) |
കന്യാസ്ത്രീ പ്രതികളെ തിരിച്ചറിഞ്ഞു
വിശ്വ ഹിന്ദു പരിഷദ് നേതാവ് ലക്ഷ്മണാനന്ദ സരസ്വതി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒറീസ്സയില്‍ നടന്ന ബന്ദിനിടയില്‍ വര്‍ഗ്ഗീയ കലാപകാരികളാല്‍ മാന ഭംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. ഇരുപത്തി ഒന്‍പത് കാരിയായ കത്തോലിക്ക സന്യാസിനിയെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് ഒറീസ്സയിലെ കന്ധമാലില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്തോളം പേര്‍ക്ക് പുറമെ എണ്‍പത് പേര്‍ വേറെയും ഉണ്ടായിരുന്നു പരേഡില്‍. ഇവരില്‍ നിന്നാണ് തന്നെ ആക്രമിച്ച രണ്ടു പേരെ ഇവര്‍ തിരിച്ചറിഞ്ഞത്. ശനിയാഴ്ച നടത്തുവാനിരുന്ന പരേഡ് മാധ്യമ ശ്രദ്ധ ഒഴിവാക്കുവാന്‍ വേണ്ടിയാണ് തിങ്കളാഴ്ച നടത്തിയത് എന്ന് പോലീസ് അറിയിച്ചു.
Labels: കുറ്റകൃത്യം, തീവ്രവാദം, പീഢനം, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Tuesday, January 06, 2009 ) |
ലോക സുന്ദരി: ജൂറി നിഗമനം ശരിയായില്ല എന്ന് പാര്‍വ്വതി
ലോക സുന്ദരി മത്സരത്തില്‍ ഈ തവണ രണ്ടാം സ്ഥാനം നേടിയ പാര്‍വ്വതി പറയുന്നത് ജൂറികളുടെ നിഗമനം ശരിയായില്ല എന്നാണ്. മറ്റുള്ള വരേക്കാള്‍ താന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചതെന്നും നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു എന്നും പാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ ഒന്നും തന്നെ കടുപ്പമുള്ള തായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.
Labels: ലോക മലയാളി, വിനോദം, സ്ത്രീ
- ബിനീഷ് തവനൂര്‍
( Monday, December 15, 2008 ) |
പാര്‍വതി രണ്ടാമത്തെ ലോക സുന്ദരി
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി മലയാളിയായ പാര്‍വതി ഓമന കുട്ടന്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തി. സൌത്ത് ആഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗില്‍ നടന്ന ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ഒന്നാമത് എത്തിയത് റഷ്യന്‍ സുന്ദരി സെനിയ സുഖിനോവയാണ്. ഏപ്രിലില്‍ മിസ് ഫെമിന സൌന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യയായ പാര്‍വതിയോട് അവസാന റൌണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. മൂന്ന് കാര്യങ്ങള്‍ ആണ് എന്നെ പ്രത്യേകമായി ആകര്‍ഷിച്ചത്. ജോഹന്നസ് ബര്‍ഗിലെ ആള്‍ക്കാര്‍ ഇന്ത്യക്കാരെ പോലെ തന്നെ നന്മ നിറഞ്ഞവരാണ്. രണ്ട് ലോക നേതാക്കളുടെ സാന്നിധ്യം രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയും നെല്‍സണ്‍ മന്‍ഡേലയും. മൂന്നാമതായി ഞാന്‍ ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരുനാട്ടില്‍ നിന്നും മറ്റൊരു മഹത്തായ പാരമ്പര്യം ഉള്ള നാട്ടില്‍ എത്തിയിരിക്കുന്നു എന്ന് എനിക്ക് സൌത്ത് ആഫ്രിക്കയില്‍ എത്തിയപ്പോള്‍ തോന്നി. പാര്‍വതിയുടെ നയപരവും ഔചിത്യ പൂര്‍ണ്ണവും ആയ മറുപടി കാണികള്‍ ആവേശ പൂര്‍വ്വം ഏറ്റു വാങ്ങുക യുണ്ടായി.
