വനിതാ ബില്‍ രാജ്യ സഭയില്‍ പാസ്സായി
ന്യൂഡല്‍ഹി : വര്‍ഷങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനു ശേഷം ഒടുവില്‍ ഇന്ന് രാജ്യ സഭ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വനിതാ ബില്‍ പാസ്സാക്കിയതോടെ ഇത് നിയമമാകാനുള്ള ആദ്യ കടമ്പ കടന്നു. കേവലം ഒരു അംഗം മാത്രമാണ് രാജ്യ സഭയില്‍ ബില്ലിനെ എതിര്‍ത്തത്. സ്വതന്ത്ര ഭാരത് പാര്‍ട്ടി അംഗമായ ശരദ് ജോഷിയാണ് ബില്ലിനെ എതിര്‍ത്ത ഏക അംഗം.
വനിതകള്‍ക്ക് ഭരണഘടന തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പ്രാവര്‍ത്തികം ആവാറില്ല എന്നതാണ് ഇന്ത്യയില്‍ ഒരു വനിതാ സംവരണ ബില്‍ കൊണ്ട് വരാനുള്ള കാരണമായി വനിതാ സംവരണത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതിനാല്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്ക് ജാതിയുടെയും മറ്റും അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിന് സമാനമായി തന്നെ വനിതകള്‍ക്കും സംവരണം നല്‍കി അവരെ രാഷ്ട്രീയ മുഖ്യ ധാരയില്‍ സജീവമാക്കുന്നത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യ ധാരയില്‍ കൊണ്ട് വന്നത് പോലെ തന്നെ പ്രയോജനം ചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സംവരണം അനുവദിക്കുന്നതോടെ വനിതകള്‍ക്ക് സംവരണം ഇല്ലാത്ത സീറ്റുകളില്‍ മത്സരിക്കാനുള്ള അവകാശം പൂര്‍ണമായി തന്നെ നഷ്ടപ്പെടും എന്നും കരുതുന്നവരുണ്ട്. കഴിവ് മാത്രമായിരിക്കണം മത്സരിക്കാനുള്ള പരിഗണന എന്ന് ഇവര്‍ പറയുന്നു. അല്ലാത്ത പക്ഷം രാജ്യ വ്യാപകമായി നോക്കുമ്പോള്‍ കഴിവുള്ള വനിതകള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാവും കൂടുതലായും സംഭവിക്കുക എന്ന് ഇവര്‍ കരുതുന്നു. രാജ്യ സഭ പാസ്സാക്കിയ ബില്‍ ഇനി അടുത്ത ആഴ്ച ലോക് സഭയില്‍ അവതരിപ്പിക്കും. Labels: രാഷ്ട്രീയം, സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, March 09, 2010 ) |
ബഹുഭാര്യത്വം : സ്ത്രീയ്ക്ക് വിവാഹ മോചനം തേടാം എന്ന് കോടതി
1939 ലെ മുസ്ലിം വിവാഹ മോചന നിയമ പ്രകാരം ബഹു ഭാര്യത്വം സ്ത്രീയ്ക്ക് വിവാഹ മോചനത്തിന് ആവശ്യമായ കാരണം ആവില്ലെങ്കിലും, തന്നെ മറ്റു ഭാര്യമാര്‍ക്ക് സമമായി ഭര്‍ത്താവ് കാണുന്നില്ല എന്ന് സ്ത്രീയ്ക്ക് ബോധ്യപ്പെടുന്ന പക്ഷം, സ്ത്രീയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധിച്ചു. വിവാഹ മോചനത്തിനെതിരെ നല്‍കിയ ഒരു അപ്പീലില്‍ ബുധനാഴ്ച വിധി പറയുകയായിരുന്നു കോടതി. ഒന്നിലേറെ ഭാര്യമാര്‍ ഉള്ള വ്യക്തി എല്ലാ ഭാര്യമാരെയും സമമായി കാണണം എന്നാണ് വി. ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ഒന്നിലേറെ ഭാര്യമാരെ സമമായി കാണുവാന്‍ സാധ്യമല്ല എന്നും വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ആ നിലയ്ക്ക്, തന്നെ സമമായി കാണുന്നില്ല എന്ന സ്ത്രീയുടെ മൊഴി കോടതിയ്ക്ക് മുഖവിലയ്ക്ക് എടുക്കാവുന്നതാണ് എന്നാണ് കോടതിയുടെ നിരീക്ഷണം. ബഹു ഭാര്യത്വത്തിനു നേരത്തെ സമ്മതം മൂളി എന്നതോ, മറ്റു ഭാര്യമാരുമായി കുറെ നാള്‍ സന്തോഷമായി ജീവിച്ചു എന്നതോ, രണ്ടാം ഭാര്യയായാണ് താന്‍ വിവാഹിതയാകുന്നത് എന്നത് നേരത്തെ അറിയാമായിരുന്നു എന്നതോ ഒന്നും വിവാഹ മോചനം തടയാനുള്ള കാരണങ്ങള്‍ ആകില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
Labels: സ്ത്രീ വിമോചനം
- ജെ. എസ്.