21 കാരിയായ ഈ അഞ്ചടി ഒന്‍പതിഞ്ചുകാരിക്ക് ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടത്രെ. കോട്ടയം സ്വദേശിനിയായ പാര്‍വതി ജനിച്ചു വളര്‍ന്നത് മുംബൈയില്‍ ആണെങ്കിലും മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുന്നു. നന്നായി മലയാളം സംസാരിക്കുന്ന പാര്‍വതി താന്‍ മലയാള തനിമ എപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നും പറഞ്ഞു. Labels: ലോക മലയാളി, വിനോദം, സ്ത്രീ
- ജെ. എസ്.
( Sunday, December 14, 2008 ) |
പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ ചാനല്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചു
ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം രക്ഷപ്പെടുത്തി. ആയയുടെ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചാണ് കൊല്ലം സ്വദേശിയായ ഈ യുവതിയെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിച്ചത്. ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പെണ്‍കുട്ടിയെ ഹമരിയയിലെ ഒരു വില്ലയില്‍ താമസിപ്പിച്ചതായി വിവരം ലഭിച്ചു. ഈ വില്ലയിലെ ബോയിയെ ഫോണില്‍ വിളിച്ച് കസ്റ്റമര്‍ എന്ന വ്യാജേനെയാണ് മാധ്യമ സംഘം അവിടെ എത്തിയത്.
പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് അവിടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പോണ്ടിച്ചേരി സ്വദേശി പറഞ്ഞതോടെ പിന്നെ ബലം പ്രയോഗിക്കേണ്ടി വന്നു. വില്ലയിലെ ഓരോ മുറികളും തുറപ്പിച്ച് പെണ്‍കുട്ടിയെ താമസിപ്പിച്ച മുറി കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ആയയുടെ ജോലി വാഗ്ദാനം ചെയ്ത് തന്റെ വീടിന് അടുത്തുള്ള ഒരു ആള്‍ വഴി പരിചയപ്പെട്ട ഏജന്റ് ആണ് തന്നെ ദുബായിലെത്തിച്ചതെന്ന് കൊല്ലം ജില്ലക്കാരിയായ യുവതി പറഞ്ഞു. ദുബായില്‍ എത്തി മൂന്ന് ദിവസത്തിനകം തന്നെ 23 കാരിയായ യുവതിയെ പെണ്‍ വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. ഹമരിയയിലെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ തങ്ങള്‍ എത്തുമ്പോള്‍ മറ്റ് മുറികളില്‍ വേറെയും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ഏഷ്യനെറ്റ് ദുബായ് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉള്ള മുറികളില്‍ ബോയിയുടെ മേല്‍ നോട്ടത്തിലാണ് പെണ്‍ വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനായ ഒരു മലയാളി ക്യാമറയും മറ്റും കണ്ടതോടെ അവിടെ നിന്ന് പതിയെ മുങ്ങി എന്നും ഫൈസല്‍ പറയുന്നു. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതിയെ ഇപ്പോള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവരെ നാട്ടിലേക്ക് കയറ്റി വിടുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ചതിയില്‍ പ്പെട്ട് നിരവധി മലയാളി സ്ത്രീകള്‍ ഇപ്പോഴും യു.എ.ഇ. യില്‍ എത്തുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് തന്നെയാണ് ഇത് തടയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത്. ഫൈസല്‍ ബിന്‍ അഹമദിനൊപ്പം ഈ ഉദ്യമത്തില്‍ ക്യാമറമാന്‍ തന്‍വീറും, കെ. എം. സി. സി. നേതാവ് എബ്രാഹിം എളേറ്റിലും മറ്റു ചില പ്രവര്‍ത്തകരുമുണ്ടായിരുന്നു. Labels: കുറ്റകൃത്യം, ഗള്‍ഫ്, തട്ടിപ്പ്, പീഢനം, സ്ത്രീ
- ജെ. എസ്.
( Wednesday, September 17, 2008 ) |
പെണ്‍ വാണിഭം തിരുവനന്തപുരം എമിഗ്രേഷന്റെ ഒത്താശയോടെ
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഗള്‍ഫിലെത്തിച്ച് പെണ്‍ വാണിഭ സംഘത്തിന് വില്‍ക്കുന്നവരുടെ പ്രവര്‍ത്തനം സജീവമാകുന്നതായി കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിക്കുന്ന സംഘം തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇവരെ കയറ്റി വിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ചില എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെയാണ് മിക്ക യുവതികളേയും വിമാനം കയറ്റിവിടുന്നത്. ഏജന്‍റിന്‍റെ ഒരു ഫോണ്‍ കോളിലൂടെ എമിഗ്രേഷന്‍ പരിശോധനകള്‍ ഇല്ലാതെ തനിക്ക് തിരുവനന്തപുരത്ത് നിന്ന് വിമാനം കയറാനായെന്ന് കഴിഞ്ഞ ദിവസം പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്നും ചാനല്‍ ന്യൂസ് സംഘത്തിന്‍റെ സഹായത്തോടെ രക്ഷപ്പെട്ട യുവതി വ്യക്തമാക്കി. യുവതികള്‍ക്ക് ഒറ്റയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍ കര്‍ശന നിബന്ധനകള്‍ നില നില്‍ക്കേയാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണ്ട യുവതികള്‍ പോലും തിരുവനന്തപുരം വിമാനത്താവളം വഴി എളുപ്പത്തില്‍ വിമാനം കയറുന്നത്. ഇപ്പോഴും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള പുഷിംഗ് എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഈ സംവിധാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിലനില്‍ക്കു ന്നുണ്ടെന്നാണ് വ്യക്തമാവുന്നത്. Labels: കുറ്റകൃത്യം, തട്ടിപ്പ്, പീഢനം, സ്ത്രീ
- ജെ. എസ്.
( Monday, July 28, 2008 ) |
കാണാതായ പെണ്‍കുട്ടി ബഹറൈന്‍ സെക്സ് റാക്കറ്റിലെന്ന് സംശയം
10 വര്‍ഷം മുമ്പ് കോഴിക്കോട് വടകരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി ബഹറൈനില്‍ സെക്സ് റാക്കറ്റില്‍ പെട്ടതായി സംശയം ബലപ്പെടുന്നു. നാട്ടുകാരനായ ഒരാള്‍ ഈ പെണ്‍കുട്ടിയെ കണ്ടുമുട്ടിയതായി പറയുന്നു.
10 വര്‍ഷം മുമ്പ് വടകരയ്ക്കടുത്തുള്ള ആയഞ്ചേരിയില്‍ നിന്ന് കാണാതാവുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 16 വയസാണ് ഉണ്ടായിരുന്നത്. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ഒരു ദിവസം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും അന്വേഷിക്കുകയും ചെയ്തെങ്കിലും ഇതു വരെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. Labels: കുറ്റകൃത്യം, തട്ടിപ്പ്, ബഹറൈന്‍, മനുഷ്യാവകാശം, സ്ത്രീ
- ജെ. എസ്.
( Sunday, July 13, 2008 ) |
സൗദിയില്‍ ആദ്യമായി കാറപകടത്തില്‍ ഒരു വനിത ഡ്രൈവര്‍ കൊല്ലപ്പെട്ടു
സ്വദേശി വനിതയാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതിയില്ലാത്ത രാജ്യമാണ് സൗദി. സഹോദരന്‍റെ കാറെടുത്ത് യാത്ര ചെയ്ത യുവതി അമിത വേഗതയില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം ആയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ അറിയാതെയാണ് ഇവര്‍ രാത്രി വണ്ടിയുമായി പുറത്തു പോയതെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ കുറേ നാളുകളായി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യം വനിതാ സംഘടനകള്‍ ശക്തമായി ഉന്നയിക്കുകയാണ്. Labels: അപകടങ്ങള്‍, സൌദി, സ്ത്രീ
- ജെ. എസ്.
( Thursday, July 10, 2008 ) |
മകളെ തടവില്‍ വച്ചു ബലാത്സംഗം ചെയ്ത പിതാവ് നാസി അതിക്രമത്തിന്റെ ബാക്കിപത്രമെന്ന്
18 വയസുള്ള സ്വന്തം മകളെ തടവില്‍ വച്ചു 24 വര്‍ഷമായി പതിവായി ബലാത്സംഗം ചെയ്ത 73കാരനായ പിതാവിനെ Austria യില്‍ പോലീസ് പിടികൂടി. ഇതിനിടയില്‍ സ്വന്തം പിതാവായ ജോസഫ് ഫ്രിസ്ലിന്റെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് മകള്‍ എലിസബെത് ജന്മം നല്‍കി. ജനിച്ച ഉടന്‍ മരിച്ച ഒരു കുഞ്ഞിനെ ഇയാള്‍ തീയിലിട്ട് നശിപ്പിച്ചു എന്നും പോലീസ് അറിയിച്ചു.