( Thursday, March 04, 2010 ) 2 Comments:
Links to this post: |
ആകാശ പീഢനം - വനിത കമ്മീഷന്‍ വിശദീകരണം തേടി
എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ പീഢിപ്പിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു. ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന്‍ എയര്‍ ഇന്ത്യയോട് അവശ്യപ്പെട്ടിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്ന വേളയിലാണ് സംഭവം നടന്നത്. ഇത് ഒടുവില്‍ പൈലറ്റുമാരും ഒരു കാബിം ജീവനക്കാരനും തമ്മിലുള്ള അടിപിടിയിലാണ് കലാശിച്ചത്. വിമാനത്തിന്റെ സുരക്ഷയെ വരെ ബാധിച്ച പ്രശ്നമായിട്ടാണ് ഇതിനെ ഇപ്പോള്‍ കണക്കാക്കുന്നത്.
എയര്‍ ഹോസ്റ്റസിന്റെ പരാതി അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കും എന്ന്‍ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ് അറിയിച്ചു. Labels: സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, October 06, 2009 ) |
അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്ത്രീ സാക്ഷരത
അന്താരാഷ്ട്ര സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ആറര കോടി രൂപയുടെ “സാക്ഷര്‍ ഭാരത്” എന്ന ദേശീയ സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 30 കോടി ജനം ഇന്നും നിരക്ഷരരാണ്. ഇന്ത്യയിലെ സ്ത്രീകളില്‍ പകുതിയും അക്ഷര ജ്ഞാനം ഇല്ലാത്തവരാണ്. ഇത് തൃപ്തികരമല്ല. ദേശീയ സാക്ഷരതാ മിഷന്‍ ഉടച്ചു വാര്‍ത്ത് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്ത്രീ സാക്ഷരത കൈവരിക്കും എന്ന് നേരത്തേ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രഖ്യാപി ച്ചിരുന്നതിന്റെ സാക്ഷാല്‍ക്കാ രത്തിലേക്കുള്ള ആദ്യത്തെ ചുവടു വെയ്‌പ്പാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ കൈക്കൊ ണ്ടിരിക്കുന്നത് എന്ന് പ്രധാന മന്ത്രി അറിയിച്ചു.
Every woman in India to be literate in 5 years Labels: വിദ്യാഭ്യാസം, സ്ത്രീ വിമോചനം
- ജെ. എസ്.
( Wednesday, September 09, 2009 ) 1 Comments:
Links to this post: |
പര്ദ്ദ ഫ്രാന്‍സ് സ്വാഗതം ചെയ്യില്ല - സര്‍ക്കോസി
സ്ത്രീകള്‍ക്ക് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ബുര്‍ഖ അഥവ പര്‍ദ്ദ മതപരമായ ചിഹ്നം ആയല്ല, മറിച്ച് സ്ത്രീകളെ തരം താഴ്ത്താനുള്ള ഉപാധി ആയിട്ടാണ് ഫ്രാന്‍സ് കാണുന്നത് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സാര്‍ക്കോസി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാന്‍സില്‍ സജീവമായ ബുര്‍ഖാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആണ് പ്രസിഡണ്ടിന്റെ ഈ പരാമര്‍ശം.
ഫ്രാന്‍സില്‍ മുസ്ലിം വനിതകള്‍ പൊതു സ്ഥലത്ത് ദേഹം മുഴുവന്‍ മൂടി പ്രത്യക്ഷപ്പെടുന്നത് ഫ്രഞ്ച് മതേതരത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണമെന്നും ഫ്രഞ്ച് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഫ്രാന്‍സില്‍ വന്‍ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. തങ്ങളുടെ രാജ്യത്ത് മൂടുപടത്തിനു പുറകില്‍ തടവുകാരെ പോലെ സ്ത്രീകള്‍ ഒളിക്കേണ്ടി വരുന്ന ദുരവസ്ഥ അനുവദിക്കാനാവില്ല. തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ട് ഇത്തരത്തില്‍ സാമൂഹികമായി വേര്‍പെടുത്തപ്പെട്ട് കഴിയുന്ന സ്ത്രീത്വമല്ല ഫ്രഞ്ച് റിപ്പബ്ലിക്കില്‍ സ്ത്രീകളുടെ അന്തസ്സിനെ കുറിച്ചുള്ള സങ്കല്‍പ്പം എന്നും ഫ്രഞ്ച് പ്രസിഡണ്ട് അറിയിച്ചു. മതത്തിന്റെ പേരില്‍ ഇത്തരത്തില്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഈ ഏര്‍പ്പാട് ഫ്രഞ്ച് മണ്ണില്‍ സ്വാഗതം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി. Labels: സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, June 23, 2009 ) 4 Comments:
Links to this post: |
കുവൈറ്റ് പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍
ചരിത്രത്തില്‍ ആദ്യമായി കുവൈറ്റിലെ ജനങ്ങള്‍ വനിതകളെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഒട്ടേറെ ഇസ്ലാമിക മൌലിക വാദികളെ തിരസ്ക്കരിക്കുക കൂടി ചെയ്ത ഈ തെരഞ്ഞെടുപ്പിലൂടെ കുവൈറ്റിലെ ഏറെ കാലമായി നില നിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2005ല്‍ തന്നെ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു എങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു വനിതക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മിനിഞ്ഞാന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ വിജയിച്ചതായി ഇന്നലെ വൈകീട്ട് ടെലിവിഷനിലൂടെ നടന്ന ഫല പ്രഖ്യാപനത്തില്‍ അറിയിച്ചു.
ഗള്‍ഫില്‍ ജനാധിപത്യ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് കുവൈറ്റ്. ഏറെ അധികാരങ്ങള്‍ നിക്ഷിപ്തമായ തെരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റ് ഇവിടെ നിലവില്‍ ഉണ്ടെങ്കിലും കാബിനറ്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴും പരമാധികാരം കയ്യാളുന്ന രാജ കുടുംബം തന്നെയാണ്. Labels: കുവൈറ്റ്, സ്ത്രീ വിമോചനം
- ജെ. എസ്.
( Monday, May 18, 2009 ) |
അമിതവ്യയം ചെയ്യുന്ന ഭാര്യയെ തല്ലാം എന്ന് ജഡ്ജി
ധാരാളിയായ ഭാര്യയെ തല്ലുന്നതില്‍ തെറ്റില്ല എന്ന് സൌദി അറേബ്യയിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ഒരാള്‍ തന്റെ ഭാര്യക്ക് 1200 റിയാല്‍ നല്‍കിയതില്‍ 900 റിയാലിന് ഭാര്യ വില കൂടിയ പര്‍ദ്ദ വാങ്ങിയാല്‍ ഭാര്യക്ക് ഒരു തല്ല് കൊടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്ന് മാത്രമല്ല ആ ശിക്ഷ ഭാര്യ അര്‍ഹിക്കുകയും ചെയ്യുന്നു എന്നാണ് ജിദ്ദയിലെ ജഡ്ജിയുടെ പക്ഷം. ഗാര്‍ഹിക പീഢനം തടയുന്നതില്‍ ജുഡീഷ്യറിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉള്ള പങ്കിനെ പറ്റി നടന്ന ഒരു സെമിനാറില്‍ ആണ് ജഡ്ജി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദേശീയ കുടുംബ സുരക്ഷാ പദ്ധതിയിലെ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്ത സെമിനാറില്‍ ഇത്തരം ഒരു പരാമര്‍ശം ജഡ്ജി നടത്തിയത് ഏവരേയും അമ്പരപ്പിച്ചു. സൌദിയില്‍ ഗാര്‍ഹിക പീഢനം വര്‍ധിക്കുന്നുണ്ട് എന്ന് പറഞ്ഞ ജഡ്ജി പക്ഷെ ഇതിന് ഒരളവു വരെ സ്ത്രീകളും ഉത്തരവാദികള്‍ ആണ് എന്നും പറഞ്ഞു. സ്ത്രീകളുടെ മേല്‍ ആരും ഇതിന്റെ പഴി ചാരുന്നില്ല എന്ന് അദ്ദേഹം കുണ്ഠിതപ്പെടുകയും ചെയ്തു എന്നും ഈ വാര്‍ത്ത പുറത്തു വിട്ട അറബ് ന്യൂസ് പത്രം പറയുന്നു.
Labels: പീഢനം, സൌദി, സ്ത്രീ വിമോചനം
- ജെ. എസ്.
( Monday, May 11, 2009 ) 1 Comments:
Links to this post: |
സൌദിയില്‍ എട്ട് വയസ്സുകാരിക്ക് വിവാഹ മോചനം
എട്ടു വയസു മാത്രം പ്രായമുള്ള ഒരു സൌദി പെണ്‍കുട്ടി തന്റെ 50 വയസ്സു പ്രായമുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി. തന്റെ മകള്‍ക്ക് വിവാഹ മോചനം അനുവദിക്കണം എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ അപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. പെണ്‍കുട്ടി പ്രായപൂര്‍ത്തി ആവുന്നത് വരെ കാത്തിരിക്കണം എന്നും പ്രായപൂര്‍ത്തി ആയതിനു ശേഷമേ പെണ്‍കുട്ടിക്ക് വിവാഹ മോചനത്തിന് ഉള്ള ഹരജി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉള്ള അവകാശം ഉള്ളൂ എന്ന കാരണം പറഞ്ഞാണ് കോടതി അപേക്ഷ തള്ളിയത്.