24 വര്‍ഷമായി സൂര്യപ്രകാശം കാണാത്ത വീടിനടിയിലുള്ള തടവറയിലാണ് എലിസബെത്തും മൂന്ന് മക്കളും കഴിഞ്ഞിരുന്നത്. മറ്റ് മൂന്ന് മക്കളെ ഇയാളും ഭാര്യയും നിയമപരമായി ദത്തെടുത്ത് ഇവരോടൊപ്പം ഇതേ തടവറയ്ക്ക് മുകളിലുള്ള വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഭാര്യക്കും മറ്റ് വീട്ടില്‍ വരാറുള്ള ബന്ധുക്കള്‍ക്കും ഇങ്ങനെ ഒരു കൊടും ക്രൂരത അവിടെ നടക്കുന്ന കാര്യത്തെ പറ്റി ഒരു സംശയവും തോന്നാത്ത വിധം സമര്‍ഥമായാണ് ഇയാള്‍ കാര്യങ്ങളെല്ലാം കൊണ്ട് നടന്നത്. സുസജ്ജമായ ഒരു സെക്യൂറിറ്റി സിസ്റ്റം ഘടിപ്പിച്ച ഈ തടവറ എഞ്ചിനിയറായ ഇദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണത്തിലായിരുന്നു ഇത്രയും കാലം. അതേ വീടിന്റെ മറ്റു ഭാഗങ്ങള്‍ ഇയാള്‍ വാടകക്കും നല്‍കിയിരുന്നുവെങ്കിലും വിശാലമായ പൂന്തോട്ടത്തിലും മറ്റും വേറെ ആര്‍ക്കും പ്രവേശനമില്ലയിരുന്നു. ഇവിടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും എല്ലാവരേയും വിലക്കിയിരുന്നു. വീടിനടിയിലെ തടവറയിലേക്ക് പുറകുവശത്തെ പൂന്തോട്ടത്തില്‍ നിന്നും പ്രവേശിക്കാം എന്നതായിരുന്നു ഇതിന് കാരണം. ഇവര്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റും ഇയാള്‍ രാത്രി സമയങ്ങളില്‍ രഹസ്യമായി വീടിന്റെ പിന്‍ ഗേറ്റിലൂടെ എത്തിക്കുന്നത് അയല്‍ക്കാര്‍ കണ്ടതായ് പോലീസിനോട് പറഞ്ഞു. എന്നാല്‍ സ്ഥലത്തെ മാന്യനായ ഒരു വീട്ടുടമസ്ഥനും, മൂന്ന് മക്കളുടെ സ്നേഹ സമ്പന്നനായ മുത്തഛനും ആയ ഇയാളെ ആരും സംശയിച്ചില്ല. തങ്ങളുടെ മകള്‍ ഏതോ ഒരു പ്രാര്‍ഥനാ സംഘത്തില്‍ ചേരാന്‍ പോയി എന്നാണ് ഇയാള്‍ ഭാര്യയേയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മൂന്ന് മക്കളെ വീടിന്റെ പടിക്കല്‍ കൊണ്ട് വെച്ച് മകളുടെ ശബ്ദത്തില്‍ തന്റെ ഭാര്യക്ക് ഫോണ്‍ ചെയ്ത് തന്റെ മക്കളെ അമ്മ ഏറ്റെടുത്ത് വളര്‍ത്തണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഈ മൂന്ന് മക്കളെ ഇവര്‍ നിയമപരമായി ദത്തെടുത്ത് തങ്ങളുടെ പേരമക്കളായി വളര്‍ത്തി വരികയായിരുന്നു. നാസി അതിക്രമത്തിന്റെ ആദ്യത്തെ ഇരയായിരുന്നു Austria. 