ഇതിനെ തുടര്‍ന്ന് കോടതിക്ക് വെളിയില്‍ വെച്ചുള്ള ഒരു ഒത്തു തീര്‍പ്പിലൂടെ ആണ് ഇപ്പോള്‍ വിവാഹ മോചനം സാധ്യം ആയത് എന്ന് പെണ്‍കുട്ടിയുടെ വക്കീല്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവ് 6.5 ലക്ഷ രൂപ പ്രതിഫലം പറ്റിയാണ് എട്ട് മാസം മുന്‍പ് പെണ്‍കുട്ടിയെ അന്‍പത് കാരന് ബലമായി വിവാഹം ചെയ്തു കൊടുത്തത്. സൌദിയില്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കുറഞ്ഞ പ്രായ പരിധിയില്ല. പെണ്‍കുട്ടിയുടെ സമ്മതം വിവാഹത്തിന് ആവശ്യം ആണെങ്കിലും പലപ്പോഴും ഇത് ആരും പരിഗണിക്കാറുമില്ല. മനുഷ്യാവകാശ സംഘടനകള്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം എന്ന് ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്. ഈ വിവാഹ മോചനത്തിലൂടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് പതിനെട്ട് വയസ്സ് എന്ന പ്രായ പരിധി എന്ന നിയമം കൊണ്ടു വരാന്‍ സാധ്യത തെളിയും എന്നാണ് ഇവരുടെ പ്രതീക്ഷ. സൌദിയിലെ യാഥാസ്ഥിതികര്‍ ഇത്തരം ഒരു നീക്കത്തിന് എതിരാണെങ്കിലും സര്‍ക്കാരില്‍ നിന്നു തന്നെ ഇത്തരം ഒരു പ്രായ പരിധി കൊണ്ടു വരുന്നതിന് അനുകൂലമായ നിലപാട് പ്രകടമാണ്. സര്‍ക്കാര്‍ ശൈശവ വിവാഹത്തെ പറ്റി പഠിക്കുകയാണെന്നും പുതിയ നിയമ ഭേദഗതികള്‍ ഈ കാര്യത്തില്‍ കൊണ്ടു വരും എന്നും സൌദിയിലെ പുതിയ നിയമ മന്ത്രി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കുറഞ്ഞ പ്രായത്തില്‍ തന്നെ തങ്ങളുടെ കുട്ടികളെ വിവാഹം ചെയ്ത് അയക്കുന്നത് അവരെ വഴി വിട്ട ബന്ധങ്ങളില്‍ നിന്നും രക്ഷിക്കും എന്ന വിശ്വാസം ഇത്തരം ഒരു സമ്പ്രദായത്തെ ഇവിടെ നില നിര്‍ത്താന്‍ സഹായകരമാവുന്നുണ്ട് എങ്കിലും കേവലം പണത്തിനു വേണ്ടി തങ്ങളുടെ മക്കളെ വില്‍ക്കുക മാത്രമാണ് പലപ്പോഴും നടക്കുന്നത് എന്ന് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു. Labels: കുട്ടികള്‍, മനുഷ്യാവകാശം, സൌദി, സ്ത്രീ വിമോചനം
- ജെ. എസ്.
( Friday, May 01, 2009 ) 2 Comments:
Links to this post: |
സര്‍ദാരി വഴങ്ങി - താലിബാന് ജയം
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കി കൊണ്ടുള്ള നിയമത്തില്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വെച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സര്‍ദാരി ഈ നിയമത്തില്‍ ഒപ്പു വെച്ചത്. സ്വാത് താഴ്വരയില്‍ സമാധാനം പൂര്‍ണമായി പുനഃ സ്ഥാപിക്കപ്പെടുന്നതു വരെ ശരിയത്ത് നിയമം നടപ്പിലാക്കില്ല എന്നായിരുന്നു നേരത്തെ സര്‍ദാരിയുടെ നിലപാട്. എന്നാല്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഈ കാര്യത്തില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. താഴ്വരയില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിന് പകരമായി ശരിയത്ത് നിയമം നടപ്പിലാക്കണം എന്ന താലിബാന്റെ ആവശ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്വരയില്‍ താലിബാന്‍ നിയമത്തിന്റെ പിന്‍ബലത്തോടെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ജന ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണം ആകുകയും ചെയ്തതായി താഴ്വരയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ യൂ ട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുകയും ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുകയും ഉണ്ടായി.
Labels: തീവ്രവാദം, പാക്കിസ്ഥാന്‍, പീഢനം, സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, April 14, 2009 ) |
താലിബാന്റെ അടിയേറ്റ് പുളയുന്ന പാക്കിസ്ഥാന്‍
താലിബാനുമായി സന്ധി ചെയ്തതിന്റെ തിക്ത ഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിച്ചു തുടങ്ങിയതിന്റെ സൂചനയായി ലോകമെമ്പാടും കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു മൊബൈല്‍ ഫോണ്‍ വീഡിയോ ചിത്രം. പതിനേഴു കാരിയായ ഒരു പെണ്‍ കുട്ടിയെ താലിബാന്‍ ഭീകരര്‍ പൊതു സ്ഥലത്ത് തറയില്‍ കമിഴ്ത്തി കിടത്തി പൊതിരെ തല്ലുന്നതിന്റെ വീഡിയോ ചിത്രമാണ് ലോകത്തെ നടുക്കിയത്. ഈ പെണ്‍ കുട്ടി തന്റെ ഭര്‍ത്താവ് അല്ലാത്ത ഒരു പുരുഷനോടൊപ്പം വീടിനു വെളിയില്‍ ഇറങ്ങി എന്ന കുറ്റത്തിനാണ് ഈ കുട്ടിയെ ഇങ്ങനെ പൊതു സ്ഥലത്ത് വെച്ച് 34 അടി നല്‍കാന്‍ താലിബാന്‍ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് പകരമായി സ്വാത് താഴ്വരയില്‍ ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ഉള്ള അധികാരം സന്ധിക്കുള്ള നിബന്ധനയായി താലിബാന്‍ കഴിഞ്ഞ ഫെബ്രുവരി 15ന് നേടി എടുത്തിരുന്നു. ഇതോടെ സ്വാത് താഴ്വരയിലെ ജനത്തിന്റെ ജീവിതം പൂര്‍ണ്ണമായും താലിബാന്റെ ഭീകരരുടെ ദയയിലായി.
മൂന്നു പുരുഷന്മാര്‍ ബലമായി ഈ പെണ്‍കുട്ടിയെ തറയില്‍ കമിഴ്ത്തി കിടത്തിയിട്ടാണ് പുറത്ത് അടിക്കുന്നത്. ഓരോ അടിയും കോണ്ട് വേദന കൊണ്ട് പുളയുന്ന പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. എന്നെ നിങ്ങള്‍ വേണമെങ്കില്‍ കൊന്നോളൂ. പക്ഷെ ഈ അടി ഒന്ന് അവസനിപ്പിക്കൂ എന്ന് കുട്ടി കരഞ്ഞു പറയുന്നതും കേള്‍ക്കാം. ചുറ്റും കൂടി നില്‍ക്കുന്ന പുരുഷാരം എല്ലാം നിശബ്ദമായി നോക്കി കാണുന്നതും കാണാം. ഇസ്ലാമിക് നിയമം ലംഘിച്ചതിനാണ് ഈ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കിയത് എന്ന് താലിബാന്‍ വക്താവ് മുസ്ലിം ഖാന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭര്‍ത്താവല്ലാത്ത ഒരു പുരുഷനോടൊപ്പം ഈ പെണ്‍കുട്ടി വീടിനു വെളിയില്‍ ഇറങ്ങി. ഇത് ഇസ്ലാമിനു വിരുദ്ധമാണ്. അതു കൊണ്ടാണ് ഈ ശിക്ഷ നടപ്പിലാക്കിയത്. പൊതു സ്ഥലത്ത് മാന്യമല്ലാതെ വസ്ത്ര ധാരണം ചെയ്ത് വരുന്ന സ്ത്രീകളെ താലിബാന് ശിക്ഷിക്കാന്‍ അധികാരം ഉണ്ട് എന്നും ഇയാള്‍ അറിയിച്ചു. ഈ വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ താലിബാന്‍ തന്നെയാണ് എന്ന് പറയപ്പെടുന്നു. തങ്ങളുമായി സന്ധിയില്‍ ഏര്‍പ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ചു തന്നിട്ടുള്ള അധികാരങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കി അവരെ അടക്കി നിര്‍ത്തുക എന്നത് തന്നെയാണ് ഇതിന്റെ ഉദ്ദേശം. ഈ സന്ധി നിലവില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് ഭീകരമായ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. പൊതു സ്ഥലത്ത് വെച്ച് സ്ത്രീകളെ ആക്രമിക്കുന്നതും മറ്റും സാധാരണ സംഭവമാണ് എന്ന് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒട്ടേറെ പെണ്‍കുട്ടികളുടെ സ്കൂളുകള്‍ അടച്ചു പൂട്ടി. ബാക്കി ഉണ്ടായിരുന്ന സ്കൂളുകള്‍ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. താലിബാന്റെ നേതൃത്വത്തില്‍ ശരിയത്ത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട താലിബാന്‍ നേതാവ് സൂഫി മുഹമ്മദ് ഈ പെണ്‍കുട്ടിയുടെ ശിക്ഷ ശരി വക്കുന്നു. ഇനിയും ഇത് പോലുള്ള ശിക്ഷാ വിധികള്‍ ഇവിടെ പ്രതീക്ഷിക്കാം എന്നും ഇയാള്‍ ഉറപ്പ് തരുന്നു. സദാചാര വിരുദ്ധമായ പെരുമാറ്റം, മദ്യപാനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ ശിക്ഷ ഇത്തരം അടി തന്നെയാണ്. കള്ളന്മാരുടെ കൈ വെട്ടണം. വ്യഭിചാരത്തിന്റെ ശിക്ഷ കല്ലെറിഞ്ഞ് കൊല്ലുക എന്നത് തന്നെ. ഈ ശിക്ഷകള്‍ ഇസ്ലാം വിധിച്ചതാണ്. ഇത് ആര്‍ക്കും തടയാന്‍ ആവില്ല. ഇത് ദൈവത്തിന്റെ നിയമമാണ് എന്നും സൂഫി പറയുന്നു. (സ്വാത് വാലിയിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍) ഫോട്ടോ കടപ്പാട് : അസോഷ്യേറ്റഡ് പ്രസ് Labels: തീവ്രവാദം, പാക്കിസ്ഥാന്‍, പീഢനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
- ജെ. എസ്.