1938ല്‍ നാസികള്‍ Austria ആക്രമിക്കുമ്പോള്‍ ഫ്രിസ്ലര്‍ക്ക് 3 വയസായിരുന്നു. തന്റെ പട്ടണത്തെ സഖ്യ കക്ഷികള്‍ ബോംബിട്ട് നശിപ്പിച്ചത് നേരിട്ട് അനുഭവിച്ച ഇയാളുടെ മനസ്സിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘാതം ആഴത്തിലുണ്ടാവാം എന്ന് മനശ്ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളും നാസി കാലഘട്ടത്തില്‍ പ്രചരിച്ചിരുന്ന യുദ്ധ തന്ത്രം തന്നെയായിരുന്നു. ലക്ഷക്കണക്കിന് യഹൂദന്മാരെ വിഷവാതകമേല്‍പ്പിച്ച് കൊന്നൊടുക്കിയിരുന്നത് ഫ്രിസ്ലറുടെ പട്ടണത്തിന് വളരെ അടുത്തായിരുന്നു. തനിക്കെതിരെ എന്തെങ്കിലും ചെയ്താല്‍ തടവറയില്‍ വിഷ വാതകം നിറച്ച് എല്ലാവരെയും കൊന്ന് കളയും എന്ന് ഇയാള്‍ കൂടെ കൂടെ എലിസബെത്തിനെ ഭീഷണിപ്പെടുത്തുമായിരുന്നുവത്രെ. കേസ്റ്റിന്‍ (19), സ്റ്റെഫാന്‍ (18), ഫെലിക്സ് (5) എന്ന മറ്റ് മൂന്ന് മക്കള്‍ പുറം ലോകം കാണാതെയാണ് ഇത്രയും നാള്‍ വളര്‍ന്നത്. മനുഷ്യരെ പോലെ സംസാരിക്കാന്‍ അറിയാത്ത അവര്‍ പരസ്പരം മൃഗങ്ങളെ പോലെ മുരളുകയും കൂവുകയും മറ്റും ചെയ്താണത്രെ ആശയവിനിമയം ചെയ്ത് വന്നത്. ഇവരുടെ അമ്മ തന്നാല്‍ കഴിയുന്ന പോലെ ഇവരെ ഭാഷയും മറ്റും പഠിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാലും മറ്റ് മനുഷ്യരുമായുള്ള സമ്പര്‍ക്കമില്ലാതിരുന്ന ഈ കുട്ടികള്‍ക്ക് സംസാരിക്കുവാന്‍ നന്നേ പാട് പെടേണ്ടി വരുന്നതായ് ഡോക്ടര്‍മാര്‍ പറഞ്ഞു. താരതമ്യേന ഇവര്‍ക്ക് എളുപ്പമായ മുരള്‍ച്ച തന്നെയാണ് ഇവര്‍ പരസ്പരം ആശയ വിനിമയത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്. കേവലം 1.68 മീറ്റര്‍ മാത്രം ഉയരമുള്ള ഈ തടവറയില്‍ വളര്‍ന്ന ഇവര്‍ കൂനിഞ്ഞാണ് നടപ്പ്. അഞ്ച് വയസുകാരന്‍ ഫെലിക്സിന് നിവര്‍ന്ന് നടക്കാനാവുമെങ്കിലും കൂടുതല്‍ സമയവും മുട്ടുകാലില്‍ ഇഴഞ്ഞാണ് ഈ കുഞ്ഞും നടക്കുന്നത്. തങ്ങളെ തങ്ങളുടെ തന്നെ അച്ഛന്‍ തടവില്‍ ഇട്ടിരിക്കുകയാണെന്ന് അറിയിക്കാതെയാണ് എലിസബെത്ത് തന്റെ മൂന്ന് മക്കളെ വളര്‍ത്തിയത്. പുറം ലോകമെന്തെന്നറിയാത്ത തന്റെ മക്കളോട് ജീവിതം ഇങ്ങനെയാണെന്നും ഇത് തികച്ചും സാധാരണ ജീവിതമാണെന്നും ഉള്ള രീതിയിലാണ് അവര്‍ പെരുമാറിയത്. തന്നാലാവുന്ന വിധം സ്വസ്ഥവും സാധാരണവുമായ ഒരു ജീവിതം അവര്‍ക്ക് നല്‍കാന്‍ ആ അമ്മ എപ്പോഴും ശ്രമിച്ചിരുന്നു. Labels: അന്താരാഷ്ട്രം, കുട്ടികള്‍, കുറ്റകൃത്യം, പീഢനം, സ്ത്രീ
- ജെ. എസ്.