( Friday, April 03, 2009 ) |
പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
പുതിയ വനിതാ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരം അല്ല. അത്തരം ബലാല്‍ക്കാരം നടത്താനുള്ള അധികാരം പുരുഷന് നിയമം അനുവദിച്ചു കൊടുക്കുന്നു. ഇതിനെതിരെ സ്ത്രീക്ക് യാതൊരു വിധ നിയമ സംരക്ഷണവും ഈ നിയമത്തില്‍ ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് വീടിനു വെളിയില്‍ ഇറങ്ങാനാവില്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും ഭര്‍ത്താവിന്റെ അനുവാദം കൂടിയേ തീരൂ. ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമെ ഇനി ഒരു അഫ്ഗാന്‍ വനിതക്ക് കഴിയൂ. ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വ്യക്തമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. അഫ്ഗാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള ഹസാര എന്ന ന്യൂന പക്ഷ കക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും ഈ നിയമത്തിനുണ്ട്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള നീരസം കര്‍സായിയെ അറിയിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിന്നും പുറകോട്ട് പോകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണം ഒബാമയുടെ വിദേശ നയത്തിന്റെ ഒരു പ്രധാന ഘടകം ആണെന്നു ചര്‍ച്ചക്ക് ശേഷം ക്ലിന്റണ്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തെ അഫ്ഗാന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യ ബലം വിനിയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലവില്‍ വന്ന പുതിയ ഭരണ കൂടവും പഴയ പാത പിന്തുടരുന്നത് ഇപ്പോള്‍ പുതിയ ഉല്‍ക്കണ്ഠക്ക് കാരണം ആയിരിക്കുന്നു. Labels: തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
- ജെ. എസ്.
( Wednesday, April 01, 2009 ) |
താലിബാന് നിഷ്ഠൂരമായി ശരിയത്ത് നടപ്പിലാക്കുന്നു
താലിബാന്റെ അധീനതയില്‍ ഉള്ള പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ പാക്കിസ്ഥാനും താലിബാനും തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സൈന്യം ഒഴിഞ്ഞു പോയതോടെ താലിബാന്റെ അഴിഞ്ഞാട്ടം ശക്തമായതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2001ല്‍ അഫ്ഗാനിസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെ. താലിബാന്‍ നിയോഗിച്ച തല മൂടിയ പ്രത്യേക ശരിയത്ത് പോലീസ് സ്വാത് താഴ്വരയാകെ അടക്കി ഭരിച്ച് ഇസ്ലാമിക നിയമത്തിന്റെ താലിബാന്‍ പതിപ്പ് നടപ്പിലാക്കി വരികയാണ്.
പതിമൂന്ന് വയസിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുത് എന്നാണ് താലിബാന്റെ ശാസന. താഴ്വരയിലെ കാസറ്റ് കടകളും മറ്റും താലിബാന്‍ അടച്ചു പൂട്ടി കഴിഞ്ഞു. സംഗീതത്തിന് ഇവിടെ തീര്‍ത്തും നിരോധനം ആണ്. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ്. പൊതു സ്ഥലത്ത് വലിയോരു ജനക്കൂട്ടം വിളിച്ചു വരുത്തി ഇവരെ കുനിച്ചു നിര്‍ത്തി ചാട്ടവാര്‍ കൊണ്ട് അടിക്കും. അടി കൊണ്ട് പുളയുന്ന ഇവര്‍ ഉച്ചത്തില്‍ ദൈവ നാമം വിളിച്ച് കരയണം. ഇതാണ് ഇവിടെ ഏറ്റവും ജന പ്രിയമായ ശിക്ഷാ വിധി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ താലിബാനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് താഴ്വരയിലെ നിയമ പാലനം താലിബാന് തങ്ങളുടെ ഇഷ്ട പ്രകാരം നടത്താം. തങ്ങളുടെ കാര്യങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടേണ്ട എന്ന് താലിബാന്റെ ഒരു സമുന്നത നേതാവായ മുസ്ലിം ഖാന്‍ പ്രസ്താവിച്ചു. താലിബാനെ തോല്‍പ്പിക്കാന്‍ ആയുധങ്ങള്‍ക്കും മറ്റും പണം വിനിയോഗിക്കുന്നത് നിര്‍ത്തി നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു വേണ്ടി പണം ചിലവാക്കുക എന്നാണ് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഇയാള്‍ പാശ്ചാത്യ രാജ്യങ്ങളോടുള്ള പ്രസ്താവനയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഒരിക്കലും അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കാന്‍ ആവില്ല. അത് കൊണ്ട് ഞങ്ങളെ ഞങ്ങളുടെ പാട്ടിന് വിട്ട് നിങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും വിട്ടു നില്‍ക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Labels: തീവ്രവാദം, മനുഷ്യാവകാശം, സ്ത്രീ വിമോചനം
- ജെ. എസ്.
( Friday, March 27, 2009 ) |
മുഖ്തരണ്‍ മായി വിവാഹിതയായി
തനിക്കു നേരെ നടന്ന അനീതിക്കെതിരെ നിരന്തരമായി പോരാടി പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ അന്താരാഷ്ട്ര പ്രതീകമായി മാറിയ മുഖ്തരണ്‍ മായ് വിവാഹിതയായി. 43 കാരിയായ മായി നസീര്‍ അബ്ബാസ് എന്ന ഒരു പോലീസുകാരനെയാണ് ഞായറാഴ്ച മുസ്സഫര്‍ഗര്‍ ജില്ലയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ചു വിവാഹം ചെയ്തത്. നസീര്‍ അബ്ബാസിന്റെ രണ്ടാം വിവാഹം ആണിത്.
പൊതു സ്ഥലത്ത് വെച്ച് നാട്ട് കൂട്ടത്തിന്റെ ശിക്ഷാ വിധി പ്രകാരം തന്നെ കൂട്ട ബലാത്സംഗം ചെയ്ത നാലു പേരേയും അതിന് കൂട്ടു നിന്ന മറ്റുള്ളവരേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അന്നോളം പാക്കിസ്ഥാനില്‍ കേട്ടു കേള്‍വി ഇല്ലാത്ത വണ്ണം നിയമ യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു മായി. കോടതി കുറ്റക്കാര്‍ക്ക് വധ ശിക്ഷ വിധിച്ചതോടെ മായി അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായി. സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ച നഷ്ട പരിഹാര തുക വിനിയോഗിച്ചു മായി സ്കൂളുകളും പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി മുഖ്തര്‍ മായി വനിതാ ക്ഷേമ സംഘടന എന്നൊരു പ്രസ്ഥാനവും ആരംഭിച്ചു. അമേരിക്കയിലെ ഗ്ലാമര്‍ മാസികയുടെ “വുമണ്‍ ഓഫ് ദ ഇയര്‍” ആയി മായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരം വാങ്ങാനായി അമേരിക്ക സന്ദര്‍ശിക്കുന്നതില്‍ നിന്നും മായിയെ തടയാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഈ തടസ്സങ്ങളേയും മായി അതിജീവിച്ചു. മായിയെ തടയാനാവാത്ത വിധം മായി അപ്പോഴേക്കും പ്രശസ്തയായി കഴിഞ്ഞിരുന്നു. 2006 മെയില്‍ ന്യൂ യോര്‍ക്കില്‍ ഐക്യ രാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച മായിയെ അന്നത്തെ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയ ശശി തരൂര്‍ സ്വീകരിച്ചു പറഞ്ഞത് “തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തന്നെ പോലുള്ള മറ്റുള്ളവരുടെ രക്ഷക്കായുള്ള ആയുധമായി ഇത്രയും കരുത്തോടെ ഉപയോഗിച്ച മുഖ്തരണ്‍ മായി ഒരു വീര വനിതയും നമ്മുടെയൊക്കെ ആദരവിനും ആരാധനക്കും പാത്രവുമാണ്” എന്നാണ്. Labels: പാക്കിസ്ഥാന്‍, പീഢനം, സ്ത്രീ വിമോചനം
- ജെ. എസ്.
( Wednesday, March 18, 2009 ) |
മദ്യപാനം പോലീസുകാരിയുടെ തൊപ്പി തെറിപ്പിച്ചു
വനിതാ പോലീസുകാരിയെ മദ്യപിച്ചു ലക്ക് കെട്ട് പൊതു സ്ഥലത്ത് മാന്യമല്ലാതെ പെരുമാറി എന്ന കുറ്റത്തിന് സസ്പെന്‍ഡ് ചെയ്തു. ഡിപ്പര്‍ട്ട്മെന്റില്‍ വിവാദങ്ങളുടെ സ്ഥിരം കൂട്ടുകാരിയായ ഹെഡ് കോണ്‍സ്റ്റബ്‌ള്‍ വിനയ ആണ് ഇത്തവണ വെട്ടിലായത്. വയനാട്ടിലെ അംബലവയല്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിനയ തന്റെ ഒരു സഹ പ്രവര്‍ത്തകക്ക് ഉദ്യോഗ കയറ്റം കിട്ടിയതിന്റെ ആഘോഷം പ്രമാണിച്ച് നടന്ന മദ്യ വിരുന്നിലാണ് മദ്യപിച്ച് ലക്ക് കെട്ടത്. വിരുന്നിനു ശേഷം തിരിച്ചു പോകാന്‍ ബസില്‍ കയറിയ വിനയ ബസില്‍ ഛര്‍ദ്ദിക്കുകയും മറ്റും ചെയ്ത് ജന ശ്രദ്ധ പിടിച്ചു പറ്റിയത് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനു തന്നെ നാണക്കേടായി. ഒരു അറിയപ്പെടുന്ന സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ വിനയയുടെ കൂടെ മദ്യ വിരുന്നില്‍ പങ്കെടുത്ത മറ്റ് 17 പേരില്‍ പലരും അറിയപ്പെടുന്ന കുറ്റവാളികള്‍ ആയിരുന്നു എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. കഴിഞ്ഞ ഡിസംബര്‍ 28ന് നടന്ന സംഭവം അന്വേഷിച്ച മാനന്തവാടി ഡി, വൈ. എസ്. പി. മധു സൂദനന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ട് സി ഷറഫുദ്ദീന്‍ ആണ് വിനയയെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടത്.