( Friday, May 02, 2008 ) 1 Comments:
Links to this post: |
സൗദി വനിതകളില്‍ 60 ശതമാനത്തിലധികം തൊഴില്‍രഹിതര്‍
ആസൂത്രണ, സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടറിലാണ് വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നത്. നാലര ദശലക്ഷം സ്വദേശി വനിതകള്‍ സൗദിയില്‍ തൊഴില്‍ രഹിതകളാണ്.
ഏഴാമത് നാഷണല്‍ ഫോറം സമ്മേളനത്തോടനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷണല്‍ ഫോറത്തില്‍ തൊഴിലില്ലായ്മയെപ്പറ്റിയും ഇതിന്‍റെ വിവിധ വശങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തും. സൗദിയില്‍ എട്ടു ദശലക്ഷം പേരാണ് തൊഴില്‍ ചെയ്യുന്നത്. ഇതില്‍ നാല്‍പ്പതു ശതമാനം സ്വദേശികളായ പുരുഷന്‍മാരാണ്. വിദേശ പുരുഷന്‍മാര്‍ 43 ശതമാനം വരും. വിദേശ വനിതകള്‍ ഏഴു ശതമാനത്തിലധികം തൊഴില്‍ ചെയ്യുന്നു. സ്വദേശി വനിതകളില്‍ 55 ശതമാനം പേരും ബിരുദദാരികളാണ്. എന്നിട്ടും ഇതില്‍ 5 ശതമാനം പേര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. Labels: വിദ്യാഭ്യാസം, സൌദി, സ്ത്രീ
- ജെ. എസ്.
( Tuesday, April 22, 2008 ) |
ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ ഇനി സൗദി വനിതകള്‍ക്കും അംഗമാവാം
റിയാദിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഇന്ഡസ്ട്രിയില്‍ ഇനി സൗദി വനിതകള്‍ക്കും അംഗമാവാം. ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധി അബ്ദുല്‍ മലീക് അല്‍ സിനാനിയാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ രംഗത്തുള്ള സൗദി പൗരത്വമുള്ള വനിതകള്‍ക്ക് അടുത്ത് വരാനിരിക്കുന്ന ആര്‍.സി.സി.ഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ വനിതാ അംഗങ്ങളില്ല.
- ജെ. എസ്.
( Thursday, April 03, 2008 ) |
യു.എ.ഇ. യില്‍ വനിതാ ജഡ്ജിയെ നിയമിച്ചു
യു.എ.ഇ. യില്‍ ഇതാദ്യമായി ഒരു വനിതാ ജഡ്ജിയെ നിയമിച്ചു. ഖൗലത്ത് അഹമ്മദ് അല്‍ ദാഹരിയെയാണ് അബുദാബിയില്‍ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.
യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. യു.എ.ഇ. യുടെ ചരിത്രത്തിലെ ആദ്യ വനിതാ ജഡ്ജിയെന്ന സ്ഥാനം ഇതോടെ ഖൗലത്തിന് സ്വന്തമായി.
- ജെ. എസ്.
( Thursday, March 27, 2008 ) |
വനിതകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഹോട്ടല്‍ ആരംഭിച്ചു. റിയാദില്‍ ആരംഭിച്ച ഈ ഹോട്ടലിലെ എല്ലാ ജീവനക്കാരും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലിനോട് അനുബന്ധിച്ച് ലോഡ്ജിംഗ് , സ്പ സൗകര്യങ്ങളും ഉണ്ടകും.
- ജെ. എസ്.
( Thursday, March 20, 2008 ) |
സൗദിയില്‍ വനിതാ മുന്നേറ്റം
സൗദിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് 58 ശതമാനവും വനിതകളാണ് പഠനം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് ഗള്‍ഫ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഖാലിദ് അല്‍ അങ്കാരി പറഞ്ഞു. സൗദിയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ തോത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്ത് നടന്നുവരുന്ന തുടര്‍ച്ചയായ ബോധവത്ക്കരണത്തിന്‍റെ ഫലമാണിതെന്ന് കരുതുന്നു.
വിദേശത്ത് നിന്നുള്ള വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നത് പഠിച്ച കോഴ്സുകള്‍ക്ക് അനുസരിച്ചായിരിക്കുമെന്നും പഠനം നടത്തിയ രാജ്യമോ സര്‍വകലാശാലയോ പരിഗണിക്കപ്പെടില്ലെന്നും അങ്കാരി പറഞ്ഞു.
- ജെ. എസ്.
( Tuesday, February 26, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്