Labels: കേരളം, ക്രമസമാധാനം, പോലീസ്, സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, January 13, 2009 ) 3 Comments:
Links to this post: |
കിളിരൂര്‍: മന്ത്രി ശ്രീമതിക്കെതിരെ കേസ്
വിവാദമായ കിളിരൂര്‍ സ്തീപീഢന കേസിന്റെ ഫയല്‍ പൂഴ്ത്തി എന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതിക്കെതിരെ കേസ് ഫയല്‍ ചെയ്തു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്.രാജേന്ദ്രന്‍, ലതാ നായര് എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ആണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ത്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ചില മന്ത്രിമാരുടെ മക്കളും പ്രതികളാണ്. ഇവരുടെ പേര് കേസ് ഡയറിയില്‍ വ്യക്തമാ ക്കിയിട്ടില്ല.
Labels: സ്ത്രീ വിമോചനം
- ബിനീഷ് തവനൂര്‍
( Friday, December 12, 2008 ) |
ഒളിമ്പിക്സില്‍ ഗള്‍ഫ് വനിത പതാക ഏന്തിയ ചരിത്ര മുഹൂര്‍ത്തം
ബെയ്ജിങ് ഒളിമ്പിക്സില്‍ ചരിത്രത്തില്‍ ആദ്യമായ് ഒരു ഗള്‍ഫ് വനിത തന്റെ രാജ്യത്തിന്റെ പതാക ഏന്തി. ഇത്തവണ യു.എ.ഇ. യുടെ പതാക വഹിച്ച് ദേശീയ ഒളിമ്പിക് സംഘത്തെ നയിച്ചത് ഷെയ്ഖ മൈത്തയാണ്. യു.എ.ഇ. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധി കാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകളായ ഷെയ്ഖ മൈത്ത 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസ് കരാട്ടെ വെള്ളി മെഡല്‍ ജേതാവാണ്.
കായിക രംഗത്ത് സ്ത്രീ പുരുഷ വിവേചനം ഇല്ല എന്ന ശക്തമായ സന്ദേശം ആണ് ഈ മേഖലയിലെ സ്ത്രീകള്‍ക്ക് ഇത് നല്‍കുന്നത് എന്ന് ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ഇബ്രാഹിം അബ്ദുള്‍ മാലിക് അഭിപ്രായപ്പെട്ടു. യു.എ.ഇ.യില്‍ നില നില്‍ക്കുന്ന സ്ത്രീ - പുരുഷ സമത്വത്തിന്റെ സന്ദേശമാണ് ഇത് ലോകത്തിന് നല്‍കുന്നത് എന്ന് യു.എ.ഇ. അത് ലെറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ കമാലി പറഞ്ഞു. Labels: യു.എ.ഇ., സ്ത്രീ വിമോചനം, സ്പോര്‍ട്ട്സ്
- ജെ. എസ്.
( Saturday, August 09, 2008 ) |
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും
സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ വനിതാസംരക്ഷണ സമിതി രൂപീകരണവും പുരോഗമിക്കുന്നു.
സൌദി അറേബ്യയില്‍ വനിതകള്‍ക്ക് ഒറ്റയ്ക്ക് ഹോട്ടല്‍ മുറികളില്‍ താമസിക്കാനുള്ള അനുവാദം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മതപരമായ നിബദ്ധനകളുടെ പേരില്‍ ബന്ധുവായ പുരുഷനോടൊപ്പമേ മുന്‍പ് ഇതിനു അവസരമുണ്ടായിരുന്നുള്ളു. രാജ്യത്തെ വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുമതിയും ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതിനിടയിലാണ് സൌദി വനിതാ സംരക്ഷണ സമിതിയുടെ രൂപീകരണം പുരോഗമിക്കുന്നത്. അന്‍സാര്‍ അല്‍ മറയെന്ന് പേരിലുള്ള സമിതിക്കായി വനിതാ വിമോചക പ്രവര്‍ത്തകര്‍ കാത്തിരിക്കുന്നതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. Labels: സ്ത്രീ വിമോചനം
- ജെ. എസ്.
( Tuesday, January 29, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്